ജപ്പാനിൽ 2011 മാർച്ച് 11-നുണ്ടായ സുനാമിയിൽ കാണാതായ യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി തിരിച്ചറിഞ്ഞതായി പൊലീസ്. നറ്റ്സുകോ ഒകുയാമ എന്ന സ്ത്രീയുടെ അസ്ഥികൂട അവശിഷ്ടങ്ങളാണ് കണ്ടെത്തിയത് എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ദുരന്തം നടന്ന് പത്ത് വർഷം തികയാൻ ചുരുങ്ങിയ ദിവസം മാത്രം ബാക്കി നിൽക്കേയാണ് പോലീസ് അധികൃതർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
മിയാഗിയുടെ വടക്ക് കിഴക്കൻ കടൽത്തീരത്ത് ഫെബ്രുവരി 17-നാണ് തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്നാണ് പൊലീസ് വക്താവ് എഎഫ്പിയോട് വ്യക്തമാക്കിയത്. ഫൊറൻസിക് ആൻഡ് ഡിഎൻഎ നടത്തിയ വിശകലനത്തിലാണ് 2011 മാർച്ചിൽ ഉണ്ടായ ദുരന്തത്തിൽ കാണാതായത് നറ്റ്സുകോ ഒകുയാമ എന്ന 61-കാരിയാണിതെന്ന് തെളിയിക്കപ്പെട്ടത്.
ജപ്പാനിലെ ദേശീയ പൊലീസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം 2011-ൽ നടന്ന ഭൂകമ്പം, സുനാമി, ആണവ ദുരന്തം എന്നിവയിലായി 15,899 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.. എന്നാൽ ദുരന്തം നടന്ന് 10 വർഷത്തിനിപ്പുറവും 2500-ൽ അധികം ആളുകളെ കണ്ടെത്തിയിട്ടില്ലെന്നാണ് കണക്കാക്കപ്പെടുന്നത്. നിരവധി കുടുംബങ്ങളാണ് ഇതുമൂലം ദുഃഖത്തിലായിരിക്കുന്നത്. മൃതദേഹം കണ്ടെത്താത്തവരുടെ അന്ത്യ കർമ്മങ്ങൾ ചെയ്യാൻ പോലും കുടുംബാംഗങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. ഇന്നും വേണ്ടപ്പെട്ടവർക്ക് വേണ്ടി, അവരുടെ എന്തെങ്കിലും ഒരു അറിവിന് വേണ്ടി കാത്തിരിക്കുകയാണ് പലരും.
അതേസമയം, ഒകുയാമയുടെ മൃതദേഹം കണ്ടെത്തിയവർക്ക് മകൻ നന്ദി പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ”ദുരന്തം നടന്ന് പത്ത് വർഷം തികയുമ്പോൾ എൻ്റെ അമ്മയുടെ മൃതദേഹം കണ്ടെത്തിയതിൽ എനിക്ക് ഞാൻ സന്തുഷ്ടനാണ്” ഒകുയാമയുടെ മകൻ പറഞ്ഞതായി ക്യോഡോ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
2011-ൽ നടന്ന ഭൂകമ്പവും സുനാമിയും ജപ്പാൻ ചരിത്രത്തിൽ ഏറ്റവും വലിയ ദുരന്തമായിരുന്നു. റിക്ടർ സ്കെയിലിൽ 9.0 രേഖപ്പെടുത്തിയ ഈ ഭൂകമ്പം ജപ്പാൻ ചരിത്രത്തിലെ ഏറ്റവും വലിയതും ലോകത്തെ ഏറ്റവും വലിയ ഭൂകമ്പങ്ങളിൽ ഏഴാമത്തേതുമാണ്. 140 വർഷങ്ങൾക്ക് ശേഷം ജപ്പാനിൽ ഉണ്ടായ വലിയ ഭൂകമ്പമായും ഇതിനെ വിശേഷിപ്പിക്കപ്പെടുന്നു.
ജപ്പാൻ ദ്വീപുകളിൽ തന്നെ ഏറ്റവും വലിയ ദ്വീപായ ഹോൻഷുവിൻ്റെ വടക്ക് – കിഴക്ക് തീരത്ത് സെൻഡായ് തീരപ്രദേശത്തായിരുന്നു ഏവരെയും ഞെട്ടിച്ച ദുരന്തം ഉണ്ടായത്. ഒരു ദശലക്ഷത്തിൽ കൂടുതൽ ആളുകൾ താമസിക്കുന്ന ജപ്പാനിലെ പ്രധാന നഗരമായ സെൻഡായയിൽ അപകടത്തിൻ്റെ ആഴംവളരെ കൂടുതലായിരുന്നു. സുനാമി തിരമാലകൾ ആറ് മുതൽ പത്ത് മീറ്റർ വരെ ഉയർന്നപ്പോൾ ചില സ്ഥലങ്ങളിൽ അവ 12 കിലോമീറ്റർ വരെ ഉള്ളിലേക്കാണ് പോയത്. അതുകൊണ്ടുതന്നെ ദുരന്തത്തിൽ നാശനഷ്ടങ്ങൾ നിരവധി ആയിരുന്നു.
ദുരന്തം നടന്ന് പത്ത് വർഷങ്ങൾക്ക് ശേഷം കാണാതായ ഒരു സ്ത്രീയുടെ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയതുകൊണ്ടുതന്നെ ഇനി അങ്ങോട്ടും കാണാത്തായവരെക്കുറിച്ച് എന്തെങ്കിലും അറിവുകൾ ലഭ്യമായേക്കാം എന്ന പ്രതീക്ഷയിലാണ് പലരും.
നേപ്പാളിൽ പൊലിസ് വെടിയേറ്റ് ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയോട് ചേർന്ന അതിർത്തിയിൽ ആണ് സംഭവം. ഗോവിന്ദ എന്ന 26 കാരനാണ് കൊല്ലപ്പെട്ടത്. നേപ്പാൾ പൊലീസുമായുണ്ടായ വാക്കേറ്റത്തിനെ തുടർന്ന് പൊലീസ് വെടിയുതിർക്കുക ആയിരുന്നു എന്ന് ഉത്തർപ്രദേശ് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ഗോവിന്ദയോട് ഒപ്പം പപ്പു സിംഗ്, ഗുർമീത് എന്നിങ്ങനെ രണ്ടു പേർ കൂടി ഉണ്ടായിരുന്നു. വാക്കേറ്റത്തിനുള്ള കാരണം എന്തെന്ന് വ്യക്തമല്ല.
എസ് എസ് ബി യാണ് സംഭവത്തെ കുറിച്ചുള്ള വിവരം പൊലീസിന് നൽകിയത്. ഇന്ത്യയിൽ നിന്നു പോയ മൂന്ന് യുവാക്കളും നേപ്പാൾ പൊലീസുമായി പ്രശ്നം ഉണ്ടാവുകയും തുടർന്ന് നടന്ന സംഘട്ടനത്തിൽ ഒരാൾ പൊലീസ് വെടിയേറ്റ് മരിച്ചെന്നും ഉള്ള വിവരമാണ് ലഭിച്ചത്. ഒപ്പം ഉണ്ടായിരുന്ന ഒരാൾ ഇന്ത്യയിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്നും മറ്റൊരാളെക്കുറിച്ച് വിവരം ലഭിച്ചില്ലെന്നും പറയുന്നു.
ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ആളെ കണ്ടെത്തി എന്താണ് സംഭവിച്ചത് എന്നു അന്വേഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിർത്തിയിൽ യാതൊരു തരത്തിലും ഉള്ള ക്രമസമാധാന പ്രശ്നങ്ങളും നിലവിൽ ഇല്ലെന്നും പിലിഭിട്ട് ജില്ലാ പൊലീസ് മേധാവി ജയ് പ്രകാശ് അറിയിച്ചു.
സംഘർഷ സാധ്യത കണക്കിലെടുത്ത് അതിർത്തി മേഖലയിലെ സുരക്ഷ ജീവനക്കാരോട് കൂടുതൽ ജാഗ്രതയോടെ ഇരിക്കാനുള്ള നിർദേശം പൊലീസ് നൽകിയിട്ടുണ്ട്.
നികുതി വെട്ടിച്ച് വലിയ രീതിയിൽ നേപ്പാളിൽ നിന്നും ഇന്ത്യയിലേക്ക് പല തരത്തിലുള്ള ചരക്ക് കടത്തുന്നുണ്ട്. ഇന്ധനം ഉൾപ്പടെ കുറഞ്ഞ വിലയിൽ നേപ്പാളിൽ ലഭിക്കുന്നതിനാൽ വലിയ ലാഭമാണ് ഇന്ത്യയിലേക്ക് സാധനങ്ങൾ കടത്തുന്ന സംഘങ്ങൾക്ക് ലഭിക്കുന്നത്. അടുത്തിടെ ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 8 ലക്ഷം രൂപയുടെ ജാക്കറ്റും 1 കോടി രൂപയുടെ സൗന്ദര്യ വർദ്ധക വസ്തുക്കളും അതിർത്തിയിൽ വച്ച് എസ്എസ്ബി പിടിച്ചെടുത്തിരുന്നു. ചമ്പവതി ജില്ലയുടെ അതിർത്തിയോട് ചേർന്നായിരുന്നു ഇത്.
ഇന്ത്യയിൽ പെട്രോൾ ഡീസൽ വില കുതിച്ച് ഉയർന്നതോടെ ഇവയുടെ കടത്തും വ്യാപകമായി. ഒരു ലിറ്റർ പെട്രോളിൽ മുപ്പത് രൂപയോളം ലാഭമാണ് കടത്തുകാർക്ക് ലഭിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള കടത്തുമായി ബന്ധപ്പെട്ടുള്ള പ്രശ്നമാണോ വെടവെയ്പ്പിൽ കലാശിച്ചതെന്ന കാര്യം വ്യക്തല്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ സീറ്റും കേരള കോൺഗ്രസ് എമ്മിന് നൽകാൻ ഇടതുമുന്നണിയിൽ തീരുമാനമായി. പൂഞ്ഞാർ, റാന്നി സീറ്റുകളും കേരള കോൺഗ്രസ് ജോസ് പക്ഷത്തിനു നൽകും.
റാന്നി സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്നു. രാജു ഏബ്രഹാമായിരുന്നു റാന്നിയെ പ്രതിനിധീകരിച്ചിരുന്നത്. ചങ്ങനാശേരി സീറ്റിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ചങ്ങനാശേരിക്കുവേണ്ടി സിപിഐയും രംഗത്തുണ്ട്.
പരമ്പരാഗതമായി മത്സരിച്ച സീറ്റുകളെല്ലാം വേണമെന്നായിരുന്നു ജോസ് പക്ഷത്തിന്റെ ആവശ്യം. ചങ്ങനാശേരി എമ്മിന് കിട്ടിയാൽ ജോബ് മൈക്കിൾ ആയിരിക്കും എൽഡിഎഫ് സ്ഥാനാർഥി. ജോബിന്റെ വിജയ സാധ്യത, കഴിഞ്ഞ രണ്ടു തവണയും സിഎഫ് തോമസ് മാണിക്കൊപ്പം നിന്നപ്പോൾ അദ്ദേഹത്തിന് വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുത്ത സഹതാപവും സാധാരണക്കാരുടെയും യുവാക്കളുടെ ഇടയിലെ ജോബിന്റെ ജനപ്രീതിയും മുതലാക്കി വിജയം ഉറപ്പിക്കാം എന്നാണ് കേരള കോൺഗ്രസ്സ് എമ്മിന്റെ പ്രതീക്ഷ.
നിയമസഭാ തെരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തില്‍ ഗായിക ദലീമ സിപിഎം സ്ഥാനാര്‍ഥിയാകും. ആലപ്പുഴയില്‍ പി.പി. ചിത്തരഞ്ജനെയും പാലക്കാട്ടെ തൃത്താലയില്‍ എം.ബി. രാജേഷിനെയും മത്സരിപ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ധാരണയായി എന്നാണ് സൂചന.
കൊട്ടാരക്കരയിലല് കെ.എന്‍. ബാലഗോപാലും മത്സരിക്കും. മൂന്ന് ടേം പൂര്‍ത്തിയാക്കിയ ഐഷ പോറ്റി മത്സരിക്കുന്നില്ല. കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് സീറ്റ് ഇല്ലെന്നാണ് സൂചന. മന്ത്രി എ.കെ. ബാലന്റെ ഭാര്യ പി.കെ. ജമീല തരൂരില്‍ സ്ഥാനാര്‍ഥിയാകും. ഏറ്റുമാനൂരില്‍ വി.എന്‍. വാസവനും മത്സരിക്കും.
ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നടി റിയ ചക്രവര്‍ത്തി ഉള്‍പ്പടെ 33 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയാണ് മുംബൈയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
12,000 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ പേരുള്ള 33 പേരില്‍ എട്ട് പേര് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. നേരത്തെ, കേസുമായി ബന്ധപ്പെട്ട് റിയ ചക്രവര്‍ത്തി, സഹോദരന് ഷോവിക് ചക്രവര്‍ത്തി എന്നിവരെ അറസ്റ്റിലായിരുന്നു. പിന്നീട് ഇവര്‍ ജാമ്യത്തിലിറങ്ങി.
അന്വേഷണത്തിനിടയില്‍ ലഹരിമരുന്നുകള്‍, ഇലക്ടോണിക്സ് ഉപകരണങ്ങള്‍, ഇന്ത്യന്‍-വിദേശ നിര്‍മിത കറന്‍സികള്‍ എന്നിവയെല്ലാം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഋഷഭ് പന്തിന്റെ സെഞ്ചുറിയുടേയും വാഷിംഗ്ടൺ സുന്ദറിന്റെ അർധസെഞ്ചുറിയുടേയും കരുത്തിൽ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മേൽക്കൈ. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ഏഴിന് 294 എന്ന നിലയിലാണ്. സന്ദർശകരേക്കാൾ 89 റൺസ് മുന്നിൽ.
ഏകദിന ശൈലിയിൽ ബാറ്റ് വീശിയ പന്തും (101) വാലറ്റത്ത് പുറത്താകാതെ ഗംഭീര പ്രകടനം നടത്തിയ വാഷിംഗ്ടൺ സുന്ദറുമാണ് (60) ഇന്ത്യക്ക് മേൽക്കൈ നേടിക്കൊടുത്തത്. ഇവരെ കൂടാതെ ഓപ്പണർ രോഹിത് ശർമ (49) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
പന്ത്- വാഷിംഗ്ടൺ സുന്ദർ കൂട്ടുകെട്ട് 113 റൺസ് കൂട്ടിച്ചേർത്തു. രണ്ടാം ദിവസം തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ചേതേശ്വർ പൂജാരയാണ് (17) ആദ്യം മടങ്ങിയത്. പിന്നാലെ എത്തിയ ക്യാപ്റ്റൻ കോഹ്ലി പൂജ്യത്തിനു പുറത്തായി. രഹാനയ്ക്കും (27) കാര്യമായൊന്നും ചെയ്യാനായില്ല.
പന്ത് വന്നതോടെയാണ് ഇന്ത്യ കളിയിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ രോഹിത് ശർമയും അശ്വിനും (13) അടുത്തടുത്ത് പുറത്തായത് ഇന്ത്യക്ക് വീണ്ടും തിരിച്ചടിയായി. വാഷിംഗ്ടൺ സുന്ദർ പന്തിന് കൂട്ടായെത്തിയതോടെ ടീം ഇന്ത്യ വീണ്ടും ഉഷാറായി. ഏകദിനക്കണക്കിൽ റൺസ് ഒഴുകി. ഇരുവരും ചേർന്ന് ഇന്ത്യയെ തകർച്ചയിൽനിന്നും കരകയറ്റി. സെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെ പന്ത് മടങ്ങി. അപ്പോഴേക്കും ഇന്ത്യ ലീഡ് സ്വന്തമാക്കിയിരുന്നു.
രണ്ടാം ദിനം സ്റ്റന്പ് എടുക്കുന്പോൾ വാഷിംഗ്ടൺ സുന്ദറിനൊപ്പം അക്സർ പട്ടേലാണ് (11) ക്രീസിൽ. ഇംഗ്ലണ്ടിന് വേണ്ടി ആൻഡേഴ്സൺ മൂന്ന് വിക്കറ്റെടുത്തു. ബെൻ സ്റ്റോക്സും ലീച്ചും രണ്ട് വിക്കറ്റ് വീതം നേടി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 205 റണ്‍സില്‍ അവസാനിച്ചിരുന്നു.
വ്യവസായി മുകേഷ് അംബാനിയുടെ വീടിനുമുന്നിൽ സ്ഫോടക വസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട കാറിന്റെ ഉടമ മരിച്ച നിലയിൽ. താനെ സ്വദേശിയായ മൻസുക് ഹിരണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. താനെയ്ക്കടുത്തു കൽവ കടലിടുക്കിൽനിന്നാണ് മൃതദേഹം ലഭിച്ചത്.
തന്റെ കാർ മോഷ്ടിച്ചവർ, അതിൽ സ്ഫോടകവസ്തുക്കൾ നിറച്ച് അംബാനിയുടെ വസതിക്കു മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഇദ്ദേഹം നേരത്തെ പോലീസിനു മൊഴി നൽകിയിരുന്നത്. കറുത്ത സ്കോർപ്പിയോ കാറിലാണ് സ്ഫോടക വസ്തുക്കൾ നിറച്ച് മുകേഷ് അംബാനിയുടെ മുംബൈയിലെ ആഡംബര വസതിക്കു സമീപം ഉപേക്ഷിച്ചത്.
20 ജലാറ്റിൽ സ്റ്റിക്കുകൾ വാഹനത്തിൽനിന്ന് കണ്ടെടുത്തിരുന്നു. മുകേഷ് അംബാനിയേയും ഭാര്യ നിതയെയും ഭീഷണിപ്പെടുത്തിയുള്ള കുറിപ്പും കണ്ടെടുത്തിരുന്നു.
ഭാര്യ അറിയാതെ കുളിമുറിയിലെ ഡ്രെയ്നേജില്‍ ഒളിപ്പിച്ച മദ്യം പുറത്തെടുക്കുന്നതിനിടെ കൈ കുടുങ്ങിയ മധ്യവയസ്‌കനെ അഗ്‌നിശമനസേന രക്ഷിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിച്ചത്. ഒരു കുടുംബത്തെയാകെ ദുഃഖത്തിലാക്കിയ ഈ വ്യാജപ്രചാരണത്തില്‍ പൊള്ളിയത് അച്ഛനും അമ്മയും മകളും അടങ്ങുന്ന ഒരു കുടുംബത്തിനാണ്. സുരാജ് വെഞ്ഞാറമ്മൂടും സൗബിനും വേഷമിട്ട ‘വികൃതി’ എന്ന സിനിമയില്‍ പ്രതിപാദിച്ചതിനു സമാനമായ ദുരനുഭവമാണ് ഈ കുടുംബത്തിനും നേരിടേണ്ടിവന്നത്.
കുളിമുറിയിലെ ഡ്രെയ്നേജ് പൈപ്പില്‍ തടസം നേരിട്ട് വെള്ളം നിറഞ്ഞപ്പോഴാണ് ഗൃഹനാഥന്‍ പൈപ്പ് വൃത്തിയാക്കാന്‍ ശ്രമിച്ചതും കൈകുടുങ്ങിയതും. രക്ഷാപ്രവര്‍ത്തനത്തിന്റെ വിഡിയോ പകര്‍ത്തിയ അഗ്നിശമന സേനാംഗങ്ങള്‍ തന്നെ ഇക്കാര്യം സ്ഥിരീകരിക്കുന്നു. എന്നാല്‍, ഒളിപ്പിച്ച മദ്യക്കുപ്പി എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന വ്യാജ പ്രചാരണത്തോടെ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ കുടുംബത്തിനു പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. ഭാര്യയും ഭര്‍ത്താവും ജോലിക്കു പോകുന്നില്ല. മകളുടെ കൂട്ടുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കുടുംബം കൂടുതല്‍ സമ്മര്‍ദത്തിലായി.
മദ്യപിച്ച് കൊച്ചി മെട്രോയില്‍ ഉറങ്ങുന്ന യാത്രക്കാരനെന്ന പേരില്‍ പ്രചരിച്ച ദൃശ്യത്തിലുണ്ടായിരുന്ന ആള്‍ നേരിട്ട അതേ അനുഭവമാണ് ഈ കുടുംബത്തിനും ഉണ്ടായത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന സഹോദരനെ കണ്ടുവരുമ്പോള്‍ ഉറങ്ങിപ്പോയതായിരുന്നു ബധിരനും മൂകനുമായ വ്യക്തി. സത്യം പുറത്തുവരുമ്പോഴേക്കും വിഡിയോ ലക്ഷണക്കണക്കിന് ആളുകളിലെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ കഥ പിന്നീട് സുരാജ് വെഞ്ഞാറമ്മൂടും സൗബിനും തകര്‍ത്തഭിനയിച്ച ‘വികൃതി’ എന്ന സിനിമയ്ക്ക് ആധാരമാകുകയും ചെയ്തിരുന്നു.
ഒളിപ്പിച്ച മദ്യം എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന പ്രചാരണം ശരിയല്ലെന്നു മാവേലിക്കര ആഗ്‌നിശമന ഓഫിസ് അറിയിച്ചു. ഡ്രെയ്നേജ് വൃത്തിയാക്കുന്നതിനിടെ 26-ാം തീയതി രാത്രിയാണ് മധ്യവയസ്‌കന്റെ കൈ കുടുങ്ങിയത്. വീട്ടുകാര്‍ ശ്രമിച്ചിട്ടും കൈ പുറത്തെടുക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് അഗ്‌നിശമനസേനയെ നാട്ടുകാര്‍ വിവരമറിയിച്ചത്. തുടര്‍ന്ന് ടൈല്‍സ് അടക്കം മാറ്റി ആളെ രക്ഷപ്പെടുത്തുകയായിരുന്നെന്നും ആഗ്‌നിശമനസേന പറഞ്ഞു. അഗ്‌നിശമനസേനയെ വിളിച്ച അയല്‍ക്കാരും ഇക്കാര്യം ശരിവയ്ക്കുന്നു. ‘ഡ്രെയ്നേജ് വൃത്തിയാക്കുന്നതിനിടെ കൈ കുടുങ്ങിയതിനെത്തുടര്‍ന്നാണ് അഗ്‌നിശമന സേനയെ വിളിച്ചത്’-അയല്‍വാസി മനോരമ ഓണ്‍ലൈനോട് പറഞ്ഞു.
”രണ്ടു ദിവസമായി ഡ്രെയ്നേജില്‍ പ്രശ്‌നമുണ്ടായിരുന്നു. പ്ലംബറെ വിളിച്ചിട്ടും എത്തിയില്ല. രണ്ടു കുളിമുറിയിലെയും വെള്ളം ഒരു പൈപ്പിലേക്കാണ് വന്നിരുന്നത്. ഡ്രെയ്നേജ് അടഞ്ഞതോടെ കുളിമുറികളില്‍ വെള്ളം നിറഞ്ഞു. ഡ്രെയ്നേജിന് അകത്ത് എന്തെങ്കിലും തടസം ഉണ്ടോ എന്നു പരിശോധിക്കുന്നതിനിടയിലാണ് കൈ കുടുങ്ങിയത്. വീട്ടുകാര്‍ ശ്രമിച്ചെങ്കിലും സ്റ്റീലിന്റെ ഭാഗമുള്ളതിനാല്‍ കൈ പുറത്തെടുക്കാനായില്ല. തുടര്‍ന്നാണ് അഗ്‌നിശമനസേനയെ വിളിച്ചതും അവര്‍ വന്ന് രക്ഷപ്പെടുത്തിയതും. ആരാണ് തെറ്റായ പ്രചാരണം നടത്തിയതെന്നു വ്യക്തമല്ല. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് കുടുംബവുമായി ആലോചിച്ചു തീരുമാനിക്കും. മദ്യം എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന തെറ്റായ പ്രചാരണം ഉണ്ടായശേഷം പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. മകളുടെ കൂട്ടുകാര്‍ വിളിച്ചു ചോദിക്കുന്നതിനാല്‍ മകളും മാനസിക വിഷമത്തിലാണ്.”
മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാനും ഓർത്തഡോക്സ് സഭാ മുൻ ട്രസ്റ്റിയുമായ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഡൽഹിയിൽവച്ചായിരുന്നു അന്ത്യം.. 71 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി ഡൽഹിയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം.
ഇന്ത്യൻ ധനികരുടെ ഫോബ്സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്ത് മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റും സഹോദരന്മാരും 2020 ൽ എത്തിയിരുന്നു. 35,500 കോടി രൂപയാണ്(480 കോടി ഡോളർ) മൂന്നു മുത്തൂറ്റ് സഹോദരന്മാരുടെയും കൂടി ആസ്തി. ഫോബ്‌സ് പട്ടികയിലെ 26-ാം സ്ഥാനത്തിലായിരുന്നു ഇവർ.
ജനീവ ∙ ലോകം വേഗത്തില്‍ കോവിഡ് മുക്തമാകുമെന്ന് കരുതുന്നത് അബദ്ധധാരണയാണെന്ന് ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങളില്‍ നല്‍കിക്കൊണ്ടിരിക്കുന്ന കോവിഡ് വാക്സീനുകള്‍ ഫലപ്രദമാണെന്നത് യാഥാര്‍ഥ്യമാണെങ്കിലും രോഗം ഈ വര്‍ഷാന്ത്യത്തോടെ തുടച്ചുമാറ്റപ്പെടും എന്ന് വിശ്വസിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന എമര്‍ജന്‍സി പ്രോഗ്രാം ഡയറക്ടര്‍ ഡോ. മൈക്കിള്‍ റയാന്‍ പറഞ്ഞു.
ലൈസന്‍സുള്ള പല വാക്സീനുകളും വൈറസിന്‍െറ സ്ഫോടനാത്മക വ്യാപനത്തെ തടയാന്‍ സഹായിക്കുന്നുണ്ടെന്നും നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വൈറസിനോടുള്ള ജാഗ്രത തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമിതവണ്ണമുള്ളവരില്‍ കോവിഡ് വാക്സീന് ഫലപ്രാപ്തി കുറയുന്നുവെന്ന് പഠനം. പ്രമേഹം, ഹൃദ്രോഗം തുടങ്ങി പലരോഗങ്ങളുടെയും അപകടഘടകങ്ങളിലൊന്നാണ് അമിതവണ്ണം. അമിതവണ്ണമുള്ളവരില്‍ കോവിഡ് 19 രോഗസാധ്യതയും കൂടുതലാണെന്ന് പഠനങ്ങളില്‍ പറയുന്നു.
ലോകത്തിന്റെ പലഭാഗങ്ങളിലും വാക്സീന്‍ വിതരണം ആരംഭിച്ചുകഴിഞ്ഞു. ഫൈസര്‍, ബയോണ്‍ടെക് കോവിഡ് വാക്സീനുകള്‍ അമിതവണ്ണമുള്ളവരില്‍ ഫലപ്രാപ്തിക്കുറവുണ്ടാക്കുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറ്റലിയില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ആരോഗ്യമുള്ള ആളുകളില്‍ വാക്സീന്‍ സ്വീകരിച്ചാല്‍ നിശ്ചിത സമയത്തിനുള്ളില്‍ ഉണ്ടാകുന്ന ആന്റിബോഡികളുടെ പകുതി മാത്രമാണ് അമിതവണ്ണമുള്ള വാക്സീന്‍ സ്വീകരിച്ചവരില്‍ ഉണ്ടായതെന്നാണ് ഗവേഷകര്‍ വ്യക്തമാക്കിയത്. അമിതവണ്ണവും ശരീരത്തിലെ അമിതകൊഴുപ്പും ഇന്‍സുലിന്‍ പ്രതിരോധം, നീര്‍ക്കെട്ട് തുടങ്ങിയ മെറ്റബോളിക് വ്യതിയാനങ്ങള്‍ക്ക് വഴിയൊരുക്കും. ഇത് അണു ബാധകള്‍ക്കെതിരെ പോരാടാനുള്ള കഴിവ് കുറയ്ക്കും. ശരീരത്തില്‍ നീര്‍ക്കെട്ടുണ്ടാകുന്നത് പ്രതിരോധവ്യവസ്ഥയുടെ ശക്തി കുറയ്ക്കും.
കോവിഡിന്റെ ഉദ്ഭവത്തെക്കുറിച്ച് പഠിക്കാന്‍ ചൈനയിലെത്തിയ ലോകാരോഗ്യസംഘടനയിലെ വിദഗ്ധസംഘം ബാറ്റ് വുമണ്‍ എന്നറിയപ്പെടുന്ന പ്രമുഖ വൈറോളജിസ്ററ് ഡോ ഷി ഹെങ്കിയുമായി കൂടിക്കാഴ്ച നടത്തി. വവ്വാലുകളിലെ കോവിഡ് വൈറസുകളെക്കുറിച്ചുള്ള ഗവേഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് ഷി “ബാറ്റ് വുമണ്‍’ എന്നറിയപ്പെടുന്നത്. വുഹാന്‍ ഇന്‍സ്ററിറ്റ്യൂട്ട് ഓഫ് വൈറോളജിയിലും (ഡബ്ള്യുഐവി) സംഘം സന്ദര്‍ശനം നടത്തി. കോവിഡിന് കാരണമായത് ഡബ്ള്യുഐവിയിലുണ്ടായ ചോര്‍ച്ചയാണെന്ന ശക്തമായ പ്രചാരണം നിലവിലുണ്ട്. എന്നാല്‍, ഷി അടക്കമുള്ള ശാസ്ത്രജ്ഞര്‍ ഈ വാദം തള്ളിയിരുന്നു.