ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലേയ്ക്ക് വാഹനം ഇടിച്ചു കയറ്റി അപകടം. പി സി ജോര്‍ജ് എംഎല്‍എയുടെ മകന്റെ വാഹനമാണ് ഇടിച്ചു കയറിയത്.
പൂഞ്ഞാര്‍ പഞ്ചായത്തിലെ പര്യടനത്തിന് ഇടയിലേക്ക് അമിത വേഗതയില്‍ വാഹനം ഇടിച്ചുകയറ്റിയെന്നാണ് ആരോപണം. ബൈക്ക് റാലിക്കിടെയാണ് കാര്‍ പാഞ്ഞു കയറിയത്.
പ്രചാരണത്തിനിടയിലേക്ക് കയറ്റി പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ച ശേഷം വാഹനം നിര്‍ത്താതെ പോവുകയായിരുന്നു എന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്. തുടര്‍ന്ന് വണ്ടി നമ്പര്‍ പരിശോധിച്ചപ്പോഴാണ് ഇത് ഷോണിന്റെതാണെന്ന് മനസ്സിലായതെന്നും ഇടത് പ്രവര്‍ത്തകര്‍ പറയുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.
പൂഞ്ഞാര്‍ പഞ്ചായത്തിൽ നടത്തിയ പര്യടനത്തിന് ഇടയിലേക്കാണ് അമിത വേഗതയില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നുവെന്നും നിര്‍ത്താത്തെ പോയെന്നുമാണ് ആരോപണം. വാഹനത്തിന്റെ നമ്പര്‍ വഴിയാണ് ഷോണ്‍ ജോര്‍ജിന്റെ വാഹനമാണന്ന് തിരിച്ചറിഞ്ഞതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
വാഹനമിടിച്ചു തെറിച്ചു വീണ പി കെ തോമസ് പുളിമൂട്ടില്‍, ഷിബു പി റ്റി പൊട്ടന്‍ പ്ലാക്കല്‍ എന്നിവരെ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോൽക്കത്ത: ഫുട്ബോളിന്റെ ഈറ്റില്ലമായ കോൽക്കത്തയിൽ ചരിത്രം കുറിച്ച് ഗോകുലം കേരള എഫ്സി. ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ടീം എന്ന റിക്കാർഡ് ഇനി ഗോകുലത്തിന് സ്വന്തം. 29 പോയിന്റുമായാണ് ഗോകുലം ചാമ്പ്യൻമാരായത്.
ലീഗിലെ അവസാന മത്സരത്തിൽ ട്രാവു എഫ്സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു കിരീടധാരണം. ആദ്യപകുതിയിൽ ഒരു ഗോളിനു പിന്നിൽനിന്ന ശേഷമായിരുന്നു കേരള ടീമിന്റെ ഗംഭീര തിരിച്ചുവരവ്.
ഷെരീഷ് മുഹമ്മദ് (70), എമിൽ ബെന്നി (74), ഘാന താരം ഡെന്നിസ് അഗ്യാരെ (77), മുഹമ്മദ് റാഷിദ് (90+8) എന്നിവർ ഗോകുലത്തിനായി വലകുലിക്കിയപ്പോൾ ഇന്ത്യൻ താരം വിദ്യാസാഗർ സിംഗ് ട്രാവുവിന്റെ ആശ്വസ ഗോൾ നേടി. വിദ്യാസാഗർ സിംഗ് 12 ഗോളുമായി ലീഗിലെ ടോപ് സ്കോറർ ആയി. ഗോകുലത്തിന്റെ ഡെന്നിസ് അഗ്യാരെ 11 ഗോളുമായി രണ്ടാം സ്ഥാനത്തുണ്ട്.
മണിപ്പൂരിൽനിന്നുള്ള കരുത്തൻമാരെ രണ്ടാം പകുതിയിൽ കണ്ണടച്ചുതുറക്കും മുൻപ് കേരളം ഇല്ലാതാക്കുകയായിരുന്നു. അതും ഏഴ് മിനിറ്റിനുള്ളിൽ മൂന്ന് ഗോളുകൾ അടിച്ചുകയറ്റി. 70, 74, 77 മിനിറ്റുകളിലായിരുന്നു കേരളത്തിന്റെ മിന്നൽ സ്ട്രൈക്. ഇൻജുറി ടൈമിൽ ട്രാവുവിന്റെ പെട്ടിയിൽ അവസാന ആണിയും വീണു.
തുടക്കം മുതൽ ആക്രമിച്ച ഗോകുലമായിരുന്നു കളിയിൽ ആധിപത്യം പുലർത്തിയത്. എന്നാൽ കളിയുടെ ഒഴിക്കിനെതിരായി 24–ാം മിനിറ്റിൽ ബിദ്യാസാഗർ സിംഗ് മണിപ്പൂരുകാരെ മുന്നിലെത്തിച്ചു. 70 ാം മിനിറ്റുവരെ ഒരു ഗോൾ ലീഡ് നിലനിർത്താൻ മണിപ്പൂർ കരുത്തൻമാർക്കായി. എന്നാൽ ജയിച്ചാൽ കിരീടമെന്ന ട്രാവുവിന്റെ സ്വപ്നം മിനിറ്റുകൾകൊണ്ട് വീണുടഞ്ഞു. അവസാന നിമിഷം വിൻസി ബരോറ്റ ചുവപ്പ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് ഗോകുലം മത്സരം പൂർത്തിയാക്കിയത്.
ഇതേ സമയത്തു നടന്ന മത്സരത്തിൽ ജയിച്ച ചർച്ചിൽ ബ്രദേഴ്സും 29 പോയിന്റ് സ്വന്തമാക്കിയെങ്കിലും ഗോൾ ശരാശരിയാണ് ഗോകുലത്തിന് രക്ഷയായത്. ചർച്ചിൽ ബ്രദേഴ്സ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പഞ്ചാബ് എഫ്സിയെ ആണ് പരാജയപ്പെടുത്തിയത്.
ലീഗിൽ ആദ്യ തവണ ട്രാവു എഫ്സിയുമായി ഏറ്റുമുട്ടിയപ്പോഴും ഗോകുലത്തിനായിരുന്നു വിജയം. ട്രാവുവിനെ 3–1ന് പരാജയപ്പെടുത്തി.
ന്യൂഡൽഹി: സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലെ എയിംസിലേക്കു മാറ്റി.
രാഷ്ട്രപതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും നിരീക്ഷണം തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് രാഷ്ട്രപതിയെ ആർമി റിസർച്ച് ആൻഡ് റെഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചെന്നൈ: തമിഴ്നാടിനാണ് പ്രധാന്യം നല്‍കുന്നതെങ്കിലും നേതൃത്വം ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്ന് നടി ഷക്കീല. തനിക്കിഷ്ടപ്പെട്ട പാര്‍ട്ടിയിലാണ് ചേര്‍ന്നത്. മതത്തില്‍ രാഷ്ട്രീയം കലര്‍ത്തില്ല എന്നതാണ് കോണ്‍ഗ്രസില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യമെന്നും ഷക്കീല പറഞ്ഞു.
‘എന്റെ പിതാവ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ചും അദ്ദേഹം രാഷ്ട്രത്തിന് നല്കിയ സംഭാവനകളെകുറിച്ചുമൊക്കെ അച്ഛന്‍ ഞങ്ങളോട് പറയാറുണ്ടായിരുന്നു. അതിനാല്‍ ചെറുപ്പത്തില്‍ തന്നെ കോണ്‍ഗ്രസിനോട് മനസ്സില്‍ ഒരിഷ്ടമുണ്ട്. പിന്നെ പ്രവര്‍ത്തിക്കുന്നെങ്കില്‍ ദേശീയ പാര്‍ട്ടിയിലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസില്‍ നിന്നും ക്ഷണം കിട്ടിയപ്പോള്‍ അത് സ്വീകരിച്ചു.’ – അവര്‍ വ്യക്തമാക്കി.
‘പല തരത്തിലുള്ള സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടാറുണ്ട്. മറ്റ് വിഷയങ്ങളിലും കൂടുതലായി ഇടപെടണമെന്ന ആഗ്രഹവും ഉണ്ട്. എന്നാല്‍ നടിയെന്ന വിലാസം മാത്രമാവുമ്പോള്‍ സമൂഹം നമ്മുടെ ശബ്ദത്തിന് അത്ര പ്രാധാന്യം കൊടുക്കാറില്ല- ഷക്കീല കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയില്‍ ചേരുന്നതല്ലേ ട്രെന്റ് ചോദ്യത്തിന് എല്ലാവരേയും പോലെയല്ല ഷക്കീലയെന്ന് മലയാളികള്‍ക്ക് നന്നായി അറിയാമെന്നായിരുന്നു പ്രതികരണം. വിവാദ നായികയെന്നല്ലേ നിങ്ങള്‍ എന്നെ വിളിക്കുന്നതെന്നും അവര്‍ ചോദിച്ചു. തെലുങ്ക്, തമിഴ് സിനിമകളില്‍ സജീവമായ നടി ഇപ്പോള്‍ ചെന്നൈയിലാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസാണ് ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
മഞ്ജുവാര്യരും സണ്ണി വെയ്നും ഒന്നിക്കുന്ന ചിത്രമാണ് ‘ചതുർമുഖം’. മലയാളത്തിലെ ആദ്യത്തെ ടെക്നോ-ഹൊറര്‍ സിനിമ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രത്തിൽ തേജസ്വിനി എന്ന കഥാപാത്രത്തെ മഞ്ജു അവതരിപ്പിക്കുമ്പോൾ ആന്റണിയായി എത്തുന്നത് സണ്ണി വെയ്ൻ ആണ്. ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചുള്ള രസകരമായൊരു അഭിമുഖമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
‘ചതുർമുഖ’ത്തിന്റെ പ്രസ് മീറ്റിന് എത്തിയ മഞ്ജു വാര്യരുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വൈറലായിരുന്നു. അഭിമുഖത്തിനിടെ അവതാരകനും ചോദിച്ചത്, മഞ്ജുവിന്റെ മാറ്റത്തെ കുറിച്ചും എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്നുമാണ്. “സണ്ണിയുടെ മുന്നിലൊക്കെ പിടിച്ചു നിൽക്കേണ്ടേ?,” എന്നാണ് ചിരിയോടെ മഞ്ജുവിന്റെ മറുപടി. “ഓരോ കഥാപാത്രങ്ങളുടെയും പേര് പറഞ്ഞ് ഞാൻ ഓരോ ടൈപ്പ് ലുക്ക് പരീക്ഷിക്കുകയാണ്,” എന്നും മഞ്ജു പറഞ്ഞു.
“അഭിനയം എന്ന പ്രൊഫഷനെ മഞ്ജു വളരെ സീരിയസായി കാണുന്നതിന്റെ തെളിവാണ് ഇതെന്നാണ്,” മഞ്ജുവിന്റെ ലുക്കിനെ കുറിച്ച് സണ്ണിയ്ക്ക് പറയാനുണ്ടായിരുന്നത്.
ഇരുവരും തമ്മിലുള്ള കെമിസ്ട്രിയെ കുറിച്ച് ചോദിച്ചപ്പോൾ “ഞങ്ങൾ ദുഷ്മൻ ദുഷ്മൻ ആണ്,” എന്നായിരുന്നു കുസൃതിയോടെ സണ്ണിയുടെ ഉത്തരം. സണ്ണിയുമായി പെട്ടെന്ന് തന്നെ ഇണങ്ങിയെന്നും ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സണ്ണി വെയ്ൻ എന്നും മഞ്ജു പറയുന്നു. “സിനിമയിൽ ഞങ്ങളുടെ കഥാപാത്രങ്ങൾ ഷെയർ ചെയ്യുന്നതും വളരെ രസകരമായ ബോണ്ടാണ്. സണ്ണി നിർമ്മിച്ച സിനിമയിലും എനിക്കൊരു വേഷം തന്നു.”
നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിൽ ആക്ഷൻ സ്വീകൻസുകളിലും മഞ്ജുവാര്യർ തിളങ്ങുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവരാണ് ചിത്രത്തിന്റെ സംവിധായകർ. ജിസ്സ് ടോംസ് മൂവീസ്സിന്‍റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സുമൊത്ത് ചേര്‍ന്ന് ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസ്, സു…സു…സുധി വല്‍മീകം എന്നീ ചിത്രങ്ങളുടെ സഹരചയിതാക്കളായ അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ എഴുതിയ ഈ ചിത്രത്തിലെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ആമേന്‍, ഡബിള്‍ ബാരല്‍, നയന്‍ തുടങ്ങിയ സിനിമളിലൂടെ ശ്രദ്ധേയനായ അഭിനന്ദന്‍ രാമാനുജമാണ്.
മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിൽ സച്ചിൻ തന്നെയാണ് വിവരം അറിയിച്ചത്. വീട്ടിലെ മറ്റെല്ലാവർക്കും കൊവിഡ് നെഗറ്റീവ് ആണെന്നും സച്ചിൻ കുറിച്ചു. ചെറിയ രോഗലക്ഷണങ്ങൾ ഉണ്ട്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകാരുടെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് ഇപ്പോൾ വീട്ടിൽ ക്വാറൻ്റീനിലാണ് താനെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം, അഞ്ച് മാസത്തിനിടയിൽ ആദ്യമായി രാജ്യത്ത് കൊവിഡ് കേസുകൾ 60,000 കടന്നു. രോഗമുക്തി നിരക്ക് 94.85 ശതമാനമായി താഴ്ന്നു. മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62, 258 പോസിറ്റീവ് കേസുകളും 291 മരണവും റിപ്പോർട്ട് ചെയ്തു. ഡിസംബർ 30നു ശേഷം റിപ്പോർട്ട് ചെയ്യുന്ന ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണനിരക്കും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു.
193 കിലോമീറ്റർ നീളമുള്ള ജലപാതയായ സൂയസ് കനാലിൽ ഒരു കണ്ടെയ്നർ കപ്പൽ കുടുങ്ങിയത് ആഗോള തലത്തിലുള്ള വ്യാപാരത്തെ ബാധിച്ചിരിക്കുകയാണ്. ഈജിപ്തിൽ സ്ഥിതി ചെയ്യുന്നതും സമുദ്ര നിരപ്പിലുള്ളതുമായി ഈ കൃത്രിമ ജലപാത 1859 നും 1869 നും ഇടയിലാണ് നിർമിക്കപ്പെട്ടത്. മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ കനാൽ.
അറ്റ്ലാന്റിക് സമുദ്രമേഖലയിൽ നിന്ന് ഇന്ത്യൻ, പടിഞ്ഞാറൻ പസഫിക് സമുദ്ര മേഖലകളിലേക്കുള്ള ഏറ്റവും ദൈർഖ്യം കുറഞ്ഞ ജലമാർഗമാണ് സൂയസിലൂടെയുള്ളതെന്നതിനാൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ ജലപാതകളിലൊന്നാണ് ഇത്. കനാലിലൂടെയല്ലെങ്കിൽ ആഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റിവേണം ഇന്ത്യൻ മഹാസമുദ്രമേഖലയിൽ നിന്നുള്ള കപ്പലുകൾക്ക് അറ്റ്ലാന്റിലേക്ക് കടക്കാൻ. ഗുഡ് ഹോപ്പ് മുനമ്പ് വഴിയുള്ള പാതയെ അപേക്ഷിച്ച് 7,000 കിലോമീറ്റർ ദൈർഖ്യം കുറവാണ് സൂയസ് വഴിയുള്ള പാത.
കനാൽ ഔപചാരികമായി നിർമ്മിച്ചതുമുതലുള്ള 150ഓ അല്ലെങ്കിൽ അതിൽ കൂടുതൽ വർഷങ്ങൾക്കിടെ അതിലൂടെയുള്ള കപ്പൽ ഗതാഗത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും നേരിട്ടിരുന്നില്ല. എന്നാൽ രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക പ്രശ്നങ്ങൾ കനാൽ അഞ്ച് തവണ അടച്ചുപൂട്ടിയിരുന്നു. ഏറ്റവുമൊടുവിൽ 1975 ജൂണിലാണ് എട്ടുവർഷത്തെ ഒരു അടച്ചുപൂട്ടലിനു ശേഷം കനാൽ വീണ്ടും തുറന്നത്.
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മോഹൻലാലും ജഗദീഷും. കോമഡിയും സീരിയസ് കഥാപാത്രങ്ങളിലും ഒരുപോലെ തിളങ്ങി നിൽക്കാൻ ജഗദീഷിന് കഴിഞ്ഞിരുന്നു. എന്നാൽ ഹാസ്യതാരം എന്ന ലേബലിലാണ് ജഗദീഷിനെ അറിയപ്പെടുന്നത്.
ഇപ്പോഴിത മോഹൻലാൽ ചെയ്തു നൽകിയ സഹായത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ജഗദീഷ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് സമയത്ത് ചെയ്തു നൽകിയ സഹായത്തെ കുറിച്ചാണ് നടൻ വെളിപ്പെടുത്തിയത്.
2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഗണേഷ് കുമാറിനോടൊപ്പമായിരുന്നു ജഗദീഷ് മത്സരിച്ചത്. ഗണേഷിന് വേണ്ടി മോഹൻലാൽ പ്രചാരണത്തിന് ഇറങ്ങിയത് വലിയ വാർത്തയായിരുന്നു. ആ സമയത്ത് പിരിവൊന്നും നടത്തിയിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തിനു വേണ്ടി എനിക്ക് പൈസ തന്നിട്ടുള്ളയാളാണ് മോഹന്‍ലാല്‍.
അപ്പോൾ മോഹൻലാലിന് ഞാൻ ജയിച്ചു വരണമെന്ന് ഉള്ളിൽ ആഗ്രഹമുണ്ടായിരുന്നിരിക്കാം. പക്ഷെ അദ്ദേഹം ഗണേഷ് കുമാറിന് വേണ്ടി പോയി അതിൽ തനിക്ക് പിണക്കമില്ലെന്ന് വീണ്ടും ആവർത്തിച്ചു. ഇക്കാര്യത്തില്‍ തനിക്ക് മോഹന്‍ലാലുമായി പിണക്കമൊന്നുമില്ലെന്നാണ് ജഗദീഷ് പറയുന്നത്.
മോഹന്‍ലാല്‍ എന്തുകൊണ്ട് ഗണേഷ്‌കുമാറിന് വേണ്ടി പോയി എന്നത് എനിക്ക് അറിയാവുന്ന കാര്യങ്ങളാണ്. വ്യക്തിപരമായ ചില കാര്യങ്ങള്‍ രാഷ്ട്രീയത്തില്‍ കൂട്ടിക്കുഴയ്ക്കാന്‍ പാടില്ല. എന്നോടുള്ള അനിഷ്ടം കൊണ്ടല്ല.
ഗണേഷിനോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടും അല്ല. പിന്നെ അദ്ദേഹത്തിന്റെ സ്വാതന്ത്രമാണ്. അദ്ദേഹത്തിന് അങ്ങനെയൊരു തീരുമാനം ആ സമയത്ത് എടുക്കേണ്ടി വന്നു. ഇപ്പോഴും താനും മോഹൻലാലും തമ്മിൽ നല്ല സൗഹൃദത്തിലാണെന്നും ജഗദീഷ് പറഞ്ഞു.
മമ്മൂട്ടി സാമ്പത്തിക സഹായങ്ങൾ ഒന്നും തന്നിട്ടില്ലെന്നും ജഗദീഷ് പറഞ്ഞു. എന്നാൽ ഫേസ്ബുക്കിലൊക്കെ എന്നെ അനുഗ്രഹിക്കുന്ന രീതിയിലുള്ള ഫോട്ടോകളൊക്കെ ഇട്ടിരുന്നു. ഞാൻ അദ്ദേഹത്തോട് പൈസ ചോദിച്ചിട്ടില്ല. തന്നിട്ടുമില്ല.
ഒരുപക്ഷെ ആർക്കും കൊടുത്തിട്ടില്ലായിരിക്കാമെന്നും ജഗദീഷ് പറയുന്നു. വീണ്ടും ഒരു തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് ഇക്കാര്യം നടൻ വെളിപ്പെടുത്തുന്നത്. പണ്ടത്തെ മോഹൻലാൽ ചിത്രങ്ങളിലെ നിറ സാന്നിധ്യമായിരുന്നു ജഗദീഷ്.
1984 നവോദയയുടെ ‘മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ’ അഭിനയ രംഗത്തെത്തിയ ജഗദീഷ് വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയുടെ പ്രധാന ഘടകമായി മാറുകയായിരുന്നു. ഇക്കുറി കൊല്ലത്ത് ജഗദീഷിന്റെ അടുത്ത രണ്ട് സുഹൃത്തുക്കളാണ് ജനവിധി തേടുന്നത്.
നടൻ മുകേഷും ബിന്ദുകൃഷ്ണയുമാണ് മത്സരാർഥികൾ. മുകേഷ് സുഹൃത്താണെങ്കിലും ബിന്ദു കൃഷ്ണ ജയിക്കണമെന്നാണ് ആഗ്രഹമെന്നും ജഗദീഷ് പറഞ്ഞു.. മുകേഷിന് പരാജയപ്പെട്ടാലും സിനിമയുണ്ടെന്നും ജഗദീഷ് പറഞ്ഞു. ഇത്തവണയും കോണ്‍ഗ്രസ് തന്നോട് മത്സരിക്കുന്നോ എന്ന് ചോദിച്ചിരുന്നെന്നും എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.
ബംഗളുരുവില്‍ ഭാര്യയുടെ കാമുകനെ കുത്തിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. ബൈദരഹള്ളി സ്വദേശിയായ ഭരത്കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുെട കാമുകനായ ശിവരാജിനെയാണ് മുപ്പത്തൊന്ന് വയസ്സുകാരനായ ഭരത് കുമാര്‍ കൊലപ്പെടുത്തിയത്. കിടപ്പുമുറിയില്‍ ഭാര്യയെയും കാമുകനെയും കണ്ടെത്തിയതാണ് കൊലയ്ക്ക് കാരണമായത്. ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഭരത് ഏറെ നാളായി ഇരുവരെയും നിരീക്ഷിച്ച് വരികയായിരുന്നു.
ആറുമണിക്കൂര്‍ കട്ടിലിനടിയില്‍ ഒളിച്ചിരുന്നതിന് ശേഷമാണ് കൊലപാതകം നടത്തിയത്. മൂന്ന് വര്‍ഷം മുന്‍പാണ് വിനുതയും ശിവരാജും തമ്മില്‍ പരിചയത്തിലാവുന്നത്. ബന്ധത്തില്‍ സംശയം തോന്നിയ ഭരത്കുമാര്‍ ശിവരാജിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. കുറ്റം സമ്മതിച്ച പ്രതിയെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
ജോൺ കുറിഞ്ഞിരപ്പള്ളി
വെള്ളിയാഴ്ചയായിരുന്നതുകൊണ്ട് എനിക്കും ജോർജ്‌കുട്ടിക്കും അൽപം നേരത്തെ ജോലിസസ്ഥലത്തുനിന്നും പോരാൻ കഴിഞ്ഞു. വെള്ളിയാഴ്ചകളിൽ പൂജയും മറ്റുമായി ഉച്ചകഴിഞ്ഞാൽ സമയം കളയും.
“ആകെ ഒരു രസവും തോന്നുന്നില്ല .നമ്മൾക്ക് ചീട്ടുകളിച്ചാലോ?”ജോർജ്‌കുട്ടി ചോദിച്ചു.
” നമ്മൾ രണ്ടുപേരു മാത്രം എങ്ങനെ ചീട്ടുകളിക്കും?”
“ഒരു കാര്യം ചെയ്യാം അച്ചായൻെറ വീട്ടിൽ വരെ പോകാം.”
അച്ചായനും സെൽവരാജനും ഒന്നിച്ചാണ് താമസിക്കുന്നത്. രണ്ടുപേരും ചീട്ട് കളിയുടെ ഉസ്താദുമാരാണ്. ഞങ്ങൾ ചെല്ലുമ്പോൾ അവർ അയൽപക്കത്തെ വേറെ രണ്ടുപേരെയും കൂട്ടി
ചീട്ടുകളിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ അയൽവക്കത്തുള്ള ചിക്ക ലിംഗേ ഗൗഡയും ചീട്ടുകളി ടീമിൽ ഉണ്ട്. ഗൗഡ സ്ഥലത്തെ പഞ്ചായത്ത് മെമ്പർ ആണ്. ഞങ്ങൾ വെറുതെ അയാളെ പൊക്കിപ്പറയും. അയാൾ അതുകേട്ട് മാനം വരെ പൊങ്ങും.
സമയം ആറര കഴിഞ്ഞു, “ഏഴു മണിയാവുമ്പോൾ പവർകട്ട് ഇല്ലേ? അപ്പോൾ നമ്മുടെ കളി മുടങ്ങുമല്ലോ”. ഞാൻ ചോദിച്ചു.
” പതിവല്ലേ വേറെ ഒന്നും ചെയ്യാൻ ഇല്ലല്ലോ?”
” ഗൗഡരെ നിങ്ങൾ വലിയ ആളല്ലേ? ഈ പ്രദേശത്തെ പഞ്ചായത്ത് മെമ്പർ അല്ലെ?നിങ്ങൾക്ക് പറഞ്ഞുകൂടെ ഇവിടുത്തെ പവർ കട്ട് ഒരു രണ്ടു മണിക്കൂർ സമയത്തേക്ക് മാറ്റിവയ്ക്കാൻ?”
” നമുക്ക് ചീട്ടു കളിക്കുമ്പോൾ ആവശ്യത്തിന് വെളിച്ചം വേണം”. എല്ലാവരും എന്നെ പിന്താങ്ങി.
“എന്താ ചെയ്യണ്ടത്?”ഗൗഡ.
പെട്ടെന്ന് ജോർജുകുട്ടി ഒരു ഐഡിയ കണ്ടുപിടിച്ചു “ഇലക്ട്രിസിറ്റി ഓഫീസിൽ വിളിച്ചു പറയാം.”
ഗൗഡ വെറുതെ പൊട്ടനെ പോലെ ചിരിച്ചു.
ജോർജ്ജുകുട്ടി പറഞ്ഞു കൊടുത്തു,” നിങ്ങൾ കർണാടക ഗവർണറുടെ പി.എ. ആണ് എന്നു പറഞ്ഞു വിളിച്ചാൽ മതി. ഗവർണർക്ക് ഇവിടെ ബാംഗ്ലൂർ നോർത്തിൽ ഒരു പ്രോഗ്രാം ഉണ്ട്, രണ്ടുമണിക്കൂർ സമയത്തേക്ക് പവർ കട്ട് മാറ്റിവയ്ക്കാൻ.”
ഗൗഡ ഒന്നും ആലോചിച്ചില്ല. ഉടനെ ഫോണെടുത്തു. ഇലക്ടിസിറ്റി ഓഫീസിൽ വിളിച്ചു എന്നിട്ട് പറഞ്ഞു “,ഞാൻ ഗവർണറുടെ പി.എ.ആണ് നാഗരാജ്. ഇന്നിവിടെ ഗവർണറുടെ പ്രോഗ്രാം നടക്കുന്നുണ്ട് അതുകൊണ്ട് രണ്ടുമണിക്കൂർ പവർകട്ട് മാറ്റി വയ്ക്കാൻ പറയുക,അത്രമാത്രം.”
എഞ്ചിനീയർ പറഞ്ഞു, “അത് പറ്റില്ല ചീഫ് എഞ്ചിനീയറുടെ ഓർഡർ ഉള്ളതാണ്. ഏഴുമണിമുതൽ എട്ടുമണിവരെ ഒരു മണിക്കൂർ പവർ കട്ട് .”
“അതു പറഞ്ഞാൽ പറ്റില്ല ഗവർണറുടെ പ്രോഗ്രാം തടസ്സപ്പെടും നിങ്ങൾ ഉത്തരം പറയേണ്ടിവരും രാത്രി പത്തുമണിക്ക് ശേഷം കുഴപ്പമില്ല. ഇല്ലങ്കിൽ ഗുൽബർഗക്ക് പോകാൻ തയ്യാറായിക്കോ”.
കർണാടക സ്റ്റേറ്റിലെ പിന്നോക്ക പ്രദേശമാണ് ഗുൽബർഗ. ഇലക്ട്രിസിറ്റി ബോർഡിലെ അസിസ്റ്റന്റ് എഞ്ചിനീയർ ആ വിരട്ടലിൽ വീണു.
ഞങ്ങൾ സുഖമായി ചീട്ടു കളിച്ചു. 9.50 ആയപ്പോൾ കളി നിർത്താൻ തുടങ്ങുകയായിരുന്നു. അപ്പോൾ ജോസഫ് മാത്യുവും പുള്ളിയുടെ ഒരു കൂട്ടുകാരനും കൂടി വന്നു. കൂട്ടുകാരൻ പുതുമുഖമാണ് ഞങ്ങൾക്ക് പരിചയപ്പെടുത്തി,പേര് ബേബി.
അച്ചായൻ വെറുതെ പറഞ്ഞു,”ഈ ബേബിക്ക് ഒരു ജോലി കണ്ടുപിടിച്ചുകൊടുക്ക് ഗൗഡരെ. നിങ്ങൾക്ക് മുകളിലെല്ലാം നല്ല പിടിയല്ലേ?”
“ഞാനെന്തു ചെയ്യാനാ?”.
“ഇവിടെ റെയ്‌സ് കോഴ്സ് റോഡിൽ കുതിരപ്പന്തയം നടക്കുന്നസ്ഥലത്ത് ഏതാനും വേക്കൻസികൾ ഒഴിവുണ്ട്. ശനിയും ഞായറും ടിക്കറ്റ് വിൽക്കുവാനും ആളുകളെ നിയന്ത്രിക്കാനും. നല്ല പൈസ കിട്ടും 4 ശനിയാഴ്ച ജോലി ചെയ്ത് കഴിഞ്ഞാൽ അരമസത്തെ ശമ്പളത്തിന് തുല്യമായ കാശുകിട്ടും.പക്ഷെ ജോലികിട്ടണം. അത് നമ്മടെ ഗൗഡ വിചാരിച്ചാൽ നടക്കും. ഇപ്പൊ നോക്കിക്കോ,ബേബിക്ക് ജോലി കിട്ടാൻ പോകുന്നു.”അച്ചായൻ ഗൗഡരെ പൊക്കി.
“ഞാൻ എന്തു വേണം ?” ഗൗഡ.
“ആ ടെലിഫോൺ എടുത്ത് സൂപ്രണ്ടിനെ വിളിക്കൂ അയാളുടെ പ്രൈവറ്റ് നമ്പറുണ്ട്.വിളിക്ക്.”
ഗൗഡ ടെലിഫോൺ എടുത്തു ,”ഇത് മുഖ്യമന്ത്രിയുടെ സെക്രട്ടറിയാണ് എൻറെ ഒരു പയ്യൻ നാളെ രാവിലെ 10:00 മണിക്ക് നിങ്ങളുടെ ഓഫീസിൽ വരും. അവന് ഒരു ജോലി അഡ്ജസ്റ്റ് ചെയ്തുകൊടുക്കണം.”
” നിങ്ങളാരാണ്?”
” ഞാൻ പറഞ്ഞില്ലേ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്,നാഗരാജ.”
അയാൾ നല്ല ഒന്നാംതരം തെറി വിളിക്കുന്നത് അടുത്തുനിന്ന ഞങ്ങൾക്ക് കേൾക്കാം. ജോസഫ് മാത്യുവും ബേബിയും അല്പം ദൂരെയാണ്. അവർക്ക് ഒന്നും മനസ്സിലായില്ല.
ഗൗഡരുടെ മുഖം മഞ്ഞളിച്ചുപോയി.
ജോർജ്‌കുട്ടി ബേബിയോടായി പറഞ്ഞു,”നിങ്ങള് കേട്ടില്ലേ, അയാൾ പറഞ്ഞത്?ജോലി റെഡി. ഗൗഡർക്ക് ഒരു ഫുൾ ബോട്ടിൽ വാങ്ങിക്കൊണ്ടുവാ..”
ബേബിയും ജോസഫ് മാത്യുവും കൂടി കുപ്പി വാങ്ങാൻ പോയി, ഗൗഡ പറഞ്ഞു, ഏതായാലും പോകുന്നതല്ലേ, ഒരു ആറ് പാക്കറ്റ് ബിരിയാണികൂടി വാങ്ങിക്കോ. നിങ്ങൾക്ക് വേണമെങ്കിൽ അതും കൂടി വാങ്ങിക്കോ.”
ബേബി തപ്പിക്കളിക്കാൻ തുടങ്ങി. അവൻ്റെ കയ്യിൽ കാശില്ലെന്ന് തോന്നുന്നു.
“കാശില്ലെങ്കിൽ ഞാൻ തരാം”, ഗൗഡ പോക്കറ്റിൽ കയ്യിട്ടു.
പക്ഷെ ഗൗഡ പോക്കറ്റിൽ നിന്നും കയ്യ് എടുക്കുന്നില്ല. പോക്കറ്റിൻറെ ഭാഗത്ത് ഒരു തുള മാത്രം ഉണ്ട്.
ആരും അനങ്ങുന്നില്ല.
ഗൗഡ വിചാരിച്ചത് അയാൾ കാശുകൊടുക്കാം എന്നുപറയുമ്പോൾ ഞങ്ങൾ ആരെങ്കിലും ചാടി വീഴും എന്നാണ്.
അപ്പോൾ ജോർജ്‌കുട്ടി അടുത്ത ബോംബ് പൊട്ടിച്ചു,”ഇന്നത്തെ ബിരിയാണി നമ്മളുടെ മെമ്പർ ചിക്കലിംഗ ഗൗഡരുടെ വക. “ഗൗഡരുടെ മുഖം ഇപ്പോൾ കാണാൻ പറ്റുന്നില്ല, പവർ കട്ട് ആരംഭിച്ചിരുന്നു.
(തുടരും)
ജോൺ കുറിഞ്ഞിരപ്പള്ളി