Latest News

കൈക്കരുത്തിന്റെ കായിക മാമാങ്കമായ പഞ്ചഗുസ്തി മത്സരം ഈ വരുന്ന മാർച്ച് മാസം ഒന്നാം തീയതി ലിവർപൂളിൽ വച്ചു നടത്തപ്പെടുന്നു. യു. കെയിൽ ആദ്യകാല വടംവലി ടീമിൽ ഒന്നായ ലിവർപൂൾ ടൈഗേഴ്‌സ് ആണ് യു കെ മലയാളികൾക്ക് വേണ്ടി പഞ്ചഗുസ്തി മത്സരം നടത്തുന്നത്. ലിവർപൂളിലെ വിസ്റ്റൺ ടൗൺ ഹാളിൽ ആണ് മത്സരം നടക്കുക. യു കെയിൽ ദേശീയ തലത്തിൽ ഇദംപ്രഥമായി നടത്തപ്പെടുന്ന ഈ പഞ്ചഗുസ്തി മത്സരത്തിൽ യു കെയിലുള്ള ഏത് മലയാളിക്കും പങ്കെടുക്കാവുന്നതാണ്. തികച്ചും പ്രൊഫഷണലായി നടത്തപ്പെടുന്ന ഈ മത്സരത്തിനാവശ്യമായ ടേബിളുകൾ സംഘാടകർ വരുത്തിക്കഴിഞ്ഞു.

വെയിറ്റിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും മത്സരങ്ങൾ നടത്തുന്നത് എന്നു സംഘാടകർ അറിയിച്ചിട്ടുണ്ട്. പുരുഷന്മാരുടെ വലം കൈ മൽസരങ്ങൾ മാത്രമാണ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

മത്സര വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസും ട്രോഫിയും ഉണ്ടായിരിക്കുന്നതാണ്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 20 തീയതിക്ക് മുൻപായി സംഘാടകരെ ബന്ധപ്പെട്ട് തങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്തിരിക്കേണ്ടതാണ്.

കൈക്കരുത്തും മനക്കരുത്തും കൈകോർക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കുവാനും മത്സരത്തിന്റെ ആവേശത്തിൽ മതിമറന്നാഹ്ളാദിക്കുവാനും മലയാളികൾക്ക് മാത്രമായി നടത്തുന്ന ഈ മത്സരത്തിലേക്ക് ഏവരെയും ക്ഷണിക്കുകയാണ്. പേരുകൾ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന മത്സരാർത്ഥികൾ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

മത്സരത്തോട്നുബന്ധിച്ച് തനതു കേരള രുചിവൈവിധ്യങ്ങൾ ആസ്വദിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.

Blesson – +44 7405 575123
Cleisher – +44 7909 263001
Sejin – +44 7570 185064
രജിസ്റ്റർ ചെയ്യുവാനുള്ള ലിങ്ക്
https://docs.google.com/forms/d/1L17UL-cZlCe0Yg6Ws-KZASwWBuwRNw2Fvqau-vDKp3k/edit

റോമി കുര്യാക്കോസ്

ബോൾട്ടൻ: ഭരണഘടന അംഗീകരിച്ചതിന്റെയും രാജ്യത്തിൻ്റെ ഐക്യത്തിന്റെയും ശക്തിയുടെയും ജനാധിപത്യ മൂല്യങ്ങളുടെയും ഓർമ്മപ്പെടുത്തലുമായി ഒ ഐ സി സി (യു കെ) ബോൾട്ടൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 76 – മത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം പ്രൗഡഗംഭീരമായി.

ദേശീയതയുടെ പ്രതീകമായ ഇന്ത്യൻ പാതകയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ത്രിവർണ്ണ കൊടിതോരണങ്ങളും കൊണ്ട് കമനീയമായ വേദിയിൽ സംഘടിപ്പിച്ച ചടങ്ങുകൾ ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി (യു കെ) ബോൾട്ടൻ യൂണിറ്റ് പ്രസിഡന്റ്‌ ജിബ്സൺ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് ആമുഖവും ബോൾട്ടൻ യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ബിന്ദു ഫിലിപ്പ് സ്വാഗതവും ആശംസിച്ചു.

പ്രവാസലോകത്താണെങ്കിലും വളർന്നു വരുന്ന പുതു തലമുറ നമ്മുടെ ദേശീയതയും പാരമ്പര്യങ്ങളായ ദേശീയ ചിഹ്നങ്ങൾ, ദേശീയ പതാക തുടങ്ങിയവയുടെ രൂപവും ശ്രേഷ്ഠതയും പ്രാധാന്യവും മനസിലാക്കുന്നതിനും ഉൾക്കൊള്ളുന്നതിനുമായി റിപ്പബ്ലക് ദിനാചാരണത്തിന്റെ ഭാഗമായി ‘റിപ്പബ്ലിക് ദിന തീം’ ആസ്പദമാക്കി കുട്ടികൾക്കായി ക്രമീകരിച്ച ‘കളറിങ് മത്സരം’ വലിയ പങ്കാളിത്തത്തിൽ നടത്തപ്പെട്ടതും ശ്രദ്ധേയമായി. ഇന്ത്യൻ ദേശീയ പതാകയും ത്രിവർണ്ണ നിറങ്ങളും ചാരുതയോടെ വർണ്ണകൂട്ടുകലായി കുട്ടികളുടെ മനസുകളിൽ ലയിപ്പിക്കാനായി എന്നതും പരിപാടിയുടെ വിജയ ഘടകമായി.

മത്സരത്തിൽ പങ്കെടുത്തവർക്കും വിജയികളായവർക്കുമായി ഒ ഐ സി സി (യു കെ) – യുടെ ലോഗോ ആലേഖനം ചെയ്ത ട്രോഫികളും മെഡലുകളും മറ്റ് സമ്മാനങ്ങളും സംഘാടകർ ഒരുക്കിയിരുന്നു. വിജയികൾക്കുള്ള സമ്മാനദാനം നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് നിർവഹിച്ചു.

പ്രതികൂല കാലാവസ്ഥയിലും ബോൾട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പ്രവർത്തകർ ആഘോഷ ചടങ്ങുകളിൽ പങ്കെടുത്തു. ബോൾട്ടന്റെ സമീപ പ്രദേശമായ അക്റിങ്ട്ടണിലെ ഒ ഐ സി സി യൂണിറ്റിൽ നിന്നുമുള്ള പ്രവർത്തകരും ചടങ്ങിന്റെ ഭാഗമായി.

ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി അംഗം ബേബി ലൂക്കോസ്, അക്‌റിങ്റ്റൺ യൂണിറ്റ് പ്രസിഡന്റ്‌ അരുൺ പൗലോസ് തുടങ്ങിയവർ ആശംസ അർപ്പിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്ക്‌ ബോൾട്ടൻ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഋഷിരാജ് നന്ദി അർപ്പിച്ചു. സ്നേഹവിരുന്നിനും ദേശീയഗാനാലാപനത്തിനും ശേഷം ചടങ്ങുകൾ അവസാനിച്ചു.

പാലക്കാട്ടെ എലപ്പുള്ളിയില്‍ മദ്യനിർമാണശാല വേണ്ടെന്ന് സിപിഐ. ആലപ്പുഴയിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനം. മദ്യനിർമാണശാലയുമായി ബന്ധപ്പെട്ട് വിവാദം കനക്കുകയും പാലക്കാട്ടെ സിപിഐ ജില്ലാ നേതൃത്വം പദ്ധതിക്കെതിരേ വലിയ വിമർശനം ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് എക്സിക്യൂട്ടീവ് ചേർന്നത്. വിഷയത്തിൽ സിപിഐയുടെ ആശങ്ക എൽ.ഡി.എഫ് നേതൃത്വത്തെ അറിയിക്കും.

എലപ്പുള്ളിയിൽ മദ്യക്കമ്പനി തുടങ്ങാന്‍ സംസ്ഥാന സർക്കാർ അനുമതി നൽകിയതിനുപിന്നാലെ സിപിഐയ്ക്കുള്ളിൽ എതിർപ്പ് ശക്തമായിരുന്നു. മദ്യക്കമ്പനിയുമായി ബന്ധപ്പെട്ട വിഷയം മുന്നണിയിൽ ചർച്ച ചെയ്തില്ലെന്ന് സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം ഉൾപ്പടെയുള്ള സിപിഐ നേതാക്കൾ വിമർശിച്ചിരുന്നു.

സര്‍ക്കാര്‍ നല്‍കിയ അനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ്, ബിനോയ് വിശ്വത്തിന് നേരത്തേ കത്തുനല്‍കുകയും ചെയ്തു. എലപ്പുള്ളി പഞ്ചായത്തില്‍ മദ്യക്കമ്പനി പ്രവര്‍ത്തനമാരംഭിക്കുന്നത് പാലക്കാട്ടെ കുടിവെള്ളപ്രശ്‌നം രൂക്ഷമാക്കുമെന്നായിരുന്നു മുന്നറിയിപ്പ്. നിലവിലുള്ള തണ്ണീര്‍ത്തട നിയമങ്ങളെയും മാലിന്യസംസ്‌കരണ നിയമങ്ങളെയും അട്ടിമറിച്ചുകൊണ്ടാവും കമ്പനി പ്രവര്‍ത്തിക്കുകയെന്നായിരുന്നു യോഗം വിലയിരുത്തിയത്.

അമിതമായ ജലചൂഷണത്തിനെതിരേ ലോകശ്രദ്ധ ആകര്‍ഷിച്ച പാലക്കാട്ടെ പ്ലാച്ചിമടയും പുതുശ്ശേരിയും എല്‍.ഡി.എഫ്. മറക്കരുതെന്ന പരാമർശവും സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവിലുണ്ടായി. കൊക്കോകോളയുടെ ജലചൂഷണത്തിനും പരിസ്ഥിതി മലിനീകരണത്തിനുമെതിരേ പ്ലാച്ചിമടയിലും പെപ്‌സിയുടെ ജലചൂഷണത്തിനെതിരേ പുതുശ്ശേരിയിലും വര്‍ഷങ്ങള്‍ നീണ്ടുനിന്ന ജനകീയസമരവും നിയമപോരാട്ടവും നടത്തിയിരുന്ന കാര്യം നിര്‍വാഹകസമിതി യോഗത്തില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു.

നടി മഞ്ജു വാര്യരെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകൻ സനല്‍കുമാര്‍ ശശിധരന്‍. മഞ്ജുവിന് തന്നെ ഇഷ്ടമാണ് എന്നും ആ ഇഷ്ടം തുറന്നു പറയാൻ സാധിക്കാത്ത അവരുടെ ജീവന് ഭീഷണി ഉള്ളതിനാല്‍ ആണെന്നും പറയുകയാണ് സനല്‍കുമാര്‍.

”സമൂഹം ഒരു തമാശയാണ്. അങ്ങനെ ഒന്ന് നിലനില്‍ക്കുന്നു തന്നെയില്ല എന്ന് തോന്നും ചിലപ്പോള്‍. എന്റെയോ നിന്റെയോ എന്നുള്ളത് മാറ്റിവെച്ചാലും ഞാൻ പുറത്തുവിട്ട സംഭാഷണത്തില്‍ രണ്ടു മനുഷ്യരാണല്ലോ ഉള്ളത്. അതാരായിക്കോട്ടെ, ഒരു സ്ത്രീയെ അവള്‍ക്ക് ഇഷ്ടമുള്ളയാളോട് സംസാരിക്കാൻ അനുവദിക്കുന്നില്ല എന്നും അതിനു ശ്രമിച്ചാല്‍ ആ സ്ത്രീയുടെയും മകളുടെയും ജീവന് ഭീഷണിയാകും എന്നുമാണല്ലോ പ്രധാനമായും അതിലുള്ളത്.

അതാരാണെന്ന് ബോധമുള്ള സമൂഹം ചോദിക്കണ്ടേ? അതില്‍ സത്യമുണ്ടോ എന്ന് അന്വേഷിക്കേണ്ടേ? ഞാൻ പൊതുസമൂഹത്തെ പറ്റിക്കുകയാണ് എന്ന് വാദിച്ചാല്‍ പോലും അതിന്റെ സത്യാവസ്ഥ തിരക്കി പോകാൻ ഒരു സമൂഹം തയാറാവേണ്ടതില്ലേ? നീ പറഞ്ഞത് ശരിതന്നെയാണ്. ഇതൊരു പാഴ് സമൂഹമാണ്. ഞാൻ തോല്‍വി സമ്മതിച്ചു. മുൻപ്, നിന്റെ മൗനം എന്നില്‍ ഉണർത്തിയിരുന്ന വികാരം കോപമായിരുന്നു.

ഇപ്പോള്‍ ഭയവും ആധിയുമാണ്. നിന്നെയോർക്കുമ്ബോള്‍ ഉള്ളിലാളുന്ന തീ കാരണം എഴുതാതിരിക്കാൻ കഴിയുന്നില്ല. കടലാസ് വഞ്ചി പുഴയില്‍ ഒഴുക്കിവിടുമ്ബോലെ നിന്നിലേക്ക് എത്തുമായിരിക്കും എന്ന പ്രതീക്ഷയില്‍ എന്തൊക്കെയോ കുറിക്കുന്നു. നമ്മുടെ പ്രണയം ഇങ്ങനെ പൊതുസമൂഹത്തില്‍ വിളിച്ചുപറയേണ്ടിവരുന്നതില്‍ എനിക്ക് സങ്കടമുണ്ട്. പക്ഷെ മറ്റെന്താണ് വഴി? എന്താണ് ഈ ലോകം ഇത്ര ക്രൂരമായി പോകുന്നതിന്റെ കാരണം…” സനല്‍കുമാര്‍ കുറിച്ചു. കയറ്റം എന്ന സിനിമയിലെ മഞ്ജുവിന്റെ ചിത്രവും ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മഞ്ജുവാര്യർക്ക് തന്നോട് പ്രണയമാണെന്ന് കുറിച്ച്‌, താരം തന്നോട് സംസാരിച്ച കോള്‍ റെക്കോർഡുകള്‍ പങ്കുവെക്കുകയാണ് എന്ന് അവകാശപ്പെട്ടു കൊണ്ട് ഒരു ഓഡിയോ ക്ലിപ്പ് കഴിഞ്ഞദിവസം സനല്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ മഞ്ജു വാര്യർ ഇതുവരെയും ഈ കാര്യത്തില്‍ യാതൊരു പ്രതികരണങ്ങളും അറിയിച്ചിട്ടില്ല ഇതിന് മുൻപ് സനല്‍കുമാറിനെതിരെ പരാതി കൊടുക്കാൻ മഞ്ജു നേരിട്ട് രംഗത്ത് വന്നിരുന്നു.

ഈയൊരു വിഷയത്തില്‍ ഏറ്റവും കൂടുതല്‍ വിമർശനം ഏല്‍ക്കേണ്ടി വന്നത് സനല്‍കുമാറിനാണ്. അത്തരത്തില്‍ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള വിമർശനം തന്നെയാണ് താരത്തിനെതിരെ ഉയർന്നു വന്നുകൊണ്ടിരിക്കുന്നത് പലരും സന്തോഷ് വർക്കിയോടാണ് സനല്‍കുമാറിനെ ഉപമിക്കുന്നത്.

നെന്മാറ പോത്തുണ്ടിയിൽ ഇരട്ടക്കൊലപാതകം. അമ്മയെയും മകനെയും അയൽവാസി വെട്ടിക്കൊലപ്പെടുത്തി. പോത്തുണ്ടി സ്വദേശി സുധാകരൻ അമ്മ മീനാക്ഷി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ചെന്താമരയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

രാവിലെയോടെയായിരുന്നു സംഭവം. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ചെന്താമര. ഇതിൽ ജയിലിൽ കഴിയുകയായിരുന്ന ഇയാൾ അടുത്തിടെയാണ് ജയിൽ മോചിതനായത്.

2019 ൽ ആയിരുന്നു ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ ആണ് ഇവരുടെ താമസം. ദീർഘ കാലമായി ഇയാൾ ഭാര്യയിൽ നിന്നും മക്കളിൽ നിന്നും അകന്ന് കഴിയുകയായിരുന്നു. ഇതിന് കാരണം സുധാകരനും കുടുംബവും ആണെന്ന് ആയിരുന്നു ചെന്താരമ തെറ്റിദ്ധരിച്ചിരുന്നത്. ഇതിന്റെ വൈരാഗ്യത്തിൽ സജിതയെ കൊലപ്പെടുത്തുകയായിരുന്നു.

സുധാകരൻ തിരുപ്പൂരിൽ ജോലി സ്ഥലത്ത് ആയിരുന്നു. കുട്ടികൾ രാവിലെ സ്‌കൂളിലേക്കും പോയി. ഈ സമയം അവിടെ എത്തിയ ചെന്താമര. സജിതയെ കത്തികൊണ്ട് പിന്നിൽ നിന്നും കുത്തുകയായിരുന്നു. ഇതിന് ശേഷം ചെന്താമര സമീപത്തെ കാട്ടിലേക്ക് ഓടിപ്പോയി. തുടർന്ന് അതിസാഹസികമായി പിടികൂടുകയായിരുന്നു.

ഓഹരി വിപണി ഏഴ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്ന് ബിഎസ്ഇ സെന്‍സെക്സ് 824 പോയിന്റ് ഇടിഞ്ഞു. സെന്‍സെക്സ് 75,366 പോയിന്റിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി.

നിഫ്റ്റി 263 പോയിന്റ് ഇടിഞ്ഞതോടെ 23,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി. 2024 ജൂണ്‍ ആറിന് ശേഷം ആദ്യമായാണ് നിഫ്റ്റി 23,000 ലെവലിനും താഴെ പോകുന്നത്. 22,829 പോയിന്റിലാണ് നിഫ്റ്റിയില്‍ വ്യാപാരം അവസാനിച്ചത്.

ഐടി, എണ്ണ, പ്രകൃതി വാതക ഓഹരികളില്‍ ഉണ്ടായ വില്‍പന സമ്മര്‍ദ്ദമാണ് വിപണിയെ ബാധിച്ചത്. ആഗോള വിപണിയിലെ പ്രതികൂല സാഹചര്യങ്ങളും വിപണിയെ സ്വാധീനിച്ചു. സെന്‍സെക്സ് 1.08 ശതമാനമാണ് ഇടിഞ്ഞത്. ഐടിക്ക് പുറമേ ടെലികോം, പവര്‍, ഫാര്‍മ ഓഹരികളും നഷ്ടം നേരിട്ടു.

അമേരിക്കന്‍ വ്യാപാര നയം സംബന്ധിച്ച അനിശ്ചിതത്വമാണ് വിപണിയെ ബാധിച്ചത്. ഇത് ഇന്ത്യയെയും ബാധിക്കുമോ എന്ന ചിന്തയില്‍ നിക്ഷേപകര്‍ കരുതലോടെയാണ് വിപണിയില്‍ ഇടപെടുന്നത്. സെന്‍സെക്സില്‍ എച്ച്സിഎല്‍ ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. 4.49 ശതമാനമാണ് എച്ച്സിഎല്‍ ഓഹരി ഇടിഞ്ഞത്.

ടെക് മഹീന്ദ്ര, പവര്‍ ഗ്രിഡ്, ടാറ്റ മോട്ടോഴ്സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ട മറ്റ് ഓഹരികള്‍. മെച്ചപ്പെട്ട മൂന്നാം പാദ ഫലത്തെ തുടര്‍ന്ന് ഐസിഐസിഐ ബാങ്ക് മുന്നേറ്റം കാഴ്ചവെച്ചത് ശ്രദ്ധേയമായി. 1.39 ശതമാനമാണ് ഐസിഐസിഐ ബാങ്ക് ഉയര്‍ന്നത്.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രയത്നിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും സംയുക്തമായി വിവേകാനന്ദ ജയന്തി വിപുലമായ രീതിയിൽ ആഘോഷിച്ചു. കുട്ടികൾ അവതരിപ്പിച്ച ഭജന,സ്വാമി വിവേകാനന്ദ പ്രഭാഷണം,തുടർന്ന് ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരുന്നു, ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ആളുകൾ ഈ ആഘോഷത്തിൽ പങ്കെടുത്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്രോയിഡൺ: ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനം ഉത്സവമായ് സറേ റീജൻ ഒഐസിസി പ്രവർത്തകർ ആഘോഷിച്ചു. കഠിനമായ കാലാവസ്ഥയ്ക്കിടയിലും സറേ റീജിയന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒഐസിസി പ്രവർത്തകർ രാജ്യത്തോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിക്കാനായി ആവേശത്തോടെ പരിപാടിയിൽ പങ്കെടുത്തു.

പരിപാടി ഒഐസിസി സറേ റീജൻ പ്രസിഡന്റ് ശ്രീ വിൽസൺ ജോർജിന്റെ അധ്യക്ഷതയിൽ നടന്നു. ദേശീയഗാനാലാപനത്തോടെ ആരംഭിച്ച സമ്മേളനത്തിൽ റിപ്പബ്ലിക് ദിനത്തെ അനുബന്ധിച്ചുള്ള സന്ദേശങ്ങൾ പങ്കുവയ്ക്കുകയും, സ്വാതന്ത്ര്യ സമര നായകരുടെ ത്യാഗങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്തു.

പരിപാടിയിൽ ഒഐസിസി നാഷണൽ വർക്കിംഗ് പ്രസിഡന്റ് ശ്രീ ബേബികുട്ടി ജോർജ്, നാഷണൽ ജനറൽ സെക്രടറിമാരായ ശ്രീ അഷ്‌റഫ് അബ്ദുള്ള, ശ്രീ തോമസ് ഫിലിപ്പ്, നാഷണൽ ജോയിന്റ് സെക്രടറി ജയൻ റൺ, സറേ റീജൻ വൈസ് പ്രസിഡന്റുമാരായ ശ്രീ ജെറിൻ ജേക്കബ്, ശ്രീമതി നന്ദിത നന്ദൻ, ട്രഷറർ ശ്രീ അജി ജോർജ് എന്നിവരും , ശ്രീ സണ്ണി കുഞ്ഞുരാഘവൻ , ശ്രീ ഷാജി വാസുദേവൻ ശ്രീ ഗ്ലോബിറ്റ് ഒലിവർ എന്നിവരും മീറ്റിങ്ങിൽ സന്നിഹിതരായിരുന്നു.

 

“ജനാധിപത്യം ഉയർത്തിപ്പിടിക്കുന്ന ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണ്,” എന്നായിരുന്നു ശ്രീ വിൽസൺ ജോർജിന്റെ മുഖ്യ സന്ദേശം. “ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയ ത്യാഗങ്ങൾക്കുള്ള ആദരവാണ് റിപ്പബ്ലിക് ദിനം. ഇന്ത്യയുടെ ജനാധിപത്യവും പരമാധികാരതയും ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്കായി ആഘോഷിക്കപ്പെടേണ്ടതാണെന്ന്” അദ്ദേഹം ഓർമ്മിപ്പിച്ചു.

രാഷ്ട്രീയത്തിനും മതത്തിനും മുകളിലായി ഒരു മഹത്തായ സംസ്‌കാരത്തിന്റെ പരിരക്ഷകൻ എന്ന നിലയിൽ നമ്മുടെ പൗരന്മാർ ഒരുമയോടെ മുന്നോട്ട് പോവേണ്ടതുണ്ടെന്നും, സ്വാതന്ത്ര്യത്തിനും മതേതരത്വത്തിനുമുള്ള പ്രതിജ്ഞ പുതുക്കി ബഹുസ്വരതയുള്ള ഇന്ത്യയുടെ സംരക്ഷകർ ആവേണ്ടതാണെന്നും” ശ്രീ ബേബികുട്ടി ജോർജ് പ്രസ്താവിച്ചു. “ഇന്ത്യയുടെ ഭരണഘടനയെ ലോകത്തിലെ മികച്ച ഭരണഘടനകളിലൊന്നാക്കിയത് ജനങ്ങളുടെയും നേതാക്കളുടെയും ചിതറാതെയുള്ള സമരമായിരുന്നു. ഈ സ്വാതന്ത്ര്യവും ജനാധിപത്യവും നിലനിർത്തുക ഒരു മഹത്തായ ഉത്തരവാദിത്വമാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീ ബേബികുട്ടി ജോർജിന്റെ പ്രസംഗത്തിൽ, “ഒഐസിസി ദേശീയ പ്രസിഡന്റ് ശ്രീമതി ഷൈനു ക്ലയർ മാത്യു എല്ലാ സറേ പ്രവർത്തകർക്കും റിപ്പബ്ലിക് ദിന ആശംസകൾ” അറിയിക്കാൻ തന്നെ ഏല്പിച്ചിട്ടുണ്ടന്നും ആരോഗ്യ സ്ഥിതി മോശമായതിനാലാണ് പ്രസിഡന്റ് പ്രസിഡന്റ് പങ്കെടുക്കാതെന്നും ശ്രീ ബേബികുട്ടി ജോർജ് അറിയിച്ചു .

മുഖ്യ പ്രഭാഷകനായ ശ്രീ അഷ്‌റഫ് അബ്ദുള്ള തന്റെ പ്രസംഗത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര സമര നായകരുടെയും ഗാന്ധിജിയുടെ പ്രാധാന്യവും ഭരണഘടന സംരക്ഷണത്തിന്റെ ഉത്തരവാദിത്തവും വിശദീകരിച്ചു. ശ്രീമതി ഇന്ദിരാജിയെയും , ശ്രീ രാജീവ് ജി യെയും അദ്ദേഹം തന്റെ വാക്കുകളിൽ അനുസ്മരിച്ചു , തുടർന്ന് ശ്രീ തോമസ് ഫിലിപ്പ്, “സ്വാതന്ത്ര്യത്തിന്മേലുള്ള ഭീഷണികളെ” ചൂണ്ടിക്കാണിക്കുകയും, “ഇന്ത്യൻ പൗരന്മാർക്കെല്ലാം ഭരണഘടന സംരക്ഷണം നിർബന്ധമാണെന്നും” ഓർമ്മിപ്പിച്ചു.

സറേ റീജൻ വൈസ് പ്രസിഡന്റ് ശ്രീ ജെറിൻ ജേക്കബ്, “ഇന്ത്യയിലെ ജാതി-മത കലാപങ്ങൾ ഇല്ലാതായാൽ മാത്രമേ സ്വാതന്ത്ര്യത്തിന്റെ ആഖ്യാനം പൂർണമായിരിക്കൂ” എന്ന നിലപാട് ശക്തമായി തൻ നന്ദി പ്രസംഗത്തിൽ പറഞ്ഞു

പരിപാടി ദേശീയഗാനാലാപനത്തോടെയും കേക്ക് മുറിച്ചും Republic Day-യുടെ മധുരം പങ്കുവെച്ചും സമാപിച്ചു

പഞ്ചാരക്കൊല്ലിയിലെ ആളെകൊല്ലി കടുവ ചത്ത നിലയില്‍. കടുവയെ കണ്ടെത്തിയത് പിലാക്കാട് ഭാഗത്ത് ജനവാസ മേഖലയിലാണ്. 80 അംഗ ആര്‍ആര്‍ടി സംഘം തിരിച്ചില്‍ തുടരവേയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവയുടെ മരണത്തിന് ഇടയാക്കിയ സംഭവമെന്ന് വ്യക്തമായിട്ടില്ല. ഇന്നലെ തിരച്ചിലിനിടെ കടുവ ആര്‍ ആര്‍ടി സംഘത്തെയും ആക്രമിച്ചിരുന്നു. ഇന്നലെ കടുവയ്ക്ക് വെടികൊണ്ടുവെന്ന സംശയവും ഉടലെടുത്തിരുന്നു.

നേരത്തെ കടുവസാന്നിധ്യമുള്ള പ്രദേശങ്ങളായ പഞ്ചാരക്കൊല്ലി, മേലേ ചിറക്കര, പിലാക്കാവ്, മൂന്നു റോഡ് ഭാഗം, മണിയം കുന്ന് ഭാഗങ്ങളില്‍ 48 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യപിച്ച് പരിശോധന നടത്തിവരികയായിരുന്നു. 80 അംഗ ആര്‍ആര്‍ടി 10 സംഘങ്ങളായി കടുവയെ പിടികൂടാന്‍ പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയിരുന്നു.

വയനാട് പഞ്ചാരക്കൊല്ലിയില്‍ ആദിവാസി സ്ത്രീയെ കൊന്ന കടുവയെ നരഭോജിയെന്ന് പ്രഖ്യാപിച്ച് ഉത്തരവിറക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. കടുവയെ വെടിവച്ച് കൊല്ലാനുള്ള എസ്ഒപിയുടെ ആദ്യപടിയാണ് നരഭോജിയായി പ്രഖ്യാപിച്ചുള്ള ഉത്തരവിറക്കല്‍. സംസ്ഥാനത്ത് ആദ്യമായാണ് അസാധാരണമായ ഈ പ്രഖ്യാപനം.

തുടര്‍ച്ചയായി ആക്രമണം വന്നതിനാലാണ് നരഭോജി കടുവ എന്ന പ്രഖ്യാപിച്ചിരിക്കുന്നത്. സ്ത്രീയെ കൊലപ്പെടുത്തിയ കടുവ തന്നെ ആണ് ആര്‍ആര്‍ടി ഉദ്യോഗസ്ഥനെയും ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചിരുന്നു. ദൗത്യത്തിനിറങ്ങിയ ഞഞഠ അംഗത്തിന് നേരെ കടുവ ചാടിവീണത്. കടുവയുടെ നഖം കൊണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജയസൂര്യയുടെ വലത് കൈക്ക് പരിക്കേറ്റിരുന്നു. ഷീല്‍ഡ് കൊണ്ട് പ്രതിരോധിച്ചതോടെയാണ് കടുവ ഓടിമറഞ്ഞത്.

തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ നാല് പേര്‍ തിരയില്‍പ്പെട്ട് മരിച്ചു. കല്‍പ്പറ്റ സ്വദേശികളായ അനീസ(35), വാണി(32), ബിനീഷ്(40), ഫൈസല്‍ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലോടെയാണ് അപകടം സംഭവച്ചിത്.

വിനോദയാത്രയ്ക്കായി ബീച്ചില്‍ എത്തിയ 24 അംഗ സംഘത്തില്‍പ്പെട്ട അഞ്ച് പേര്‍ തിരയില്‍പ്പെട്ടതായാണ് വിവരം. അഞ്ചാമത്തെയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും നാല് പേരെ രക്ഷിക്കാനായില്ല. മരിച്ച നാല് പേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved