ന്യൂസ് ഡെസ്ക് , മലയാളം യുകെ
ഫാ. മാത്യൂസ് പയ്യമ്പള്ളി
യു.കെയുടെ കൊച്ചു വാനമ്പാടിയെന്ന് വിളിപ്പേരുള്ള ടെസ്സ ജോൺ ക്രിസ്തുമസിനെ വരവേൽക്കുന്നത് ഒരു പിടി നല്ല ഗാനങ്ങളുമായാണ്. മഹാമാരിയുടെ കാലഘട്ടത്തിൽ മനസ്സിനും കാതുകൾക്കും കുളിർമ പകരുന്നതാണ് യൂട്യൂബ് ചാനലിലൂടെ ആസ്വാദകർക്കായി സമർപ്പിച്ചിരിക്കുന്ന ഗാനങ്ങൾ . പൂനെ സ്വദേശി മായാ ജേക്കബ് രചന നിർവഹിച്ച ഗാനങ്ങൾക്ക് ഈശോയുടെ പാട്ടുകാരൻ എന്നു വിളിപ്പേരുള്ള ഫാ. മാത്യൂസ് പയ്യമ്പള്ളിയാണ് സംഗീതം നൽകിയിരിക്കുന്നത്, റിയാ കമ്മ്യൂണിക്കേഷന്റെ ബാനറിൽ വിൻസൺ തോമസ് നിർമ്മിച്ചിരിക്കുന്ന ഗാനത്തിന്റെ ഓർക്കസ്ട്ര ബിനു മധുരമ്പുഴയുടേതാണ്.
നൃത്തം, പ്രസംഗം, പദ്യപാരായണം ബൈബിൾ ക്വിസ് തുടങ്ങിയവയിൽ പ്രാഗല്ഭ്യം തെളിയിച്ചിരിക്കുന്ന പതിനാലുകാരിയായ ടെസ്സയുടെ മാതാപിതാക്കൾ കേംബ്രിഡ്ജിൽ താമസിക്കുന്ന കോട്ടയം സ്വദേശികളായ സ്റ്റാൻലി തോമസും സൂസൻ ഫ്രാൻസിസുമാണ്. കാര്യമായ സംഗീത പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത കുടുംബത്തിൽ നിന്ന് വന്ന ടെസ്സ സൂസൻ ജോണിന്റെ ഗാനങ്ങൾ ഇതിനോടകം ആലാപന ശൈലി കൊണ്ടും സ്വരമാധുരി കൊണ്ടും ആസ്വാദക ശ്രദ്ധ നേടിയിരിക്കുന്നു. യാദൃശ്ചികമായി ടെസ്സയുടെ പാട്ട് കേൾക്കാൻ ഇടയായ ന്യത്താധ്യാപികയായ ലക്ഷ്മി ടീച്ചറാണ് ടെസ്സ സൂസൻ ജോണിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ് സംഗീതം പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത മാതാപിതാക്കളെ ബോധ്യപ്പെടുത്തിയത്. 14 വയസ്സിനിടെ നിരവധി സംഗീത ആൽബങ്ങളിലാണ് ഇതിനോടകം ടെസ്സ പാടിയിരിക്കുന്നത് . കെ. എസ്. ചിത്ര ,എം. ജി. ശ്രീകുമാർ , ജി. വേണുഗോപാൽ തുടങ്ങിയവർക്കൊപ്പം നിരവധി സ്റ്റേജ് പ്രോഗ്രാമുകളിൽ ഇതിനോടകം ടെസ്സ പാടിയിട്ടുണ്ട് . എന്തായാലും സംഗീതലോകത്തെ നാളെയുടെ വാഗ്ദാനമായ ടെസ്സ യു.കെ മലയാളികൾക്ക് അഭിമാനമാണ് . ടെസ്സയുടെ ക്രിസ്തുമസ് ഗാനങ്ങൾ കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
വാഷിങ്‌ടൺ: നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കോവിഡ് വാക്സിൻ സ്വീകരിച്ചു. കോവിഡ് വാക്സിനിലുള്ള അമേരിക്കകാരുടെ സംശയങ്ങൾ അവസാനിക്കാനും അവർക്ക് ആത്മവിശ്വാസം പകരാനുമാണ് സ്വന്തം ശരീരത്തിൽ വാക്സിൻ പരീക്ഷണം നടത്താൻ ബൈഡന്‍ തീരുമാനിച്ചത്. ബൈഡന്‍ കോവിഡ് വാക്സിൻ സ്വീകരിക്കുന്നത് ടെലിവിഷനിൽ തത്സമയം സംപ്രേഷണം ചെയ്തു. കോവിഡ് പ്രതിരോധ വാക്‌സിനില്‍ അമേരിക്കന്‍ ജനതയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുളള പ്രചാരണ പരിപാടിയുടെ ഭാഗമായി ജോ ബെെഡന്റെ ഭാര്യ ജിൽ നേരത്തെ വാക്സിൻ സ്വീകരിച്ചിരുന്നു. ഡെലവാരയിലെ നെവാര്‍ക്കിലുളള ക്രിസ്റ്റ്യാന ആശുപത്രിയില്‍ നിന്നാണ് കോവിഡ് പ്രതിരോധ വാക്‌സിനായ പി-ഫൈസര്‍ ബൈഡന്‍ സ്വീകരിച്ചത്.
“ഞാൻ ഇന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചു. കോവിഡ് വാക്സിൻ സാധ്യമാക്കാൻ അക്ഷീണം പ്രയത്നിച്ച ശാസ്‌ത്രജ്ഞൻമാർക്കും ഗവേഷകർക്കും നന്ദി പറയുന്നു. ഞങ്ങൾ നിങ്ങളോട് വലിയ രീതിയിൽ കടപ്പെട്ടിരിക്കുന്നു. കോവിഡ് വാക്സിന്റെ കാര്യത്തിൽ യാതൊന്നും ആശങ്കപ്പെടാനില്ലെന്ന് അമേരിക്കയിലെ ജനങ്ങളോട് ഞാൻ പറയുന്നു. കോവിഡ് വാക്സിൽ ലഭ്യമാകുന്ന മുറയ്‌ക്ക് വാക്സിൻ കുത്തിവയ്‌പ്പെടുക്കാൻ എല്ലാ ജനങ്ങളോടും ഞാൻ അഭ്യർഥിക്കുന്നു. ഇത് ഒരു തുടക്കമാണ്. കോവിഡ് 19 നെ അതിജീവിക്കാന്‍ സമയമെടുക്കും. അതുവരെ ആളുകള്‍ മാസ്‌ക് ധരിക്കുകയും വിദഗ്‌ധർ പറയുന്നത് അനുസരിക്കാന്‍ തയ്യാറാവുകയും വേണം. നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ട അത്യാവശ്യമില്ലെങ്കില്‍ അതിന് മുതിരാതിരിക്കുക. അത് വളരെ പ്രധാനമാണ്,” കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം ബെെഡൻ പറഞ്ഞു.
കോവിഡ് വാക്സിനെതിരെ അമേരിക്കയിൽ വലിയ രീതിയിൽ പ്രചാരണം നടന്നിരുന്നു. ഇപ്പോഴത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ കോവിഡ് വാക്സിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. കോവിഡിനെ പ്രതിരോധിക്കാൻ താൻ മാസ്ക് ധരിക്കില്ലെന്ന് പോലും ട്രംപ് ഒരുസമയത്ത് പ്രഖ്യാപിച്ചിരുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് കോവിഡ് പ്രതിരോധത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയാണ് ട്രംപിനെതിരെ ബെെഡൻ രംഗത്തെത്തിയത്.
Today, I received the COVID-19 vaccine.
To the scientists and researchers who worked tirelessly to make this possible — thank you. We owe you an awful lot.
And to the American people — know there is nothing to worry about. When the vaccine is available, I urge you to take it. pic.twitter.com/QBtB620i2V
— Joe Biden (@JoeBiden) December 22, 2020
പുതിയ കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിൽ ചർച്ചയ്ക്ക് വീണ്ടും ക്ഷണിച്ച് കേന്ദ്രസർക്കാർ നൽകിയ കത്തിൽ പുതുമയില്ലെന്ന് കർഷക സംഘടനകൾ. ചർച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കണമോയെന്നതിൽ അന്തിമ തീരുമാനം സംയുക്ത കിസാൻ മോർച്ച നേതാക്കൾ ഇന്ന് യോഗം ചേർന്ന് എടുക്കും. കൃത്യമായ പ്രശ്നപരിഹാരം കേന്ദ്രം മുന്നോട്ടുവെച്ചാൽ തങ്ങൾ എപ്പോഴും ചർച്ചയ്ക്കു തയ്യാറാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
കാർഷികനിയമങ്ങളിൽ ഏതൊക്കെ കാര്യങ്ങളിലാണ് ആശങ്കയെന്ന് പ്രത്യേകമായി അറിയിക്കണമെന്നാണ് ചർച്ചയ്ക്ക് ക്ഷണിച്ച് കൃഷിമന്ത്രാലയം ജോ.സെക്രട്ടറി വിവേക് അഗർവാൾ ഞായറാഴ്ച 40 കർഷക സംഘടനാ നേതാക്കൾക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ കാർഷികനിയമങ്ങൾ പൂർണമായി പിൻവലിക്കണമെന്നാണ് ആവശ്യമെന്ന് കർഷകർ ആവർത്തിച്ചു. സർക്കാർ സമയം ചോദിക്കുന്നതിൽ അർത്ഥമില്ല. സർക്കാർ ഒരു സമയം നിശ്ചയിക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ അവർക്കു സമരകേന്ദ്രത്തിലേക്ക് വരാമെന്നുമാണ് നേതാക്കളുടെ നിലപാട്.
അതിനിടെ കാർഷികനിയമങ്ങളിലെ ലക്ഷ്യങ്ങൾ തന്നെ അപകടമാണെന്ന് വ്യക്തമാക്കി കൃഷിമന്ത്രി തോമറിന് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി ഇന്നലെ കത്തയച്ചു.
അതേസമയം പ്രതിഷേധം ശക്തമാക്കി ഡൽഹി-ഹരിയാന അതിർത്തിയിലെ സിംഘുവിൽ 11 പേർ നിരാഹാരം ആരംഭിച്ചു. 24 മണിക്കൂർ കൂടുമ്പോൾ അടുത്ത 11 നേതാക്കൾ നിരാഹാരമിരിക്കും. കേന്ദ്രം വഴങ്ങിയില്ലെങ്കിൽ അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക് കടന്നേക്കും. ഡൽഹിയിലെ കർഷക സമരത്തിൽ പങ്കെടുക്കാനായി മൂവായിരത്തോളം കർഷകർ മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് വാഹനറാലിയായി പുറപ്പെട്ടു. ഇന്ന് ഏഴായിരത്തോളം കർഷകർ കൂടി വിവിധ വാഹനങ്ങളിൽ മാർച്ചായി പുറപ്പെടും. കർഷകരുടെ ട്രാക്ടറുകൾ തടയുന്നതുമായി ബന്ധപ്പെട്ട് യോഗത്തിൽ ജില്ലാ ഭരണകൂട അധികൃതർ എത്താത്തതിൽ ഗാസിപ്പുർ അതിർത്തിയിൽ കർഷകർ ഉപരോധം ശക്തമാക്കിയിട്ടുണ്ട്.
സംയുക്ത കിസാൻ മോർച്ചയുടെ കിസാൻ ഏകത മോർച്ച ഫേസ്ബുക്ക് അക്കൗണ്ട് മൂന്ന് മണിക്കൂറിന് ശേഷം പുനഃസ്ഥാപിക്കപ്പെട്ടു. അതേസമയം സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് അക്കൗണ്ട് തടസപ്പെട്ടതെന്ന് ഫേസ്ബുക്ക് വിശദീകരിച്ചു. ഇൻസ്റ്റഗ്രാം അക്കൗണ്ട് തടസപ്പെട്ടിട്ടില്ലെന്നും അറിയിച്ചു.
രണ്ടുകുഞ്ഞുങ്ങളെ മര്‍ദിക്കുന്ന പിതാവിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. എന്നാല്‍ ദൃശ്യത്തില്‍ കാണുന്ന വ്യക്തിയെ തിരിച്ചറിയാന്‍ കഴിയാതായതോടെ പ്രതിയെ കണ്ടെത്താന്‍ പൊലീസ് സോഷ്യല്‍ മീഡിയയുടെ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ്. മക്കളെ പിതാവ് ക്രൂരമായി വടി ഉപയോഗിച്ച് തല്ലുന്നതിന്‍റേയും കുഞ്ഞിനെ എടുത്ത ്എറിയുന്നതിന്‍റേയും ക്രൂരത പുറംലോകത്തെ കാണിക്കാന്‍ അമ്മ തന്നെയാണ് ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. അവള്‍ക്ക് ഏകദേശം പതിമൂന്ന് വയസ് കാണും…ഒാരോ അടിവരുമ്പോഴും ചേച്ചിയുടെ പുറകില്‍ ചുരുണ്ടുകൂടുന്ന ആ മോന് ഏകദേശം പത്തുവയസും. ക്രൂരതയുടെ സര്‍വഭാവങ്ങളും ആവഹിച്ചുനില്‍ക്കുന്ന ഈ മനുഷ്യശരീരത്തിന് ഏകദേശം നാല്‍പ്പത്തഞ്ച് വയസും. ചിത്രത്തില്‍ വരാത്ത ഒരു അമ്മയും.
രണ്ട് അരുമമക്കളേയും അയാള്‍ വടികൊണ്ട് തല്ലുമ്പോള്‍ തടയാതെ എന്തായിരുന്നിരിക്കും ഈ അമ്മ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്നത്. എല്ലാരാത്രികളിലും ഒാരോ കാരണത്തിന്‍റെ പേരില്‍ ആ അമ്മയും മക്കളും മര്‍ദനത്തിന് ഇരയായിരുന്നിരിക്കാം. തന്‍റെ വിഫലമായ എതിര്‍ത്തുനില്‍പ്പ് മക്കളുടെ ജീവന്‍ പിടിച്ചുനിര്‍ത്തില്ലെന്ന ബോധ്യമായിരിക്കും അവരെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് പുറത്ത് എത്തിക്കാന്‍ പ്രേരിപ്പിച്ചത്. അതിന്‍റെ പേരില്‍ ഈ രാത്രിയില്‍ ആ അമ്മയും കുട്ടികളേയും അയാള്‍ എത്രമാത്രം തല്ലിച്ചതക്കുന്നുണ്ടാകും.
കാണാതായ എന്തോസാധനം തിരിച്ചുവാങ്ങാനാണ് അടി. അറിയില്ലെന്ന് അവള്‍ കരഞ്ഞുപറയുന്നുണ്ടെങ്കിലും അയാള്‍ വഴങ്ങുന്നില്ല. ഒാരോ അടിവീഴുമ്പോഴും അവള്‍ തന്‍റെ കുഞ്ഞനുജന്‍റെ മേല്‍ വടിതട്ടാതിരിക്കാന്‍ മുന്നില്‍ നിന്ന് വാങ്ങി. അവന്‍ ചേച്ചിയെ മുറുകെപിടിച്ച് ഒളിക്കാന്‍ ശ്രമിച്ചു.
പക്ഷേ പ്രായത്തില്‍ മൂത്തതാണെങ്കിലും തന്‍റെ ചേച്ചിയുടെ അടിയുടെ എണ്ണം കുറക്കാന്‍ മുന്നിലേക്ക് എത്തുന്ന ആ കുഞ്ഞിന്‍റെ മനസ് എന്തൊക്കെ ആലോചിച്ച് കൂട്ടിയിട്ടുണ്ടാകും. ഒരു പക്ഷേ അഛനെന്ന് വിളിക്കുന്ന ആ ക്രൂരനെ എങ്ങനെ അവസാനിപ്പിക്കണമെന്നു പോലും. ആരൊക്കെ തടഞ്ഞിട്ടും അയാള്‍ ആ മകളേയും മകനേയും അടിച്ചുകൊണ്ടേയിരുന്നു. ഇടക്കിടക്ക് താഴെയിരിക്കുന്ന അമ്മയ്ക്കുനേരെയും വടിയും കാലും ഉയര്‍ന്നു. അടിയുടെ വേദനകൊണ്ട് പിടിയുമ്പോഴും അമ്മയ്ക്ക് സംരക്ഷണം നല്‍കാന്‍ ആ കുഞ്ഞുങ്ങളുടെ വിഫല ശ്രമം.
ആര്‍ക്കെങ്കിലും ഈ മുഖം പരിചയമുണ്ടെങ്കില്‍ ഒരു നിമിഷം പോലും വൈകാതെ പൊലീസിനെ അറിയിക്കുക. അയാളുടെ കൂടെയുള്ള ഒാരോ നിമിഷങ്ങള്‍ കഴിയുമ്പോഴേക്കും ആ കുഞ്ഞുമക്കളും അമ്മയും ജീവനോടെ ഉണ്ടാകുമെന്ന് ഉറപ്പിക്കാനും വയ്യ. ആ കുട്ടികള്‍ ഇനിയെങ്കിലും കരയാതിരിക്കട്ടെ.
സിസ്റ്റർ അഭയ കൊലക്കേസിൽ ചൊവ്വാഴ്ച പ്രത്യേക സി.ബി.ഐ. കോടതി വിധിപറയും. ഒരു വർഷത്തിന് മുൻപേയാണ് കോടതിയിൽ കേസ് വിചാരണ ആരംഭിച്ചത്. 49 സാക്ഷികളെ വിസ്തരിച്ചെങ്കിലും എട്ടു നിർണായക സാക്ഷികൾ കൂറുമാറിയിരുന്നു.
1992 മാർച്ച് 27-നാണ് കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. സി.ബി.ഐ. അന്വേഷണം തുടങ്ങി 15 വർഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
ഫാദർ തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിൽ വിചാരണ നേരിട്ട പ്രതികൾ. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സി.ബി.ഐ. ആശ്രയിച്ചത്.
മോഷ്ടാവായിരുന്ന അടയ്ക്കാ രാജുവിന്റെ മൊഴിയും പൊതു പ്രവർത്തകനായ കളർകോട് വേണുഗോപാലിന്റെ മൊഴിയും പ്രോസിക്യൂഷന് ഏറെ സഹായകരമായിരുന്നു. പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി കെ. സനിൽകുമാറാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷനുവേണ്ടി സി.ബി.ഐ. പ്രോസിക്യൂട്ടർ എം. നവാസാണ് ഹാജരായിരുന്നത്.
എന്നാൽ അടയ്ക്കാ രാജുവിന്റെ മൊഴിക്ക് വിശ്വാസ്യതയില്ലെന്നാണ് പ്രതികളുടെ വാദം. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്നു എഴുതി തള്ളിയ കേസിൽ 1993 മാർച്ച് 23നാണ് കോടതി ഉത്തരവിനെ തുടർന്ന് കേസിൽ സി.ബി.ഐ എത്തിയത്. മൂന്നു തവണ സി.ബി.ഐ റിപ്പോർട്ട് തള്ളി പുനരന്വേഷണത്തിനു ഉത്തരവിട്ടു. 2008 നവംബർ 19 ന് ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി, ഫാ.ജോസ് പുതുക്കയിൽ എന്നിവരെ അറസ്റ്റു ചെയ്തു. പിന്നീട് വിടുതൽ ഹർജി പരിഗണിച്ച് തെളിവില്ലെന്നു കാട്ടി ജോസ് പുതൃക്കയലിനെ കേസിൽ നിന്നു ഒഴിവാക്കി. തെളിവു നശിപ്പിച്ചെന്ന പേരിൽ പ്രതി ചേർന്ന ക്രൈംബ്രാഞ്ച് എസ്.പി, കെ.ടി. മൈക്കിളിനെയും വിചാരണ ഘട്ടത്തിൽ തെളിവു ലഭിച്ചാൽ പ്രതിചേർക്കാമെന്ന ഉപാധിയോടെ ഹൈക്കോടതി ഒഴിവാക്കി. 49 സാക്ഷിമൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ സിബിഐയെ കൊണ്ടു വരുന്നതു മുതൽ ഇന്നത്തെ വിധി വരെ പൊതു പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നിഴലായി കേസിനൊപ്പം നിന്നു. രാജ്യം ഉറ്റുനോക്കുന്ന വിധിയെത്തുമ്പോൾ കേൾക്കാനായി കേസു മുന്നോട്ടു പോകാൻ പോരാടിയ അഭയയുടെ അച്ഛനും അമ്മയുo ജീവിച്ചിരിപ്പില്ല. 2016 ൽ തോമസും ലീലാമ്മയും മരണമടഞ്ഞു.
കൊവിഡ് 19 വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് പ്രശസ്ത കവയിത്രി സുഗതകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കൊവിഡ് ബാധിതയായ സുഗതകുമാരി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്നു. അവരുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
ബ്രോങ്കോ ന്യൂമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസം മൂലമാണ് സുഗതകുമാരി വെന്റിലേറ്ററിലേക്ക് മാറ്റിയത്.മെഡിക്കല്‍ കോളജില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.
കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട രോഗിയായതിനാല്‍ അദ്ദേഹം വിഐപി റൂമില്‍ ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തിലാണ്.
ഡാമില്‍ മുങ്ങിത്താഴ്ന്ന പേരക്കുട്ടിയെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെ മുത്തച്ഛനും മാതാവും മുങ്ങി മരിച്ചു. വിജയാ ബാങ്ക് റിട്ട. ഉദ്യോഗസ്ഥന്‍ മൂവാറ്റുപുഴ വെണ്ടു വഴി തേക്കുംകാട്ടില്‍ ടി.പി.ഹസൈനാര്‍ (60) മകള്‍ നസിയ ഷാരോണ്‍ (28) എന്നിവരാണ് മരിച്ചത്.
ഉത്തര്‍പ്രദേശിലെ ലളിത്പൂര്‍ മാതടിലമ ഡാമിലാണ് അപകടം സംഭവിച്ചത്. ഡാമിനു സമീപത്തെ പാര്‍ക്കില്‍ കളിക്കുന്നതിനിടെ നസിയയുടെ മകള്‍ ഫൈസ(5) വെള്ളത്തില്‍ വീഴുകയായിരുന്നു. കാഴ്ച കണ്ട് ഓടിയെത്തിയ ഹസൈനാരും നസിയയും കുട്ടിയെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടയിലാണ് മുങ്ങി മരിച്ചത്.
ഒഴുക്കില്‍ പെട്ട കുഞ്ഞിനെ പിന്നീട് നാട്ടുകാര്‍ രക്ഷപെടുത്തി. ലളിത്പൂര്‍ താല്‍ബേഹട്ട് കേന്ദ്രീയ വിദ്യാലയത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് അധ്യാപികയാണ് നസിയ. ലളിത്പുര്‍ മാതടില അണക്കെട്ടിനോടു ചേര്‍ന്ന വെള്ളച്ചാട്ടത്തിനു താഴെയുള്ള സീതാകുണ്ടില്‍ ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്.
മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിച്ച് സംസ്‌ക്കാരം നടത്തും. കബറടക്കം കാരേറ്റ് മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍. ലളിത്പുരിലെ കേന്ദ്രീയ വിദ്യാലയത്തില്‍ മൂന്ന് വര്‍ഷം മുന്‍പാണു നസിയ ഇംഗ്ലീഷ് അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിക്കുന്നത്.
വിജയ ബാങ്ക് റിട്ട. ഉദ്യോഗസ്ഥനാണു ഹസൈനാര്‍. മകള്‍ക്കൊപ്പം താമസിക്കാനാണു ലളിത്പൂരിലെത്തിയത്. നസിയയുടെ ആദ്യ ഇംഗ്ലിഷ് കഥാസമാഹാരം 5 വര്‍ഷം മുന്‍പാണു ആമസോണ്‍ പുറത്തിറക്കിയത്. ഡിജിറ്റല്‍ സിനിമാ മേഖലയില്‍ എന്‍ജിനീയറായ ഷാരോണ്‍ ആണ് ഭര്‍ത്താവ്.
ഹസൈനാരും കുടുംബവും വര്‍ഷങ്ങളായി തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്താണ് താമസിക്കുന്നത്. മൃതദേഹം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പുളിമാത്ത് എത്തിക്കും. പുളിമാത്ത് ഗവ.എല്‍ പി.സ്‌കൂള്‍ സീനിയര്‍ അധ്യാപികയായ റാഫിയയാണ് ഹസൈനാരുടെ ഭാര്യ. നാദിയ മറ്റൊരു മകളാണ്. മരുമകന്‍: ഷാരോണ്‍.തുടര്‍ന്ന് വൈകിട്ടോടെ പുളിമാത്ത് ജമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
സിപിഎം യുവനേതാവിനെ വീട്ടിനുള്ളില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. സിപിഎം ബത്തേരി ഏരിയാകമ്മിറ്റിയംഗം മന്തണ്ടിക്കുന്ന് ആലക്കാട്ടുമാലായില്‍ എ.കെ. ജിതൂഷ് ആണ് മരിച്ചത്. 40 വയസ്സായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം.
പുലര്‍ച്ചെയാണ് ജിതൂഷിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ മരണ കാരണം എന്താണെന്ന് വ്യക്തമായില്ല. എല്‍.ഡി.എഫിന്റെ ബത്തേരി നഗരസഭാ തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറും എസ്.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റുമായിരുന്നു.
ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി, ഫ്രീഡം ടു മൂവ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു. നൂല്‍പ്പുഴ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവുമായിരുന്ന എ.കെ. കുമാരന്റെ മകനാണ്.
അമ്മ: സരള. ഭാര്യ: ദീപ (വ്യാപാരി സഹകരണസംഘം ജീവനക്കാരി). മക്കള്‍: ഭരത് കൃഷ്ണ, എട്ടുമാസം പ്രായമുള്ള മകള്‍.
കൊച്ചി : ട്വന്റി – ട്വന്റിയ്‌ക്കെതിരെയും സാബു ജേക്കബിനെതിരെയും ഇന്ന് ഏറ്റവും കൂടുതൽ പ്രചരിപ്പിക്കുന്ന ഒരു വിമർശനമാണ് അവർ കിറ്റെക്‌സ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന സി എസ് ആർ ഫണ്ടുകൊണ്ടാണ് കിഴക്കമ്പലത്ത് ഈ വലിയ വികസന പ്രവർത്തനങ്ങളെല്ലാം നടുത്തുന്നത് എന്ന് . അതുകൊണ്ട് തന്നെ എന്താണ് സി എസ് ആർ ഫണ്ടെന്നും , ആ ഫണ്ട് ചിലവഴിക്കുന്നത് ഇന്ത്യയിൽ നിയമപരമായി തെറ്റാണോ എന്നും ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ടതാണ്.
കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട് അഥവാ കോർപ്പറേറ്റുകൾക്ക് സാമൂത്തോടുള്ള ധാർമ്മികമായ ഉത്തരവാദിത്തവും , കടമയും നിർവ്വഹിക്കുന്നതിന് മാത്രം ഉപയോഗിക്കാൻ അനുവാദമുള്ള ധനം എന്നതാണ് സി എസ് ആർ ഫണ്ട് കൊണ്ട് അർത്ഥമാക്കുന്നത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഏതൊരു സംഘടനയ്ക്കും ഇത്തരം ഫണ്ട് ഉപയോഗപ്പെടുത്തി സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ കഴിയുമെന്ന് ഇന്ത്യയിലെ സി എസ് ആർ നിയമങ്ങൾ വെളിപ്പെടുത്തുന്നു.
പല ലോക രാജ്യങ്ങളെപ്പോലെയും സി എസ് ആർ ഫണ്ട് നിർബന്ധമായും ജനങ്ങളുടെ നന്മയ്‌ക്കായി ചിലവാക്കിയിരിക്കണം എന്ന് നിയമമാക്കിയ ഒരു രാജ്യമാണ് ഇന്ത്യ . ഇന്ത്യൻ കമ്പനി നിയമത്തിലെ സെക്ഷൻ 135 ൽ ഒരു നിശ്ചിത വിറ്റുവരവും ലാഭവും ഉള്ള കമ്പനികൾ അവരുടെ വരുമാനത്തിന്റെ രണ്ട് ശതമാനം തുക സമൂഹത്തിന്റെ വികസനത്തിനായി ചെലവഴിക്കണമെന്ന് നിർബന്ധമാക്കിയിരിക്കുന്നു . ഇന്ത്യയിൽ അനേകം കമ്പനികൾ ഇതിനോടകം അവരുടെ വരുമാനത്തിൽ നിന്ന് ലഭിക്കുന്ന കോടികണക്കിന് സി എസ് എസ് ആര്‍ ഫണ്ട് ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്കായി ഇതിനോടകം ചിലവഴിച്ചു കഴിഞ്ഞു .
കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തം എന്നത് കമ്പനികൾ അവരുടെ വരുമാനത്തിന്റെ ഒരു ഭാഗം സമൂഹത്തിന് തിരികെ നൽകുക എന്നതാണ് . അതിലൂടെ കമ്പനിക്കൊപ്പം ചുറ്റുമുള്ള സമൂഹത്തിനും സാമ്പത്തികമായും , സാമൂഹികമായും ഒന്നിച്ച് വളരാനും കഴിയും. നികുതി വെട്ടിപ്പുകൾ നടത്താതെ വരുമാന കണക്കുകൾ ക്ര്യത്യമായി ഗവൺമെന്റിന് സമർപ്പിച്ചശേഷം , സി എസ് ആർ ഫണ്ടിൽ ലഭിക്കുന്ന തുക സമൂഹത്തിന് വേണ്ടി ചിലവഴിപ്പിച്ച് കമ്പനികളെ ധാർമ്മികമായി പ്രവർത്തിപ്പിക്കാൻ പഠിപ്പിക്കുക എന്നതാണ് സിഎസ് ആർ ഫണ്ടിന്റെ പ്രധാന ലക്ഷ്യം.
വിദ്യാഭ്യാസം , സാമൂഹ്യക്ഷേമം , ദാരിദ്ര്യ നിർമ്മാർജ്ജനം , ലിംഗസമത്വം , ഗ്രാമവികസനം , പരിസ്ഥിതി സുസ്ഥിരത , ടെക്നോളജി ഇൻകുബേറ്ററുകൾ, സ്പോർട്സ് , പ്രതിരോധം , ആരോഗ്യ സംരക്ഷണം , ശുചിത്വവും, ദുരന്തനിവാരണ പ്രവർത്തനങ്ങൾ എന്നിവ പോലുള്ള വിവിധ പ്രവർത്തനങ്ങൾക്കായി ഈ ഫണ്ട് ചെലവഴിക്കാം. 2019 ലെ കമ്പനി ഭേദഗതി നിയമ പ്രകാരം സിഎസ് ആർ ഫണ്ട് ഒരു കമ്പനിക്ക് ഒരു നിശ്ചിത വർഷത്തിൽ പൂർണ്ണമായി ചെലവഴിക്കാൻ കഴിയുന്നില്ലെങ്കിൽ , ആ വർഷത്തേക്ക് അനുവദിച്ച പണത്തിന് പുറമെ , പഴയ തുക മുന്നോട്ട് കൊണ്ടുപോകാനും അടുത്ത സാമ്പത്തിക വർഷത്തിൽ ചെലവഴിക്കാനും കഴിയും. സർക്കാർ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് കമ്പനികൾക്ക് അവരുടെ സി എസ് ആർ പദ്ധതികൾക്കായി നിർദ്ദിഷ്ട നയങ്ങളും ലക്ഷ്യങ്ങളും വികസിപ്പിക്കുവാനും , അവയെ പിന്തുണയ്‌ക്കുന്നതിന് പ്രത്യേക വകുപ്പുകളെയും ടീമുകളെയും ഉൾപ്പെടുത്തുവാൻ കഴിയുമെന്നും നിയമത്തിൽ പറയുന്നു.
ടാറ്റാ ഗ്രൂപ്പ് ഇന്ത്യയിൽ സി എസ് ആർ ഫണ്ട് ചിലവാക്കി കോടികണക്കിന് തുകയുടെ ദാരിദ്ര്യ നിർമാർജന പരിപാടികൾ , സ്വയം സഹായ പദ്ധതികൾ , സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ , ഗ്രാമീണ സമുദായ വികസന പദ്ധതികൾ നടപ്പിലാക്കി കഴിഞ്ഞു . നിരവധി സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ രംഗത്ത് , സ്കോളർഷിപ്പുകളും എൻഡോവ്‌മെന്റുകളും ടാറ്റ ഗ്രൂപ്പ് നൽകുന്നു. ശിശു വിദ്യാഭ്യാസം സുഗമമാക്കുക, രോഗപ്രതിരോധം, എയ്ഡ്‌സ് സംബന്ധിച്ച് അവബോധം സൃഷ്ടിക്കൽ തുടങ്ങിയ ആരോഗ്യ പദ്ധതികളും ടാറ്റ നടപ്പിലാക്കുന്നു . കാർഷിക പരിപാടികൾ, പരിസ്ഥിതി സംരക്ഷണം, സ്പോർട്സ് സ്കോളർഷിപ്പ് നൽകൽ, അടിസ്ഥാന സൗകര്യ വികസനം, ആശുപത്രികൾ , ഗവേഷണ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്പോർട്സ് അക്കാദമി, സാംസ്കാരിക കേന്ദ്രങ്ങളുടെ വികസനം ,സാമ്പത്തിക ശാക്തീകരണം എന്നിവയിലും ടാറ്റ അവരുടെ സി എസ് ആർ ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നു.
വിപ്രോ 2002 ൽ സി ആർ എസ് ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളിലൂടെ പൂനെ, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലായി 50000 നിരാലംബരും വൈകല്യമുള്ളവരുമായ കുട്ടികൾക്ക് വിദ്യാഭ്യാസവും ആരോഗ്യ സൗകര്യങ്ങളും ഒരുക്കി . ഇന്ത്യയിലെ 118 വിദ്യാഭ്യാസ സംഘടനകളുടെ വിപുലമായ ശൃംഖലയിൽ അവർ പങ്കാളികളായി . ഇന്ത്യയിലെ താഴ്ന്ന വരുമാനമുള്ള കുടിയേറ്റ തൊഴിലാളികളേയും ഇഷ്ടിക ചൂള തൊഴിലാളികളേയും ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ വിപ്രോ അവരുടെ സി ആർ എസ് ഫണ്ട് ഉപയോഗപ്പെടുത്തുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ സിമൻറ് കമ്പനിയായ അൾട്രാടെക് സിമൻറ് രാജ്യത്തെ 407 ഗ്രാമങ്ങളിലുടനീളം സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ആരോഗ്യ പരിപാലനം, കുടുംബക്ഷേമ പരിപാടികൾ, വിദ്യാഭ്യാസം, അടിസ്ഥാന സ, കര്യങ്ങൾ, പരിസ്ഥിതി, സാമൂഹ്യക്ഷേമം, സുസ്ഥിരമായ ഉപജീവനമാർഗം എന്നിവയിൽ അവരുടെ പ്രവർത്തനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മെഡിക്കൽ ക്യാമ്പുകൾ, രോഗപ്രതിരോധ പരിപാടികൾ , ശുചിത്വ പരിപാടികൾ , സ്കൂൾ പ്രവേശനം , ജലസംരക്ഷണ പരിപാടികൾ , വ്യാവസായിക പരിശീലനം, ജൈവകൃഷി പരിപാടികളും അവർ നടത്തുന്നുണ്ട് .
ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന സമൂഹങ്ങളെ സഹായിക്കുന്നതിനുള്ള വിദ്യാഭ്യാസ പരിപാടികൾ നടത്തുന്നു. സി എസ് ആർ ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് സുസ്ഥിരമായ ഉപജീവന മാർഗ്ഗവും , തൊഴിലും സൃഷ്ടിക്കാനും, ഇന്റർനെറ്റ് വഴി ബന്ധിപ്പിച്ച് കാർഷിക ഉൽപന്നങ്ങൾക്ക് നല്ല വില നൽകി കർഷകരെ സംരക്ഷിക്കുവാനും ഇന്ത്യയിലെ അനേകം കമ്പനികൾക്ക് കഴിഞ്ഞു.
ഇതേപോലെ തന്നെ അഴിമതി പൂർണമായി ഒഴിവാക്കികൊണ്ട് പഞ്ചായത്ത് ഫണ്ടും , സി എസ് ആർ ഫണ്ടും അങ്ങേയറ്റം നിയമപരമായി വിനിയോഗിച്ചുകൊണ്ടാണ് ട്വന്റി ട്വന്റിയും സാബു ജേക്കബും കിഴക്കംമ്പലത്തെ ഒരു മാതൃകാ പഞ്ചായത്തായി വികസിപ്പിച്ചത് . അത് സാബു ജേക്കബിന്റെ ഭരണ മികവും സാമ്പത്തിക അച്ചടക്കുവും കൊണ്ട് തന്നെയാണ്.
സമ്പത്ത് കുന്നു കൂടിയപ്പോൾ അനേകം ഇന്ത്യൻ വ്യവസായികൾക്ക് നഷ്ടപ്പെട്ടുപോയ സഹ ജീവികളോടെയുള്ള കരുതലാണ് രത്തൻ ടാറ്റയും , വിപ്രോയുടെ പ്രേംജിയും , കിറ്റെക്‌സിന്റെ സാബു ജേക്കബും ഒക്കെ ഇപ്പോൾ നടപ്പിലാക്കികൊണ്ടിരിക്കുന്നത് . അതുകൊണ്ട് തന്നെ നന്മയും , സാമൂഹ്യ ബോധവും , ദീർഘവീക്ഷണമുള്ള അനേകം സാബു ജേക്കബുമാർ ഇനിയും കേരളത്തിൽ ഉണ്ടാവേണ്ടത് എല്ലാ വിഭാഗം ജനങ്ങളുടെയും അടിസ്ഥാനപരമായ മാറ്റത്തിനും പെട്ടെന്നുള്ള വികസനത്തിനും അനിവാര്യമാണ്.
ചെന്നൈ: വൈറസിന് പരിവര്‍ത്തനമുണ്ടാവുക എന്നതു സ്വാഭാവിക പ്രക്രിയയാണെന്നും ഇംഗ്ലണ്ടില്‍നിന്ന് ഇപ്പോള്‍ വരുന്ന വാര്‍ത്തകളില്‍ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ഐ.സി.എം.ആര്‍. ഗവേഷണകേന്ദ്രം വൈറോളജി വിഭാഗം മുന്‍ മേധാവി ഡോ. ടി. ജേക്കബ് ജോണ്‍ അഭിപ്രായപ്പെട്ടു. ”കൊറോണ വൈറസിന്റെ ജനിതക ഘടനയിലുണ്ടാവുന്ന ചെറിയൊരു മാറ്റമാണിത്. കൂടുതല്‍ പേരിലേക്ക് എത്തിപ്പെടാനുള്ള ശേഷി വൈറസ് കൈവരിക്കുന്നതാണ് നമ്മള്‍ ഇംഗ്ലണ്ടില്‍ കാണുന്നത്.”
വൈറസിന്റെ അടിസ്ഥാന സ്വഭാവം മാറുന്നില്ല. മൂന്ന് ഘടകങ്ങളാണ് കൊറോണ വൈറസിനെ അടിസ്ഥാനപരമായി അടയാളപ്പെടുത്തുന്നത്. മനുഷ്യരെ ബാധിക്കുന്നു (എല്ലാ വൈറസുകളും മനുഷ്യരെ ബാധിക്കാറില്ല). വൈറസ് ബാധയുണ്ടാവുന്നവരില്‍ ഒരു വിഭാഗം രോഗികളായി മാറുന്നു. വൈറസ് ബാധിതരില്‍ പ്രതിരോധശേഷി ഉടലെടുക്കുന്നു. ഈ അടിസ്ഥാന സ്വഭാവത്തില്‍ ഇപ്പോഴും മാറ്റമില്ല. കോവിഡ് 19 വൈറസിന് പുതിയൊരു വകഭേദമുണ്ടായിട്ടുണ്ടെന്നാണ് ഇംഗ്ലളണ്ടില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതേ വാര്‍ത്ത ദക്ഷിണാഫ്രിക്കയില്‍നിന്നും വരുന്നുണ്ട്. ഇത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. പുതിയ വകഭേദങ്ങളിലൂടെയാണ് വൈറസ് കൂടുതല്‍ പേരിലേക്കെത്തുന്നത്. കൂടുതല്‍ പടര്‍ന്നു പിടിച്ചാല്‍ അതിന്റെ അതിജീവനം കൂടും. ഇതിനുവേണ്ടിയുള്ള ശ്രമത്തിലാണ് വൈറസിന് വകഭേദമുണ്ടാവുന്നത്. ഇപ്പോള്‍ വന്നിരിക്കുന്ന വകഭേദം കൂടുതല്‍ മാരകമാണെന്ന് തെളിഞ്ഞിട്ടില്ല. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നുവെന്നതാണ് ഇപ്പോഴുണ്ടായാട്ടുള്ള പ്രകടമായ മാറ്റം.
കൂടുതല്‍ ലോക്ക്ഡൗണിലേക്കൊന്നും പോകേണ്ട കാര്യമില്ല. സോഷ്യല്‍ വാക്സിന്റെ കാര്യത്തില്‍ അലംഭാവമുണ്ടാവരുത്. (മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, സോപ്പുപയോഗിച്ച് കൈകഴുകുക – ഇവയുള്‍പ്പെടുന്നതാണ് സോഷ്യല്‍ വാക്സിന്‍) മാസ്‌ക് ധരിക്കുന്നതില്‍ പലരും ഇപ്പോള്‍ അത്ര കണ്ട് ശ്രദ്ധിക്കുന്നില്ല. സാമൂഹിക സമ്പര്‍ക്കം ഇല്ലാതാക്കുകയല്ല സുരക്ഷിതമാക്കുകയാണ് വേണ്ടത്. പ്രായമുള്ളവരെ നിര്‍ബ്ബന്ധമായും വീട്ടിലിരുത്തണം.
ഇപ്പോള്‍ വികസിപ്പിച്ചെടുത്തിട്ടുള്ള വാക്സിന്‍കൊണ്ട് തന്നെ ഈ പുതിയ വകഭേദത്തെ നേരിടാനാവും.
വൈറസിന്റെ അടിസ്ഥാന സ്വഭാവം മാറിയിട്ടില്ല. ഇപ്പോള്‍ ലഭ്യമായിട്ടുള്ളതും ഇനി ലഭ്യമാവാന്‍ പോകുന്നതുമായ വാക്സിനുകള്‍ ഈ വകഭേദത്തെയും നേരിടാന്‍ പര്യാപ്തമാണ്. വകഭേദം വരാത്ത വൈറസും വകഭേദം വന്ന വൈറസും തമ്മില്‍ മത്സരമുണ്ടാവും. ഈ മത്സരത്തില്‍ അതിജീവിക്കുക വകഭേദം വന്ന വൈറസായിരിക്കും. ഇംഗ്ലണ്ടില്‍ ഈ പുതിയ വകഭേദം കണ്ടുപിടിച്ചു. നമ്മുടെ നാട്ടിലും വകഭേദം വരാനുള്ള സാദ്ധ്യത ഏറെയാണ്. ഇതിനെക്കുറിച്ച് ഐ.സി.എം.ആര്‍. പഠനം നടത്തുന്നുണ്ടാവണം.
കേരളത്തില്‍ ഇപ്പോഴും വൈറസ് ബാധ കുറഞ്ഞിട്ടില്ല. ഡല്‍ഹിയിലും വൈറസ് ബാധയുടെ വ്യാപ്തി മറ്റുള്ളയിടങ്ങളിലേക്കാള്‍ അധികമാണ്. ഇവിടങ്ങളില്‍ വൈറസിന് വകഭേദമുണ്ടായിട്ടുണ്ടെങ്കില്‍ അത് ഐ.സി.എം.ആറിന്റെ പഠനത്തില്‍ തെളിയും. വകഭേദം വന്ന വൈറസ് പുറത്തുനിന്നു വരണമെന്നില്ല. ഇംഗ്ലണ്ടില്‍ പുറത്തുനിന്നല്ല വന്നത്. ഇംഗ്ലണ്ടില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ തത്ക്കാലത്തേക്ക് നിര്‍ത്തിവെയ്ക്കുന്നത് ഒരു മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ്. എന്നാല്‍, ഇന്ത്യയില്‍തന്നെ വൈറസിന് വകഭേദമുണ്ടാവാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. പക്ഷേ, നമ്മള്‍ പരിഭ്രാന്തരാവേണ്ട കാര്യമില്ല. നിതാന്ത ജാഗ്രതയാണ് വേണ്ടത്. നമുക്ക് ഇനിയും വാക്സിന്‍ ലഭ്യമായിട്ടില്ല. അതുകൊണ്ടു തന്നെ ജാഗ്രതയില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാവരുത്.