Latest News

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ മുംബൈയിലെ പ്രശസ്ത ഹോട്ടല്‍ ഹയാത്ത് റീജന്‍സി  ഒരറിയിപ്പുണ്ടാകുന്നത്​ വരെ അടച്ചു.  ഉടമകളായ ഏഷ്യൻ ഹോട്ടൽസ് (വെസ്റ്റ്) ലിമിറ്റഡ് ശമ്പളത്തിനും മറ്റ്​ പ്രവർത്തനത്തിനങ്ങൾക്കും പണം നൽകാത്തതിനാലാണ്​ ഹോട്ടൽ തൽക്കാലത്തേക്ക്​ പൂട്ടിയിടുന്നത്​. ശമ്പളം നൽകാൻ പണമില്ലെന്ന്​ വ്യക്​തമാക്കി അധികൃതർ ഹോട്ടൽ ജീവനക്കാർക്ക്​ നോട്ടീസ്​ അയക്കുകയായിരുന്നു.

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ് പ്രശസ്തമായ ഹോട്ടല്‍. ഏഷ്യന്‍ വെസ്റ്റ് ലിമിറ്റഡാണ് ഹോട്ടലിന്റെ ഉടമസ്ഥര്‍. ഹോട്ടല്‍ നടത്തിപ്പിനുള്ള പണം മാതൃകമ്പനി അയച്ചുതരുന്നില്ലെന്ന് ജനറല്‍ മാനേജര്‍ ഹര്‍ദീപ് മര്‍വാഷ് പ്രസ്താവനയില്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനില്ലാത്ത അവസ്ഥയില്‍ മുന്നോട്ട്‌പോകാന്‍ പ്രയാസമാണെന്നും അതുകൊണ്ടുതന്നെ ഒരറിയിപ്പുണ്ടാകുന്നതുവരെ ഹോട്ടല്‍ അടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

2020ല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം രാജ്യത്തെ ഹോട്ടല്‍ വ്യവസായം കടുത്ത പ്രതിസന്ധി നേരിടുകയാണ്. വിനോദ സഞ്ചാര മേഖലയും ഗതാഗത മേഖലയും തകര്‍ച്ച നേരിട്ടതോടെ ഹോട്ടല്‍ മേഖലയും പ്രതിസന്ധി നേരിട്ടു. നിരവധി ചെറുകിട ഹോട്ടലുകളാണ് പ്രതിസന്ധിയെ തുടര്ന്ന് അടച്ചുപൂട്ടിയത്.

2022 ലോക കപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് ആദ്യ വിജയം. ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രയാണ് ഇരുഗോളും നേടിയത്.

ഇന്ത്യയുടെ രണ്ടു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. 79ാം മിനിറ്റില്‍ മലയാളി താരം ആഷിഖ് കുരുണിയന്റെ ക്രോസ് ഹെഡ്ഡറിലൂടെ വലയിലെത്തിച്ചാണ് ഛേത്രി ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്.

പിന്നീട് 92-ാം മിനിറ്റില്‍ ഛേത്രിയുടെ രണ്ടാം ഗോളെത്തി. സുരേഷിന്റെ പാസില്‍ നിന്നായിരുന്നു ഈ ഗോള്‍. വിജയത്തോടെ ഇന്ത്യ ആറു പോയിന്റുമായി ഗ്രൂപ്പില്‍ മൂന്നാമതെത്തി.

അവസാന മത്സരത്തില്‍ അഫ്ഗാനിസ്താനാണ് എതിരാളികള്‍. അതും വിജയിക്കാനായാല്‍ ഇന്ത്യക്ക് ഏഷ്യന്‍ കപ്പ് യോഗ്യത ഉറപ്പിക്കാനാകും.

കേരളത്തിലും പെട്രോൾ വില സെഞ്ച്വറി അടിച്ചതോടെ പ്രതിഷേധം ശക്തമാവുകയാണ്. എണ്ണക്കമ്പനികൾ തുടർച്ചയായി എണ്ണവില വർധിപ്പിക്കുന്നത് ജനങ്ങളെ അസ്വസ്ഥരാക്കുന്നുമുണ്ട്. ഇന്ന് പ്രീമിയം പെട്രോളിനാണ് തിരുവനന്തപുരത്ത് നൂറു രൂപ കടന്നത്.

ഇതിൽ പ്രതിഷേധിച്ചു സൈക്കിളോടിക്കുന്ന ചിത്രം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ബിനീഷ് ബാസ്റ്റിൻ. എൻഡിഎ സർക്കാർ അധികാരത്തിലേറിയ സമയത്ത് തന്നെ താൻ ഈ സൈക്കിൾ വാങ്ങി വെച്ചിരുന്നു എന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

‘ടീമേ…കേന്ദ്രത്തിൽ ഇവന്മാര് ഭരണത്തിൽ കയറിയപ്പോൾ തന്നെ നുമ്മ ഒരു സൈക്കിൾ വാങ്ങിയതാണ്,’ ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, 37 ദിവസത്തിനിടയ്ക്കു 21 തവണയാണ് സംസ്ഥാനത്തു ഇന്ധനവില വർധിച്ചത്. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണു കൂടിയത്. കൊച്ചിയിൽ പെട്രോളിനു 95. 43 രൂപയും ഡീസലിന് 91. 88 പൈസയുമായി വില വർധിച്ചു. കോഴിക്കോടു പെട്രോൾ വില 95.68 രൂപയും ഡീസൽ 91.03 രൂപയുമായി വർധിച്ചു. തിരുവനന്തപുരത്തു പെട്രോൾ വില 97.38 രൂപയും ഡീസലിനു 92.31 രൂപയുമാണ്. വയനാട് ബത്തേരിയിൽ എക്‌സ്ട്രാ പ്രീമിയം പെട്രോളിന്റെ വിലയും 100.24 രൂപയായി.

മണിമല ജംക്‌ഷനിൽ മണിമലയാറ്റിലേക്കു ചാടിയ ചങ്ങനാശേരി സ്പെഷൽ വില്ലേജ് ഓഫിസർക്കായി തിരച്ചിൽ തുടരുന്നു. ആത്മഹത്യ ചെയ്യാൻ ചാടിയതാണെന്നു സംശയം. കങ്ങഴ സ്വദേശി എൻ. പ്രകാശനാണ് പാലത്തിൽ നിന്നു ചാടിയത്. പ്രകാശൻ ചാടുന്നതു കണ്ട് അവിടെയുണ്ടായിരുന്ന അതിഥി തൊഴിലാളി പിന്നാലെ ചാടിയെങ്കിലും രക്ഷിക്കാനായില്ല. ഫയർ ഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുന്നു. മഴക്കാലമായതിനാൽ മണിമലയാറ്റിൽ നല്ല വെള്ളമുണ്ട്. ജോയന്റ് കൗൺസിൽ നേതാവാണ് പ്രകാശൻ.

പ്രകാശൻ ചാടുന്നതു കണ്ട് കൂടെ ചാടിയത് അതിഥി തൊഴിലാളി യാനുഷ് ലുഗൻ. സമീപത്തെ കോഴിക്കടയിൽ ജീവനക്കാരനാണ് യാനുഷ്. മണിമലയിൽ രണ്ടു പാലങ്ങളുണ്ട്. അവിടെ എത്തിയ പ്രകാശൻ ബാഗ് പാലത്തിൽ വച്ച് ആറ്റിലേക്ക് എടുത്തു ചാടി. ഇതു കണ്ട യാനുഷും പിന്നാലെ ചാടി. നീന്തി പ്രകാശനെ പിടിച്ചു. തിരികെ കരയിലേക്ക് നീന്തുന്നതിനിടെ പ്രകാശൻ യാനുഷിന്റെ കൈ തട്ടി മാറ്റി. തിരിച്ച് ആറ്റിലേക്ക് നീങ്ങി. പുഴയിൽ ശക്തമായ ഒഴുക്കുണ്ട്. നിവൃത്തിയില്ലാതെ യാനുഷ് തിരിച്ചു കയറി.

മൂന്നു വർഷങ്ങൾക്കിപ്പുറവും കാണാമറയത്ത് തുടരുകയാണ് എരുമേലി മുക്കൂട്ടുത്തറ കുന്നത്തു വീട്ടിൽ ജെസ്‌ന മരിയ ജെയിംസ്. ഈ പെൺകുട്ടിക്ക് എന്ത് സംഭവിച്ചെന്ന് ഇത്രനാളുകൾ കഴിഞ്ഞിട്ടും പോലീസിനും സിബിഐ ഉൾപ്പടെയുള്ള അന്വേഷണസംഘത്തിനും കണ്ടെത്താനായിട്ടില്ല.ഈ മാർച്ച് 22നു ജസ്‌നയെ കാണാതായിട്ട് മൂന്നു വർഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. മുണ്ടക്കയത്തുള്ള ആന്റിയുടെ വീട്ടിലേക്കായി തിരിച്ച ജെസ്‌നയെ കാണാതാവുകയായിരുന്നു. ഓട്ടോയിൽ ബസ് സ്റ്റാൻഡ് വരെ കൊണ്ടുവിട്ടതു വരെയുള്ള വിവരങ്ങളാണ് പോലീസിന്റെ കൈയ്യിലുമുള്ളത്. പിന്നീട് ഈ പെൺകുട്ടി എങ്ങോട്ട് പോയെന്നോ എന്താണ് സംഭവിച്ചതെന്നോ ആർക്കും അറിയില്ല. ജെസ്‌നയെ ആരെങ്കിലും അപായപ്പെടുത്തിയിരിക്കാമെന്നും അവൾ തിരിച്ചുവരുമെന്നുമാണ് ജെസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ് ഉറപ്പിച്ചുപറയുന്നത്.

ലോക്കൽ പോലീസിൽ നിന്നു ക്രൈം ബ്രാഞ്ചും ഇപ്പോൾ സിബിഐയും കേസ് അന്വേഷണം ഏറ്റെടുത്തിട്ടും ഒരുതുമ്പും ലഭിച്ചില്ല. ബംഗളൂരു, മംഗലാപുരം, മൈസൂർ എന്നിവിടങ്ങളിലൊക്കെ ജെസ്‌നയെ തേടിയെങ്കിലും നിരാശയായിരുന്നു പോലീസിന് ഫലം. ജെസ്‌നയെ കാണാതായതുമായി ബന്ധപ്പെട്ട് കുടുംബം അനുഭവിക്കുന്ന വേദന പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ജെസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ്.

മകളെ കാണാതായ ദിവസം പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ വിളിച്ചപ്പോൾ ആരുടെയെങ്കിലും കൂടെ ഒളിച്ചോടിയതാകും. രണ്ടു ദിവസം കഴിയുമ്പോൾ ഇങ്ങു വന്നോളും. അല്ലെങ്കിൽ ഏതെങ്കിലും ധ്യാന കേന്ദ്രത്തിൽ പോയതാകും-എന്നൊക്കെയായിരുന്നു മറുപടിയെന്ന് ജെയിംസ് പറയുന്നു.

അപ്പോൾ തന്നെ ഊർജ്ജിതമായി പോലീസ് അന്വേഷിച്ചിരുന്നുവെങ്കിൽ ജെസ്‌നയെ കണ്ടെത്താമായിരുന്നുവെന്ന് ജെയിംസ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. പോലീസ് കരുതുന്ന തരത്തിലുള്ള ബന്ധം ജെസ്‌നയ്ക്കു ആരുമായും ഇല്ലെന്നു താനും അവളുടെ സഹോദരങ്ങളും ആവർത്തിച്ചു പറഞ്ഞിട്ടും അവർ വിശ്വസിച്ചില്ല. മോളെ കാണാതായതിന് ശേഷം സ്ഥലത്തെ ഒരു രാഷ്ട്രീയ നേതാവ് ഞങ്ങൾക്കെതിരെ ഇല്ലാക്കഥകൾ പറയാൻ തുടങ്ങിയെന്നും ജെയിംസ് പറയുന്നു. ‘ഞങ്ങൾ അവളെ നശിപ്പിച്ചു, കൊന്നു കുഴിച്ചു മൂടി, ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്നിങ്ങനെയായിരുന്നു അത്’. പൊലീസ് ആ ഊഹാപോഹങ്ങൾക്കു പിന്നാലെ പോയി. മകളെ കാണാതായതിനൊപ്പം ഇരട്ടി വേദന പോലെയാണ് ഈ ആരോപണങ്ങൾ. ജെസ്‌നയെ തീവ്രവാദ സംഘം കടത്തിക്കൊണ്ടു പോയിരിക്കുകയാണെന്നൊക്കെ മാധ്യമങ്ങളിൽ വാർത്തകൾ കണ്ടിരുന്നു. പിന്നീട് അതും മാഞ്ഞുപോയി.

ജെസ്‌നയെ കണ്ടു, ബോഡി കിട്ടി എന്നിങ്ങനെ ഓരോ ആളുകൾ വിളിച്ചു പറയുമ്പോൾ കേരളത്തിനകത്തും പുറത്തും ഞങ്ങളോടി നടക്കുകയായിരുന്നു. ആരോ കൊച്ചിനെ തട്ടിക്കൊണ്ടു പോയതായിരിക്കും. വിളിക്കാനോ വരാനോ കഴിയാത്ത ഒരിടത്തു കുടുങ്ങി കിടക്കുകയാണ്. അവസരം കിട്ടിയാൽ എന്റെ കൊച്ച് ഓടി വരും. എനിക്കുറപ്പുണ്ട്-ജെയിംസ് പ്രത്യാശയോടെ പറയുന്നു.

ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വരും. സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗൺ നീട്ടിയതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയത്. ഈ പ്രതിസന്ധി ഘട്ടത്തിൽ ട്രോളിംഗ് നിരോധനം തൊഴിലാളികളെ കൂടുതൽ ആശങ്കയിലാക്കുകയാണ്.

പ്രതിസന്ധി കാലത്ത് സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യതൊഴിലാളികൾ.എന്നാൽ പരമ്പരാഗത വള്ളങ്ങളിൽ പോയി മീൻ പിടിക്കുന്നവർക്ക് വിലക്കില്ല.

ഓരോ സീസണിലും നാല് ലക്ഷത്തോളം രൂപ മുടക്കിയാണ് ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. പണമില്ലാത്തതിനാൽ പണികൾ ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷ ഉടമകൾക്കില്ല.എന്നാൽ സർക്കാർ ഇന്ധന സബ്സിഡി നൽകിയില്ലെങ്കിൽ പിടിച്ചു നിൽക്കാനാവില്ലെന്നാണ് ബോട്ടുടമകളുടെ പക്ഷം

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കൂടുതൽ തെളിവ് പുറത്തുവിട്ട് പ്രസീത അഴീക്കോട്. പത്ത് ലക്ഷം രൂപ സി കെ ജാനുവിന് നൽകാനെത്തുന്നതിന് മുമ്പ് പല തവണ പ്രസീതയെ സുരേന്ദ്രൻ വിളിക്കുന്നതിന്റെ കോൾ റെക്കോർഡുകൾ പുറത്ത്‌വിട്ടതായി ദൃശ്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

സികെ ജാനു പ്രസീതയുടെ ഫോണിൽ നിന്ന് സുരേന്ദ്രന്റെ സെക്രട്ടറിയുമായും സംസാരിച്ചിട്ടുണ്ട്.ഹൊറൈസൺ ഹോട്ടലിലെ 503 ആം നമ്പർ മുറിയിലേക്ക് എത്താൻ സുരേന്ദ്രന്റെ സെക്രട്ടറിയോട് പ്രസീതയുടെ ഫോണിൽ നിന്ന് ജാനു പറയുന്നുണ്ട്. ഇതേ മുറിയിൽ വച്ച് പത്ത് ലക്ഷം കൈമാറിയെന്നാണ് പ്രസീതയുടെ ആരോപണം. വിജയ യാത്രക്കിടെ മാർച്ച് മൂന്നിന് കോട്ടയത്ത് കൂടിക്കാഴ്ചയ്ക്ക് സമയം ഒരുക്കാൻ പ്രസീതയോട് സുരേന്ദ്രൻ ആവശ്യപ്പെടുന്ന കോൾ റെക്കോർഡും പുറത്തുവന്നിട്ടുണ്ട്.

സി.കെ. ജാനുവിനു പണം നൽകുന്നതുമായി ബന്ധപ്പെട്ട് ആദ്യം പുറത്തു വിട്ട ശബ്ദ രേഖയ്ക്കു പിന്നാലെ ബി.ജെ.പി. ബന്ധമുള്ളവർ തന്നെ അവഹേളിക്കാൻ ശ്രമിക്കുന്നതായി പ്രസീത അഴീക്കോട് പറഞ്ഞിരുന്നു. ഇനിയും അവഹേളിക്കാൻ ശ്രമിച്ചാൽ കൂടുതൽ തെളിവുകൾ പുറത്തു വിടുമെന്നും പ്രസീത നേരത്തെ പറഞ്ഞിരുന്നു.

2018 ൽ ആണ്‌ യു എൻ എല്ലാ വർഷം ജൂൺ 7 നും ലോക ഭക്ഷ്യസുരക്ഷാദിനം ആയി ആചരിക്കാൻ തീരുമാനിച്ചത്‌. 2019 ൽ ആദ്യത്തേതും 2020 ൽ രണ്ടാമത്തേതും ആയ ദിനാചരണം നടന്നു. ആരോഗ്യകരമായ ഭക്ഷണം ലോകത്തിലെ മുഴുവൻ ജനങ്ങൾക്കും ഉറപ്പു വരുത്താനും അതിനായുള്ള ബോധവൽക്കരണത്തിനും ആയിട്ടാണ്‌ ഈ ദിനം ആചരിക്കുന്നത്‌

ഒരു സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും അവരവർക്കാവശ്യമായ അളവിൽ സുരക്ഷിതവും പോഷകസമ്പുഷ്ടവുമായ ആഹാരം ലഭ്യമാകുകയും അത് നേടാനാവശ്യമായ സാഹചര്യം എല്ലാവർക്കും ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥയാണ് ഭക്ഷ്യ സുരക്ഷ. ഏതൊരു കുടുംബത്തിനും പട്ടിണിയും വിശപ്പും ഭീഷണി സൃഷ്ടിക്കാത്ത സ്ഥിതിയാണ് ഭക്ഷ്യ സുരക്ഷ മൂലം സംജാതമാകുന്നത്. ലോകത്ത് ഒരു വിഭാഗം ജനങ്ങൾ അമിതാഹാരം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുമ്പോൾ ഗണ്യമായ മറ്റൊരു വിഭാഗം അവശ്യം വേണ്ട ആഹാരം ലഭിക്കാത്തതിൻറെ ഫലമായി പോഷകാഹാരക്കുറവ് മൂലമുള്ള രോഗങ്ങൾക്ക് കീഴ് പ്പെടുന്ന സാഹചര്യം നിലവിലുണ്ട്.

യു.എൻ ഏജൻസിയായ ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ , അമേരിക്കയിലെ കൃഷി വകുപ്പ് എന്നിവയുടെ നിർവചനങ്ങളാണ് കൂടുതൽ അംഗീകാരം നേടിയിട്ടുള്ളവ. ആരോഗ്യകരവും ഊർജ്ജസ്വലവുമായ ജീവിതത്തിനായി സുരക്ഷിതവും പോഷകസമ്പുഷ്ടവുമായ ആഹാരം, എല്ലാ ജനങ്ങൾക്കും എല്ലാ കാലത്തും, ആവശ്യത്തിന് അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തക്ക നിലയിൽ ഭൗതികവും സാമൂഹികവും സാമ്പത്തകവുമായി അവ ആർജിക്കാനുള്ള ശേഷി നിലനിൽക്കുമ്പാഴാണ് ഭക്ഷ്യ സുരക്ഷ ഉണ്ടാകുന്നതെന്ന് എഫ്.എ.ഒ വ്യക്തമാക്കുന്നു. യു.എസ്.ഡി.എ. യുടെ നിർവചനപ്രകാരം ഒരു കുടുംബത്തിൻറെ ഭക്ഷ്യ സുരക്ഷ കൊണ്ട് അതിലെ അംഗങ്ങൾക്കെല്ലാം ഏതു കാലത്തും ആരോഗ്യകരവും ഊർജ്ജസ്വലവുമായ ജീവിതത്തിനായി ആവശ്യത്തിന് ആഹാരം നേടാൻ കഴിയുന്ന അവസ്ഥയാണ് അർത്ഥമാക്കുന്നത്. സുരക്ഷിതവും പോഷകസമ്പുഷ്ടവുമായ ആഹാരത്തിൻറെ ലഭ്യതയും സമൂഹത്തിന് സ്വീകാര്യമായ വിധത്തിൽ (മോഷണം തുടങ്ങിയ മാർഗങ്ങളിലൂടെയല്ലാതെ) അവ ആർജിക്കാൻ കഴിയലും ഭക്ഷ്യ സുരക്ഷയിൽ പ്രാഥമികമായി വേണ്ടവയാണ്.

ശ്മശാനത്തിലേക്ക് തകർന്ന് വീണ വിമാനത്തിന്റെ കഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞോടുകയാണ്. ട്രോളുകളിലും അക്കഥ പാടി നടക്കുന്നവരെയും കാണാം. ഇന്നലെ ബിജെപി നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ സംസാരിക്കുമ്പോഴാണ് വിമാനത്തിന്റെ കഥ പറഞ്ഞത്. മുൻപ് അദ്ദേഹം പെട്രോൾ വില വർധനവിനെ കുറിച്ച് പറഞ്ഞ ന്യായീകരണം ഇതുപോലെ വൈറലായിരുന്നു.

‘വിമാനം തകർന്ന് ശ്മശാനത്തിൽ വീണു. പിന്നീട് അവിടെ നിന്ന് ആളുകൾ തപ്പിയെടുത്തു. രണ്ടായിരം മൃതദേഹങ്ങൾ കിട്ടി. ആ രണ്ടായിരം ബോഡികൾ വിമാനത്തിലുള്ളവരുടെ ആണെന്നാണോ അതിന്റെ അർഥം. ആരുടെയെങ്കിലും കയ്യിൽ നിന്നും പണം കിട്ടിയിട്ടുണ്ടെങ്കിൽ അതെല്ലാം ധർമരാജന്റെ ആണെന്ന് എങ്ങനെയാ തെളിയിക്കുന്നത്.’ ഇതായിരുന്നു മുരളീധരന്റെ വാദം.

ഇതിന് പിന്നാലെ പഴയ പെട്രോൾ സിദ്ധാന്തത്തിന്റെ അത്രപോരെന്നും ബംഗാളിൽ പോയിട്ട് വന്ന ശേഷമുള്ള മാറ്റങ്ങളുമാണ് ഇതെല്ലാമെന്നും ട്രോളുകൾ നിറയാൻ തുടങ്ങി. സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളിലെ ഡയലോഗ് പോലെ തോന്നുന്നു എന്നും ട്രോളുന്നവരെയും കാണാം.

 

കോവിഡ്‌ വ്യാപനത്തോത് പ്രതീക്ഷിച്ച രീതിയിൽ കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് നിലവിലെ ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 16 വരെ നീട്ടി. 12, 13 തീയതികളിൽ കർശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂർണ ലോക്‌ഡൗൺ ആയിരിക്കുമെന്ന്‌ കോവിഡ്‌ അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ (പാക്കേജിങ് ഉൾപ്പെടെ), നിർമാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയ്‌ക്ക്‌ ജൂൺ 16 വരെ പ്രവർത്തനാനുമതി നൽകും. ബാങ്കുകൾ നിലവിലുള്ളതുപോലെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും. സ്‌റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകൾ, ഒപ്‌റ്റിക്കൽസ്‌ തുടങ്ങിയ കടകൾക്ക്‌ ജൂൺ 11ന്‌ ഒരു ദിവസം മാത്രം രാവിലെ 7 മുതൽ വൈകിട്ട്‌ 7 വരെ പ്രവർത്തനാനുമതി നൽകും.

സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപറേഷനുകൾ, കമ്മിഷനുകൾ തുടങ്ങിയവ ജൂൺ 17 മുതൽ 50 ശതമാനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിക്കും. സ്വകാര്യ ആശുപത്രികൾക്ക്‌ വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്ക്‌ വേണ്ട സഹായം നൽകും. അതാത്‌ ജില്ലകളിലെ സ്വകാര്യ ആശുപത്രികളെ വാക്‌സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്താൻ മുഖ്യമന്ത്രി നിർദേശിച്ചു.

വാഹന ഷോറൂമുകൾ മെയിന്റനൻസ്‌ വർക്കുകൾക്ക്‌ മാത്രം ജൂൺ 11ന്‌ തുറക്കാം. മറ്റ്‌ പ്രവർത്തനങ്ങളും വിൽപനയും അനുവദിക്കില്ല. ഹൈക്കോടതി നിർദേശ പ്രകാരം അഭിഭാഷകരെയും അവിടുത്തെ മറ്റ്‌ ഉദ്യോഗസ്ഥരെയും വാക്‌സിനേഷൻ മുൻഗണനാ വിഭാഗത്തിൽപ്പെടുത്തും. സ്വകാര്യ ബസ്‌ തൊഴിലാളികൾക്കും മുൻഗണന നൽകും.

വയോജനങ്ങളുടെ വാക്‌സിനേഷൻ കാര്യത്തിൽ നല്ല പുരോഗതിയുണ്ട്‌. അവശേഷിക്കുന്നവർക്ക്‌ കൂടി ഉടൻ കൊടുത്തു തീർക്കും. സി കാറ്റഗറി കോവിഡ്‌ രോഗികളെ ചികിത്സിക്കുന്ന സ്ഥലങ്ങളിൽ റസ്‌പിറേറ്ററി തെറപ്പിസ്റ്റുകളെ നിയോഗിക്കേണ്ടതുണ്ടോ എന്ന്‌ പരിശോധിക്കാൻ വിദഗ്‌ധസമിതിയോടും ആരോഗ്യവകുപ്പിനോടും മുഖ്യമന്ത്രി നിർദേശിച്ചു. കുട്ടികളിലെ കോവിഡ്‌ ബാധയെപ്പറ്റി ശാസ്ത്രീയമായി പരിശോധിക്കും. വിദേശ രാജ്യങ്ങളിൽ കോവാക്‌സിന്‌ അംഗീകാരം ലഭ്യമല്ലാത്തതിനാൽ രണ്ട്‌ ഡോസ്‌ കോവാക്‌സിൻ എടുത്തവർക്ക് വിദേശ യാത്ര ചെയ്യാൻ എന്ത്‌ ചെയ്യാനാകുമെന്ന്‌ പരിശോധിക്കും.

നീറ്റ്‌ പരീക്ഷയ്ക്കാവശ്യമായ ചില സർട്ടിഫിക്കറ്റുകൾ റവന്യു ഓഫിസുകളിൽ പോയി വാങ്ങേണ്ടതുണ്ട്‌. സർട്ടിഫിക്കറ്റുകൾ ഇ ഡിസ്‌ട്രിക്റ്റ്‌ പോർട്ടൽ വഴി ഓൺലൈനായി ലഭ്യമാക്കും. അടുത്ത അധ്യയന വർഷം മുതൽ പരീക്ഷകൾക്ക്‌ ശേഷം സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയാൽ മതി. എല്ലാ പരീക്ഷകളും ജൂൺ 16 ശേഷം മാത്രമേ ആരംഭിക്കൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.

RECENT POSTS
Copyright © . All rights reserved