ടിവി കാണുന്നതിനെ ചൊല്ലി ഭര്‍ത്താവുമായുള്ള തര്‍ക്കത്തില്‍ ഭര്‍ത്താവിന്റെ പക്ഷം ചേര്‍ന്ന് നിന്ന മൂന്ന് വയസ്സുള്ള മകളെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ. ബെംഗളൂരു മല്ലത്തഹള്ളിയിലാണ് സംഭവം. സംഭവത്തില്‍ ബെംഗളൂരു മല്ലത്തഹള്ളിയില്‍ താമസിക്കുന്ന സുധ(26)യെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്. വ്യാപാര സ്ഥാപനത്തിലെ തൂപ്പുകാരിയായ സുധയും കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ഈരണ്ണയും മൂന്ന് വയസ്സുള്ള മകള്‍ വിനുതയും മല്ലത്തഹള്ളിയിലെ വീട്ടിലാണ് താമസം. ചൊവ്വാഴ്ച ഉച്ചക്ക് സുധ ടിവി കണ്ടു കൊണ്ടിരുന്നപ്പോള്‍ ഭര്‍ത്താവ് വന്ന് റിമോര്‍ട്ട് വാങ്ങി ടിവി ചാനല്‍ മാറ്റി. ഭര്‍ത്താവ് വാര്‍ത്ത ചാനല്‍ വച്ചതിനെ സുധ എതിര്‍ത്തു.
എന്നാല്‍ മൂന്ന് വയസ്സുകാരിയായ മകള്‍ വിനുത അച്ഛനെ അനുകൂലിച്ചാണ് സംസാരിച്ചത്. അമ്മയോട് മിണ്ടാതിരിക്കാനും ആവശ്യപ്പെട്ടു. ഇതാണ് സുധയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി തന്നെ സുധ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
രാവിലെ ആറ് മണിക്ക് തന്നെ ജോലിക്ക് പോയതിനാല്‍ ഈരണ്ണ ഇത് അറിഞ്ഞില്ല. തുടര്‍ന്ന് ബുധനാഴ്ച, മകളെ കാണാനില്ലെന്ന് പറഞ്ഞ് സുധ പോലീസില്‍ പരാതി നല്‍കി. കടയില്‍ പോയപ്പോള്‍ തിരക്കില്‍ പെട്ട് മകളെ കാണാതായി എന്നാണ് സുധ പോലീസില്‍ പറഞ്ഞത്.
തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതിനിടെ സുധയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് സുധയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. ബെംഗളൂരു ബിഡിഎ ലേഔട്ടിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. കൊലപാതകത്തിന് ശേഷം പിറ്റേദിവസം രാവിലെ മൃതദേഹം ഇവിടെ ഉപേക്ഷിച്ചെന്നായിരുന്നു പ്രതിയുടെ മൊഴി.
അച്ഛനെ അനുകൂലിച്ച സംഭവത്തില്‍ മാത്രമല്ല മറ്റ് കാര്യത്തിലും സുധയ്ക്ക് മകളോട് ദേഷ്യമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് മിക്കപ്പോഴും സുധ മകളെയും കൊണ്ടുപോകുമായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയാല്‍ അവിടെ നടക്കുന്ന എല്ലാസംഭവങ്ങളും മകള്‍ അച്ഛനോട് പറയുന്നതില്‍ സുധയ്ക്ക് ദേഷ്യമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.
വീണ്ടും ദുബായിയിൽ നിന്നും ഭാഗ്യം കൊയ്ത് അനുഭവവുമായി പ്രവാസി മലയാളി. കോടികൾ സമ്മാനത്തുകയുള്ള ദുബായിയിലെ ലോട്ടറി നറുക്കെടുപ്പിലാണ് മൂവാറ്റുപുഴ സ്വദേശി ജോർജ് തോമസ് വിജയിയായിരിക്കുന്നത്. 10 ലക്ഷം യുഎസ് ഡോളർ ഏകദേശം ഏഴ് കോടി രൂപ സമ്മാനത്തുകയുള്ള ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനെയർ ആന്റ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പാണ് ജോർജിനെ തുണച്ചത്.
ദുബായി വിമാനത്താവളത്തിൽ നടന്ന 355ാം നറുക്കെടുപ്പിലാണ് ജോർജ് കോടിപതിയായത്. ജോർജിന്റെ 2016 നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനം കരസ്ഥമാക്കിയത്.
മൂവാറ്റുപുഴയിലെ കർഷക കുടുംബത്തിലെ അംഗമായ ജോർജ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാരനാണ്. നാട്ടിൽ ഏറെക്കാലം കൃഷിപ്പണിയുമായി കഴിഞ്ഞ ശേഷമാണ് ജോർജ് വിദേശത്തേക്ക് പോയത്. ഏഴ് വർഷമായി ദുബായിയിൽ താമസിച്ചു വരികയാണ് ജോർജ്.
കുടുംബത്തിന്റെയും ജനിക്കാൻ പോകുന്ന നാലാമത്തെ കുഞ്ഞിന്റെയും ഭാഗ്യമാണ് ഈ നറുക്കെടുപ്പിൽ താൻ വിജയിയാകാൻ കാരണമെന്നാണ് ജോർജ് പ്രതികരിച്ചു.
സംസ്ഥാനത്ത് ഇന്ന് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിലേക്ക്. എസ്എസ്എൽസി, പ്ലസ് ടു, പരീക്ഷകളാണ് ഇന്ന് ആരംഭിക്കുന്നത്. വെള്ളിയാഴ്ച വിഎച്ച്എസ്ഇ പരീക്ഷയും ആരംഭിക്കുന്നതോടെ ഈ മൂന്നുവിഭാഗങ്ങളിലുമായി ഒമ്പതുലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷയെഴുതും.
എസ്എസ്എൽസി പരീക്ഷ 29നും ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ 26നും അവസാനിക്കും. 2947 കേന്ദ്രങ്ങളിലായി 4,22,226 പേരാണ് എസ്എസ്എൽസി പരീക്ഷയെഴുതുന്നത്. ഇതിൽ 2,15,660 പേർ ആൺകുട്ടികളും 2,06,566 പേർ പെൺകുട്ടികളുമാണ്. ഗൾഫിൽ ഒമ്പതുകേന്ദ്രങ്ങളിലായി 573ഉം ലക്ഷദ്വീപിൽ ഒമ്പതുകേന്ദ്രങ്ങളിലായി 627ഉം പേർ പരീക്ഷയെഴുതുന്നുണ്ട്.
4,46,471 പേരാണ് 2004 കേന്ദ്രങ്ങളിലായി ഹയർസെക്കൻഡറി പരീക്ഷയെഴുതുന്നത്. ഇതിൽ 2,26,325 പേർ ആൺകുട്ടികളും 2,20,146 പേർ പെൺകുട്ടികളുമാണ്. 27,000 വിദ്യാർത്ഥികളാണ് വിഎച്ച്എസ്ഇ പരീക്ഷയെഴുതുന്നത്. ടിഎച്ച്എസ്എൽസി വിഭാഗത്തിൽ 48 കേന്ദ്രങ്ങളിലായി 2889 വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നുണ്ട്. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് വികെഎംഎം എച്ച്എസിലാണ് കൂടുതൽ (2076) കുട്ടികൾ പരീക്ഷയെഴുതുന്നത്.
വ്യാഴാഴ്ചയും തിങ്കളാഴ്ചയും ഉച്ചയ്ക്ക് 1.40 മുതലും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40 മുതലുമാണ് എസ്എസ്എൽസി പരീക്ഷ. റംസാൻ നോമ്പ് പ്രമാണിച്ച് 15 മുതൽ 29 വരെയുള്ള പരീക്ഷകൾ രാവിലെ 9.40നു തുടങ്ങും. ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ രാവിലെ 9.40നാണ്.
അതേസമയം, കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കണം പരീക്ഷകളുടെ നടത്തിപ്പ് എന്ന് പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശിച്ചു. വിദ്യാർത്ഥികൾ മുഖാവരണവും സാനിറ്റൈസറും ഉപയോഗിക്കണം. ശരീരോഷ്മാവ് അളക്കാനുള്ള സംവിധാനങ്ങൾ പരീക്ഷാകേന്ദ്രത്തിലൊരുക്കും. വിദ്യാർത്ഥികളെ കൂട്ടംകൂടാൻ അനുവദിക്കില്ല. പരീക്ഷാകേന്ദ്രത്തിന്റെ പ്രവേശനകവാടത്തിലും ക്ലാസ് മുറികൾക്കുമുന്നിലും വിദ്യാർത്ഥികൾക്ക് കൈകഴുകാൻ സോപ്പും വെള്ളവും ഒരുക്കണം. ശീതീകരിച്ച മുറികളിൽ പരീക്ഷ നടത്തരുത്. വായുസഞ്ചാരമുള്ള മുറികളാവണം പരീക്ഷയ്ക്ക് ഉപയോഗിക്കാൻ.
ക്ലാസ് മുറികളിൽ വെച്ച് പേന, ഇൻസ്ട്രുമെന്റ് ബോക്‌സ് എന്നിവ കൈമാറ്റംചെയ്യാൻ അനുവദിക്കില്ല. കോവിഡ് പോസിറ്റീവായ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നുണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും വിദ്യാർത്ഥിയും ഇൻവിജിലേറ്ററും പിപിഇ കിറ്റ് ധരിക്കുകയും വേണം. ക്വാറന്റീനിലുള്ളവർക്ക് സാനിറ്റൈസ്ഡ് കോറിഡോർ ഒരുക്കും.
പുലർച്ചയോടെ വീട്ടിൽ നവിന്നും പരീക്ഷയെഴുതുന്നതിനായി പുറപ്പെട്ട യുവതിയെ തലയ്ക്ക് വെട്ടേറ്റ് ചോര വാർന്ന നിലയിൽ വഴിയിൽ കണ്ടെത്തി. പാലാ വെള്ളിയേപ്പള്ളി വലിയമലയ്ക്കൽ റ്റിന്റു മരിയ ജോണിനെയാണ്(26) വെട്ടേറ്റനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെ വീട്ടിൽനിന്ന് ഇറങ്ങിയ ടിന്റുവിനെ 150 മീറ്റർ അകലെയാണ് പരിക്കേറ്റ് വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായി പോകുന്നതിനിടെ തന്നെ ആരോ അടിച്ചുവെന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. അക്രമി മൂർച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ് വഴിയിൽ കിടന്ന യുവതിയെ പുലർച്ചെ വ്യായാമത്തിനിറങ്ങിയവരാണ് കണ്ടത്. പാലാ പോലീസും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
പെൺകുട്ടിയുടെ കുടുംബം അടുത്തിടെയാണ് വെള്ളിയേപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കാനെത്തിയത്. അമ്മയും രണ്ടു സഹോദരിമാരുമടങ്ങുന്ന ഈ കുടുംബം ഏറ്റുമാനൂർ സ്വദേശികളാണ്. സംഭവത്തിൽ ദുരൂഹതയുെണ്ടന്ന് പോലീസ് പറഞ്ഞു. പാലാ സിഐ സുനിൽ തോമസിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരികയാണ്.
ബിനോയ് എം. ജെ.
സർഗ്ഗം എന്ന വാക്കിന്റെയർത്ഥം സൃഷ്ടി എന്നാണ്. സൃഷ്ടി എപ്പോഴും ഈശ്വരനുമായി ബന്ധപ്പെട്ട് കിടക്കുന്നു. നമ്മുടെ ഉള്ളിലും ഈശ്വരൻ വസിക്കുന്നു. ആ ഈശ്വരനിൽ നിന്നും ആശയങ്ങളും അറിവും ശേഖരിക്കുമ്പോൾ നമ്മുടെ ഉള്ളിലെ സർഗ്ഗശേഷി ഉണരുന്നു. എല്ലാവരിലും സർഗ്ഗശേഷി ഉറങ്ങി കിടക്കുന്നു. പരിശ്രമത്തിലൂടെ അതിനെ ഉണർത്തിയെടുക്കുവാനാവും.
ഉള്ളിലെ ഈശ്വരനിൽ നിന്നും നാം ആശയങ്ങൾ സ്വീകരിക്കാൻ നമ്മുടെ ശ്രദ്ധ അൽപാൽപമായി ഉള്ളിലേയ്ക്ക് പോകേണ്ടിയിരിക്കുന്നു. സദാ ധ്യാനിച്ചു കൊണ്ടിരിക്കണമെന്നല്ല ഇതിനർത്ഥം. മറിച്ച് നമ്മുടെ ദൈനംദിന കാര്യങ്ങളിൽ ഏർപ്പെടുമ്പോഴും ചിന്തിക്കുമ്പോഴും പ്രശ്നങ്ങൾ പരിഹരിക്കുമ്പോഴും ഉള്ളിലേക്ക് ഒന്ന് നോക്കുക. വിജ്ഞാനം കുടികൊള്ളുന്നത് നമ്മുടെ പുറത്തല്ല മറിച്ച് അത് നമ്മുടെ ഉള്ളിൽ തന്നെയാണ് എന്ന ഒരു ബോധ്യം വളർത്തിയെടുക്കുക. സംശയങ്ങളും ജിജ്ഞാസയും ഉണ്ടാകുമ്പോൾ , അവ എത്ര തന്നെ ഗൗരവമുള്ളവ ആണെങ്കിലും, നിങ്ങളുടെ ഉള്ളിലേയ്ക്ക് കടന്നു ചെല്ലട്ടെ. ചിന്തിച്ചു നോക്കുക.
ഈ പ്രക്രിയ സംഭവിക്കണമെങ്കിൽ നമുക്ക്, നമ്മോട് തന്നെ നല്ല ബഹുമാനം ഉണ്ടായിരിക്കണം. ഞാൻ ഒരു പുഴുവല്ലെന്നും ,മറിച്ച് എൻെറയുള്ളിൽ ഈശ്വരൻ തന്നെയാണ് വസിക്കുന്നതെന്നും, എന്റ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉള്ള കഴിവും പ്രാപ്തിയും എനിക്കുണ്ടെന്നും എനിക്ക് എന്റേതായ ഒരു വ്യക്തിത്വവും തത്വചിന്തയും ഉണ്ടെന്നും എൻെറ ജീവിതം എനിക്കിഷ്ടമുള്ളതുപോലെ കൊണ്ടുപോകുവാനുള്ള അവകാശം എനിക്കുണ്ടെന്നും പറഞ്ഞുകൊണ്ട് നാം നമ്മിലേക്കു തന്നെ തിരിയുമ്പോൾ നമ്മിലെ സർഗ്ഗശേഷി ഉണർന്നു തുടങ്ങുന്നു.
സർഗ്ഗശേഷി ഉണരുന്നതിനുള്ള ഏറ്റവും വലിയ തടസ്സം അനുകരണവാസനയാകുന്നു. നാം മറ്റുഉള്ളവരെ അനുകരിക്കുമ്പോൾ നമ്മുടെ ഉള്ളിൽ നിന്നും വരുന്ന വിജ്ഞാനം മറയ്ക്കപ്പെടുന്നു. അനുകരണം എപ്പോഴും പുറത്തേക്ക് നോക്കുവാനുള്ള ഒരു പരിശ്രമമാണ്. എങ്ങനെ ജീവിക്കണമെന്നറിയുന്നതിനു വേണ്ടി പുറത്തേക്ക് നോക്കുന്നയാൾ ഉള്ളിൽ വസിക്കുന്ന ഈശ്വരനെ നിന്ദിക്കുന്നു. അവർ കാലക്രമേണ സമൂഹത്തിന്റെ അടിമകളായി മാറുന്നു. വിലക്കുകളും ഉപാധികളും നിറഞ്ഞ സമൂഹത്തിൽ നാം നാമല്ലാതായി തീരുമ്പോൾ നമ്മിലെ സൃഷ്ടിപരമായ കഴിവുകൾ നിഷ്ക്രിയമായി ഭവിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം സമൂഹത്തെക്കാൾ പ്രധാനപ്പെട്ടത് ഞാൻ തന്നെയാണെന്നും സമൂഹത്തിന് നൽകുവാൻ എനിക്ക് ഒരു സംഭാവന ഉണ്ടെന്നും ഞാൻ മനസ്സിലാക്കുമ്പോൾ എന്നിലെ സർഗ്ഗശേഷി ഉണർന്നു തുടങ്ങുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഗായിക എസ്. ജാനകി അന്തരിച്ചുവെന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് ഗായകന്‍ സുദീപ് കുമാര്‍. ഒമ്പതാം തവണയാണ് ഗായികക്ക് എതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോവാന്‍ ഒരുങ്ങുകയാണ് മലയാളത്തിലെ പിന്നണി ഗായകരുടെ സംഘടനയായ സമം. ഇതിനു മുമ്പും ഇതു പോലുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ സമം നല്‍കിയ പരാതിയെ തുടര്‍ന്ന് പത്തനംതിട്ട സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു.
കലാകാരന്മാര്‍ക്ക് എതിരെയുണ്ടാകുന്ന വ്യാജ പ്രചാരണങ്ങളോടും അപകീര്‍ത്തിപ്പെടുത്തലുകളോടും മൗനം പാലിക്കേണ്ട ആവശ്യമില്ല. ജാനകിയമ്മയെ കുറിച്ച് പ്രചരിക്കുന്ന ഈ വാര്‍ത്തകള്‍ക്കെതിരെ നിയമപരമായി നീങ്ങാനാണ് തീരുമാനം. ഈ പ്രചാരണം നടത്തിയവര്‍ മനഃസമാധാനത്തോടെയിരിക്കാം എന്നു വിചാരിക്കേണ്ട എന്ന് സമം പ്രസിഡന്റ് കൂടിയായ സുദീപ് കുമാര്‍ പറഞ്ഞു.
വ്യാജ വാര്‍ത്തകള്‍ കണ്ട് ഗായിക കെ.എസ് ചിത്ര സംസാരിച്ചതിനെ കുറിച്ചും സുദീപ് വ്യക്തമാക്കി. ഇന്നലെ വളരെ ഹൃദയവേദനയോടെ ചിത്ര ചേച്ചി സംസാരിച്ചു. ജാനകിയമ്മയുമായി അമ്മ-മകള്‍ ബന്ധം പുലര്‍ത്തുന്നയാളാണ് ചിത്ര ചേച്ചി. ഇത്തരം പ്രചാരണങ്ങള്‍ ഉണ്ടാകുന്നത് ഏറെ വേദനിപ്പിക്കുന്നു. ജാനകിയമ്മയെ കുറിച്ചു ചോദിക്കാനായി മകന്‍ മുരളി കൃഷ്ണനെ വിളിക്കാന്‍ മടിയാണ്.
കാരണം, ഇതു പല തവണയായി സംഭവിക്കുന്നു. ജാനകിയമ്മയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന മറ്റൊരാളെ ചിത്ര ചേച്ചി വിളിച്ചു സംസാരിച്ചു. കഴിഞ്ഞ ദിവസം കൂടി ജാനകിയമ്മയെ വിളിച്ചു വിശേഷങ്ങള്‍ തിരക്കിയതാണെന്നും അവര്‍ പൂര്‍ണ ആരോഗ്യവതിയായി ഇരിക്കുകയാണെന്നും അറിയാന്‍ കഴിഞ്ഞു. ഇത്തരം പ്രചാരണങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാവര്‍ക്കും ടെന്‍ഷനാണ്.
കാര്യം എന്താണെന്ന് ബന്ധുക്കളെപ്പോലും വിളിച്ചു ചോദിക്കാനുള്ള മാനസികാവസ്ഥ ആയിരിക്കില്ല. വിവാദങ്ങളിലൊന്നും ഇടപെടാത്ത ജാനകിയമ്മയോട് മലയാളികള്‍ക്ക് ഏതെങ്കിലും തരത്തില്‍ ദേഷ്യമേ വിരോധമോ ഉണ്ടാകേണ്ടതിന്റെ ആവശ്യമില്ല. വിദ്യാസമ്പന്നരെന്ന് വാദിക്കുന്ന മലയാളികള്‍ തന്നെ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത് ഏറ്റവും വലിയ വിരോധാഭാസമാണ് എന്നും സുദീപ് പറഞ്ഞു.
‘നായാട്ട്’, ‘നിഴല്‍’ എന്നീ രണ്ട് ചിത്രങ്ങളും റിലീസിന് ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന നായാട്ട് ഏപ്രില്‍ 8നും അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴല്‍ ഏപ്രില്‍ 9നും ആണ് റിലീസ് ചെയ്യുന്നത്. ഒന്ന് സര്‍വൈവല്‍ ത്രില്ലറും, മറ്റേത് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുമാണ്.
ആത്മാവില്‍ സിനിമ മാത്രമുള്ള ഒരു ടീമും ബാനറും. രണ്ട് സിനിമകളും നിങ്ങളെ ത്രില്ലടിപ്പിക്കുമെന്നും കുഞ്ചാക്കോ ബോബന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കുഞ്ചാക്കോ ബോബനൊപ്പം ജോജു ജോര്‍ജും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് നായാട്ട്. ഷാഹി കബീര്‍ തിരക്കഥ എഴുതുന്ന ചിത്രം പൊലീസ് കഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്.
ഷൈജു ഖാലിദ് ഛായാഗ്രണവും വിഷ്ണു വിജയ് സംഗീതവും ഒരുക്കുന്നു. മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെയും, ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചര്‍ കമ്പനിയുടെയും ബാനറില്‍ രഞ്ജിത്തും, പി എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പുരസ്‌കാരങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍. നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകയും നിഴലിനുണ്ട്. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജോണ്‍ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ഷര്‍മിള എന്ന കഥാപാത്രമായാണ് നയന്‍താര വേഷമിടുന്നത്. ത്രില്ലര്‍ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവ് ആണ്. മാസ്റ്റര്‍ ഇസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ. റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും സൂരജ് എസ് കുറുപ്പ് സംഗീതവും ഒരുക്കുന്നു.
NAYATTU…April 8th
NIZHAL……April 9th
Two movies.Two back-to-back releases.
One a seasoned & successful director and…Posted by Kunchacko Boban on Tuesday, 6 April 2021
കണ്ണൂരിലെ പുല്ലൂക്കരയില്‍ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രക്കിടെ പെരിങ്ങത്തൂരിൽ സിപിഎം ഓഫീസുകൾക്ക് തീയിട്ടു. മുസ്ലിം ലീഗ് പ്രവർത്തകരാണ് ഓഫീസ് ആക്രമിച്ചത്. പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസ് തീവച്ച് നശിപ്പിച്ചു. ഇതിന് പുറമെ പാനൂർ ടൗൺ ബ്രാഞ്ച് കമ്മിറ്റി ഓഫീസ്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളും തീവെച്ച് നശിപ്പിച്ചു.
വൻജനാവലിയുടെ സാന്നിധ്യത്തിലാണ് വിലാപയാത്ര നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾക്ക് ശേഷമാണ് മൻസൂറിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്.
22കാരനായ മൻസൂർ കൊല്ലപ്പെട്ടത് ബോംബേറിലെന്നാണ് പോസ്റ്റ്‍മോര്‍ട്ടം പ്രാഥമിക റിപ്പോർട്ട്. കാൽമുട്ടിലെ മുറിവ് വെട്ടേറ്റതല്ലെന്നും ബോംബേറ് മൂലമുണ്ടായതെന്നുമാണ് കണ്ടെത്തൽ. ഇടത് കാൽമുട്ടിന് താഴെയായിരുന്നു ഗുരുതര പരിക്ക്. ബോംബ് സ്ഫോടനത്തിൽ ചിതറിപ്പോയത് കൊണ്ട് തലശ്ശേരിയിലെയും വടകരയിലെയും ആശുപത്രികളിൽ നിന്ന് പരിക്ക് തുന്നിച്ചേർക്കാൻ പറ്റിയില്ല.
മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പാറാല്‍ മൻസൂറിനെ അച്ഛന്‍റെ മുന്നിൽ വെച്ച് ബോംബെറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഘർഷത്തില്‍ വെട്ടേറ്റ മൻസൂര്‍ ഇന്ന് രാവിലെയാണ് മരിച്ചത്. ഇയാളുടെ സഹോദരൻ മുഹ്സിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മുഹ്സിൻ ഇവിടെ 150-ാം നമ്പർ ബൂത്തിലെ യുഡിഎഫ് ഏജൻ്റായിരുന്നു. ഇന്നലെ ഉച്ചയോടെ പോളിംഗിനിടെ മുക്കിൽപീടിക ഭാഗത്ത് ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷമുണ്ടായിരുന്നു.
തമിഴ് ചലച്ചിത്ര താരങ്ങളായ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ചെന്നൈ സ്‌പെഷ്യല്‍ കോടതിയാണ് ചെക്ക് കേസില്‍ തടവുശിക്ഷ വിധിച്ചത്. റേഡിയന്‍സ് മീഡിയ നല്‍കിയ കേസിലാണ് ഇരുവര്‍ക്കും ശിക്ഷ ലഭിച്ചത്.
ഇരുവരും പങ്കാളികളായ മാജിക് ഫ്രെയിംസ് കമ്പനി ഒന്നര കോടി രൂപ വാങ്ങിയെന്നും ഇടായി ചെക്ക് തന്നെന്നുമാണ് റേഡിയന്‍സ് പരാതിയില്‍ പറയുന്നത്. ശരത് കുമാര്‍ അന്‍പതു ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നെന്നും പരാതിയിലുണ്ട്.
അതേസമയം വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മേല്‍ക്കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മതപരമായി ചിട്ടകൾ പുലർത്തുന്നതിലൂടെ ശ്രദ്ധേയനായ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മുഈൻ അലിയെ വംശീയമായി അധിക്ഷേപിച്ച് രംഗത്തെത്തിയ ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റിനെതിരെ പ്രതിഷേധം. തസ്ലിമയുടെ ട്വീറ്റ് ട്വിറ്ററിൽ വലിയ ഒച്ചപ്പാടുണ്ടാക്കിയിരിക്കുകയാണ്.
ക്രിക്കറ്റ് താരമായില്ലായിരുന്നെങ്കിൽ മുഈൻ അലി സിറിയയിൽ പോയി ഐഎസ്‌ഐഎസിൽ ചേർന്നേനെ എന്നായിരുന്നു തസ്‌ലീമ നസ്‌റിന്റെ ട്വീറ്റ്. ട്വീറ്റിനെതിരെ വിമർശനവുമായി മുഈൻ അലിയുടെ സഹതാരവും ഇംഗ്ലണ്ടിന്റെപേസ് ബൗളറുമായ ജോഫ്ര ആർച്ചറുൾപ്പടെയുള്ളവർ രംഗത്തെത്തി.
തുടർന്ന് വിശദീകരണുമായി തസ്‌ലീമ നസ്‌റീൻ വീണ്ടുമെത്തി, ”മുഈൻ അലിയെക്കുറിച്ചുള്ള തന്റെ ട്വീറ്റ് വെറും തമാശയായെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഞാൻ മുസ്‌ലിം സമൂഹത്തെ മതേതരമാക്കാൻ പരിശ്രമിക്കുന്നതിനാലും മുസ്‌ലിം മതമൗലിക വാദത്തെ എതിർക്കുന്നതിനാലും തന്നെ അധിക്ഷേപിക്കുകയാണ്. ഏറ്റവും വലിയ ദുരന്തം എന്നുപറയുന്നത് ഇടത് സഹയാത്രികരായ വനിതകൾ സ്ത്രീ വിരുദ്ധരായ ഇസ്ലാമിസ്റ്റുകളെ പിന്തുണക്കുന്നതാണ്”.-തസ്‌ലീമ ട്വീറ്റ് ചെയ്തു.
ഇതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ജോഫ്ര ആർച്ചർ ”ഓഹ് ഇത് തമാശയായിരുന്നോ. ആരും ചിരിക്കുന്നില്ല. നിങ്ങൾക്ക് പോലും ചിരിവരുന്നില്ല. ഏറ്റവും കുറഞ്ഞത് താങ്കൾ ആ ട്വീറ്റ് ചെയ്യുകയെങ്കിലും വേണം”- എന്നാണ് ട്വീറ്റ് ചെയ്തത്.
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരമായ മുഈൻ അലി തന്റെ ജേഴ്‌സിയിൽ നിന്നും മദ്യക്കമ്പനിയുടെ ബ്രാൻഡ് ലോഗോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തസ്ലിമ നസ്‌റിന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.
Sarcastic ? No one is laughing , not even yourself , the least you can do is delete the tweet https://t.co/Dl7lWdvSd4
— Jofra Archer (@JofraArcher) April 6, 2021