നീണ്ട ഇരുപത്തിനാലു വർഷങ്ങൾ കഴിഞ്ഞിട്ടും ആ റെക്കോർഡ് തകർക്കപ്പെടാതെ തന്നെ തുടരുകയാണ് ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ഒരു നായകൻ ഇൻഡസ്ട്രി ഹിറ്റ് സ്വന്തമാക്കിയ റെക്കോർഡ് ആണത്. 1997 ഇൽ റിലീസ് ചെയ്ത ഈ ചിത്രം മലയാള സിനിമയിലെ അതുവരെയുള്ള എല്ലാ കളക്ഷൻ റെക്കോർഡുകളും തിരുത്തിക്കുറിച്ചു. അതേ വര്ഷം തന്നെ ചന്ദ്രലേഖ , ആറാം തമ്പുരാൻ എന്നീ ചിത്രങ്ങൾ യഥാക്രമം, അനിയത്തിപ്രാവ് സൃഷ്‌ടിച്ച ബോക്സ് ഓഫിസ് കളക്ഷൻ തിരുത്തിയെഴുതി ഇൻഡസ്ട്രി ഹിറ്റുകൾ ആയെങ്കിലും അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ഒരു നായകൻ സർവകാല വിജയം രേഖപ്പെടുത്തുക എന്ന കുഞ്ചാക്കോ ബോബന്റെ റെക്കോർഡ് ഇന്നും അങ്ങനെ തന്നെ നിൽക്കുന്നു. കുഞ്ചാക്കോ ബോബൻ- ശാലിനി ടീം തകർത്തഭിനയിച്ച ഈ ചിത്രത്തിൽ ശ്രീവിദ്യ, തിലകൻ, ഇന്നസെന്റ്, സുധീഷ്, ഹരിശ്രീ അശോകൻ, ജനാർദ്ദനൻ, ശങ്കരാടി, കൊച്ചിൻ ഹനീഫ, കെ പി എ സി ലളിത എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു. സ്വർഗ്ഗചിത്ര അപ്പച്ചൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ വിജയത്തിൽ ഏറ്റവും വലിയ പങ്കു വഹിച്ചത് ഇതിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആയിരുന്നു.
അന്ന് കേരളത്തിൽ തരംഗമായി മാറിയ ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നത് ഔസേപ്പച്ചനും വരികൾ എഴുതിയത്, ഈ അടുത്തിടെ അന്തരിച്ചു പോയ എസ് രമേശൻ നായരുമാണ്. ഇപ്പോഴിതാ, അന്ന് ഈ ചിത്രത്തിന്റെ ക്‌ളൈമാക്‌സിനു മുൻപ് ഉൾപ്പെടുത്താൻ വേണ്ടി ഒരുക്കി, പിന്നീട് ചിത്രത്തിൽ ഉൾപ്പെടുത്താതെ ഇരുന്ന തേങ്ങുമീ വീണയിൽ എന്ന ഗാനം പുറത്തു വിട്ടിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. യേശുദാസും, ചിത്രയും ചേർന്ന് പാടിയ ഈ ഗാനം കേട്ട പ്രേക്ഷകർ ചോദിക്കുന്നത്, എന്തുകൊണ്ടാണ് ഇത്ര മനോഹരമായ ഈ ഗാനം ചിത്രത്തിൽ ഉൾപ്പെടുത്താതെയിരുന്നത് എന്നാണ്. ചിത്രത്തിന്റെ ക്‌ളൈമാക്‌സിൽ ആദ്യം തീരുമാനിച്ചതിൽ നിന്നും ചില മാറ്റങ്ങൾ വന്നതോടെയാണ് ഈ ഗാനം ഒഴിവാക്കിയത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഏതായാലും ഈ ഗാനം ഇപ്പോൾ വളരെ വലിയ ശ്രദ്ധയാണ് നേടിയെടുക്കുന്നത്. മലയാളത്തിൽ തരംഗമായ അനിയത്തിപ്രാവ് പിന്നീട്, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ ഭാഷകളിലേക്കും റീമേക് ചെയ്‌തു.
ദുബായ്‌യിലെ ജബല്‍ അലി തുറമുഖത്ത് വന്‍ തീപിടുത്തം. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലിലുണ്ടായിരുന്ന കണ്ടയ്നറില്‍ സ്ഫോടനമുണ്ടാകുകയും തീപടര്‍ന്നു പിടിക്കുകയുമായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. പരിക്കോ ആളപായമോ ഇല്ല. 40 മിനിറ്റിനകം തീ നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്ന് ദുബായ് മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു. വന്‍ ശബ്ദത്തോടെ തീപടര്‍ന്നത് നഗരവാസികളെ ഏറെ നേരം ആശങ്കയിലാക്കി.
A fire caused by an explosion within a container on board a ship at Jebel Ali Port has been brought under control; no casualities have been reported. pic.twitter.com/oMTaJhgEYd
— Dubai Media Office (@DXBMediaOffice) July 7, 2021
ലോകത്തിലെ ഏറ്റവും ആഴമേറിയ നീന്തല്‍ക്കുളം ദുബായ്‌യില്‍ ഉദ്ഘാടനം ചെയ്തു. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഡീപ് ഡൈവ് ഉദ്ഘാടനം ചെയ്തത്.
നാദ് അല്‍ ഷെബ പരിസരത്ത് സ്ഥിതിചെയ്യുന്ന ഡീപ് ഡൈവില്‍ 60 മീറ്ററിലേറെ ആഴത്തില്‍ ഡൈവിങ്ങിനും 1.4 കോടി ലിറ്റര്‍ വെള്ളം സംഭരിച്ചുനിര്‍ത്താനുമാവും. ആറ് ഒളിമ്പിക് വലുപ്പത്തിലുള്ള നീന്തല്‍ക്കുളങ്ങള്‍ക്ക് തുല്യമാണ് ഡീപ് ഡൈവ്.
മേഖലയിലെ ഏറ്റവും നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളുന്ന സൗകര്യവും ഇവിടെയുണ്ട് എന്നതാണ് ഡീപ് ഡൈവിന്റെ പ്രത്യേകത. ദുബായ് മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചടങ്ങില്‍ പങ്കെടുത്തു.
ഹിമാചൽപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീരഭദ്ര സിങ് (87) അന്തരിച്ചു. അസുഖബാധിതനായി ദീർഘകാലമായി ചികിത്സ തേടിയിരുന്ന വീരഭദ്ര സിങ് ഇന്ന് പുലർച്ചെ ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിൽ വെച്ചാണ് മരിച്ചത്.
തിങ്കളാഴ്ച ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആരോഗ്യനില വഷളായി. തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം. ഒമ്പത് തവണ എംഎൽഎയും അഞ്ചു തവണ എംപിയുമായിട്ടുള്ള വീരഭദ്ര സിങ് ആറ് തവണ ഹിമാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്.
ഇതിനിടെ ഇദ്ദേഹത്തിന് ജൂൺ 11ന് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് അദ്ദേഹത്തെ കോവിഡ് പിടികൂടുന്നത്. ഏപ്രിൽ 12നാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്.
ഭാര്യ പ്രതിഭ സിങും മകൻ വിക്രമാദിത്യ സിങും രാഷ്ട്രീയ പ്രവർത്തകരാണ്. പ്രതിഭാ സിങ് മുൻ എംപിയായിരുന്നു. മകൻ വിദ്രമാദിത്യ ഷിംല റൂറലിലെ എംഎൽഎയാണ്. വീരഭദ്ര സിങ് കേന്ദ്രമന്ത്രി പദവിയും അലങ്കരിച്ചിട്ടുണ്ട്.
കോഴിക്കോട്: അഞ്ചു വയസ്സുകാരിയെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.പയ്യാനക്കല്‍ ചാമുണ്ഡിവളപ്പില്‍ നവാസ്- സമീറ ദമ്പതികളുടെ മകള്‍ ആയിശ റെയ്ഹാനയാണ് മരിച്ചത്.
ബേപ്പൂര്‍ സ്വദേശികളായ കുടുംബം ചാമുണ്ഡിവളപ്പില്‍ ഏതാനും മാസമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. 12 വയസ്സുള്ള മറ്റൊരു കുട്ടിയും ഇവര്‍ക്കുണ്ട്. സംഭവത്തില്‍ അമ്മ സമീറയെ പോലീസ് കസ്റ്റഡിയിലെടുത്തു.
അമ്മക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി നാട്ടുകാര്‍ പറയുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. വീട്ടില്‍ നിന്ന് ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടിയെ ബോധരഹിതയായി കണ്ടെത്തിയത്.
കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുട്ടിയുടെ കഴുത്തില്‍ ഷാള്‍ മുറുകിയതിൻെറ പാടുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു.
വൈക്കം: ഭര്‍ത്താവിനെ ഉപേക്ഷിച്ച് രണ്ട് വയസുള്ള കുഞ്ഞിനെ കൂട്ടി യുവതി ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി. നാനാടം പിതൃകുന്നം സ്വദേശിയായ 23കാരിയാണ് കുഞ്ഞിനെയും കൂട്ടി ഫേസ്ബുക്ക് കാമുകനൊപ്പം പോയത്. തിങ്കളാഴ്ച രാവിലെ 10.30ന് കുഞ്ഞിനെയും കൂട്ടി അക്ഷയ സെന്ററിലും നഗരസഭയിലും പോയി വരാമെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നുമിറങ്ങിയത്.യുവതിയെ കാണാതായതോടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വൈക്കം പോലീസ് സേറ്റേഷനില്‍ പരാതി നല്‍കി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ യുവതിയും കുഞ്ഞും ആലപ്പുഴ ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയുടെ കൂടെയുണ്ടെന്ന് വിവരം ലഭിച്ചു.
ഫേസ്ബുക്കിലൂടെ പരിചയത്തിലായ ഇയാളുമായി യുവതി അടുപ്പത്തിലാകുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. ആലപ്പുഴ കൈനകരിയില്‍ വിവാഹം കഴിച്ചയച്ച യുവതി ബന്ധുവിന്റെ മരണത്തെ തുടര്‍ന്നു കഴിഞ്ഞ രണ്ടിനാണ് പിതൃകുന്നത്തെ വീട്ടിലെത്തിയത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ യുവതിയുടെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമായത് പോലിസിനേയും ബുദ്ധിമുട്ടിച്ചു. തുടര്‍ന്ന് വിവരം ലഭിച്ച മറ്റൊരു ഫോണിനെ കേന്ദ്രീകരിച്ചു സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവതിയും കുഞ്ഞും ഫേസ്ബുക്ക് സുഹൃത്തിനൊപ്പമുണ്ടെന്ന് കണ്ടെത്തിയത്.
ബിവ്‌റേജ് ഔട്ട്‌ലെറ്റിന് മുന്‍പിലെത്തി കല്യാണപ്പെണ്ണും ചെക്കനും കല്യാണവേഷത്തില്‍ ഇരുന്നപ്പോള്‍ ആദ്യം ആളുകള്‍ അമ്പരന്നു. കാര്യം അന്വേഷിച്ചപ്പോഴാണ് അത് വ്യത്യസ്തമായൊരു പ്രതിഷേധമാണെന്് അറിഞ്ഞത്. ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ തിരൂര്‍ കെ.ജി. പടിയിലെ ബീവറേജസ് ഔട്ട്ലെറ്റിനു മുമ്പില്‍ നടത്തിയ ശ്രദ്ധക്ഷണിക്കല്‍ സമരത്തിന്റെ ഭാഗമായുള്ള പ്രതിഷേധമായിരുന്നു സംഘടിപ്പിച്ചത്.
ഈ പ്രതിഷേധവേദിയിലാണ് സംഘടനാപ്രവര്‍ത്തകരായ പൊന്നാനി സ്വദേശികളായ ഇസ്ഹാഖ് വരനായും ഫവാസ് വധുവായും വേഷമിട്ട് എത്തിയത്. ബീവറേജില്‍ ആയിരങ്ങള്‍ക്ക് വരിനിന്ന് മദ്യംവാങ്ങാം, കല്യാണത്തിന് 20 പേര്‍ക്കേ പങ്കെടുക്കാവൂ എന്ന വിവേചനത്തിലാണ് ഇവരുടെ വ്യത്യസ്തമായ പ്രതിഷേധം.
കാറ്ററിങ് മേഖലയെ സംരക്ഷിക്കുക, കാറ്ററിങ് മേഖലയെ ചെറുകിട വ്യവസായമായി അംഗീകരിക്കുക, ഹാളുകളുടെ വലിപ്പത്തിനനുസരിച്ച് മാനദണ്ഡം പാലിച്ച് വിവാഹങ്ങള്‍ക്ക് അനുമതി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ. പ്രതിഷേധസമരം ഉദ്ഘാടനംചെയ്തു. സംഘടനയുടെ ജില്ലാസെക്രട്ടറി സലീം ബ്രദേഴ്‌സ് അധ്യക്ഷതവഹിച്ചു. കെ.എച്ച്.ജി.ഒ.എ. ജില്ലാസെക്രട്ടറി ആര്‍. ഇബ്രാഹിംകുട്ടി, മുഹമ്മദ്, ഷമീര്‍, നാസര്‍ ബിസ്മി, മജീദ് എന്നിവര്‍ പ്രസംഗിച്ചു.
മലയാളസിനിമയിൽ മമ്മൂട്ടിക്ക് പകരക്കാർ ഇപ്പോഴും എത്തിയിട്ടില്ല എന്ന് തന്നെ പറയാം. പ്രായത്തിനെ വെല്ലുവിളിക്കുന്ന സൗന്ദര്യവും പ്രകടനവും കാഴ്ചവെച്ച മമ്മൂട്ടി ഇപ്പോഴും മലയാള സിനിമയിലെ അതികയാൻ ആയി തുടരുകയാണ്. മെഗാസ്റ്റാർ പരിവേഷവും മമ്മൂട്ടി ഇതിനോടകം തന്നെ നേടി. ആളുകൾക്ക് മനസ്സിൽ ഓർമ്മിക്കാനുള്ള ഒരു പിടി മനോഹരമായ ചിത്രങ്ങൾ സമ്മാനിച്ച ആരാധകരുടെ സ്വന്തം മമ്മൂക്ക. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള നടനാണ് മമ്മൂട്ടി. അതുപോലെതന്നെ അന്യഭാഷകളിലും മമ്മൂക്ക നിരവധി ആരാധകരുണ്ട്.
ഒരു അവാർഡ് ഫംഗ്ഷനിൽ അദ്ദേഹം എത്തുമ്പോൾ പോലും അദ്ദേഹത്തെ ആരാധകർ വളയാറുണ്ട്. അതായത് സിനിമയ്ക്ക് അകത്തും അദ്ദേഹത്തിന് ആരാധകരുണ്ട് എന്ന് പറയുന്നതായിരിക്കും സത്യം. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന വാർത്തയായിരുന്നു മമ്മൂക്ക തെലുങ്കിലേക്ക് അഭിനയിക്കാൻ പോകുന്നുവെന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപ് നമുക്ക് തെലുങ്കിൽ അഭിനയിച്ചിരുന്നത്. ഇപ്പോൾ വീണ്ടും ഒരു രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം തെലുങ്കിലേക്ക് മമ്മൂക്ക. ഈ വരവിന് ഒരു പ്രത്യേകതയുണ്ട് പ്രതിനായകൻ വേഷത്തിലായിരിക്കും മമ്മൂക്ക എത്തുന്നത്.
മമ്മൂക്കയുടെ ഈ വില്ലൻ കഥാപാത്രം എങ്ങനെയായിരിക്കും എന്ന് അറിയാൻ ആരാധകർക്കും ആകാംക്ഷയുണ്ട്. അഖിൽ അക്കിനെനി നായകനായെത്തുന്ന ഏജൻറ് എന്ന ചിത്രത്തിൽ ഒരു വില്ലനായാണ് മമ്മൂട്ടിയെത്തുന്നത് ഇതിനോടകം തന്നെ വാർത്തകൾ വന്നിരുന്നു. ഇപ്പോൾ വീണ്ടും ഏജന്റ് ചിത്രത്തെക്കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ചിത്രത്തിനുവേണ്ടി മമ്മൂക്ക വാങ്ങിയിരിക്കുന്നത് പ്രതിഫലമാണ് ഇപ്പോൾ വീണ്ടും മമ്മൂക്കയെ സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്കുള്ള ഒരു കാരണം ആക്കിയിരിക്കുന്നത്.
ഭീമമായ ഒരു തുകയാണ് മമ്മൂക്ക ചിത്രത്തിനുവേണ്ടി പ്രതിഫലമായി വാങ്ങിയിരിക്കുന്നത് എന്നാണ് ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അത് എത്രയാണ് എന്നും ചില തെലുങ്ക് മാധ്യമങ്ങൾ പറയുന്നുണ്ട്.ഏകദേശം മൂന്നര കോടിയോളം രൂപയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ പ്രതിഫലം എന്നാണ് അറിയാൻ സാധിക്കുന്നത്.
രണ്ടാം മോഡി സര്‍ക്കാറിന്റെ മന്ത്രിസഭാ പുനഃസംഘടനയ്‌ക്കെതിരെ രൂക്ഷപരിഹാസവുമായി കെ മുരളീധരന്‍ എംപി. എത്ര തൊഴുത്തു മാറ്റികെട്ടിയാലും മച്ചിപശു പ്രസവിക്കില്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.
പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവും കോവിഡ് രണ്ടാം തരംഗം തടയുന്നതിലെ പരാജയവും മറച്ചുവെക്കാനാണ് മന്ത്രിസഭാ പുനഃസംഘടനയെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ ഭിക്ഷാംദേഹികളെ ഉള്‍പ്പെടുത്തി ഒരു മാറ്റം വരുത്തിയാല്‍ അത് മുഖം മിനുക്കലല്ല മുഖം കൂടുതല്‍ വികൃതമാക്കലാണ്. ഭാഗ്യാന്വേഷികള്‍ മന്ത്രിസഭയില്‍ കയറി എന്നതിനപ്പുറം ഒരു പ്രത്യേകതയും പുനഃസംഘടനയ്ക്ക് അവകാശപ്പെടാനില്ലെന്നും മുരളീധരന്‍ വിമര്‍ശിച്ചു.
കോണ്‍ഗ്രസ് വിട്ട പ്രമുഖ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ മന്ത്രിസ്ഥാനത്തില്‍ എത്ര സിന്ധ്യമാര്‍ പോയാലും കോണ്‍ഗ്രസ് തകരില്ലെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണുമ്പോള്‍ സിന്ധ്യ എന്താണെന്ന് എല്ലാവര്‍ക്കും ബോധ്യമാകുമെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകത്തില്‍ സിന്ധ്യ തോറ്റതിന്റെ ഉത്തരവാദി കോണ്‍ഗ്രസ്സല്ലെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു രണ്ടാം മോദി സര്‍ക്കാറിന്റെ മന്ത്രിസഭ പുനസംഘടനാ പ്രഖ്യാപനം. 87 അംഗ പുതിയ മന്ത്രിസഭയാണ് വരുന്നത്. 20 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് പുതിയ മന്ത്രിസഭ.
എക്‌സ്ട്രാ ടൈമിന്‍റെ ആദ്യ പകുതിയിൽ ക്യാപ്റ്റൻ ഹാരി കെയ്‌നിന്‍റെ ഗോളിലൂടെ യൂറോ കപ്പ് ഫൈനലിലേക്ക് പറന്നുകയറി ഇംഗ്ലണ്ട്. സെമിഫൈനലിൽ ഡെൻമാർക്കിനെ 2–1നു തോൽപിച്ചാണ് ഇംഗ്ലീഷ് പട ഫൈനലിൽ എത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ഇംഗ്ലണ്ട് യൂറോ കപ്പിന്‍റെ ഫൈനലില്‍ പ്രവേശിക്കുന്നത്.
25 വര്‍ഷത്തെ ഇടവേളക്ക് ശേഷം യൂറോ കപ്പിന്‍റെ സെമിയില്‍ കടക്കുന്നു എന്ന പ്രത്യേകതയുമായാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങിയത്. അതും സ്വന്തം കാണികളുടെ മുമ്പില്‍. തുടക്കം മുതലേ ഇരുടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പം 30–ാം മിനിറ്റിന്‍റെ തുടക്കത്തിൽ മിക്കൽ ഡാംസ് ഗാർഡിന്‍റെ ഫ്രീകിക്ക് ഗോളിലൂടെ ഡെൻമാർക്കാണ് ആദ്യം മുന്നിലെത്തിയത്. ഈ യൂറോയിൽ ഇംഗ്ലണ്ട് വഴങ്ങിയ ആദ്യഗോളായിരുന്നു അത്. തൊട്ടുപിന്നാലെ 39-ാം മിനിട്ടിൽ ഡാനിഷ് ക്യാപ്റ്റൻ സിമോൺ കെയറിന്‍റെ സെൽഫ് ഗോളിൽ ഇംഗ്ലണ്ട് ഒപ്പമെത്തി.ബോക്‌സിനുള്ളില്‍ സ്റ്റെര്‍ലിങിന് ലഭിക്കേണ്ട പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടെ കെയറിന്‍റെ കാലില്‍ തട്ടി പന്ത് വലയില്‍ കയറുകയായിരുന്നു.
ഇതോടെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് കാഴ്‌ച വെച്ചത്. ഇടക്ക് ഇരു ടീമുകളും നിരവധി തവണ ഗോൾ പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും ഒന്നും ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ ആയില്ല. അവസാന നിമിഷങ്ങളില്‍ വിജയ ഗോളിനായി ഇംഗ്ലണ്ട് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഡെന്മാര്‍ക്ക് പ്രതിരോധം മറികടക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
എക്‌സ്ട്രാ ടൈമിലെ വിജയ ഗോൾനിശ്ചിത സമയത്ത് ഇരു ടീമുകളും സമനില പാലിച്ചതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയത്.എക്‌സ്ട്രാ ടൈമിന്‍റെ ആദ്യ പകുതിയില്‍ തുടക്കത്തിലേ ആക്രമിച്ച് കളിച്ച ഇംഗ്ലണ്ട് 104-ാം മിനിട്ടില്‍ തങ്ങള്‍ക്കനുകൂലമായി ലഭിച്ച പെനാല്‍റ്റിയിലൂടെ ഫൈനലിലേക്ക് കടക്കുകയായിരുന്നു.
സ്റ്റെര്‍ലിംഗിനെ ബോക്‌സിനുള്ളില്‍ ഫൗള്‍ ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി ലഭിച്ചത്. ഹാരികെയ്ന്‍ എടുത്ത പെനാല്‍റ്റി കിക്ക് ഷ്‌മൈക്കേല്‍ തടഞ്ഞിട്ടെങ്കിലും രണ്ടാം ശ്രമത്തില്‍ ഇംഗ്ലണ്ട് നായകന്‍ പന്ത് വലയിലെത്തിച്ചു. പിന്നീട് ഡെന്മാര്‍ക്ക് തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്ങിലും സമനില ഗോൾ നേടാനായില്ല.
ഞായറാഴ്‌ച രാത്രി വെംബ്ലിയില്‍ വെച്ച് തന്നെ നടക്കുന്ന ഫൈനലില്‍ ഇറ്റലിയാണ് ഇംഗ്ലണ്ടിന്‍റെ എതിരാളികള്‍. 1966ൽ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനലിൽ കിരീടം നേടിയതിനു ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഒരു മേജർ ചാംപ്യൻഷിപ്പിന്‍റെ ഫൈനൽ കളിക്കുന്നത്.