സ്പാനിഷ് ഫുട്ബോൾ സൂപ്പർ ക്ലബ്ബായ ബാഴ്സലോണയുടെ മുൻ പ്രസിഡന്റ് ജോസപ് മരിയൊ ബർത്തോമ്യു അറസ്റ്റിൽ. അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയടക്കമുള്ള സീനിയർ താരങ്ങൾക്കും ക്ലബ്ബിനുമെതിരേ നടത്തിയ കാന്പയിനിംഗായ ബാഴ്സഗേറ്റിന്റെ പേരിലാണു ബർത്തോമ്യു അറസ്റ്റിലായത്.
ബർത്തോമ്യുവിന്റെ ഉപദേശകൻ ഹൗമി മാസ്ഫെറർ, ക്ലബ് സിഇഒ ഓസ്കർ ഗ്രൗ, ലീഗൽ സർവീസ് തലവൻ റൊമാൻ ഗോമസ് പോന്റി തുടങ്ങിയവരും അറസ്റ്റിലായിട്ടുണ്ട്. ബാഴ്സലോണ ക്ലബ്ബിന്റെ ആസ്ഥാനത്തും ഓഫീസുകളിലും നടത്തിയ റെയ്ഡിനൊടുവിലായിരുന്നു സ്പാനിഷ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് എത്രപേർ അറസ്റ്റിലായിട്ടുണ്ടെന്നും എല്ലാവരുടെയും പേരുകൾ വെളിപ്പെടുത്താനും സാധിക്കില്ലെന്നു പോലീസ് വൃത്തങ്ങൾ അറിയിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബാഴ്സഗേറ്റ് സംബന്ധിച്ച തെളിവെടുപ്പിനാണു കാന്പ് നൗവിൽ എത്തിയതെന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണു ബർത്തോമ്യുവിനെ അടക്കം അറസ്റ്റ് ചെയ്തതെന്നും സ്പാനിഷ് പോലീസ് വക്താവ് വ്യക്തമാക്കി. കഴിഞ്ഞ വർഷാരംഭത്തിലാണു ബാഴ്സഗേറ്റ് വിവാദം കൊടുന്പിരികൊണ്ടത്. ലയണൽ മെസിയെ പുകച്ചു പുറത്തുചാടിക്കുകയായിരുന്നു ബാഴ്സഗേറ്റിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ബർത്തോമ്യുവിനെതിരേ മെസി മാധ്യമങ്ങളിലൂടെ നേരിട്ട് ഏറ്റുമുട്ടിയിരുന്നു. മെസി ക്ലബ് വിടാനൊരുങ്ങിയെങ്കിലും കരാർ കാലാവധി ഈ സീസണ്‍കൂടി ഉണ്ടായിരുന്നതിനാൽ ക്ലബ്ബിൽ തുടരാൻ തീരുമാനിച്ചു. ക്ലബ്ബിൽ തുടരുമെന്നു പ്രഖ്യാപിച്ച അഭിമുഖത്തിൽ ബർത്തോമ്യുവിനെ ദുരന്തം എന്നായിരുന്നു മെസി വിശേഷിപ്പിച്ചത്.
വിവാദങ്ങൾക്കൊടുവിൽ 2020 ഒക്ടോബർ 27ന് ബാഴ്സലോണ പ്രസിഡന്റ് സ്ഥാനം ബർത്തോമ്യു രാജിവച്ചു. പ്രസിഡന്റിനൊപ്പം ബോർഡ് അംഗങ്ങളും സ്ഥാനമൊഴിഞ്ഞിരുന്നു. ലയണൽ മെസിയുമായുള്ള അഭിപ്രായഭിന്നത മറനീക്കി പുറത്തുവന്നതും ക്ലബ്ബിനു കളിക്കളത്തിലും പുറത്തുമേറ്റ തിരിച്ചടികളാണ് ബർത്തോമ്യുവിന്റെ രാജിക്കു കാരണം. ബർത്തോമ്യുവുമായുള്ള ഭിന്നതയെത്തുടർന്ന് മെസി ക്ലബ് വിടാൻ ശ്രമിച്ചതാണ് അദ്ദേഹത്തിന്റെ രാജിയിലേക്കു നയിച്ച സുപ്രധാന കാരണം.
മെസിയെക്കൂടാതെ അദ്ദേഹത്തിന്റെ ഭാര്യക്കെതിരേയും മറ്റൊരു താരമായ ജെറാർഡ് പിക്വെ, മുൻ ബാഴ്സ താരങ്ങൾ എന്നിവർക്കുമെതിരേ ബർത്തോമ്യു വിവാദപരാമർശങ്ങൾ നടത്തിയിരുന്നു. ബർത്തോമ്യു നടത്തിയ നിരവധി സാന്പത്തിക ക്രമക്കേടും സ്പാനിഷ് പോലീസ് കണ്ടെത്തിയതായാണു റിപ്പോർട്ട്. ബാഴ്സയുടെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കേയാണ് ബർത്തോമ്യുവിന്റെ അറസ്റ്റ്. 842 കോടി രൂപയായിരുന്നു കഴിഞ്ഞ സീസണിൽ ക്ലബ്ബിന്റെ നഷ്ടം.
വിവാദങ്ങൾ കലങ്ങിത്തെളിയുന്നതോടെ ലയണൽ മെസി ബാഴ്സലോണയിൽ തുടരുമോ എന്ന ചോദ്യവും ഉയരുന്നു. ഈ സീസണ് അവസാനിക്കുന്നതോടെ മെസി ക്ലബ് വിടുമെന്നാണ് റിപ്പോർട്ട്. ബാഴ്സഗേറ്റിന്റെ പേരിൽ ബർത്തോമ്യു അറസ്റ്റിലായതോടെ മെസി ക്ലബ്ബിൽ തുടരണമെന്ന ആവശ്യവും ശക്തമായി. പരിശീലകനായി മുൻ താരം സാവി എത്തുകയാണെങ്കിൽ മെസിയെ നിലനിർത്താൻ കഴിഞ്ഞേക്കുമെന്നും സൂചനയുണ്ട്.
തനിക്കെതിരേയും ക്ലബ്ബിനെതിരേയും വിമർശനമുന്നയിക്കുന്നർക്കെതിരേ പ്രചാരണം നടത്തുന്നതിനു സമൂഹമാധ്യമ കാന്പയിനിംഗ് കന്പനിയായ ഐ3യെ ഉപയോഗിച്ചെന്നതാണു ബാഴ്സഗേറ്റ് വിവാദം. 2020 ഫെബ്രുവരിയിൽ ഒരു പ്രാദേശിക റേഡിയോ സ്റ്റേഷനാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. ലയണൽ മെസി അടക്കമുള്ള മുൻനിര താരങ്ങൾ, മുൻ താരങ്ങൾ, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ തുടങ്ങിയവരെ ഐ3 കന്പനി വേട്ടയാടി.
ഐ3 കന്പനി കൈകാര്യം ചെയ്ത സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയായിരുന്നു വേട്ടയാടൽ. മെസി, പിക്വെ, മുൻ ക്യാപ്റ്റൻ സാവി ഹെർണാണ്ടസ്, മുൻ പരിശീലകൻ പെപ് ഗ്വാർഡിയോള, പ്രസിഡന്റ് സ്ഥാനാർഥികളായ വിക്ടർ ഫോണ്ട്, അഗസ്റ്റി ബെനെഡിറ്റൊ എന്നിവർക്കെതിരായ ഫേസ്ബുക്ക് ആക്രമണങ്ങൾ ഐ3 ആയിരുന്നു നടത്തിയത്.
മെസിയടക്കമുള്ളവർ ഇക്കാര്യം പൊതുസമൂഹത്തിനു മുന്നിൽ ചൂണ്ടിക്കാണിച്ചെങ്കിലും ഒരു അറിവും ഇല്ലെന്നായിരുന്നു ക്ലബ്ബിന്റെ നിലപാട്. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്ന ഏജൻസി അന്വേഷണം നടത്തിയശേഷം ഐ3ക്ക് ബാഴ്സ പണം നൽകിയിട്ടില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ഐ3യും ആരോപണങ്ങൾ നിഷേധിച്ചു. എന്നാൽ, ഐ3യുമായുള്ള ബന്ധത്തിന്റെ പേരിൽ ബർത്തോമ്യുവിന്റെ ഉപദേശകനായ ഹൗമി മാസ്ഫെററിനെ സസ്പെൻഡ് ചെയ്തു.
എന്നാൽ, വിവാദങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ജൂണിൽ ബാഴ്സ ആസ്ഥാനമായ കാന്പ് നൗവിൽ പോലീസ് ആദ്യ റെയ്ഡ് നടത്തി.
കോടികൾ വിലമതിക്കുന്ന വജ്രമാണ് പൊലീസിന്റെ സമയോചിത ഇടപെടലിലൂടെ കണ്ടെത്തിയത്. ദുബായിലെ ഒരു ഹോട്ടലിൽ വച്ചാണ് ഉടമയായ അറബ് യുവതിയുടെ കയ്യിൽ നിന്ന് വജ്രം നഷ്ടമായത്. നിലത്ത് വീണ വജ്രം യൂറോപ്യൻ സ്വദേശി എടുത്തു കൊണ്ട് പോവുകയായിരുന്നു.
യുവതി പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ പൊലീസ് തിരച്ചിൽ ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഹോട്ടലിന്റെ തറയിൽ നിന്ന് ഒരാൾ എന്തോ എടുത്ത് പോക്കറ്റിലാക്കി പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇത് അന്വേഷിച്ചെത്തിയ പൊലീസ് യൂറോപ്യൻ പൗരനെ കണ്ടെത്തുകയായിരുന്നു. ഇയാളുടെ മുറി പരിശോധിച്ചപ്പോഴാണ് വജ്രം കണ്ടെത്തിയത്. തുടർന്ന് ഇയാൾ നിലത്ത് നിന്ന് ഇത് ലഭിച്ചതാണെന്ന് പൊലീസിനോട് സമ്മതിച്ചു.
കണ്ടെത്തിയ വജ്രം ഉടൻ തന്നെ പൊലീസ് ഉടമയെ വിളിച്ചു വരുത്തി കൈമാറി. നാലു മണിക്കൂറിനുള്ളിൽ നഷ്ടപ്പെട്ട വജ്രം കണ്ടെത്തിയ പൊലീസിന് സമൂഹമാധ്യമങ്ങളിലാകെ അഭിനന്ദപ്രവാഹമാണ്.
കൊവിഡ് വാക്സിന് എടുത്തതിന് പിന്നാലെയുള്ള സഹപ്രവര്‍ത്തകരുടെ പരിഹാസത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. തിരുവനന്തപുരം ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഓഫീസിലെ ഓഫിസ് അസിസ്റ്റന്റ് അഞ്ചുതെങ്ങ് കായിക്കര വെണ്മതിയില് ആനിയെന്ന 48കാരിയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്.
മരണത്തില്‍ അസ്വാഭാവിക മരണത്തിന് അഞ്ചുതെങ്ങ് പോലീസ് കേസെടുത്തു. മരണത്തെക്കുറിച്ചു അന്വേഷണം നടത്തണമെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് ആനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
എല്ലാവരോടും സൗമ്യമായി ഇടപെട്ടിരുന്ന ആനി കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ഓഫീസില്‍ സഹപ്രവര്‍ത്തകരായ ചിലരുടെ പെരുമാറ്റം സഹിക്കാവുന്നതില്‍ അപ്പുറമാണെന്നും കുടുംബാംഗങ്ങളെ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ടു ആനി എഴുതിയതായി പറയുന്ന ഡയറിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
നേരത്തെ, തിരുവനന്തപുരം ഗവ. പ്രസിലെ ജീവനക്കാരിയായിരുന്ന ആനി പിന്നീടാണു റവന്യു കമ്മിഷണര്‍ ഓഫീസില്‍ ജോലിക്ക് എത്തുന്നത്. അടുത്തിടെ കോവിഡ് വാക്സീന് എടുത്തതിന്റെ പേരില്‍ ഓഫീസിലെ ചിലര്‍ കളിയാക്കുന്ന തരത്തില്‍ പ്രതികരിച്ചിരുന്നതായി പറയുന്നു. ഇതിന്റെ പേരില്‍ ഓഫിസിലെ സഹപ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ടു ചിലരുടെ പേരുകളും ഡയറിയില്‍ കുറിച്ചിട്ടുള്ളതായാണ് ലഭിക്കുന്ന വിവരം. ഭര്‍ത്താവ് തൃലോചനനുമായി ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്നു. മക്കള്‍: വിഷ്ണു, പാര്‍വതി(ഇരുവരും വിദ്യാര്‍ഥികള്‍).
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ബിജെപിക്കാര്‍ ‘മോഡിജീ’ എന്ന് അഭിസംബോധന ചെയ്യുന്നതിലെ പൊരുത്തക്കേട് വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകനും ബി.ജെ.പി നേതാവുമായ ടി.ജി മോഹന്‍ദാസ് രംഗത്ത്. പ്രധാനമന്ത്രിയെ മോഡിയെന്ന് മാത്രം വിളിച്ചാല്‍ മതിയെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ട്വിറ്ററിലൂടെയായിരുന്നു ടിജി മോഹന്‍ദാസിന്റെ പ്രതികരണം. ടിവി ചര്‍ച്ചകള്‍ക്കിടയില്‍ ബിജെപിക്കാര്‍ എന്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മോഡിജീ എന്ന് വിളിക്കുന്നതെന്നും മോഡിയെന്ന് മാത്രം വിളിച്ചാല്‍ മതിയെന്നുമാണ് അദ്ദേഹം കുറിച്ചത്.
‘ടിവി ചര്‍ച്ചയില്‍ ബിജെപിക്കാര്‍ എന്തിനാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡി മോഡിജീ എന്ന് ഓരോ തവണയും പറയുന്നത്? മോഡി എന്ന് മാത്രം മതി. അതാണ് ഔചിത്യം. മാത്രമല്ല, ജീ ചേര്‍ക്കുന്നത് ഹിന്ദി പ്രയോഗമാണ്. മോഡിജീ എന്ന് പ്രയോഗിച്ചാല്‍ പിന്നെ രാഹുല്‍ജീ, മുരളീധരന്‍ജീ എന്നൊക്കെ പറയണ്ടേ?’ – മോഹന്‍ദാസ് കുറിച്ചു.
വൻ ശബ്ദം കേട്ട് റോഡിലിറങ്ങി നോക്കിയ പോലീസ് ഉദ്യോഗസ്ഥൻ രക്ഷിച്ചത് ഒരു ജീവൻ. ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറി കാർ തകരുകയും പിന്നീട് കത്തിയമരുകയും ചെയ്തിട്ടും ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നയാളെ സാഹസികമായി കിടങ്ങൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ഉഴവൂർ ആൽപ്പാറ നിരപ്പേൽ എബി ജോസഫ് (45) രക്ഷിക്കുകയായിരുന്നു. ഷാപ്പ് നടത്തിപ്പുകാരൻ മോനിപ്പള്ളി കാരാംവേലിൽ റജിമോനാണ് കാറപകടത്തിൽപ്പെട്ടത്.
ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു അപകടം. ഉഴവൂരിൽനിന്ന് മോനിപ്പള്ളിക്ക് വരികയായിരുന്നു കാർ. ആൽപ്പാറ റോഡിൽ പായസപ്പടി ഭാഗത്തെ ട്രാൻസ്ഫോർമറിലേക്കാണ് ഇടിച്ചുകയറിയത്. കാറിന് മുകളിലേക്ക് ട്രാൻസ്ഫോർമർ പതിക്കുകയും ചെയ്തതോടെ അകത്ത് അകപ്പെട്ടയാൾ ജീവൻ അപായപ്പെടുമോയെന്ന ഭയത്തിലായിരുന്നു. ഈ സമയത്താണ് എബി രക്ഷകനായി എത്തിയത്.
എബി തന്റെ വീടുപണി നടക്കുന്ന സ്ഥലത്ത് നിൽക്കുന്നതിനിടെയാണ് വലിയ ശബ്ദം കേട്ടത്. മരം ഒടിഞ്ഞുവീണതാണെന്ന് കരുതി ഓടിയെത്തിയപ്പോൾ കണ്ടത് വഴിയരികിലെ ട്രാൻസ്ഫോർമർ ഒടിഞ്ഞുവീണ് ഒരു കാറിന് മുകളിൽ കിടക്കുന്ന ഭീകരദൃശ്യമാണ്. ചിലന്തിവല പോലെ കാറിനെ ചുറ്റിവരിഞ്ഞ് വൈദ്യുതിവിതരണ കമ്പികൾ. കാറിന്റെ മുൻവശത്തുനിന്ന് തീയും പുകയും ഉയരുന്നുമുണ്ടായിരുന്നു. കാറിനകത്ത് എത്രപേർ അകപ്പെട്ടിട്ടുണ്ട് എന്ന് അറിയാൻ പോലും സാധിച്ചിരുന്നില്ല.
എബി കാറിനടുത്തേക്ക് രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയപ്പോഴും ചുറ്റും വൈദ്യുതികമ്പികൾ കണ്ട് ഒന്നു സംശയിച്ചു. വൈദ്യുതി പ്രവാഹമുണ്ടോ എന്ന് അറിയാൻ വഴികളൊന്നും ഇല്ലായിരുന്നു. എങ്കിലും മറ്റൊന്നും ചിന്തിക്കാൻ നിൽക്കാതെ ഉള്ളിൽ കുടുങ്ങിയവരെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. കാറിന് മുകളിലേക്ക് ട്രാൻസ്ഫോർമർ വീണതോടെ വൈദ്യുതിബന്ധം നിലച്ചിട്ടുണ്ടാകാമെന്ന് വിശ്വസിച്ച് കാറിന്റെ ചില്ല് തല്ലിപ്പൊട്ടിക്കാൻ തുടങ്ങുകയായിരുന്നു.
കാറിന്റെ ഡ്രൈവർസീറ്റിലെ ആളെ മാത്രമേ കാണാനായുള്ളൂ. ആ വശത്തെ വാതിൽ തുറക്കാൻ വയ്യാത്ത അവസ്ഥയിലായതിനാൽ ചില്ല് പൊട്ടിക്കലായിരുന്നു ഏക പോംവഴി. ഇതിനിടയിൽ തന്റെ കൈ മുറിഞ്ഞ് രക്തം വാർന്ന് ഒഴുകിയിട്ടും എബി ചില്ല് തകർക്കൽ നിർത്തിയില്ല. ചില്ല് പൊട്ടിയതോടെ ഡിക്കി തുറക്കാൻ ആവശ്യപ്പെട്ടു. ഇതു വഴിയാണ് കാറിൽനിന്ന് ആളെ രക്ഷിച്ചത്. അപ്പോഴേക്കും തീ ആളി തുടങ്ങിയിരുന്നു. എങ്കിലും നാട്ടുകാർ കൂടി സഹായത്തിനെത്തിയതോടെ വലിയ പ്രയാസമില്ലാതെ പരിക്കേറ്റയാളെ ആശുപത്രിയിലാക്കി. ഇതിനുശേഷമാണ് എബി ഉഴവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്. കൈയ്യിൽ രണ്ട് തുന്നൽ വേണ്ടി വന്നെങ്കിലും ഒരു ജീവൻ രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് എബി. നാട്ടുകാർ ഇതിനോടകം തന്നെ ആക്ഷൻ ഹീറോ എബി എന്ന വിശേഷണവും ഇദ്ദേഹത്തിന് നൽകി കഴിഞ്ഞു.
അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കുന്നതിനൊപ്പം തന്നെ എബി തന്നെയാണ് അഗ്നിരക്ഷാസേന, വൈദ്യുതി, പോലീസ് വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതും. കാറും ട്രാൻസ്ഫോർമറും പൂർണമായും കത്തി നശിച്ച നിലയിലാണ്.
താന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി. സിനിമയില്‍ നിന്ന് കൂടുതല്‍ ആളുകള്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്നാണ് ആഗ്രഹമെന്നും ധര്മജന് തുറന്നുപറഞ്ഞു. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിലാണ് ധര്മജന് ഇക്കാര്യം പറഞ്ഞത്.
താന്‍ സിനിമയിലും മിമിക്രിയിലും മാത്രമേ ചിരിക്കാറുള്ളുവെന്നും എന്നാല്‍ രാഷ്ട്രീയപ്രവര്‍ത്തനത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്നും ധര്മജന് വ്യക്തമാക്കി. സ്ഥാനാര്‍ഥിയാകുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. എന്തുതന്നെയായലും മരിക്കുന്നത് വരെ താന്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് മാത്രമായിരിക്കുമെന്നും ധര്മജന് പറഞ്ഞു.
കോളേജ് കാലം മുതല്‍ കെ.എസ്.യുവിന്റെ സജീവപ്രവര്‍ത്തകനാണ് താന്‍. കെ.എസ്.യു ജില്ലാ സെക്രട്ടറിയായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങിയകാലം മുതല്‍ സേവാദള്‍ എന്ന സംഘടനയോട് ആഭിമുഖ്യണ്ടെന്നും ധര്മ്മജന് വ്യക്തമാക്കി.
കോണ്‍ഗ്രസ്സിലേക്ക് പോയപ്പോള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റവാങ്ങിയിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമാണ് കലാകാരന്മാരുടെ ഉറവിടം എന്ന് ചിന്തിക്കുന്നവരാണ് ഇവിടെ ഉള്ളത്. ശരിക്കും ഒരു സര്‍വ്വെ നടത്തിയാല്‍ ഏറ്റവും കൂടുതല്‍ കലാകാരന്മാരുള്ളത് കോണ്‍ഗ്രസിലാണ്.
അവരുടെ പേര് ഞാന്‍ എടുത്തു പറയില്ല. സിനിമയില്‍ നിന്ന് കൂടുതല്‍ ആളുകള്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്നാണ് ആഗ്രഹമെന്നും താരസംഘടനയായ അമ്മയില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി രാഷട്രീയം വന്നാല്‍ താന്‍ ഇടപെടും. ധര്മജന് എന്ന പേരിനോട് തനിക്ക് കുട്ടിക്കാലത്ത് ഇഷ്ടക്കുറവുണ്ടായിരുന്നുവെന്നും പിന്നീട് ആ ദേഷ്യം പതിയെ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.
നഗ്ന പൂജ ചെയ്താല്‍ 50 കോടി രൂപ മഴയായ് പെയ്യുമെന്ന് ധരിപ്പിച്ച് പെണ്‍കുട്ടിയെ ചൂഷണം ചെയ്യാന്‍ ശ്രമിച്ച അഞ്ച് പേര് പിടിയില്‍. ഫെബ്രുവരി 26ന് പെണ്‍കുട്ടി നാഗ്പുര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
നഗ്നയായി ചില പ്രത്യേക പൂജകള്‍ ചെയ്താല്‍ 50 കോടി രൂപ മഴപോലെ പെയ്യുമെന്നായിരുന്നു പ്രതികള്‍ പെണ്‍കുട്ടിയോട് പറഞ്ഞത്. വിവസ്ത്രയാകണമെന്ന് കേട്ടതോടെ ചതി മനസിലാക്കിയ പെണ്‍കുട്ടി ഇത് നിരസിച്ചു. എന്നാല്‍ വീണ്ടും ഇതേ ആവശ്യവുമായി പ്രതി തന്നെ സമീപിച്ചെന്നും കാണിച്ചാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.
സംഭവത്തില്‍ വിക്കി ഗണേഷ്(20), ദിനേഷ് മഹാദേവ് നിഖാരേ(25), രാമകൃഷ്ണ ദാദാജി മസ്കര്‍(41), വിനോദ് ജയറാം മസ്രാം(42), സോപന്‍ ഹരിബോ കുംറേ(35) എന്നിവരാണ് അറസ്റ്റിലായത്.
പെണ്‍കുട്ടി വിക്കിയ്ക്കെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇയാളില്‍ നിന്നാണ് മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. പ്രതികള്‍ക്കെതിരെ പോക്സോ ഉള്‍പ്പടെ നിരവധി വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
ഐപിഎസ് ഉദ്യോഗസ്ഥയുടെ ലൈംഗിക പീഡന പരാതിയില്‍ ഡിജിപിക്കെതിരെ കേസ്. ഔദ്യോഗിക വാഹനത്തില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന വനിതാ എസ്പിയുടെ പരാതിയില്‍ ഡിജിപി രാജേഷ് ദാസിനെതിരെ തമിഴ്നാട് സിബി- സിഐഡിയാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പരാതി കൊടുക്കാന്‍ പോകുന്നതിനിടെ വഴിമധ്യേ തടയാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ ചെങ്കല്‍പേട്ട് എസ്പി ഡി കണ്ണനെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട തന്നെ ഔദ്യോഗിക വാഹനത്തില്‍ വച്ച് രാജേഷ് ദാസ് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് പരാതി. തമിഴ്നാട് ഡിജിപി ജെ കെ ത്രിപാദിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സിബി- സിഐഡി അന്വേഷണം ഏറ്റെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ഉപദ്രവിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് നടപടി.
എഫ്ഐആറില്‍ ചെങ്കല്‍പേട്ട് എസ്പി ഡി കണ്ണന്റെ പേരുമുണ്ട്. പരാതി കൊടുക്കാന്‍ പോകുന്നതിനിടെ വഴിമധ്യേ വനിതാ എസ്പിയെ തടയാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് എസ്പി ഡി കണ്ണനെതിരെ കേസ്. ചെന്നൈയിലേക്ക് പോകുന്ന വഴിയാണ് തടയാന്‍ ശ്രമിച്ചത്. രാജേഷ് ദാസിന്റെ ഉത്തരവ് അനുസരിച്ചാണ് തടയാന്‍ ശ്രമിച്ചതെന്നാണ് കണ്ണന്റെ വാദം. ഐപിഎസ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ നിര്‍ബന്ധിത അവധിയിലാണ് എസ്പി. നേരത്തെ വനിതാ എസ്പിയുടെ പരാതിയില്‍ ആഭ്യന്തര സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു.
ഏറ്റവും സന്തോഷമുള്ള ദിവസമെന്ന് എയിംസിലെ നഴ്സ് റോസമ്മ അനില്‍. പ്രധാനമന്ത്രി വാക്സീന് എടുക്കാന്‍ എത്തിയത് കൈകൂപ്പി, വണക്കം എന്നു പറഞ്ഞ്. നാട് എവിടെയാണെന്നും എത്ര നാളായി ഇവിടെ ജോലി ചെയ്യുന്നുവെന്നും ചോദിച്ചു. ഇന്ന് രാവിലെ 6.25ന് ഡെൽഹി എയിംസ് ആശുപത്രിയിൽ എത്തിയാണ് ഇന്ത്യ തദ്ദേശീയമായി ഉത്പാദിപ്പിച്ച കൊവാക്സിൻ്റെ ആദ്യ ഡോസ് സ്വീകരിച്ചത്. യോഗ്യരായ പൗരന്മാരെല്ലാം വാക്സീന് സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
രണ്ടു വര്‍ഷമായി റിയാദില്‍ തടങ്കലില്‍ കഴിയുന്ന സൗദി അറേബ്യന്‍ രാജകുമാരി ബസ്മ ബിന്ദ് സൗദ് അബ്ദുല്‍ അസിസ് അല്‍ സൗദിന്റെയും മകള്‍ സൗഹദ് അല്‍ ഷെരീഫിന്റെയും മോചനത്തിന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ സഹായം തേടി അനുയായികള്‍. ബ്രിട്ടന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്ബ്, കോമണ്‍വെല്‍ത്ത് ജനറല്‍ സെക്രട്ടറി പട്രീഷ്യ സ്കോട്ട്ലന്‍ഡ് എന്നിവര്‍ക്കാണ് ബസ്മ രാജകുമാരിയുടെ അനുയായികള്‍ കത്തെഴുതിയതെന്ന് ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബസ്മ രാജകുമാരിയുടെ ഹൃദയാരോഗ്യ നില മോശമാണ്. അടിയന്തിരമായി മെഡിക്കല്‍ പരിചരണം ലഭ്യമാക്കേണ്ടതുണ്ട്. തടങ്കലില്‍നിന്ന് മോചിപ്പിക്കുന്നത് അനുസരിച്ചായിരിക്കും അവരുടെ തുടര്‍ ജീവിതമെന്നും രാജകുമാരിയുടെ കുടുംബ നിയമ ഉപദേഷ്ടാവ് ഹെന്റി എസ്ട്രാമെന്റും ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടന ഗ്രാന്‍ഡ് ലിബെര്‍ട്ടിയിലെ ലൂസി റേയും കത്തില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇടപെടണമെന്ന് ഞങ്ങള്‍ നിങ്ങളോട് യാചിക്കുന്നു. അവര്‍ കോമണ്‍വെല്‍ത്ത് പൗരന്മാരായതിനാല് അവര്‍ക്കായി പോരാടുന്നതില്‍ നിങ്ങള്‍ക്ക് ധാര്‍മികമായ ബാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നു -ഇരുവരും കത്തില്‍ പറയുന്നു. ബസ്മ രാജകുമാരിക്കും മകള്‍ക്കും സൗദി അറേബ്യയിലെയും ഡൊമിനിക്ക ദ്വീപിലെയും പൗരത്വമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹെന്റി എസ്ട്രാമെന്റും ലൂസി റേയും ഇരുവരെയും മോചിപ്പിക്കാനുള്ള സഹായം തേടിയിരിക്കുന്നത്.
സൗദിയുടെ രണ്ടാമത്തെ ഭരണാധികാരിയുടെ മകളാണ് ബസ്മ. ഹൃദ്രോഗത്തിന് വിദഗ്ധ ചികിത്സക്കായി ജിദ്ദയില്‍നിന്ന് സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പോകാനുള്ള ശ്രമത്തിനിടെ 2019 മാര്‍ച്ചിലാണ് ബസ്മയെയും മകളെയും കാണാതാകുന്നത്. പിന്നാലെ, ഇരുവരെയും അന്യായമായി തടങ്കലിലാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒരു വര്‍ഷത്തോളം ഇക്കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. എന്നാല്‍ 2020 ഏപ്രിലില്‍ ബസ്മ രാജകുമാരി തന്നെ തന്റെ ട്വിറ്ററില്‍ ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തി. തന്നെയും മകളെയും അല്‍ ഹൈര്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഒരു കേസും തന്റെ മേല്‍ ചുമത്താതെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആരോഗ്യം മോശമായ അവസ്ഥയിലാണ്. മെഡിക്കല്‍ സഹായം ലഭ്യമായിട്ടില്ല. അത് മരണത്തിലേക്കു നയിച്ചേക്കാം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാജകുടുംബത്തിന് അയച്ച കത്തുകള്‍ക്ക് മറുപടി ലഭിച്ചിട്ടില്ലെന്നും ബസ്മ ട്വിറ്ററില്‍ പറഞ്ഞു. തന്നെ വിട്ടയക്കണമെന്ന് സൗദി രാജാവിനോടും കിരീടാവകാശിയോടും ആവശ്യപ്പെടുന്ന ട്വീറ്റില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍, മറ്റു മനുഷ്യാവകാശ സംഘടനകള്‍, യു.എസ് പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് എന്നിവരെയും ടാഗ് ചെയ്തിരുന്നു. ആഭ്യന്തര വിയോജിപ്പുകള്‍ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സൗദിയില്‍ രാജ കുടുംബാംഗങ്ങളെ അന്യായമായി തടവിലാക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.