ആറന്മുള നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. പരിക്കേറ്റ വീണ ജോര്‍ജ്ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ ഡ്രൈവര്‍ക്കും പരിക്കുണ്ട്.
പ്രചാരണത്തിനിടെ സ്ഥാനാര്‍ത്ഥി സഞ്ചരിച്ച വാഹനത്തില്‍ എതിരെവന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന് അടുത്തുവച്ചായിരുന്നു സംഭവം. അമിത വേഗതയിലായിരുന്നു കാര്‍ എന്നാണ് വിവരം. അപകടത്തില്‍ വീണയുടെ തല കാറിലിടിച്ചു. അതേസമയം പരിക്ക് ഗുരുതരമല്ല.
വീണയെയും ഡ്രൈവറെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത ഏറുന്നു.
വൈഗയുടെ (13) പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ലാറ്റില്‍ സനു മോഹനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി.
സനു മോഹന്റെയും കാറിന്റെയും ലുക്കൗട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി. കാര്‍ പൊളിച്ച് വിറ്റിരിക്കാം എന്നാണ് പൊലീസിന്റെ നിഗമനം. സനു മോഹന്‍ തന്നെയാണോ കാറോടിച്ചത് എന്നുള്ള കാര്യത്തില്‍ ഇപ്പോഴും പൊലീസിന് തെളിവുകള്‍ ലഭിച്ചിട്ടില്ല.
സനു മോഹനും മകള്‍ വൈഗയും അടങ്ങിയ കുടുംബം താമസിച്ചിരുന്ന കാക്കനാട്ടെ ഫ്ളാറ്റില്‍ പൊലീസ് രക്തക്കറ കണ്ടെത്തിയിരുന്നു. ഈ രക്തക്കറ വൈഗയുടെതെന്ന സംശയത്തിലാണ് അന്വേഷണ സംഘം. രക്ത സാമ്പിളുകള്‍ പോലീസ് പരിശോധനയ്ക്ക് അയച്ചു.
ഇതിനിടെ സനു മോഹന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. തമിഴ്നാട്ടിലുള്ള സനു മോഹന്റെ സുഹൃത്തും ഒളിവിലാണ്. വൈഗയുടെ മരണത്തെക്കുറിച്ചും സനു മോഹന്റെ തിരോധാനത്തെ കുറിച്ചും ഇയാള്‍ക്ക് അറിവ് ഉണ്ടാകാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സനു മോഹന്റെ സാമ്പത്തിക കുറ്റകൃത്യങ്ങളും നിലവിലെ സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നും പോലീസ് സംശയിക്കുന്നു.
സനുവിന്റെ പഴയ കാര്‍ ചെന്നൈയിലേക്ക് പോയ അന്വേഷണ സംഘത്തിന് വര്‍ക്ഷോപ്പുകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നേരത്തെ സനു മറ്റൊരു കാര്‍ പൊളിച്ചു വിറ്റതായി പോലീസിനു വിവരം ലഭിച്ചു. കോയമ്പത്തൂരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.
മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കേരളത്തിലും മാധ്യമങ്ങള്‍ വഴിയും ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ആള്‍ത്തിരക്കുള്ള കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലും സനുവിന്റെ ഫോട്ടോയും പ്രാദേശികഭാഷയില്‍ വിശദാംശങ്ങളും പരസ്യപ്പെടുത്തും. കാറിനെപ്പറ്റി വിവരം ലഭിച്ചാല്‍ അറിയിക്കണമെന്നും നോട്ടീസിലുണ്ട്.
സനുവിനെ കണ്ടെത്താന്‍ ചെന്നൈക്കു പോയ പൊലീസ് സംഘം അവിടെ ക്യാംപ് ചെയ്യുകയാണ്. പുണെയിലും പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തും.
കൊച്ചി∙ മറ്റൊരു സുകുമാരക്കുറുപ്പാകുമോ സനു മോഹൻ? ദുരൂഹതകളുടെ ഒട്ടേറെ അടയാളങ്ങൾ ശേഷിപ്പിച്ച് അയാൾ മറഞ്ഞത് എവിടേക്ക്? കോയമ്പത്തൂർ വരെയെത്തിയ കാർ പിന്നീട് എവിടെപ്പോയി? കാർ ഓടിച്ചതു സനു മോഹൻ അല്ലെങ്കിൽ പിന്നെയാര്? സമീപകാലത്തൊന്നുമില്ലാത്ത തരത്തിൽ, സിറ്റി പൊലീസിനെ കുഴയ്ക്കുകയാണു സനു മോഹന്റെ തിരോധാനവും മകൾ വൈഗയുടെ ദുരൂഹമരണവും.
പൊലീസിന്റെയും ബന്ധുക്കളുടെയും നാട്ടുകാരുടെയുമൊക്കെ മനസ്സിലുള്ള പ്രഹേളികയ്ക്കു പരിഹാരം കണ്ടെത്താൻ കഴിയുന്നത് ഒരേ ഒരാൾക്കു മാത്രമാണ് – സനു മോഹന്!
കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽനിന്നു സനു മോഹനും മകൾ വൈഗയും അപ്രത്യക്ഷരാകുന്നത് കഴിഞ്ഞമാസം 21ന്. ബന്ധുക്കൾ നൽകിയ പരാതിയിലാണു പൊലീസ് അന്വേഷണം തുടങ്ങുന്നത്. ഭാര്യയെ ആലപ്പുഴയിലെ ബന്ധുവീട്ടിൽ ആക്കിയ ശേഷം സനു മോഹനും മകൾ വൈഗയും കാക്കനാടേക്കു മടങ്ങുകയായിരുന്നു.
21ന് രാത്രി ഒൻപതരയോടെ വൈഗയെ, പുതപ്പിൽ പൊതിഞ്ഞു ചുമലിലിട്ടു സനു മോഹൻ കൊണ്ടുപോകുന്നതു കണ്ടവരുണ്ട്. പിറ്റേന്ന്, മുട്ടാർ പുഴയിൽനിന്നു വൈഗയുടെ മൃതദേഹം കണ്ടെത്തി. സനുമോഹനും മരിച്ചിട്ടുണ്ടാകാമെന്ന നിലയിൽ അന്വേഷണം തുടർന്ന തൃക്കാക്കര പൊലീസിനു മുന്നിൽ വെളിപ്പെട്ട കാര്യങ്ങൾ കേസിന്റെ ഗതിയെ കീഴ്മേൽ മറിച്ചു.
കങ്ങരപ്പടിയിലെ ഫ്ലാറ്റിൽനിന്നു ലഭിച്ച രക്തക്കറയുൾപ്പെടെയുള്ള തെളിവുകൾ കേസിനെ സങ്കീർണമാക്കുന്നു. മനുഷ്യരക്തമാണെന്നു തിരിച്ചറിഞ്ഞുവെങ്കിലും ആരുടേതാണെന്നു വ്യക്തമല്ല. ഇതുൾപ്പെടെയുള്ള നിർണായകമായ മറ്റു ചില തെളിവുകളും ഇവിടെനിന്നു ലഭിച്ചിട്ടുണ്ട്.
രക്തം ആരുടേതാണെന്നു കണ്ടെത്താൻ പരിശോധനകൾ വേണം. സനു മോഹന്റെയോ വൈഗയുടേയോ അല്ല ഇവിടെനിന്നു ലഭിച്ച രക്ത സാംപിളെങ്കിൽ, അന്വേഷണം വീണ്ടും സങ്കീർണമാകും. ഇവരെക്കൂടാതെ, ഫ്ലാറ്റിൽ ആരാണുണ്ടായിരുന്നതെന്ന് അന്വേഷിക്കേണ്ടി വരും. ലഭിച്ച സാംപിളിന്റെ പഴക്കവും നിർണായകമാണ്.
വൈഗയുടേതു മുങ്ങിമരണമാണെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരികാവയവ പരിശോധന പൂർത്തിയായാൽ മാത്രമേ, കൂടുതൽ വ്യക്തതയുണ്ടാകൂ. വൈഗയുടേത് അപകട മരണമാണോ, സനു മോഹൻ ഉൾപ്പെടെ മറ്റാരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല.
വൈഗയെ പിതാവ് സനുതന്നെ അപായപ്പെടുത്തിയതാകാമെന്ന ബലമായ സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്. വൈഗയുടെ മൃതദേഹം പുഴയിൽ കണ്ടെത്തുന്നതിനു തലേന്നാൾ ഫ്ലാറ്റിൽ അസ്വാഭാവികമായ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന അനുമാനത്തിലാണു പൊലീസ്.
സനു മോഹന്റെ കാർ വാളയാർ കടന്നതായും കോയമ്പത്തൂർ സുഗുണപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെത്തിയതായും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പക്ഷേ, അതിനു ശേഷം എവിടേക്കു പോയെന്നു വ്യക്തമല്ല. മാത്രമല്ല, കാർ ഓടിച്ചതു സനു ആണോ എന്നുറപ്പിക്കാനും കഴിഞ്ഞിട്ടില്ല.
കാർ പൊളിച്ചു മാറ്റിയിരിക്കാമെന്നാണു പൊലീസ് നിഗമനം. സനു മോഹനന്റെ പേരിൽ പൊലീസ് പുറപ്പെടുവിച്ച തിരച്ചിൽ നോട്ടിസിൽ, കാർ കണ്ടെത്തിയാൽ അറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചയിലേറെയായി, തൃക്കാക്കര പൊലീസിന്റെ പ്രത്യേക സംഘം കോയമ്പത്തൂരിലും ചെന്നൈയിലുമായി അന്വേഷണം നടത്തുകയാണ്.
കോയമ്പത്തൂരിലും ചെന്നൈയിലും പുണെയിലുമൊക്കെ സാമ്പത്തിക ഇടപാടുകളും അതുമായി ബന്ധപ്പെട്ട തർക്കങ്ങളുമൊക്കെയുള്ളയാളാണു സനു മോഹൻ. ഇത്തരം സംഘങ്ങൾ വൈഗയെയും സനു മോഹനെയും അപായപ്പെടുത്തിയിരിക്കാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. സാമ്പത്തിക പ്രശ്നങ്ങൾ സനു മോഹനെ അലട്ടിയിരുന്നു.
പുണെയിൽനിന്നു മടങ്ങാനുള്ള കാരണവും സാമ്പത്തിക പ്രശ്നങ്ങളാണെന്നാണു വിവരം. ഒരാൾക്കു 40 ലക്ഷം രൂപ നൽകാനുണ്ടെന്നു ചില സുഹൃത്തുക്കളോടു സനു പറഞ്ഞതായി വിവരമുണ്ട്. ഇതിനുള്ള തുക തന്റെ അക്കൗണ്ടിലുണ്ടെന്നും സനു പറഞ്ഞിരുന്നു. പക്ഷേ, അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിച്ച പൊലീസിന്, അടുത്ത കാലത്തൊന്നും വൻ തുകകളുടെ ഇടപാടു നടന്നതായി തെളിവു ലഭിച്ചില്ല.
ദുരൂഹതകൾ ഏറെയുള്ള വ്യക്തിയാണു സനു മോഹനെന്നും പൊലീസ് പറയുന്നു. മാസങ്ങൾക്കു മുൻപ്, സ്വന്തം വീട്ടിലെ മേശ പൊളിച്ച് സ്വർണം എടുത്തിട്ടുണ്ടെന്നാണു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. േമശ നന്നാക്കാനെന്നു പറഞ്ഞ്, ആശാരിയെ വരുത്തിയാണു പൂട്ടു പൊളിച്ചത്. പുണെയിലെ സാമ്പത്തിക തർക്കങ്ങളിൽ ചിലതു കേസായിട്ടുണ്ടെന്നും പൊലീസ് പറയുന്നു. മർവാഡി സംഘങ്ങളുടെ ഇടപെടലിനുള്ള സാധ്യതയും ആരായുന്നുണ്ട്.
ഇതിനകം ലക്ഷത്തിലേറെ ഫോൺകോൾ വിവരങ്ങളാണു പൊലീസ് പരിശോധിച്ചത്. ഭാര്യയുടേതടക്കം സനുവിന്റെ കൈയിൽ 3 മൊബൈൽ ഫോണുകളുണ്ട്. 21ന് രാത്രി ഭാര്യാപിതാവിനെയാണ് ഏറ്റവുമൊടുവിൽ സനു വിളിച്ചത്. 3 ഫോണുകളും അതിനു ശേഷം സ്വിച്ച് ഓഫ് ആണ്.
പുണെയിലും ചെന്നൈയിലുമുള്ള 2 സുഹൃത്തുക്കൾ പൊലീസിന്റെ നിരീക്ഷണത്തിലുണ്ട്. നേരത്തേ, സനുവിന്റെ മൊബൈൽ ഫോൺ വിൽക്കാൻ സഹായിച്ചയാളാണ് ഇതിലൊരാൾ. സ്വന്തം ആധാർ വച്ച് ഇയാൾ പുതിയ ഫോൺ കണക്‌ഷൻ എടുത്തിട്ടില്ലെന്നു പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്. വൈഗയുടെ ആന്തരികാവയവ പരിശോധനാ റിപ്പോർട്ട് വേഗത്തിൽ ലഭിക്കാനും പൊലീസ് ശ്രമിക്കുന്നു.
മറ്റൊരു സുകുമാരക്കുറുപ്പാകുമോ സനു മോഹനെന്ന ആശങ്കയും പൊലീസ് മറച്ചു വയ്ക്കുന്നില്ല. ഒട്ടും വൈകാതെ അന്വേഷണം തുടങ്ങിയ കേസാണിത്. കാറിന്റെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ സാധിച്ചു. പക്ഷേ, രണ്ടാഴ്ചയാകുമ്പോഴും സനു മോഹൻ കാണാമറയത്താണ്.
മറ്റെന്തു തെളിവുകൾ ലഭിച്ചാലും സനു മോഹനെ ജീവനോടെ ലഭിച്ചാൽ മാത്രമേ, സംഭവത്തിന്റെ ചുരുളഴിയൂ. സനു മോഹൻ വേഷം മാറി സഞ്ചരിക്കാനുള്ള സാധ്യതയും പൊലീസ് പരിഗണിക്കുന്നു. ഇയാളുടെ വിവിധ രൂപത്തിലുള്ള ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
‘തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു കേസ് അന്വേഷിക്കുന്നത്. സനു മോഹന് മറ്റു സംസ്ഥാനങ്ങളിൽ സാമ്പത്തിക ഇടപാടുകളുണ്ട്. വിശദമായ അന്വേഷണം വേണ്ടി വരും. ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്’– കൊച്ചി സിറ്റി പൊലീസ് ഡിസിപി ഐശ്വര്യ ഡോങ്റെ പറഞ്ഞു.
കണ്ണൂര്‍: പാര്‍ട്ടിയിലെ വ്യക്തിപൂജയെ വിമര്‍ശിച്ച് മുതിര്‍ന്ന പാര്‍ട്ടി സിപിഎം നേതാവ് പി ജയരാജന്‍. മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ എന്നു വിശേഷിപ്പിക്കുന്നത് വ്യക്തി ആരാധനയുടെ ഭാഗമായാണെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ജയരാജന്റെ പോസ്റ്റ്. ജനങ്ങള്‍ക്കിടയില്‍ ഇടതു പക്ഷത്തിനു ലഭിക്കുന്ന ജനപ്രീതിയുടെ ഭാഗമാണ് വ്യക്തി ആരാധനയെന്നു പറയുന്ന ജയരാജന്‍ കമ്മ്യൂണിസ്റ്റുകാര്‍ ഇതില്‍ അഭിരമിക്കുന്നവരല്ലെന്നും ചൂണ്ടിക്കാട്ടി.
ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും പ്രതീകൂലിച്ചും വാദങ്ങള്‍ ഉയരുന്നുണ്ട്. പാര്‍ട്ടിക്കുള്ളില്‍ നിന്നുപോലും വ്യക്തി ആരാധനയുടെ പേരില്‍ ഏറ്റവും അധികം വിമര്‍ശനംനേരിടേണ്ടിവന്ന നേതാവാണ് പി ജയരാജന്‍. സൈബര്‍ ഇടത്തില്‍ പി ജെ ആര്‍മി പോലെയുള്ള പേജുകളും ഈ വ്യക്തി ആരാധനക്ക് ഉദാഹരണമാണ്. ഈ സാഹചര്യത്തിലാണ് ജയരാജന്റെ പോസ്റ്റിനെതിരെ വിമര്‍ശനം ഉയരുന്നത്. മുഖ്യമന്ത്രിക്കെതിരെ പരോക്ഷമായി വിമര്‍ശനം ഉന്നയിക്കുകയാണ് ജയരാജനെന്നും അഭിപ്രായമുണ്ട്.
കമ്യൂണിസ്റ്റുകാര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ജനപ്രിയതയില്‍ പലരും അസ്വസ്ഥരാണ്. ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇടതുപക്ഷമാണ്.
ജനങ്ങളോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍, അവര്‍ സ്‌നേഹഹ സൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലര്‍ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും. എന്നാല്‍, കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല. സഖാവ് കോടിയേരി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാര്‍ട്ടിയില്‍ ‘എല്ലാവരും സഖാക്ക’ളാണ്. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍. അതു കൊണ്ട് വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയില്‍ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാര്‍ട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്.
ജോൺ കുറിഞ്ഞിരപ്പള്ളി
ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് അസോസിയേഷൻറെ ആദ്യത്തെ ജനറൽ ബോഡി നടക്കുകയാണ്. ഈ വർഷം ഓണാഘോഷത്തോടനുബന്ധിച്ചു് നടത്തേണ്ട കലാപരിപാടികൾ എന്തൊക്കെ ആയിരിക്കണം എന്ന് തീരുമാനിക്കണം. ക്രിസ്തുമസ്സ് ,വിഷു,ഈസ്റ്റർ തുടങ്ങിയ അവസരങ്ങളിൽ അസോസിയേഷൻ എന്തെല്ലാം ചെയ്യണം? അങ്ങനെ ഒരു വർഷത്തെ പരിപാടികളും ബഡ്‌ജറ്റും എല്ലാം അടങ്ങിയ വിപുലമായ അജണ്ടയാണ് ചർച്ച ചെയ്യുവാനുള്ളത്.
ചർച്ച നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ കൊല്ലം രാധാകൃഷ്ണൻ പറഞ്ഞു, “എനിക്കൊരു കാര്യം പറയാനുണ്ട്.”
” തനിക്ക് കാര്യങ്ങൾ എന്തുവേണമെങ്കിലും പറയാം. പക്ഷേ കഥാപ്രസംഗത്തിൻറെ കാര്യം മാത്രം മിണ്ടിപ്പോകരുത്.”ജോർജ് കുട്ടി പറഞ്ഞു.
ആ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു.
“ഇത് കഥാപ്രസംഗം അല്ല. മറ്റൊരു അടിയന്തര വിഷയമാണ് . പ്രവാസി മലയാളികളും മറുനാടൻ മലയാളികളും സാമൂഹ്യസേവന രംഗത്ത് വളരെയധികം കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് വീടില്ലാത്തവർക്ക് വീട് വെച്ചു കൊടുക്കുന്നു ,കുടയില്ലാത്തവർക്ക് കുട വാങ്ങി കൊടുക്കുന്നു, പഠിക്കാൻ പുസ്തകങ്ങളില്ലാത്തവർക്ക് പുസ്തകം വാങ്ങി കൊടുക്കുന്നു. അങ്ങനെ സാമൂഹ്യ സേവനരംഗത്ത് അവർ വളരെയധികം കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മുടെ ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് അസോസിയേഷൻ ഒന്നും ചെയ്യാതിരിക്കുന്നത് ശരിയല്ല. നമുക്ക് സാമൂഹ്യ സേവനം ചെയ്യണം.”
എല്ലാവരും രാധാകൃഷ്ണൻ്റെ അഭിപ്രായത്തോട് യോജിച്ചു. “എങ്കിൽ ഇനി എന്ത് ചെയ്യണം?എപ്പോൾ ചെയ്യണം ഇതെല്ലം തീരുമാനിക്കാം”.
സെൽവരാജ് പറഞ്ഞു, “പാലക്കാടുള്ള ഒരു കുടുംബത്തിൻ്റെ ദയനീയമായ അവസ്ഥ സോഷ്യൽ മീഡിയയിൽ കാണുകയുണ്ടായി. തട്ടുമ്പുറം സോമൻ എന്നൊരാളാണ് അത് പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മയ്ക്ക് ക്യാൻസർ, മകന് കിഡ്‌നി മാറ്റി വയ്ക്കണം, അച്ഛൻ തുച്ഛമായ വരുമാനമുള്ള കൂലിപ്പണിക്കാരൻ. സാമ്പത്തിക സഹായം ചോദിച്ചുകൊണ്ടുള്ള വളരെ ദയനീയമായ അവരുടെ അഭ്യർത്ഥന കാണുകയുണ്ടായി. മകൻ്റെ കിഡ്‌നി മാറ്റി വയ്ക്കാൻ പത്തുലക്ഷം രൂപ വേണം .”
“ഇങ്ങനെയുള്ള ഒരു കുടുംബത്തെ നമ്മൾ സഹായിക്കണം. പാലക്കാട് ആയതുകൊണ്ട് സെൽവരാജന് അന്വേഷിക്കാനും കഴിയും.”അച്ചായൻ അഭിപ്രായപ്പെട്ടു.
“ശരി നമുക്ക് ഒരു ഫണ്ട് പിരിവ് തുടങ്ങാം.”ജോർജ് കുട്ടി പറഞ്ഞു. എല്ലാവരും ആ അഭിപ്രായത്തോട് യോജിച്ചു.”ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് അസോസിയേഷൻ്റെ ആദ്യ സംരംഭമാണ് . എല്ലാവരും നന്നായിട്ടു ഉത്സാഹിക്കണം”,സെക്രട്ടറി പറഞ്ഞു.
ഞങ്ങൾക്ക് അറിയാവുന്ന കടകളിലും ഷോപ്പുകളിലും പോയി ഫണ്ട് പിരിവ് ആരംഭിച്ചു. പരിചയക്കാരെ ബന്ധപെട്ടു. രണ്ടാഴ്ചകൊണ്ട് രണ്ടു ലക്ഷം രൂപ പിരിഞ്ഞുകിട്ടി.
“ഈ പൈസ സെൽവരാജനും അച്ചായനും കൂടി പാലക്കാട് പോയി അവരെ നേരിട്ട് ഏൽപ്പിക്കുന്നതാണ് നല്ലത്. “പൊതുയോഗം തീരുമാനിച്ചു.
അച്ചായൻ പറഞ്ഞു,”ഞങ്ങൾ പൈസ കൊടുക്കുന്നതിൻ്റെ ഫോട്ടോ എടുത്ത് പത്രങ്ങളിലും സോഷ്യൽ മീഡിയകളിലും കൊടുക്കണം. നമ്മളുടെ അസോസിയേഷൻ്റെ പേര് എല്ലാവരും അറിയണം.”
രണ്ടുപേരുംകൂടി അടുത്ത വീക്കെൻഡ് പാലക്കാട് പോയി. തട്ടും പുറം സോമനേയും മകനെയും കണ്ടു കാശു കൊടുക്കാൻ തീരുമാനിച്ചു.
അച്ചായനെയും സെൽവരാജനെയും യാത്ര അയക്കാൻ ഭാരവാഹികൾ എല്ലാവരും റെയിൽവേ സ്റ്റേഷനിൽ പോയി.
ട്രെയിനിൽ കയറിക്കഴിഞ്ഞു സെൽവരാജ് പറഞ്ഞു,”പത്രത്തിൽ ഞങ്ങളുടെ ഫോട്ടോ വരുമ്പോൾ ആരും അസൂയപ്പെടരുത്,നമ്മളുടെ അസ്സോസിയേഷൻ്റെ പ്രശസ്തിക്ക് നമ്മൾ അല്പം ത്യാഗം സഹിക്കണം.”അവർ യാത്രയായി.
രാവിലെ ജോർജ് കുട്ടി ആരോടോ ഉറക്കെ സംസാരിക്കുന്നതുകേട്ടാണ് ഞാൻ എഴുന്നേറ്റത്. ജോർജ് കുട്ടി പറഞ്ഞു,”പൊളിഞ്ഞു,നമ്മുടെ പരിപാടികൾ. അച്ചായനെയും സെൽവരാജനേയും പോലീസ് അറസ്റ്റ് ചെയ്തു.അവരെ ഉടൻ പുറത്തിറക്കണം.എന്താ ചെയ്യുക?”
“എന്തുപറ്റി?
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ തട്ടുമ്പുറം സോമനും മൂന്നുനാലുപേരും അച്ചായനെയും സെൽവരാജനേയും കാത്തുനിന്നു. അവരെ റെയിൽവേ സ്റ്റേഷനിൽ നിന്നും അവർ ഒരു സൈഡിലേക്ക് കൂട്ടികൊണ്ടുപോയി.
“കിഡ്‌നി മാറ്റിവെക്കണ്ട കുട്ടി എവിടെ?”അച്ചായൻ ചോദിച്ചു.
“അത് ഞങ്ങൾ മാറ്റി വച്ചോളാം .നിങ്ങൾ പിരിച്ചെടുത്ത കാശുതന്നിട്ട് പൊയ്ക്കോളൂ”
“അത് പറ്റില്ല.ഞങ്ങൾക്ക് കുട്ടിയെ കാണണം:” അച്ചായൻ പറഞ്ഞു.
“ഞങ്ങളുടെ പേരിൽ പണം പിരിച്ചിട്ടു ന്യായം പറയാതെ കാശു തന്നിട്ട് പോടാ”.എന്നായി തട്ടുമ്പുറം സോമനും ശിങ്കിടികളും.
അച്ചായന് ഒരു ബുദ്ധി തോന്നി , “ബാങ്കിൽ പോയി ക്യാഷ് എടുക്കണം.”
ബഹളം കേട്ട് രണ്ട് പോലീസ്‌കാർ അവിടേക്ക് വന്ന്.”എന്താ പ്രശനം?”
അച്ചായൻ എല്ലാം വിവരിച്ചു പറഞ്ഞു.പോലീസുകാരൻ പറഞ്ഞു,”നിങ്ങൾ ഇവരുടെ പേരിൽ കാശു പിരിച്ചോ?”
“പിരിച്ചു.”
“എങ്കിൽ പിരിച്ച കാശു കൊടുത്തേക്ക്.”
പോലീസുകാർ അവരുടെ ആളുകളാണ് എന്ന് മനസ്സിലായി. അവർ അച്ചായനെയും സെൽവരാജനെയും തപ്പി അവരുടെ ബാഗിൽ നിന്നും ക്യാഷ് പിടിച്ചെടുത്തു. അതെ സമയം കാഴ്ചക്കാരായി ആളുകൾ അവർക്കുചുറ്റും തടിച്ചുകൂടി.ആരൊക്കെയോ മൊബൈലിൽ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തു.
അച്ചായനും സെൽവരാജനും ബഹളം വച്ചപ്പോൾ പോലീസുകാർ അവരെ അറസ്റ്റു ചെയ്തു.ഇപ്പോൾ അവർ പോലീസ് കസ്റ്റഡിയിലാണ്.
“അവരെ എങ്ങനെ പുറത്തിറക്കും?ഒരുപിടിയും കിട്ടുന്നില്ല.”എന്തെങ്കിലും ഒന്ന് പറയ്”.ജോർജ് കുട്ടി അകെ അസ്വസ്ഥനായി.
ഞാൻ പറഞ്ഞു,നമ്മുക്ക് ഒരു കാര്യം ചെയ്യാം. നമ്മടെ ഗൗഡയെ പോയി കണ്ടാലോ?”:
“അയാൾ എന്ത് ചെയ്യാനാണ്?”
“വരൂ,നോക്കാം.”ഞങ്ങൾ രാവിലെ ഗൗഡയുടെ വീട്ടിൽ എത്തി,വിവരങ്ങൾ എല്ലാം പറഞ്ഞപ്പോൾ ഗൗഡ ഒരു ചോദ്യം,”ഞാനെന്തു ചെയ്യാനാണ്?”
“ഇത്രയും സമയം നിങ്ങൾ മുഖ്യമന്ത്രിയുടെ പി.എ. ആയിരുന്നു. ഇപ്പോൾ മുഖ്യമന്ത്രിയാണ് എന്നുപറയുക.”
ഗൗഡ ഉഷാറായി. ഗൗഡ ഫോൺ എടുത്തു. ഞാൻ സംഘടിപ്പിച്ച ടെലിഫോൺ നമ്പർ ഗൗഡക്ക് കൊടുത്തു.
“ഞാൻ കർണാടക മുഖ്യമന്ത്രിയാണ്. എനിക്ക് ആഭ്യന്തര മന്ത്രിയുമായി ഉടൻ സംസാരിക്കണം.”
കേരള ആഭ്യന്തരമന്ത്രിയുടെ പി.എ. ഉടൻ മന്ത്രിയ്ക്ക് കണക്‌ട് ചെയ്തു.
“ഞാൻ കർണാടക മുഖ്യമന്ത്രി സംസാരിക്കുന്നു. എൻ്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രണ്ടുപേരെ പാലക്കാട് പോലീസ് അന്യായമായി തടഞ്ഞു വച്ചിരിക്കുന്നു. അവരെ ഉടൻ വിട്ടയക്കണം. അല്ലെങ്കിൽ ഇവിടെയുള്ള മലയാളികൾ എല്ലാത്തിനേം തിരിച്ചുവിടാനുള്ള പണി എനിക്കറിയാം.അതിൻറെ ആവശ്യമുണ്ടോ എന്ന് ആലോചിക്കുക. എനിക്ക് ഉടൻ മറുപടികിട്ടണം.”
ഗൗഡ വിശദീകരിച്ചു,”അറസ്റ്റു ചെയ്യപ്പെട്ടവർ മലയാളികളാണെങ്കിലും തൻ്റെ സ്ഥാപനത്തിലെ പ്രധാന ജോലിക്കാർ ആണ്.ഇത് കേരളവും കർണാടകയും തമ്മിലുള്ള പ്രശനമായി വളരാതെ നോക്കേണ്ടത് നിങ്ങളുടെ കടമയാണ്.”
“ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞു ഒന്നുകൂടെ വിളിക്കൂ സാർ. ഞാൻ ഒന്ന് അന്വേഷിക്കട്ടെ.”
ഗൗഡ നല്ല ഗൗരവത്തിൽ ഇരിക്കുകയാണ്. ശരിക്കും ചീഫ് മിനിസ്റ്റർ തന്നെ. കൃത്യം അഞ്ചുമിനിറ്റ് കഴിഞ്ഞു ഗൗഡ വിളിച്ചു.
അപ്പുറത്തുനിന്നും എന്തോ വിശദീകരണം കേട്ടു..
” ഓക്കേ താങ്ക്സ്.”ഗൗഡ ഫോൺ വച്ചു . ഞങ്ങളെ ഗൗരവത്തിൽ നോക്കി.കർണാടക മുഖ്യമന്ത്രിയുടെ പ്രേതം ഗൗഡയെ ബാധിച്ചിരിക്കുന്നു.
“പോലീസ് അവരെ വിട്ടയച്ചു. അവരിൽ നിന്നും പിടിച്ചെടുത്ത കാശും തിരിച്ചുകൊടുത്തു”. ഗൗഡ പറഞ്ഞു.
“ഇന്ന് വൈകുന്നേരം ഞങ്ങളുടെ അസോസിയേഷൻ്റെ വക ബിരിയാണി ഗൗഡക്ക്.”ഞാൻ പറഞ്ഞു.
“അപ്പോൾ ബോട്ടിലോ?”
” അത് ഇൻക്ലൂസിവ് അല്ലെ”
“അങ്ങനെ ഗൗഡക്ക് മാത്രം ബിരിയാണി വേണ്ട. അസോസിയേഷൻ ഭാരവാഹികൾക്ക് എല്ലാവർക്കും ബിരിയാണി ,ആർക്കെങ്കിലും എതിർപ്പ് ഉണ്ടോ?”.
ആ നിർദ്ദേശം ഏക കണ്ഠമായി പാസ്സാക്കി.
ഫണ്ട് തട്ടിപ്പിൽ നിന്നും രക്ഷപ്പെട്ടു തിരിച്ചെത്തിയ സെൽവരാജുനും ജോസഫ് അച്ചായനും ഒരു സ്വീകരണം കൊടുക്കുവാൻ ഞങ്ങളുടെ അസോസിയേഷൻ തീരുമാനിച്ചു .
പതിവുപോലെ ജോർജ്ജുകുട്ടി സ്വാഗത പ്രസംഗം നടത്തി .അതിനുശേഷം കൊല്ലം രാധാകൃഷ്ണൻ ജോസഫ് അച്ചായനേയും സെൽവരാജിനെയും പൊന്നാട അണിയിച്ചു.
“സുഹൃത്തുക്കളെ നമ്മളിൽ നിന്നും സാമൂഹ്യ സേവനത്തിനു വേണ്ടി വേർപിരിഞ്ഞുപോയ അച്ചായനും സെൽവരാജനും തിരിച്ചെത്തിയിരിക്കുകയാണ്. ഈ അവസരത്തിൽ ഞാൻ നിങ്ങളോട് ചോദിക്കുകയാണ് സാമൂഹ്യ സേവനം സാമൂഹിക സേവനം എന്ന് പറഞ്ഞു നമ്മൾ പത്രത്തിൽ കാണുന്ന വാർത്തയുടെ പുറകെ നടക്കേണ്ടത് ഉണ്ടോ? ഇത് നമുക്ക് നല്ലൊരു ഉദാഹരണമാണ്. നമ്മൾ മറുനാടൻ മലയാളികൾ ഇതിൽ നിന്നും ഒരു പാഠം പഠിക്കേണ്ടതുണ്ട് .ഈ അവസരത്തിൽ ഞാൻ എൻറെ നാട്ടിൽ നടന്ന ഒരു സംഭവം ഓർമിക്കുകയാണ് . അത് നിങ്ങളോട് പറയണമെന്നുണ്ട്. പക്ഷേ, അതൊരു കഥാപ്രസംഗത്തിനുള്ള വിഷയം ആയതുകൊണ്ട് ഞാനിപ്പോൾ സൂചിപ്പിക്കുന്നില്ല .
ഈ അവസരത്തിൽ നമ്മളെ സഹായിച്ച കർണാടക മുഖ്യമന്ത്രി ആയി അഭിനയിച്ച നമ്മുടെ ഗൗഡയെ ഓർമ്മിക്കാതെ ഇരിക്കാൻ കഴിയില്ല . ഭാവിയിലും അദ്ദേഹത്തിൻറെ സേവനങ്ങൾ നമുക്ക് ആവശ്യമായിവരും എന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുകയാണ്. അദ്ദേഹത്തിന് ഇടയ്ക്കിടയ്ക്ക് ബിരിയാണി വാങ്ങി കൊടുക്കുവാൻ നമ്മൾ മറന്നു പോകരുത്.
എല്ലാവർക്കും നന്ദി നമസ്കാരം.
(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി
നോബി ജെയിംസ്
1/2 കിലോ അരിപൊടി വറുത്തത്
15 ചെറിയ ഉള്ളി
1 ടേബിൾസ്പൂൺ ജീരകം
കറിവേപ്പില ആവശ്യത്തിന്
1 1/2 ടേബിൾസ്പൂൺ കൊത്തമല്ലി
1/2 തേങ്ങാ ചിരണ്ടിയത് ചെറുതായി വറുത്തത്
1 തേങ്ങാ പാൽ
1/2 തേങ്ങയും 3 അല്ലി വെളുത്തുള്ളിയും 1 ടേബിൾസ്പൂൺ ജീരകവും കൂടി അരച്ചുവയ്ക്കുക .
കുറച്ചു വെള്ളം തിളപ്പിച്ച് അതിൽ ജീരകം ഉള്ളി കറിവേപ്പില കൊത്തമല്ലി ഇവ ഇടിച്ചിട്ടു നന്നായി തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക. വറുത്ത തേങ്ങാ പകുതി പൊടിയിലും പകുതി തിളപ്പിക്കാൻ വച്ച വെള്ളത്തിലും ഇടുക. വീഡിയോയിൽ കാണുന്നതുപോലെ ആ തിളച്ച വെള്ളം ഒഴിച്ചു പാകത്തിന് കുഴച്ചെടുക്കുക. പിന്നീട് മുക്കാൽ ഭാഗം ഉരുട്ടുക. ബാക്കി ഉള്ള കാൽ ഭാഗം കുറച്ചു വെള്ളം ഒഴിച്ചു കലക്കി വയ്ക്കുക .
പിന്നീട് ബാക്കി ഉള്ള വെള്ളം തിളച്ചു വരുമ്പോൾ ഉരുട്ടി വച്ച ഉണ്ടകൾ അതിൽ ഇട്ടു വെന്തു വരുമ്പോൾ അതിൽ കലക്കിവെച്ച പൊടിചേർത്തു തിക്കായി വരുമ്പോൾ വെളുത്തുള്ളിയും ജീരകവും തേങ്ങയും കൂടി അരച്ചത് ചേർക്കുക അത് തിളച്ചു തിക്കാകുമ്പോൾ തേങ്ങാ പാല് ചേർത്ത് പിടി വാങ്ങി വെക്കാം തണുക്കും തോറും തിക്കായി വരും.
വറുത്തരച്ച കോഴിക്കറി
1 1/2 കിലോ കോഴി ചെറുതായി ഞുറുക്കിയത് കഴുകി അല്പം മഞ്ഞൾപൊടിയും അല്പം മുളകുപൊടിയും ഉപ്പും ഇട്ടു തിരുമ്മി വയ്ക്കുക.
3 സവോള
2 ടേബിൾസ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും
5 പച്ച മുളക്
6 ചെറിയ ഉള്ളി
1 1/2 തേങ്ങാ ചിരണ്ടിയത്
കറിവേപ്പില ആവശ്യത്തിന്
2 ടേബിൾസ്പൂൺ മല്ലിപൊടി
1 ടീസ്പൂൺ മുളകുപൊടി
1/2 ടീസ്പൂൺ മഞ്ഞൾ പൊടി
1 ടേബിൾ സ്പൂൺ കുരുമുളകുപൊടി
1/2 ടീസ്പൂൺ ഗരം മസാല
1 ടേബിൾസ്പൂൺ പെരുംജീരകം
5 വറ്റൽ മുളക്
കുറച്ച് കറുവപ്പട്ട, ഏലക്ക, ഗ്രാമ്പൂ
ഒരു പാൻ ചൂടാക്കി അതിൽ അല്പം എണ്ണ ഒഴിച്ചു ഗ്രാമ്പൂ, ഏലക്ക, കറുവപ്പട്ട ഇവ ഇട്ടു ചൂടായിവരുമ്പോൾ പെരുംജീരകം ഇട്ടു പറ്റിവരുമ്പോൾ വറ്റൽ മുളക് ചേർക്കുക. കൂടെ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ മൂത്തു തുടങ്ങുമ്പോൾ ചിരണ്ടിവച്ച തേങ്ങായും കറിവേപ്പിലയും ചേർത്ത് വറുത്തെടുക്കുക. അത് കളറായിവരുമ്പോൾ മല്ലിപൊടി, മുളകുപൊടി, മഞ്ഞൾപൊടി ,ഗരംമസാല ,കുരുമുളകുപൊടി ഇവയുടെ പച്ച മണം മാറിവരുമ്പോൾ അരച്ചെടുക്കുക.
പിന്നീട് പാൻ ചൂടാക്കി അല്പം എണ്ണ ഒഴിച്ചു അതിൽ സവോള വഴറ്റി എടുക്കുക അതിൽ ചിക്കൻ ചേർത്ത് ഇളക്കി മൂടിവെക്കുക വെന്തു വരുമ്പോൾ അതിൽ അരച്ച് വച്ച വറുത്തരച്ച മസാല ചേർത്ത് ചെറുതീയിൽ മൂടി അല്പനേരം വച്ച് ഉപ്പു നോക്കി നമ്മുടെ നാവിൽ വെള്ളം ഊറുന്ന വറുത്തരച്ച ചിക്കൻ കറിയും പിടിയും കൂടി ഒരു പിടി പിടിക്കാം.
അപ്പോൾ എല്ലാവർക്കും ഈസ്റ്റർ മംഗളങ്ങൾ
നോബി
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
കൊച്ചി: പശ്ചിമ ബംഗാള്‍ സ്വദേശിനിയായ 19 കാരിയെ ബിരിയാണി ഉണ്ടാക്കി നല്‍കണമെന്ന് പറഞ്ഞ് താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലു പേര്‍ അറസ്റ്റില്‍. ബംഗാള്‍ സ്വദേശികളായ സലിം മണ്ഡല്‍ (30) മുകളിന്‍ അന്‍സാരി (28) മോനി എന്നുവിളിക്കുന്ന മുനീറുല്‍ (20)ഷക്കീബുല്‍ മണ്ഡല്‍ (23) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
വെങ്ങോല എണ്‍പതാം കോളനിയില്‍ ഭര്‍ത്താവുമൊന്നിച്ച് വാടകയ്ക്ക് താമസിക്കുകയാണ് യുവതി. ഇവരുടെ ഭര്‍ത്താവ് ജോലിക്ക് പോയതിന് ശേഷം ഇവരോട് സൗഹൃദം നടിച്ചെത്തിയ പ്രതികള്‍ ബിരിയാണി ഉണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ ആവശ്യപ്രകാരം മുറിയിലെത്തിയ യുവതിയെ പ്രതികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു.
സംഭവത്തിനുശേഷം സംസ്ഥാനം വിട്ടു പോകാന്‍ പ്രതികള്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പ്രതികളെ സാഹസികമായി പിടികൂടുന്നത്. ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തികിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ ഡി.വൈ. എസ്.പി ജയരാജ്, സി.ഐ രാഹുല്‍ രവീന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുകെയിലുള്ള മോർണിംഗ് സൈഡ് സ്കൂൾ ഓഫ് മ്യൂസിക് എന്ന പേരിലുള്ള സംഗീത സ്ഥാപനമാണ് മാർച്ച് 28 മുതൽ തങ്ങളുടെ ട്യൂഷൻ ഫീസ് ഇനത്തിൽ ക്രിപ്റ്റോകറൻസിയും അംഗീകരിച്ചത്. വലിയ സ്ഥാപനങ്ങൾ ക്രിപ്റ്റോ എക്കോണമിയിലേക്ക് ചുവടുറപ്പിക്കുന്നത് കാണാൻ തുടങ്ങിയിട്ട് നാളുകളേറെയായി, പിന്നെ എന്തുകൊണ്ട് ഞങ്ങളെപ്പോലെയുള്ള ചെറിയ സ്ഥാപനങ്ങൾക്ക് ആയിക്കൂടാ എന്ന ചിന്തയിൽ നിന്നാണ് ഈ തീരുമാനത്തിൽ എത്തിയതെന്ന് മോർണിംഗ് സൈഡ് ഡയറക്ടർ ലിൻഡ ബോയ്ഡ് പറഞ്ഞു.
സ്‌കോട്ട്ലൻഡിലെ തന്നെ ഏറ്റവും മികച്ച സംഗീത സ്ഥാപനങ്ങളിൽ ഒന്നാണ് മോർണിംഗ് സൈഡ് സ്കൂൾ ഓഫ് മ്യൂസിക്. ബിറ്റ്കോയിൻ ട്രാൻസാക്ഷൻ രംഗത്തേയ്ക്ക് ഏറെക്കാലം മുൻപ് തന്നെ ചുവട് വെച്ചു തുടങ്ങിയിരുന്നുവെന്ന് ബോയ്ഡ് പറയുന്നു. സ്കൂളിന്റെ ആവശ്യങ്ങൾക്കായി സാധനങ്ങൾ വാങ്ങാൻ മുൻപ് ബിറ്റ് കോയിൻ ഉപയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ എത്ര വേഗത്തിലും എളുപ്പത്തിലും കാര്യങ്ങൾ ചെയ്യാമെന്നും ഞങ്ങൾക്കറിയാം, വിദ്യാർത്ഥികൾക്ക് കൂടി അതിനുള്ള അവസരങ്ങൾ നൽകാനുള്ള ശ്രമത്തിലാണിപ്പോൾ.
സ്കൂളിൽ പഠിക്കുന്ന മുതിർന്ന വിദ്യാർഥികളിൽ പലരും ഫിൻടെക് പോലെയുള്ള കമ്പനികളിൽ ജോലി ചെയ്യുന്നവരാണ്, അവർ തന്നെയാണ് ഇത്തരത്തിൽ ഒരാശയം മുന്നോട്ട് വെച്ചതും. 700 ഓളം കുട്ടികളാണ് നിലവിൽ സ്ഥാപനത്തിൽ പഠനം നടത്തുന്നത്. ഭാവിയിൽ ക്രിപ്റ്റോ കറൻസി ആവും സാമ്പത്തിക വ്യവസ്ഥയെ അടക്കി ഭരിക്കുക. ഏറെ താമസിയാതെ തന്നെ അത് ജീവിത ശൈലിയായി മാറുകയും ചെയ്യും.

കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്കൂളുകൾ ബിറ്റ് കോയിൻ ട്രാൻസാക്ഷനുകൾക്ക് പൂർണമായും പിന്തുണ നൽകുന്നുണ്ട്. ജോലിയും പഠനവും ഒരുമിച്ചു കൊണ്ടുപോകുന്നവർക്ക് നൽകാൻ പറ്റിയ മികച്ച മാർഗമാണ് ക്രിപ്റ്റോ കറൻസി പേയ്‌മെന്റ്. മോർണിംഗ്സൈഡിന്റെ ഡയറക്ടർ ലിൻഡ ബോയ്ഡിന്റെ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ചു. ആമസോണും , ടെസ്ലയും പോലെയുള്ള വൻകിട വാണിജ്യ സ്ഥാപനങ്ങൾ ക്രിപ്റ്റോ കറൻസികളെ പേയ്മെന്റിനായി ഉപയോഗപ്പെടുത്തിയതോടുകൂടി ലോകത്തെ മറ്റ് സ്ഥാപനങ്ങളും ക്രിപ്റ്റോ കറൻസികളെപ്പറ്റി പഠിക്കുവാനും അവയെ ഉപയോഗപ്പെടുത്തുവാനുമുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
മെട്രിസ് ഫിലിപ്പ്
മനുഷ്യരാശിയുടെ രക്ഷകനായ ദൈവപുത്രന്റെ ത്യാഗ സ്മരണയുടെ ദിനമാണ് ദുഃഖവെള്ളി. “യഹൂദരുടെ രാജാവ്” എന്ന് എഴുതിവെച്ച, കുരിശിൽ കിടന്നുകൊണ്ട്, ‘എലോയ്, എലോയ്, ലാമാ സബക്ക്താനി’ അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്ത് കൊണ്ട്? എന്ന് ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട്, മരിക്കാൻ തുടങ്ങിയപ്പോൾ, ഒരിറ്റു വെള്ളം കുടിക്കാൻ നൽകുന്നതിന് പകരം, കയ്പ്പുള്ള വിനാഗിരി നീർപ്പഞ്ഞിയിൽ മുക്കി, ചുണ്ടിൽ നനയിച്ചു, അവസാനം ആഗ്രഹവും പൂർത്തിയാക്കി, യേശു ജീവൻ വെടിഞ്ഞു. അപ്പോൾ ഭുമി, അന്ധകാരമായിരുന്നു. ഭൂമി ഇളകി, പാറകൾ പൊടിഞ്ഞു, ദൈവാലയത്തിന്റെ തിരശീല, നടുവേ കീറി പോയി. ഇതെല്ലാം കണ്ട ഒരു ശതാധിപൻ, ഇപ്രകാരം പറഞ്ഞു, “സത്യമായും, ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു”.
30 വെള്ളികാശിനു വേണ്ടി, സ്വന്തം ഗുരുവിനെ, ചുംബനം നൽകി ഒറ്റിക്കൊടുത്ത, യൂദാസിൽ നിന്നും, ആരംഭിച്ച, ആ പീഡാനുഭവ യാത്ര, എത്തുന്നത് കാൽവരി കുന്നിൻ മുകളിൽ ആയിരുന്നു.
ന്യായാധിപ സംഘത്തിന്റെ മുമ്പിൽ, ഒരു കുറ്റവാളിയെപോലെ, യേശു തലകുനിച്ചു നിന്നപ്പോൾ, പുരോഹിത പ്രമുഖൻമാരും, ന്യായാധിപ സംഘവും, കള്ള സാക്ഷ്യം തേടുകയായിരുന്നു. എന്നാൽ, ഈ സാക്ഷ്യം എല്ലാം പീലാത്തോസ് തള്ളികളയുകയായിരുന്നു. അവസാനം, ബറാബാസ് എന്ന കൊലപാതകിയായ തടവുകാരനെ വെറുതെ വിടുകയും, യേശുവിനെ, കുരിശ്ശിൽ തറച്ചു കൊല്ലുവാനും വിധിച്ച, പീലാത്തോസ്, ഈ നീതിമാന്റെ രക്തത്തിൽ എനിക്ക് പങ്കില്ല എന്ന് പറഞ്ഞുകൊണ്ട്, വെള്ളത്തിൽ കൈ മുക്കി കഴുകി കളയുന്നതും ഓർമ്മിക്കാം.
സഹനത്തിന്റെ, നിന്ദിക്കപ്പെടലിന്റെ, ത്യാഗത്തിന്റെ, മുറിവേറ്റതിന്റെ, രക്‌തം ചിന്തിയതിന്റെ ദുഃഖ വെള്ളി ആയിരുന്നു എങ്കിലും, മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കും എന്നതിന്റെ, ശുഭ സൂചകമായി, ലോകം ഇന്ന് നല്ല വെള്ളി(Good Friday)യായി ആചരിക്കുന്നു.
നോമ്പുകാലത്തിന്റെ അവസാന നാളുകളിൽ എത്തിയിരിക്കുന്ന ഈ സമയം, കൂടുതൽ അർത്ഥപൂർണ്ണതയോടെ, യേശുവിനോട്, കൂടുതൽ ചേർന്നുനിന്നുകൊണ്ട്, പുതിയ വെളിച്ചത്തിന്റെയും, ഉയർപ്പിന്റെ സന്ദേശവാഹകൻ ആയ വെള്ളരിപ്രാവിനെപോലെ, എല്ലാവരെയും, സ്നേഹിക്കുന്ന, നല്ല മനുഷ്യരായി, യേശുവിന്റെ ഉയിർപ്പ് നാളിനായി പ്രാർത്ഥിച്ചൊരുങ്ങാം. ആമേൻ
മധ്യപ്രദേശിലെ ഉജ്ജയിൻ രൂപതയിലെ ജാംനെർ അസിസ്റ്റന്റ് വികാരിയും, കോതമംഗലം രൂപതയിൽ ഉൾപ്പെടുന്ന കുണിഞ്ഞി,സെന്റ് ആന്റണിസ് ഇടവക്കാരനുമായ ഫാ.ജോൺ നാട്ടുനിലം (മേട്ടയിൽ) എം.എസ്.റ്റി (48 ) ഇന്ന് രാവിലെ ദുഖവെള്ളി തിരുകർമ്മൾക്കായി കലാപിപ്പലിലേക്കു പോകുംവഴി സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിച്ചു മരണമടഞ്ഞു.
ഇന്ന് പുലർച്ചെ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് സംഭവസ്ഥലത്തു വച്ചുതന്നെ മരിക്കുകയായിരുന്നു.
ആറ് മാസങ്ങൾക്ക് മുൻപാണ് ‘അമ്മ മരണമടഞ്ഞത്.
റവ. ഫാ ജോൺ നാട്ടുനിലത്തിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.
