Latest News

പോപ്പി അംബ്രല്ല മാര്‍ട്ട് ഉടമ ടി വി സ്‌കറിയ അന്തരിച്ചു. 82 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 25 വര്‍ഷത്തിലധികമായി കേരളത്തിന്റെ കുട വ്യവസായത്തിലെ മുന്‍നിര ബ്രാന്റുകളിലൊന്നാണ് പോപ്പി.

ടി വി സ്‌കറിയയുടെ പ്രയത്‌ന ഫലമായാണ് പോപ്പി മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത പേരായി മാറിയത്.ഫൈ ഫോള്‍ഡ് കുടകള്‍ തുടങ്ങി ഓരോ വര്‍ഷവും പുതുമയുള്ള ബ്രാന്‍ഡുകള്‍ അവതരിപ്പിച്ചാണ് പോപ്പി ജനങ്ങളുടെ മനസില്‍ ഇടംപിടിച്ചത്.

സ്ത്രീകളുടെ ചെറിയ ബാഗില്‍ ഒതുങ്ങുന്ന കുടയും ബ്ലൂടൂത്ത് കണക്ടിവിറ്റിയും ഫാനുമുള്ള കുടകളും പോപ്പിയെ കൂടുതല്‍ ജനപ്രിയമാക്കി.

കോവിഡ് വാക്സിൻ വിതരണം രാജ്യത്ത് തുടങ്ങിയിട്ട് നാളുകളായി. നിരവധി പേർ ഇതിനോടകം വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. വാക്സിന്റെ ഫലപ്രാപ്തി, പാർശ്വഫലങ്ങൾ, കൂടാതെ വാക്സിൻ എടുക്കുന്നതിന് മുമ്പും ശേഷവും ഒരാൾ എന്ത് കഴിക്കണം തുടങ്ങി ധാരാളം ചോദ്യങ്ങളുണ്ട്. ഈ ചോദ്യങ്ങൾക്കെല്ലാമുളള മറുപടി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ നൽകിയിരിക്കുകയാണ് ഹാർവാർഡ് ന്യൂട്രീഷ്യണൽ സൈക്യാട്രിസ്റ്റ് ഡോ.ഉമ നായിഡു.

നിങ്ങൾ വാക്സിൻ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിന് നിങ്ങളുടെ ഭക്ഷണക്രമവും കണക്കിലെടുക്കേണ്ടത് വളരെ പ്രധാനമാണെന്ന് അവർ പറഞ്ഞു. വാക്സിൻ എടുക്കുന്നതിന് മുമ്പും ശേഷവും ഒരാൾക്ക് കഴിക്കാവുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചും അവർ വിശദീകരിച്ചു.

ഗ്രീൻ വെജിറ്റബിൾസ്

ഇതു നിങ്ങളുടെ ലിസ്റ്റിൽ ഉറപ്പായും ഉണ്ടായിരിക്കണം. സ്പിനച്ച്, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികളിൽ ആന്റിഓക്‌സിഡന്റുകൾ വളരെ ഉയർന്നതാണെന്ന് അവർ പറഞ്ഞു.

സ്റ്റ്യൂ അല്ലെങ്കിൽ സൂപ്പ്

ശക്തമായ രോഗപ്രതിരോധം ഉൾപ്പെടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിൽ കുടൽ വളരെ നിർണായക പങ്ക് വഹിക്കുന്നു. നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന്, നിങ്ങളുടെ കുടലിന് ഭക്ഷണം നൽകേണ്ടത് പ്രധാനമാണ്. പച്ചക്കറികൾ, ആന്റി ഇൻഫ്ലാമേറ്ററി സുഗന്ധവ്യഞ്ജനങ്ങൾ, ഫൈബർ എന്നിവ ആവശ്യമാണ്.

ഉളളിയും വെളുത്തുളളിയും

ഇവ രണ്ടും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുന്നതിനും മികച്ചതാണ്. ഇവയിൽ ധാരാളം പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ കുടലിലെ പ്രോബയോട്ടിക്സ് (നല്ല ബാക്ടീരിയ) വളർത്തും.

മഞ്ഞൾ

ആന്റി സ്ട്രെസ് ഭക്ഷണമായ മഞ്ഞൾ രോഗപ്രതിരോധ ശേഷി കൂട്ടുക മാത്രമല്ല നിങ്ങളുടെ തലച്ചോറിനെ സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

ബ്ലൂബെറീസ്

ആന്റിഓക്‌സിഡന്റ് നിറയെ അടങ്ങിയ ബ്ലൂബെറികൾ സെറോട്ടോണിൻ അളവ് വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.

 

 

View this post on Instagram

 

A post shared by Uma Naidoo, MD (@drumanaidoo)

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമാകുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി കേന്ദ്ര സർക്കാർ നിർത്തലാക്കി. കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത് തീവ്രമാകുന്നതിനിടയിലാണ് കോവിഡ് ഇൻഷുറൻസ് നിർത്തിവെയ്ക്കാനുള്ള കേന്ദ്ര സർക്കാരിൻറെ തീരുമാനം.

മാർച്ച് 24 വരെ മാത്രമേ കോവിഡ് ഇൻഷുറൻസ് ലഭ്യമാകൂ. കഴിഞ്ഞ മാസം 24 വരെ മരിച്ചവരുടെ രേഖകൾ ഹാജരാക്കാൻ ഈ മാസം 24 വരെ സമയം അനുവദിച്ചിട്ടുണ്ട്. തുടർന്ന് ഇൻഷുറൻസ് പരിരക്ഷയുണ്ടാകില്ലെന്നു വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്കു കത്തു നൽകി.

പ്രതിദിന കോവിഡ് കേസുകൾ രാജ്യത്ത് രണ്ടരലക്ഷം കവിയുകയാണ്. കിടക്കകളും ഐസിയുകളും ഓക്സിജൻ സിലിണ്ടറുകളും ഇല്ലാതെ രാജ്യം കോവിഡിന്‍റെ രണ്ടാം തരംഗത്തിന്‍റെ വ്യാപനത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴാണ്, ഇൻഷറുൻസ് പോലുമില്ലാതെ ആരോഗ്യപ്രവർത്തകർക്ക് ജോലി ചെയ്യേണ്ടി വരുന്നത്.

ഇത് വരെ 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിച്ചത് 287 പേർക്കാണെന്ന് കേന്ദ്ര സർക്കാരിന്‍റെ ഉത്തരവിൽ പറയുന്നത്. മരിച്ച 287 പേരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക ഉറപ്പ് നൽകിയിട്ടുണ്ട്. സ്വകാര്യഏജൻസിയായ ന്യൂ ഇന്ത്യ അഷ്വറൻസുമായി ചേർന്നാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി നടപ്പാക്കിയത്. എന്നാൽ ഫെബ്രുവരി വരെ തന്നെ സർക്കാർ രേഖകൾ പരിശോധിച്ചാൽ 313 ആരോഗ്യപ്രവർത്തകർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 162 ഡോക്ടർമാർ, 107 നഴ്സുമാർ, 44 ആശാ പ്രവർത്തകർ എന്നിങ്ങനെയാണ് മരണസംഖ്യ. എന്നാൽ ഡോക്ടർമാർ മാത്രം 734 പേർ മരിച്ചുവെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ കണക്ക്. ഇതേക്കുറിച്ച് കേന്ദ്ര സർക്കാർ ഇതേവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാന സർക്കാരുകളുടെ ശിപാർശയോടെയാണ് ഇൻഷുറൻസിനായുള്ള അപേക്ഷകൾ കേന്ദ്ര സർക്കാർ പരിഗണിച്ചിരുന്നത്.

സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് തിരിച്ച് വന്ന വിരമിച്ച ജീവനക്കാർ, സന്നദ്ധപ്രവർത്തകർ എന്നിവർക്കായി കഴിഞ്ഞ വർഷം മാർച്ച് 30 മുതലാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജിൽ ഉൾപ്പെടുത്തി ആരോഗ്യ ഇൻഷുറൻസ് പ്രഖ്യാപിച്ചത്. പിന്നീട് സെപ്റ്റംബറിൽ കേസുകൾ കുത്തനെ കൂടിയപ്പോൾ, പദ്ധതി ഈ വർഷം മാർച്ച് വരെയാക്കി നീട്ടിയിരുന്നു.

എന്നാൽ വാക്സിൻ വിതരണത്തിന്‍റെ ഒന്നാംഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കെല്ലാം വാക്സിൻ നൽകിയത് പരിഗണിച്ചാണ്, പദ്ധതി നിർത്തിവെച്ചതെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം. വാക്സൻി ലഭിച്ചതിനാൽ കോവിഡ് രോഗബാധയിൽ നിന്ന് ആരോഗ്യപ്രവർത്തകർ സുരക്ഷിതരാണെന്ന കണക്കുകൂട്ടലിലാണ് നടപടി. കോവിഡ് പോരാളികൾക്കായി പുതിയ പദ്ധതി നടപ്പാക്കാൻ മറ്റ് ഇൻഷുറൻസ് കമ്പനികളുമായി അടക്കം ചർച്ച നടക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു.

ഏറെ സംഘര്‍ഷഭരിതമായ ഒരു തരത്തിലുള്ള പ്രിവിലേജുകളില്ലാത്ത നായക വേഷമാണ് കുഞ്ചാക്കോ ബോബന്‍ ‘നായാട്ട്’ എന്ന ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ അവസ്ഥയെ ജീവിതത്തോട് ബന്ധപ്പെടുത്താന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് സാധിക്കും എന്ന് മറുപടി പറഞ്ഞിരിക്കുകയാണ് താരം.

സാമ്പത്തികമായി ഏറെ പ്രയാസങ്ങള്‍ അനുഭവിച്ചിരുന്ന കാലത്തെ കുറിച്ചാണ് കുഞ്ചാക്കോ ബോബന്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. ഉദയ സ്റ്റുഡിയോ എന്ന കെട്ടുറപ്പുള്ള പാരമ്പര്യമായിരുന്നെങ്കിലും സാമ്പത്തികമായി ഏറെ പ്രയാസങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. കുടുംബമഹിമയും പേരും കൊണ്ട് റേഷന്‍ കടയില്‍ ചെന്നാല്‍ അരി കിട്ടില്ല, അതിന് കാശ് തന്നെ വേണം എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

ജീവിതത്തില്‍ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് ഇതിന് മുമ്പും കുഞ്ചാക്കോ ബോബന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. സിനിമ നിര്‍മ്മാണം കുടുംബത്തെ സാമ്പത്തികമായി തകര്‍ത്തതും ഇനി സിനിമ വേണ്ട, ഉദയ എന്ന ബാനര്‍ തന്നെ വേണ്ട എന്ന തീരുമാനിച്ചതുമായ ഒരു ഘട്ടം ഉണ്ടായിരുന്നു.

അതേസമയം, മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ടിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പ്രവീണ്‍ മൈക്കിള്‍ എന്ന പൊലീസ് വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ എത്തിയത്. നിഴല്‍ ആണ് താരത്തിന്റെതായി അടുത്തിടെ റിലീസായ മറ്റൊരു ചിത്രം.

സനു മോഹൻ തനിയെയാണ് വൈഗയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്. കൊച്ചി പൊലീസ് കമ്മിഷണർ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വൈഗയുടെ മൃതദേഹം കിട്ടിയ അന്നുതന്നെ സനുമോൻ വാളയാർ വിട്ടതായി വിവരം കിട്ടിയിരുന്നു. പരമാവധി തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമവും സനു നടത്തി. ആദ്യഘട്ടത്തിൽ സനുവിനെ കണ്ടെത്താനായിരുന്നു ശ്രമം. ഒട്ടേറെ സ്ഥലങ്ങളിൽ കറങ്ങിയതിനു ശേഷമാണ് മൂകാംബിയയിലേക്ക് എത്തിയത്. ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് മൂകാംബിക വരെയെത്തിയത്.

പൊലീസിന്റെ എട്ടു സംഘമാണ് അന്വേഷണം നടത്തിയത്. എപ്പോൾ എവിടെനിന്നു വിവരം ലഭിച്ചാലും അവിടേക്ക് എത്താൻ വിധത്തിലായിരുന്നു പൊലീസ് പ്രവർത്തനം. സനുവിന്റെ ഭൂതകാലവും പരിശോധിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് അങ്ങനെയാണു പിടികിട്ടിയത്. കേസിൽ ആവശ്യത്തിനു തെളിവുകൾ കണ്ടെത്താനാണു ശ്രമം. ഇനിയുള്ള ദിവസങ്ങളിൽ അതിനായിരിക്കും ശ്രമിക്കുക. പ്രാഥമിക നിഗമന പ്രകാരം കേരളത്തിനു പുറത്തെ രണ്ടു സംസ്ഥാനങ്ങളിൽ ഇയാളെത്തി. ഒരുപക്ഷേ, മൂന്നു സംസ്ഥാനങ്ങളിലേക്കും കടന്നിട്ടുണ്ടാകാം.

സനു മൊഴികളെല്ലാം മാറ്റിപ്പറയുകയാണ്. ഇപ്പോൾ പറയുന്നത് 10 മിനിറ്റ് കഴിഞ്ഞ് മാറ്റുകയാണ്. അരമണിക്കൂർ കഴിഞ്ഞ് പിന്നെയും മാറ്റുന്നു. വൈഗയുടെ ശരീരത്തിലെ മദ്യത്തിന്റെ അംശത്തെപ്പറ്റിയും സംശയമുണ്ട്. ഇതിലൊന്നും സനുവിന്റെ മൊഴി വിശ്വാസത്തിലെടുക്കാനാകില്ല. ഡിഎൻഎ പരിശോധനാഫലം വന്നതിനുശേഷം മാത്രമേ അന്തിമ വിവരം നല്‍കാനാകൂ. നിലവിലെ മൊഴി പ്രകാരം വൈഗയെ കെട്ടിപ്പിടിച്ചു ഞെരിച്ചു കൊല്ലുകയായിരുന്നു. എന്നാൽ ഇക്കാര്യത്തിലും സ്ഥിരീകരണം വരാനുണ്ട്.

എന്തുകൊണ്ടാണു കൊലപാതകമെന്നതിനു സനു പല കാരണങ്ങളും പറയുന്നുണ്ട്. ആത്മഹത്യയ്ക്കു ശ്രമിച്ചെന്നാണ് ഇപ്പോൾ പറയുന്നത്. സ്വയം ലോകത്തിൽനിന്നു വിടപറയുന്നതിനു മുൻപ് മകളെയും ഇല്ലാതാക്കിയതാണെന്നാണു പറയുന്നത്. പക്ഷേ, ഇതൊന്നും വിശ്വാസത്തിലെടുക്കാറായിട്ടില്ല.

ഫോൺ സിഗ്നൽ പോലുള്ള ഡിജിറ്റൽ തെളിവുകളൊന്നും ബാക്കിവയ്ക്കാതെയാണ് സനു രക്ഷപ്പെടാൻ ശ്രമിച്ചത്. രക്ഷപ്പെടാനുള്ള ഓരോ ശ്രമത്തിലും തെളിവുകൾ ബാക്കിവയ്ക്കാതെ നോക്കിയിരുന്നു. അതാണു സംശയം ബലപ്പെടുത്തുന്നത്. ആത്മഹത്യാശ്രമം എന്ന വാദത്തെ സംശയിക്കാനും ഇതാണു കാരണം.

നിലവിൽ സനുവിനെ മാത്രമാണു സംശയിക്കുന്നത്. മൂന്നാമതൊരാളെ സംശയിക്കുന്നില്ല. ഫ്ലാറ്റിലുള്ളവരെയും സനുവിന്റെ ഭാര്യവീട്ടുകാരെയും ഉൾപ്പെടെ ചോദ്യം ചെയ്തു. ഇതിൽനിന്നെല്ലാമുള്ള വിവരങ്ങളും പരിശോധിക്കേണ്ടതുണ്ട്. സനുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണു തീരുമാനം. തുടർന്നു തെളിവെടുപ്പു നടത്തും. മുംബൈയിൽ മൂന്നു കോടിയുടെ തട്ടിപ്പു കേസ് സനുവിന്റെ പേരിലുണ്ട്. വളരെ രഹസ്യാത്മക ജീവിതമാണ് സനു നയിച്ചിരുന്നത്. ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇയാൾ ആരോടും പുറത്തുപറഞ്ഞിരുന്നില്ലെന്നും കമ്മിഷണർ പറഞ്ഞു.

കെഎസ്ആർടിസിയിലെ യാത്രക്കാരനോട് ലഗേജിന് ടിക്കറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് വനിതാകണ്ടക്ടർക്ക് നേരെ ആക്രമണം. കല്ലമ്പലം പിപി കോട്ടേജിൽ വി റോഷ്‌നി(45)ക്കാണ് ആക്രമണ്തതിൽ പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ഫാസ്റ്റ്പാസഞ്ചർ ബസിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

കെഎസ്ആർടിസി ബസിലെ യാത്രക്കാരനായ രാജസ്ഥാൻ സ്വദേശി ഓംപ്രകാശ്(30) ആണ് റോഷ്‌നിയെ ആക്രമിച്ചത്. ഇയാളെ ബസിലെ മറ്റ് യാത്രക്കാർ തടഞ്ഞുവെച്ച് ബസ് സ്റ്റാൻഡിലെത്തിച്ച് പോലീസിന് കൈമാറുകയായിരുന്നു.

ആറ്റിങ്ങലിൽ നിന്നാണ് റോഷ്‌നി കണ്ടക്ടറായി ജോലി ചെയ്യുന്ന ബസിൽ ഓംപ്രകാശ് കയറിയത്. ഇയാൾ ബസിന്റെ പിൻഭാഗത്തായി ലഗേജ് വെച്ച് മുന്നിൽ ഇരിക്കുകയായിരുന്നു. ബസ് കൊട്ടിയത്ത് എത്തിയതോടെ ലഗേജ് ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ ഉടമസ്ഥനെ തിരക്കിയെങ്കിലും മറുപടി കിട്ടിയില്ല.

പിന്നീട് ചിന്നക്കടയിലെത്തി ഇയാൾ ലഗേജുമായി ഇറങ്ങാൻ നോക്കുമ്പോൾ ടിക്കറ്റെടുക്കണമെന്ന് കണ്ടക്ടർ ആവശ്യപ്പെടുകയായിരുന്നു. ഇതാണ് പ്രശ്‌നങ്ങളിലേക്ക് വഴിതെളിച്ചത്. ബഹളംവെച്ച ഓംപ്രകാശ് കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു. കണ്ടക്ടർ തൊഴിയേറ്റ് നിലത്തുവീണു. എങ്കിലും അക്രമി ഇവരെ വിടാതെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. ബസിൽ വീണുപോയ തന്നെ യാത്രക്കാരാണ് രക്ഷപ്പെടുത്തിയതെന്ന് കണ്ടക്ടർ പറയുന്നു. യാത്രക്കാരിടപെട്ട് ഇയാളെ പിടിച്ചുവെച്ച് ബസ് സ്റ്റാൻഡിലേക്ക് വിടുകയായിരുന്നു. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പ്രളയകാലത്ത് സ്വന്തം ശരീരം ചവിട്ടുപടിയാക്കി സ്ത്രീകളേയും പ്രായമായവരേയും വള്ളത്തിൽ കയറ്റി ഹീറോ പരിവേഷം ലഭിച്ച സന്നദ്ധപ്രവർത്തകൻ ജെയ്‌സലിന് എതിരെ സദാചാര ഗുണ്ടായിസം കാണിച്ചതിന് പോലീസ് കേസെടുത്തു. യുവാവിനും യുവതിക്കുമെതിരെ സദാചാര ഗുണ്ടായിസം നടത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ജെയ്‌സലും മറ്റൊരാളും പ്രതികളാണെന്നും ഇവർ ഒളിവിൽ പോയിരിക്കുകയാണെന്നും താനൂർ സിഐ ജീവൻ ജോർജ് പറഞ്ഞതായി  റിപ്പോർട്ട് ചെയ്യുന്നു.

ഏപ്രിൽ 15നായിരുന്നു കേസിനാസ്പദമായ സംഭവം. താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ കാറിലെത്തിയ യുവാവിനെയും യുവതിയെയും ജെയ്‌സലും സുഹൃത്തും ഭീഷണിപ്പെടുത്തിയത്. ഇവരുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ജെയ്‌സൽ ഒരു ലക്ഷം രൂപ തന്നില്ലെങ്കിൽ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് യുവാവ് സുഹൃത്തിന്റെ ഗൂഗിൾ പേ വഴി ജെയ്‌സലിന് 5000 രൂപ നൽകി. ബാക്കി പണം പിന്നീട് നൽകാമെന്ന് പറഞ്ഞ് രക്ഷപ്പെട്ടു.

ഇതിനുശേഷം ഇരുവരും പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. 2018ലെ പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിനിടെയാണ് ജെയ്‌സൽ വലിയ വാർത്താപ്രാധാന്യം നേടിയത്. പ്രളയത്തിൽ കുടുങ്ങിയവരെ വള്ളത്തിൽ കയറ്റി രക്ഷപ്പെടുത്താനായി സ്വന്തം ശരീരം ചവിട്ടുപടിയായി നൽകിയ ജെയ്‌സലിന് വലിയതോതിൽ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. മത്സയ്‌ത്തൊഴിലാളിയായിരുന്ന ഇദ്ദേഹത്തിന്റെ വീട് പുനഃനിർമ്മിക്കാനും മറ്റുമായി ധാരാളം സഹായങ്ങളും ഈ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ലഭിച്ചിരുന്നു.

കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയുടെ വിവരങ്ങളാണ് വൈഗയുടെ മരണത്തിൽ പുറത്തുവരുന്നത്. മകൾ വൈഗയെ പുഴയിലെറിഞ്ഞ് കൊന്നത് അച്ഛൻ സനുമോഹനാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മകൾ മരിച്ചുവെന്ന് കരുതിയാണ് പുഴയിലെറിഞ്ഞതെന്ന് സനുമോഹൻ കുറ്റസമ്മതം നടത്തിയതായാണ് വിവരങ്ങൾ. കടബാധ്യത കാരണം മകളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു നീക്കമെന്ന് സനു മോഹൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പേടികാരണം തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ തന്നെ സനു മോഹൻ കുറ്റസമ്മതം നടത്തിയതായാണ് വിവരം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വഴിയില്ലാതെ വന്നപ്പോഴാണ് ജീവനൊടുക്കാന് തീരുമാനിച്ചത്. ഇതേ തുടർന്ന് ഭാര്യയെ ആലപ്പുഴയിലെ ബന്ധുവീട്ടിലാക്കി. ആത്മഹത്യചെയ്യാൻ പോവുകയാണെന്ന് മകളോട് പറഞ്ഞപ്പോൾ കുട്ടികരഞ്ഞു. ഈ സമയം കുട്ടിയുടെ മുഖം പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കുട്ടിയുടെ മൂക്കിൽ നിന്ന് രക്തം വന്നതോടെ മരിച്ചുവെന്ന് കരുതിയാണ് മകളെ പുഴയിൽ ഉപേക്ഷിച്ചത്. എന്നാൽ കുട്ടിമരിച്ചതോടെ തനിക്ക് ആത്മഹത്യ ചെയ്യാന് ധൈര്യം തോന്നിയില്ല. ഇതോടെയാണ് ബാംഗ്ലൂരിലേക്ക് പോയത്. ബാംഗ്ലൂരിൽ എത്തിയശേഷമാണ് മകൾ ആദ്യം മരിച്ചിരുന്നില്ലെന്നും വെള്ളത്തിൽ വീണതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് മരിച്ചതെന്നുമുള്ള കാര്യം അറിഞ്ഞതെന്നും പൊലീസിന് മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം.

കഴിഞ്ഞ മാസം ഇരുപത്തിരണ്ടിനാണ് വൈഗ മുങ്ങിമരിച്ചത്. അതേ ദിവസം പുലർച്ചെ നാടുവിട്ട സനു മോഹനെ ഗോവ ഭാഗത്തേക്ക് നീങ്ങുന്നതിനിടെയാണ് കാർവാറിലെ ബീച്ചിൽ വച്ച് പൊലീസ് പിടികൂടിയത്.

കൊച്ചി: എറണാകുളം മുട്ടാർ പുഴയിൽ 13 വയസ്സുകാരി വൈഗ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പിടിയിലായ സനുമോഹന്‍ തീരുമാനിച്ചിരുന്നത് മകളെയും കൊന്ന് ആത്മഹത്യ ചെയ്യാന്‍. എന്നാൽ മകളെ മുട്ടാർ പുഴയിൽ തള്ളിയെങ്കിലും തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ .

കഴുത്തറ്റം കടബാദ്ധ്യത ഏറിയതോടെ മകളുമൊത്ത് മരിക്കാന്‍ തീരുമാനിച്ചു. ആത്മഹത്യ ചെയ്താല്‍ മകള്‍ തനിച്ചാകുമല്ലോ എന്ന് ഭയന്നു. കൊച്ചിയിലെ ഫ്ളാറ്റിലെത്തി മകളോട് അമ്മയെ അമ്മയുടെ വീട്ടുകാര്‍ നോക്കിക്കൊള്ളുമെന്നും നമുക്ക് ഒരുമിച്ച് മരിക്കാമെന്നും പറഞ്ഞു. പൊട്ടിക്കരഞ്ഞ് ഫ്ലാറ്റിൽ നിന്ന് പുറത്തേക്ക് കടക്കാൻ ശ്രമിച്ച വൈഗയെ കെട്ടിപ്പിടിച്ച് മുഖം സ്വന്തം ശരീരത്തോട് ചേര്‍ത്തമര്‍ത്തി ശ്വാസം മുട്ടിച്ചു.

ചലനം നില്‍ക്കും വരെ അങ്ങിനെ ചെയ്തു. വൈഗയുടെ മൂക്കിൽ നിന്ന് രക്തം ഒഴുകി. ഇത് ബെഡ് ഷീറ്റ് ഉപയോഗിച്ച് തുടച്ച ശേഷം മകളെ ബെഡ് ഷീറ്റിൽ പൊതിഞ്ഞ് കാറിലിട്ട് മകളുമായി മുട്ടാർ പുഴയുടെ കൽക്കെട്ടിലെത്തി. വൈഗയെ കൈയിലെടുത്ത് പുഴയിലേക്ക് താഴ്ത്തി.

അതേസമയം ഭയം കാരണം സനുമോഹന് ആത്മഹത്യ ചെയ്യാനായില്ല. തുടർന്ന് ബാംഗ്ലൂരും ഗോവയിലും മൂകാംബികയിലും പോയി. മകളെ കൊലപ്പെടുത്തിയ ​ശേഷം ഒളിവിൽ പോയതല്ല മരിക്കാൻ പോയതാണ്. യാത്രക്കിടെ പലതവണ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നടന്നില്ലെന്നും കയ്യില്‍ ഉണ്ടായിരുന്ന പണം പനാജിയിൽ ചൂതുകളിച്ച് കളഞ്ഞെന്നും പറഞ്ഞു.

അതേസമയം മകള്‍ വൈഗയുടേത് മുങ്ങി മരണമാണെന്നാണ് പോലീസ് കണ്ടെത്തല്‍. ആന്തരീകാവയവങ്ങളില്‍ വെള്ളം കയറിയിരുന്നു. സനുമോഹന്‍ ശ്വാസം മുട്ടിച്ചപ്പോള്‍ വൈഗ ബോധരഹിതയായിരിക്കാം എന്നും പിന്നീട് മുട്ടാര്‍ പുഴയില്‍ കൊണ്ടിട്ട ശേഷമായിരിക്കാം മരണം സംഭവിച്ചതെന്നുമാണ് പോലീസ് കരുതുന്നത്. പോലീസായിരുന്നു സനുമോഹനെ പിടികൂടിയതും. മൂകാംബികയിൽ നിന്ന് ഗോവ ലക്ഷ്യമാക്കിയാണ് സനുമോഹൻ സഞ്ചരിച്ചത്. കാർവാറിലെ ബീച്ച് പരിസരത്ത് നിന്ന് മൂന്നംഗ പോലീസ് സംഘം പിടികൂടുകയായിരുന്നു.

ബന്ധുവിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് 13 വയസ്സുള്ള വൈഗയുടെ മൃതദേഹം മുട്ടാർ പുഴയില്‍ നിന്നും കണ്ടെത്തിയത്. അതേസമയം സനുമോഹന്റെ മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

പാലും പാലുൽപ്പന്നങ്ങളും മനുഷ്യൻ ഉപയോഗിക്കാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. ഇക്കാലത്ത് പാലും പാലുൽപ്പന്നങ്ങളും ധാരാളം ആളുകളിൽ അലർജി രോഗങ്ങൾ ഉണ്ടാക്കുന്നു.

പാൽ കഫത്തെ വഴുഴുപ്പിനെ ഉണ്ടാക്കുന്നു, ഘൃതം അഥവാ നെയ്യ് ദഹനം മെച്ചമാകും വിധം അഗ്നി വർധിപ്പിക്കും എങ്കിലും അമിത ഉപയോഗം ദാഹന തകരാറിനിടയാക്കും, നവനീതം മലത്തെ മുറുക്കുന്നു എന്നൊക്കെ ആണ് ഗുണങ്ങൾ പറയുന്നത്.

വൈകിട്ട് ഉറയൊഴിച്ച പാലിൽ നിന്ന് കിട്ടുന്ന തൈര് കടഞ്ഞു കിട്ടുന്ന മോര് ഒട്ടേറെ ആരോഗ്യ രക്ഷാ ഘടകങ്ങൾ കലർന്നതാണ്. ഗുണകരമായ ബാക്റ്റീരിയ ധാരാളം ലഭ്യമാക്കുന്നതും അന്നപതത്തിലെ ക്ഷാര അമ്ല അനുപാതം ആരോഗ്യകരമായി നിലനിർത്താൻ സഹായകമാകുന്നതുമാണ്. കടുക് പൊട്ടിച്ചു മരുന്നുകളും വെള്ളവും തിളപ്പിച്ചതിൽ മോര് ചേർത്ത് കിട്ടുന്ന മോര് കറി, മോര് കാച്ചിയത്, പുളിശേരി, എന്നൊക്കെ പറയുന്നത് ഒരു ആയുർവേദ ഔഷധ കൂട്ടാണ് എന്ന് നാം അറിയുന്നില്ല.

പാട മാറ്റാതെ പാല് ഉറയൊഴിച്ചു കിട്ടുന്ന തൈരിൽ നിന്നുള്ള മോരിന് സ്നിഗ്ദ്ധത ഉണ്ടാകും, പാട മാറ്റിയതെങ്കിലും രൂക്ഷത കൂടാനിടയാകും.

തൈരിന്റെ നാലിലൊരു ഭാഗം വെള്ളം ചേർത്ത് കടഞ്ഞു നെയ്യ് മാറ്റി കിട്ടുന്നത് തക്രം. ധാരാളം വെള്ളം ചേർത്ത് കടഞ്ഞു കിട്ടുന്ന മോര് ദാഹ ശമനത്തിന് നന്ന്. മുഴുവൻ വെണ്ണയും മാറ്റിയ മോര് ലഘുവും പഥ്യവും ആകുന്നു.

മോരിലെ കഷായ രസം കഫത്തെയും അമ്ല രസം വാതത്തെയും ശമിപ്പിക്കും. അഗ്നി ദീപ്തി ഉണ്ടാക്കുന്നതും ദഹനത്തെ സഹായിക്കുന്നതും ആകുന്നു. ശോഫം ഉദരം ഗ്രഹണി അർശസ് മൂത്രകൃച്രം അരോചകം ഗുന്മം പ്ലീഹരോഗം പാണ്ടു രോഗം എന്നിവ ശമിപ്പിക്കും. മോര് മാത്രം കുടിച്ചു കഴിയുക എന്ന തക്രാപാനം ഒരു ചികിത്സ ആണ്. മോരിനൊപ്പം ഇന്തുപ്പ്, പഞ്ചസാര ത്രികടു എന്നിവ രോഗനുസൃതമായി ചേർത്തുപയോഗിക്കാം. തക്രാരിഷ്ടം അർശസ് ചികിത്സയിൽ ഉപയോഗിക്കുന്നു. നാം ഇന്ന് ഉപയോഗിക്കുന്ന മോര് കറി ഔഷധങ്ങൾ ചേർത്ത് തയ്യാറാക്കുന്നതാണ്.

മരുന്നുകൾ അരച്ചോ ചതച്ചോ കലക്കി തിളപ്പിച്ചു നാലിലൊന്നാക്കി വറ്റിച്ചു മോര് കാച്ചുക ആണ് മുക്കുടി. കറി വേപ്പിലയും, മഞ്ഞളും,പുലിയറിലയും, മാതള തോടും ചുക്കും ഒക്കെ ഇട്ടുള്ള മോര് കറി അജീർണ അതീസാരങ്ങൾക്ക് ശമനം ആകും.

മോരിൽ മരുന്നുകൾ ചതച്ചിട്ട് രാത്രി വെച്ചിരുന്നു രാവിലെ കുടിക്കുന്നതും, പകൽ ഇട്ടുവെച്ചു രാത്രി കുടിക്കുന്നതും ആയി രണ്ടു വിധം ഉണ്ട്. കടുക്കാത്തോട് ത്രിഫല എന്നിവ മോരിലിട്ട് വെച്ചിരുന്ന് അരിച്ചു കുടിക്കുന്നത് മലബന്ധം ഒഴിവാക്കാൻ സഹായിക്കും.

ഇഞ്ചി പച്ചമുളക് കറിവേപ്പില എന്നിവ ചതച്ചിട്ട് തയ്യാറാക്കുന്ന സംഭാരം ഒരു ഉഷ്ണശമനമായ വേനൽ പാനീയമാകും.

കറിവേപ്പില, തേങ്ങാ, പച്ചമുളക് എന്നിവ അരച്ച് മോരിൽ കലക്കി ഉപ്പു ചേർത്ത് തിളപ്പിച്ചുള്ള കറി ചോറിനൊപ്പം കൂട്ടുന്നത് ഉദര രോഗങ്ങൾ, രുചിയില്ലായ്ക, ഭക്ഷ്യവിഷം എന്നിവ അകറ്റാനും കരൾ രക്ഷയ്ക്കും നന്ന്.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

RECENT POSTS
Copyright © . All rights reserved