എംബിഎ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പേര്‍ അറസ്റ്റിലായതായി കര്‍ണ്ണാടക പോലീസ്. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശികളാണ് അറസ്റ്റിലായത്. കര്‍ണാടക ഡിജി പ്രവീണ്‍ സൂദ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അഞ്ച് പ്രതികളും അറസ്റ്റിലായെന്ന വിവരം സ്ഥിരീകരിച്ചത്.
പ്രതികളെല്ലാം നിര്‍മാണ തൊഴിലാളികളാണ്. തമിഴ്നാട്ടില്‍ നിന്ന് മൈസൂരുവില്‍ ജോലിക്കെത്തിയ ഇവര്‍ സംഭവത്തിനുശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും കര്‍ണാടക ഡിജി പറഞ്ഞു. അതേസമയം, പ്രതികളുടെ പേരോ മറ്റുവിവരങ്ങളോ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അതേസമയം ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് അറസ്റ്റിലായതെന്നാണ് വിവരം. സംഘം വിദ്യാര്‍ത്ഥികളില്‍ നിന്നും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ മലയാളി വിദ്യാര്‍ത്ഥികളടക്കം 35 പേരെ ചോദ്യം ചെയ്തിട്ടുണ്ട്.
ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി പോലീസ് ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൂരമായ പീഡനമാണ് പെണ്‍കുട്ടി നേരിട്ടതെന്ന് പോലീസ് പറഞ്ഞു. സുഹൃത്തിനെ തലയില്‍ കല്ല് കൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് പെണ്‍കുട്ടിയെ സംഘം പീഡിപ്പിച്ചത്. തുടര്‍ന്ന് ദൃശ്യങ്ങളും പകര്‍ത്തി. ശേഷം പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
ഇത് വിസമ്മതിച്ചോടെ വീണ്ടും പീഡിപ്പിച്ച് വന്യമൃഗങ്ങള്‍ ഇറങ്ങുന്ന പ്രദേശത്ത് ബോധരഹിതയായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും ഉപേക്ഷിച്ച് സംഘം മടങ്ങുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കര്‍ണാടക പോലീസിന്റെ സംഘങ്ങള്‍ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും തിരിച്ചിട്ടുണ്ടെന്ന് സോണല്‍ ഐജി മാധ്യമങ്ങളോട് പറഞ്ഞു.
മധ്യപ്രദേശില്‍ മോഷണകുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം ലോറിക്ക് പിന്നില്‍ കെട്ടിവലിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ നീമച്ചിലാണ് ദാരുണ സംഭവം നടന്നത്.
മോഷണം നടത്തിയെന്ന് ആരോപിച്ച് യുവാവിനെ കൈയും കാലും കെട്ടി ആള്‍ക്കൂട്ടം മര്‍ദിക്കുകയും ട്രക്കിന് പിന്നില്‍ കെട്ടിവലിക്കുകയുമായിരുന്നു. ട്രക്കില്‍ കെട്ടിവലിച്ചതിനെ തുടര്‍ന്നുണ്ടായ ഗുരുതര പരിക്കാണ് മരണ കാരണമെന്ന് പോലീസ് പറയുന്നു.
ആഗസ്റ്റ് 26നാണ് സംഭവം നടന്നത്. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം ആദിവാസി യുവാവായ കനയ്യ ലാല്‍ ഭില്‍ തന്റെ സുഹൃത്തുമായി കലന്‍ ഗ്രാമത്തിലൂടെ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു. കനയ്യ ലാലിന്റെ ബൈക്ക് ഗുജ്ജാര്‍ വിഭാഗത്തിലെ ഒരാളെ ഇടിച്ചു. ഇതില്‍ പ്രകോപിതരായ ഗുജ്ജാര്‍ വിഭാഗക്കാര്‍ വടികളും മറ്റും ഉപയോഗിച്ച് ആദിവാസി യുവാക്കളെ ആക്രമിച്ചു. ഇതില്‍ തൃപ്തരാകാത്ത അക്രമിസംഘം ലോറിക്ക് പിന്നില്‍ കെട്ടിയിട്ട് ദീര്‍ഘദൂരം വലിച്ചിഴയ്ക്കുകയായിരുന്നു.
ആദിവാസി യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച പ്രതികള്‍, പരിക്കേറ്റ ഒരു കള്ളനെ പിടികൂടിയെന്നാണ് പോലീസിനെ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി യുവാവിനെ നീമച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കനയ്യ ലാല്‍ മരിച്ചു. യുവാവ് മരിച്ചതിന് പിന്നാലെയാണ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.
സംഭവത്തില്‍ എട്ടു പേരെ പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും ഉടന്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.
Madhya Pradesh: Suspecting a man’s involvement in a theft, villagers tied him to a pickup van and dragged him several meters at Jetliya village in Neemuch district. The man sustained serious injuries and died. pic.twitter.com/3fxQnYYa4g
— Free Press Journal (@fpjindia) August 28, 2021
ന്യൂസ് ഡെസ്‌ക്. മലയാളം യുകെ
യോര്‍ക്ഷയറിലെ പ്രധാന അസ്സോസിയേഷനായ കീത്തിലി മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി നടത്തപ്പെട്ടു. കോവിഡിനെ അതിജീവിച്ചു കൊണ്ടിരിക്കുന്ന ബ്രിട്ടണ്‍ ജനങ്ങള്‍ക്ക് നല്‍കിയ ഇളവുകളുടെ അടിസ്ഥാനത്തിലാണ് ഓണാഘോഷങ്ങള്‍ നടന്നത്. ഇരുപത് മാസങ്ങള്‍ക്ക് ശേഷമാണ് കീത്തിലി മലയാളി അസ്സോസിയേഷനിലെ കുടുംബങ്ങള്‍ ഒരുമിച്ച് കൂടുന്നത്. 2019 ഡിസംബറില്‍ ക്രിസ്തുമസ്സ് പുതുവത്സരാഘോഷമായിരുന്നു അവസാനമായി അസ്സോസിയേഷന്‍ നടത്തിയത്. കോവിഡ് അതിന്റെ താണ്ഡവം തുടര്‍ന്നപ്പോള്‍ എല്ലാ ആഘോഷങ്ങളും അവസാനിപ്പിക്കേണ്ടതായി വന്നു. നാളുകള്‍ക്ക് ശേഷം കൂടിക്കണ്ടതിന്റെ ആവേശത്തിലായിരുന്നു എല്ലാവരും.
കീത്തിലി കമ്മ്യൂണിറ്റി സെന്ററില്‍ ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് കീത്തിലി മലയാളി അസ്സോസിയേഷന്‍ സെക്രട്ടറി ആന്റോ പത്രോസ് സ്വാഗതം പറഞ്ഞ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് മാവേലി തമ്പുരാന്റെ എഴുന്നള്ളത് നടന്നു. തിരുവാതിര കളിയും കുട്ടികളുടെ നൃത്തനൃത്യങ്ങളുമായി ആഘോഷം പൊടിപൊടിച്ചു. അസ്സോസിയേഷനിലെ കലാകാരന്മാരും കലാകാരികളുമതരിപ്പിച്ച ഗാനമേള ശ്രദ്ധേയമായി. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടന്നു. പതിനെട്ടു കൂട്ടം കറികളും രണ്ട് തരം പായസങ്ങളും കൂട്ടിയുള്ള ഓണ സദ്യ നാള്കള്‍ക്ക് ശേഷം തമ്മില്‍ കണ്ടതിന്റെ ആവേശത്തിലാണ് എല്ലാവരും കഴിച്ചത്.
ഓണസദ്യയ്ക്ക് ശേഷം യുക്മ നാഷണല്‍ കലാമേളയിയില്‍ വിജയികളായ റീജ ഫെര്‍ണാണ്ടസ്, ഫെര്‍ണാണ്ടസ് വര്‍ഗ്ഗീസ്, സച്ചിന്‍ ഡാനിയേല്‍ എന്നിവര്‍ക്കുള്ള സമാനദാനവും നടത്തപ്പെട്ടു. തുടര്‍ന്ന് കീത്തിലി മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ഡേവിസ് പോള്‍ നന്ദി പറഞ്ഞ് 2021 ലെ ഓണാഘോഷം അവസാനിച്ചു.
കീത്തിലി മലയാളി അസ്സോസിയേഷന്റെ 2021 ലെ ഓണാഘോഷത്തിന്റെ മനോഹരമായ ചിത്രങ്ങള്‍ മലയാളം യുകെ പകര്‍ത്തിയത് ചുവടെ ചേര്‍ക്കുന്നു.
മെട്രിസ് ഫിലിപ്പ്
ശാന്തസുന്ദരവും, പ്രകൃതിരമണീയവും, പച്ചപുതച്ച നെൽപ്പാടങ്ങളും, തോടുകളും, പുഴകളും നിറഞ്ഞ കുട്ടനാട്. കണ്ണെത്താദൂരത്ത് പരന്നുകിടക്കുന്ന നെൽപ്പാടങ്ങൾ, കാണുവാൻ തന്നെ എന്ത് ഭംഗിയാണ്. മടകെട്ടി നെൽകൃഷി ചെയ്യുന്ന, കുട്ടനാട്ടുകാർ. കരിമീനും, പുഴമൽസ്യങ്ങളും കൊണ്ട് വിരുന്നൊരുക്കുന്ന കുട്ടനാട്ടുകാർ. കിഴുക്കുനിന്ന് ഒഴുകിവരുന്ന, മലവെള്ളംകൊണ്ട്, യാതനഅനുഭവിക്കുന്ന കർഷകർ. വേലിയേറ്റവും വേലിയിറക്കവും അനുഭവിക്കുന്നവരുടെ നാട്.
കുട്ടനാടിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്ന സെന്റ് അലോഷ്യസ് കോളേജ്, എടത്വ. ഈ കോളേജിനോട് തൊട്ട് ചേർന്ന്, സെന്റ് ജോർജ് ഫെറോനാ പള്ളി ഉണ്ട്. കോളേജിലേയ്ക്കു വരുന്ന വഴിയിൽ ഒരു പാലം ഉണ്ട്. ആ പാലത്തിൽനിന്നും നോക്കിയാൽ, തലഉയർത്തിനിൽക്കുന്ന പള്ളിയും, കോളേജും, നെൽപ്പാടങ്ങളും കാണുവാൻ സാധിക്കും. നിരപ്പായ റോഡുകൾ ആയത് കൊണ്ട്, കൂടുതലായി വിദ്യാർത്ഥികൾ സൈക്കിളിൽ ആണ് കോളേജിൽ വരുന്നത്. അതുകൊണ്ട്, കോളേജിന്റെ ഒരു വശത്തായി, നീളത്തിൽ പണിതിരിക്കുന്ന, സൈക്കിൾ ഷെഡ് ഉണ്ട്. 1994 ൽ ഫാ. ചെറിയാൻ തലകുളം പ്രിൻസിപ്പൽ ആയിരുന്ന സമയത്ത് ഈ കോളേജിൽ വെച്ചുനടന്ന ഒരു ഹെൽത്ത്ക്യാമ്പിൽ പങ്കെടുക്കുവാൻ എനിക്ക് സാധിച്ചിട്ടുണ്ട്. വിവിധ കോളേജുകളിൽ നിന്നുമുള്ള 70 കുട്ടികൾ പങ്കെടുത്ത ക്യാമ്പ് വൈകുന്നേരം 7 മണിക്ക് ആരംഭിച്ചു. ക്യാമ്പ്നിർദേശങ്ങൾ ഒക്കെ തന്നു. കോളേജിന്റെ പുറകിലായി ഒരു സ്വിമ്മിങ് പൂൾ ഉണ്ടെന്നും, നീന്തൽ അറിയാവുന്നവർ, അവിടെ പോയി നീന്തൽ ചെയ്യാം എന്നുള്ള അനുവാദം എല്ലാവർക്കും നൽകി. എല്ലാവർക്കും സന്തോഷമായി.
സ്വിമ്മിങ് പൂൾ ഉള്ള സ്ഥലത്തു വെളിച്ചം കുറവായിരുന്നു. എങ്കിലും അരണ്ട വെളിച്ചത്തിൽ കുറെ ഭാഗങ്ങൾ കാണാം. എന്തായാലും, കുറെ കുട്ടികളോടൊപ്പം അവിടെ പോയി. ഡ്രസ്സ് എല്ലാം മാറ്റി, കുളത്തിന്റെ സൈഡിൽ നിന്നും ജമ്പ് ചെയ്തു. ചാടിയ സമയത്ത് കാലിൽ എന്തോ തട്ടി. വയറ്റിൽ ഒരു ആളൽ. എങ്കിലും, പേടിയോടെ തന്നെ, കുളത്തിലേയ്ക്ക് മാക്സിമം നീളത്തിൽ ജമ്പ് ചെയ്തു,നീന്തി കയറിവന്നു. തിരിച്ചു മുറിയിലേക്ക് പോയി. പിറ്റേ ദിവസം രാവിലെ തന്നെ, ഈ കുളത്തിന്റെ അരികിൽ പോയി രാത്രിയിൽ കാല് തട്ടിയ ഭാഗം നോക്കിയപ്പോൾ, ആ ഭാഗത്തു വേലിപോലെ കെട്ടിയിട്ടുണ്ട്. എന്തായാലും എടുത്തുചാടികൊണ്ട് പരിക്ക് പറ്റാത്തതിന് ദൈവത്തിന് നന്ദിപറഞ്ഞു തിരിച്ചുപോന്നു. എന്നാൽ വർഷങ്ങൾ എത്രയോ കടന്നുപോയി. അവിടെ ഇപ്പോൾ അടിപൊളി സ്വിമ്മിങ് പൂൾ ആക്കിമാറ്റിയിട്ടുണ്ടാകാം. ഒരു പരിചയവും ഇല്ലാത്ത, കുളത്തിലേക്ക്, എടുത്ത് ചാടിയത്, തെറ്റായി പോയി എന്ന് തോന്നിയ നിമിഷം.
കഴിഞ്ഞ ദിവസം പിറവം ആറ്റിൽ, തുണി അലക്കാൻ പോയ, സ്ത്രീകളിൽപ്പെട്ട ഒരു സ്ത്രീ ഒഴുക്കിൽ പെടുകയും, അലറികരഞ്ഞ സ്ത്രീകളുടെ ഒച്ചകേട്ട്, തൊട്ടടുത്തു താമസിക്കുന്ന വീട്ടിലെ ഒരു മിലിട്ടറി യുവാവ് അതിസാഹസികമായി, മുങ്ങിപോയ സ്ത്രീയെ രക്ഷപ്പെടുത്തിയ വാർത്ത വായിച്ചത് ഓർക്കുന്നു.
നമ്മളൊക്കെ കാടും പുഴയും വെള്ളചാട്ടവും എല്ലാം കാണുവാൻ പോകാറുണ്ട്. നമുക്ക് ഒരു പരിചയവും ഇല്ലാത്ത പുഴയിലോ, വെള്ളചാട്ടത്തിന്റെ അരികിലോ, മലവെള്ളം വരുന്ന സ്ഥലത്ത് ഒക്കെ പോയി കുളിക്കും. എന്നാൽ അവിടെ ഉണ്ടാകുവാൻ സാധ്യതയുള്ള അപകടങ്ങളെകുറിച്ച് ആരും ചിന്തിക്കാറില്ല. ഈ കാലഘട്ടങ്ങളിൽ പുഴയിലും, നീരൊഴുക്കുകളിലും പോയി എത്രയോ അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനാൽ നമുക്ക് ഒരു പരിചയവും ഇല്ലാത്ത സ്ഥലങ്ങളിൽ പോയി കുളിക്കുമ്പോൾ സൂക്ഷിക്കുക. അവിടെയൊക്കെ അപകടങ്ങൾ പതിയിരിപ്പുണ്ടാകാം. പെട്ടന്നുള്ള ആവേശത്താൽ, വെള്ളത്തിലേക്ക് ചാടുമ്പോൾ, അതിന്റെ ആഴം നമുക്ക് അറിയില്ല. പാറക്കൂട്ടങ്ങളും, മറ്റ് ജലജീവികളും ഉണ്ടായേക്കാം. അതിനാൽ പ്രിയമുള്ളവരെ, ജീവിതം ഒന്നേ ഒള്ളു. ആവേശം കൂടി അപകടങ്ങൾ ഉണ്ടാകുവാൻ സാധ്യതഉള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ജാഗ്രതപുലർത്തുക. പരിചയം ഉള്ളവരെ കൂടെ കൊണ്ടുപോകുക. വിനോദ
സഞ്ചാരകേന്ദ്രങ്ങളിൽ, എഴുതിവെച്ചിരിക്കുന്ന നിയമങ്ങൾ പാലിക്കുക. വന്യമൃഗങ്ങളെ പ്രകോപിക്കാതിരിക്കുക. ആനക്കൂട്ടങ്ങൾ സഞ്ചരിക്കുന്ന വഴിയിൽ ജാഗ്രതപുലർത്തുക. നമ്മളായിട്ട് അപകടങ്ങൾ ഉണ്ടാക്കാതിരിക്കുക. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടിവരില്ല.
അനീഷ് ബാബു പാലമൂട്ടില്‍
ആധുനികലോകം പുരോഗതിയില്‍നിന്നും പുരോഗതിയിലേക്ക് അനുദിനം കുതിച്ചുകൊണ്ടിരിക്കുന്നു. പുതിയ ടെക്‌നോളജികള്‍ പുതിയ പരീക്ഷണങ്ങള്‍ എന്നിവകൊണ്ട് ലോകം മാറി കഴിഞ്ഞു. ഒരു കാലത്ത് ആഴിയെയും ആകാശത്തെയും കണ്ട് അറച്ച മനുഷ്യന്‍ ആകാശത്തെയും ആഴിയെയും കീഴടക്കി യാത്ര തുടരുകയാണ്. ന്യൂ ജനറേഷന്‍ ആധുനിക ടെക്‌നോളജിയുമായി മുന്നേറുകയാണ്. മനുഷ്യ മൂല്യങ്ങള്‍ക്ക് വില കല്പിക്കാത്ത യൗവനക്കാര്‍ ജീവിതത്തില്‍ ചേര്‍ത്ത് പിടിക്കേണ്ട ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയെ മാറ്റി നിര്‍ത്തിയിരിക്കുന്നു. എന്താണ് ആഘോഷങ്ങള്‍ക്ക് ജീവിതത്തില്‍ ഇത്ര പ്രാധാന്യമെന്ന് യുവതലമുറകള്‍ ചിന്തിക്കേണ്ടതുണ്ട്. കാലങ്ങള്‍ക്ക് അനുസരിച്ച് നമ്മുടെ ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ ഉണ്ടാകാം. ജീവിതത്തില്‍, പക്ഷെ ഒന്ന് മനസിലാക്കേണ്ടതുണ്ട്. നമ്മുടെ പൂര്‍വ്വികരില്‍ നിന്നും നമ്മുക്ക് കിട്ടിയ നല്ല ആശയങ്ങള്‍ , ചിന്തകള്‍, ആചാരങ്ങള്‍ നമ്മള്‍ പാലിക്കപേടേണ്ടതാണ്. പണ്ട്കാലങ്ങളില്‍ നടന്നുവന്ന ആഘോഷങ്ങള്‍ മനുഷ്യനെ പരസ്പരം ചേര്‍ത്ത്പിടിച്ചുകൊണ്ടുള്ളതായിരുന്നു.കാലങ്ങളായി ആഘോഷിക്കുന്ന ഓണവും, ബക്രീദും, ക്രിസ്തുമസ്സുമൊക്കെ ജാതിമതഭേദമില്ലാതെതന്നെ ആഘോഷിക്കപ്പെടുന്നതായിയിരുന്നു. മനുഷ്യന്റെ ഐക്യം, പരസ്പര വിശ്വാസം, സ്‌നേഹം എല്ലാംതന്നെ ഈ ആഘോഷങ്ങളുടെ ഭാഗമായിരുന്നു. നാനാ മതസ്ഥര്‍ ഒന്നിക്കുന്ന ഇഫ്താര്‍ വിരുന്നുകള്‍ തന്നെ അതിന് വലിയ ഉദാഹരണമാണ്. പുതിയ തലമുറകളെ നോക്കുമ്പോള്‍ അവരുടെ ചിന്താഗതി തന്നെ മാറി. ആഘോഷങ്ങളില്‍ മദ്യം, മയക്കുമരുന്ന് എന്നിവയ്ക്ക് പ്രാധാന്യം കൊടുത്ത് കൊണ്ട് വലിയ ഒരു സാമൂഹ്യവിപത്തിലേക്ക് അവര്‍ എത്തിപ്പെട്ടിയിരിക്കുന്നു. ആധുനിക സംസ്‌കാരത്തിന്റെ കളിതൊട്ടില്‍ എന്ന് വിളിക്കുന്ന യൂറോപ്പില്‍പ്പോലും പരസ്പര സമന്വയം ഉള്‍ക്കൊള്ളല്‍ സാധിക്കിന്നില്ല. എല്ലാ വിഭാഗത്തിലുള്ള മനുഷ്യരെ ഒരുപോലേ കാണുന്ന കാഴ്ചപ്പാട് ന്യൂ ജനറേഷനില്‍ കാണുന്നില്ല. ആഘോഷങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കണം. ആഘോഷങ്ങള്‍ ഒരിക്കലും മദ്യത്തിന്റെയും ലഹരി പദാര്‍ത്ഥങ്ങളുടെയും വേദി ആവരുത്. പരസ്പരം കൂടിച്ചേരലിന്റെയും, സ്‌നേഹത്തിന്റെയും,നന്മയുടെയും, വിശ്വാസത്തിന്റെയും പ്രതീകമായി മാറണം. ഈ ഓണക്കാലവും അങ്ങനെയാവട്ടെ!
ഷിബു മാത്യൂ
ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തില്‍ എന്‍എച്ച്എസിനായി ഫണ്ട് ശേഖരണം നടത്തി ജനങ്ങളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് ലിങ്കണ്‍ഷയറിലെ സ്‌കന്‍തോര്‍പ്പിലുള്ള നവാഗതരായ മലയാളി നഴ്‌സുമാര്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ രണ്ടു ബാച്ചുകളായി എത്തിയ ഇവര്‍ നോര്‍ത്തേണ്‍ ലിങ്കണ്‍ഷയര്‍ ആന്‍ഡ് ഗൂള്‍ എന്‍എച്ച്എസ് ട്രസ്റ്റിലാണ് ജോലി ചെയ്യുന്നത്. ബ്രിട്ടണില്‍ കൊറോണ വൈറസ് വ്യാപനം ഏറ്റവും രൂക്ഷമായിരുന്ന സമയത്താണ് എന്‍എച്ച്എസില്‍ സേവനത്തിനായി ഇവര്‍ എത്തിച്ചേര്‍ന്നത്. യുകെയില്‍ എത്തി ക്വാരന്റീനിനു ശേഷം OSCE എക്‌സാം എന്ന കടമ്പയും കടന്ന് രജിസ്റ്റേര്‍ഡ് നഴ്‌സുമാരായി സ്‌കന്‍തോര്‍പ്പ് ജനറല്‍ ഹോസ്പിറ്റലിന്റെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ സ്തുത്യര്‍ഹമായ സേവനമാണ് മലയാളി നഴ്‌സുമാര്‍ കാഴ്ചവയ്ക്കുന്നത്.
തികച്ചും പ്രതികൂലമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ വിന്ററിനു ശേഷം എത്തിയ ആദ്യ സമ്മറില്‍ത്തന്നെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നാന്ദി കുറിക്കുകയാണ് കേരളക്കരയുടെ അഭിമാനമായ നഴ്‌സുമാര്‍. സ്‌കന്‍തോര്‍പ്പ് ജനറല്‍ ഹോസ്പിറ്റലിനായി നിര്‍മ്മിക്കുന്ന പുതിയ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റില്‍ രോഗികള്‍ക്കാവശ്യമായ പൊതുസൗകര്യങ്ങള്‍ ഒരുക്കുവാന്‍ ഫണ്ട് ശേഖരണം നടത്തുന്നതിനായി ട്രസ്റ്റിന്റെ ഔദ്യോഗിക ചാരിറ്റിയായ ദി ഹെല്‍ത്ത് ട്രീ ഫൗണ്ടേഷന്‍ ആഹ്വാനം ചെയ്തിരുന്നു.
നവാഗതരായ നഴ്‌സുമാര്‍ ഫണ്ട് റെയിസിംഗിനായി ചാരിറ്റി ക്രിക്കറ്റ് ഡേ സംഘടിപ്പിക്കുന്നുവെന്ന വാര്‍ത്തയോട് ഏറെ സന്തോഷത്തോടെയാണ് ചാരിറ്റി ഫൗണ്ടേഷന്‍ പ്രതികരിച്ചത്. ജീവിക്കുന്ന നാടിന്റെ സംസ്‌കാരത്തോട് ചേര്‍ന്ന് നിന്ന് കൊണ്ട് നടത്തുന്ന ഈ പ്രവര്‍ത്തനം തികച്ചും മാതൃകാപരമാണെന്ന് ഫൗണ്ടേഷന്‍ പറഞ്ഞു. സ്‌പോണ്‍സര്‍ഷിപ്പിലൂടെയും എന്‍ട്രി ഫീയിലൂടെയും സമാഹരിച്ച 750 പൗണ്ട് നഴ്‌സുമാരുടെ പ്രതിനിധികള്‍ ചാരിറ്റി ഫൗണ്ടേഷന് കൈമാറി.
കൊല്ലം :ഐക്യ രാഷ്ട്ര സഭയിൽ അംഗത്വമുള്ള 193 രാജ്യങ്ങളുടെ പേരുകൾ 1 മിനിറ്റും 7 സെക്കന്റും കൊണ്ട് അക്ഷരമാല ക്രമത്തിൽ പറഞ്ഞ് ശ്രദ്ധേയനായ കൊല്ലം മങ്ങാട് തിരുവോണത്തിൽ രാജേഷ് മഹേശ്വറിനെ യു. ആർ.എഫ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്.ഏഷ്യൻ ജൂറി ഡോ :ജോൺസൺ. വി.ഇടിക്കുളയാണ് ശുപാർശ ചെയ്തത്.
4000വേദികൾ പിന്നിട്ട ‘ഓർമയുടെ രസതന്ത്രം ‘സ്കൂൾ കോളേജ് തലങ്ങളിൽ ശ്രദ്ധേയമാണ്. “ഓർമയുടെ രസതന്ത്രം” എന്ന പേരിൽ ഒരുപുസ്തകം രചിച്ചിട്ടുണ്ട്.കൊല്ലം ഭൂജല വകുപ്പിലെ ഉദ്യോഗസ്ഥനാണ്.അഡ്വ.എസ് സജിതയാണ് ഭാര്യ. വിദ്യാർത്ഥികളായ നിരഞ്ജൻ.എസ്. രാജ്,നിഖിൽ.എസ്. രാജ് എന്നിവരാണ് മക്കൾ.
ഐക്യരാഷ്ട്ര സഭയിൽ അംഗത്വമുള്ള രാജ്യങ്ങളുടെ പേരുകൾ കൂടാതെ അതാത് രാജ്യങ്ങളുടെ തലസ്ഥാനവും കറൻസിയും ചോദിക്കുന്ന മുറയ്ക്ക് കൃത്യമായി പറഞ്ഞത് ജൂറിക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ശുപാർശ ചെയ്തത്. യു. ആർ.എഫ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ് സിഇഒ ഡോ.സൗദീപ് ചാറ്റർജി അന്തർ ദേശീയ ജൂറി ഡോ.ഗിന്നസ് സുനിൽ ജോസഫ്, അംബാസിഡർ ഡോ. ബെർനാൾഡ് ഹോളെ (ജർമനി) എന്നിവർ ചേർന്ന് പ്രഖ്യാപനം നടത്തി കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കുന്ന ചടങ്ങിൽ സർട്ടിഫിക്കറ്റും അംഗികാര മുദ്രയും സമ്മാനിക്കും.
4000 വേദികൾ പിന്നിട്ട ‘ഓർമയുടെ രസതന്ത്രം’ എന്ന മെമ്മറി ട്രെയിനിങ് പ്രോഗ്രാം സ്കൂൾ കോളേജ് തലങ്ങളിൽ ശ്രദ്ധയമാണ്.
മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒഴിവാക്കി വിട്ടിരുന്നതിനെ കുറിച്ച് പറഞ്ഞ് നടന്‍ ഇന്ദ്രന്‍സ്. പണ്ട് സിനിമയില്‍ വസ്ത്രാലങ്കാരം ചെയ്തിരുന്ന സമയത്ത് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും കൂടെ സിനിമ ചെയ്യാന്‍ പേടിയായിരുന്നു എന്നാണ് ഇന്ദ്രന്‍സ് ഒരു അഭിമുഖത്തില്‍ പറയുന്നത്.
സിനിമയില്‍ കോസ്റ്റ്യൂം ചെയ്തിരുന്ന സമയത്ത് കുഞ്ഞു പടങ്ങളായിരുന്നല്ലോ. അന്നേ മമ്മൂക്കയും ലാല്‍ സാറുമൊക്കെ ഭയങ്കര സെറ്റപ്പിലല്ലേ. അവരുടെ പടങ്ങളൊക്കെ വലിയ പ്രൊഡക്ഷനാണ്. തന്റെ അറിവ് അത്ര വളര്‍ന്നിരുന്നില്ല. താന്‍ തിരുവനന്തപുരം വിട്ട് പോയിട്ടുമില്ല. അതുകൊണ്ട് അത്തരം സിനിമകളില്‍ നിന്ന് വന്ന അവസരങ്ങളൊക്കെ ഒഴിവാക്കി.
പിന്നീട് സംവിധായകന്‍ പത്മരാജന്റെ സിനിമകളില്‍ വസ്ത്രാലങ്കാരം ചെയ്ത് സിനിമയില്‍ പേരെടുത്തപ്പോഴും പേടി കാരണം വലിയ താരങ്ങളുടെ സിനിമകള്‍ ഒഴിവാക്കിയെന്നും താരം പറയുന്നു. താന്‍ തയ്യല്‍ ചെയ്തിരുന്ന സമയത്ത് ‘ഒരു ചാന്‍സ്, ഒരു നല്ല ക്യാരക്ടര്‍’ എന്ന് പറഞ്ഞിരുന്ന പോലെ ഇപ്പോഴും അങ്ങനെ തന്നെ നിക്കുവാ എന്നും ഇന്ദ്രന്‍സ് പറയുന്നു.
അതേസമയം, ഇന്ദ്രന്‍സിന്റെ ഹോം സിനിമ വന്‍ വിജയം നേടുകയാണ്. ചിത്രത്തില്‍ ഇന്ദ്രന്‍സ് അവതരിപ്പിച്ച ഒലിവര്‍ ട്വിസ്റ്റ് എന്ന കേന്ദ്ര കഥാപാത്രത്തിന് പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരു പോലെ ലഭിക്കുന്നുണ്ട്. ഓഗസ്റ്റ് 19ന് ആണ് ഹോം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രം വിജയ് ബാബു ആണ് നിര്‍മ്മിച്ചത്.
ദീർഘ കാലത്തെ അടച്ചിടലിന് ശേഷം ഏകദേശം 500,000 ആളുകൾ യുകെയിൽ വാരാന്ത്യ ആഘോഷങ്ങൾക്കായി വിവിധ സംഗീതോത്സവങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമായി ഇടപഴകുമെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് വ്യാപനം പൂർണമായും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ആളുകളുടെ ഈ ഒഴുക്ക് പ്രതിദിന കേസുകളിൽ കുതിച്ച് ചാട്ടമുണ്ടാക്കുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
ഈ മാസം ബോർഡ്‌മാസ്റ്റേഴ്സ് ഫെസ്റ്റിവലിന് ശേഷം കൗമാരക്കാർക്കിടയിൽ അണുബാധ നിരക്ക് അഞ്ച് മടങ്ങ് വർധിച്ചിരുന്നു. കോൺവാളിലെയും ഡെവോണിലെയും കേസുകൾ റെക്കോർഡ് നിലയിലേക്കെത്തിയതും ഈ ആഴ്ച തന്നെ. ഇതിന് പിന്നാലെയാണ് ബാങ്ക് ഹോളിഡേ ആഘോഷങ്ങൾക്കായി ജനക്കൂട്ടം ഒഴുകിയെത്തുന്നത്.
ഉയർന്ന മരണ നിരക്കും ഗുരുതരാവസ്ഥയിലാകുന്ന കോവിഡ് രോഗികളുടെ എണ്ണവും പിടിച്ചു നിർത്താൻ വാക്സിനേഷൻ പ്രോഗ്രാം സഹായിക്കുന്നുണ്ടെങ്കിലും, എൻഎച്ച്എസിന്റെ വിവിധ ഡിപ്പാർട്ടുമെന്റുകൾ ഇപ്പോൾ തന്നെ താങ്ങാനാവാത്ത ജോലി സമ്മർദ്ദത്തിലാണ്. മാത്രമല്ല അടുത്തയാഴ്ച കേസുകൾ ഉയർന്നാൽ അത് സ്കൂളുകൾ തുറക്കുന്നത് ഉൾപ്പെടെയുള്ള വിവിധ അൺലോക്ക് പരിപാടികൾ താളം തെറ്റിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഈ വേനൽക്കാലത്ത് കൊറോണ വൈറസ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ ബാങ്ക് അവധി വാരാന്ത്യമായതിനാൽ തന്നെ ദശലക്ഷക്കണക്കിന് ജനങ്ങളാണ് വിവിധയിടങ്ങളിൽ അവധി ആഘോഷിക്കാൻ എത്തുന്നത്. റെയിൽ ഡെലിവറി ഗ്രൂപ്പിൽ നിന്നുള്ള കണക്കുകളും ബീച്ചുകളിലേക്കുള്ള ട്രെയിൻ ടിക്കറ്റ് വിൽപ്പനയും മഹാമാരിയ്ക്ക് മുമ്പുള്ള നിലയിലെത്തിയതായാണ് കണക്കുകൾ.
ലീഡ്സ് ആൻഡ് റീഡിംഗ്, ചെഷയറിലെ ക്രീംഫീൽഡ്സ്, പോർട്ട്സ്മൗത്തിലെ വിക്ടോറിയസ് എന്നിവയുൾപ്പെടെ ഇംഗ്ലണ്ടിലുടനീളം ഏകദേശം എട്ട് ഫെസ്റിവലുകളിലായി ഏകദേശം 500,000 ആളുകളെങ്കിലും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. കോവിഡ് കാരണം ഈ വാരാന്ത്യത്തിൽ ചില പരിപാടികൾ മാറ്റിവച്ചിട്ടുമുണ്ട്. മാഞ്ചസ്റ്ററിലെ തെരുവുകളിൽ മാത്രം പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ആഘോഷങ്ങളാണ് നടക്കുന്നത്. അതേസമയം യുകെയിൽ പ്രതിദിന കോവിഡ് കേസുകളിലും മരണങ്ങളിലുമുള്ള വർദ്ധനവ് തുടരുകയാണ്.
സൂപ്പർമാർക്കറ്റുകളിൽ ഭക്ഷ്യവസ്തുക്കളിൽ സിറിഞ്ച് ഉപയോഗിച്ച് വിഷം കുത്തിവച്ചുവെന്ന് സംശയിക്കുന്ന ഒരാൾ പിടിയിൽ. പടിഞ്ഞാറൻ ലണ്ടനിലെ ഫുൾഹാം പാലസ് റോഡിലുള്ള ടെസ്കോ, വെയിറ്ററോസ്, സെയ്ൻസ്ബറി എന്നീ മൂന്ന് സൂപ്പർ മാർക്കറ്റുകൾ സന്ദർശിച്ച പ്രതിയെന്ന് സംശയിക്കുന്നയാൾ നിരവധി സിറിഞ്ചുകൾ ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കളിൽ വിഷം കുത്തിവയ്ക്കുകയായിരുന്നു.
ഇയാൾ ഇതിനുശേഷം തെരുവിൽ ആളുകൾക്ക് നേരെ അധിക്ഷേപവും ആക്രോശങ്ങളും നടത്തിയതിനെ തുടർന്ന് പരിസരവാസികൾ പോലീസിൽ അറിയിച്ചു. തുടർന്ന് പോലീസെത്തി ഇയ്യാളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഹാമർസ്മിത്ത് & ഫുൾഹാം കൗൺസിൽ അധികൃതർ പറഞ്ഞു. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കുകയും പൊതുജനങ്ങളുടെ ജീവൻ അപകടപ്പെടുത്തുന്ന പ്രവർത്തി ചെയ്തുവെന്ന് ആരോപിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
സംഭവത്തെത്തുടർന്ന് മൂന്ന് സൂപ്പർ മാർക്കറ്റുകളും അടച്ചു, ബുധനാഴ്ച വൈകുന്നേരം കൗൺസിൽ സോഷ്യൽ മീഡിയയിലൂടെ “എമർജൻസി അലർട്ട്” പുറപ്പെടുവിച്ചു. സംഭവം നടന്ന സൂപ്പർ മാർക്കറ്റുകളിൽ നിന്ന് വാങ്ങിയ ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പാണ് കൗൺസിൽ അധികൃതർ നൽകിയിരിക്കുന്നത്. എച്ച് & എഫ് കൗൺസിലിന്റെ പരിസ്ഥിതി ആരോഗ്യ സംഘം സൂപ്പർമാർക്കറ്റ് ശാഖകളിൽ കൂടുതൽ പരിശോധനകൾ നടത്തുന്നുണ്ട്.
സംസ്കരിച്ച മാംസവും മൈക്രോവേവ് ചെയ്യാവുന്ന ഉൽപ്പന്നങ്ങളുമാണ് വിഷ ബാധയേറ്റതായി സംശയിക്കുന്നതെന്നും കൗൺസിൽ വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ ഏതെല്ലാം ഉൽപ്പന്നങ്ങളിലാണ് വിഷാംശം കണ്ടെത്തിയതെന്ന് കൗൺസിൽ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ ആളെ കൂടുതൽ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടൂ എന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കൗൺസിൽ അധികൃതർ അഭ്യർത്ഥിച്ചു.