Latest News

വോട്ടെണ്ണല്‍ മൂന്നുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഇടതിന് മുന്‍തൂക്കം. കേരള കോണ്‍ഗ്രസ് സഖ്യം പാലാ നഗരസഭയില്‍ ഉള്‍പ്പെടെ നേട്ടമുണ്ടാക്കിയത് എൽഡിഎഫിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. കൊല്ലം, കോഴിക്കോട് കോര്‍പറേഷനുകളില്‍ ഭരണത്തുടര്‍ച്ച ഉറപ്പായി.

തിരുവനന്തപുരത്ത് വ്യക്തമായ മുന്‍തൂക്കം. ഇവിടെ യുഡിഎഫിന് വൻ തിരിച്ചടി. നഗരങ്ങളിലും ഗ്രാമങ്ങളിലും ആദ്യമുണ്ടാക്കിയ നേട്ടം യുഡിഎഫിന് നഷ്ടമായി. എറണാകുളം, മലപ്പുറം, ഇടുക്കി ജില്ലകളില്‍ മുന്‍തൂക്കം യുഡിഎഫിനാണ്. മലപ്പുറത്തും കോഴിക്കോട്ടും വെല്‍ഫെയര്‍ സഖ്യത്തിന് നേട്ടമുണ്ട്. പക്ഷേ മുക്കം നഗരസഭയില്‍ അധികാരത്തിലെത്താനായില്ല. തളിപ്പറമ്പ്, ശ്രീകണ്ഠപുരം നഗരസഭകളിൽ യുഡിഎഫ് ഭരണമുറപ്പിച്ചു. വിഡിയോ സ്റ്റോറി കാണാം.

അതേസമയം, പാലക്കാട്, ഷൊര്‍ണൂര്‍, ചെങ്ങന്നൂര്‍ നഗരസഭകളില്‍ ബിജെപിക്ക് മുന്നേറ്റമുണ്ട്. കണ്ണൂര്‍ കോര്‍പറേഷനിലും അങ്കമാലി, നിലമ്പൂര്‍ നഗരസഭകളിലും അക്കൗണ്ട് തുറന്നു. വര്‍ക്കലയില്‍ എല്‍ഡിഎഫ്–ബിജെപി ഒപ്പത്തിനൊപ്പമാണ്. കോഴിക്കോട്ട് മേയറുടെ വാര്‍ഡില്‍ ബിജെപിക്കാണ് ജയം.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 20 ഇടത്ത് എല്‍.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും 12 ഇടത്ത് എന്‍.ഡി.എയും ലീഡ് ചെയ്യുന്നു.

തിരുവനന്തപുരം∙ ‌ പ്രാഥമിക  ഫലസൂചനകൾ എൽഡിഎഫിന് അനുകൂലമാണെന്ന് റിപോർട്ടുകൾ . പാലാ മുനിസിപ്പാലിറ്റി ചരിത്രത്തിലാദ്യമായി എൽഡിഎഫ് ഭരിക്കും എന്ന് ഉറപ്പായി .
തൃശൂർ കോർപറേഷനിൽ യുഡിഎഫ് – എൽഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടം. ബിജെപി വക്താവും മേയർ സ്ഥാനാർഥിയുമായ ബി.ഗോപാലകൃഷ്ണന് തോൽവി. തിരുവനന്തപുരം കോർപറേഷനിലെ കുന്നുകുഴി വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയും മേയർ സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന വ്യക്തിയുമായ എ.ജി.ഒലീനയ്ക്കു തോൽവി. യുഡിഎഫ് സ്ഥാനാർഥി മേരി പുഷ്പമാണു വിജയിച്ചത്. മുക്കം നഗരസഭയിൽ ആർക്കും കേവല ഭൂരിപക്ഷമില്ല. എൽ‌ഡിഎഫാണ് ഏറ്റവും വലിയ ഒറ്റകക്ഷി. എൻഡിഎ നിലപാട് നിർണായകമാണ്.

അതേസമയം, ഫലം പുറത്തുവരുമ്പോൾ ഇടതുമുന്നണിക്ക് മുൻതൂക്കം. കേരള കോൺഗ്രസുമായുള്ള കൂട്ടുകെട്ട് പാലാ നഗരസഭയിൽ നേട്ടമായി. രണ്ടു ജില്ലകളിൽ യുഡിഎഫാണ് മുന്നിട്ടുനിൽക്കുന്നത്. എറണാകുളം, മലപ്പുറം ജില്ലകളിൽ യുഡിഎഫിനാണ് മുൻതൂക്കം. മലപ്പുറത്തും കോഴിക്കോട്ടും വെൽഫെയർ സഖ്യം നേട്ടം കൊയ്തു. അതേസമയം, നഗരങ്ങളിലും ഗ്രാമങ്ങളിലും ആദ്യമുണ്ടാക്കിയ നേട്ടം യുഡിഎഫിന് നഷ്ടമായി. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയും സ്ഥാനം ഉറപ്പിക്കുന്നുണ്ട്. പാലക്കാട്, ഷൊർണൂർ, ചെങ്ങന്നൂർ നഗരസഭകളിൽ ബിജെപിക്കാണ് ലീഡ്. കണ്ണൂർ കോർപ്പറേഷനിൽ അവർ അക്കൗണ്ട് തുറന്നു.

കൊച്ചി കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥി എൻ.വേണുഗോപാൽ തോറ്റു. ഐലൻഡ് ഡിവിഷനിൽ ജയം ബിജെപിക്ക്. വേണുഗോപാലിന്റെ തോൽവി ഒറ്റവോട്ടിനാണ്. ഇവിടെ യുഡിഎഫ് റീകൗണ്ടിങ് ആവശ്യപ്പെട്ടിട്ടുണ്ട്. കോർപറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും യു‍ഡിഎഫ് ലീഡ് ചെയ്യുന്നുണ്ട്. കൊല്ലം കോർപ്പറേഷനിൽ എൽഡിഫ് – യുഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്.

അമേരിക്കയില്‍നിന്ന് മലയാളികള്‍ക്കാകെ അഭിമാനിക്കാവുന്ന തെരഞ്ഞെടുപ്പു വിജയം. ടെക്‌സസിലെ മിസോറി സിറ്റി മേയറായി കോട്ടയം സ്വദേശി റോബിന്‍ ഇലക്കാട്ട് ചരിത്ര വിജയം നേടി. ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഈ സ്ഥാനത്തേക്ക് എത്തുന്നത്. റോബിന്‍ ഇലക്കാട് 5622 വോട്ടുകള്‍ നേടിയപ്പോള്‍ (52.51 ശതമാനം) എതിരാളി യോ ലാന്‍ഡാ ഫോര്‍ഡിന് 5085 (47.49 ശതമാനം) വോട്ടുകളാണ് ലഭിച്ചത്. 537 വോട്ടുകള്‍ക്കാണ് റോബിന്‍ വിജയിച്ചത്. തന്നെ പിന്തുണച്ച എല്ലാവരോടും പ്രത്യേകിച്ച് ഇവിടത്തെ മലയാളി സമൂഹത്തോടു നന്ദി പറയുന്നതായി റോബിന്‍ ഇലക്കാട്ട് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം പ്രതികരിച്ചു.

നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ റോബിന്‍ ഉള്‍പ്പടെ മൂന്നുസ്ഥാനാര്‍ഥികള്‍ മത്സരിച്ചിരുന്നുവെങ്കിലും ആര്‍ക്കും 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് നേടാന്‍ കഴിയാത്തതിനാലാണ് റണ്‍ ഓഫ് വേണ്ടിവന്നത്. മിസോറി സിറ്റി ഭരണഘടന പ്രകാരം വിജയിക്കാന്‍ 51 ശതമാനത്തിനു മുകളില്‍ വോട്ടു ലഭിച്ചിരിക്കണം. ഇതനുസരിച്ചാണ് ഇവിടെ വീണ്ടും തെരഞ്ഞെടുപ്പു നടന്നത്.

ആകെയുള്ള ഒരുലക്ഷം വോട്ടര്‍മാരില്‍ 18 ശതമാനവും മലയാളികള്‍ ഉള്ള സിറ്റികൂടിയാണ് മിസോറി. അതുകൊണ്ടുതന്നെ ഇവിടെ മലയാളി വോട്ട് ഏറെ നിര്‍ണായകമായിരുന്നു. മലയാളികള്‍ ഒന്നടങ്കം റോബിനെ പിന്തുണച്ചതാണ് അദ്ദേഹത്തിനെ തെരഞ്ഞെടുപ്പു വിജയത്തിലേക്കു നയിച്ചത്. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും തുല്യശക്തികളായ ഇവിടെ പാര്‍ട്ടി അടിസ്ഥാനത്തില്‍ അല്ല മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. മൂന്നുവട്ടം സിറ്റി കൗണ്‍സില്‍ അംഗവും ഒരുതവണ ഡപ്യൂട്ടി മേയറുമായി അനുഭവ പരിചയമുള്ള റോബിന്‍ മേയര്‍ സ്ഥാനത്തേക്ക് എത്തുമ്പോള്‍ മിസ്സോറി സിറ്റിയിലെ ജനങ്ങളാകെ പ്രതീക്ഷയിലാണ്.

2009 ലാണ് ഇദ്ദേഹം ആദ്യമായി സിറ്റി കൗണ്‍സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സിറ്റി കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യന്‍ വംശജനാണ് റോബിന്‍. തുടര്‍ന്ന് 2011ലും 2013 ലും കൗണ്‍സില്‍ അംഗമായിരുന്ന റോബിന്‍ ഇലക്കാട്ട് 2015 ല്‍ രാഷ്ടീയം ഉപേക്ഷിച്ച് ബിസിനസില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. പിന്നീട്, സ്വന്തം കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ തിരക്കിലായിരുന്നു അദ്ദേഹം.

ഇത്തവണ മേയറായി മത്സരിച്ചതിനെക്കുറിച്ച് റോബിന്‍ ഇലക്കാട്ട് പറയുന്നത് ഇങ്ങനെയാണ്- രണ്ടു പതിറ്റാണ്ടിലേറെ മേയറായിരുന്ന അലന്‍ ഓവന്‍ കഴിഞ്ഞ തവണ പരാജയപ്പെട്ടു. അദ്ദേഹത്തെ തോല്‍പ്പിച്ച യോ ലാന്‍ഡാ ഫോര്‍ഡിനെതിരെ സമൂഹത്തില്‍ ഉയര്‍ന്ന കടുത്ത എതിര്‍പ്പും പിന്നെ, അലന്‍ ഓവന്‍ അടക്കമുള്ള സഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദവുമാണ് തന്നെ ഈ മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ്.

കോളനി ലെയ്ക്സ് ഹോം ഓണേഴ്സ് അസോസിയേഷന്‍ ബോര്‍ഡ് അംഗവും പ്രസിഡന്റുമായിട്ടാണ് റോബിന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട്, സിറ്റിയുടെ പാര്‍ക്സ് ബോര്‍ഡ് വൈസ് ചെയര്‍മാനായി. അതിനു ശേഷമാണ് സിറ്റി കൗണ്‍സിലിലേക്ക് മൂന്നുവട്ടം മത്സരിച്ചത്. ഇതില്‍ രണ്ടു തവണയും എതിര്‍ സ്ഥാനാര്‍ഥികള്‍ പോലുമില്ലായിരുന്നു.

കൗണ്‍സില്‍മാനെന്ന നിലയില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. സൈഡ് വാക്ക് റിപ്പയര്‍ പ്രോഗ്രാം, ബജറ്റ് നിയന്ത്രണം, പോലീസ് മിനി സ്റ്റേഷന്‍, ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കല്‍ തുടങ്ങിയവ അവയില്‍ പെടും. ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് റോബിന്‍ പറയുന്നു. പൊതുയിടങ്ങളിലെ സുരക്ഷിതത്വവും സാമ്പത്തിക കാര്യങ്ങളിലെ ദീര്‍ഘവീക്ഷണവും ഇന്‍ഫ്രാസ്ട്രക്ചര്‍ പുതുക്കലുമെല്ലാമാണ് തന്റെ ലക്ഷ്യം. ഇതെല്ലാം നടപ്പിലാക്കാനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം ജില്ലയില്‍ കറുമുള്ളൂര്‍ ഇലയ്ക്കാട്ട് ഫിലിപ്പിന്റെയും ഏലിയാമ്മയുടെയും മകനാണ് റോബിന്‍ ഇലക്കാട്ട്. വെളിയനാട് ചെമ്മഴക്കാട് കുടുംബാംഗവും ഫിസിഷ്യന്‍ അസിസ്റ്റന്റുമായ ടീന ആണ് ഭാര്യ. ലിയ, കേറ്റ്‌ലിന്‍ എന്നിവരാണ് മക്കള്‍.

മയക്കുമരുന്ന് കേസില്‍ തെറ്റിദ്ധരിക്കപ്പെട്ട് ഖത്തര്‍ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ അശോകന്‍. ജീവിതം അവസാനിച്ചു എന്ന് ആലോചിച്ച് കരഞ്ഞ നാളുകളെ കുറിച്ചാണ് അശോകന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഇന്നും താന്‍ ഏറെ നടുക്കത്തോടെ ഓര്‍ക്കുന്ന ഒരു സംഭവമാണിത് എന്നാണ് അശോകന്‍ പറയുന്നത്.

അശോകന്റെ വാക്കുകള്‍:

1988-ല്‍ ആണ് ഈ സംഭവം. ഒരു സുഹൃത്തിനെ സന്ദര്‍ശിക്കാനാണ് അന്ന് ഖത്തറില്‍ പോയത്. അദ്ദേഹത്തിന്റെ വീട്ടിലെ വിരുന്നിന് ശേഷം ഞാനും എന്റെ മറ്റൊരു സുഹൃത്തും ഹോട്ടലിലേക്ക് തിരിച്ചു. ഹോട്ടല്‍ മുറി തുറക്കാന്‍ ശ്രമിച്ചപ്പോള്‍ സാധിച്ചില്ല. അപ്പോള്‍ സഹായിക്കാന്‍ മൂന്ന് നാല് അറബികള്‍ വന്നു. അവര്‍ പൂട്ടു തുറക്കുകയും അകത്തു കയറുകയും വാതില്‍ കുറ്റിയിടുകയും ചെയ്തു.

ഞങ്ങള്‍ വല്ലാതെ ഭയന്നു പോയി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. അവര്‍ മുറി മുഴുവന്‍ പരിശോധിച്ചു. മുറിയിലെ കാര്‍പ്പറ്റ് പൊക്കി നോക്കിയും ബെഡൊക്കെ കത്തി കൊണ്ടി കീറി നോക്കിയും ബാത്ത്‌റൂം, ബാഗ്, അലമാര എല്ലാം വിശദമായി തിരഞ്ഞു. ഒരു മണിക്കൂറിന് ശേഷം അവര്‍ ഞങ്ങളെ ഖത്തറിലെ പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടു പോയി. അപ്പോഴാണ് അവര്‍ സിഐഡികളാണെന്ന് മനസ്സിലായത്.

അവരുടെ മേലുദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കി, പരസ്പരം എന്തൊക്കേയോ അറബിയില്‍ പറയുന്നത് കേട്ടു. എന്റെ സുഹൃത്തിനെ അതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിക്കൊണ്ടുപോയി. അയാള്‍ തിരിച്ചെത്തിയപ്പോള്‍ മുഖത്ത് ഒരുപാട് അടി കിട്ടി വല്ലാതെ ചുവന്നിരിക്കുന്നു. അതിന് ശേഷം ഞങ്ങളെ ജയിലില്‍ കൊണ്ടുപോയി രണ്ട് സെല്ലിലിട്ട് പൂട്ടി. ഇത് സ്വപ്‌നമാണോ എന്നൊക്കെ ചിന്തിച്ചു പോയി.

എനിക്കൊപ്പം രണ്ട് പാകിസ്ഥാനി തടവുകാരാണ് ഉണ്ടായിരുന്നത്. ഞാന്‍ കരയുകയാണ് അവര്‍ സമാധാനിപ്പിച്ചു. ഇനി ജീവിതത്തില്‍ ഇവിടെ നിന്നും ഇറങ്ങാന്‍ പറ്റില്ലെന്ന് തോന്നി. സെല്ലില്‍ കിടന്ന് കരയുക എന്നല്ലാതെ വേറൊന്നും ചെയ്യാനുണ്ടായില്ല. ജീവിതം അവസാനിച്ചുവെന്ന് കരുതി ഞാന്‍ കരഞ്ഞു. പിറ്റേന്ന് രാവിലെ ആയപ്പോള്‍ മുമ്പ് മലയാളികള്‍ മുമ്പ് കിടന്നിരുന്ന സെല്ലിലാണ് താന്‍ കിടന്നത് എന്ന് മനസ്സിലായി.

ഇതോടെ ഞാന്‍ അമ്മയെ കുറിച്ചോര്‍ത്തു. ഇനി ഇറങ്ങാന്‍ സാധിക്കില്ലെന്ന് വിചാരിച്ചു. 10 മണി ആയപ്പോ ഞങ്ങളുടെ സ്‌പോണ്‍സര്‍ എത്തി. കുഴപ്പമില്ലെന്ന് പറഞ്ഞു. അവിടെയുള്ള പൊലീസുകാര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ അമിതാഭ് ബച്ചനെയും കമല്‍ഹാസനെയും മാത്രമേ അറിയുകയുള്ളുവായിരുന്നു. യൂ അമിതാഭ് ബച്ചന്‍ ഫ്രണ്ട് എന്നൊരാള്‍ വന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ സിനിമ മാത്രമേ കണ്ടിട്ടുള്ളു. എങ്കിലും യെസ് എന്ന് പറഞ്ഞു.

പിന്നീട് മറ്റൊരു അറബി എത്തി യൂ കമല്‍ഹാസന്‍ ഫ്രണ്ട് എന്ന ചോദിച്ചു അതിനും യെസ് എന്ന് പറഞ്ഞു. പതിനൊന്നര മണിയായപ്പോള്‍ ഒരു അറബി വന്ന് എന്നെ കൂട്ടികൊണ്ടു പോയി. അപ്പോഴാണ് കാര്യം മനസ്സിലായത്. ഡ്രഗ് അഡിക്ട് ആയി ഞാന്‍ അഭിനയിച്ച സിനിമയിലെ സ്റ്റില്‍സ് കട്ട് ചെയ്ത് ആരോ അയച്ച് പാര വെച്ചതാണ്. സിനിമ കാരണം ജയിലില്‍ കൊണ്ടിട്ടു.

ജയിലില്‍ നിന്നും റിലീസാകാന്‍ കാരണം മറ്റൊരു സിനിമയാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരുക്കിയ അനന്തരം. സിനിമയെ കുറിച്ച് ഗള്‍ഫിലെ ഒരു പത്രത്തില്‍ ഉണ്ടായിരുന്നു. ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ തിരഞ്ഞെടുത്തിരിക്കുന്നു എന്ന പത്രവാര്‍ത്ത. അതില്‍ സിനിമയെ കുറിച്ചും എന്നെ കുറിച്ചും വിശദീകരിച്ച് എഴുതിയിട്ടുണ്ട്. സ്‌പോണ്‍സര്‍ അത് പൊലീസുകാര്‍ക്ക് കാണിച്ച് കൊടുക്കുകയായിരുന്നു.

മുപ്പതാം ജന്‍മദിനം ആഘോഷിക്കുകയാണ് തെന്നിന്ത്യന്‍ നടി റെജിന കസാന്‍ഡ്ര. പിറന്നാള്‍ ദിനത്തില്‍ ആരാധകരുടെ ഞെട്ടിക്കുന്ന പോസ്റ്റാണ് താരം പങ്കുവച്ചിരിക്കുന്നത്. മനോഹരമായ ചിത്രം പങ്കുവച്ച് ‘നഗ്ന ചിത്രങ്ങള്‍ കാണാന്‍ ഇടത്തേക്ക് സ്വൈപ്പ് ചെയ്യുക..’ എന്നാണ് റെജിന ചിത്രത്തില്‍ കുറിച്ചിരിക്കുന്നത്.

കുട്ടിക്കാലത്തെ രസകരമായ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ജന്‍മദിനത്തില്‍ തന്നെ ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ച് കുറിപ്പും റെജിന പങ്കുവച്ചിട്ടുണ്ട്. ഡിസംബര്‍ 13ന് ആണ് താരം തന്റെ മുപ്പതാം പിറന്നാള്‍ ആഘോഷിച്ചത്. കേഡി ബില്ല കില്ലാഡി രംഗ എന്ന ശിവകാര്‍ത്തികേയന്‍ ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയായത്.

സൈബര്‍ സദാചാരക്കാരോടുള്ള മറുപടിയായാണ് റെജീനയുടെ പോസ്റ്റ് എന്ന കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. പോസ്റ്റിന് നേരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. നെഞ്ചം മരപ്പത്തിലൈ, പാര്‍ട്ടി, ചക്ര, കല്ലപ്പാര്‍ട്ട്, കസഡ തപര എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

കണ്ട നാള്‍ മുതല്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് റെജീന സിനിമയിലേക്ക് എത്തിയത്. തമിഴ്, കന്നഡ, തെലുങ്ക്, ബോളിവുഡ് ചിത്രങ്ങളില്‍ വേഷമിട്ട താരം മാനഗരം, ഏവ്, ഏക് ലഡ്കി കോ ദേഖാ തോ ഏസാ ലഗാ എന്നീ ശ്രദ്ധേയമായ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

 

 

View this post on Instagram

 

A post shared by Regina Cassandra (@reginaacassandraa)

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്‍റെ അപകടമരണത്തിനു കാരണമായ ലോറി കണ്ടെത്തി. ഡ്രൈവര്‍ ജോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. മരണത്തില്‍ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ലോറിയേയും ഡ്രൈവറേയും ഈഞ്ചക്കലില്‍ നിന്നാണ് ഫോര്‍ട്ട് എ.സി പ്രതാപന്‍റെ നേതൃത്വത്തിലുള്ള സംഘം കസ്ററഡിയിലെടുത്തത്.

വെള്ളായണിയിലേക്ക് എം.സാന്‍റ് കയറ്റിപ്പോയ ലോറിയാണ് അപകടം ഉണ്ടാക്കിയത്. ജോയിയായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഭയം കാരണമാണ് വാഹനം നിര്‍ത്താതെ പോയതെന്നാണ് പൊലീസിനു നല്‍കിയമൊഴി. ഇയാളെകുറിച്ച് വിശദമായി അന്വേഷണം നടത്തുന്നുണ്ടെന്നു ഫോര്‍ട്ട് എ.സി പറ‍ഞ്ഞു

പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തിരുവനന്തപുരം പ്രസ്ക്ലബില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള പ്രമുഖര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. അതേസമയം സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നു മുല്ലപ്പള്ളി രാമചന്ദ്രനും, പി.കെ.കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു. മരണം ഗൗരവമായി പരിശോധിക്കുമെന്നായിരുന്നു മന്ത്രി.

ബ്രിട്ടനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ദക്ഷിണ ബ്രിട്ടനിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഇത് കോവിഡ് വ്യാപനം വേഗത്തിലാകാൻ ഇടയാക്കിയേക്കുമെന്ന് ആശങ്കയുയർത്തുന്നുവെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി മാറ്റ് ഹാൻകോക് വ്യക്തമാക്കി.

കോവിഡ് വ്യാപനത്തെ തുടർന്ന് ലണ്ടനിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. തിയറ്റർ, പബ്, റസ്റ്ററന്റ് തുടങ്ങിയവ അടയ്ക്കും. കുടുംബാംഗങ്ങൾ അല്ലാത്തവരുമായി ഇടപഴകരുതെന്നും പൊതു സ്ഥലങ്ങളിൽ പരമാവധി ആറു പേരിൽ കൂടുതൽ കൂട്ടംകൂടരുതെന്നും നിർദേശമുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സ്ഥിതി വഷളാകാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി കൂടെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് മാറ്റ് ഹാൻകോക് പറഞ്ഞു.

പ്രതിദിന കോവിഡ് കണക്കുകളിലും ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിലും വർധനയുണ്ടെന്ന് മാറ്റ് ഹാൻകോക് പറഞ്ഞു. ചില പ്രദേശങ്ങളിൽ ഏഴു ദിവസം കൂടുമ്പോൾ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകുന്നു.

ലണ്ടനിലും ദിനംപ്രതി രോഗികളുടെ എണ്ണത്തിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും കടുത്ത വര്‍ധനവാണുണ്ടാകുന്നത്. രോഗം പടര്‍ന്നുപിടിക്കുന്ന സ്ഥലങ്ങളില്‍ 11നും 18നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കായി കോവിഡ് പരിശോധന ആരംഭിച്ചു. രൂപാന്തരം പ്രാപിച്ച പുതിയ കൊറോണ വൈറസ് അതിവേഗം പടരുന്നതാണെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ വീണ്ടും കൂടുതല്‍ ആളുകള്‍ രോഗത്തിന്റെ പിടിയിലാകുമെന്നത് ആശങ്കാജനകമാണെന്ന് ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റി വൈറോളജി വിഭാഗത്തിലെ ആന്‍ഡ്രൂ ഡേവിഡ്‌സണ്‍ പറഞ്ഞു.

ദുബായ്∙ ജബൽ അലിയിൽ നിന്ന് ഈ മാസം 8ന് കാണാതായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി മൂലാംപള്ളി വടക്കേപ്പറമ്പിൽ സേവ്യറിന്റെ മകൻ സുനിൽ സേവ്യറാ(45)ണ് മരിച്ചത്. ജബൽ അലിയിൽ നിന്ന് തന്നെ പൊലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ബന്ധു ഷിനോയ് ഇന്ന് തിരിച്ചറിഞ്ഞു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും.

നേരത്തെ 13 വർഷം ദുബായിൽ ജോലി ചെയ്തിരുന്ന പെയിന്ററായ സുനിൽ ജോലി ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് തിരിച്ചുപോവുകയും 2 മാസം മുൻപ് വീണ്ടും ജോലി അന്വേഷിച്ച് ടൂറിസ്റ്റ് വീസയിൽ വരികയുമായിരുന്നു. നേരത്തെ ഒപ്പം ജോലി ചെയ്തിരുന്നവരുടെ കമ്പനിയിൽ പുതിയ ജോലി ലഭിച്ച് വീസാ നടപടികൾ പൂർത്തിയാക്കിയിരുന്നു. സുഹൃത്തുക്കളോടൊപ്പമായിരുന്നു ജബൽ അലിയിലെ ഫ്ലാറ്റിൽ താമസം.

കാണാതായ ദിവസം വൈകിട്ട് ആറിന് പുറത്തിറങ്ങിയ സുനിൽ തിരിച്ചുവരാത്തതിനെ തുടർന്ന് പരിസരത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. പിന്നീട് ഷിനോയ് ജബൽ അലി പൊലീസിലും ഇന്ത്യൻ കോൺസുലേറ്റിലും പരാതി നൽകുകയായിരുന്നു. സേവ്യർ–മേരി സേവ്യർ ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രവീണ പ്രമീള. രണ്ട് മക്കളുണ്ട്.

2021ലെ റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥിയാകാനുള്ള ക്ഷണം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്വീകരിച്ചു. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് ഇക്കാര്യം അറിയിച്ചു. ഇന്ത്യയുടെ ക്ഷണം വലിയൊരു അംഗീകാരമായി കാണുന്നുവെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേർത്തു.

നവംബർ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഔദ്യോഗികമായി ക്ഷണിച്ചത്. ബ്രിട്ടൻ ആതിഥേയരാകുന്ന ജി 7 ഉച്ചകോടിയിലേക്ക് ബോറിസ് ജോൺസൺ നരേന്ദ്ര മോദിയെയും ക്ഷണിച്ചിട്ടുണ്ട്. 1993ൽ ജോൺ മേജറാണ് റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുത്ത അവസാന ബ്രിട്ടീഷ് പ്രധാനമന്ത്രി

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും നോട്ടിസ് നൽകി. രവീന്ദ്രൻ വ്യാഴാഴ്ച ഹാജരാകണമെന്ന് നോട്ടിസിൽ പറയുന്നു.

ഇത് നാലാം തവണയാണ് ഇഡി നോട്ടിസ് നൽകുന്നത്. കെ–ഫോൺ, ലൈഫ് മിഷൻ പദ്ധതികളിലെ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് സ്വർണക്കടത്തു കേസിലെ പ്രതികളുടെ മൊഴിയുടെ പശ്ചാത്തലത്തിലാണ് രവീന്ദ്രന് ഇഡി നോട്ടിസ് നൽകിയത്. മുൻപു നോട്ടിസ് നൽകിയപ്പോഴെല്ലാം ചികിത്സ ആവശ്യങ്ങൾ പറഞ്ഞ് രവിന്ദ്രൻ ഒഴിഞ്ഞുമാറിയിരുന്നു.

RECENT POSTS
Copyright © . All rights reserved