Latest News

കെവിൻ വധക്കേസിലെ പ്രതികൾക്ക് പുറത്തുനിന്നും എത്തിച്ചുനൽകിയത് പേരക്കയുടെ രുചിയും മണവുമുള്ള മദ്യം. സമീപത്തെ സെല്ലിലെ അന്തേവാസിയാണ് പേരക്കയുടെ മണം തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥരെ അറിയിച്ചത്. മദ്യപിച്ചുണ്ടായ തർക്കത്തിനിടെയാണ് കോട്ടയം കെവിൻ വധക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഒൻപതാം പ്രതി ടിറ്റു ജെറോം മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായത്.

അതേസമയം, പ്രതികൾ മദ്യപിച്ചെന്ന് തെളിയിച്ചിട്ടുണ്ടെങ്കിലും അത് എത്തിച്ചതാരെന്നു തെളിയിക്കാനുള്ള ശ്രമം നടക്കവെ സ്ഥാനം തെറിച്ചത് പൂജപ്പുര സെൻട്രൽ ജയിലിലെ 3 ഉദ്യോഗസ്ഥർക്കാണ്. ബെക്കാഡി ഗുആവ മദ്യത്തിന്റെ മണമടിച്ച അന്തേവാസി വിവരം ഉദ്യോഗസ്ഥരെ അറിയിച്ചതോടെ ഇവരെത്തി ടിറ്റുവിനെയും സംഘത്തെയും ചോദ്യം ചെയ്തിരുന്നു. ആരാണു മദ്യം എത്തിച്ചതെന്ന ചോദ്യത്തിനുമാത്രം 4 പേരും പ്രതികരിച്ചില്ല. ഭീഷണിക്കൊടുവിൽ നടന്ന കാര്യങ്ങൾ വിശദീകരിച്ചു. തലേന്ന് ഇവരെ ജയിലിനുപുറത്തു മതിലിനോടു ചേർന്നുള്ള കൃഷി സ്ഥലത്തു വളമിടാനും കീടനാശിനി തളിക്കാനും നിയോഗിച്ചിരുന്നു. വളവും കീടനാശിനികളും പ്ലാസ്റ്റിക് ബോക്‌സുകളിലാണു കൊണ്ടുപോയത്. അതിൽ മദ്യം ഒളിപ്പിച്ച് ജയിൽ വളപ്പിനുള്ളിലേക്കു കടത്തുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.

ജയിലിൽ മദ്യം എത്തിച്ചയാളുടെ വിവരം നൽകിയാൽ അയാളെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ്. മാത്രമല്ല, ഇനിയും മദ്യം കിട്ടാനുള്ള വഴിയും അടയും. ഇതോടെ പ്രതികൾ ആരാണ് മദ്യമെത്തിച്ചത് എന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ടിറ്റുവിനു മർദനമേറ്റെന്നു സഹതടവുകാരൻ വീട്ടിൽ അറിയിച്ചെന്നും അതല്ല ടിറ്റു ജെറോം തന്നെയാണ് അറിയിച്ചതെന്നും വിവരമുണ്ട്. ടിറ്റുവിനെ കാണാൻ അനുവദിക്കാത്തതിനെതിരെ രക്ഷിതാക്കൾ നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒരു വർഷമായി കാണാൻ അനുവദിക്കുന്നില്ലെന്നും കഴിഞ്ഞയാഴ്ച മകനെ കാണുന്നതിനായി അഞ്ചു തവണ ജയിലിൽ എത്തിയെങ്കിലും സന്ദർശനം നിഷേധിച്ചുവെന്നുമുള്ള ഹേബിയസ് കോർപസ് ഹർജി പരിഗണനയ്ക്കിരിക്കെയാണ് ജയിലിലെ മർദനത്തെക്കുറിച്ച് ഫോൺ വിളി എത്തുന്നത്. അതുകൂടി കോടതിയെ ധരിപ്പിച്ചതോടെ ഇടപെടൽ വേഗത്തിലായി.

ടിറ്റു ജെറോമിനു മർദനമേറ്റെന്ന് ജില്ലാ ജഡ്ജി കണ്ടെത്തിയതോടെ ഡെപ്യുട്ടി പ്രിസൺ ഓഫീസർമാരായ ബിജു കുമാർ, ബിജു കുമാർ, അസിസ്റ്റന്റ് പ്രിസൻ ഓഫിസർ സനൽ എന്നിവരെയാണ് മാറ്റിയത്. ബിജുകുമാർ, സനൽ എന്നിവരെ നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്കും ബിജു കുമാറിനെ നെയ്യാറ്റിൻകര സബ് ജയിലിലേക്കുമാണു മാറ്റിയത്.

മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ കാണികളില്‍ നിന്ന് നേരിട്ട വംശീയാധിക്ഷേപത്തില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനോടും ടീം ഇന്ത്യയോടും മാപ്പു ചോദിച്ച് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍. വംശീയത ഒരിക്കലും അംഗീകരിക്കാന്‍ ആകില്ലെന്ന് വാര്‍ണര്‍ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘വംശീയതയും അധിക്ഷേപവും ഒരുകാലത്തും സഹിക്കാനും പൊറുക്കാനുമാകില്ല. മുഹമ്മദ് സിറാജിനോടും ഇന്ത്യന്‍ ടീമിനോടും ഞാന്‍ മാപ്പു ചോദിക്കുന്നു. നല്ല കാണികളെ ഇനി പ്രതീക്ഷിക്കുന്നു’ – വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സിഡ്നിയില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സിറാജിന് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നത്. പിന്നീട് കാണികളെ പുറത്താക്കിയാണ് മത്സരം പുനരാരംഭിച്ചിരുന്നത്. സംഭവത്തില്‍ ഐസിസി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി താരങ്ങള്‍ അധിക്ഷേപത്തിന് എതിരെ രംഗത്തു വന്നിരുന്നു.

സിഡ്നി ടെസ്റ്റില്‍ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുമ്പോളാണ് താരത്തെ ഓസ്ട്രേലിയന്‍ കാണികള്‍ വംശീയമായി അധിക്ഷേപിച്ചത്. ഇക്കാര്യം ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയെ അറിയിച്ചതോടെ മത്സരം അല്‍പസമയം നിര്‍ത്തിവെക്കേണ്ടിവന്നു. രഹാനെ പരാതി അംപയര്‍മാരെ അറിയിച്ചു. അധിക്ഷേപം നടത്തിയവരെ സിറാജ് തന്നെയാണ് ചൂണ്ടികാണിച്ചുകൊടുത്തത്. ഗ്രൗണ്ടിലേക്കിറങ്ങിവന്ന മാച്ച് ഓഫീഷ്യല്‍സ് അംപയറും ആറ് പേരെ ഗ്യാലറിയില്‍ നിന്ന് പുറത്താക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് പൊലീസിസെത്തി ഇവരെ പുറത്താക്കുകയായിരുന്നു.

 

 

View this post on Instagram

 

A post shared by David Warner (@davidwarner31)

വിദ്യാര്‍ഥിനിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതിന് ബിജെപി മുന്‍ എംഎല്‍എയ്ക്ക് മര്‍ദനം. ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് മുന്‍ എംഎല്‍എയെ വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ മര്‍ദിച്ചത്. കേസില്‍ പരാതിയില്ലെന്ന് കോളേജ് ചെയര്‍മാന്‍ കൂടിയായ മായാശങ്കര്‍ പഥക് പറഞ്ഞു.

വാരാണസി ചൗബേപൂരിലുളള കോളേജ് ക്യാംപസില്‍ വച്ച് ബിജെപി മുന്‍ എംഎല്‍എയെ ഒരു കൂട്ടം ആളുകള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കോളേജ് ചെയര്‍മാന്‍ കൂടിയായ മായാ ശങ്കര്‍ പഥക് വിദ്യാര്‍ഥിനിക്കെതിരെ മോശം പരാമര്‍ശം നടത്തിയതാണ് മര്‍ദനത്തിന് കാരണം. വിദ്യാര്‍ഥിനിയുടെ ബന്ധുക്കളും അയല്‍വാസികളുമാണ് മായാശങ്കറിനെ മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു. മര്‍ദനത്തിനിടയില്‍ മായാ ശങ്കര്‍ മാപ്പ് ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും പരാതിയില്ലെന്നാണ് മുന്‍ എംഎല്‍എ അറിയിച്ചത്. വിദ്യാര്‍ഥിനിയെ അപമാനിച്ചിട്ടില്ലെന്നും മര്‍ദനം രാഷ്ട്രീയ പ്രേരിതമാണെന്നും 70 കാരനായ മായാ ശങ്കര്‍ ആരോപിച്ചു. ചെയര്‍‍മാനെതിരെ പരാതിപ്പെടാന്‍ വിദ്യാര്‍ഥിനിയുടെ ബന്ധുക്കളും തയ്യാറായിട്ടില്ല. അതേസമയം മായാ ശങ്കര്‍ പഥക് പാര്‍ട്ടിയില്‍ നിലവില്‍ സജീവമല്ലെന്ന വിശദീകരണവുമായി ബിജെപി പ്രാദേശിക നേതൃത്വം രംഗത്തുവന്നു.

പൊലീസ് സാന്നിധ്യമില്ലാതെ ജയിലില്‍ ജോളിയുമായി സംസാരിക്കണമെന്നായിരുന്നു അഭിഭാഷകന്‍ ബി.എ.ആളൂരിന്റെ വാദം. ഇത് വിചിത്രമെന്ന് കോടതി നിരീക്ഷിച്ചു. പിന്നാലെയാണ് രഹസ്യങ്ങള്‍ ചോരുന്നുവെന്ന ആരോപണം ഉന്നയിച്ചത്. ജോളിയോട് പറയുന്ന മുഴുവന്‍ കാര്യങ്ങളും അന്വേഷണസംഘം അറിയുന്നു. ഇക്കാര്യത്തില്‍ ചില സംശയങ്ങളുണ്ടെന്നും ആളൂര്‍ പറഞ്ഞു.

ജയില്‍ അധികാരിയെന്ന നിലയില്‍ വിഷയത്തില്‍ സൂപ്രണ്ടിനോട് വിശദീകരണം തേടാമെന്ന് കോടതി അറിയിച്ചു. അഭിഭാഷകനെ കാണുന്നതിന് ജയിലില്‍ ജോളിക്ക് നിയന്ത്രണമുണ്ടോ. ജോളിയുടെ വിലപിടിപ്പുള്ള സാധനങ്ങളെന്തെങ്കിലും സൂപ്രണ്ടിന്റെ കൈവശമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഈമാസം 22 ന് കേസ് പരിഗണിക്കുമ്പോള്‍ അറിയിക്കണമെന്ന് സമന്‍സിലൂടെ ആവശ്യപ്പെടും. സാമ്പത്തിക ഇടപാടിന് ജോളി അപേക്ഷ നല്‍കിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. വക്കാലത്ത് പവര്‍ അറ്റോര്‍ണി പോലെയാണെന്നും കിട്ടാനുള്ള പണം തിരികെ വാങ്ങാന്‍ അഭിഭാഷകന് അധികാരമുണ്ടെന്നും ആളൂര്‍ പറഞ്ഞു.

ജോളി ജയിലിലായതിനാല്‍ പ്രത്യേകം അപേക്ഷ നല്‍കേണ്ട കാര്യമില്ല. അത്തരമൊരു കീഴ്്വഴക്കമില്ലെന്നും സാധാരണക്കാരന്റേതായ മുഴുവന്‍ അവകാശങ്ങളും പ്രതിക്കുണ്ടെന്ന് കരുതരുതെന്നും കോടതി വ്യക്തമാക്കി. ജോളി കാര്യങ്ങള്‍ തുറന്ന് പറഞ്ഞതിന് ഒരു വക്കീലിനെ കേസില്‍ സാക്ഷിയാക്കി. ഇനി തന്നെയും സാക്ഷിയാക്കി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമോ എന്നും പ്രതിഭാഗം അഭിഭാഷകന്‍ ആരാഞ്ഞു. പണം പിരിച്ചെടുക്കാന്‍ അനുമതി നല്‍കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം നിയമപരമല്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അനുവദിച്ചാല്‍ പല സാധാരണക്കാരെയും ഭീഷണിപ്പെടുത്തി ചൂഷണത്തിനിരയാക്കുമെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എന്‍.കെ.ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

രാജ്യത്ത് വിതരണത്തിന് മുന്നോടിയായി സംസ്ഥാനങ്ങളിലേക്ക് വാക്സീൻ കയറ്റി അയച്ച് തുടങ്ങി. കൊവിഷീൽഡിന്റെ ആദ്യ ലോഡുകൾ പൂണെ സീറം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് പുറപ്പെട്ടു. താപനില ക്രമീകരിച്ച മൂന്നു ട്രക്കുകളിലാണ് വാക്സീൻ കൊണ്ടുപോകുന്നത്. ചെന്നൈ അടക്കം നാലു പ്രധാന ഹബ്ബുകളിൽ വാക്സീൻ ഇന്നെത്തും.

ട്രക്കുകളിൽ നിന്ന് വിമാനത്താവളങ്ങളിലെത്തിച്ച ശേഷം വിതരണ ഹബ്ബുകളിലേക്ക് വിമാനമാർഗം എത്തിക്കുവാനാണ് പദ്ധതി. അവിടെനിന്നാണ് എല്ലാ സംസ്ഥാനങ്ങളിലേക്കും വിതരണം ചെയ്യുക.ആദ്യ ലോഡ് എയർ ഇന്ത്യാ കാർഗോ വിമാനത്തിൽ അഹമ്മദാബാദിലേക്കാണ്. മുംബൈയിലേക്ക് റോഡ് മാർഗവും വാക്സീൻ കൊണ്ടു പോവും.

ജനുവരി 16 മുതലാണ് രാജ്യത്ത് വാക്സീൻ കുത്തിവയ്പ്പ് തുടങ്ങുന്നത്. ആദ്യഘട്ടത്തിൽ വാക്സീൻ വിതരണ ചെലവ് മുഴുവൻ കേന്ദ്രം വഹിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. പതിനൊന്ന് കോടി ഡോസ് കൊവിഷീല്‍ഡ് വാക്സീനുള്ള പര്‍ച്ചേസ് ഓര്‍ഡറാണ് കേന്ദ്രം സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്‍കിയിരിക്കുന്നത്.

ശനിയാഴ്ച മുതല്‍ തുടങ്ങുന്ന ആദ്യ ഘട്ടത്തില്‍ മൂന്ന് കോടി കൊവിഡ് മുന്നണി പോരാളികള്‍ക്ക് വാക്സിന്‍ നല്‍കും. രണ്ടാംഘട്ടത്തില്‍ 50 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കും.

കേരളത്തിന് ആദ്യ ബാച്ചിൽ 4.35 ലക്ഷം ഡോസ് വാക്സിൻ

കേരളത്തിന് ആദ്യബാച്ചില്‍ 4,35,500 ഡോസ് വാക്സീന്‍ ലഭിക്കുമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 3,59,549 ആരോഗ്യപ്രവര്‍ത്തകരാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തമിഴ്നാടിന് 5.36 ലക്ഷം ഡോസ് കിട്ടും

അധികാരക്കൈമാറ്റത്തിന് തൊട്ടു മുമ്പ് ക്യൂബയെ വീണ്ടും ഭീകരരാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഡോണള്‍ഡ് ട്രംപ് സര്‍ക്കാര്‍. പാശ്ചാത്യലോകത്ത് ഭീകരതയെ പിന്തുണയ്ക്കുകയാണ് ക്യൂബയെന്നും ഇത് അവസാനിപ്പിക്കാന്‍ കാസ്ട്രോ സര്‍ക്കാര്‍ തയാറാവണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പൊംപെയോ പറഞ്ഞു.

നേരത്തെ ഒബാമ സര്‍ക്കാര്‍ ക്യൂബയെ ഈ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 2015ല്‍ ഹവാനയുമായി വാഷിങ്ടണ്‍ നയതന്ത്ര ബന്ധം പുനസ്ഥാപിച്ചു. എന്നാല്‍ അന്നത്തെ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ക്യൂബ തയാറായില്ലെന്നാണ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍റിന്‍റെ വാദം. ട്രംപ് ഭരണകൂടം അവസാന നിമിഷം നടപ്പാക്കിയ ഈ നയമാറ്റം ജോ ബൈഡന് പ്രതിസന്ധിയാകും.

അധികാര സ്ഥാനത്തേക്ക് ഉയർന്ന സഹോദരി ജാങിനെ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ തരംതാഴ്ത്തിയതായി റിപ്പോർട്ട്. കൊറിയൻ വർക്കേഴ്സ് പാർട്ടിയിലും ഭരണകൂടത്തിലും നിർണായക സാന്നിധ്യമായി ജാങ് മാറുന്നത് ഭീഷണിയായേക്കുമെന്ന തോന്നലിനെ തുടർന്നാണ് കിം വെട്ടിനിരത്തിൽ നടത്തിയതെന്നാണ് ഉത്തര കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിലേക്ക് ജാങിനെ എത്തിക്കുന്നത് തടഞ്ഞ് സെൻട്രൽ കമ്മിറ്റിയിൽ തന്നെ നിലനിർത്തിയതായാണ് പുറത്ത് വരുന്ന വാർത്തകൾ.

2017ൽ കിമ്മിന്റെ പിതൃസഹോദരി കിം ക്യോങ് ഹു‌യ്‌യിക്കുശേഷം ആദ്യമായി കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോയിൽ ഇടം പിടിച്ച വനിതാനേതാവാണ് ജാങ്. രാജ്യാന്തര തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട ജാങ്ങിനെ പൊളിറ്റ്ബ്യൂറോയിൽനിന്ന് ഒഴിവാക്കിയത് ഇതിനകം തന്നെ വാർത്താപ്രധാന്യം നേടുകയും ചെയ്തു.

ജാങ്ങിന്റെ റോൾ എന്നതു പരമാവധി ഒരു റീജന്റ് സ്ഥാനം വരെയായിരിക്കുമെന്ന് കൊറിയ സർവകലാശാലയിലെ അധ്യാപകനും ദക്ഷിണ കൊറിയൻ ഐക്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ ഉപദേശകനുമായ യോ ഹോ യോൾ തുടങ്ങിയവരുടെ നിഗമനങ്ങളെ ശരിവയ്ക്കുന്നതാണ് പുറത്തു വരുന്ന സൂചനകൾ.

പായ് വഞ്ചിയില്‍ ഒറ്റയ്ക്ക് ലോകം ചുറ്റിയ ഇന്ത്യന്‍ നാവികസേനാ കമാന്‍ഡര്‍ അഭിലാഷ് ടോമി വിരമിച്ചു. പായ് വഞ്ചിയില്‍ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യാക്കാരനുമാണ് അഭിലാഷ് ടോമി.

രണ്ടായിരത്തിലാണ് അഭിലാഷ് ടോമി നാവിക സേനയില്‍ ചേര്‍ന്നത്. 2013ല്‍ പായ്വഞ്ചിയില്‍ ഒറ്റയ്ക്കു ലോകം ചുറ്റി തിരിച്ചെത്തിയ അഭിലാഷിന് രാജ്യം കീര്‍ത്തിചക്ര നല്‍കി ആദരിച്ചിരുന്നു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സേനാ മെഡല്‍, അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സിലെ മികവിന് ടെന്‍സിങ് നോര്‍ഗെ നാഷനല്‍ അഡ്വഞ്ചര്‍ അവാര്‍ഡ് എന്നിവയും സ്വന്തമാക്കിയിട്ടുണ്ട്.

2012 ലാണ് അഭിലാഷ് ടോമി മുംബൈ തീരത്തുനിന്ന് പായ് വഞ്ചിയില്‍ യാത്ര തിരിച്ചത്. നാല് ലക്ഷത്തോളം കിലോമീറ്ററുകളാണ് ഒറ്റയ്ക്ക് യാത്ര ചെയ്ത അഭിലാഷ് 2013 ഏപ്രിലില്‍ മുംബൈയില്‍ തന്നെ തിരിച്ചെത്തി.

42 വയസായ അഭിലാഷ് പായ്വഞ്ചി ദൗത്യങ്ങളില്‍ കൂടുതല്‍ പങ്കാളിയാകാനാണ് വിരമിച്ചത്. 2022ലെ ഗോള്‍ഡന്‍ ഗ്ലോബ് മല്‍സരത്തില്‍ പങ്കെടുക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ തവണത്തെ തെറ്റുകള്‍ ആവര്‍ത്തിക്കാതെ മല്‍സരം പൂര്‍ത്തിയാക്കണമെന്നും വിരമിക്കലിനോട് പ്രതികരിച്ച് അദ്ദേഹം വ്യക്തമാക്കി.

2018ല്‍ ഗോള്‍ഡന്‍ ഗ്ലോബ് പായ്വഞ്ചി സഞ്ചാരത്തില്‍ പങ്കെടുത്ത അഭിലാഷ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍വച്ച് അപകടത്തില്‍പ്പെട്ടിരുന്നു. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് 1,900 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള സ്ഥലത്തുവച്ചായിരുന്നു അപകടം. മണിക്കൂറില്‍ 120 കിലോമീറ്ററിലേറെ ശക്തിയില്‍ വീശിയടിച്ച കാറ്റിലും, 14 മീറ്ററിലേറെ ഉയരത്തില്‍ ഉയര്‍ന്നു പൊങ്ങിയായിരുന്നു അപകടം.

ഫ്രഞ്ച് കപ്പല്‍ ‘ഒസിരിസ്’ ആണ് അഭിലാഷിനെ രക്ഷിച്ചത്. നടുവിന് പരുക്കേറ്റ അഭിലാഷ് ദീര്‍ഘകാലം വിശ്രമത്തിലായിരുന്നു. നാവികസേനയിലെ ചുമതലകളിലേക്ക് മടങ്ങിയെത്തിയെങ്കിലും സെയിലിങ്ങിലേക്ക് തിരിച്ചെത്താനായാരുന്നില്ല. ഇതിനുള്ള ശ്രമങ്ങള്‍ക്കിടെയാണ് വിരമിക്കല്‍ പ്രഖ്യാപനം. നിരവധി അന്താരാഷ്ട്ര സെയിലിങ് മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. കൊച്ചി കണ്ടനാട് വെല്യാറ വീട്ടില്‍, നാവികസേന റിട്ട. ലഫ്. കമാന്‍ഡര്‍ വി.സി.ടോമിയുടെയും വല്‍സമ്മയുടെയും മകനാണ്.

മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുള്ള അകോലെയില്‍ കാര്‍ അണക്കെട്ടില്‍ വീണ് വ്യാപാരി മരിച്ചു. ഗൂഗിള്‍ മാപ്പ് നോക്കി എത്തിയതാണ് ദാരുണ അപകടത്തിലേയ്ക്ക് വഴിവെച്ചത്. പുണെ പിംപ്രി-ചിഞ്ച്വാഡില്‍ താമസിക്കുന്ന വ്യാപാരി സതിഷ് ഗുലെ (34)യാണ് മുങ്ങി മരിച്ചത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ഗുരു ശേഖര്‍, സമീര്‍ രാജുര്‍കര്‍ എന്നിവര്‍ നീന്തി രക്ഷപ്പെടുകയും ചെയ്തു. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് മൃതദേഹവും കാറും അണക്കെട്ടില്‍നിന്ന് പുറത്തെടുത്തത്. ശനിയാഴ്ച രാത്രി അകൊലെക്കടുത്തുള്ള കല്‍സുബായ് മലകയറാന്‍ പോയതായിരുന്നു മൂവരും.

കോട്ടുലില്‍നിന്ന് അകൊലെയിലേക്കുള്ള എളുപ്പവഴിക്കായാണ് ഇവര്‍ ഗൂഗിള്‍ മാപ്പ് നോക്കിയത്. മഴക്കാലത്ത് വെള്ളംകയറി പാലംമുങ്ങുകയും അപകടാവസ്ഥയില്‍ ആവുകയും ചെയ്തതോടെ ഗതാഗതം നിരോധിച്ചവഴിയിലൂടെയായിരുന്നു ഇവരുടെ യാത്ര. എന്നാല്‍ ഇതുസംബന്ധിച്ച അറിയിപ്പുബോര്‍ഡുകളൊന്നും വഴികളില്‍ സ്ഥാപിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഇതും അപകടത്തിലേയ്ക്ക് വഴിവെച്ചു.

ചിയാൻ വിക്രമിനെ നായകനാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്രയുടെ ടീസർ പുറത്തിറങ്ങി. വിക്രം ഏഴ് വ്യത്യസ്​ത ​ഗെറ്റപ്പിൽ എത്തുന്ന ചിത്രത്തിൽ ക്രിക്കറ്റ് താരം ഇർഫാൻ പത്താനാണ് നെ​ഗറ്റീവ് റോളിലെത്തുന്നത്. ഇവർക്കൊപ്പം റോഷൻ മാത്യുവും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

‌7 ​ഗെറ്റപ്പുകളിൽ വിക്രം, വില്ലനായി ഇർഫാൻ പത്താൻ, ഒപ്പം റോഷന് മാത്യുവും; കോബ്ര ടീസർ
മാസ്റ്ററിന്റെ കഥ മോഷ്ടിച്ചതെന്ന് ആരോപണം; തന്റെ കഥയെന്ന് കെ.രംഗദാസ്
ഗണിതശാസ്ത്ര വിദഗ്ധനായാണ് ചിത്രത്തില്‍ വിക്രം എത്തുന്നത്. കണക്ക് അധ്യാപകനും വിവിധ രാജ്യങ്ങള്‍ തേടുന്ന ക്രിമിനലുമാണ് ഇയാൾ. ‘എല്ലാ പ്രശ്‌നങ്ങള്‍ക്കും മാത്തമാറ്റിക്കല്‍ പരിഹാരമുണ്ട്’ എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രത്തിന്റെ ടീസർ.

ഇര്‍ഫാന്‍ പത്താന്റെ ആദ്യ സിനിമയായ കോബ്രയിൽ കെജിഎഫിലൂടെ പ്രശസ്തയായ ശ്രീനിഥി ഷെട്ടിയാണ് നായിക. എ.ആർ റഹ്മാനാണ് സംഗീതം. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം റീലിസ് ചെയ്യുന്നത്.

Copyright © . All rights reserved