മധ്യപ്രദേശില്‍ ആദിവാസി യുവാവിനെ ലോറിയുടെ പിന്നില്‍കെട്ടി വലിച്ചിഴച്ചു കൊന്ന സംഭവത്തില്‍ മുഖ്യപ്രതിയുടെ വീട് പൊളിച്ചുമാറ്റി സര്‍ക്കാര്‍. നീമച്ച് ജില്ലയിലെ മഹേന്ദ്ര ഗുര്‍ജാര്‍ എന്നയാളുടെ വീടാണ് ജെസിബി ഇപയോഗിച്ച് തദ്ദേശ ഭരണകൂടം പൊളിച്ചെടുത്തത്.
വ്യാഴാഴ്ചയാണ് 40 കാരനായ കന്നയ്യലാല്‍ ഭീലിനെ ക്രൂരമായി കൊലപ്പെടുത്തിയത്
രാവിലെ പാലുമായി റോഡിലൂടെ പോകുകയായിരുന്ന ഗുര്‍ജാറിന്റെ മോട്ടോര്‍ സൈക്കിള്‍ കന്നയ്യലാലിന്റെ ദേഹത്ത് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പാല് റോഡില്‍ ചിന്തുകയും ചെയ്തു. ഇതോടെ ആദിവാസി യുവാവിന്റെ നേര്‍ക്കുതിരിഞ്ഞ ഗുര്‍ജാര്‍ ആളെക്കൂട്ടി.
കന്നയ്യലാല്‍ മോഷ്ടാവാണെന്നു പറഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം മര്‍ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കാലില്‍ കയറുകെട്ടി ചരക്കുലോറിയുടെ പിറകില്‍ ബന്ധിപ്പിച്ച് മീറ്ററുകളോളം നടുറോട്ടിലൂടെ വലിച്ചിഴച്ചു. തുടര്‍ന്ന് പോലീസ് സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഗ്രാമത്തില്‍ ഒരു മോഷ്ടാവിനെ പിടികൂടിയിട്ടുണ്ടെന്ന് പറഞ്ഞ് നാട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് നീമച്ച് എഎസ്പി സുന്ദര്‍ സിങ് കനേഷ് പറഞ്ഞു. മോഷ്ടാവിന് പരിക്കേറ്റിട്ടുണ്ടെന്നും അടിയന്തരമായി ആശുപത്രിയിലെത്തിക്കണമെന്നും ഇവര്‍ പോലീസിനെ അറിയിച്ചിരുന്നു.
തുടര്‍ന്ന് പോലീസാണ് ഇയാളെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ വച്ച് കന്നയ്യലാല്‍ മരിക്കുകയും ചെയ്തു. ഈ സമയത്താണ് യുവാവിനെ ലോറിക്കു പിന്നില്‍ കെട്ടിയിട്ട് റോട്ടിലൂടെ വലിച്ചിഴയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
ഇതോടെ പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തില്‍ ഗ്രാമമുഖ്യയുടെ ഭര്‍ത്താവടക്കം എട്ടുപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
20 വർഷത്തെ അഫ്ഗാൻ ദൗത്യം അവസാനിപ്പിച്ച് യുകെ. അവസാന ബ്രിട്ടീഷ് സൈനികനും കാബൂൾ വിട്ടതായി ബ്രിട്ടീഷ് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശനിയാഴ്ച രാത്രി 9.25 ന് അവസാന ആർ എ എഫ് വിമാനം പുറപ്പെട്ടുവെന്ന് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് അറിയിച്ചു.
കഴിഞ്ഞ രാത്രി അഫ്ഗാൻ തലസ്ഥാനത്ത് നിന്ന് ഒഴിപ്പിക്കലിനുള്ള അവസാന വിമാനം യാത്രയയച്ചിന് ശേഷമാണ് ശേഷിക്കുന്ന സൈനികരും പിൻവാങ്ങിയത്. അമേരിക്കൻ സൈന്യം പിൻവലിക്കാൻ ജോ ബിഡൻ നിശ്ചയിച്ച ഓഗസ്റ്റ് 31ന് മുമ്പാണ് ബ്രിട്ടന്റെ സേനാപിന്മാറ്റം.
ഓപ്പറേഷൻ പിറ്റിംഗ് എന്നറിയപ്പെട്ട സൈനിക ഒഴിപ്പിക്കലിൽ, രണ്ടാഴ്ചയ്ക്കുള്ളിൽ കാബൂളിൽ നിന്ന് 15,000 പേരെ ബ്രിട്ടൻ ഒഴിപ്പിച്ചു. യുകെയിൽ ജോലി ചെയ്ത 5,000ത്തോളം ബ്രിട്ടീഷ് പൗരന്മാരും 8,000 ൽ അധികം അഫ്ഗാനികളും അവരുടെ കുടുംബങ്ങളും ഉൾപ്പെട്ട വലിയൊരു സംഘത്തെയാണ് ബ്രിട്ടീഷ് സൈന്യം കാബൂളിൽ നിന്ന് ഒഴിപ്പിച്ചത്.
ഇവരിൽ ഏകദേശം 2,200 കുട്ടികളും ഉണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യുകെയിലെ ഏറ്റവും വലിയ സൈനിക ഒഴിപ്പിക്കലാണിത്.
അഫ്ഗാൻ അഭയാർഥികളുടെ പുനരധിവാസ പദ്ധതി (ARAP) പ്രകാരം ഏകദേശം 10,000 പേരെ യുകെയിലേക്ക് കൊണ്ടുവന്നു, ഇത് സർക്കാർ ഈ വർഷം പ്രതീക്ഷിച്ചതിന്റെ ഇരട്ടിയാണ്. യുകെയിലെ നയതന്ത്ര, സുരക്ഷ, മാനുഷിക ഇടപെടൽ എന്നിവ വിദൂരമായി നയിക്കുന്നതിന് ബ്രിട്ടീഷ് എംബസിയും അഫ്ഗാനിസ്ഥാനിലെ അംബാസഡറുമായ ലോറി ബ്രിസ്റ്റോയെയും ഇപ്പോൾ താൽക്കാലികമായി ഖത്തറിലേക്ക് മാറ്റിയിട്ടുണ്ട്.
കാബൂളിൽ രാജ്യത്തിന്റെ സുരക്ഷയും രാഷ്ട്രീയ സാഹചര്യങ്ങളും അനുവദിക്കുന്ന മുറയ്ക്ക് നയതന്ത്ര സാന്നിധ്യം പുന:സ്ഥാപിക്കാൻ കഴിഞ്ഞേക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങൾ സൂചന നൽകി. ഓപ്പറേഷൻ പിറ്റിംഗിൽ ഉൾപ്പെട്ടവരുടെ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രശംസിച്ചു. ഇരുപത് വർഷങ്ങൾക്ക് മുമ്പ്, 9/11 ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ബ്രിട്ടീഷ് പട്ടാളക്കാർ രാജ്യത്തിന് ശോഭനമായ ഭാവി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ അഫ്ഗാൻ മണ്ണിൽ കാലുകുത്തി, എല്ലാ പ്രവർത്തനങ്ങളും വിജയമാക്കിയ ട്രൂപ്പിനെ അദ്ദേഹം അഭിനന്ദിച്ചു.
“അഫ്ഗാനിസ്ഥാനിലെ ഞങ്ങളുടെ ഇടപഴകലിന്റെ സ്വഭാവം മാറിയേക്കാം, പക്ഷേ രാജ്യത്തിനായുള്ള ഞങ്ങളുടെ ലക്ഷ്യങ്ങൾ മാറിയിട്ടില്ല. കഴിഞ്ഞ 20 വർഷത്തെ നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും അഫ്ഗാൻ ജനതയുടെ ഭാവി സുർക്ഷിതമാക്കാനും ഇപ്പോൾ നമ്മുടെ പക്കലുള്ള എല്ലാ നയതന്ത്ര, മാനുഷിക ഉപകരണങ്ങളും ഉപയോഗിക്കും. അവർ അത് അർഹിക്കുന്നു,“ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. പുല്ലുണ്ടശ്ശേരി കാവിൽപാടം രാജേഷിന്റെ ഭാര്യ ആതിരയുടെ (27) മരണത്തിലാണ് സുഹൃത്തായ കല്ലുവഴി വാളക്കോട്ടിൽ ശരത് (27) അറസ്റ്റിലായത്. യുവതിയുടെ ആത്മഹത്യാ കുറിപ്പിൽ ശരത്തിന്റെ പേര് പരാമർശിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റുണ്ടായത്.
ആതിരയും ശരത്തും സ്‌കൂൾ പഠന കാലം മുതൽ സുഹൃത്തുക്കളായിരുന്നു. ഒരേ ക്ലാസിൽ പഠച്ച സൗഹൃദം മുതലെടുത്ത് ആതിരയുടെ ആറര പവൻ സ്വർണം ശരത് പണയം വയ്ക്കാൻ വാങ്ങിയിരുന്നു. എന്നാൽ ഇത് പിന്നീട് തിരിച്ചു നൽകിയില്ല. നിരന്തരം ചോദിച്ചെങ്കിലും ശരത്ത് കൈയൊഴിയുകയായിരുന്നു. വിവാഹ സമയത്ത് കൊണ്ടു വന്ന സ്വർണത്തെക്കുറിച്ച് വീട്ടുകാർ ചോദിക്കുമെന്ന് ഭയന്നാണ് ആതിര ജീവനൊടുക്കിയത്.
തന്റെ മരണത്തിന് ഉത്തരവാദി ശരത്ത് ആണെന്നും, പണയം വെക്കാനായി വാങ്ങിയ സ്വർണം തിരിച്ചു നൽകിയില്ലെന്നും ആത്മഹത്യ കുറിപ്പിൽ ആതിര എഴുതിയിരുന്നു. ഇക്കഴിഞ്ഞ 26നാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ ആതിരയെ കണ്ടെത്തിയത്.
ആതിരയുടെ ആത്മഹത്യകുറിപ്പിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശരത്ത് പിടിയിലായത്. ശ്രീകൃഷ്ണപുരം എസ്‌ഐ കെവി സുധീഷ് കുമാറും സംഘവും ആണ് ശരത്തിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ചോദ്യം ചെയ്തതോടെ ഇയാൾ സ്വർണം വാങ്ങിയ കാര്യവും ആതിരയെ ഭീഷണിപ്പെടുത്തിയ കാര്യവും സമ്മതിച്ചു. ഇതേത്തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് ശരത്തിനെതിരെ പോലീസ് കേസ് എടുത്തത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു ശരത്തെന്ന് പോലീസ് പറയുന്നു. ബൈക്കിൽ യാത്ര ചെയ്തു മാലപൊട്ടിക്കൽ നടത്തിയത് ഉൾപ്പെടെ നിരവധി മോഷണക്കേസുകൾ ശരത്തിന്റെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഉണ്ട്. എന്നാൽ ഈ വിവരം ആതിരയ്ക്ക് അറിയില്ലായിരുന്നു.
ഷെറിൻ പി യോഹന്നാൻ
വായ തുറന്നാൽ നന്മ മാത്രം സംസാരിക്കുന്ന കഥാപാത്രങ്ങളും മെലോഡ്രാമയാൽ സമ്പുഷ്ടമായ കഥാഗതിയും തിരുകി കയറ്റിയ തമാശകളും ഒക്കെയായാണ് മലയാളത്തിൽ ഭൂരിഭാഗം ഫീൽ ഗുഡ് ഡ്രാമകളും പുറത്തിറങ്ങാറ്. റോജിൻ തോമസിന്റെ രണ്ടാമത്തെ ചിത്രം ഈ പതിവ് രീതിയിൽ നിന്ന് മാറിനടക്കുന്നത് വളരെ സുന്ദരമായാണ്. വലിയ പബ്ലിസിറ്റിക്ക് മുതിരാതെ ട്രെയ്ലർ മാത്രം ഇറക്കി ഈ ഓണത്തിന് കുടുംബ പ്രേക്ഷകർക്ക് സമ്മാനം ഒരുക്കിയിരിക്കുകയാണ് ആമസോൺ… വളരെ സന്തോഷം.
ഒരു വീടിന്റെയും വീട്ടിലെ ഓരോ അംഗങ്ങളുടെയും കഥയാണ് #ഹോം. ഒളിവർ ട്വിസ്റ്റും (ഇന്ദ്രൻസ്), കുട്ടിയമ്മയും (മഞ്ജു പിള്ള), ആന്റണിയും (ശ്രീനാഥ് ഭാസി), ചാൾസും (നസ്ലിൻ) അവരുടെ അപ്പച്ചനും ഒരുമിക്കുന്ന വീട്. സിനിമയിലെ ഓരോ കഥാപാത്രവും അവരുടെ സംഭാഷണങ്ങളിലൂടെയും മാനറിസത്തിലൂടെയും വളരെ വേഗം പ്രേക്ഷക മനസ്സിൽ സ്ഥാനമുറപ്പിക്കുന്നുണ്ട്. ടെക്നോളജി ഔട്ട്‌ഡേറ്റഡ് ആയ അപ്പൻ സ്മാർട്ട്‌ഫോൺ ഉപയോഗിക്കാൻ തുടങ്ങുന്നതും പിന്നീട് ഉടലെടുക്കുന്ന പ്രശ്നങ്ങളും ആന്റണിയുടെ തിരക്കഥാ രചനയും ചാൾസിന്റെ യുട്യൂബ് ചാനലും ഒക്കെയായി കഥ പല ലെയറുകളിലൂടെ സഞ്ചരിക്കുന്നുണ്ട്.
ചിത്രം കണ്ടുകഴിഞ്ഞാലും ക്ലൈമാക്സിലെ ഒളിവർ ട്വിസ്റ്റിന്റെ ചിരി ആയിരിക്കും മനസ്സിൽ. അതിഗംഭീരമാണ് ഇന്ദ്രൻസിന്റെ പ്രകടനം. ഇമോഷണൽ രംഗങ്ങളെല്ലാം ഇന്ദ്രൻസിന്റെ കയ്യിൽ ഭദ്രമാണ്. കൈനകരി തങ്കരാജും മഞ്ജു പിള്ളയും സംഭാഷണങ്ങളെക്കാൾ ഉപരിയായി പ്രവർത്തികളിലൂടെയാണ് സിനിമയിൽ അവരുടെ സ്ഥാനമുറപ്പിക്കുന്നത്. ശ്രീനാഥ് ഭാസി, ജോണി ആന്റണി, നസ്ലിൻ എന്നിവരും പ്രകടനങ്ങളിൽ മുന്നിട്ടു നിൽക്കുന്നു. ക്ലൈമാക്സിലെ അപ്പച്ചന്റെ ആ ഡയലോഗിനും പശ്ചാത്തലമായി മുഴങ്ങുന്ന സംഗീതത്തിനും ഒരു പ്രത്യേക ഭംഗിയുണ്ട്.

പ്രേക്ഷകൻ ഊഹിക്കുന്ന രംഗങ്ങൾ ആണെങ്കിൽ പോലും കൈവിട്ടുപോകാതെ അച്ചടക്കത്തോടെ സിനിമ അവസാനിപ്പിച്ചിട്ടുണ്ട്. ക്ലൈമാക്സിലെ പശ്ചാത്തലസംഗീതം വളരെ മനോഹരമാണ്. രണ്ടെമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൽ ഇടയ്ക്ക് പോലും മടുപ്പുളവാക്കുന്ന രംഗമില്ല. കാരണം, ഓരോ വീട്ടിലും നടക്കുന്ന നിത്യസംഭവങ്ങളിലൂടെ കഥ നീങ്ങുന്നത് കൊണ്ടാവും. സിനിമയുടെ പേര് പോലെ തന്നെ ആ വീടും ഒരു കഥാപാത്രമാണ്. പച്ചക്കറി തോട്ടവും പൂന്തോട്ടവും വീടും അതിമനോഹരമായി ക്യാമറയിൽ പകർത്താൻ കഴിഞ്ഞിട്ടുണ്ട്. അത്തരം ദൃശ്യങ്ങൾക്ക് തന്നെ ഒരു പ്രത്യേക ഭംഗിയുണ്ട്.
എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥ, കഥാപാത്രങ്ങളുടെ മികച്ച പ്രകടനങ്ങൾ, മനോഹരമായ പശ്ചാത്തലസംഗീതം, ഛായാഗ്രഹണം എന്നിവയോടൊപ്പം റോജിൻ തോമസിന്റെ സംവിധാന മികവും ഒത്തുചേരുമ്പോൾ കണ്ണും മനസ്സും നിറയ്ക്കുന്ന സിനിമയായി മാറുന്നുണ്ട് ഹോം. മനസ്സിനോടിണങ്ങി നിൽക്കുന്ന ചിത്രങ്ങളുടെ വീട്ടിലേക്ക് ഒന്നുകൂടി… #ഹോം
നിരവധി പേരുടെ മരണത്തിനിടയാക്കിയ വ്യാഴാഴ്ചയിലെ ഇരട്ട സ്‌ഫോടനത്തിന്റെ ഞെട്ടലില്‍ നിന്നു മാറുന്നതിനു മുന്‍പേ കാബൂളില്‍ വീണ്ടും സ്‌ഫോടനം. മോട്ടോര്‍ ഷെല്ലോ റോക്കറ്റോ ഉപയോഗിച്ചുള്ള ആക്രമണമാണെന്നാണ് സൂചന. ജനവാസ മേഖലയിലാണ് ആക്രമണം നടന്നത്.
ഒരു കുട്ടിയടക്കം രണ്ടു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റ് മുന്നറിയിപ്പിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം. അഫ്ഗാനിസ്താനില്‍ നിന്ന് യുഎസ് സൈന്യം പിന്‍വാങ്ങുന്നതിന്റെ സമയപരിധി അവസാനിക്കാനിരിക്കെയാണ് ആക്രണം നടന്നത്.
വ്യാഴാഴ്ചയിലെ ഇരട്ട സ്ഫോടനത്തില്‍ 13 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കാബൂള്‍ വിമാനത്താവളത്തിന് സമീപത്ത് തന്നെയാണ് ഇത്തവണയും ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
“A rocket hit a residential house in PD15.” Eye witnesses and residents say. pic.twitter.com/8ULn1Bwo1A
— BILAL SARWARY (@bsarwary) August 29, 2021
പോക്‌സോ കേസിലെ ഇരയായ പെൺകുട്ടിയുടെ മൊഴി പ്രകാരം റിമാൻഡിലായി ജയിലിൽ കഴിയുകയായിരുന്ന 18കാരന് ഒടുവിൽ കോടതി ജാമ്യം അനുവദിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായി ഗർഭിണിയായ കേസിലാണ് ഡിഎൻഎ പരിശോധന ഫലം നെഗറ്റീവായതോടെ കഴിഞ്ഞ 35 ദിവസമായി ജയിലിൽ കഴിഞ്ഞ പതിനെട്ടുകാരൻ പുറത്തിറങ്ങിയത്.
മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശിയായ പ്ലസ്ടു വിദ്യാർഥി ശ്രീനാഥിനേയാണ് പരിശോധനഫലം ലഭിച്ചതിനു പിന്നാലെ സ്വന്തം ജാമ്യത്തിൽ പോക്‌സോ കോടതി വിട്ടയച്ചത്. പീഡനത്തിന് ഇരയായ പതിനേഴുകാരി ഗർഭിണിയായ കേസിലാണ് പെൺകുട്ടിയുടെ മൊഴിപ്രകാരം കഴിഞ്ഞ ജൂൺ 22ന് ശ്രീനാഥ് പോക്‌സോ കേസിൽ റിമാൻഡിലായത്.
പിന്നീട് ശ്രീനാഥിന്റെ അപേക്ഷ പ്രകാരം നടത്തിയ ഡിഎൻഎ പരിശോധനയുടെ ഫലം നെഗറ്റീവായതോടെയാണ് മഞ്ചേരി പോക്‌സോ കോടതി സ്വന്തം ജാമ്യത്തിൽ വിട്ടയച്ചത്. പോക്‌സോയ്ക്കു പുറമെ 346, 376, 342 ഐപിസി വകുപ്പുകളും ശ്രീനാഥിനെതിരെ ചുമത്തിയിട്ടുണ്ട്.
കോടതിയുടെ പ്രത്യേക നിർദേശപ്രകാരം മണിക്കൂറുകൾക്കുള്ളിൽ തിരൂർ സബ് ജയിൽ നിന്ന് യുവാവിനെ പുറത്തിറക്കി. അതേസമയം, പെൺകുട്ടി പീഡനത്തിന് ഇരയായ കേസിൽ പ്രതിയായി ഒന്നോ അതിലധികമോ പേരുണ്ടോ എന്നറിയാൻ ഇനിയും വിശദമായ പുനരന്വേഷണം വേണ്ടി വരുമെന്നാണ് റിപ്പോർട്ട്.
മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് മൂന്ന് വയസ്സുകാരിക്കും പിതാവിനും പൊതുനിരത്തിൽ വനിതാ പൊലീസിെൻറ ഭീഷണിയും വിചാരണയും. പൊലീസ് വാഹനത്തിൽനിന്നുതന്നെ മൊബൈൽ കണ്ടെടുത്തതോടെ നാട്ടുകാർ ചോദ്യം ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസ് വിദ്യാർഥിനിയായ മകളുമാണ് ചെയ്യാത്ത കുറ്റത്തിന് പൊതുനിരത്തിൽ അപമാനിതരായത്.
ഐ.എസ്.ആർ.ഒയിലേക്ക് യന്ത്രസാമഗ്രികൾ വഹിച്ചുകൊണ്ട് പോകുന്ന വാഹനം കാണാൻ എത്തിയതാണ് ഇരുവരും. വാഹനമെത്താൻ വൈകിയതോടെ സമീപത്തെ കടയിൽ പോയി വെള്ളം കുടിച്ച ശേഷം വീണ്ടും മടങ്ങിയെത്തി. അപ്പോൾ പിങ്ക് പൊലീസ് വാഹനത്തിനരികിൽ നിന്ന ഉദ്യോഗസ്ഥ രജിത, ജയചന്ദ്രനെ അടുത്തേക്ക് വിളിച്ച് മൊബൈൽ ഫോൺ നൽകാൻ ആവശ്യപ്പെട്ടു. ജയചന്ദ്രൻ സ്വന്തം ഫോൺ നൽകി. ഇതല്ല, പൊലീസ് വാഹനത്തിൽ നിന്ന് എടുത്ത ഫോൺ തിരിച്ചുനൽകാൻ ആവശ്യപ്പെട്ടു. താൻ ഫോൺ എടുത്തില്ലെന്ന് ജയചന്ദ്രൻ മറുപടി നൽകി.
ഫോൺ എടുക്കുന്നതും മകളുടെ കൈയിൽ കൊടുക്കുന്നതും താൻ കണ്ടെന്നും മകളെ ഇങ്ങോട്ട് വിളിക്കാനും പൊലീസുകാരി ആവശ്യപ്പെട്ടു. ചോദ്യം ചെയ്യുന്നതിനിടെ കുഞ്ഞ് ഭയന്ന് കരയാൻ തുടങ്ങിയതോടെ നാട്ടുകാർ ചുറ്റും കൂടി. ജയചന്ദ്രെൻറ ഷർട്ട് ഉയർത്തി ദേഹപരിശോധന നടത്തുകയും മോഷ്ടാവെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.
ഇതിനിടെ ദേശീയപാതയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു പൊലീസുകാരി അവരുടെ മൊബൈലിൽ നിന്ന് കാണാതായ ഫോണിലേക്ക് വിളിച്ചു. പിങ്ക് പൊലീസ് കാറിെൻറ പിൻസീറ്റിലിരുന്ന ബാഗിൽ വൈബ്രേറ്റ് ചെയ്ത ഫോൺ കണ്ടെത്തി. ഇതോടെ നിരപരാധിയായ പിതാവിനെയും മകളെയും പരസ്യമായി അധിക്ഷേപിച്ച പൊലീസുകാരിക്കെതിരെ ജനം പ്രതിഷേധിച്ചു. ബഹളത്തിനിടയിൽ പൊലീസുകാരി കാറിൽ കയറി രക്ഷപ്പെട്ടു.
ചെയ്യാത്ത കുറ്റം ആരോപിച്ച് പിങ്ക് പൊലീസ് പൊതുനിരത്തിൽ പെൺകുട്ടിയെയും പിതാവിനെയും അപമാനിച്ച സംഭവത്തിൽ ബാലാവകാശ കമീഷൻ ഇടപെട്ടു. പൊലീസ് പീഡനത്തിനിരയായ ജയചന്ദ്രൻ കമീഷനിൽ പരാതി നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ കമീഷൻ ചെയർമാൻ മനോജിെൻറ നേതൃത്വത്തിൽ വീട്ടിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിക്ക് അടിയന്തരമായി കൗൺസലിങ് ലഭ്യമാക്കാൻ കമീഷൻ നിർദേശിച്ചു.
ദേവരാജന്‍ മാസ്റ്ററുടെ ഗാനം വെള്ളിത്തിരയില്‍ പാടി അവതരിപ്പിച്ചതിനെ കുറിച്ച് പറഞ്ഞ് നടന്‍ മനോജ് കെ. ജയന്‍. തനിക്ക് ഏറെ ഇഷ്ടമുള്ള ഗാനമാണെങ്കിലും വേദികളില്‍ പാടാത്തതിനെ കുറിച്ചാണ് താരം പറയുന്നത്. 1995ല്‍ പുറത്തിറങ്ങിയ അഗ്രജന്‍ എന്ന ചിത്രത്തിലെ ‘ഉര്‍വ്വശീ നീയൊരു വനലതയായ്’ എന്ന ഗാനത്തെ കുറിച്ചാണ് മനോജ് കെ. ജയന്‍ പറയുന്നത്.
സൗഹൃദ സദസ്സുകളില്‍ ദേവരാജന്‍ മാഷിനെ അനുസ്മരിക്കുമ്പോള്‍ അധികവും പാടിയിട്ടുള്ളത് അഗ്രജനിലെ തന്നെ മറ്റൊരു പാട്ടാണ്. നെടുമുടി വേണു പാടി അഭിനയിച്ച ‘ഏതോ യുഗത്തിന്റെ സായംസന്ധ്യയില്‍’ എന്നത്. സ്വന്തം പാട്ടുള്ളപ്പോള്‍ എന്തിന് മറ്റൊരു പാട്ട് കടമെടുത്തു എന്ന ചോദ്യത്തോടാണ് മനോജ് പ്രതികരിച്ചത്.
”അത് ഞാന്‍ തന്നെ പറഞ്ഞറിയണോ? പാടിയ പാട്ടിന്റെ വരികളില്‍ തന്നെയില്ലേ ഉത്തരം? ഉര്‍വ്വശീ എന്ന് തുടങ്ങുന്ന ഒരു പാട്ട് ഇക്കാലത്ത് ഞാന്‍ പാടിക്കേട്ടാല്‍ ട്രോളര്‍മാര്‍ വെറുതെ വിടുമോ എന്നെ പഴയ ഭാര്യയെ ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല അല്ലേ എന്നൊക്കെ ചോദിച്ചു പരിഹസിച്ചേക്കാം ചിലരെങ്കിലും.”
”നിരുപദവമായ തമാശയെങ്കില്‍ പോലും എന്റെയും ഉര്‍വ്വശിയുടെയും കുടുംബങ്ങള്‍ക്ക് മനപ്രയാസം ഉണ്ടാക്കിയേക്കാം അത്തരം ചര്‍ച്ചകള്‍. അതുകൊണ്ട് ഞാന്‍ തന്നെ ആ പാട്ട് പാടേണ്ടെന്നു വച്ചു” എന്നാണ് നടന്‍ പറയുന്നത്. ദേവരാജന്‍ മാഷിന്റെ ഗാനം പാടി അവതരിപ്പിക്കാന്‍ ലഭിച്ചത് സുവര്‍ണ്ണാവസരമാണെന്നും ഇപ്പോഴും വരികള്‍ മനഃപാഠമാണെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.
പതിമൂന്ന് വയസുകാരൻ മകനെ ക്രൂരമായി മര്‍ദ്ദിച്ച് പിതാവിന്റെ കൊടും ക്രൂരത. സംഭവത്തില്‍ കടയ്ക്കല്‍ കുമ്മിള്‍ കാഞ്ഞിരത്തുംമൂട് സ്വദേശി നാസറുദീന്‍ അറസ്റ്റിലായി. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്തു വന്നു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം.
മാതാവിന്റെ ആദ്യ വിവാഹത്തിലുണ്ടായ മകനെ കാണാന്‍ പോയി എന്നു പറഞ്ഞാണ് കുട്ടിയെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും നാഭിക്ക് ചവിട്ടുകയും ചെയ്തത്. മര്‍ദിക്കുന്നത് കണ്ടുനില്‍ക്കാനാവാതെ കുട്ടിയുടെ മാതാവ് പിന്നീട് പോലീസിനെ വിളിക്കുകയും കടയ്ക്കല്‍ സിഐ സ്ഥലത്തെത്തി പിതാവിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. നാസറുദീനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു. മര്‍ദനത്തിന് ഇരയായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സിനിമയില്‍ നിന്നും ആദ്യമായി ലഭിച്ച പ്രതിഫലത്തെ കുറിച്ച് തുറന്നു പറഞ്ഞ് സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും. നവോദയ അപ്പച്ചന്‍ നിര്‍മ്മാതാവായ സിനിമയിലാണ് താന്‍ ആദ്യമായി അഭിനയിച്ചത്. 2500 രൂപയുടെ ചെക്ക് ആണ് ഈ സിനിമയ്ക്ക് പ്രതിഫലമായി കിട്ടിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
അപ്പച്ചന്‍ സാറില്‍ നിന്ന് നേരിട്ട് തന്നെ പ്രതിഫലം വാങ്ങണം, അത് ഒരു പൈസയാണെങ്കിലും. ഭയങ്കര വളര്‍ച്ചയുണ്ടാകും എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. ചെക്കിലെ പൂജ്യം കണ്ടോ, ആ പൂജ്യമങ്ങ് കൂട്ടിക്കൂട്ടി കൊണ്ടു വരണം എന്നാണ് അപ്പച്ചന്‍ സാര്‍ അന്ന് പറഞ്ഞത് എന്നും സുരേഷ് ഗോപി സൂര്യ ടിവിയിലെ പരിപാടിക്കിടെ പറഞ്ഞു.
അനിയത്തി പ്രാവ് ആണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി അഭിനയിച്ച ചിത്രം. ഫാസില്‍ ചിത്രത്തിന് തനിക്ക് ലഭിച്ചത് അമ്പതിനായിരം രൂപയാണ് എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. ഉദയ നിര്‍മ്മിച്ച ധന്യ എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും നായകനായി കുഞ്ചാക്കോ ബോബന്‍ എത്തിയത് അനിയത്തിപ്രാവിലൂടെ ആയിരുന്നു.
അതേസമയം, പാപ്പാന്‍, ഒറ്റക്കൊമ്പന്‍, കാവല്‍ എന്നീ ചിത്രങ്ങളാണ് സുരേഷ് ഗോപിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. അരവിന്ദ് സ്വാമിക്കൊപ്പം ഒറ്റ്, ഭീമന്റെ വഴി, പട, അറിയിപ്പ്, അഞ്ചാം പാതിര രണ്ടാം ഭാഗം, എന്നാ താന്‍ കേസ് കൊട് എന്നിവയാണ് കുഞ്ചാക്കോ ബോബന്റെതായി ഒരുങ്ങുന്ന പുതിയ സിനിമകള്‍.