Latest News

സൂപ്പര്‍ത്താരങ്ങള്‍ തന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വരില്ലെന്ന് കൊല്ലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ എം.മുകേഷ്. ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വികസനം മുരടിപ്പിക്കുന്നതിന് ജനം വോട്ട് കൊടുക്കില്ലെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലും മമ്മൂട്ടിയും ഒരിക്കലും വരില്ല. ഞാന്‍ ഒരാളെയും വിളിച്ചിട്ടില്ല. ആസിഫ് അലിയും ഇന്നസെന്റ് ചേട്ടനുമൊക്കെ ഇങ്ങോട്ടു വിളിച്ചു പറഞ്ഞ് വന്നതാണ്. എന്നെ ജയിപ്പിക്കാന്‍ വേണ്ടി ഒന്ന് വരണേ, ഒരു വീഡിയോ അയച്ചുതരണേ എന്നൊന്നും പറയാന്‍ നമ്മളെ കിട്ടില്ല.

മന്ത്രി സ്ഥാനത്തെ കുറിച്ചൊന്നും താന്‍ചിന്തിക്കുന്നില്ലെന്നും കൊല്ലത്ത് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്നു പോലും വിചാരിച്ച ആളല്ല താനെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ഒരു ഓഫര്‍ വന്നപ്പോള്‍ സമ്മതിച്ചതാണ്. അഞ്ചുകൊല്ലം കഴിഞ്ഞ് വീണ്ടും തിരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ പാര്‍ട്ടി പറയുമ്പോള്‍, അതില്‍പരം ഒരു ആത്മവിശ്വാസം വേറെയുണ്ടോ?. മുകേഷ് കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൻഡിഎയുടെ പ്രചാരണ വാഹനം ഇടിച്ച് ഒൻപത് വയസുകാരൻ മരിച്ചു. മാഹിയിലാണ് സംഭവം.

മാഹി വളവിൽ സ്വദേശി വിശ്വലാൽ- ദൃശ്യ ദമ്പതികളുടെ മകൻ ആദിഷ് (9) ആണ് മരിച്ചത്. പരസ്യപ്രചരണം അവസാനിക്കുന്നതിന് തൊട്ടുമുൻപ് നടന്ന പരിപാടിക്കിടെ കുട്ടി ബിജെപി പ്രചരണ വാഹനത്തിൽ കുടുങ്ങിപ്പോകുകയായിരുന്നു.

സൈക്കിളിൽ പ്രചരണവാഹനത്തിന് പിന്നാലെ കൂടി കുട്ടിയുടെ ദേഹത്തിലൂടെ പ്രചരണത്തിനെത്തിയ മിനിലോറിയുടെ പിൻചക്രം കയറിയിറങ്ങിയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.വളവിൽ സ്വദേശിയായ കുട്ടിയുടെ അച്ഛൻ വിശ്വലാൽ മാഹി സ്‌പെഷ്യൽ ബ്രാഞ്ചിലാണ് ജോലി ചെയ്യുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ​​ഗാന്ധി കോഴിക്കോട് ഓട്ടോയിൽ യാത്ര ചെയ്തത് ഹെലികോപ്ടർ വഴിമാറി ഇറങ്ങിയത് മൂലം.

രാഹുൽ ഗാന്ധി വന്ന ഹെലികോപ്ടർ ഇറങ്ങിയത് മുൻ നിശ്ചയിച്ച സ്ഥലത്ത് നിന്നും ഒന്നരകിലോമീറ്റർ മാറി ഹെലികോപ്ടർ ഇറങ്ങിയത് ​ഗുരുതര സുരക്ഷാ വീഴ്ചയായി.

കോഴിക്കോട് ബീച്ച് ഹെലിപാടിൽ ഇറങ്ങേണ്ടതിന് പകരം ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്ടർ ഇറങ്ങിയത്. തുടർന്ന് രാഹുൽ ഗാന്ധി ഒരു ഓട്ടോയ്ക്ക് കൈ കാണിച്ച് ലക്ഷ്യ സ്ഥാനത്തെത്തുകയായിരുന്നു.

സ്ഥലംമാറിപ്പോയതറിഞ്ഞ് പോലീസ് അവിടെയെത്തിയെങ്കിലും സർക്കാർ വാഹനമായതിനാൽ പോലീസ് വാഹനത്തിൽ കയറാൻ രാഹുൽ തയ്യാറായില്ല.

രാഹുൽഗാന്ധിയ്‌ക്കൊപ്പമുണ്ടായിരുന്ന എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സെക്യൂരിറ്റിഗാർഡും അതിൽകയറി ബീച്ച് മറൈൻ ഗ്രൗണ്ടിലെത്തി. അവിടെനിന്ന് കാറിലാണ് പുതിയകടവ് ബീച്ചിലേക്ക് എത്തിയത്.

ബോളിവുഡിലെ ചെറിയ കാലത്തിനിടയ്ക്ക് നിരവധി സംവിധായകരിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടായതായും പലരും ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായും മുൻ ബോളിവുഡ് താരം സോമി അലി. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് തുറന്നു പറച്ചിൽ.

‘നിരവധി സംവിധായകർ എന്നോട് ലൈംഗിക ബന്ധത്തിന് ആവശ്യപ്പെട്ടു. നരകതുല്യമായ ഒരു അവസ്ഥയിലായിരുന്നു ഞാൻ. പലപ്പോഴും ചതിക്കുഴികളിൽ വീണു പോകുകയും ചെയ്തു’– സോമി പറഞ്ഞു. സിനിമാ ലോകത്ത് നിൽക്കാൻ കഴിയില്ലെന്നു ബോധ്യമായതോടെ ജോലി ഉപേക്ഷിക്കുകയായിരുന്നു. ഒരിക്കലും തിരിച്ചു വരാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.

സൽമാന്‍ ഖാനോടുള്ള അഗാധ പ്രണയത്തിലാണ് 90കളിൽ മുംബൈയിൽ എത്തിയത്. എട്ടുവർഷം സൽമാനുമായി ഡേറ്റിങ്ങിലായിരുന്നു. സൽമാൻ ഖാൻ വഞ്ചിക്കുകയാണെന്നു മനസ്സിലായതോടെ ബന്ധം അവസാനിപ്പിക്കുകയായിരുന്നു എന്നും സോമി അലി വ്യക്തമാക്കി. സൽമാനിൽ നിന്നും നല്ലതൊന്നും പഠിക്കാൻ സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഒരുപാട് നന്മയുള്ളവരാണെന്ന് ബോധ്യപ്പെട്ടതായും താരം പറഞ്ഞു.

‘അവർ മതംനോക്കാത്ത മനുഷ്യരായിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കിയ എറ്റവും പ്രധാനപ്പെട്ടകാര്യം. മനുഷ്യരെ തുല്യരായി കാണാൻ അവർക്ക് അറിയാമായിരുന്നു. അവരുടെ വീടിന്റെ വാതിലുകൾ ആർക്കു നേരെയും കൊട്ടിയടച്ചില്ല. അവരുടെത് സ്നേഹമുള്ള കുടുംബമായിരുന്നു.’– സോമി അലി പറഞ്ഞു.

കൃഷൻ അവതാർ, യാർ ഗദ്ദർ, അന്ധ്, മാഫിയ എന്നിങ്ങനെയുള്ള ചിത്രങ്ങളിൽ നായികയായി എത്തിയ സോമി നിലവിൽ ഒരു സന്നദ്ധ സംഘടനയുടെ പ്രവർത്തകയാണ്. വ്യക്തി ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളുടെ വെളിച്ചത്തിലാണ് ‘നോ മോർ ടിയേഴ്സ്’ എന്ന എൻജിഒയ്ക്ക് തുടക്കമിട്ടതെന്നും താരം വ്യക്തമാക്കി. ജീവിതത്തിലെ മോശം അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ടാണ് ഇപ്പോൾ മുന്നോട്ടു പോകുന്നതെന്നും സോമി അലി അവ്യക്തമാക്കി.

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ടാം സമ്മാനമായ 50 ലക്ഷം ദിർഹം (9.98 കോടി രൂപ) കണ്ണൂർ പയ്യന്നൂർ കോതടിമുക്ക് സ്വദേശിയും ബഹ്റൈനിലെ അൽമറായ് കമ്പനി ഏരിയാ സെയിൽസ് മാനേജറുമായ രാമൻ നമ്പ്യാർ മോഹനന് ലഭിച്ചു.

രണ്ടു മക്കളുടെ വിദ്യാഭ്യാസത്തിനും അമ്മയുടെ ചികിത്സയ്ക്കും തുക വിനിയോഗിക്കുമെന്ന് രാമൻ നമ്പ്യാർ  പറഞ്ഞു.

26 വർഷമായി ഗൾഫിലുള്ള ഇദ്ദേഹം 11 വർഷമായി ബഹ്റൈനിലാണ്. 2014ൽ ഹൃദയാഘാതംമൂലം ഭാര്യ മരിച്ചു. മൂത്ത മകൻ ചെന്നൈയിൽ എൻജിനീയറിങ് അവസാനവർഷ വിദ്യാർഥിയാണ്. ഇളയ മകൻ ബഹ്റൈനിലുണ്ട്.

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഒരു കോടി ദിർഹം (19.97 കോടി രൂപ) അൽഐനിൽ ഗാരേജ് നടത്തിവരുന്ന ബംഗ്ലദേശ് പൗരൻ ഷാഹിദ് അഹ്മദ് മൗലവി ഫൈസിന് ലഭിച്ചു. ബംഗ്ലദേശിലുള്ള കുടുംബത്തെ യുഎഇയിലേക്കു കൊണ്ടുവരും. മക്കളുടെ ഭാവിക്കായി നല്ലൊരു തുക നിക്ഷേപിക്കും. ബാക്കിയുള്ളത് യുഎഇയിൽ നിക്ഷേപിക്കുമെന്നും ഷാഹിദ് പറഞ്ഞു.

ത് യൂ ട്യൂബര്‍മാരുടെ കാലമാണ്. ലോക്ഡൗണ്‍ കാലത്ത് യൂ ട്യൂബ് പേജ് തുടങ്ങിയവരുടെ എണ്ണം പതിന്‍മടങ്ങ് കൂടി. മൊബൈല്‍ ഫോണ്‍, വീട്, വാഹനം, പാചകം, യാത്ര .. എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങളാണ് യൂ ട്യൂബര്‍മാര്‍ അപ്‌ലോഡ് ചെയ്യുന്നത്. തരക്കേടില്ലാതെ സമ്പാദിക്കുന്നവരും കൂട്ടത്തിലുണ്ട്.

ഇതില്‍ നിന്നൊക്കെ അല്‍പം മാറി ചിന്തിക്കുന്നവരുണ്ട്. അവര്‍ കുറച്ച് കൂടിയ ഐറ്റമായിരിക്കും. എന്നു വച്ചാല്‍ ജീവന്‍ പണയം വച്ചുള്ള കളി. കോടിക്കണക്കിന് കാഴ്ചക്കാരായിരിക്കും ഇവരുടെ പേജിന്. ഇത്തരത്തില്‍ അപകടം പിടിച്ച ഒരു വിഡിയോ അപ്‌ലോഡ് ചെയ്ത് ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് അമേരിക്കയിലെ മിസ്റ്റർ ബീസ്റ്റ് എന്നറിയപ്പെടുന്ന ജിമ്മി ഡൊണാൾഡ്സൺ. അദ്ദേഹത്തിന്റെ വിഡിയോകളിൽ പലതും പ്രകോപനപരവും അപകടകരവുമാണ്. എന്നാൽ, ഓരോ വിഡിയോയ്ക്കും കുറഞ്ഞത് മൂന്നു കോടി വ്യൂസ് എങ്കിലും‌ ലഭിക്കുന്നുണ്ട്. അവയിൽ ചിലതിന്റെ വ്യൂസ് പത്ത് കോടി വരെ എത്തിയിട്ടുണ്ട്.

മണ്ണിനടിയിൽ കുഴിച്ചിട്ട ശവപ്പെട്ടിയിൽ അദ്ദേഹം കഴിച്ചുകൂട്ടിയത് 50 മണിക്കൂറാണ്. സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയ ഈ വിഡിയോക്കു യുട്യൂബിൽ മാത്രം 5.6 കോടിലധികം കാഴ്ചക്കാരാണുള്ളത്. ബീസ്റ്റ് തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കുഴിച്ചുമൂടുന്നതും വിഡിയോ പകർത്തിയതും. ഗ്ലാസിൽ നിർമിച്ച ശവപ്പെട്ടിയിലാണ് 22 കാരനായ ബീസ്റ്റിനെ അടക്കം ചെയ്തത്

രണ്ട് ദിവസത്തിലധികമാണ് ശവപ്പെട്ടിയിൽ ചെലവഴിച്ചത്. ശവപ്പെട്ടിക്കുള്ളിൽ ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. 50 മണിക്കൂർ സാഹസത്തിന്റെ 12 മിനിറ്റ് ശ്രമം മാത്രമാണ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്. ശവപ്പെട്ടിയിൽ കിടക്കുമ്പോഴും തന്റെ സുഹൃത്തുക്കളുമായി അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നു. രണ്ടു ദിവസത്തോളം താൻ മൂത്രമൊഴിക്കാതെ കഴിച്ചുകൂട്ടിയെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതുകാരണം ശക്തമായ പുറംവേദനയുണ്ടായിരുന്നു. പെട്ടിയിലെ ഒറ്റപ്പെട്ട ജീവിതം ഭീകരമായിരുന്നു. ഒരു ദിവസത്തിനുശേഷം വേദനയും ക്ലോസ്ട്രോഫോബിയയും അനുഭവിക്കാൻ തുടങ്ങിയതിനാൽ ഈ അനുഭവം എളുപ്പമുള്ള ഒന്നായിരുന്നില്ലെന്നും ജിമ്മി പറഞ്ഞു.

കരമനയിലെ സ്വകാര്യ അപ്പാർട്മെന്റിൽ യുവാവിനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. 2 യുവതികൾ അടക്കം 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വലിയശാല മൈലാ‌ടിക്കടവ് പാലത്തിനു സമീപം ടിസി 23/280 തുണ്ടിൽ വീട്ടിൽ വൈശാഖ് (34) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രിയാണു സംഭവം നടന്നതെന്നു പൊലീസ് . പെൺവാണിഭം നടക്കുന്നതായി ആരോപിച്ചു അപ്പാർട്മെന്റിൽ എത്തി ബഹളം വച്ച വൈശാഖിനെ പ്രതികൾ സംഘം ചേർന്നു ആക്രമിക്കുകയായിരുന്നു. നെഞ്ചിലും വയറ്റിലും സ്ക്രൂ ഡ്രൈവർ പോലുള്ള ആയുധം കൊണ്ടു ക്രൂരമായി കുത്തി മുറിവേൽപിച്ച ശേഷം ബാൽക്കണിയിലേക്കു തള്ളിയിടുകയായിരുന്നെന്നു പൊലീസ് അറിയിച്ചു.

ഇന്നലെ പുലർച്ചെ ഇവിടെയെത്തിയ അപ്പാർട്മെന്റിന്റെ മാനേജരാണു മൃതദേഹം ആദ്യം കണ്ടത്. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. ശരീരത്തിൽ എഴുപതോളം മുറിവുകൾ കണ്ടെത്തി. സംഭവ സമയം 2 യുവതികളും 4 പുരുഷന്മാരും അപ്പാർട്മെന്റിൽ ഉണ്ടായിരുന്നു.

ഒരു മാസം മുൻപാണ് ഇവർ അപ്പാർട്മെന്റ് വാടകയ്ക്ക് എടുത്തത്. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും ഇന്നു രാവിലെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും കരമന പൊലീസ് അറിയിച്ചു.

പ്രശസ്ത സിനിമാ-നാടക പ്രവര്‍ത്തകനും അധ്യാപനുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു. 69 വയസായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെ വൈക്കത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. എട്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.

50ഓളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. നടന്‍, എഴുത്തുകാരന്‍, തിരകഥാകൃത്ത്, സംവിധായകന്‍, നാടക പ്രവര്‍ത്തകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു അദ്ദേഹം.

കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയില്‍ പദ്മനാഭപിള്ളയുടെയും സരസ്വതിഭായിയുടെയും മകനായി ജനനം. ചലച്ചിത്ര കഥ-തിരക്കഥാകൃത്ത് എന്ന നിലയില്‍ ശ്രദ്ധേയന്‍.’ഇവന്‍ മേഘരൂപന്‍’ എന്ന സിനിമയിലൂടെ ചലച്ചിത്രസംവിധായകനായി. കേരള സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തരബിരുദവും, അധ്യാപന രംഗത്തെ ബി.എഡ് ബിരുദവും ഒപ്പം തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് സംവിധാനം ഐച്ഛികമായി നാടക-തീയറ്റര്‍ കലയില്‍ ബിരുദവുമെടുത്തു.

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ കുറച്ചു കാലം അദ്ധ്യാപകന്‍ ആയിരുന്നു.സ്‌കൂള്‍ ഓഫ് ഡ്രാമയുടെ റെപെര്‍ടറി തിയേറ്റര്‍ ആയ ‘കള്‍ട്’ല്‍ പ്രവര്‍ത്തിച്ചു. ”മകുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാന്‍ ,മായാസീതങ്കം ,നാടകോത്സവം” എന്ന് തുടങ്ങി നിരവധി നാടകങ്ങള്‍ രചിച്ചു. ഏകാകി,ലഗോ,തീയറ്റര്‍ തെറാപ്പി,ഒരു മധ്യവേനല്‍ പ്രണയരാവ്, ഗുഡ് വുമന്‍ ഓഫ് സെറ്റ്സ്വാന്‍ തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തു.

ഉള്ളടക്കം,അങ്കിള്‍ ബണ്‍, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, അഗ്നിദേവന്‍ (വേണുനാഗവള്ളിയുമൊത്ത്), മാനസം, പുനരധിവാസം , പോലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതി. തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അഭിനയ പരിചയം നേടി ”വക്കാലത്ത് നാരായണന്‍ കുട്ടി, ശേഷം, പുനരധിവാസം ,ശിവം,ജലമര്‍മ്മരം,ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. പുനരധിവാസം എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് നേടി. മികച്ച നാടക രചനക്കുള്ള 2009ല്‍ കേരള സംഗീത അക്കാദമി അവാര്‍ഡും ബാലചന്ദ്രനെ തേടിയെത്തിയിരുന്നു.

സംസ്‌കാരം വൈകീട്ട് മൂന്നുമണിക്ക് സ്വവസതിയില്‍.

പാലക്കാട്: പിണറായി വിജയനെ എന്ത് വിളിച്ചാലും എന്താണെന്ന് മന്ത്രി എ.കെ. ബാലന്‍. ക്യാപ്റ്റനെന്നോ, കമാന്‍ഡറെന്നോ ലീഡറെന്നോ വിളിച്ചോട്ടെ, അതിന് നിങ്ങള്‍ക്കെന്താണെന്നും അദേഹം ചോദ്യമുയര്‍ത്തി.

ഞാന്‍ വിജയേട്ടാ എന്നാണ് വിളിക്കാറ്, എന്നെ ബാലേട്ടാ എന്നാണ് പലരും വിളിക്കുന്നതും വീട്ടില്‍ വല്ലാതെ സ്‌നേഹം കൂടിക്കഴിഞ്ഞാല്‍ ഓരോരുത്തരും എന്തൊക്കെ വിളിക്കുന്നുണ്ടാകും. ഒന്നും കിട്ടാത്തതുകൊണ്ടാണ് ഇപ്പോള്‍ ക്യാപ്റ്റന്‍ വിളി വിവാദമാകുന്നതെന്നും അദേഹം പറഞ്ഞു.

ചവറ : വോട്ടര്‍മാര്‍മാരെ സ്വാധീനിക്കാന്‍ ഫുള്‍ബോട്ടില്‍ മദ്യം നല്‍കിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ക്യാമറയില്‍ കുടുങ്ങി. ചവറയില്‍ ഇടത് സ്ഥാനാര്‍ത്ഥി സുജിത് വിജയന്‍പിള്ളയുടെ ഉടമസ്ഥതയിലുള്ള ബാറുകളില്‍ നിന്നും മാത്രം ലഭ്യമാകുന്ന ടോക്കണുകളാണ് വോട്ടര്‍മാര്‍ക്കിടയില്‍ കറങ്ങുന്നത്. സൗജന്യ ടോക്കണ്‍ വഴി മദ്യം വാങ്ങാനുള്ള കൂപ്പണ്‍ വിതരണം ചെയ്യുന്നതും കുപ്പികളില്‍ മദ്യം നന്‍കുന്നതും മൊബൈല്‍ ദൃശ്യങ്ങളില്‍ കാണാം.

സുജിത് വിജയന്‍ പിള്ളയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിനുള്ളില്‍ തുടക്കം മുതല്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. അതിനിടെ ടോക്കണ്‍ വാങ്ങി മദ്യം നല്‍കുന്ന സ്ഥാനാര്‍ത്ഥിയുടെ ഉടമസ്ഥതയിലുളള ബാറിനകത്തെ ദൃശ്യങ്ങള്‍ സ്ഥാനാര്‍ത്ഥിയെയും പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

മദ്യം നല്‍കി വോട്ടര്‍മാരെ ചതിച്ച് വീഴ്ത്തുന്ന പ്രവണത ജനങ്ങളോടുളള വഞ്ചനയാണെന്ന് യൂഡിഎഫ് വ്യക്തമാക്കി. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡി എഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണ്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved