കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത് മദ്യലഹരിയില്‍ നടന്‍ ജയം രവിയുടെ ഭാര്യയോട് തട്ടിക്കയറുന്ന നടന്‍ ധനുഷിന്റെ ദൃശ്യങ്ങളാണ്. എന്നാല്‍, സംഭവത്തിലെ വസ്തുതയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
നടന്‍ ധനുഷും നടന്‍ ജയം രവിയുടെ ഭാര്യ ആരതിയും തമ്മില്‍ വഴക്കിടുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിച്ചത്. ധനുഷ് മദ്യപിച്ച് ആരതിയോട് തട്ടിക്കയറിയെന്നും മറ്റും തലകെട്ടുകളിലാണ് വീഡിയോ തകൃതിയായി നിറഞ്ഞിരുന്നത്. വീഡിയോ വൈറലായതിന് പിന്നാലെയാണ്, പ്രതികരണവുമായി ജയം രവിയോട് അടുത്ത വൃത്തങ്ങള്‍ രംഗത്തെത്തിയത്.
പ്രചരിക്കുന്ന വീഡിയോയിലെ വസ്തുത ഇങ്ങനെ;
2015 ല്‍ പുറത്തിറങ്ങിയ തനി ഒരുവന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട ചടങ്ങിലെ വീഡിയോ ആണിത്. ജയം രവി നായകനായും അരവിന്ദ് സ്വാമി വില്ലനുമായെത്തിയ ചിത്രം വലിയ വിജയമായിരുന്നു. ചിത്രത്തിന്റെ വിജയാഘോഷത്തില്‍ ധനുഷ്, ഐശ്വര്യ രജനികാന്ത്, തൃഷ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ധനുഷും ആരതിയും വഴക്കിടുകയായിരുന്നില്ല. അതൊരു വ്യാജ പ്രചാരണം മാത്രമാണ്. ധനുഷിന്റയും ജയം രവിയുടെ കുടുംബങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്.
നാട്ടികയിലെ സിപിഐ സ്ഥാനാർത്ഥി മരിച്ചതായി ബിജെപി മുഖപത്രം ജന്മഭൂമിയിൽ വ്യാജവാർത്ത. നാട്ടികയിലെ സിപിഐ സ്ഥാനാർത്ഥി സിസി മുകുന്ദൻ മരിച്ചതായാണ് ചരമകോളത്തിൽ ജന്മഭൂമി ഫോട്ടോ സഹിതം വാർത്ത നൽകിയിരിക്കുന്നത്.
ജന്മഭൂമിയുടെ തൃശ്ശൂർ എഡിഷനിലാണ് വാർത്ത അച്ചടിച്ചുവന്നിരിക്കുന്നത്. സംഭവം വിവാദമായതിനെ തുടർന്ന് പത്രത്തിന്റെ ഇ-പതിപ്പ് പിൻവലിച്ചിട്ടുണ്ട്. ജന്മഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐ അറിയിച്ചു.
അതേസമയം, ബിജെപി മുഖപത്രത്തിന്റേത് മനഃപൂർവ്വമായ നടപടിയാണെന്ന് വിമർശനം ഉയരുന്നുണ്ട്. സാധാരണ ചരമകോളങ്ങളിൽ കാണുന്ന വാർത്തയുടെ മാതൃകയിൽ എല്ലാവ്യക്തി വിവരങ്ങളും ഉൾപ്പെടുത്തിയാണ് വാർത്ത എന്നതിനാൽ തന്നെ അച്ചടി പിശകല്ലെന്ന് വ്യക്തമാണെന്ന് സോഷ്യൽമീഡിയ ആരോപിക്കുന്നു.
ഫാ. ബിനോയ് ആലപ്പാട്ട്.
മനസ്സിലെ എല്ലാ സ്‌നേഹപ്രകടനങ്ങളും പുറത്തേയ്ക്കിറക്കിവെച്ചാലും വീണ്ടും എന്തെല്ലാമൊക്കെയോ ചേര്‍ക്കുവാനുണ്ട് എന്ന് തോന്നിപ്പിക്കുമാറാണ് അമ്മ ഭാവങ്ങള്‍ നമ്മളിലേയ്ക്ക് കടന്നു വരിക. നമുക്കിന്ന് നമ്മുടെ അമ്മയെ ഓര്‍ക്കാം. അമ്മ ആഹരിച്ച ആഹാരത്തിന്റെ, അമ്മ പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥനയുടെ, അമ്മ സ്‌നേഹിച്ച സ്‌നേഹത്തിന്റെ ആകെ തുകയാണ് നാമോരുത്തരും.
ഒരമ്മയെക്കുറിച്ചുള്ള അത്യന്തം വികാരഭരിതമായ ചിന്തകളാണ് മലയാളം യുകെയുടെ പ്രിയ വായനക്കാര്‍ക്കായി മദേഴ്‌സ് ഡേയില്‍ ഫാ. ബിനോയ് ആലപ്പാട്ട് പങ്ക് വെയ്ക്കുന്നത്. പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ശീതകാലം കഴിഞ്ഞ് വസന്തത്തിലേക്ക് കടക്കുമ്പോള്‍
നമ്മള്‍ അധിവസിക്കുന്ന ഈ ദേശത്ത് ഉയര്‍ന്നുവരുന്ന ഒരു
ചെടിയാണ് ഡാഫൊഡില്‍സ്. ഒരുപാട് ചിന്തകള്‍ക്കും ചിന്തകര്‍ക്കും
പ്രചോദനം ആയിട്ടുള്ള ഒരു ചെടിയാണിത്. കൂട്ടത്തോടെ
വളര്‍ന്ന് പൂത്തുനില്‍ക്കുമ്പോള്‍ ദൂരെനിന്ന് പോലും കാണുവാന്‍ വളരെ
സൗന്ദര്യമുള്ള ഒരു അവസ്ഥയാണ്. അതുമാത്രമല്ല ശീതകാലത്തിന്റെ
വിരസതകള്‍ അകന്ന് സൂര്യപ്രകാശത്തിന്റെ കിരണങ്ങള്‍
നമ്മുടെ സന്തോഷം ഉണര്‍ത്തുവാന്‍ സഹായിക്കുന്നു. എന്നാല്‍
ഓരോ ചെടിയും നാം സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ഈ
പൂക്കള്‍ ഓരോന്നും തന്നിലേക്ക് തന്നെ നോക്കുന്ന ഒരു
അനുഭവമാണ് കാണുന്നത്. നമ്മുടെ ചുറ്റുപാടും
നടക്കുന്നതൊന്നും അറിയാതെ തന്നിലേക്ക് തന്നെ നോക്കി
ജീവിക്കുന്ന ആളുകളെ ഈ ചെടിയോട് ഉപമിക്കാറുണ്ട്.
പതിനെട്ടു സംവത്സരമായി നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത
ഒരു സ്ത്രീയെ കര്‍ത്താവ് സൗഖ്യമാക്കുന്ന ചിന്തയാണ് ഈ
ആഴ്ചയില്‍ നാം ധ്യാനിക്കുന്നത് . അവള്‍ ഈ
അവസ്ഥയില്‍ ആകുവാന്‍ കാരണം ഒരു ദുരാത്മാവ് അവളെ
ബാധിച്ചത് കൊണ്ടാണ് . യേശു അവളെ കണ്ട ഉടന്‍ തന്നെ
അടുത്ത് വിളിച്ച് നിന്റെ രോഗ ബന്ധനം അഴിഞ്ഞിരിക്കുന്നു
എന്ന് പറഞ്ഞു. ഉടന്‍ തന്നെ അവള്‍ നിവര്‍ന്നു നിന്ന് ദൈവത്തെ
മഹത്വപ്പെടുത്തി. വിശുദ്ധ ലൂക്കോസിന്റെ സുവിശേഷം
പതിമൂന്നാം അദ്ധ്യായം 10 മുതല്‍ 17 വരെയുള്ള ഭാഗങ്ങളാണ്
ഇതിന് ആധാരമായിരിക്കുന്നത്.
നിവര്‍ന്നു നില്‍ക്കുവാന്‍ അനുഗ്രഹം ലഭിച്ച മനുഷ്യന്‍ പല
അവസരങ്ങളിലും തല ഉയര്‍ത്തി ചുറ്റുപാടുള്ളതൊന്നും
കാണുവാന്‍ ശ്രമിക്കുന്നില്ല. അത് മാത്രമല്ല ദൈവമുഖത്തേക്ക്
നോക്കി അപേക്ഷിക്കാനോ പ്രാര്‍ത്ഥിക്കുവാനോ പോലും
കഴിയുന്നില്ല. പാപഭാരവും തന്‍ കാര്യവും നമ്മെ വല്ലാതെ
ഭാരപ്പെടുത്തുന്നു . ഈ മഹാവ്യാധിയില്‍ ധാരാളം
കുടുംബങ്ങള്‍ സമൂഹവുമായുള്ള ബന്ധം ഇല്ലാതെ ഒറ്റപ്പെട്ടു
കഴിയുന്നു . ഏകാന്തതയിലും രോഗങ്ങളിലും
കഴിയുന്ന ധാരാളം പേര്‍ നമ്മുടെ ചുറ്റിലുമുണ്ട്. സ്വയം അല്ലാതെ മറ്റുള്ളവരെ
കാണുവാന്‍ നമുക്ക് കഴിഞ്ഞില്ല എങ്കില്‍ നാം ചിന്തിക്കുക
ദുരാത്മാവ് നമ്മെയും ബാധിച്ചിരിക്കുന്നു. പരിമിതികള്‍ ധാരാളം
ഉണ്ടെങ്കിലും ആ പരിമിതികള്‍ക്കുള്ളില്‍ നിന്ന് അല്പം സാധ്യത
നാം കണ്ടെത്തേണ്ടതുണ്ട്.
മഹാ വ്യാധികളും അതുമൂലമുള്ള കഷ്ടതകളും നമ്മെ അധികം
ബാധിച്ചിട്ടില്ല എങ്കിലും ജീവിതം തന്നെ താറുമാറായ അനേകം
കുടുംബങ്ങള്‍ നമ്മുടെ ഇടയില്‍ ഉണ്ട്. നോമ്പില്‍ നമ്മെ
ബാധിച്ചിരിക്കുന്ന ഈ കൂന് മാറി അല്‍പമെങ്കിലും തലഉയര്‍ത്തി
മറ്റുള്ളവരെ കൂടി കരുതുവാന്‍ നാം ശ്രമിക്കുക. അങ്ങനെ നമ്മള്‍
നിര്‍വ്വഹിക്കുമ്പോള്‍ നിശ്ചയമായിട്ടും ദൈവത്തിന്റെ അനുഗ്രഹം
ധാരാളമായി നമുക്ക് ലഭിക്കും. എന്നാല്‍ പല അവസരങ്ങളിലും
നമ്മളിലുള്ള അനുഗ്രഹങ്ങളെ തിരിച്ചറിയുവാന്‍ നമുക്ക് പോലും
കഴിയാതെ വരുന്നു. ശിക്ഷ്യന്മാര്‍ നേടിയ അല്പം അപ്പക്കഷണങ്ങള്‍
ദൈവസന്നിധിയില്‍ ആയി സമര്‍പ്പിച്ചപ്പോള്‍ അത് അധികമായി
വര്‍ദ്ധിക്കുകയും അനേകരിലേക്കു അത് എത്തുകയും ചെയ്തു.
എത്ര ആയിരങ്ങള്‍ക്കാണ് അതുമൂലം തൃപ്തി വന്നത്.
ഈ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുവാന്‍ നമ്മള്‍ പല
കാരണങ്ങളും കണ്ടെത്താറുണ്ട്. ചിലപ്പോള്‍ സ്വഭാവികമായി
പ്രതിബന്ധങ്ങള്‍ നമ്മുടെ ജീവിതത്തില്‍ കടന്നു വന്നേക്കാം. എന്നാല്‍
മറ്റുചിലര്‍ ഇതിനുവേണ്ടി കാരണങ്ങള്‍ തന്നെ ഉണ്ടാക്കിയെടുക്കുന്നു.
എല്ലാവരുടെയും ജീവിതം പ്രശ്‌നസങ്കീര്‍ണ്ണമാണ്, ആരും
വ്യത്യസ്തരല്ല . രാജകുടുംബത്തില്‍ പോലും ഉണ്ടായിട്ടുള്ള ഉള്ള
പ്രശ്‌നങ്ങള്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ലേ? ചിലര്‍
ഉത്തരവാദിത്വങ്ങളും ചുമതലകളും എല്‍ക്കുവാന്‍ ശ്രമിക്കുമ്പോള്‍
മറ്റു ചിലര്‍ ഉള്ള പദവി കൂടി ഇട്ടേച്ചു പോകുന്നു. ശാന്തമായി
നാം ചിന്തിക്കുമ്പോള്‍ സമാധാനവും അനുഗ്രഹങ്ങളും സമ്പത്തിലും
അധികാരത്തിലും അല്ല അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് എന്ന്
നമുക്ക് മനസ്സിലാക്കാം. അത് ദൈവകൃപ എന്ന് തിരിച്ചറിയുകയും
പരിപാലിക്കുവാന്‍ നാം ശ്രമിക്കുകയും ചെയ്യുമ്പോഴാണ്
അനുഗ്രഹങ്ങള്‍ നമ്മില്‍ പൂര്‍ണമാകുന്നത്.
അന്ധകാരത്തിന്റെയും അഹങ്കാരത്തിന്റെയും കൂനുകള്‍ എല്ലാം
മാറ്റിയേ മതിയാവുകയുള്ളൂ. സ്വയം വന്നിട്ടുള്ളതും കാലങ്ങള്‍
തന്നിട്ടുള്ളതുമായ കൂനുകള്‍ കാരണം നമ്മുടെ ശിരസ്സ്
ഉയരുവാന്‍ ഇടയാകാതിരിക്കുന്നുണ്ട്. അതുകാരണം
ദൈവത്തെയോ ദൈവ സൃഷ്ടിയെയോ കാണുവാന്‍ നമുക്ക് കഴിയാതെ
പോകുന്നു. എന്നാല്‍ സൗഖ്യപ്പെടണം മാറ്റം വരണം എന്ന ചിന്ത
നമ്മളില്‍ ഉണ്ട് എങ്കില്‍ ദൈവസന്നിധിയില്‍ അതിനു
പരിഹാരവുമുണ്ട്. വേറെ ചിലര്‍ സാധാരണ പറയാറുണ്ട്
സമൂഹം ഏല്‍പ്പിച്ച ഭാരതാല്‍ എന്റെ തല താഴ്ന്നിരിക്കുന്നു എന്ന്. സ്വന്തം പ്രവര്‍ത്തികള്‍ കൊണ്ട് കുടുംബത്തിലോ
സമൂഹത്തിലോ തലയുയര്‍ത്താന്‍ കഴിയാത്തവരും ഉണ്ട്.
ഇങ്ങനെ നീണ്ടു പോകുന്ന കാരണങ്ങള്‍ നമുക്ക് ചുറ്റിലും
ഉള്ളപ്പോള്‍ അതിനു ഒരേ ഒരു പരിഹാരം മാത്രമേ
നിര്‍ദ്ദേശിക്കുവാന്‍ ഉള്ളൂ. ദൈവസന്നിധിയിലേക്ക് കടന്നുവരിക.
ദൈവമുമ്പാകെ സമര്‍പ്പിക്കുക. നിങ്ങള്‍ എന്റെ അടുത്ത് വരുവിന്‍
,നിങ്ങളുടെ ഭാരങ്ങളെ ഞാന്‍ എടുത്തു കൊള്ളാം എന്ന്
പറഞ്ഞുകൊണ്ടാണ് നമ്മെ വിളിച്ചിരിക്കുന്നത്. പാപമോ
ഭാരമോ ദുഃഖമോ രോഗമോ എന്തു തന്നെ ആയിക്കൊള്ളട്ടെ, നാം
ദൈവസന്നിധിയില്‍ ആയി സമര്‍പ്പിച്ചാല്‍ അതിനു പരിഹാരം ഉണ്ട്.
അതിനെ ഒളിച്ചോട്ടമോ സ്വയം നീതീകരണമോ സ്വയം ചികിത്സയോ
ആവശ്യമില്ല. ദൈവം നിന്റെ തോളില്‍ നിന്ന് ഭാരങ്ങളെ മാറ്റി
നിവര്‍ന്നു നില്‍ക്കുവാനും സമൂഹത്തെയും സൃഷ്ടികളെയും
ദൈവത്തെയും കാണുന്ന അനുഭവത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുമെന്നുള്ളത്
നിശ്ചയം. ഈ നോമ്പിന്റെ അനുഷ്ഠാനങ്ങളും പ്രാര്‍ത്ഥനകളും
നമ്മെ അപ്രകാരം ഉള്ള ഒരു മോചനം തന്നു കാത്തു
പരിപാലിക്കട്ടെ. നമുക്ക് ഭാരങ്ങളും വേദനകളും എത്രമാത്രം
ഉണ്ടായാലും അത് ഡാഫൊഡില്‍ ചെടി പോലെ നമ്മളിലേക്ക്
തന്നെ ഒതുങ്ങി നമ്മള്‍ ജീവിക്കുമ്പോഴും ദൂരെ കാണുന്ന ആ
മനോഹരത്വം സമൂഹത്തില്‍ പകര്‍ന്നുകൊടുക്കുവാന്‍ നമുക്ക്
സാധിക്കട്ടെ.
ദൈവാനുഗ്രഹത്തിനു വേണ്ടി സമര്‍പ്പിക്കുന്നു
പ്രാര്‍ത്ഥനയില്‍
ഹാപ്പി ജേക്കബ് അച്ചന്‍
കടുത്ത ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ചലച്ചിത്ര താരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ആശുപത്രിയിൽ. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ നാല് ദിവസമായി സുരേഷ് ഗോപി ചികിത്സയിൽ തുടരുകയാണ്.
ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ പാപ്പന്റെ ലൊക്കേഷനിൽ നിന്നാണ് സുരേഷ് ഗോപിയെ നേരിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖബാധിതനായ സുരേഷ് ഗോപിയുടെ രോഗം ഭേദമായതിന് ശേഷമെ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയുള്ളൂ.
അതേസമയം, ന്യൂമോണിയ ബാധ കുറഞ്ഞുവരുന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്താക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് അദ്ദേഹം ആശുപത്രിയിലായത്.
മലപ്പുറം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് എൻഡിഎ സ്ഥാനാർത്ഥി എപി അബ്ദുള്ളക്കുട്ടി. ബിരിയാണി ചെമ്പിൽ കഞ്ഞിവച്ചതുപോലെയാണ് എംപി സ്ഥാനത്തുനിന്ന് മാറി എംഎൽഎ സ്ഥാനത്തേക്ക് മത്സരിക്കുന്ന പികെ കുഞ്ഞാലിക്കുട്ടിയുടെ അവസ്ഥയെന്ന് അബ്ദുള്ളക്കുട്ടി പരിഹസിച്ചു.
പഴയ മലപ്പുറമല്ല ഇപ്പോൾ. കാര്യങ്ങളൊക്കെ മാറിമറിയുകയാണ്. മലപ്പുറവും മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പ് തന്നെ അപ്രതീക്ഷിതമാണ്. എന്റെ സ്ഥാനാർത്ഥിത്വത്തേയും വേണമെങ്കിൽ അങ്ങനെ പറയാം. കുഞ്ഞാലിക്കുട്ടി കാണിച്ചത് ഒരിക്കലും ശരിയല്ല. മലപ്പുറത്ത് അനാവശ്യമായി ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കി എന്നത് പ്രധാനപ്പെട്ട ഒരു പ്രചാരണ വിഷയമാണ് അബ്ദുള്ളക്കുട്ടി പറഞ്ഞു.
നരേന്ദ്ര മോഡി രാജ്യത്ത് നടപ്പാക്കിയ വികസനമാണ് തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുന്നതിനുള്ള കരുത്തെന്നും അദ്ദേഹം സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു. കേരളത്തിൽ ഈ പ്രധാനപ്പെട്ട ജില്ലയിൽ വികസനം ഇതുവരെ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫും യുഡിഎഫും ഭരണത്തിൽ വന്നിട്ടും കാര്യമായ വികസന പ്രവർത്തനങ്ങളൊന്നും വന്നിട്ടില്ല എന്ന് ഇവിടെ വന്നപ്പോഴാണ് മനസിലായത്. ബിജെപി വർഗീയ പാർട്ടിയാണെന്ന ആരോപണങ്ങൾക്കുള്ള മറുപടികൂടിയാണ് മലപ്പുറത്തെ തന്റെ സ്ഥാനാർത്ഥിത്വമെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.
ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കഴക്കൂട്ടത്ത് സർപ്രൈസുണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ ആരായിരിക്കും സ്ഥാനാർത്ഥിയെന്ന് ചൂട് പിടിച്ച് ചർച്ചകൾ. ബിജെപിയുടെ ഏജന്റുമാർ കോടികൾ വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ചതായി കോൺഗ്രസ് നേതാവും കഴക്കൂട്ടം മുൻ എംഎൽഎയുമായ എംഎ വാഹിദ് വെളിപ്പെടുത്തുകയും ചെയ്തതോടെ ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങൾ അപ്രതീക്ഷിതമായിരിക്കും എന്ന് തന്നെയാണ് കണക്കുകൂട്ടലുകൾ.
തന്നെ ബിജെപി സ്ഥാനാർത്ഥിയാക്കാമെന്നും സംസ്ഥാനത്തെ ഏത് മണ്ഡലത്തിൽ വേണമെങ്കിലും മത്സരിപ്പിക്കാമെന്നും ഏജന്റുമാർ വാഗ്ദാനം ചെയ്തതായി വാഹിദ് സ്വകാര്യ മാധ്യമത്തോടാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് നേതാക്കളെ വല വീശിപ്പിടിക്കാനായി ബിജെപി നേതാക്കൾ പ്രത്യക്ഷമായി രംഗത്തിറങ്ങുന്നില്ല. പകരം ഏജന്റുമാരെ നിയോഗിച്ചിരിക്കുകയാണെന്നും കോൺഗ്രസിലെ പ്രധാനപ്പെട്ട നേതാക്കളെ ബിജെപി ലക്ഷ്യമിടുന്നുവെന്നും വാഹിദ് വ്യക്തമാക്കി. താൻ ബിജെപിയിലേക്കില്ല എന്നകാര്യം അറുത്തുമുറിച്ച് പറഞ്ഞതായും വാഹിദ് വെളിപ്പെടുത്തി.
‘അതൃപ്തരായ നേതാക്കളെയാണ് പ്രധാനമായും ബിജെപി ലക്ഷ്യമിടുന്നത്. ഒരിക്കൽ മാത്രമെ താൻ പാർട്ടിയ്ക്ക് എതിരെ നിന്നിട്ടുള്ളു. അത് 2001ലാണ്. അതിൽ ഇന്നും പശ്ചാത്താപമുണ്ട്. ഒരിക്കൽ കൂടി അത്തരം ഒരു അവസ്ഥയിലേക്ക് എത്താൻ ആഗ്രഹിക്കുന്നില്ല’- വാഹിദ് വ്യക്തമാക്കി.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന് കേന്ദ്രനേതൃത്വത്തെ അറിയിച്ച ശോഭ സുരേന്ദ്രനെ സംസ്ഥാന നേതൃത്വം തള്ളിയിരിക്കുകയാണ്. കോൺഗ്രസ് വിട്ടെത്തുന്ന പ്രമുഖനെ സ്ഥാനാർത്ഥിയാക്കാൻ കഴക്കൂട്ടം സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. നേരത്തെ കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി മുരളീധരനെ പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം മത്സരിക്കേണ്ടതില്ലെന്ന തീരുമാനമാണ് കേന്ദ്രനേതൃത്വം എടുത്തത്. അതിന് പിന്നാലെയാണ് ശോഭസുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം കേന്ദ്രം നേതൃത്വം ഉന്നയിച്ചത്. എന്നാൽ സംസ്ഥാന നേതൃത്വം ഇക്കാര്യം തള്ളിക്കളയുകയായിരുന്നു.
ഇതിനിടെ, വാഹിദിന് പുറമെ കോൺഗ്രസ് നേതാവായ ശരത് ചന്ദ്രപ്രസാദിനെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങൾ ബിജെപി നടത്തുന്നുണ്ടെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ പാർട്ടി വിടുമെന്ന പ്രചാരണങ്ങൾ ഇദ്ദേഹം തള്ളിയിട്ടുണ്ട്. ”ഒരു നേതാവിന്റെയും ബഹുമാന്യരായ പിതാക്കന്‍മാരെ കണ്ട് കോണ്‍ഗ്രസായ ആളല്ല താന്‍. മഹാത്മാ ഗാന്ധി തന്റെ വികാരമാണ്. ഇന്ദിരാ ഗന്ധി പ്രചോദനവും കെ കരുണാകരന്‍ രാഷ്ട്രീയ ഗുരുവുമാണ്. അവരുടെ ചിന്തയാണ് തന്റെ ഹൃദയത്തിലുള്ളത്. ആര് പോയാലും അവസാനം വരെ തന്റെ ചോര ജീവന്‍തുടിക്കുന്ന കോണ്‍ഗ്രസാണ്. ശരീരത്തില്‍ വാരികുന്തം കുത്തിയിറക്കിയപ്പോഴും താന്‍ വിളിച്ചത് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്, കെ എസ് യു സിന്ദാബാദ്” എന്നാണെന്നും ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.
കൊച്ചി∙ ശ്വാസതടസ്സത്തെ തുടർന്നു സിനിമാ താരവും ബിജെപി നേതാവുമായ സുരേഷ് ഗോപി എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നാല് ദിവസമായി അദ്ദേഹം ചികിത്സയിലാണ്.
ജോഷി സംവിധാനം ചെയ്യുന്ന സിനിമയായ പാപ്പന്റെ ചിത്രീകരണത്തിനിടെയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും തിങ്കളാഴ്ച ആശുപത്രി വിടുമെന്നുമാണ് വിവരം.
നിയമസഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥിയായി സുരേഷ് ഗോപിയുടെ പേര് നിർദേശിക്കപ്പെട്ടിട്ടുണ്ട്. നേമത്തേയ്ക്ക് പരിഗണിക്കുന്നതായും സൂചനയുണ്ട്.
ഡോ. ഐഷ വി
അമ്മിണി പശു പ്രായപൂർത്തിയായപ്പോൾ കൃത്യസമയത്തു തന്നെ പുത്തൻ കുളത്തുള്ള സർക്കാർ വക മൃഗാശുപത്രിയിൽ കൊണ്ടുപോയി യഥാസമയം കൃത്രിമ ബീജ സങ്കലനം നടത്തി വന്നു. അമ്മിണി പശുവിന് ഒരു പുത്രി ജനിച്ചപ്പോൾ മാത്രം വീട്ടിൽ വളർത്താനായി നിർത്തി. അവളുടെ പുത്രന്മാരെയെല്ലാം കറവ വറ്റുന്നതോടുകൂടി വിൽക്കുകയായിരുന്നു പതിവ്. കോഴി, പശു, താറാവ് എന്നിവയ്ക്ക് കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ പെൺകുഞ്ഞുങ്ങൾ ആകാനാണ് മനുഷ്യൻ ആഗ്രഹിക്കുക എന്നാൽ മനുഷ്യന്റെ കാര്യമാകുമ്പോൾ നേരെ തിരിച്ചും. ഒരു പക്ഷേ അക്കാലത്ത് കൊടുക്കേണ്ടിയിരുന്ന
സ്ത്രീധനമാകാം ജനങ്ങളെ ഇങ്ങനെ ചിന്തിപ്പിക്കാൻ കാരണം. അങ്ങനെ അമ്മിണിയുടെ മൂന്നാൺ മക്കളേയും വിറ്റിട്ട് അശ്വതിയെ മാത്രം നിലനിർത്തി. പശുവിന്റെ പ്രസവമെടുക്കുന്ന ജോലി അച്ഛനും അമ്മയും കൂടി ചെയ്തു. പശുവിനെ കറക്കാൻ വരുന്നയാൾ വെളുപ്പാൻ കാലത്തും ഉച്ചയ്ക്ക് ശേഷവും പരുവിനെ കറന്നു. ആദ്യ കാലത്ത് വീട്ടാവശ്യം കഴിഞ്ഞ് മിച്ചമുള്ള പാൽ അയൽപക്കക്കാർ വീട്ടിലെത്തി വാങ്ങുകയായിരുന്നു പതിവ്. അങ്ങനെ ഒത്തിരി നാൾ കഴിഞ്ഞാണ് കേരളത്തിൽ മിൽമ(1980 -ൽ) ആരംഭിക്കുന്നത്. അങ്ങനെ ശ്രീ വർഗ്ഗീസ് കുര്യൻ ആനന്ദിൽ തുടങ്ങി വച്ച ധവള വിപ്ലവത്തിന്റെ അലയൊലികൾ കേരളത്തിലും എത്തി.
അച്ഛന്റെ അമ്മാവന്റെ മകൻ രഘുമാമനായിരുന്നു ചിറക്കരയിൽ ക്ഷീരകർഷരുടെ സഹകരണ സംഘം ആരംഭിക്കുന്നതിൽ മുൻ കൈ എടുത്തത്. രഘുമാമനും കുന്നു വിളയിലെ പ്രസാദും കൂടി ക്ഷീര കർഷകരുടെ വീടുകൾ കയറി ഇറങ്ങി സഹകരണ സംഘത്തിലേയ്ക്ക് ആളെ ചേർത്തു. കൊച്ചു സോമന്റെ കടയിൽ സഹകരണ സംഘത്തിന്റെ ആദ്യ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഏതാനും കർഷകർക്ക് ഗുജറാത്തിലെ ആനന്ദിൽ പരിശീലനം ലഭിച്ചു. രഘുമാമനും അവിടെ പോയിരുന്നു. പോയി വന്നപ്പോൾ വിവരങ്ങൾ ഞങ്ങളുമായി പങ്കു വച്ചു. അതിലൊന്ന് ധവള വിപ്ലവത്തിന്റെ ആരംഭത്തോടു കൂടി ആനന്ദിൽ ധാരാളം പേർ പശുവിനെ വളർത്താൻ തുടങ്ങി എന്നതായിരുന്നു. കൊച്ചു വീടുകളിൽ തൊഴുത്തുപണിയാൻ കാശില്ലെങ്കിൽ അവിടത്തെ ആളുകൾ വീടിന്റെ ഒരു ഭിത്തിയോട് ചേർന്ന് താത്കാലിക ഷെഡുണ്ടാക്കി കന്നുകാലികളെ പരിപാലിച്ചു പോന്നു. കേരളത്തിൽ മിൽമ വന്നതോടു കൂടി വൈവിധ്യമാർന്ന പാലുൽപന്നങ്ങൾ നിർമ്മിക്കാൻ കഴിഞ്ഞു. പാൽ കൊടുക്കാൻ സൊസൈറ്റിയുള്ളത് കൊണ്ട് പലരും ഒന്നിലധികം പരുക്കളെ ഒരേ സമയം വളർത്താൻ ധൈര്യം കാട്ടി. ഞങ്ങളുടെ വീട്ടിൽ നിന്നും സൊസൈറ്റിയിലേയ്ക്ക് പാൽ എത്തിയ്ക്കുന്ന ചുമതല അമ്മയ്ക്കായിരുന്നു. പാൽ വണ്ടി വരുന്നതിന് മുമ്പ് പാൽ അവിടെയെത്തിയ്ക്കുക എന്നത് അമ്മയെ സംബന്ധിച്ചിടത്തോളം ശ്രമകരമായിരുന്നു. കാലക്രമേണ ധാരാളം സൊസൈറ്റികൾ രൂപപ്പെട്ടു. നേരിട്ടും അല്ലാതെയുമുള്ള ധാരാളം തൊഴിലവസരങ്ങൾ ഇതിലൂടെയുണ്ടായി.
കല്യാണം അടിയന്തിരം തുടങ്ങി വിപുലമായ ആവശ്യങ്ങൾക്ക് പാൽ സൊസൈറ്റി വരുന്നതിന് മുമ്പ് ചിറക്കര നാട്ടിൽ ഒരു സ്രോതസ്സിൽ നിന്നും വലിയ അളവിൽ പാൽ ലഭ്യമായിരുന്നില്ല. മയ്യനാട് പ്രദേശത്ത് ഫാമുള്ള ഒരാളുടെ പക്കൽ നിന്നും ആവശ്യമായ പാൽ തലേന്നേ തന്നെ ഒരാൾ അവിടെയെത്തി നാട്ടിൽ എത്തിയ്ക്കുകയായിരുന്നു പതിവ്. പാൽ സൊസൈറ്റി വന്നതോടു കൂടി നാട് മാറി എന്ന് തന്നെ പറയാം. ബികോം കഴിഞ്ഞ പലർക്കും പല സൊസൈറ്റികളിൽ സെക്രട്ടറിയായി ജോലി ലഭിച്ചു.
ഞങ്ങളുടെ വീട്ടിൽ അമ്മിണിയുടെ മകൾ അശ്വതിയും പല തവണ പ്രസവിച്ചു. ചക്കി മാത്രമായിരുന്നു അവളുടെ മകൾ . ഓരോ പശു കുട്ടിയ്ക്കും പേരിടുകയും അത് നീട്ടി വിളിയ്ക്കുകയും ചെയ്യുക ഞങ്ങളുടെ പതിവായിരുന്നു. മറുവിളി കേൾക്കുക അവരുടെ പതിവും അങ്ങനെ അശ്വതിയുടെ മകൾ ചക്കിയേയും ഞങ്ങൾ വളർത്തി. ഇടക്കാലത്ത് ചക്കിയ്ക്ക് കറവയില്ലാതെ നിന്നപ്പോൾ ഞങ്ങൾക്ക് ശുദ്ധമായ പാൽ തന്ന് വളർത്തണമെന്ന് അമ്മയ്ക്ക് ആഗ്രഹം തോന്നി. ഒരു ചെറിയ സ്റ്റീൽ ചരുവം നിറയെ പാൽ കുടിയ്ക്കുക എന്റെയും അനുജന്റെയും പതിവായിരുന്നു. അനുജത്തി അങ്ങനെ പാൽ കുടിച്ചിരുന്നില്ല. ഞങ്ങളുടെ പതിവ് തെറ്റാതിരിയ്ക്കാൻ അമ്മ കറവയുള്ള പശുവിനെ വാങ്ങാൻ അന്വേഷണം ആരംഭിച്ചു. അങ്ങനെ ഞാനും അമ്മയും കൂടി ഒരു ദിവസം പാണിയിലെ വനജാക്ഷി അപ്പച്ചിയുടെ വീട്ടിൽ പോയി തിരികെ വന്ന വഴി തങ്കപ്പൻ എന്ന ഒരു പരിചയക്കാരനെ കാണുകയുണ്ടായി. അമ്മ അദ്ദേഹത്തോട് കാര്യം പറഞ്ഞു. അദ്ദേഹം ഉടനെ തന്നെ ഞങ്ങളെ അവിടെ അടുത്തുള്ള ഒരു വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടുപോയി . അപ്പോൾ തന്നെ പശുവിന്റെ വിലയുറപ്പിച്ചു. പിറ്റേന്ന് ശ്രീ തങ്കപ്പൻ പശുവിനെ വീട്ടിലെത്തിച്ചു. അമ്മ ഒരു വള പരവൂർ എസ് എൻ വി ബാങ്കിൽ പണയം വച്ച് പശുവിന്റെ വില നൽകി. ഈ പശുവിന് ഞങ്ങൾ മുത്തുവെന്ന് പേരിട്ടു. മുത്തുവിന്റെ മകൻ കുട്ടൻ. മുത്തുവിന് എന്നോടെന്നും ശത്രുതയായിരുന്നു. അതിനൊരു കാരണമുണ്ട്. ഞാൻ ചെടികൾക്ക് ഹോസിട്ട് വെള്ളമടിച്ചപ്പോൾ അവളുടെ മകന്റെ ദേഹത്ത് വീണു. പിന്നീട് ഞാൻ അടുത്തു ചെന്നാൽ അവൾ എന്നെ കുത്താനായി ഓടിയ്ക്കുമായിരുന്നു. ഞാൻ അവളെ അനുനയിപ്പിയ്ക്കാൻ ശ്രമിച്ചെങ്കിലും ഒരിക്കലും വിജയിച്ചില്ല.
പലപ്പോഴും കെട്ടഴിഞ്ഞ് പോയി എനിയ്ക്കിട്ട് പണി തന്നിരുന്നത് ചക്കിയായിരുന്നു. ചക്കിയുടെ പിറകേ വീട്ടിൽ നിന്ന വേഷത്തിൽ വളരെ ദൂരം എനിക്ക് ഓടേണ്ടി വന്നിട്ടുണ്ട്. ചിലപ്പോൾ ചിറക്കരത്താഴം ജങ്ഷൻ വരെയാകും ആ ഓട്ടം. ഞങ്ങളുടെ വീട്ടിലെ പശുപരിപാലനം അമ്മയ്ക്ക് ഹെർണിയയുടെ ശസ്ത്രക്രിയ കഴിയുന്നതുവരെ തുടർന്നു.
ആയിത്തി തൊള്ളായിരത്തി എൺപതുകളുടെ പകുതിയിൽ കേരളത്തിലെ ക്ഷീര കർഷകശ്രീ അവാർഡ് ലഭിച്ചത് തൈയ്യിലെ സോമൻ വല്യച്ഛനായിരുന്നു. ഗോബർ ഗ്യാസ് പാചകത്തിനും വിളക്ക് കത്തിയ്ക്കാനും ഉപയോഗിച്ചിരുന്നു. അവിടത്തെ ഡയറി ഫാമിന്റെ പേരാണ് ഗോകുലം ഡയറി ഫാം. ഇപ്പോഴും ഞങ്ങളുടെ നാട്ടിലെ ഗോ പരിപാലനം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. അതിലൊന്നാണ് ആധുനിക സാങ്കേതിക വിദ്യയോടു കൂടി പ്രവർത്തിയ്ക്കുന്ന പ്രശസ്തമായ ജെ കെ ഡയറി ഫാം. മൂന്നൂറോളം പശുക്കളെ പരിപാലിക്കുന്നുണ്ടിവിടെ.
(തുടരും.)

ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ജോൺ കുറിഞ്ഞിരപ്പള്ളി
ജോർജുകുട്ടി പറഞ്ഞിരുന്നതുപോലെ വെള്ളിയാഴ്ച വൈകുന്നേരത്തെ ഐലൻഡ് എക്സ്പ്രസിന് നാട്ടിലേക്ക് പോകും എന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ജോർജ് കുട്ടിക്ക് യാതൊരു അനക്കവുമില്ല.ഒരേ ഇരിപ്പാണ് എന്ത് സംഭവിച്ചു എന്ന് എനിക്ക് മനസ്സിലായില്ല.
ഒരിക്കലും അടങ്ങിയിരിക്കാത്ത ജോർജ് കുട്ടി ദുഃഖിച്ചിരിക്കുന്നത് ഞങ്ങൾ ആർക്കും ഇഷ്ടമല്ല.
ഇടയ്ക്ക് ഹൗസ് ഓണറുടെ മകൾ ജോർജ് കുട്ടിയുടെ ഇരിപ്പ് കണ്ടുചോദിക്കുകയും ചെയ്തു,”എന്ന അങ്കിൾ പൈത്യകാരൻ മാതിരി……..?”
ജോർജ് കുട്ടിയുടെ ദുഃഖം ഞങ്ങൾ എല്ലാവരുടെയും ദുഃഖമാണ്. വാടക ഞാനാണ് കൊടുക്കുന്നതെങ്കിലും ഹൗസ് ഓണർക്കും കുടുംബത്തിനും ജോർജ് കുട്ടിയോടാണ് കൂടുതൽ താല്പര്യം.
നാലുമണി ആയപ്പോഴേക്കും അവൈലബിൾ ബാംഗ്ലൂർ സൗത്ത് ഈസ്റ്റ് അസോസിയേഷൻ്റെ ഭാരവാഹികൾ എല്ലാവരും ജോർജ് കുട്ടിക്ക് യാത്ര അയപ്പ് കൊടുക്കാനായി ഞങ്ങളുടെ വീട്ടിലേക്ക് വന്നു. പക്ഷെ യാത്രപോകണ്ടവന് അനക്കമില്ല.
ഞാൻ ചോദിച്ചു,”ജോർജ് കുട്ടി ഇന്ന് വൈകുന്നേരത്തെ ട്രെയിന് നാട്ടിൽപോകുന്നു എന്നല്ലേ പറഞ്ഞത് ?” ജോർജ് കുട്ടി ദയനീയമായി എന്നെ നോക്കി.” ശവത്തിൽ കുത്താതെടൊ.”
“അതെന്താ വല്യപ്പച്ചൻ ഇലക്ഷന് നിൽക്കുന്നില്ലേ?”
“അല്പം പ്രശ്നം ആയി.”
” എന്തുപറ്റി?”ചോദ്യം അവൈലബിൾ ഭാരവാഹികൾ എല്ലാവർക്കും വേണ്ടി പ്രസിഡണ്ട് ചോദിച്ചു.
” തൊണ്ണൂറ്റി ആറ് വയസ്സുള്ള മറ്റൊരു യുവജന വിഭാഗം സെക്രട്ടറിക്ക് മത്സരിക്കണമെന്ന്. അതിന് എൻറെ വല്യപ്പച്ചൻ വഴിമാറി കൊടുക്കണം പോലും”.
“തൊണ്ണൂറ്റി ആറ് വയസ്സുള്ള യുവാവ്?”
“അതെ. അദ്ദേഹത്തിന് ദേശീയപതാകയിൽ പൊതിഞ്ഞു പോകണം പോലും”
ഇനി ഒരു ഇലക്ഷൻ കൂടി കഴിയാൻ അദ്ദേഹം കാത്തിരിക്കേണ്ടിവരില്ല. ഏതായാലും അധികം താമസമില്ലാതെ ഫ്യൂസ് ആകും എന്നാണ് പറയപ്പെടുന്നത്. ഇത്രയും കാലം രാജ്യസേവനം നടത്തി പ്രശസ്തനായ ഒരാൾ ദേശീയപതാകയിൽ പൊതിഞ്ഞു പോയില്ലെങ്കിൽ വലിയ നാണക്കേടല്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.”
ഏതെല്ലാം തരത്തിലാണ് ഈ നേതാക്കന്മർ ജനസേവനം ചെയ്യുന്നത്.?
“ഓ ഞാൻ പഠിച്ച പ്രസംഗം എല്ലാം മാറ്റി നമ്മുടെ അസോസിയേഷൻ പരിപാടികൾക്ക് ഉപയോഗിക്കാം.”ജോർജ് കുട്ടി പറഞ്ഞു.
“ജോർജ് കുട്ടിയുടെ വല്യപ്പച്ചൻ കാണിച്ച അബദ്ധത്തിന് ഞങ്ങൾ അനുഭവിക്കാനോ?”ട്രഷറർ കോൺട്രാക്ടർ രാജൻ ചോദിച്ചു.
“താനെന്തിനാ ശവത്തിനിട്ടു കുത്തിയത്? ജോർജ് കുട്ടി പറഞ്ഞല്ലോ താൻ ശവത്തിനിട്ടു കുത്തിയെന്ന്. ആരുടെ ശവമാണ്?”ജോർജ് വർഗീസ്സ്.
“ഇത്രയും വിവരമില്ലാത്തവനെ ഞാൻ എങ്ങിനെ ഓണം പരിപാടിയിൽ അനൗൺസറാക്കും?”ജോർജ് കുട്ടി ചോദിച്ചു.
ഞങ്ങൾ ഇങ്ങനെ കാര്യങ്ങൾ ഡിസ്കസ് ചെയ്തുകൊണ്ടിരിക്കുന്ന അവസരത്തിൽ ഞങ്ങളുടെ സുഹൃത്ത് പോലീസുകാരൻ അപ്പണ്ണ വീട്ടിലേക്ക് വന്നു.”ജോർജ്ജുകുട്ടി നിൻറെ തോക്ക് ഒന്ന് വേണമല്ലോ.അല്ലെങ്കിൽ നീയും ഞങ്ങളുടെ കൂടെ വാ. ഞങ്ങൾ ഏതാനും പേർ ഹോസ്കോട്ടയിൽ മുയലിനെ വെടിവെക്കാൻ പോകുന്നുണ്ട് ഇഷ്ടമുണ്ടെങ്കിൽ നിനക്കും വരാം”.
“അയ്യോ ,എൻ്റെ എയർ ഗൺ ഉപയോഗിച്ച് വെടിവച്ചാൽ മുയലിനെ കിട്ടുമെന്ന് തോന്നുന്നില്ല.”
“അതിന് ആരാ തൻ്റെ തോക്കുപയോഗിച്ച് മുയലിനെ വെടി വയ്ക്കാൻ പോകുന്നത്.?പോലീസ് തോക്ക് ഉപയോഗിച്ച് വെടി വയ്ക്കും..തൻ്റെ എയർ ഗൺ ഉപയോഗിച്ചാണ് വെടിവച്ചത് എന്നുപറയും. അത്ര തന്നെ.”
“സബ് ഇൻസ്‌പെക്ടർ അറിഞ്ഞാൽ കുഴപ്പം ആകില്ലേ?”
“എഡോ ഇത് സബ് ഇൻസ്‌പെക്ടറുടെ ഐഡിയ ആണ്.”
“ഈ ഹോസ്കോട്ട എന്ന് പറയുന്ന സ്ഥലം എവിടെയാ?”അച്ചായനാണ് സംശയം.
“അത് പുതിയ എയർ പോർട്ടിലേക്ക് പോകുന്ന വഴിയാ.”
“ഇപ്പോൾ മുയലുകളൊക്കെ എയർപോർട്ടിനടുത്തേയ്ക്ക് താമസം മാറ്റിയോ?”
അപ്പണ്ണ എല്ലാവരെയും ഒന്ന് ഓടിച്ചു നോക്കി. എന്നിട്ടു പറഞ്ഞു”,ഇവന്മാരെ ഒന്നും കൂട്ടണ്ട.ജോർജ് കുട്ടി മാത്രം മതി.”
പെട്ടന്ന് സെൽവരാജൻ പറഞ്ഞു,”ഞാൻ വരുന്നില്ല. എയർ പോർട്ടിൽ പോകുവല്ലേ, ജോർജ് കുട്ടി ഡീസൻറ് ആയി പോകണം. സൂട്ട് ധരിക്കണം.അല്ലെങ്കിൽ മുയലുകൾ താൻ ഒരു അലവലാതി ആണെന്ന് വിചാരിക്കും.”
അതുവരെ ഒന്നും മിണ്ടാതിരുന്ന കാഥികൻ കൊല്ലം രാധാകൃഷ്ണൻ പറഞ്ഞു,”എൻ്റെ അടുത്ത കഥയ്ക്ക് ,മുയലുകൾ കഥ പറയുന്നു,എന്ന് പേരുകൊടുത്താലോ എന്നാലോചിക്കുകയാണ് ഞാൻ.”
പോലീസ് കോൺസ്റ്റബിൾ അപ്പണ്ണ പറഞ്ഞു,”ഇതേതാ ഈ അലവലാതി? മുയലുകൾ കഥ പറയുന്നു പോലും. താൻ മുയൽ എന്ന വാക്ക് ഉപയോഗിച്ചുപോകരുത്..”
“സാർ സാർ…പോലീസുകാരുടെ കള്ള വെടി …എന്നായാലോ?”
ജോർജ് കുട്ടി അകത്തുപോയി തൻ്റെ ബൈബിൾ എടുത്തുകൊണ്ടവന്നു. കിട്ടിയ ഭാഗം തുറന്ന് വായന ആരംഭിച്ചു,”ഞാൻ സത്യം സത്യമായി നിങ്ങളോട് പറയുന്നു …..”ജോർജ് കുട്ടി പുസ്തകത്തിൽ നിന്നും മുഖമുയർത്തി എല്ലാവരെയും നോക്കി.
സദസ്സ് ശൂന്യം.
(തുടരും)
