അഫ്ഗാനിസ്ഥാനിലെ ബഗ് ലൻ പ്രവിശ്യയിൽ ഗായകനായ ഫവാദ് അൻദരാബിയെ താലിബാൻ വെടിവച്ചുകൊന്നു. മുൻപും താലിബാൻകാർ ഇദ്ദേഹത്തെ തിരക്കി വീട്ടിലെത്തിയിട്ടുണ്ടെന്ന് മകൻ ജവാദ് പറഞ്ഞു. അതേസമയം, സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്നു താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു.
രാജ്യത്തെ നാടോടി ഗായകരിൽ പ്രമുഖനാണു ഫവാദ്. രാജ്യത്തെയും ജനങ്ങളെയും സവിശേഷതകളെ പുകഴ്ത്തുന്ന ഗാനങ്ങളാണ് ഫവാദ് ഏറെയും പാടിയിട്ടുള്ളത്. കാബൂളിൽ നിന്ന് 100 കിലോമീറ്റർ വടക്കുള്ള പ്രവിശ്യയിലെ ഈ സ്ഥലം അൻദരാബി താഴ് വര എന്നാണ് അറിയപ്പെടുന്നത്.
കഴിഞ്ഞ തവണ താലിബാൻ ഭരണത്തിൽ സംഗീതം നിരോധിച്ചിരുന്നു. ഐക്യരാഷ്ട്രസംഘടനയും ആംനസ്റ്റി ഇന്റർനാഷനലും കടുത്ത ആശങ്ക രേഖപ്പെടുത്തി. രണ്ടാം വരവിലെ താലിബാൻ മാറിയിട്ടില്ലെന്നതിന്റെ തെളിവാണു സംഭവമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ സെക്രട്ടറി ജനറൽ ആഗ്നസ് കല്ലാമാർഡ് ട്വീറ്റ് ചെയ്തു.
നഗരത്തില്‍ 130 കെട്ടിടങ്ങള്‍ അപകടാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. കൊച്ചി കോര്‍പ്പറേഷന്‍ നടത്തിയ പ്രാഥമിക സര്‍വ്വേയിലാണ് ഗുരുതമായ കണ്ടെത്തല്‍. ഇടപ്പള്ളി, ഫോര്‍ട്ടുകൊച്ചി, വൈറ്റില മേഖലകളിലാണ് അപകടാവ്സ്ഥയിലുള്ള കൂടുതല്‍ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്.
കോര്‍പ്പറേഷന് കീഴിലെ എഞ്ചിനീയര്‍മാരാണ് പരിശോധന നടത്തിയത്. സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ ഈ പട്ടികയിലുണ്ട്. നിലവില്‍ കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നവയാണ് കെട്ടിടങ്ങളിലേറെയും.
700ലധികം സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബല പരിശോധന നടത്തിയ ശേഷം ഈ 130 കെട്ടിടങ്ങളില്‍ നിന്ന് പൊളിച്ചു നീക്കേണ്ടവയുടെ പട്ടിക തയ്യാറാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കണ്ണൂർ മട്ടന്നൂര്‍ കളറോഡില്‍ കാറും ബസും കൂട്ടിയിടിച്ച് സെമിനാരി വിദ്യാര്‍ത്ഥി മരിച്ചു. കാഞ്ഞിപ്പള്ളി നല്ല സമറയാൻ ആശ്രമത്തില്‍ ശുശ്രൂഷ ചെയ്തുകൊണ്ടിരിന്ന റീജന്റ് ബ്രദർ കോരുത്തോട് സ്വദേശി തോമസുകുട്ടി കുറ്റിക്കാട്ടാണ് (25) അപകടത്തിൽ മരണമടഞ്ഞത്. വാഹനത്തിലുണ്ടായിരിന്ന സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡംഗവും കാഞ്ഞിരപ്പള്ളി രൂപത വൈദികനുമായ ഫാ റോയി മാത്യു വടക്കേല്‍, സിസ്റ്റര്‍ ട്രീസ, ഡ്രൈവര്‍ അജി, ഷാജി എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നു കാലത്ത് 9.30ഓടെ കളറോഡ് – പത്തൊമ്പതാം മൈല്‍ മലബാര്‍ സ്‌കൂളിനു സമീപമായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഇരിട്ടിയിലേക്ക് പോകുന്ന സംഘം സഞ്ചരിച്ച കാര്‍ എതിരേ വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സാമൂഹ്യ നീതി വകുപ്പിന്‍റെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
മൂവാറ്റുപുഴയിൽ ലോറിയും കാറും കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. മൂവാറ്റുപുഴ ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയും തൃശൂരിലേക്ക് പോകുന്ന കാരുമാണ് അപകടത്തിപെട്ടത്. അപകടത്തിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന തൊടുപുഴ സ്വദേശി ആദിത്യൻ,വിഷ്ണു,അരുൺ ബാബു, എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. കർണാടകയിൽ നിന്നും വിനോദയാത്ര കഴിഞ്ഞ് സെക്കൻഡ് ഹാൻഡ് കാർ വാങ്ങി വരുന്ന വഴിയാണ് അപകടം നടന്നത്. രണ്ട് കാറുകളിലായാണ് ഇവർ സഞ്ചരിച്ചത്. കർണാടകയിൽ നിന്നും വാങ്ങിയ കാറാണ് അപകടത്തിൽ പെട്ടത്. ഡ്രൈവ് ചെയ്ത യുവാവ് ഉറങ്ങിയതാവാം അപകടകാരണമെന്ന് പോലീസ് പറയുന്നു.
മെട്രിസ് ഫിലിപ്പ്
ഇന്ന് (30/08/2021)ശ്രീകൃഷ്ണ ജയന്തി. കൃഷ്ണ ഭഗവാനെ ഏറ്റവും അധികമായി സ്നേഹിച്ചിരുന്ന, എല്ലാ മലയാളമാസവും ഒന്നാം തിയതി, ഗുരുവായുരപ്പന്റെ മുന്നിൽ പൂക്കൾ അർപ്പിച്ച്, നേന്ത്രകുലകൊണ്ട്, തുലാഭാരം ചെയ്ത്, ഒരു വെള്ളി നാണയം, ഭണ്ഡാരത്തിൽ നിക്ഷേപിച്ചു, ശരവേഗം മുന്നോട്ട് കുതിച്ചിരുന്ന, ഇന്ത്യയുടെ ഒരേ ഒരു ലീഡർ, The King Maker, ശ്രീ. കെ. കരുണാകരൻ. ഇന്ന് അദ്ദേഹം, സ്വർഗത്തിൽ ഇരുന്നു, കണ്ണിറുക്കി ചിരിക്കും. കാലത്തിന്റെ കാവ്യനീതിയുടെ സന്തോഷത്തിൽ. സ്വന്തമായി ഒരു ഗ്രൂപ്പ് ഉണ്ടാക്കി, അതിലൂടെ ഒട്ടേറെ നേതാക്കളെ, വളർത്തിയവർ, ആ ലീഡറിനെ, പലപ്പോഴായും, പിന്നിൽനിന്ന് കുത്തിനോവിച്ചിരുന്നു. മറ്റെല്ലാ ഗ്രൂപ്പിനെയും, ഒറ്റയ്ക്ക് , നേരിട്ട ചരിത്രമുള്ള ലീഡർ, അവസാനം പാർട്ടി വിട്ടു പോയെങ്കിലും, പാർട്ടിയുടെ, വിജയത്തിനായി തിരിച്ചു വന്നു. ചാരകേസിൽ, കുടുക്കി, സിഎം സ്ഥാനത്തു നിന്നും, എന്തു മനോവിഷമത്തോടെ ആയിരുന്നു രാജിവെച്ച് ഇറങ്ങിപോയത്. അന്ന് പാലം വലിച്ചവർ, ഇന്ന് ആ പാർട്ടിയെ പാലം വലിക്കുന്നത് കാണുമ്പോൾ, അദ്ദേഹത്തിന് ഉണ്ടാകുന്ന സന്തോഷം, എന്ത് മാത്രമായിരിക്കും.
കേരളത്തിലെ കോൺഗ്രസ്, പൊട്ടിത്തെറിയുടെ വക്കിൽ ആണെന്നൊക്കെ മാധ്യമങ്ങൾ, റിപ്പോർട്ട് ചെയ്തത് ശരി ആണോ, അല്ലയോ എന്നതല്ല വിഷയം, ഒരു തലമുറയിലുള്ള നേതാക്കളെ മൂലയ്ക്ക് ഇരുത്തി, പുതിയ ഒരു നേതൃത്വത്തിന്റെ കൈകളിൽ, കോൺഗ്രസ് പാർട്ടി മുന്നോട്ട് കുതിക്കുമ്പോൾ, അപ്പുറത്തു നിന്ന്, തങ്ങളോട് ആലോചിച്ചില്ല, എന്നുള്ള, കുറ്റം പറച്ചിലും, വാശിയും, കാണിച്ചു കൊണ്ട്, ഗ്രൂപ്പ് അണികളെ ആവേശം കൊള്ളിക്കാം, എന്നല്ലാതെ മറ്റൊന്നും സംഭിവിക്കില്ല,എന്ന് എന്തേ, ഇവരൊക്കെ മനസ്സിലാക്കുന്നില്ല.
കോൺഗ്രസ് പാർട്ടി ഒരു മുങ്ങികൊണ്ടിരിക്കുന്ന കപ്പൽ ആണെന്നാണ് പറയുന്നത്. കേന്ദ്രത്തിൽ ഭരണം നടത്തിയവർ, ഇന്ന് ഇരട്ട അക്കത്തിലേയ്ക്ക് എംപി.മാരുടെ എണ്ണം ചുരുങ്ങിപോയി. പാർട്ടിക്ക് മുഴുവൻ സമയവും പ്രവർത്തിക്കുന്ന, ഒരു പ്രസിഡന്റ്പോലും ഇല്ലാതായിരിക്കുന്നു. കേരളത്തിൽ പാർട്ടി അമ്പേ തകർന്നിരിക്കുന്നു. ചുവർ ഉണ്ടെങ്കിൽ അല്ലേ ചിത്രം വരയ്ക്കാൻ പറ്റു, എന്ന് പോലും അറിയുവാൻ പറ്റാത്ത നേതാക്കൾ. പ്രവർത്തകർ ഇല്ലാത്ത നേതാക്കൾ മാത്രം ഉള്ള പാർട്ടി ആയി മാറിയിരിക്കുന്നു.
ഇപ്പോൾ കൊമ്പുകോർത്തിരിക്കുന്ന നേതാക്കൾ, പാർട്ടി നേതൃത്വത്തെ അംഗീകരിക്കുന്നില്ലെങ്കിൽ, പുതിയ പാർട്ടി രൂപീകരിച്ചു കരുത്തു തെളിയിക്കാൻ, ഒരു സുവർണ്ണാവസരം ലഭിച്ചിരിക്കുന്നു. പാർട്ടിയാണ് പ്രധാനം. ഗ്രൂപ്പ് നേതാക്കൾ അല്ല എന്ന് ഓരോ പാർട്ടി പ്രവർത്തകരും ചിന്തിച്ചാൽ മാത്രം കോൺഗ്രസ് പാർട്ടി രക്ഷപെടുകയുള്ളൂ.
14 ജില്ലാ പ്രസിഡന്റുമാരും, AICC അംഗീകരിച്ച പേരുകൾ ആയതിനാൽ, അവരെ പ്രവർത്തകർ അംഗീകരിക്കും. കുറ്റങ്ങളും കുറവുകളും ഇല്ലാത്തവരുണ്ടോ. പ്രായമായവർ സ്വയം മാറി കൊടുത്തുകൊണ്ട്, പുതിയ ഒരു നേതൃനിര കടന്നുവരട്ടെ. അവർക്കു പിന്തുണനൽകട്ടെ. അപ്പോൾ വിജയം ഉണ്ടാകും. പുതിയ നേതൃനിരയ്ക്ക് വിജയാശംസകൾ. ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്.
Nb: ലീഡറിന്റെ, ഈ ഫോട്ടോയിൽ നോക്കിഒന്ന് കണ്ണിറുക്കി ചിരിച്ചിട്ട് ദിവസവും ജോലിക്കു പോകുന്നത് കൊണ്ട് ഒരുത്സാഹം ഉണ്ടേട്ടോ . പാലക്കാടുള്ള ഒരു നേതാവ് പാർട്ടി വിട്ടുട്ടോ. കോൺഗ്രസ് പാർട്ടി വിടേണ്ടവർ എത്രയും പെട്ടെന്ന് പൊയ്ക്കോളു. അപ്പുറത്ത് വേക്കൻസി ഉണ്ടേട്ടോ…
ട്വന്റി ഫോര്‍ ന്യൂസിലെ പ്രധാന അവതരാകന്‍ അരുണ്‍കുമാര്‍ ചാനലില്‍ നിന്നും ഇറങ്ങി. കേരള യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ജോലി ചെയ്യുന്നതിനിടെ അവധിയെടുത്തായിരുന്നു അരുണ്‍കുമാര്‍ ട്വന്റിഫോറിന്റെ അവതാരകനായെത്തിയത്. വ്യത്യസ്ഥ ശൈലിയിലൂടെ വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന അരുണ്‍കുമാറിന് ആരാധകരേറെയായിരുന്നു.
യൂണിവേഴ്‌സിറ്റിയിലെ അവധി അവസാനിച്ചതോടെ ചാനല്‍ വിടാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. ഒരു വര്‍ഷമായിരുനന അവധി നീട്ടിക്കിടടാന്‍ സര്‍വ്വകലാശാലയ്ക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും പ്രോബേഷന്‍ പിരിയഡ് ആയതിനാല്‍ നീട്ടി നല്‍കാന്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തയ്യാറായില്ല.
നേരത്തെ മുട്ടില്‍ മരംമുറി കേസില്‍ കോഴിക്കോട് റീജണല്‍ ചീഫായിരുന്ന ദീപക് ധര്‍മ്മടത്തിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ചാനലിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ചാനലിന്റെ മുഖമായ പ്രധാന അവതാരകന്‍ ചാനല്‍വിടുന്നതും.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിൽ പലചരക്ക് കട നടത്തുന്ന പെരുമാളിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സഹോദരിമാരായ അമ്മമാരുടെ പ്രായപൂർത്തിയാകാത്ത രണ്ട് പെണ്മക്കളെയാണ് ഇയാൾ മാസങ്ങളായി പീഡിപ്പിച്ചിരുന്നത്. പീഡനത്തിന് പെൺകുട്ടികളുടെ അമ്മമാർ തന്നെയാണ് ഒത്താശ ചെയ്തു നൽകിയിരുന്നത്.
പലചരക്ക് കട നടത്തുന്ന പെരുമാളിൽ നിന്നും സൗജന്യമായി സാധനങ്ങൾ വാങ്ങാൻ വേണ്ടിയാണ് പെണ്മക്കളെ പീഡിപ്പിക്കാൻ പെരുമാളിന് അമ്മമാർ അവസരം ഒരുക്കിയത്. രണ്ട് പെൺകുട്ടികളെ കൂടാതെ ഇവരുടെ സുഹൃത്തുക്കളായ പെൺകുട്ടികളെയും ഇയാൾ കടയിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. ആദ്യം പീഡനത്തിന് ഇരയായ പെൺകുട്ടികളാണ് സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച് കടയിൽ എത്തിച്ചിരുന്നത്.
പെൺകുട്ടികളുടെ അമ്മമാരിൽ ഒരാൾക്ക് പെരുമാളുമായി അവിഹിതമുണ്ടായിരുന്നതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പെരുമാൾ സഹോദരിമാരായ അമ്മമാർക്ക് കടയിൽ നിന്നും സാധനങ്ങൾ സൗജന്യമായി നൽകിയിരുന്നതായും പോലീസ് പറയുന്നു. പെരുമാളിന്റെ കടയിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് പെൺകുട്ടികളോടൊപ്പമുള്ള അശ്ലീല ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ടത്. തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
അമ്മമാരുടെ ഒത്തശയോടെ ആറു മാസത്തോളമായി ഇയാൾ പെൺകുട്ടികളെയും അവരുടെ സുഹൃത്തുക്കളെയും പീഡിപ്പിക്കുകയായിരുന്നു. അമ്മമാരുടെ പങ്ക് തെളിഞ്ഞാൽ അവരെ അറസ്റ്റ് ചെയ്യുമെന്നും കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്നും പോലീസ് പറയുന്നു.
കവി, കഥാകാരൻ, തിരക്കഥാകൃത്ത് എന്നിങ്ങനെ വിവിധ സാഹിത്യ രംഗങ്ങളിൽ ബഹുമുഖ പ്രതിഭയായിരുന്ന ഗാനരചയിതാവ് തന്റെ അതുല്യ പ്രതിഭയുടെ പൊൻ തിളക്കം മുഴുവൻ ചലച്ചിത്ര ഗാനരചനയ്ക്കായി മാറ്റിവച്ചു.
സൂര്യ കിരീടം വീണുടഞ്ഞു ,
പിന്നെയും പിന്നെയും , കളഭം തരാം ……,,
അമ്മ മഴക്കാറിന് , ഹരിമുരളീരവം തുടങ്ങി മലയാളി എന്നുമെപ്പോഴും മനസ്സിലോമനിക്കുന്ന പാട്ടുകളുടെ ചക്രവർത്തി 344 ചലച്ചിത്രങ്ങളിലായി 1600 ലേറെ ഗാനങ്ങളെഴുതിയിട്ടുണ്ട്.
ഏഴു തവണ കേരള സംസ്ഥാന അവാർഡ്, നാലു പ്രാവശ്യം ഏഷ്യാനെറ്റ് അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങളുടെ അംഗീകാരം ലഭിച്ച ഗിരീഷ് പുത്തഞ്ചേരി കലാസപര്യയുടെ മധ്യാഹ്നത്തിൽ നിൽക്കുമ്പോൾ 49ാം വയസ്സിൽ 2010 ഫെബ്രുവരി 10 നാണ് വിട വാങ്ങിയത്.
പൂർത്തിയാകാതെ മറഞ്ഞുപോയ നിലാവിന്റെ നീലഭസ്മക്കുറിയുമണിഞ്ഞെത്തുന്ന ടീം നീലാംബരി കലാ സാംസ്ക്കാരിക രംഗത്തെ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചു കൊണ്ട് 2021 ഒക്ടോബർ 16ന് യുകെയിലെ ബോൺ മൂത്തിൽ ഗിരിഷ് പുത്തഞ്ചേരി നൈറ്റ് സംഘടിപ്പിക്കുന്നു എന്ന് ടീം നീലാംബരിയുടെ സാരഥികൾ വാർത്താ സമ്മേളത്തിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ദയവായി ബന്ധപ്പെടുക- മനോജ് മാത്രാടൻ +44 7474 803080, സത്യനാരായണൻ കിഴക്കിനയിൽ +44 7958 106310, ജെയ്സൺ ബത്തേരി +44 7872938694.
ഷിബു മാത്യൂ.
ആശാനും ഉളളൂരും വള്ളത്തോളും പിന്നീട് വന്ന ഒ. എന്‍. വിയുമൊക്കെ മലയാളത്തിന് സമ്മാനിച്ച കവിതകളില്‍ നിന്ന് വ്യത്യസ്തമായി ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി യുകെ മലയാളിയായ ഹരിഗോവിന്ദ് ഒരു കവിത രചിച്ചിരിക്കുകയാണ്. വ്യത്യസ്തം എന്നു പറയുമ്പോള്‍ കവിതയിലെ വ്യാകരണങ്ങള്‍ക്കോ കവിഭാവനകള്‍ക്കോ മാറ്റങ്ങള്‍ സംഭവച്ചിട്ടില്ല. ആനുകാലിക വിഷയങ്ങള്‍ കവിതയാക്കി എന്നു മാത്രം. വൈലോപ്പള്ളി ശ്രീധരമേനോന്റെ ആത്മാവില്‍ ഒരു ചിത എന്ന കവിത മലയാളിയെ ഒരു പാട് ചിന്തിപ്പിച്ചതും കരയിപ്പിച്ചതുമാണ്. അച്ഛന്‍ മരിച്ചു കിടക്കുമ്പോള്‍ അത് ഉറങ്ങിക്കിടക്കുകയാണ് എന്നുള്ള ഒരു കുട്ടിയുടെ ആത്മഗതം. ആനുകാലിക പ്രസക്തിയുള്ള കവിതയായിരുന്നു അത്. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കവിത പാരായണത്തില്‍ ഇന്നും ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികള്‍ ചൊല്ലുന്ന കവിതയും അതു തന്നെ.
ഹരിഗോവിന്ദ് രചിച്ച ഈ കവിത അതില്‍ നിന്ന് ഒട്ടും ദൂരത്തിലല്ല. ആനുകാലിക വിഷയങ്ങള്‍. നമുക്ക് പ്രിയപ്പെട്ടത് നഷ്ടപ്പെടുമ്പോഴുള്ള വേദനയാണ് ഈ കവിതയുടെ ഇതിവൃത്തം. ഹരി ഗോവിന്ദ് അത് നന്നായി അവതരിപ്പിച്ചിട്ടുണ്ട്. കവിതകള്‍ എഴുതുന്നവരും അത് ആസ്വദിക്കുന്നവരും കുറയുന്ന ഈ കാലത്ത് ഹരി ഗോവിന്ദ് ആനുകാലിക വിഷയങ്ങളെ ബന്ധപ്പെടുത്തി രചിച്ച കവിതയയ്ക്ക് പ്രശക്തിയുണ്ട്.
ഓഡിയോ രൂപത്തിലാക്കിയ കവിത കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
ആശയടക്കം
രചന : ഹരിഗോവിന്ദ് താമരശ്ശേരി
1.
പ്രായമാകാന്‍ പോകുന്നു
പക്വത പേറേണ്ടിയിരിക്കുന്നു
നീയിനി,
ചിരിക്കുമ്പോള്‍ ചിന്തിക്കണം
കാര്യങ്ങള്‍ കണ്ടറിയണം
നടക്കുമ്പോള്‍ നാണിക്കണം
കേള്‍ക്കുമ്പോള്‍ കരുതണം
പറയുമ്പോള്‍ പേടിക്കണം
പലതും,
കാണുമ്പോള്‍ കണ്ണടക്കണം
പഠിച്ചില്ലെങ്കിലും പറയിപ്പിക്കരുത്
കുടുംബപ്പേര് കുട്ടിച്ചോറാക്കരുത്
സംസ്‌കാരം മറന്ന് സന്തോഷിക്കരുത്
അയല്‍പക്കം കേള്‍ക്കെ ആലോചിക്കരുത്
മറ്റൊരുവീട്ടില്‍ മരുമോളാകേണ്ടവളാണ്
മറ്റുള്ളവരുടെ സങ്കടങ്ങള്‍ മനസ്സിലാക്കേണ്ടവളാണ്
കാര്യങ്ങളൊക്കെ കാരണവന്മാര് കണക്കാക്കിയിട്ടുണ്ട് !
കരയിലാരും കാണാത്ത കല്യാണമാവണം!
കാണുന്നവരെയൊക്കെ ക്ഷണിക്കണം!
ഇതുവരെ കാത്തുവെച്ചതെല്ലാം ഇതിനാണ്‍
എനിക്കുള്ളതെല്ലാം നിനക്കാണ് !
നാളെനീ നന്നായിട്ടൊരുങ്ങണം!
നാലാളറിയണം
നൂറ്റൊന്ന് പവന്‍ വേണം!
ചിലര്‍ക്കെങ്കിലും വേണ്ടി
ചിന്തിക്കാതെ ചിരിക്കണം
പുതിയബന്ധുക്കളോട്
കുശലം പതറാതെ പറയണം
കാണികള്‍ കണ്ടുനില്‍ക്കേ
കണ്ണ്‌നനയാതെ കരയണം
അപ്പോഴും അച്ഛന്റെ
അഭിമാനം കാക്കണം!
2.
വന്നിട്ട് വര്‍ഷമൊന്നായില്ലേ ?
അടുക്കള അടുക്കിക്കൂടെ?
അമ്മയെ അനുസരിച്ചൂടെ?
തറ തുടച്ചൂടെ?
തുണിയെല്ലാം തിരുമ്മിക്കൂടെ?
നീ പ്രായമായവളല്ലേ?
പക്വത പണ്ടേവേണ്ടേ?
പെരുമാറേണ്ടവിധമൊന്നും
പണ്ടാരും പറഞ്ഞിട്ടില്ലേ?
കൊഞ്ചിച്ച് നടന്നതല്ലേ
ഇങ്ങനെ,
ആയില്ലെങ്കിലേ അത്ഭുതമുള്ളൂ!
വല്യ ബന്ധങ്ങള്‍ വന്നു പോയതല്ലേ
വയ്യാവേലി വലിച്ചു കേറ്റീതല്ലേ
എല്ലാരുംപറഞ്ഞത് എതിര്‍ത്തിട്ടല്ലേ
പറഞ്ഞിട്ടെന്ത് പറ്റിപ്പോയില്ലേ
മുടിഞ്ഞവള്‍ വീടുമുടിച്ചില്ലേ
പണ്ടാരമിനീം പോയിത്തുലഞ്ഞില്ലേ
മിഴിച്ച് നോക്കാതൊന്ന് മിണ്ടിക്കൂടെ?
മെനക്കെടുത്താതൊന്ന് മരിച്ചൂടെ?
നാവില്ലേടീ.. നായിന്റെമോളെ
നാളെനീ നേരം വെളുപ്പിക്കില്ലാ
3.
ആദ്യവുമവസാനവുമായി
അനുസരണക്കേട് കാട്ടി..
പറയാനെന്നും പേടിച്ച്..
കാണുമ്പോള്‍ കണ്ണടച്ചടച്ച്..
കണ്ണുനനയാതെ കരഞ്ഞുകരഞ്ഞ്..
അവസാനം ആശയടക്കിയടക്കി..
തൂക്കം കുറഞ്ഞ താലിമാലയറുത്തു മാറ്റി
കനത്തൊരു കയര്‍മാല കഴുത്തിലേറ്റി!
വർഷങ്ങളായി പുല്ലും പായലും വളർന്നു തിങ്ങി നിറഞ്ഞ മടൽക്കുഴിയിൽ അഞ്ചടിയോളം താഴ്ചയിൽ നിന്നു ലഭിച്ച മൃതദേഹാവശിഷ്ടം പുരുഷന്റേതെന്നു പോലീസ് സ്ഥിരീകരിച്ചു.കൊലപ്പെടുത്തിയ ശേഷം മൃതദേഹം കൊണ്ടുവന്ന് വിജനമായ സ്ഥലത്ത് താഴ്ത്തിയതാണോ എന്ന അന്വേഷണത്തിലാണ് പോലീസ്.
2017 ഏപ്രിൽ ആറിന് താഴത്തങ്ങാടി അറുപുറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ പുതിയ കാറുമായി കാണാതായത്.പോലീസ് അന്വേഷണം നടത്തിയെങ്കിലും ദന്പതികളെക്കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല.
ഇവർ കൊല ചെയ്യപ്പെട്ടതാണെന്നാണ് പോലിസിന്റെ നിഗമനമെങ്കിലും മൃതദേഹങ്ങളോ ഇവർ സഞ്ചരിച്ചിരുന്ന കാറോ കണ്ടെത്താനായിട്ടില്ല.ചെമ്മനത്തുകരയിൽനിന്നു കണ്ടെത്തിയ മൃതദേഹാവശിഷ്ടം 40 നും 50 നും ഇടയ്ക്കു പ്രായമുള്ള പുരുഷന്റേതാണെന്നാണ് ഫോറൻസിക് അധികൃതരുടെ പ്രാഥമിക നിഗമനം.
ഇതു കൂടി കണക്കിലെടുത്ത് താഴത്തങ്ങാടിയിൽനിന്ന് കാണാതായ ദന്പതികളുടെ ബന്ധുക്കളിൽനിന്ന് വിവരം തേടുകയും അവരുടെ രക്തസാന്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.കൊല നടത്തിയവർ ആസൂത്രിതമായി വ്യത്യസ്ത സ്ഥലങ്ങളിൽ മൃതേദേഹങ്ങൾ ഒളിപ്പിച്ചതാകാമെന്ന സാധ്യതയും പോലിസ് തള്ളിക്കളയുന്നില്ല.
ഇതിനു പുറമേ പത്തു വർഷം മുന്‍പ് കാണാതായ വൈക്കം പോളശേരി സ്വദേശിയായ വിമുക്ത ഭടനെ സംബന്ധിച്ചും സംശയങ്ങളുയരുന്നതിനാൽ ബന്ധുക്കളുടെ രക്തസാന്പിളുകളും പോലിസ് ശേഖരിച്ചിരുന്നു.ഇതിൽ വിമുക്ത ഭടനുമായി മൃതേദേഹാവശിഷ്ടങ്ങൾക്ക് ഉയരത്തിലൊഴികെ ചില സാമ്യങ്ങളുണ്ടെന്ന് പോലിസ് പറഞ്ഞു.
വിമുക്ത ഭടന്റെ കാലിലെ ഒടിവു ശസ്ത്രക്രിയ നടത്തി പരിഹരിച്ചിരുന്നു. മൃതദേഹാവശിഷ്ടത്തിലും ഇത്തരത്തിൽ അസ്ഥി ശസ്ത്രക്രിയയിലൂടെ കൂട്ടി ചേർത്തതായി കണ്ടെത്തിയിരുന്നു.മദ്യപിച്ചു അടിപിടിയുണ്ടാക്കി നടന്നിരുന്ന വിമുക്തഭടൻ ഏതെങ്കിലും സംഘർഷത്തിൽ കൊല ചെയ്യപ്പെട്ട് കുഴിച്ചുമൂടപെട്ടതാണോ എന്ന സാധ്യതയും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
കാണാതാകുന്നതിനു മുന്‍പ് വിമുക്തഭടൻ ചേർത്തല പൂച്ചാക്കലിലെ ഭാര്യ വിട്ടീലായിരുന്നു താമസം.കുറച്ചുകാലം മാതാപിതാക്കൾക്കൊപ്പം ചെമ്മനത്തുകരയിൽ ഇയാൾ വാടക വീട്ടിൽ താമസിച്ചിരുന്നതായി പോലിസിനു വിവരം ലഭിച്ചിരുന്നു.
പൂച്ചാക്കലിൽ കഴിയുന്നതിനിടയിൽ ഇയാൾ ചെമ്മനത്തുകരയിലെ സുഹൃത്തുകളെ കാണാനോ മറ്റോ എത്തി സംഘർഷത്തിൽപ്പെട്ടതാണോ എന്ന സംശയം ബലപ്പെടുകയാണ്.മൃതദേഹാവശിഷ്ടം കണ്ടെത്തിയ സംഭവത്തിലെ ചുരുളഴിക്കാൻ പോലീസ് സ്ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം ഉൗർജിതമാക്കിയത്.
വൈക്കം ഡിവൈഎസ്പി എ.ജെ. തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നു വരുന്നത്. തിരുവനന്തപുരത്തെ ഫോറൻസിക്ക് ലാബിൽ രാസ പരിശോധനയക്കായി മൃതദേഹാവശിഷ്ടങ്ങൾ ഇന്നലെ കൊണ്ടുപോയി.കോട്ടയം മെഡിക്കൽ കോളേജിൽ മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റുമോർട്ടം ചെയ്തതിന്റെ ഫോറൻസിക് റിപ്പോർട്ടുകൂടി ഇതിനൊപ്പം ഫോറൻസിക് ലാബ് അധികൃതർക്കു കൈമാറി.
അന്വേഷണം പത്തു വർഷം മുന്‍പു കാണാതായ ടിവി പുരം സ്വദേശിയായ ഗൃഹനാഥനിലേക്കും നീളുന്നു.നാട്ടിൽ ചില അടിപിടി കേസുകളിൽ ബന്ധമുണ്ടായിരുന്ന യുവാവിനെ പിന്നീട് പൊടുന്നനെ കാണാതാകുകയായിരുന്നു. ഇയാളുടെ ബന്ധുക്കളിൽനിന്നു പോലിസ് വിവരങ്ങൾ തേടി.
2017 ഏപ്രിൽ ആറിന് ഒരു ഹർത്താൽ ദിനത്തിൽ വൈകുന്നേരം ഏഴോടെ ഭക്ഷണം വാങ്ങാനായി വീടിനടുത്തുള്ള തട്ടുകടയിലേക്ക് കാറിൽ പോയതാണ് കോട്ടയം താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37)എന്നിവർ.ഇവരെ കാണാതായി വർഷങ്ങൾ പിന്നിട്ടിട്ടും ഇതുവരെ ഒരു സൂചനയുമില്ല. ഇപ്പോഴും വീട്ടുകാരും ബന്ധുക്കളും ഇവർക്കായി കാത്തിരിക്കുകയാണ്.
ലോക്കൽ പൊലീസ് അന്വേഷണം ആരംഭിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. നാടുമുഴുവൻ അരിച്ചുപെറുക്കിയിട്ടും കാർ അടക്കം ദന്പതിമാരെക്കുറിച്ച് ഒരു സൂചനയുമില്ല.ആരെങ്കിലും അവരെ അപായപ്പെടുത്തിയേക്കാം എന്ന സാധ്യത പോലീസ് ആദ്യം മുതൽ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇവർക്ക് ശത്രുക്കൾ ആരുമില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്.
തട്ടുകടയിലേക്കെന്നു പറഞ്ഞു കാറുമായി പുറത്തേക്ക് പോയപ്പോൾ പഴ്സ്, എടിഎം കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, മൊബൈൽ ഫോണ്‍ എന്നിവയൊന്നും ഇവർ എടുത്തിരുന്നില്ല.രാത്രി വൈകിയും ഇവരെ കണാതായതോടെയാണ് ഹാഷിമിന്റെ ബാപ്പ അന്വേഷിച്ചിറങ്ങിയത്. സുഹൃത്തുക്കൾ, ബന്ധുവീടുകൾ അടക്കം പരിചയക്കാരുടെ മേഖലകളിൽ അന്വേഷിച്ചെങ്കിലും ഒരു തുന്പും ലഭിച്ചില്ല.
പിറ്റേന്ന് കോട്ടയം വെസ്റ്റ് സ്റ്റേഷനിലെത്തി പരാതി നൽകി. ഹാഷിമിന്റെ ഫോർ രജിസ്ട്രേഷൻ ഗ്രേ കളർ വാഗണ്‍ആർ കാർ ഇല്ലിക്കൽ പാലം കടന്ന് വലത്തോട്ട് പോയതായി സിസി ടിവി ദൃശ്യത്തിൽ കണ്ടെത്തി.ആറ്റിൽ പതിച്ചതാവാം എന്ന നിഗമനത്തിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാർ ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ച് സമര രംഗത്തെത്തിയതോടെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി.
അവരുടെ അന്വേഷണത്തിൽ കാണാതായതിന്റെ തലേദിവസം ഹാഷിം പീരുമേട്ടിലെത്തിയതായി വിവരം ലഭിച്ചു.ഹാഷിം എന്തിന് പീരുമേട്ടിൽ പോയി എന്നായി പിന്നെയുള്ള അന്വേഷണം. അന്നു പുറത്തുപോയതു സംബന്ധിച്ചു ഹാഷിമിനോട് ചോദിച്ചപ്പോൾ കോട്ടയം ടൗണിൽ ഉണ്ടായിരുന്നുവെന്നാണ് മറുപടി പറഞ്ഞതെന്നു വീട്ടുകാർ പറയുന്നു.
പിന്നീട് പീരുമേട് കേന്ദ്രമാക്കി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഹാഷിമും ഭാര്യയും പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന വിവരവും ഇതിനിടെ ക്രൈംബ്രാഞ്ചിന് ലഭിച്ചു.ഹബീബ വിഷാദ രോഗത്തിന് ചികിത്സ തേടിയതായും കണ്ടെത്തി. ഇതിനിടയിൽ ഹാഷിമിനേയും ഭാര്യ ഹബീബയേയും അജ്മീർ ദർഗയിൽ കണ്ടെന്നുള്ള കോട്ടയം സ്വദേശിയുടെ മൊഴിയെ തുടർന്നു ക്രൈംബ്രാഞ്ച് സംഘം അവിടെ ഒരാഴ്ചയോളം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പിതാവ് അബ്ദുൾ ഖാദർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.