മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ യുഎസ് കോണ്‍ഗ്രസിന്റെ ഉപരിസഭയായ സെനറ്റില്‍ ആരംഭിച്ചു. ജനുവരി ആറിനു നടന്ന കാപ്പിറ്റോള്‍ കലാപത്തിന് പ്രേരണ നല്‍കിയെന്ന കുറ്റമാണ് ട്രംപിനെതിരേ ആരോപിക്കപ്പെടുന്നത്.
കോണ്‍ഗ്രസിന്റെ അധോസഭയായ ജനപ്രതിനിധി സഭ നേരത്തേ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലേ സെനറ്റില്‍ കുറ്റവിചാരണ പാസാകൂ. നിലവില്‍ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കും ഭരണകക്ഷിയായ ഡെമോക്രാറ്റിക്ക് പാർട്ടിക്കും 50 അംഗങ്ങള്‍ വീതമാണുള്ളത്.
യുഎഇയുടെ ചൊവ്വാദൗത്യ പര്യവേക്ഷണ ഉപഗ്രഹമായ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ അറബ് രാജ്യവും ലോകത്തിലെ അഞ്ചാമത്തെ രാഷ്ട്രവുമാണു യുഎഇ. ഏഴു മാസത്തെ യാത്രയ്ക്കു ശേഷമാണു ഹോപ് പ്രോബ് ചൊവ്വാഴ്ച രാത്രി ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. പ്രോബിന്റെ പരീക്ഷണ ദൗത്യങ്ങൾ ഉടൻ ആരംഭിക്കുമെന്നു യുഎഇ അറിയിച്ചു.
ഒരാഴ്ചയ്ക്കുള്ളിൽ ചിത്രങ്ങൾ അയച്ചു തുടങ്ങും. 3 അത്യാധുനിക സംവിധാനങ്ങളിലൂടെയാണു പര്യവേക്ഷണം നടക്കുക. ചൊവ്വയിലെ ഒരു വർഷം കൊണ്ട് (അതായത് ഭൂമിയിലെ 687 ദിവസങ്ങൾ) ഈ വിവരശേഖരണം ഏതാണ്ട് പൂർണമായി നടത്തും. ഇത്രയും ദിനങ്ങൾ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ തുടരും. ചുവപ്പൻ ഗ്രഹമായ ചൊവ്വയെ ഒന്നു ചുറ്റാൻ 55 മണിക്കൂറാണു ഹോപ് പ്രോബിന് വേണ്ടിവരിക.
ആയിരം കിലോമീറ്റർ അടുത്തുവരെ പോകാനാകും. 49,380 കിലോമീറ്റർ ആണ് ഭ്രമണപഥത്തിലെ ഏറ്റവും അകന്ന ദൂരം. 493 ദശലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ഹോപ് പ്രോബ് ചൊവ്വയിലെത്തിയത്. എമിറേറ്റ്സ് മാർസ് സ്പെക്ട്രോ മീറ്റർ, എമിറേറ്റ്സ് മാർസ് ഇമേജർ, എമിറേറ്റ്സ് മാർസ് ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്റർ എന്നീ മൂന്ന് ഉപകരണങ്ങൾ ഉപയോഗിച്ചാണ് പര്യവേക്ഷണം.
പൊടി, ജലം, ഐസ്, നീരാവി, താപനില തുടങ്ങിയ മനസ്സിലാക്കാൻ ഉതകുന്ന 20 ചിത്രങ്ങൾ വീതം ഓരോ ഭ്രമണത്തിലും എമിറേറ്റ്സ് മാർസ് സ്പെക്ട്രോ മീറ്റർ ഭൂമിയിലേക്ക് അയയ്ക്കും. 11 മിനിറ്റ് വേണം ചിത്രങ്ങൾ ഭൂമിയിലെത്താൻ. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും ഓസോൺ, ജലം, ഐസ് എന്നിവയുടെ സാന്നിധ്യത്തെക്കുറിച്ചും അറിയാൻ ഉപകരിക്കുന്ന 20 ചിത്രങ്ങൾ വീതം ഇതുപോലെ മാർസ് ഇമേജറും അയയ്ക്കും.
ഹൈഡ്രജൻ, ഓക്സിജൻ, കാർബൺ മോണോക്സൈഡ് എന്നിവയുടെ സാന്നിധ്യം മനസ്സിലാക്കാൻ കഴിയുന്ന ചിത്രങ്ങൾ അയയ്ക്കുകയാണ് ഇൻഫ്രാറെഡ് സെപ്ക്ട്രോമീറ്ററിന്റെ ജോലി. ഓരോ പത്തു ദിവസം കൂടുമ്പോഴും ഇങ്ങനെ ചൊവ്വയുടെ വിവിധ പ്രദേശങ്ങളിലെ ചിത്രങ്ങൾ അയച്ചു കൊണ്ടിരിക്കും. ചൊവ്വയുടെ അന്തരീക്ഷം സംബന്ധിച്ച സമഗ്രചിത്രം ലഭിക്കാൻ പോകുന്നത് ഇതാദ്യമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഭൂമിയിലെ രണ്ടു വർഷം മുഴുവൻ ഇങ്ങനെ സമഗ്ര വിവരങ്ങൾ ലഭിക്കുന്നത് ചൊവ്വയെപ്പറ്റി വ്യക്തമായി മനസ്സിലാക്കാൻ ഉപകരിക്കും. 200ലേറെ ബഹിരാകാശ പഠനകേന്ദ്രങ്ങളിലേക്കും ഈ ചിത്രങ്ങൾ പോകും. ഹോപ് പ്രോബിന് 73.5 കോടി ദിർഹമാണു ചെലവ്. 450-ലേറെ ജീവനക്കാർ 55 ലക്ഷം മണിക്കൂർ കൊണ്ട് നിർമിച്ചതാണിത്. കഴിഞ്ഞ വർഷം ജൂലൈ 20നാണ് അറബ് ജനതയുടെ പ്രതീക്ഷകളുമായി ഹോപ് പ്രോബ് കുതിച്ചുയർന്നത്.
പുതിയ കൊറോണവൈറസ് മനുഷ്യരിലേക്ക് എത്തിയത് മൃഗങ്ങളിൽനിന്നായിരിക്കാമെന്ന് നിഗമനം. അതിൽത്തന്നെ വവ്വാലിനാണ് ഏറെ സാധ്യത. ചൈനീസ് ലാബറട്ടറിയിൽനിന്നു പുറത്തുചാടിയ രോഗാണുവാണ് കോവിഡ് രോഗത്തിനു കാരണമായതെന്ന സിദ്ധാന്തത്തെ തള്ളിക്കളയുന്നതാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വിദഗ്ധരുടെ ഈ പ്രാഥമിക നിഗമനം. ചൈനീസ് വാദങ്ങളെ പിന്തുണയ്ക്കുന്നതാണ് ഒരു മാസത്തോളം നീണ്ട ഡബ്ല്യുഎച്ച്ഒ സംഘത്തിന്റെ പരിശോധനയിലെയും കണ്ടെത്തലുകൾ.
നേരത്തേ കരുതിയിരുന്നതുപോലെ മൃഗങ്ങളിൽനിന്നു തന്നെയാണ് കൊറോണവൈറസ് മനുഷ്യരിലേക്ക് പകർന്നതെന്ന വാദത്തിനു ശക്തിപകരുന്ന കാര്യങ്ങളാണ് വുഹാനിൽനിന്നു ലഭിച്ചതെന്ന് ലോകാരോഗ്യ സംഘടന സംഘത്തലവൻ പീറ്റർ ബെൻ എംബാറെക്ക് പറഞ്ഞു. വുഹാനിലെ മാംസച്ചന്തയിൽനിന്നാണ് ആദ്യമായി പുതിയ കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നാണു കരുതുന്നത്.
ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ സൂക്ഷിച്ചിരുന്ന കൊറോണവൈറസാണു പുറത്തു ചാടിയതെന്നായിരുന്നു നേരത്തേയുള്ള ആരോപണം. ഇക്കാര്യത്തിൽ തുടരന്വേഷണം പോലും ആവശ്യമില്ലെന്നും പീറ്റർ കൂട്ടിച്ചേർത്തു. നാലാഴ്ച നീണ്ട പരിശോധനയ്ക്കു ശേഷം ചൈനയിൽനിന്നു മടങ്ങുന്നതിനു മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലാണ് പീറ്റർ ഇക്കാര്യം വ്യക്തമാക്കിയത്.
കൊറോണവൈറസ് വവ്വാലിൽനിന്നു മറ്റൊരു ജീവിയിലെത്തുകയും അവിടെനിന്നു മനുഷ്യരിലെത്തുകയും ചെയ്തെന്നാണു കരുതുന്നത്. ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണം വേണമെന്നും ഡബ്ല്യുഎച്ച്ഒയുടെ ഭക്ഷ്യസുരക്ഷ–മൃഗജന്യ രോഗ വിദഗ്ധൻ കൂടിയായ പീറ്റർ പറഞ്ഞു. വവ്വാലിൽനിന്ന് ഈനാംപേച്ചിയിലേക്കോ ബാംബൂ റാറ്റ് എന്നറിയപ്പെടുന്ന ചുണ്ടെലികളിലേക്കോ വൈറസ് കടക്കുകയും അവയിൽനിന്നു മനുഷ്യരിലേക്കു പ്രവേശിച്ചതാകാമെന്നുമാണു കരുതുന്നത്.
വവ്വാലിൽനിന്നു നേരിട്ടു മനുഷ്യരിലേക്കും ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ വഴിയും വൈറസ് പടരാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ലെന്നും പീറ്റർ വ്യക്തമാക്കി. ‘കോൾഡ് ചെയിൻ ട്രാൻസ്‌മിഷൻ’ എന്നാണ് പീറ്റർ ഇതിനെ വിശേഷിപ്പിച്ചത്. ശീതീകരിച്ച ഭക്ഷ്യവസ്തുക്കളുടെ വിതരണവും വിൽപനയുമാണ് കോൾഡ് ചെയിൻ എന്നറിയപ്പെടുന്നത്. ഇതേ നിലപാടു തന്നെയാണ് ചൈന നേരത്തേ സ്വീകരിച്ചിരുന്നതും. ശീതീകരിച്ച ഭക്ഷണ പായ്ക്കറ്റുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി പലതവണ ചൈന റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.
‘തണുത്ത, ശീതീകരിക്കപ്പെട്ട അന്തരീക്ഷത്തിൽ വൈറസുകൾ നിലനിൽക്കുമെന്നത് തെളിഞ്ഞിട്ടുണ്ട്.
എന്നാൽ അത്തരം സാഹചര്യങ്ങളിൽനിന്ന് വൈറസ് മനുഷ്യരിലേക്ക് പടരുമോയെന്ന് ഇപ്പോഴും മനസ്സിലാക്കാനായിട്ടില്ല…’ പീറ്റർ പറഞ്ഞു. വൈറസ് പടരാൻ പാകത്തിൽ കൃത്യമായ തണുപ്പിൽ ശീതീകരിച്ചു സൂക്ഷിക്കപ്പെട്ട ഏതെങ്കിലും കാട്ടുമൃഗത്തിന്റെ ഇറച്ചിയിൽനിന്ന് വൈറസ് പടരുമോയെന്ന് പരിശോധിക്കേണ്ടതുണ്ട്. അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിൽ ഇത്തരം ‘സംശയവിടവുകൾ’ നികത്താനാണു ശ്രമിക്കുകയെന്നും പീറ്റർ വ്യക്തമാക്കി.
ചൈനീസ് സർക്കാർ കോവിഡ് വ്യാപനത്തെപ്പറ്റി കാര്യമായി അന്വേഷിക്കുന്നില്ലെന്നും ഗവേഷകരുടെ വായ്മൂടിക്കെട്ടിയിരിക്കുകയാണെന്നുമുള്ള വിമർശനവും ശക്തമാണ്. മാധ്യമപ്രവർത്തകരോടു സംസാരിക്കാൻ പോലും ചൈനീസ് ഗവേഷകർക്കു വിലക്കുണ്ട്. എന്നാൽ എവിടെ വേണമെങ്കിലും പരിശോധന നടത്താനും ആരുമായി വേണമെങ്കിലും സംസാരിക്കാനും സര്‍ക്കാർ അനുമതി നൽകിയെന്നായിരുന്നു സംഘത്തിലെ ബ്രിട്ടിഷ് സുവോളജിസ്റ്റ് പീറ്റർ ഡസ്സാക്ക് പറഞ്ഞത്.
രാജ്യാന്തര സമൂഹം നിരന്തരം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ചൈന രാജ്യത്തിന്റെ വാതിലുകൾ ഡബ്ല്യുഎച്ച്ഒ സംഘത്തിനു തുറന്നു നൽകിയത്. ഇപ്പോഴും സ്വതന്ത്ര അന്വേഷണത്തിന് ചൈന തയാറായിട്ടുമില്ല. ജനുവരി 14നാണ് 10 രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരുമായി ഡബ്ല്യുഎച്ച്ഒ സംഘം ചൈനയിലെത്തിയത്. രണ്ടാഴ്ചത്തെ ക്വാറന്റീനു ശേഷം വുഹാനിലെ ഹ്വാനനിലെ സീഫൂഡ് മാർക്കറ്റ് ഉൾപ്പെടെ സന്ദർശിച്ചായിരുന്നു അന്വേഷണത്തിനു തുടക്കമിട്ടത്.
പൊതുജനത്തിന് ഇപ്പോഴും ഹ്വാനൻ ചന്തയിലേക്കു പ്രവേശനമില്ല. ചന്ത അടച്ചുപൂട്ടിയ നിലയിലാണ്. ഇവിടെയുള്ളവരെ മറ്റൊരു ചന്തയിലേക്കു പുനരധിവസിപ്പിക്കുകയും ചെയ്തു. ചന്തയിലുണ്ടായിരുന്ന മുയൽ, ബാംബൂ റാറ്റ് എന്നിവയായിരിക്കാം വൈറസ്‌വാഹകരായതെന്ന് സംഘത്തിലെ ഡച്ച് വൈറോളജിസ്റ്റ് മാരിയോൺ കൂപ്മാൻസ് പറഞ്ഞു.
മുയലും ചുണ്ടെലികളും പോലുള്ള ജീവികളെ ഫാമുകളിൽ കൂട്ടത്തോടെ വളർത്തുന്ന പ്രദേശങ്ങളും ഹ്വാനൻ ചന്തയ്ക്കു സമീപത്തുണ്ടായിരുന്നു. ഇവയെ വിൽപനയ്ക്ക് എത്തിക്കുന്ന സംഘങ്ങളുമുണ്ടായിരുന്നു. ഫാമുകൾക്കു സമീപമാകട്ടെ കൊറോണവൈറസ് വാഹകരായേക്കാവുന്ന വവ്വാലുകളുടെ വൻതോതിലുള്ള സാന്നിധ്യവും തിരിച്ചറിഞ്ഞിരുന്നു. അടുത്ത ഘട്ടത്തിൽ ഫാമുകൾ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണമെന്നും മാരിയോൺ പറഞ്ഞു.
ഹ്വാനൻ മാർക്കറ്റിനേക്കാൾ രാജ്യത്തെ മറ്റു പലയിടത്തും കൂട്ടത്തോടെ കൊറോണവൈറസ് ബാധയുണ്ടായിരുന്നതായി ചൈനീസ് ഗവേഷകൻ ലിയാങ് വാന്യാൻ പറഞ്ഞു. ഒരുപക്ഷേ വുഹാനിൽനിന്നല്ലാതെ മറ്റിടങ്ങളിൽനിന്നു വൈറസ് പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ചൈനീസ് സംഘത്തലവൻ കൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു.
2019 ഡിസംബറിലാണ് വ്യാപകമായ വൈറസ് ബാധയുണ്ടായതെന്നും ചൈനീസ് സംഘം പറയുന്നു. അതിനു മുൻപേതന്നെ വൈറസ് വ്യാപിച്ചിരുന്നുവെന്ന വാദത്തിനും അതോടെ ചൈന അവസാനം കുറിച്ചു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണത്തിന്റെ സാധ്യതകൾ ഡബ്ല്യുഎച്ച്ഒ തള്ളിക്കളയുന്നില്ല. ഡിസംബറിനു മുൻപ് രോഗം പടർന്നിരുന്നോയെന്ന് അറിയണമെങ്കിൽ രോഗം ബാധിച്ചതായി സംശയിക്കുന്നവരുടെ രക്തസാംപിൾ ഉൾപ്പെടെ പരിശോധിക്കേണ്ടതുണ്ടെന്നും ഡബ്ല്യുഎച്ച്ഒ സംഘം പറഞ്ഞു.
വർഷങ്ങളെടുത്തു മാത്രമേ കൊറോണവൈറസിന്റെ ഉറവിടം കണ്ടെത്താനാവുകയുള്ളൂവെന്നാണ് സംഘാംഗമായ ഡൊമിനിക് ഡ്വൈയറിന്റെ വാക്കുകൾ. 2021 ഫെബ്രുവരി 9 വരെയുള്ള കണക്കു പ്രകാരം രാജ്യാന്തരതലത്തിൽ ഏകദേശം 10.5 കോടി പേരെയാണ് കോവിഡ് ബാധിച്ചത്. 22 ലക്ഷത്തിലേറെപ്പേർ മരിച്ചു.
നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹാഘോഷങ്ങളില്‍ തിളങ്ങി മീനാക്ഷി. ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിയുടെ ഡാന്‍സ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആയിഷയുടെ വിവാഹത്തിനു മുമ്പായി നടന്ന സംഗീത രാവിലാണ് മീനാക്ഷി ഡാന്‍സ് ചെയ്തത്.
നടിയും അടുത്ത സുഹൃത്തുമായ നമിത പ്രമോദിനും മറ്റു കൂട്ടുകാര്‍ക്കുമൊപ്പം നൃത്തം ചെയ്ത്, പിന്നീട് വധുവിനും സുഹൃത്തുകള്‍ക്കുമൊപ്പവും മീനാക്ഷി ചുവടുവച്ചു. മീനാക്ഷിയുടെ ഡാന്‍സ് കാണാനായി ദിലീപും കാവ്യയും മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു.
മഞ്ജുവിനെ പോലെ തന്നെയാണ് മകളും എന്നാണ് ആരാധകരുടെ അഭിപ്രായം. മഞ്ജുവിന് നൃത്തത്തിനോടുളള അതേ താല്‍പര്യം മകള്‍ക്കും കിട്ടിയിട്ടുണ്ടെന്ന് കമന്റുകളുണ്ട്. ആയിഷായുടെ അടുത്ത സുഹൃത്തുക്കളാണ് മീനാക്ഷിയും നമിതയും.
വിവാഹ ആഘോഷങ്ങളില്‍ നമിതയ്‌ക്കൊപ്പമായിരുന്നു മീനാക്ഷി കൂടുതല്‍ സമയവും. ദിലീപും കാവ്യാ മാധവനുമൊപ്പം താമസിക്കുന്ന മീനാക്ഷി ചെന്നൈയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന കേരളയാത്ര ഫെബ്രുവരി 21ന് ആരംഭിക്കും.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രചാരണയാത്ര ഉദ്ഘാടനം ചെയ്യാനായി കേരളത്തിലെത്തും. വിജയ് യാത്ര എന്നാണ് പ്രചാരണത്തിന് ബി.ജെ.പി പേര് നൽകിയിട്ടുള്ളത്.
നേരത്തെ ഫെബ്രുവരി 20-നാണ് യാത്ര തുടങ്ങാൻ തീരുമാനിച്ചതെങ്കിലും യോഗിയുടെ സൗകര്യാർത്ഥമാണ് പരിപാടി ഒരു ദിവസത്തേക്ക് നീട്ടിവച്ചത്.
കാസർകോട് മുതൽ തിരുവനന്തപുരം വരെ സഞ്ചരിക്കുന്ന വിജയ് യാത്രയുടെ സമാപനചടങ്ങിൽ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കുന്നുണ്ട്.
പിന്‍വാതില്‍ നിയമനങ്ങള്‍ സി.പി.എമ്മിന്റെ അറിവോടെയെന്ന് അവകാശപ്പെടുന്ന സരിത എസ്.നായരുടെ ശബ്ദരേഖ പുറത്ത്. കമ്മീഷന്‍ പണം പാര്‍ട്ടിക്കും ഉദ്യോഗസ്ഥര്‍ക്കുമായി വീതിക്കുമെന്നും സി.പി.എമ്മിന് തന്നെ പേടിയായണന്നുമാണ് തൊഴില്‍തട്ടിപ്പിന് ഇരയായ യുവാവിനോട് സരിത പറയുന്നത്. ശബ്ദരേഖ തന്റേതല്ലെന്നും തട്ടിപ്പില്‍ പങ്കില്ലന്നും സരിത പറഞ്ഞെങ്കിലും പണം ഇടപാടിന്റെ തെളിവുകള്‍ പരാതിക്കാര്‍ പുറത്തുവിട്ടു.
പാര്‍ട്ടി അജണ്ട പ്രകാരം നടത്തുന്നതാണ് പിന്‍വാതില്‍ നിയമനമെന്നാണ് നെയ്യാറ്റിന്‍കര സ്വദേശി അരുണിന് ബെവ്കോയില്‍ നിയമനം ഉറപ്പ് നല്‍കിക്കൊണ്ടുള്ള സംഭാഷണത്തില്‍ സരിത അവകാശപ്പെടുന്നത്. ഒരു കുടുംബത്തിലെ ആള്‍ക്ക് ജോലി നല്‍കിയാല്‍ ആ കുടുംബം പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് സരിത പറയുന്നത്. ശബ്ദരേഖ പുറത്തായത് പിന്നാലെ ഇത് തന്റെ ശബ്ദമല്ലന്നും പരാതിക്കാരനെ അറിയില്ലെന്നും ഗൂഡാലോചനക്ക് പിന്നില്‍ കോണ്‍ഗ്രസെന്നും വാദിച്ച് സരിതയെത്തി.
എന്നാല്‍ പണം ഇടപാടിന്റെയും വാട്സാപ്പ് ചാറ്റിന്റെയും തെളിവുകള്‍ അരുണ്‍ പുറത്തുവിട്ടു. ഓഗസ്റ്റ് 25ന് സരിത അരുണിന് അക്കൗണ്ട് നമ്പര്‍ വാട്സാപ്പ് ചെയ്ത് നല്‍കി. അന്ന് തന്നെ 99,500 രൂപ കൈമാറിയതിന്റെ ബാങ്ക് സ്ളിപ്പുമുണ്ട്. പിന്നീട് പൊലീസില്‍ പരാതി നല്‍കിയ ശേഷം കേസ് പിന്‍വലിക്കാനായി 50,000 രൂപ തിരികെ നല്‍കിയെന്നും അരുണ്‍ പറയുന്നു. സരിതയുടെ പങ്കിന് കൂടുതല്‍ തെളിവുകളുണ്ടെന്നും ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും അരുണ്‍ പറഞ്ഞു. അതേസമയം സരിതയെ സംരക്ഷിക്കുന്നത് സി.പി.എമ്മാണെന്ന് കോണ്‍ഗ്രസും ആരോപിച്ചു
രാജ്യത്ത് 5ജി വിന്യാസം വൈകുന്നതിന് ടെലികോം മന്ത്രാലയത്തെ വിമര്‍ശിച്ച് ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി പാനല്‍. സുപ്രധാന മേഖലകളില്‍ സര്‍ക്കാര്‍ സമയബന്ധിതമായി നടപടിയെടുക്കുന്നില്ലെങ്കില്‍ 2ജി, 3ജി, 4ജി ബസുകള്‍ കൈവിട്ടപോലെ 5ജി അവസരങ്ങളും ഇന്ത്യ കൈവിടാന്‍ പോവുകയാണെന്ന് പാനല്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ആറ് മാസങ്ങള്‍ക്ക് ശേഷം നടക്കാനിരിക്കുന്ന സ്‌പെക്ട്രം ലേലത്തിന്റെ ആദ്യ റൗണ്ടിന് ശേഷം 2022 തുടക്കത്തില്‍ രാജ്യത്ത് 5ജി ശൃംഖല വിന്യാസം ആരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
5ജി സേവനങ്ങള്‍ ആരംഭിക്കുന്നതിലെ കാലതാമസത്തിന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിനെ (ഡിഒടി) ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സ്റ്റാന്‍ഡിംഗ് കമ്മിറ്റി കുറ്റപ്പെടുത്തി.
മാര്‍ച്ച് ഒന്നിന് 3.92 ലക്ഷം കോടിയുടെ സ്‌പെക്ട്രം ലേലം ടെലികോം മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ 5ജി സേവനങ്ങള്‍ക്കാവശ്യമായ ഫ്രീക്വന്‍സി എത്രയാണെന്ന് പറഞ്ഞിട്ടില്ല.
2021 അവസാനത്തോടെയോ 2022 തുടക്കത്തിലോ ആവും 5ജി സേവനം ലഭ്യമാക്കിത്തുടങ്ങുക. ചില പ്രത്യേക ആവശ്യങ്ങള്‍ക്ക് മാത്രമായാണ് ഇത് ലഭ്യമാക്കുക. കാരണം അഞ്ചോ ആറോ വര്‍ഷത്തേക്ക് എങ്കിലും ഇന്ത്യയില്‍ 4ജി തുടരണമെന്ന് പാര്‍ലമെന്ററി പാനല്‍ പറഞ്ഞു.
ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതിന് മതിയായ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് കമ്മറ്റി.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇന്ത്യ ആരംഭ ഘട്ടത്തിനപ്പുറത്തേക്ക് നീങ്ങിയിട്ടില്ല. 5ജി അവതരിപ്പിക്കുന്നതിലെ കാലതാമസം ആസൂത്രണത്തിലും നടപ്പില്‍വരുത്തുന്നതിലുമുള്ള അപര്യാപ്തത വെളിവാക്കുന്നുവെന്നും പാനല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
2020 ജനുവരിയില്‍ തന്നെ ടെലികോം ഓപ്പറേറ്റര്‍മാര്‍ 5ജിയ്ക്കായുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചതാണ്. ഇക്കാര്യത്തില്‍ പാര്‍ലമെന്ററി പാനലിന് മുമ്പാകെ കമ്പനികള്‍ ആശങ്ക അറിയിച്ചിരുന്നു. 5ജി പരീക്ഷണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പോലും വ്യക്തമല്ല. പരീക്ഷണാടിസ്ഥാനത്തില്‍ 5ജി ആരംഭിക്കാനുള്ള തീയതിയും തീരുമാനിച്ചിട്ടില്ല.
2021 ഒക്ടോബറില്‍ 5ജി പരീക്ഷണം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് ടെലികോം മന്ത്രാലം പാനലിനെ അറിയിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് കുത്തിവെപ്പ് മൂലം ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ക്കോ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കോ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്‌സിന്‍ ഗുണഭോക്താവിന് പൂര്‍ണമായും സ്വന്തം ഇഷ്ടപ്രകാരം സ്വീകരിക്കാവുന്നതാണെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ രാജ്യസഭയില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ഓരോ കേന്ദ്രത്തിലും വാക്സിന്‍ സ്വീകര്‍ത്താക്കളെ 30 മിനിറ്റ് നിരീക്ഷിക്കുന്നത് അടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ അല്ലെങ്കില്‍ കുത്തിവെപ്പ് മൂലം ഉണ്ടാകുന്ന സങ്കീര്‍ണതകള്‍ എന്നിവയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടോ എന്ന ചോദ്യത്തിനാണ് മന്ത്രി മറുപടി നല്‍കിയത്.
ജനുവരി 16 ന് ഇന്ത്യ രാജ്യവ്യാപകമായി കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിരപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നീ രണ്ട് വാക്സിനുകള്‍ക്കാണ് ഇന്ത്യ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിട്ടുള്ളത്.
ഈ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടി താനാണെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. മറ്റേതെങ്കിലും നടിക്ക് തന്നേക്കാള്‍ കഴിവുണ്ടെന്ന് തെളിയിച്ചാല്‍ ധാര്‍ഷ്ട്യം അവസാനിപ്പിക്കുമെന്നും കങ്കണ ട്വീറ്റ് ചെയ്തു.
മൂന്ന് തവണ ഓസ്കര്‍ പുരസ്കാരം ലഭിച്ച മെറില്‍ സ്ട്രീപ്പിനോടാണ് കങ്കണ സ്വയം താരതമ്യം ചെയ്തത്. പല അടരുകളുള്ള കഥാപാത്രം ചെയ്യാന്‍ മെറില്‍ സ്ട്രീപ്പിനെ പോലെ കഴിവുണ്ട് തനിക്ക് എന്നാണ് കങ്കണ അവകാശപ്പെടുന്നത്. ആക്ഷന്‍, ഗ്ലാമര്‍ വേഷങ്ങളില്‍ ഗാല്‍ ഗാഡോയെ പോലെ അഭിനയിക്കാന്‍ തനിക്ക് കഴിയുമെന്നും കങ്കണ പറയുന്നു.
മറ്റൊരു ട്വീറ്റില്‍ കങ്കണ പറയുന്നത് ഒരു തുറന്ന ചര്‍ച്ചക്ക് താന്‍ തയ്യാറാണെന്നാണ്. ലോകത്ത് തന്നേക്കാള്‍ കഴിവുറ്റ മറ്റൊരു നടിയെ ചൂണ്ടിക്കാട്ടിയാല്‍ ധാര്‍ഷ്ട്യം അവസാനിപ്പിക്കും. അതുവരെ ഇങ്ങനെ അഭിമാനം കൊള്ളുന്നത് തുടരുമെന്നും കങ്കണ വ്യക്തമാക്കി.
ട്വീറ്റിന് താഴെ ട്രോളുകളുമായി മലയാളികളും സജീവമാണ്. ചിലര്‍ മികച്ച നടിമാരുടെ ലിസ്റ്റ് കങ്കണയുടെ ട്വീറ്റിന് താഴെ നിരത്തി. വേറെ ചിലരാകട്ടെ കങ്കണയാണ് മികച്ച നടിയെന്ന് അംഗീകരിച്ചു.
തന്‍റെ പുതിയ ചിത്രങ്ങളായ ‘തലൈവി’യിലേയും ‘ധാകടിലേയും’ ചിത്രങ്ങള്‍ പങ്കുവെച്ചാണ് കങ്കണയുടെ വെല്ലുവിളി. തലൈവി എന്ന ചിത്രത്തില്‍ കങ്കണ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ആണ് അവതരിപ്പിക്കുന്നത്.
ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് എ എല്‍ വിജയ് ആണ്. ചിത്രത്തില്‍ എംജിആറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അരവിന്ദ് സ്വാമിയാണ്. നിലവില്‍ ധാകട് എന്ന ചിത്രത്തിലാണ് കങ്കണ അഭിനയിക്കുന്നത്.
വിദ്വേഷ പ്രചാരണവും വിവാദ പരാമര്‍ശങ്ങളും കാരണം നിരവധി കേസുകളുണ്ടായിട്ടുണ്ട് കങ്കണക്കെതിരെ. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ ചില ട്വീറ്റുകള്‍ ട്വിറ്റര്‍ തന്നെ നീക്കം ചെയ്തിട്ടുമുണ്ട്.
Massive transformation alert, The kind of range I display as a performer no other actress on this globe has that right now, I have raw talent like Meryl Streep for layered character depictions but I can also do skilled action and glamour like Gal Gadot #Thalaivi #Dhaakad pic.twitter.com/fnW3D20o6K
— Kangana Ranaut (@KanganaTeam) February 9, 2021
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 227 റണ്‍സിന്റെ വമ്പന്‍ തോല്‍വി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 420 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അഞ്ചാം ദിനം 192 റണ്‍സിന് ഓള്‍ഔട്ടായി. 72 റണ്‍സ് നേടിയ നായകന്‍ വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
104 ബോളില്‍ നിന്ന് 9 ഫോറുകളുടെ അകമ്പടിയിലാണ് കോഹ്‌ലി 72 റണ്‍സ് നേടിയത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ അര്‍ദ്ധ സെഞ്ച്വറി നേടി. 83 ബോളില്‍ 7 ഫോറിന്റെയും 1 സിക്സിന്റെയും അകമ്പടിയില്‍ ഗില്‍ 50 റണ്‍സെടുത്തു. കോഹ് ലിയും ഗില്ലും മാത്രമാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.
രോഹിത് 12, പൂജാര 15, രഹാനെ പൂജ്യം, പന്ത് 11, സുന്ദര്‍ പൂജ്യം, അശ്വിന്‍ 9, നദീം പൂജ്യം, ബുംറ 4 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് നാല് വിക്കറ്റു വീഴ്ത്തി. ജെയിംസ് ആന്‍ഡേഴ്സണ്‍ മൂന്നു വിക്കറ്റും ബെസ്സ്, സ്‌റ്റോക്‌സ്, ആര്‍ച്ചര്‍ എന്നിവര്‍ ഒരോ വിക്കറ്റു വീതവും നേടി.
ഈ മാസം 13നാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആരംഭിക്കുക. ചെന്നൈ തന്നെയാണ് ഈ മത്സരത്തിനും വേദിയാകുക. സ്റ്റേഡിയത്തില്‍ 50 ശതമാനം കാണികളെ അനുവദിക്കുമെന്നാണ് വിവരം.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായി ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് പരാജയം. പോയിന്റ് പട്ടികയില്‍ ഒന്നാമതായിരുന്ന ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ പരാജയം വഴങ്ങിയതോടെ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
വിജയത്തോടെ ഇംഗ്ലണ്ട് പട്ടികയില്‍ ഒന്നാമതായി. 70.2 ശതമാനം പോയിന്റോടെയാണ് ഇംഗ്ലണ്ട് ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. ന്യൂസിലാന്‍ഡ് (70), ഓസ്ട്രേലിയ (69.2) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. നേരത്തേ 71.7 പോയിന്റുണ്ടായിരുന്ന ഇന്ത്യക്കു ഇപ്പോള്‍ 68.3 ശതമാനം പോയിന്റേയുള്ളൂ.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ജയിക്കുകയോ, 2 മത്സരങ്ങള്‍ ജയിക്കുകയും ഒരെണ്ണം സമനിലയിലാക്കുകയും ചെയ്താലോ മാത്രമേ ഇന്ത്യയ്ക്ക് ഇനി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താനാകൂ. മറിച്ച് ഇംഗ്ലണ്ടിനാകട്ടെ രണ്ട് മത്സരങ്ങള്‍ കൂടി ജയിക്കാനായാല്‍ ഫൈനലില്‍ പ്രവേശിക്കാം.
ഇംഗ്ലണ്ടിനെതിരെ ചെന്നൈയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ 227 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 420 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അഞ്ചാം ദിനം 192 റണ്‍സിന് ഓള്‍ഔട്ടായി.