ബംഗാളിലെ സംഘര്‍ഷത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വൈകുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്ന് ദേശീയ വനിത കമ്മിഷന്‍ കുറ്റപ്പെടുത്തി. നിയമസഭാ സമ്മേളനം ബിജെപി ബഹിഷ്ക്കരിച്ചു. എന്നാല്‍ ബിജെപി നേതൃത്വം പരാജയം അംഗീകരിക്കാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു.
ബംഗാളിലെ ക്രമസമാധാനനില സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണമെന്ന നിര്‍ദേശം ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറി എച്ച് എസ് ദ്വിവേദി പാലിച്ചില്ലെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയുടെയും കൊല്‍ക്കത്ത കമ്മിഷണറുടെയും റിപ്പോര്‍ട്ടുകളും അഡീഷന്‍ ചീഫ്സെക്രട്ടറി കൈമാറിയില്ല. അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നിലപാട് സ്ഥിതി വഷളാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ചീഫ്സെക്രട്ടറിയെ വിളിച്ചുവരുത്തിയത്. ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മയുടെ നേതൃത്വത്തില്‍ മൂന്നംഗസംഘം ബംഗാളിലെ സംഘര്‍ഷമേഖലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്ന് വനിത കമ്മിഷന്‍ വ്യക്തമാക്കി. പല സ്ത്രീകള്‍ക്കും ബലാല്‍സംഗ ഭീഷണി നിരന്തരം നേരിടേണ്ടിവരുന്നു. പെണ്‍മക്കളുടെ സുരക്ഷയോര്‍ത്ത് സംസ്ഥാനം വിടാന്‍ ഒരുങ്ങിയിരിക്കുകയാണ് പല മാതാപിതാക്കളും. ഇരകള്‍ക്ക് ഭയം മൂലം കാര്യങ്ങള്‍ തുറന്നു പറയാന്‍ കഴിയുന്നില്ലെന്നും വനിത കമ്മിഷന്‍ വ്യക്തമാക്കി. പശ്ചിം മേദിനിപുരില്‍ ബലാല്‍സംഗത്തിന് ഇരയായ ശേഷം കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങളെ വനിത കമ്മിഷന്‍ അംഗങ്ങള്‍ കണ്ടു. ഇരകള്‍ക്ക് നീതി ഉറപ്പാക്കുംവരെ നിയമസഭാ സമ്മേളനം ബഹിഷ്ക്കരിക്കാന്‍ ബിജെപി തീരുമാനിച്ചു.
കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് അഭ്യര്‍ഥിച്ച് മഹിള മോര്‍ച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസന്‍റെ നേതൃത്വത്തില്‍ ബിജെപി വനിത നേതാക്കള്‍ ഗവര്‍ണറെ കണ്ടു. അതിനിടെ, നിയമസഭയില്‍ മമത ബാനര്‍ജി ബിജെപിക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. താന്‍ അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്നില്ല. ബിെജപി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് മമത കുറ്റപ്പെടുത്തി. ടിഎംസി നേതാവ് ബിമന്‍ ബാനര്‍ജിയെ സ്പീക്കറായി തിരഞ്ഞെടുത്തു.
നടി കങ്കണ റണൗട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം കണ്ടെത്തിയ കാര്യം കങ്കണ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. നിലവില്‍ ക്വാറന്റീനിലാണ് നടി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ണിന് ചുറ്റും അസ്വസ്ഥതയുണ്ടായിരുന്നതായി കങ്കണ പറഞ്ഞു. ഹിമാചല്‍ യാത്ര തീരുമാനിച്ചിരിക്കെ ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
വൈറസിനെ പേടിക്കരുതെന്നും അങ്ങനെ വന്നാല്‍ അത് നിങ്ങളെ കൂടുതല്‍ ഭയപ്പെടുത്തുമെന്നും കങ്കണ പറഞ്ഞു. ഒരുമിച്ച് കൊവിഡിനെ നേരിടാം. ഇത് ചെറിയൊരു പനിയാണെന്നും അധികം പ്രചാരണം കൊടുത്ത് ആളുകളെ പേടിപ്പിക്കരുതെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
View this post on Instagram
ചൈനയുടെ സിനോഫാം കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ലോക ആരോഗ്യ സംഘടനയുടെ അനുമതി. ലോകാരോഗ്യ സംഘടന അംഗീകരിക്കുന്ന അഞ്ചാമത്തെ കോവിഡ് വാക്സിൻ ആണിത്. വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണ വിവരങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടന അനുമതി നൽകിയത്.
പാശ്ചാത്യേതര രാജ്യം വികസിപ്പിച്ച് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്ന ആദ്യത്തെ വാക്സിൻ ആണിത്. ഫൈസർ, അസ്ട്രാസെനെക്ക, ജോൺസൺ ആൻഡ് ജോൺസൺ, മോഡേണ എന്നിവ നിർമ്മിക്കുന്ന വാക്സിനുകൾക്ക് മാത്രമേ ലോകാരോഗ്യ സംഘടന ഇതിന് മുമ്പ് അംഗീകാരം നൽകിയിട്ടുള്ളൂ. എന്നാൽ സിനോഫാമിന് യുഎഇ, ബഹ്റൈൻ, പാക്കിസ്ഥാൻ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെ റഗുലേറ്ററി അഥോറിറ്റി അംഗീകാരം നൽകിയിരുന്നു.
നിലവില്‍ കൂടുതൽ രാജ്യങ്ങള്‍ക്ക് ഈ വാക്സിന്‍ അനുമതി നല്കുന്നതില് തീരുമാനമെടുക്കാന്‍ ലോകാരോഗ്യസംഘടനയുടെ തീരുമാനം ഊര്‍ജം പകരും. 18 വയസ് മുതൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ രണ്ട് ഡോസുകളായി നൽകണമെന്ന് ലോകാരോഗ്യസംഘടന ശിപാർശ ചെയ്യുന്നു. ചൈനയിലെയും മറ്റിടങ്ങളിലെയും ദശലക്ഷക്കണക്കിന് ആളുകൾക്ക് സിനോഫാം ഇതിനകം നൽകിയിട്ടുണ്ട്.
മറ്റൊരു ചൈനീസ് കോവിഡ് വാക്സിനായ സിനോവാക് അടിയന്തര ഉപയോഗത്തിനായി അംഗീകാരം നൽകണോ എന്ന കാര്യത്തിലും ലോകാരോഗ്യ സംഘടന ഉടൻ തീരുമാനമെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സിനോവാക് യൂറോപ്യൻ രാജ്യങ്ങളിൽ ഉപയോഗിക്കുന്നതിനായി നടപടികൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി വാക്സിൻ ഫലപ്രാപ്തിയെക്കുറിച്ച് അവലോകനം നടത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിരുന്നു.
ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ തമിഴ്‌നാട്ടിൽ സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. മറ്റന്നാൾ മുതൽ 24 വരെ രണ്ടാഴ്‌ചത്തേക്കാണ് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസർവീസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ ഉച്ചയ്‌ക്ക് പന്ത്രണ്ട് വരെ പ്രവർത്തിക്കും.
ഒഴിവാക്കാനാവാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു.ഇന്നലെ നടന്ന സത്യപ്രതിജ്ഞയ്‌ക്ക് ശേഷം സ്റ്റാലിൻ സംസ്ഥാനത്ത് എടുക്കുന്ന പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണ് ലോക്ക്‌ഡൗൺ. സംസ്ഥാനത്തെ മദ്യശാലകളും അടച്ചിടും. എന്നാൽ ഹോട്ടലുകളിൽ ടേക്ക് എവേ സംവിധാനമുണ്ടാകും.
അടിയന്തര ആവശ്യങ്ങൾക്ക് അല്ലാത്ത സംസ്ഥാനാന്തര യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട് അതിർത്തി കടന്നെത്തുന്ന സ്വകാര്യവാഹനങ്ങൾ തടയും. അടിയന്തര ആവശ്യമുള്ള യാത്രകൾ മാത്രമേ അനുവദിക്കുകയുളളൂ.
രാജ്യത്ത് തമിഴ്‌നാട് ഉൾപ്പടെ പതിനൊന്ന് സംസ്ഥാനങ്ങളാണ് അടച്ചിടലിലേക്ക് കടന്നിരിക്കുന്നത്. കേരളം, ഡൽഹി, ഹരിയാന ,ബിഹാർ , യു പി, ഒഡീഷ , രാജസ്ഥാൻ, കർണാടക, ജാർഖണ്ഡ് , ഛത്തീസ്‌ഗഢ് എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ. ഇതിനുപുറമേ പത്തോളം സംസ്ഥാനങ്ങളിൽ രാത്രികാല, വാരാന്ത്യ കർഫ്യൂവും നിലനിൽക്കുന്നുണ്ട്.
കർണാടകയില്‍ മേയ് 10 മുതൽ 24 വരെ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. ആവശ്യ സാധനങ്ങൾ വില്‍ക്കുന്ന കടകൾ രാവിലെ ആറ് മുതല്‍ പത്ത് വരെ മാത്രമേ തുറക്കുകയുള്ളൂ. എന്നാല്‍ വാഹനങ്ങളില്‍ കടകളില്‍ പോകാന്‍ അനുവദിക്കില്ല. നടന്നുതന്നെ പോകണം എന്നാണ് വ്യവസ്ഥ. വ്യവസായ ശാലകളടക്കം സംസ്ഥാനത്ത് പരമാവധി അടച്ചിട്ട് രോഗവ്യാപനത്തെ ചെറുക്കാനാണ് ശ്രമം.
നോബി ജെയിംസ്
700ഗ്രാം ട്യൂണ അല്ലെങ്കിൽ കുടുക്ക
2 ടീസ്പൂൺ കുരുമുളക് പൊടി
2 സവോള
1 സവോള വറുത്തത്
2 ടീസ്പൂൺ കടുക് അരച്ചത്
3 വെളുത്തുള്ളി അല്ലി ചെറുതായി അരിഞ്ഞത്
2 ബ്രെഡ് സ്‌ലൈസ് മിക്സിക്കകത്തു അടിച്ചു പൊടി ആക്കിയത്
ഉപ്പ്
1 നാരങ്ങാ നീര്
3 ഉരുളകിഴങ്ങു വേവിച്ച് പൊടിച്ചത്
ചീസ് ആവശ്യത്തിന്
ഇനി പാൻ ചൂടാക്കി അല്പം എണ്ണ ഒഴിച്ചു വെളുത്തുള്ളി ഇട്ട് അതിൽ 2 ചോപ്പ് ചെയ്ത സവോള വഴറ്റി ആവശ്യത്തിന് ഉപ്പുചേർത്തു വരുമ്പോൾ കുരുമുളക് പൊടി കടുക് അരച്ചതും ഒപ്പം വറുത്ത സവോളയും ചേർത്ത് വഴറ്റി മാറ്റി വെയ്ക്കുക.
പിന്നീട് അതേ പാനിൽ ട്യൂണ ഇട്ടു പറ്റിച്ചു ജലാംശം പോകുമ്പോൾ നാരങ്ങാ നീര് ഒഴിക്കുക. പിന്നീട് അതിൽ മുൻപ് വഴറ്റി വച്ച ചേരുവകൾ ചേർക്കുക. കൂടെ പൊടിച്ച ബ്രഡ് പൊടിയും മാഷ് പൊട്ടറ്റോയും ഇട്ടു ഇളക്കി വീഡിയോയിൽ കാണുന്നതുപോലെ ബർഗർ പോലെ ഉണ്ടാക്കി പാനിൽ ഫ്രൈ ചെയ്ത് ചീസ് ഇട്ട് (അല്ലങ്കിൽ ഓവനിൽ ഇട്ടു ) ഉണ്ടാക്കി അടിപൊളി ഒരു ഫിഷ് ബർഗർ ഉണ്ടാക്കാം. ബർഗർ ബണ്ണിന്റെ അകത്തുവച്ചു ചിപ്സും കൂട്ടി മക്കൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ വിളമ്പാം.
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
ജോൺ കുറിഞ്ഞിരപ്പള്ളി
എല്ലാ ശനിയാഴ്ചയും സാധാരണ ഞങ്ങൾ കാലത്ത് ഉറങ്ങി എഴുന്നേൽക്കാൻ താമസിക്കും. കൂടുതൽ സമയം കിടന്നുറങ്ങും, അത് ഒരു പതിവ് സംഭവമാണ്. പതിവ് പോലെ ഞങ്ങൾ ഉറക്കത്തിലായിരുന്നു. ഒൻപതുമണി ആയിക്കാണും ഞങ്ങളുടെ വീടിൻ്റെ വാതിലിൽ എന്തോ ശക്തിയായി ഇടിച്ചതുപോലെ ഒരു ശബ്ദം കേട്ടു. എന്തെല്ലാമോ തകർന്നു വീഴുന്നതു പോലെ, ആളുകളുടെ ഉച്ചത്തിലുള്ള സംസാരവും കേൾക്കാം.
വീണ്ടും ഒരിക്കൽ കൂടി ആ ശബ്ദം കേട്ടു. ഞങ്ങൾ ഞെട്ടിപിടഞ്ഞെഴുന്നേറ്റു.
“ഭൂമി കുലുങ്ങിയതാ, എല്ലാം തകർന്ന് വീണു. ഇനി നമ്മൾ എവിടെ താമസിക്കും?ഹൗസ് ഓണർക്ക് വലതും പറ്റിയോ എന്ന് നോക്കണം.”ജോർജ് കുട്ടി പറഞ്ഞു.
“ഇടിവെട്ടിയവനെ പാമ്പുകടിച്ചു എന്ന് പറഞ്ഞതുപോലെയായി.”
“അയ്യോ പാമ്പും കടിച്ചോ? എവിടെ? ആരെ? എന്നിട്ടു പാമ്പെവിടെ?”
കോമഡി കേൾക്കാൻ നിൽക്കാതെ ഞാൻ പോയി വാതിൽ തുറന്നു.
വാതിൽ തുറന്നു ഞാൻ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്നു. പെട്ടെന്ന് , ചിട്ടി നടത്തുന്ന തോമസ് ചേട്ടനും വേറെ പരിചയമുള്ള അഞ്ചാറുപേരും കൂടി ഒന്നും പറയാതെ എന്നെ തള്ളിമാറ്റി തുറന്ന വാതിലിൻ്റെ ഗ്യാപിലൂടെ അകത്തു കയറി. എല്ലാവരും കിട്ടിയ കസേരകളിൽ ഇരിപ്പുറപ്പിച്ചു. എന്താണ് സംഭവിക്കുന്നത് എന്ന് ഞങ്ങൾക്ക് മനസിലായില്ല.
“ഇവിടെ നമ്മൾ മലയാളികൾക്ക് ഒരു അസോസിയേഷൻ ഉണ്ട്. പക്ഷെ എന്താ പ്രയോജനം?പ്രസിഡണ്ടും സെക്രട്ടറിയും മറ്റ് അസോസിയേഷനുകൾ നന്നാക്കാൻ നടക്കുകയാണ്. അതെങ്ങനെയാ, വഴിയേ പോയവനൊക്കെ സിനിമ സംവിധായകനും പ്രൊഡ്യൂസറും എല്ലാം ആണ് എന്നാണ് ഭാവം.”ഒരുത്തൻ കിട്ടിയ സമയം പാഴാക്കാതെ പ്രസംഗം ആരംഭിച്ചു. അയാളുടെ ചൊറിയുന്ന പ്രസംഗം കേൾക്കാൻ എനിക്ക് വലിയ താല്പര്യം തോന്നിയില്ല.
“നിങ്ങൾ കാര്യം എന്താണ് എന്ന് പറയൂ.”
“നമ്മുടെ തോമസ് ചേട്ടനെ ഇവിടെ ചായക്കട നടത്തുന്ന രാമകൃഷ്ണൻ പട്ടിയെ അഴിച്ചുവിട്ടു കടിപ്പിച്ചു. നമ്മൾക്ക് അതിൽ പ്രതിഷേധിക്കണം. അനുശോചന മീറ്റിംഗ് കൂടണം.”അയാൾ പറഞ്ഞു..
“അനുശോചന മീറ്റിങ്ങോ?അതെന്താ?തോമസ് ചേട്ടൻ ചത്തോ?
“ചത്തില്ല. ഞാൻ ഇവിടെയുണ്ട്. “തോമസ് ചേട്ടൻ വിളിച്ചു പറഞ്ഞു.
“ഇപ്പോൾ എന്താ പ്രശനം?”
തോമസ്സ് ചേട്ടൻറെ കൂടെ വന്നവർ പറഞ്ഞു,”തോമസ്സ് ചേട്ടൻ ഇവിടെ ഒരു ചിട്ടി നടത്തുന്നുണ്ട്. ചിട്ടി പിടിച്ചതിനുശേഷം രാമകൃഷ്‌ണൻ തവണ അടയ്ക്കാതെ മുങ്ങി നടക്കുകയായിരുന്നു. ഇന്നലെ കിട്ടാനുള്ള പൈസ പിരിക്കാൻ തോമസ് ചേട്ടൻ രണ്ടുപേരെയും കൂട്ടി രാമകൃഷ്ണന്റെ വീട്ടിൽ ചെന്നപ്പോൾ അയാൾ പട്ടിയെ അഴിച്ചുവിട്ടു, തോമസ് ചേട്ടനെ കടിപ്പിച്ചു. ഇതിന് പകരം ചോദിക്കണം.”
“കടിപ്പിച്ചില്ല, നക്കിയതേയുള്ളു.”തോമസ് ചേട്ടൻ പറഞ്ഞു
“നക്കിയതേയുള്ളു? അപ്പോൾ കുഴപ്പം ഇല്ല. പട്ടിക്ക് തോമസ് ചേട്ടൻ്റെ സ്വഭാവം മനസിലായി എന്ന് ചുരുക്കം. ജോർജ് കുട്ടി പറഞ്ഞു.”
“എന്ത് സ്വഭാവം?”
“നക്കിയാണ് എന്ന് പട്ടിക്ക് മനസ്സിലായിക്കാണും”. ഞാൻ പറഞ്ഞു.
“ഇതിന് ഞങ്ങൾ എന്ത് ചെയ്യണം?പട്ടി നക്കിയ ഭാഗം സോപ്പും വെള്ളവും ഒഴിച്ച് കഴുകിയാൽ മതി. ഇനി പട്ടി കടിച്ചു എന്ന് തോന്നൽ ഉണ്ടെങ്കിൽ കുത്തിവയ്പ്പ് എടുക്കണം.”
“അയ്യോ അതൊന്നും വേണ്ട.”തോമസ്സ് ചേട്ടന് കുത്തി വയ്‌പ്പ് എടുക്കുന്നതിന് പേടിയാണ്.
“അത് പറ്റില്ല. പൊക്കിളിനു ചുറ്റും പതിനാലു കുത്തിവയ്പ്പ് വേണം .ഇപ്പോൾ അത് മൂന്നായി ചുരുക്കിയിട്ടുണ്ട്. നമ്മൾക്ക് പുഷ്പ ക്ലിനിക്കിലേക്ക് പോകാം”
“പോകാം.”എല്ലാവരും ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. പുഷ്പ ക്ലിനിക്കിൽ പോകാൻ എല്ലാവർക്കും നല്ല ഉത്സാഹമാണ്.
“ഞാൻ ഇപ്പോൾ വരാം,” എന്ന് പറഞ്ഞിട്ട് ജോർജ് കുട്ടി വീടിനകത്തേയ്ക്കു കയറിപ്പോയി.
സംഭവം അറിഞ്ഞു പിന്നെയും ഏതാനും പേരുകൂടി വന്നു ചേർന്നു. രാമാകൃഷ്ണനോട് എങ്ങനെ പ്രതികാരം ചെയ്യാം എന്ന് ചിലർ ചർച്ച ചെയ്യുന്നു. വേറെ ചിലർ തോമസ് ചേട്ടനെ പട്ടികടിച്ച വാർത്തയ്ക്ക് പബ്ലിസിറ്റി കൊടുത്ത് എങ്ങനെ നാറ്റിക്കാൻ കഴിയും എന്നു പ്ലാൻ ചെയ്യുകയാണ് എന്ന് മനസ്സിലായി.
രണ്ടു ഗ്രൂപ്പ് തിരിഞ്ഞു ചർച്ചയിലാണ്. തോമസ് ചേട്ടനോട് ചിട്ടി പിരിവിൽ എതിർപ്പുള്ളവർ അയാളെ നാണം കെടുത്താൻ എന്താണ് മാർഗ്ഗം എന്ന് വിചാരിച്ചുള്ള നാടകം ആണ് ഇത് എന്ന് ഞങ്ങൾക്ക് മനസ്സിലായി.
ജോർജ് കുട്ടിയെ കാണുന്നില്ല.
ഞാൻ അകത്തെ മുറിയിൽ നോക്കുമ്പോൾ ജോർജ് കുട്ടി കണ്ണാടിയുടെ മുൻപിൽ നിന്നും പ്രസംഗിക്കുകയാണ്.
“നമ്മളുടെ തോമസ് ചേട്ടനെ പട്ടിയെക്കൊണ്ട് കടിപ്പിച്ചോ എന്ന ചോദ്യത്തിന് എന്താണ് പ്രസക്തി?ഒരാളെ നക്കുന്നത് പട്ടിയാണെങ്കിലും തെറ്റാണ്. ഇത്തരം നക്കിത്തരത്തിന് കൂട്ട് നില്ക്കാൻ നമ്മളുടെ അസോസിയേഷന് കഴിയില്ല. അതുകൊണ്ട് ഇത്തരം സംഭവങ്ങൾ അപലപിക്കപ്പെടേണ്ടതാണ്.”.
“അപ്പോൾ പ്രതിഷേധം കൂടാൻ തീരുമാനിച്ചോ?”
“പിന്നല്ലാതെ? കുറച്ച് നാളായി ഒന്ന് നല്ല രീതിയിൽ പ്രസംഗിച്ചിട്ട്.”
ജോർജ് കുട്ടി പറഞ്ഞു,”പട്ടി കടിച്ചതാണോ നക്കിയതാണോ എന്ന് സശയമുണ്ട്. അതുകൊണ്ട് ഒരു ഡമ്മി പരീക്ഷണം ആവശ്യമാണ്. ഡമ്മിയായി പട്ടിയെ കിട്ടണം. അതല്ലെങ്കിൽ തോമസ് ചേട്ടൻറെ ഒപ്പം വന്ന ആരെങ്കിലും പട്ടി ആയി അഭിനയിച്ചാലും മതി,.ആരാണ് പട്ടി?”
“നമ്മളുടെ കൂടെ പട്ടിയാകാൻ പറ്റിയത് ആരാണ് എന്ന് കണ്ടു പിടിക്കണം. കൂടുതൽ ബഹളം ഉണ്ടാക്കികൊണ്ടിരുന്ന ഒരാളെ ചൂണ്ടി ഒരുചോദ്യം. തനിക്ക് പട്ടി ആകാമോ?”
“ഞാൻ പട്ടി?”
“അതെ താൻ തന്നെ പട്ടി.”എല്ലാവരും കയ്യടിച്ചു.
“പട്ടിയായി അഭിനയിക്കുന്ന ആൾ നാലുകാലിൽ വന്ന് തോമസ്സ് ചേട്ടനെ എങ്ങനെയാണ് കടിച്ചത് എന്ന് അഭിനയിച്ചുകാണിക്കണം.”
ആൾക്കൂട്ടത്തിൽ നിന്നും ഒരാൾ വിളിച്ചു പറഞ്ഞു,”തുടങ്ങുന്നതിന് മുൻപ് ഒന്ന് പറയണേ. വീഡിയോ എടുത്ത് ഫേസ് ബുക്കിൽ ഇട്ടാൽ ഇത് വൈറൽ ആകും.”
ഞങ്ങൾക്ക് ഒരു കാര്യം മനസ്സിലായി, തോമസ്സ് ചേട്ടൻറെ ഒപ്പം വന്നിരിക്കുന്നവർ തോമസുചേട്ടൻ്റെ ശത്രുക്കൾ ആണ്, അയാളെ എങ്ങനെയെങ്കിലും താഴ്ത്തികെട്ടണം, ഇതാണ് അവരുടെ മനസ്സിലിരിപ്പ്..പലരും ചിട്ടി പിടിച്ചിട്ടു പൈസകൊടുക്കാതെ സൂത്രത്തിൽ മാറി നടക്കുന്നവർ ആണ്. എന്നാൽ തോമസ് ചേട്ടന് അത് മനസ്സിലാകുന്നുമില്ല.
“ശരി , തോമസുചേട്ടൻ പുറത്തുപോയിട്ട് , ഇങ്ങോട്ടു തിരിച്ച് നടന്നു വരണം. അപ്പോൾ പട്ടി ആയി അഭിനയിക്കുന്ന ആൾ രാമകൃഷൻറെ പട്ടി ചെയ്തത് എന്താണോ അതുപോലെ ചെയ്യണം.”
പട്ടി ആയിട്ടു അഭിനയിക്കുന്ന ആൾ ചമ്മി. എങ്കിലും അയാൾ അതിനു തയാറായി. അപ്പോൾ ജോർജ് കുട്ടി തൻ്റെ പ്രിയപ്പെട്ട ഗിത്താർ എടുത്തുകൊണ്ടു വന്ന് ഒരു കസേരയിൽ ചാരിവച്ചു. എന്നിട്ട് പറഞ്ഞു, ഇത് മൈൽ കുറ്റിയാണ്.”
മൈൽ കുറ്റിയോ? അതെന്തിനാണ്?”
“അത് തനിക്ക് അറിയില്ലേ? മൈൽ കുറ്റി കണ്ടാൽ ഏതു പട്ടിയും അതിനുമുകളിൽ മൂത്രം ഒഴിക്കും. നമ്മളുടെ ഡമ്മി പരീക്ഷണത്തിന് ഒറിജിനാലിറ്റി വേണ്ടേ? പട്ടിയായി അഭിനയിക്കുന്ന ആൾക്ക് താനൊരു പട്ടിയാണന്നു തോന്നലുണ്ടാക്കാൻ ആണ്.”
ഇപ്പോൾ ഒരു മൊട്ടുസൂചി താഴെ വീണാൽ കേൾക്കാം.
“എവിടെ പട്ടി?”
“ഇതാ പട്ടി നിൽക്കുന്നു”. ഒരാൾ വിളിച്ചുപറഞ്ഞു.
“ഞാനല്ല പട്ടി,താനാണ് പട്ടി”
“ഒരുകാര്യം ചെയ്യൂ,നിങ്ങളിൽ ആരാണ് പാട്ടി എന്ന് തീരുമാനിച്ചിട്ട് ഉച്ചകഴിഞ്ഞു വാ,നമ്മൾക്ക് പരിഹാരം ഉണ്ടാക്കാം.”
തോമസ് ചേട്ടനൊഴിച്ച് എല്ലാവരും സ്ഥലം വിട്ടു. “അപ്പോൾ ഉച്ചകഴിഞ്ഞു വീണ്ടും വരണോ?”
“എൻ്റെ തോമസുചേട്ടാ, അവർ നിങ്ങളെ മണ്ടൻ കളിപ്പിക്കുന്നത് ആണെന്ന് നിങ്ങൾക്ക് മനസ്സിലാകുന്നില്ലല്ലോ. പിന്നെ നിങ്ങളുടെ ചിട്ടി എങ്ങനെ ശരിക്കു നടന്നുപോകും?.”
“അപ്പോൾ എന്നെ പട്ടി കടിച്ചു എന്നുപറയുന്നതിൽ വാസ്തവം ഇല്ല എന്ന് നിങ്ങൾക്ക് മനസിലായി. അത് മതി.”
“പാവം തോമസുചേട്ടൻ”,ഞങ്ങൾ രണ്ടുപേരും ഒന്നിച്ച് പറഞ്ഞുപോയി.
(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി
‘കുട്ടി ഇഷാനിയെ കൈയ്യില്‍ എടുത്തു നില്‍ക്കുന്ന, പിങ്ക് സാരി ഉടുത്ത ആന്റിയാണ് മോളി അമ്മൂമ്മ (എന്റെ അമ്മയുടെ അമ്മയുടെ ഇളയ സഹോദരി.) ഇന്നവര്‍ കോവിഡിന് കീഴടങ്ങി. ഏപ്രില്‍ അവസാനത്തില്‍ ഒരു വിവാഹത്തിന് ക്ഷണിക്കാന്‍ വീട്ടിലേക്ക് വന്ന ഒരാളില്‍ നിന്നാണ് അവര്‍ക്ക് വൈറസ് ബാധ ഉണ്ടായത്. ക്ഷണിക്കാന്‍ വന്ന ആള്‍ വീട്ടില്‍ വന്നതിനു രണ്ടു നാള്‍ കഴിഞ്ഞു കോവിഡ് പോസിറ്റീവ് ആയി. അമ്മൂമ്മയ്ക്കും ചില ലക്ഷണങ്ങള്‍ കണ്ടു, ഒടുവില്‍ തിങ്കളാഴ്ച അമ്മൂമ്മയും കോവിഡ് പോസിറ്റീവ് ആയി. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പ് ആശുപത്രിയില്‍ ആക്കിയ അമ്മൂമ്മ ഇന്ന് മരിച്ചു. ഞങ്ങള്‍ക്കാര്‍ക്കും തന്നെ വിശ്വസിക്കാന്‍ ആവുന്നില്ല, ഈ സാഹചര്യം – അമ്മൂമ്മ പോയി എന്നും,’ കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന്റെ വിയോഗത്തില്‍ നടി അഹാന കുറിച്ച വാക്കുകള്‍ ആണിവ.
അഹാനയുടെ അമ്മ സിന്ധുവിന്റെ അമ്മയുടെ ഇളയ സഹോദരി മോളിയാണ് ഇന്ന് മരണപ്പെട്ടത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു അവര്‍.
‘എന്റെ അമ്മയ്ക്ക് അവരുമായി ചേര്‍ന്ന ധാരാളം ഓര്‍മ്മകള്‍ ഉണ്ട്. വളരെ ആക്ടിവ് ആയ ഒരാള്‍. എനിക്കുറപ്പുണ്ട്, ആശുപത്രിയില്‍ അഡ്മിറ്റ് ആവുമ്പോഴും അമ്മൂമ്മ കരുതിയിട്ടുണ്ടാവില്ല അവര്‍ മരിക്കുമെന്ന്. 64 വയസായിരുന്നു, വാക്സിന്‍ രണ്ടു ഡോസും എടുത്തിരുന്നു. ഞാനിതു വരെ കേട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ വിശ്വസിച്ചിരുന്നു… രണ്ടു ഡോസ് വാക്സിന്‍ എടുത്തവരില്‍ കോവിഡ് ബാധയുണ്ടായാല്‍ കൂടി അത് വളരെ മൈല്‍ഡ് ആയിരിക്കും എന്നും. എനിക്ക് തെറ്റി. രണ്ടു ഡോസ് വാക്സിന്‍ എടുത്താലും നിങ്ങള്‍ സുരക്ഷിതരല്ല. വാക്സിന്‍ ചിലര്‍ക്കെല്ലാം ഒരു ഷീല്‍ഡ് ആണ്, ഒരിക്കലും ഒരു ഗ്യാരന്റി അല്ല. ചെറിയ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയപ്പോള്‍ തന്നെ അമ്മൂമ്മ ടെസ്റ്റ് ചെയ്തിരുന്നെങ്കില്‍ എന്നും ഞാനിപ്പോള്‍ ആശിച്ചു പോകുന്നു. ടെസ്റ്റ് ചെയ്യുന്നതില്‍ വന്ന താമസം വൈറസ് ഉള്ളില്‍ പടരാന്‍ കാരണമായിരുന്നിരിക്കാം.
നിങ്ങള്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍, ദയവായി ഈ കാര്യങ്ങള്‍ തിരിച്ചറിഞ്ഞു, നിങ്ങളുടെ പ്രിയപ്പെട്ടവരോട് പറയൂ
കൃത്യമായി വാക്സിന്‍ എടുത്ത, ഏറെ പ്രിയപ്പെട്ട ഒരാളെ ഞങ്ങള്‍ക്ക് ഇന്ന് നഷ്ടപ്പെട്ടു. അത് കൊണ്ട്, വാക്സിന്‍ എടുത്താലും ഇല്ലെങ്കിലും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക.
ചെറിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ ഉടനെ ടെസ്റ്റ് ചെയ്യുക. കൃത്യവും സമയനിഷ്ഠവുമായ പ്രതികരണത്തിലൂടെ മാത്രമേ കോവിഡിനെ പ്രതിരോധിക്കാനാവൂ.
വീട്ടിലിരിക്കുക. മറ്റു വീടുകളില്‍ പോകാതിരിക്കുക. അത് അവര്‍ക്കും നിങ്ങള്‍ക്കും നല്ലതല്ല. എല്ലാം പിന്നീടാകാം. അത് കൊണ്ട് ദയവായി ശ്രദ്ധിക്കുക.
മോളി അമ്മൂമ്മേ, റസ്റ്റ് ഇന്‍ പീസ്. അവസാനമായി ഒന്ന് കാണാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്. എന്റെ ഫേസ്ബുക്കില്‍, ഞാന്‍ എന്ത് കുറിച്ചാലും ഇടുന്ന ഉഷാറായ കമന്റുകള്‍ ഞാന്‍ മിസ്സ് ചെയ്യും. അമ്മൂമ്മയുടെ സഹോദരി, മക്കള്‍, കൊച്ചുമക്കള്‍, എന്റെ അമ്മ, അപ്പൂപ്പന്‍ എല്ലാവരും അമ്മൂമ്മയെ മിസ് ചെയ്യുകയും എല്ലാ ദിവസവും ഓര്‍ക്കുകയും ചെയ്യും. ‘അമ്മൂസേ’ എന്ന വിളി എനിക്ക് ഇപ്പോഴും കേള്‍ക്കാം. ആ ശബ്ദം എന്റെ ഓര്‍മ്മയില്‍ നിന്നും മായാതിരിക്കട്ടെ. ജീവിതത്തിന്റെ മറുകരയില്‍ കാണാം,’ അഹാന ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.
View this post on Instagram
കോവിഡ് വ്യാപനത്തില്‍ കേരളത്തിലെ സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി. കോഴിക്കോട്, എറണാകുളം, തൃശൂര്‍, മലപ്പുറം, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പാലക്കാട്, കൊല്ലം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലാണ് വ്യാപനം അതീവ ഗുരുതരമായിട്ടുള്ളതെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു.
കേരളത്തിനൊപ്പം പതിനൊന്നിലധികം സംസ്ഥാനങ്ങളാണ് സമ്പൂർണമായി അടച്ചുപൂട്ടിയിരിക്കുന്നത്. ഡൽഹി, ഹരിയാന ,ബിഹാർ , യുപി, ഒഡീഷ , രാജസ്ഥാൻ, കർണാടക, ഝാർഖണ്ഡ് , ഛത്തീസ്ഗഡ്, ഗോവ സംസ്ഥാനങ്ങളിലാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുപത്തിനാല് സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുതിച്ചുയരുന്നത് വലിയ തിരിച്ചടിയാകുമെന്നും വിദഗ്ധസമിതി പറയുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപതിലേക്ക് കുതിക്കുന്നത് വെല്ലുവിളിയാണ്. നിലവില്‍ പതിനഞ്ച് ശതമാനമാണ് ഈ സംസ്ഥാനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഗോവയില്‍ 48.5, ഹരിയാന 36.1, പുതിച്ചേരി 34.9, പശ്ചിമ ബംഗാള്‍ 33.1 എന്നിങ്ങനെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുകയാണ്. കര്‍ണ്ണാടക ഡല്‍ഹി, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.9 ശതമാനമാണെന്നും വിദഗ്ധ സമിതി വ്യക്തമാക്കുന്നു.
കർണാടകയിലെ ലോക്ക്ഡൗൺ 24 വരെയാണ് നീട്ടിയിരിക്കുന്നത്. ഗോവയിൽ നാളെ മുതലാണ് ലോക്ക്ഡൗൺ നിലവിൽ വരിക. 15 ദിവസത്തെ ലോക്ക്ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമേ പത്തോളം സംസ്ഥാനങ്ങളിൽ രാത്രികാല, വാരാന്ത്യ കർഫ്യൂവും നിലനിൽക്കുന്നുണ്ട്.
നേരത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച പല സംസ്ഥാനങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവു വന്നത് ആശ്വാസമായിട്ടുണ്ട്. രണ്ടാം തരംഗത്തിൽ വലിയ പ്രതിസന്ധി നേരിട്ട ഡൽഹിയിൽ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു. ഓക്സിജൻ പ്രതിസന്ധിയിലും കുറവുണ്ട്. കൂടുതൽപേർക്ക് വാക്സിൻ നൽകാനാണ് ഇപ്പോൾ സർക്കാർ നീക്കം. മഹാരാഷ്ട്രയിലും രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്.
സാമ്പത്തിക തട്ടിപ്പു കേസില്‍ സംവിധായകന്‍ വി.എ ശ്രീകുമാറിന് എതിരെയുള്ള കേസ് പിന്‍വലിച്ചു. രണ്ടു വ്യക്തികള്‍ തമ്മിലുള്ള വ്യവഹാരമാണിതെന്നും സാമ്പത്തിക പ്രശ്നങ്ങള്‍ വായ്പാദായകന് ബോധ്യമായതിനെ തുടര്‍ന്ന് അദ്ദേഹം കോടതിയില്‍ വച്ച് കേസ് പിന്‍വലിച്ചെന്നും ശ്രീകുമാര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
സിനിമ നിര്‍മിക്കാനെന്ന പേരില്‍ ശ്രീവത്സം ഗ്രൂപ്പില്‍ നിന്നും എട്ടു കോടി രൂപ തട്ടിയെടുത്തു എന്ന കേസില്‍ പാലക്കാട്ടെ വീട്ടില്‍ നിന്നും ആയിരുന്നു ശ്രീകുമാറിനെ അറസ്റ്റു ചെയ്തത്. മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ തള്ളിയതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.
വി.എ ശ്രീകുമാറിന്റെ വാര്‍ത്തക്കുറിപ്പ്:
ഞാന്‍ 30 വര്‍ഷത്തോളമായി അഡ്വെര്‍ട്ടൈസിങ് ആന്‍ഡ് ബ്രാന്‍ഡിങ് കമ്പനി നടത്തിവരുന്ന പ്രൊഫഷണലാണ്. എന്റെ അഡ്വര്‍ട്ടൈസ് ബിസിനസുമായി ബന്ധപ്പെട്ട്, മറ്റ് എല്ലാ ബിസിനസുകാരും ചെയ്യുന്നതു പോലെ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ദീര്‍ഘകാല അടിസ്ഥാനത്തില്‍ വായ്പ എടുക്കകുയും നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും ചെയ്യാറുണ്ട്. വായ്പകള്‍ പലിശ സഹിതം തിരിച്ചടക്കുകയും നിക്ഷേപങ്ങള്‍ ലാഭസഹിതം മടക്കിക്കൊടുക്കുകയമുണ് പതിവ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് സാധാരണക്കാര്‍ മുതല്‍ ആഗോള ബിസിനസ് ഭീമന്മാര്‍ വരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
പരസ്യ വിപണിയെ ആദ്യവും അധികവും ഈ പ്രതിസന്ധി ബാധിച്ചു. പല പരസ്യ കമ്പനികളും ഇതിനോടകം തന്നെ അടച്ചു പൂട്ടിക്കഴിഞ്ഞു. ആഗോള- പ്രാദേശിക തലത്തില്‍ മാധ്യമ സ്ഥാപനങ്ങളേയും പരസ്യ രംഗത്തെ പ്രതസന്ധി സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ വായപ തിരിച്ചടവുമായി ബന്ധപ്പെട്ട് ഒരു വായ്പദായകനുമായി ഒരു വ്യവഹാരം ഉണ്ടായിരുന്നു. ഇലഷന്‍ ക്യാംപയിനുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ വ്യവഹാരത്തില്‍ കൃത്യമായി ഹാജരാകുന്നതില്‍ വീഴ്ചവന്നു.
കേസില്‍ ഹാജരാകുന്നതില്‍ സംഭവിച്ച ആ നോട്ടപ്പിശകിനെ തുടര്‍ന്ന്, നിയമപരമായ നടപടികളോട് പൂര്‍ണമായും സഹകരിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഇന്ന് ഹാജരാകേണ്ടി വന്നു. ഇത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള വ്യവഹാരമാണ്. ഇതിന് മാധ്യമങ്ങള്‍ നല്‍കിയ വലിയ വാര്‍ത്താ പ്രാധാന്യം എന്നെ അതിശയപ്പെടുത്തി. കോവിഡ് പ്രതിസന്ധി കൊണ്ടുണ്ടായ സാമ്പത്തികപ്രശ്നങ്ങള്‍ വായ്പാദായകന് ബോധ്യപ്പെടുകയും തുടര്‍ന്ന് ബഹുമാനപ്പെട്ട ആലപ്പുഴ സിജെഎം കോടതിയുടെ അനുവാദത്തോടെ കോടതിയില്‍ വെച്ച് കേസ് അദ്ദേഹം പിന്‍വലിക്കുകയും ചെയ്തു.
അതോടുകൂടി ഈ വിഷയവും അതിലെ വ്യവഹാരങ്ങളും പൂര്‍ണമായി അവസാനിക്കുകയും ചെയ്തു. പ്രസ്തുത വ്യവഹാരത്തിന് സിനിമാ നിര്‍മ്മാണവുമായി യാതൊരു ബന്ധവുമില്ല. ഞാന്‍ സിനിമാ നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുമല്ല. എനിക്ക് സിനിമയുടെ സംവിധാന രംഗത്തുമാത്രമാണ് ബന്ധമുള്ളത്. ഇതുവരെ എന്നോട് സ്നേഹിച്ച് സഹകരിച്ച എല്ലാ മാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദി. കോവിഡ് മഹാമാരിയില്‍ എന്നെപ്പോലെ പ്രതിസന്ധിയിലായ പതിനായിരക്കണക്കിന് ബിസിനസുകാരുണ്ട്. കോടിക്കണക്കിന് സാധാരണ ജനങ്ങളുണ്ട്. മനോധൈര്യം കൈവിടാതെ ഈ ബിസിനസ്- തൊഴില്‍- ജീവിത പ്രതിസന്ധികളെ തരണം ചെയ്യാന്‍ എല്ലാവര്‍ക്കും കഴിയണമേയെന്ന് പ്രാര്‍ത്ഥിക്കുന്നു. രാവിലെ പ്രചരിച്ച വാര്‍ത്തയിലെ അവാസ്തവങ്ങള്‍ തിരുത്തണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
ഇന്നുമുതല്‍ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരുന്ന പശ്ചാത്തലത്തില്‍ കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) അറിയിച്ചു. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന 16 വരെ സര്‍വീസ് ഉണ്ടായിരിക്കില്ല.
ആലുവ മെട്രോ സ്റ്റേഷനില്‍നിന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കുള്ള ഫീഡര്‍ ബസ് സര്‍വീസ് ആയ പവന്ദൂതും 16 വരെ നിര്‍ത്തിവച്ചിട്ടുണ്ട്.