2021 ഏപ്രിൽ 18 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.
ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലെക്ട്രിക്ക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വെക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല.
ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി (1077 എന്ന നംബറില്‍) മുൻകൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അവർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതുമാണ്. തദ്ദേശ സ്ഥാപന തല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ കോവിഡ് 19 പ്രോട്ടോക്കോൾ അനുസരിച്ച് കൊണ്ട് റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളിൽ മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുൻകൈ എടുക്കേണ്ടതാണ്.
കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക.
ചുമരിലോ മറ്റോ ചാരി വെച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വെക്കേണ്ടതാണ്.
കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക. തകരാര്‍ പരിഹരിക്കുന്ന പ്രവർത്തികൾ കാറ്റ് തുടരുന്ന ഘട്ടത്തിൽ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. കെ എസ് ഇ ബി ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം റിപ്പയർ വർക്കുകൾ ചെയ്യാതിരിക്കുക.
പത്രം-പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്നപക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.
കൃഷിയിടങ്ങളിൽ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്നേ ഉറപ്പ് വരുത്തുക.
നിർമ്മാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തി വെച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നിൽക്കണം.
വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ പൊതു ഇടങ്ങിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിയെ അറിയിക്കുക.
ശക്തമായ ഇടിമിന്നൽ വളരെ അപകടകാരിയാണ്. ഇടിമിന്നലുള്ള സമയത്ത് സുരക്ഷിതമായി കെട്ടിടത്തിനകത്ത് തന്നെ ഇരിക്കാൻ ശ്രദ്ധിക്കണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നൽ സുരക്ഷാ മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കണം.
https://sdma.kerala.gov.in/lightning-warning എന്ന ലിങ്കിൽ ഇവ ലഭ്യമാണ്.
ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ‘ദാമിനി’ മൊബൈൽ ആപ്പ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണ്. https://play.google.com/store/apps/details?id=com.lightening.live.damini&hl=en_IN എന്ന ലിങ്കിൽ നിന്ന് Damini app ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
പ്രവചനാതീത സ്വഭാവമുള്ള വേനൽമഴ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ ഉച്ച കഴിഞ്ഞ സമയത്തായിരിക്കും ആരംഭിക്കുക. പകൽ സമയത്തെ തെളിഞ്ഞ ആകാശം കണ്ട് ജാഗ്രത കുറയ്ക്കാൻ പാടുള്ളതല്ല. അടുത്ത 3 മണിക്കൂറിൽ മഴയും ഇടിമിന്നലും ഉണ്ടാകാനിടയുള്ള ജില്ലകളുടെ പ്രവചനം (NOWCAST) കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ https://www.imdtvm.gov.in/ എന്ന വെബ്‌സൈറ്റിൽ കൃത്യമായ ഇടവേളകളിൽ അപ്‌ഡേറ്റ് ചെയ്യുന്നത് ശ്രദ്ധിക്കുക. ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗ്ഗ നിർദേശങ്ങൾ കർശനമായി പിന്തുടരുക.
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വകലാശാലാ പരീക്ഷകള്‍ മാറ്റിവച്ചു. ആരോഗ്യ സര്‍വ്വകലാശാല നാളെ മുതല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. 19 മുതല്‍ കാലിക്കറ്റ് സര്‍വ്വകലാശാല നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
കേരള സര്‍വ്വകലാശാല, മഹാത്മാഗാന്ധി സര്‍വ്വകലാശാല, കാലിക്കറ്റ് സര്‍വ്വകലാശാല, മലയാള സര്‍വ്വകലാശാല, ആരോഗ്യ സര്‍വകലാശാല, സംസ്‌കൃത സര്‍വകലാശാല, കെ ടി യു സാങ്കേതിക സര്‍വകലാശാല എന്നീ സര്‍വ്വകലാശാലകള്‍ നാളെ മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി അറിയിച്ചു.
കോവിഡ് വ്യാപനം ശക്തമായതിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍വകലാശാല നാളെ (19-04-21) മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. മാറ്റിവച്ച പരീക്ഷകള്‍ മേയ് 10മുതല്‍ പുനഃക്രമീകരിക്കും.
മഹാത്മാഗാന്ധി സര്‍വ്വകലാശാല നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരറിയിപ്പുണ്ടാവുന്നതു വരെ മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു
സംസ്‌കൃത സര്‍വകലാശാല നാളെ മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചതായി സര്‍വലകശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ എസ് രവികുമാര്‍ അറിയിച്ചു.
മലയാള സര്‍വ്വകലാശാല തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
കെ ടി യു സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
ബംഗളൂരു: മുട്ടാർ പുഴയിൽ ദുരൂഹസാഹചര്യത്തിൽ മുങ്ങിമരിച്ച വൈഗയുടെ പിതാവ് കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിൽ സനു മോഹൻ പിടിയിൽ. കർണാടകയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്നാണ് സൂചന. സനു മോഹൻ കൊല്ലൂർ വനമേഖലയിലേക്ക് കടന്നു എന്ന സംശയം ബലമാകുന്നതിനിടെയാണ് നിർണായക വഴിത്തിരിവ്. കർണാടക പൊലീസാണ് ഇയാളെ പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരം. കൊല്ലൂർ മൂകാംബിക ക്ഷേത്ര പരിസരത്ത് സനുമോഹൻ താമസിച്ചിരുന്നെന്ന വിവരം കിട്ടിയതോടെ കർണാടക പൊലീസിനോട് കേരള പൊലീസ് സഹായം അഭ്യർത്ഥിച്ചിരുന്നു. ഇന്ന് രാത്രിയിലോ നാളെ രാവിലെയോ ഇയാളെ കേരളത്തിലെത്തിക്കും.
സാനു മോഹൻ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനടുത്തുളള ഹോട്ടലിൽ ഏപ്രിൽ 10 മുതൽ 16 വരെ താമസിച്ചിരുന്നതായി മാനേജർ അജയ് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. രാവിലെയും വൈകിട്ടുമാണ് പുറത്തുപോയിരുന്നത്. ഹോട്ടലിലിരുന്ന് പത്രം വായിക്കുന്നത് ഉൾപ്പെടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഹോട്ടലിൽ രണ്ടായിരം രൂപയാണ് കൊടുത്തിരുന്നത്. 15 ന് വൈകിട്ട് ഹോട്ടൽ ജീവനക്കാർ ബാക്കി പണം ആവശ്യപ്പെട്ടു. ഈ സമയം സാനു തനിക്ക് 16 ന് രാവിലെ മംഗലാപുരം വിമാനത്താവളത്തിലെത്താൻ കാർ ബുക്ക് ചെയ്യാൻ ഹോട്ടൽ ജീവനക്കാരോട് ആവശ്യപ്പെട്ടു. 16ന് രാവിലെ കാർ എത്തിയപ്പോഴേക്കും സാനു മുങ്ങിയിരുന്നു. ആധാർ കാർഡിലെ വിലാസം പരിശോധിച്ച ഹോട്ടൽ മാനേജർ സാനുവിനെക്കുറിച്ച് എറണാകുളത്തുളള സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് കേസിന്റെ വിവരം അറിയുന്നത്. തുടർന്ന് മാനേജർ ലുക്ക് ഔട്ട് നോട്ടീസിലെ നമ്പറിൽ വിളിച്ച് അറിയിക്കുകയായിരുന്നു. പതിവായി മൂകാംബിക ക്ഷേത്രദർശനം നടത്താറുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി.
സാനു ഉപയോഗിച്ചിരുന്ന കെ.എൽ. 7 സി.ക്യു 8571 ഫോക്സ് വാഗൺ അമിയോ കാർ കോയമ്പത്തൂരിൽ ഉപേക്ഷിച്ചതായി വിവരം ലഭിച്ചു. കൊല്ലൂരിൽ സാനു എത്തിയത് ടാക്സിയിലാണ്.
വൈഗയുടെ ശരീരത്തിൽ മദ്യത്തിന്റെ സാന്നിദ്ധ്യം രാസപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ലൈംഗികപീഡനത്തിന് ഇരയായതായി സൂചനയില്ല. ആന്തരിക അവയവങ്ങളുടെ പരിശോധനാ റിപ്പോർട്ടിലാണ് വിവരം. മദ്യം നൽകി മയക്കി പുഴയിൽ തള്ളിയതാണെന്ന സംശയം ബലപ്പെട്ടു.
കാക്കനാട്ടെ കെമിക്കൽ എക്സാമിനേഴ്സ് ലാബിന്റെ റിപ്പോർട്ട് ഇന്നലെ വൈകിട്ട് പൊലീസിന് കൈമാറി. ആമാശയത്തിലെ ഭക്ഷണം, കരൾ, വൃക്ക, രക്തം, കുടൽ, മൂത്രം എന്നിവയുടെ സാമ്പിളുകളാണ് പരിശോധിച്ചത്.
മാർച്ച് 21ന് വൈകിട്ട് ഏഴോടെ പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിലേക്ക് സാനുമോഹനൊപ്പം ആലപ്പുഴ തൃക്കുന്നപ്പുഴയിലെ ബന്ധുവീട്ടിൽ നിന്നാണ് വൈഗ പുറപ്പെട്ടത്. പിറ്റേന്ന് മുട്ടാർ പുഴയിൽ മൃതദേഹം കണ്ടെത്തി. യാത്രാമദ്ധ്യേയോ രാത്രി ഫ്ളാറ്റിലെത്തിയ ശേഷമോ ഭക്ഷണത്തിൽ കലർത്തി മദ്യം കഴിപ്പിച്ചതാകാമെന്ന് കരുതുന്നു. ഫ്ളാറ്റിൽ നിന്ന് രാത്രി പത്തോടെ വൈഗയെ തോളിൽ കിടത്തിയാണ് സാനു കാറിൽ കയറ്റിയതെന്ന് സാക്ഷിമൊഴിയുണ്ട്.
മലയാളത്തിൽ ഒട്ടേറെ നല്ല വേഷങ്ങൾ ചെയ്തിട്ടുള്ള തരാം ആണ് ശ്രീനാഥു. മലയാളത്തിൽ ടെലിവിഷൻ താരമായും അതിനൊപ്പം സിനിമ നടനും ആയി തിളങ്ങി. ശാലിനി എന്റെ കൂട്ടുകാരി ഇതു ഞങ്ങളുടെ കഥ സന്ധ്യ മയങ്ങുംനേരം കിരീടം ഒരു സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി ഒട്ടേറെ മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചു.
ചലച്ചിത്ര ജീവിതത്തിൽ തുടക്കത്തിൽ ശ്രീനാഥു ശാന്തി കൃഷ്ണയും ആയി പ്രണയത്തിൽ ആകുന്നതും വിവാഹം കഴിക്കുന്നതും. എന്നാൽ വിവാഹ ജീവിതത്തിനു 12 വർഷത്തെ ആയുസ്സെ ഉണ്ടായിരുന്നുള്ളൂ. 1984 ൽ ആയിരുന്നു ഇവരും പ്രണയിച്ചു വിവാഹം കഴിക്കുന്നത്. 1995 ൽ ഇരുവരും വേര്പിരിയുകയും പുനർവിവാഹം കഴിക്കുകയും ചെയ്തു.
എന്നാൽ സിനിമ രംഗത്ത് ഉള്ള മറ്റൊരു നടനും ആയുള്ള ഗോസ്സിപ്പും ശ്രീനാഥിന്റെ ഈഗോയും ആണ് തങ്ങൾ വിവാഹം മോചനം നേടാൻ ഉള്ളത് കാരണം എന്ന് ശാന്തി കൃഷ്ണ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. ശാന്തി കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ..
സീരിയസ് വേഷങ്ങളും കോമഡി വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന മികച്ച നടൻ ആയിരുന്നു ശ്രീനാഥു. സിനിമ അല്ലെ.. ഇപ്പോഴും താരങ്ങൾക്ക് അവസരങ്ങൾ ഒരുപോലെ ആയിരിക്കില്ലല്ലോ.. ചില പ്രത്യേക കാരണങ്ങളാൽ അദ്ദേഹത്തിന് സിനിമയിൽ അവസരങ്ങൾ കുറഞ്ഞു. തുടർന്ന് ചില ഈഗോ പ്രശ്നങ്ങൾ ഞങ്ങൾക്ക് ഇടയിൽ ഉണ്ടായി.
അന്നത്തെ സാഹചര്യത്തിൽ മുന്നോട്ട് പോകാൻ കഴിയുമായിരുന്നില്ല. അതിനിടെ ഒരു നടനുമായി ചേർന്ന് എന്റെ പേരുകൾ ഗോസ്സിപ് കോളങ്ങളിൽ വന്നു. സെറ്റുകളിൽ പോയാൽ ഞാൻ അധികം ആരുമായും സംസാരിച്ചു അടുത്ത് ഇടപെഴകാറില്ല. എന്നാൽ സംഗീതത്തിൽ പ്രിയമുള്ള ആ താരവുമായി ഞാൻ കൂടുതൽ സംസാരിച്ചു. ഞങ്ങൾ ഒരുമിച്ചു പാട്ടുകൾ പാടാനും സംഗീതത്തെ കുറിച്ച് സംസാരിക്കാനും തുടങ്ങി.
ഇതോടെ ഞങ്ങളുടെ ബന്ധത്തെ പലരും തെറ്റിദ്ധരിച്ചു. ആ നടന്റെ ഭാര്യയും ആയി ഞാൻ നല്ല അടുപ്പത്തിൽ ആയിരുന്നു. അദ്ദേഹം ഭാര്യക്കൊപ്പം ആണ് ലൊക്കേഷനിൽ വന്നിരുന്നത്. അങ്ങനെ ഉള്ളപ്പോൾ ഗോസിപ്പുകൾക്ക് ഞാൻ എന്തിനു മറുപടി പറയണം എന്നായിരുന്നു ചിന്ത –
ശാന്തി കൃഷ്ണ അഭിമുഖത്തിൽ വ്യക്തമാക്കി.
കൊല്ലം ∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടവും ആഘോഷവും ഒഴിവാക്കാൻ വോട്ടെണ്ണൽ ദിവസം ലോക്ഡൗൺ നടപ്പാക്കണമെന്ന തന്റെ ഹർജി സാധാരണക്കാർക്കു വേണ്ടിയുള്ളതെന്ന് അഡ്വ.വിനോദ് മാത്യു വിൽസൻ. മേയ് 2നു ലോക്ഡൗൺ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച അഭിഭാഷകനാണു കൊല്ലം സ്വദേശിയായ വിനോദ്.
കോവിഡ് പ്രോട്ടോക്കോൾ ലംഘനമെന്ന പേരിൽ സാധാരണക്കാരനു മേൽ കുതിരകയറുന്ന അധികാരികൾ കഴിഞ്ഞ ഒന്നൊന്നര മാസത്തോളം തിരഞ്ഞെടുപ്പു പ്രചാരണമെന്ന പേരിൽ രാഷ്ട്രീയ പാർട്ടികളും അണികളും ചേർന്നുണ്ടാക്കിയ ആൾക്കൂട്ടങ്ങൾ കണ്ടില്ലെന്ന് അഡ്വ.വിനോദ് പറയുന്നു. തിരഞ്ഞെടുപ്പു നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനം മുതൽ വോട്ടെടുപ്പു ദിനം വരെയുള്ള കോവിഡ് കണക്കുകളും ഏപ്രിൽ 6നു ശേഷം ഇതുവരെയുള്ള കോവിഡ് വ്യാപനത്തിന്റെ കണക്കും സഹിതമാണു കോടതിയിൽ ഹർജി സമർപ്പിച്ചത്. ഏറ്റവും അനുഭാവപൂർവമാണ് കോടതി ഹർജി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പു കമ്മിഷൻ അഭിഭാഷകനും സർക്കാർ അഭിഭാഷകനും 23നു നിലപാട് അറിയിക്കണമെന്നാണു ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പു പ്രചാരണമെന്ന പേരിൽ നാട്ടിൽ മുഴുവൻ നടത്തിയ കോലാഹലങ്ങളുടെ അനന്തര ഫലം സാധാരണക്കാരൻ അനുഭവിക്കേണ്ടി വരുന്നതിന്റെ രോഷം കൊണ്ടാണ് താൻ ഇത്തരത്തിലൊരു ഹർജിയുമായി കോടതിയെ സമീപിച്ചതെന്നു വിനോദ് പറഞ്ഞു. ഇതുവരെയില്ലാത്ത വിധം ആൾക്കൂട്ടമുണ്ടായി. അകലം പാലിച്ചില്ല. രോഗം നാടുമുഴുവൻ പരത്തി. കലാശക്കൊട്ട് നിരോധിച്ചപ്പോൾ റോഡ് ഷോ എന്ന പേരിൽ ആൾക്കൂട്ടമുണ്ടാക്കി. എന്നിട്ടു കുറ്റം മുഴുവൻ പ്രവാസികളുടെ മേൽ ചാരി രക്ഷപെടാനാണു ശ്രമം. രാഷ്ട്രീയ പാർട്ടികളോടെ തിരഞ്ഞെടുപ്പു പ്രചാരണത്തോടെയുണ്ടായ എതിർപ്പു കൊണ്ടല്ല മറിച്ചു സാധാരണക്കാരന് നമ്മുടെ നിയമ വ്യവസ്ഥിതിയോടു പുച്ഛം തോന്നാതിരിക്കാനാണ് ഇത്തരത്തിലൊരു പരാതിയെന്നും വിനോദ് പറയുന്നു.
23നു സർക്കാരും തിരഞ്ഞെടുപ്പു കമ്മിഷനും കോടതിയിൽ നിലപാട് അറിയിച്ചേ മതിയാകൂ. ചിലപ്പോൾ ഇരു വിഭാഗവും ലോക്ഡൗൺ നടത്താമെന്നു സമ്മതിക്കും. അല്ലെങ്കിൽ ആൾക്കൂട്ടമുണ്ടാകാതെയും ആഘോഷപരിപാടികൾ നടത്താതെയും നോക്കുമെന്നുള്ള ഉറപ്പ് കോടതിയിൽ കൊടുക്കും. ഇവയിൽ ഏതെങ്കിലും ലംഘിക്കപ്പെട്ടാൽ കോടതിയലക്ഷ്യത്തിനുള്ള കേസുമായി വീണ്ടും കോടതിയിലെത്തുമെന്നും അഡ്വ.വിനോദ് മാത്യു വിൽസൻ പറഞ്ഞു. ഇതു സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ സമൂഹമാധ്യമ പോസ്റ്റ് ഇങ്ങനെ:
ആരൊക്കെ എന്തൊക്കെ ന്യായം നിരത്തിയാലും കേരളത്തിൽ ഇന്ന് കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും രാഷ്ട്രീയ നേതാക്കന്മാർക്കും അണികൾക്കുമാണ്. പൊതുജനത്തിനെയും നിയമ വ്യവസ്ഥയെയും വെല്ലുവിളിച്ചായിരുന്നു ഇലക്‌ഷൻ സമയത്ത് അവരുടെ അഭ്യാസം. ഏതൊരു സാധാരണ പൗരനും തോന്നുന്ന ദേഷ്യം എനിക്കും തോന്നി. മേയ് 2ന് വോട്ടെണ്ണൽ ദിനത്തിൽ വീണ്ടുമുണ്ടാകും ഇവരുടെ അണപൊട്ടുന്ന തിമിർപ്പ്. അത് ആകുലപ്പെടുത്തുന്നതുകൊണ്ടാണ് നിയമ വ്യവസ്ഥയിൽ വിശ്വസിക്കുന്ന ഒരു പൗരൻ എന്ന നിലയിൽ കേരള ഹൈക്കോടതിയെ സമീപിച്ചത്.
പി.സി. ജോര്‍ജിനും ബി ജെ പിക്കും കോണ്‍ഗ്രസ്സിനും എതിരെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം. മതത്തിന്‍റെ പേരില്‍ പരസ്യമായി വോട്ട് പിടിക്കുന്നതരത്തില്‍ മതബോധം ജനാധിപത്യ കേരളത്തെ നിര്‍വ്വികാരമാക്കിയെന്ന് അതിരൂപത മുഖപത്രം സത്യദീപം.
പി സി ജോര്‍ജ്ജിനും മുഖപത്രത്തില്‍ വിമര്‍ശനം.ഇന്ത്യയെ ഹിന്ദുരാഷ്ടമായി പ്രഖ്യാപിക്കണമെന്ന പ്രസ്താവന വര്‍ഗ്ഗീയ വിഷവ്യാപനത്തിന് തെളിവാണ്. മെഡിക്കല്‍ വിദ്യാര്‍ഥികളായ നവീനും ജാനകിക്കും ക്രൈസ്തവസഭാ മുഖപത്രം പിന്തുണ അറിയിച്ചു.
എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപത്തിലാണ് ബി ജെ പിക്കും കോണ്‍ഗ്രസ്സിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മതത്തിന്‍റെ പേരില്‍ പരസ്യമായി വോട്ട് പിടിക്കുവോളം മതബോധം ജനാധിപത്യകേരളത്തെ നിര്‍വ്വികാരമാക്കിയെന്നാണ് വിമര്‍ശനം. അയ്യപ്പനു വേണ്ടി ചെയ്തതും ചെയ്യാതിരിക്കുന്നതുമെന്ന മട്ടില്‍ രണ്ട് തട്ടിലായി പാര്‍ട്ടികളുടെ പ്രചാരണ പ്രവര്‍ത്തന നയരേഖ.
ചില ക്രൈസ്തവര്‍ക്കിടയില്‍പ്പോലും മതേതരത്വത്തെ ഇനി പിന്തുണയ്ക്കേണ്ടതില്ലെന്ന മട്ടില്‍ ചിന്തകള്‍ വളരുന്നു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന പ്രസ്താവന വര്‍ഗ്ഗീയ വിഷവ്യാപനത്തിന് തെളിവാണെന്നും പി സി ജോര്‍ജ്ജിനെ വിമര്‍ശിച്ച് സത്യദീപത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സഭാ നേതൃത്വത്തെയും സത്യദീപം വിമര്‍ശിക്കുന്നുണ്ട്.ന്യൂനപക്ഷാവകാശബോധവും അവകാശപ്പോരാട്ടവും ഒരിക്കലും തെറ്റല്ലെന്നും പക്ഷേ അതിന്‍റെ പേരിലുള്ള അപര വിദ്വേഷപ്രചാരണം ന്യായകരിക്കാനാവില്ലെന്നും മുഖപത്രത്തില്‍ വ്യക്തമാക്കുന്നു.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളായ നവീനും ജാനകിക്കും ക്രൈസ്തവസഭാ മുഖപത്രം പിന്തുണ അറിയിക്കുന്നു. അപവാദപ്രചാരണത്തിനെതിരെയുള്ള നവീന്‍റെയും ജാനകിയുടെയും പ്രതികരണം പക്വതയാര്‍ന്നതാണ്.
ഇത് മുതിര്‍ന്നവര്‍ക്ക് പ്രചോദനമാകണം.വ്യത്യസ്തമായ മതവീക്ഷണങ്ങള്‍ വേര്‍തിരിവിന്‍റെ വിനിമയത്തിലേക്കല്ല,സംവാദത്തിന്‍റെ സമന്വയത്തിലേക്ക് നയിക്കട്ടെ.
മതം ഏകകമല്ലാത്ത കേരളമാണ് യഥാര്‍ത്ഥ ഐശ്വര്യ കേരളമെന്നും അതാകട്ടെ ഭാവി യുവകേരളവും എന്ന് ചൂണ്ടിക്കാട്ടിയാണ് മുഖപത്രത്തിലെ ലേഖനം അവസാനിപ്പിക്കുന്നത്.
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തിൽ, ഘടകകക്ഷിയായ സിപിഐ ആവശ്യമായ പിന്തുണ നൽകിയില്ലെന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ പരാതി. പാല അടക്കുമുള്ള മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിയായിരുന്നു കേരള കോണ്‍ഗ്രസിന്റെ വിമര്‍ശനം.
കോട്ടയം ജില്ലയിലടക്കം സിപിഐയുടെ നിസ്സഹകരണം വളരെ പ്രകടമായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ കുറ്റപ്പെടുത്തി. ഘടക കക്ഷികള്‍ മത്സരിച്ച ഇടങ്ങളില്‍ കേരള കോണ്‍ഗ്രസ് തങ്ങളുടെ വോട്ടുകള്‍ അവര്‍ക്ക് നല്‍കിയെന്നും എന്നാല്‍ ചില പാര്‍ട്ടികള്‍ തിരിച്ച് ആ മര്യാദ കാണിച്ചില്ലെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു.
പാല, റാന്നി, ഇരിക്കൂര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ സിപിഐ നിശബ്ദമായിരുന്നു. ഇരിക്കൂറില്‍ സിപിഐ പ്രാദേശിക നേതാക്കളുടെ സഹകരണം വേണ്ടത്ര ലഭിച്ചില്ല. റാന്നിയിലും സമാന സാഹചര്യം തന്നെയുണ്ടായതായി സ്ഥാനാര്‍ഥിയായ പ്രമോദ് നാരായണനും പറഞ്ഞു. സ്ഥാനാര്‍ഥികള്‍ ഇക്കാര്യങ്ങള്‍ ചെയര്‍മാന്‍ ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട്.
കൊച്ചി: മുട്ടാര്‍ പുഴയില്‍ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ വൈഗ (13)യുടെ ശരീരത്തില്‍ ആല്‍ക്കഹോളിന്റെ അംശം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. കാക്കനാട് കെമിക്കല്‍ ലബോറട്ടറിയില്‍ ആന്തരികാവയവങ്ങളുടെ പരിശോധനയിലാണ് നിര്‍ണായക വിവരം ലഭിച്ചത്. റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിനു കൈമാറി.
സംഭവശേഷം ഒളിവില്‍പ്പോയ വൈഗയുടെ പിതാവ് സനു മോഹന്‍ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനടുത്തുളള ഹോട്ടലില്‍ താമസിച്ചിരുന്നതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. ഹോട്ടലിലെ സിസിടിവിയിൽ ഇയാളുടെ ദൃശ്യങ്ങളുണ്ട്. പോലീസ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഹോട്ടലില്‍ സനു മോഹന്‍ രണ്ടായിരം രൂപ കൈമാറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നാലു ദിവസം ഇയാള്‍ ഇവിടെ താമസിച്ചിരുന്നു.
ഏപ്രില്‍ 16നു മംഗലാപുരം വിമാനത്താവളത്തിലെത്താന്‍ കാര്‍ ബുക്ക് ചെയ്യാന്‍ സനു ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടതിന്റെയും വിവരം ലഭിച്ചിട്ടുണ്ട്. കാര്‍ഡ് വഴി ഹോട്ടല്‍ ബില്‍ അടയ്ക്കാമെന്നു പറഞ്ഞ് അന്നു രാവിലെ പത്തോടെ പുറത്തുപോയ സനുമോഹന് പിന്നീടു ഹോട്ടലില്‍ തിരിച്ചെത്തിയില്ല. ആധാര്‍ കാര്‍ഡിലെ വിലാസം പരിശോധിച്ച ഹോട്ടല്‍ മാനേജര്‍ ഇയാളെക്കുറിച്ച് എറണാകുളത്തുളള സുഹൃത്തുമായി ബന്ധപ്പെട്ടപ്പോഴാണ് കേസിന്റെ വിവരമറിയുന്നത്.
തുടര്‍ന്നു മാനേജര്‍ ലുക്ക് ഔട്ട് നോട്ടീസിലെ നമ്പറില്‍ വിളിച്ചു വിവരം അറിയിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി. നാഗരാജു പറഞ്ഞു. കര്‍ണാടക പോലീസിന്റെ സഹായത്തോടെ കേരള പോലീസിന്റെ ഒരു ടീം കൊല്ലൂരില്‍ സനുവിനായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇയാളെ ഉടന്‍ പിടികൂടുമെന്നും വൈഗയുടെ മരണത്തിലെ ദുരൂഹതകള്‍ ഉടന്‍ നീങ്ങുമെന്നാണു പ്രതീക്ഷയെന്നും പോലീസ് കമ്മീഷണര്‍ പറഞ്ഞു.
മമ്മൂട്ടിയുടേയും ദുൽഖർ സൽമാന്റേയും വണ്ടികളോടുള്ള പ്രേമം നാട്ടിൽ പാട്ടാണ്. വിപണിയിൽ ഇറങ്ങുന്ന പുതിയ വണ്ടികൾ ഇരുവരും വാങ്ങുന്നത് പലപ്പോഴും വാർത്തയാകാറുമുണ്ട്. ദുൽഖറിന്റെ ഈ വീക്‌നെസ്സിൽ കയറി പിടിച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. വീട്ടിലേക്ക് വരികയാണെങ്കിൽ ദുൽഖറിന് ഒരു കാറും മകൾ മറിയത്തിന് ഒരു പാവക്കുട്ടിയും തരാമെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്.
നിപ്പോൺ പെയിന്റുമായുള്ള കൊളാബറേഷന്റെ ഭാഗമായി തന്റെ വീട് പരിചയപ്പെടുത്തിക്കൊണ്ട് ഉണ്ണിമുകുന്ദൻ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇതിന് ദുൽഖർ കമന്റ് ചെയ്തപ്പോഴാണ് ഉണ്ണിയുടെ മറു കമന്റ്. മനോഹരമായ വീടാണെന്നായിരുന്നു ദുൽഖറിന്റെ കമന്റ്. ഒരു ദിവസം വീട്ടിലേക്ക് വരൂ, നിങ്ങളുടെ രാജകുമാരിക്ക് ഒരു വണ്ടർ വുമണേയും നിങ്ങൾക്ക് പറ്റിയാൽ ഒരു കാറും തരാമെന്ന് ഉണ്ണിമുകുന്ദൻ മറുപടി നൽകി.
മലയാളസിനിമയിലെ യുവനടന്മാരെല്ലാം സ്നേഹത്തോടെ മസിലളിയാ എന്നു വിളിക്കുന്ന, യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയനായ താരമാണ് ഉണ്ണി മുകുന്ദൻ. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിലും ഫിറ്റ്നസ് നിലനിർത്തുന്നതിലും തന്റെ സഹപ്രവർത്തകർക്കെല്ലാം മാതൃകയാണ് ഉണ്ണി മുകുന്ദൻ.
‘മേപ്പടിയാൻ’ എന്ന ചിത്രത്തിനു വേണ്ടി അടുത്തിടെ ഉണ്ണി മുകുന്ദൻ ശരീരഭാരം കൂട്ടിയിരുന്നു. ഷൂട്ടിംഗ് തീർത്തതിനു പിന്നാലെ ഉണ്ണി മുകുന്ദൻ പഴയ ഫിറ്റ്നസിലേക്ക് എത്താനായുള്ള പുതിയ ഡയറ്റ് പ്ലാനും പരീക്ഷിച്ച് വിജയിച്ചു.
“ഇന്നെന്റെ ഡയറ്റിന്റെ അവസാന ദിവസമായിരുന്നു. എന്റെ പ്രോമിസ് കാത്തുസംരക്ഷിക്കാൻ സഹായിച്ച ഓരോരുത്തർക്കും നന്ദി. എല്ലാ ട്രാൻസ്ഫോർമേഷൻ വീഡിയോ ആണ് നിങ്ങൾ പലരും കാത്തിരിക്കുന്നതെന്നറിയാം, എങ്കിലും ഇന്ന് ഞാൻ ചിത്രം പങ്കുവയ്ക്കുന്നില്ല. പകരം കഴിഞ്ഞ മൂന്നുവർഷമായി ഞാൻ പിൻതുടരുന്ന ഡയറ്റ് പ്ലാൻ പങ്കിടുന്നതാണ് നല്ലതെന്ന് തോന്നി. ഞാൻ 4 ഡയറ്റ് പ്ലാനുകൾ പിന്തുടർന്നു, എന്റെ ശരീരം പ്രതികരിക്കുന്നതിന് അനുസരിച്ച് അവ മാറ്റികൊണ്ടിരുന്നു. ഇതാണ് ഒരു സ്റ്റാൻഡേർഡ് ഡയറ്റ്, കഴിഞ്ഞ മൂന്നുമാസത്തിനിടെ ഒരൊറ്റ ചീറ്റ്‌ഡേ പോലുമില്ലാതെ ഞാൻ പരീക്ഷിച്ചത്,” എന്നായിരുന്നു അവസാന ദിവസം ഉണ്ണി മുകുന്ദൻ കുറിച്ചത്.
View this post on Instagram
ജോൺ കുറിഞ്ഞിരപ്പള്ളി
ഇലക്ഷൻ പ്രചരണവും അച്ചായനും സെൽവരാജനും സാമൂഹ്യസേവനത്തിന് പാലക്കാട് പോയതും അതിനെ തുടർന്ന് ഉണ്ടായ പ്രശനങ്ങളും എല്ലാം കൂടി രണ്ടാഴ്ച ഞങ്ങൾക്ക് വളരെ സംഭവബഹുലമായിരുന്നു. എങ്കിലും കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ അങ്ങനെ പോയി കൊണ്ടിരിക്കുമ്പോഴാണ് രാധാകൃഷ്ണനും അയാളുടെ വാല് എന്ന് ഞങ്ങൾ വിളിക്കുന്ന ഗോപാലകൃഷ്ണനും ഒരു പുലിവാലും ആയി വരുന്നത്..
ജോലികഴിഞ്ഞ് വീട്ടിൽ വന്ന് ഞാനും ജോർജുകുട്ടിയും ഓരോ ചായയും കുടിച്ച് അന്നത്തെ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.
വീടിനു മുറ്റത്ത് ഒരു എസ്‌ഡി ബൈക്ക് വന്നു നിൽക്കുന്നത് ഞങ്ങൾ അറിഞ്ഞു.
അത് രാധാകൃഷ്ണനും ഗോപാലകൃഷ്ണനും ആണന്നു വണ്ടിയുടെ ശബ്ദം കൊണ്ടുതന്നെ ഞങ്ങൾ തിരിച്ചറിഞ്ഞു. അവരുടെ ബൈക്കിൽ ഒരാളും കൂടിയുണ്ട്. അത് ആരാണ് എന്ന് ഞങ്ങൾ രണ്ടുപേർക്കും അറിഞ്ഞുകൂട. ഒറ്റനോട്ടത്തിൽ അറിയാം അയാൾ മലയാളിയല്ലഎന്ന്.
“ഇത് ആരാ രാധാകൃഷ്ണൻ,കൂടെയുള്ള ആൾ?”ഞാൻ ചോദിച്ചു. ആ മനുഷ്യൻ ഞങ്ങളെ ദയനീയമായി നോക്കി,എന്തോ തെലുങ്കിൽ പറയുന്നുണ്ട്.
രാധാകൃഷ്ണൻ പറഞ്ഞു,” ഇയാളെ വഴിയിൽ വച്ച് കണ്ടതാണ്. പാവം നടക്കാൻ വയ്യ, നട്ടെല്ലിന് ആണ് തകരാർ എന്ന് തോന്നുന്നു. കാര്യമായ ചികിത്സ ആവശ്യമാണ് . നമുക്ക് ഫണ്ട് ഉണ്ടല്ലോ. അങ്ങനെ കൂട്ടിക്കൊണ്ടുവന്നതാണ്.”
“നിങ്ങൾ ഇങ്ങോട്ടു കൂട്ടി കൊണ്ട് വന്നതെന്തിനാണ് എന്ന് മനസ്സിലാകുന്നില്ല.”. ഞാൻ ചോദിച്ചു,
” നമ്മുടെ സോഷ്യൽ സർവീസ് ഫണ്ടിൽ രണ്ട് ലക്ഷം രൂപ ഉണ്ടല്ലോ. അതിൽനിന്നും ഇയാൾക്ക് ഒരു 5000 രൂപ കൊടുക്ക്. അയാളുടെ നട്ടെല്ലിന് എന്തോ തകരാറുണ്ട്. ശരിക്കും നടക്കാൻ പറ്റുന്നില്ല. പാവം പോയി ചികിത്സിക്കട്ടെ. ഇങ്ങനെയുള്ളവരെ അല്ലേ നമ്മൾ സഹായിക്കേണ്ടത്? നമ്മൾ സാമൂഹ്യ-സേവനം ചെയ്യേണ്ടത്?”
ഈ മനുഷ്യൻ എന്ത് കഥയില്ലായ്മ ആണ് പറയുന്നത് എന്ന് വിചാരിച്ച് ഞാനും ജോർജുകുട്ടിയും അമ്പരന്ന് രാധാകൃഷ്ണനെ അടിമുടി നോക്കി
“ഇതെന്താ നിങ്ങളു മനുഷ്യരെ കണ്ടിട്ടില്ലാത്തതുപോലെ നോക്കുന്നത്? സാമൂഹ്യ സേവനം നമ്മുടെ സംഘടനയുടെ ലക്ഷ്യം ആണല്ലോ. ഈ പാവത്തിന് ഒരു 5000 രൂപ കൊടുക്ക്. എല്ലാ മറുനാടൻ പ്രവാസി സംഘടനകളും ചെയ്യുന്നതാണ് സാമൂഹ്യസേവനം”.
ഞാൻ ചോദിച്ചു ” രാധാകൃഷ്ണൻ കുറേസമയം ആയിട്ട് അയാളുടെ നട്ടെല്ലിന് തകരാറുണ്ട് എന്ന് പറയുന്നുണ്ടല്ലോ. ആരു പറഞ്ഞതാണ് അയാളുടെ നട്ടെല്ലിന് തകരാറുണ്ടെന്ന്.?”
“അതെനിക്കറിയാം, ഞാൻ ഒരു പുസ്തകം വായിച്ച് കിട്ടിയ അറിവാണ്. പിന്നെ യു ട്യൂബിലും കണ്ടു, ഡോക്ടർ അനന്തപത്മനാഭൻറെ പ്രഭാഷണം. അദ്ദേഹം അറിയപ്പെടുന്ന പാരമ്പര്യ ചികിത്സകൻ ആണ്. അദ്ദേഹം പറയുന്നുണ്ട് ഇതുപോലെ നടക്കുന്നവരുടെ നട്ടെല്ലിന് തകരാറുണ്ട്, എന്ന്.”
ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഹൗസ് ഓണറുടെ മകൾ ബൊമ്മിയും അവളുടെ അമ്മയും അടുത്തേക്കുവന്നു. തമിഴ്, കന്നട, തെലുങ്ക് എല്ലാം അക്ക നന്നായി സംസാരിക്കും.
” എന്നാ അങ്കിളേ പിച്ചക്കാരനെ കൂട്ടി വന്നിരിക്കുന്നത്?”എട്ടു വയസ്സുള്ള കൊച്ചുകുട്ടിയാണ് ബൊമ്മി. അവളുടെ ചോദ്യമാണ്..
അക്ക ഞങ്ങളുടെ അടുത്തേക്ക് വന്നു. അവർ രാധാകൃഷ്ണൻ കൂട്ടിക്കൊണ്ടുവന്ന ആ മനുഷ്യനോട് എന്തോ ചോദിച്ചു. എന്നിട്ട് ഉറക്കെ ചിരിക്കാൻ തുടങ്ങി.
എന്നിട്ട് ഞങ്ങളോട് പറഞ്ഞു ,”അയാളെ വെറുതെ വിട്.”
രാധാകൃഷ്ണൻ പറഞ്ഞു,”പറ്റില്ല. സാമൂഹ്യ സേവനം സോഷ്യൽ സർവീസ് എന്നെല്ലാം പറഞ്ഞു കാശുപിരിച്ചിട്ട് അങ്ങനെ വെറുതെ പറഞ്ഞു വിടണോ. പറ്റില്ല”
“അതിന് അയാൾക്ക് ഒരു കുഴപ്പവും ഇല്ല.അയാളുടെ ചെരുപ്പിൻറെ വള്ളി പൊട്ടി പോയതുകൊണ്ട് അയാൾ അങ്ങനെ നടന്നതാണ്. ഒരു കുഴപ്പവുമില്ല ”
“അത് റിപ്പയർ ചെയ്യിക്കാൻ റോഡരുകിലിരിക്കുന്ന ചെരുപ്പുകുത്തിയുടെ അടുത്തേക്ക് പോയതാണ്. അപ്പോൾ ഇവർ എന്നെ ബലമായി പിടിച്ചുകൊണ്ടുവന്നതാണ്”. അയാൾ പറഞ്ഞു.
രധാകൃഷ്ണൻ പറഞ്ഞു, “ഇക്കാലത്ത് മനുഷ്യർക്ക് ഗുണം വരുന്നതൊന്നും ചെയ്യാൻ പാടില്ല.”.
ഉടനെ ഗോപാലകൃഷ്ണൻ പറഞ്ഞു,”സാരമില്ല, നമ്മളുടെ കഥാപ്രസംഗത്തിന് ഒരു പുതിയ വിഷയം ആയി.”
ജോർജ്‌കുട്ടി ഉടനെ ചോദിച്ചു ,”എന്തായിരിക്കും കഥയുടെ പേര്?”
“നട്ടെല്ല് ഇല്ലാത്ത…..”
പ്രസിഡന്റിന് ഇടപെടാതിരിക്കാൻ കഴിയില്ല,”പൊട്ടൻ കണ്ട പൂവ്,എന്നാക്കിയാലോ?”
“മതി മതി..”എല്ലാവരും ഒന്നിച്ചുപറഞ്ഞു.
രാധാകൃഷ്ണൻ ബൈക്ക് സ്റ്റാർട്ട് ചെയ്തത് പോകാൻ തുടങ്ങി.ജോർജ് കുട്ടി പറഞ്ഞു,”നിങ്ങൾ കൊണ്ടുവന്ന ഈ സാധനംകൂടി എടുത്തോണ്ട് പോ”:
“ഏതു സാധനം? ”
ജോർജ് കുട്ടി അവർ കൂട്ടിക്കൊണ്ടുവന്ന ആ മനുഷ്യനുനേരെ വിരൽ ചൂണ്ടി.
(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി