റിയാദ്: ഓക്‌സിജൻ ക്ഷാമം രൂക്ഷമായ ഇന്ത്യയിലേയ്ക്ക് സൗദി അറേബ്യയുടെ സഹായ ഹസ്തം. രാജ്യത്തേക്ക് ഓക്‌സിജനും ഐ.എസ്.ഒ ക്രയോജനിക് ടാങ്കുകളും എത്തിക്കാൻ സൗദി തീരുമാനിച്ചു. അദാനി ഗ്രൂപ്പുമായും എം.എസ് ലിൻഡെ ഗ്രൂപ്പുമായും സഹകരിച്ചാണ് ഓക്‌സിജൻ ഇന്ത്യയിലെത്തിക്കുന്നത്. റിയാദിലെ ഇന്ത്യൻ എംബസി ട്വിറ്റർ വഴിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.
ഇന്ത്യയിലേക്ക് കയറ്റി അയക്കാനായി ഒരുക്കിയ ഓക്സിജൻ സിലിണ്ടറുകൾ ആദ്യ ഘട്ടമായി 80 മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജനും നാല് ഐ.എസ്.ഒ ക്രയോജനിക് ടാങ്കുകളും ഉൾപ്പെടുന്ന കണ്ടൈനറുകൾ ദമാം തുറമുഖത്തു നിന്നും കപ്പലിൽ കയറ്റുന്ന ചിത്രങ്ങളും എംബസി ട്വീറ്റ് ചെയ്തിട്ടുണ്ട്. കണ്ടൈനറുകൾ ഗുജറാത്തിലെ മുണ്ട്ര തുറമുഖത്തേക്കാണ് കയറ്റി അയച്ചത്. ഇതിനുപുറമെ എം.എസ് ലിൻഡെ ഗ്രൂപ്പുമായി സഹകരിച്ച് 5,000 മെഡിക്കൽ ഗ്രേഡ് ഓക്സിജൻ സിലിണ്ടറുകൾ കൂടി സൗദിയിൽ നിന്നും ഉടൻ ഇന്ത്യയിലേക്ക് അയക്കുമെന്ന് അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ട്വീറ്റ് ചെയ്തു.
സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. അദാനിയുമായും ലിൻഡെയുമായും സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്നും ഇതിന് പിന്തുണയും സഹായവും നൽകിയ സൗദി ആരോഗ്യ മന്ത്രാലയത്തിന് നന്ദി അറിയിക്കുന്നതായും ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. സൗദി അറേബ്യയിൽ നിന്നുള്ള സഹായ ഹസ്തം ഇന്ത്യയിൽ ഓക്സിജൻ കിട്ടാതെ പ്രയാസപ്പെടുന്ന ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസമാവും.
വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ വാഹനാപകടത്തില്‍ പത്തനംതിട്ട അടൂര്‍ സ്വദേശിനി ശിൽപ മേരി ഫിലിപ്പ് (28) മരിച്ചു. ഖസിം ബദായ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. വാര്‍ഷികാവധി ദുബായിലുള്ള ഭര്‍ത്താവ് ജിബിൻ വർഗീസ് ജോണിനൊപ്പം ചെലവഴിക്കാന്‍ റിയാദ് വിമാനത്താവളത്തിലേക്ക് പോകുമ്പോൾ ഖസിം-റിയാദ് റോഡില്‍ അല്‍ ഖലീജിൽ ഇന്നലെ വൈകിട്ടായിരുന്നു അപകടം. മൃതദേഹം അല്‍ ഖസിം റോഡില്‍ എക്‌സിറ്റ് 11ലെ അല്‍ തുമിര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ശിൽപ മേരി ഫിലിപ്പിൻെറ അകാല വിയോഗത്തിൽ യുഎൻഎ കുടുംബം അനുശോചനമറിയിച്ചു.
ശിൽപ മേരി ഫിലിപ്പിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
തൃശൂർ∙ സീരിയൽ താരം ആദിത്യൻ ആത്മഹത്യയ്ക്കു ശ്രമിച്ചു. തൃശൂർ സ്വരാജ് റൗണ്ടിനടുത്തുള്ള നടുവിനാലിലെ ഇടറോഡിൽ കയ്യിലെ ഞരമ്പ് മുറിച്ച നിലയിൽ കാറിനുള്ളിലാണ് കണ്ടെത്തിയത്. ആദിത്യനെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സിയലാണ്.
ആദിത്യനെതിരെ ഭാര്യയും നടിയുമായ അമ്പിളി ദേവി, കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനു മറുപടിയുമായി ആദിത്യനും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യാ ശ്രമം.
കൊച്ചി: ലോക്ഡൗണിന് സമാനമായ കടുത്ത നിയന്ത്രണങ്ങളുമായി എറണാകുളം ജില്ല. രണ്ടാം ദിവസവും കൊച്ചി നഗരത്തിലുൾപ്പെടെ പോലീസ് പരിശോധന കർശനമാക്കി. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞ നിലയിലാണ്. ഹോട്ടലുകൾ മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നത്. പൊതു അവധി ദിവസം കൂടിയായതിനാൽ നഗരം വിജനമാണ്. ചുരുക്കം ചില സ്വകാര്യ ബസുകൾ ശനിയാഴ്ച സർവ്വീസ് നടത്തിയെങ്കിലും ഇന്ന് പൂർണമായും അവസാനിപ്പിച്ചിരിക്കുകയാണ്. സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന ഇല്ലാത്തവർക്ക് പൊലീസ് പിഴ ചുമത്തി. പരിശോധന കർശനമാക്കിയതോടെ ലോക്ഡൗണിന് സമാനമാണ് കൊച്ചി നഗരം.
ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. രോഗികളുടെ എണ്ണം 32167 ആയി. 28 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ പത്ത് ലക്ഷം പേരിൽ 1300 പേർ രോഗബാധിതരാണ് എന്നതാണ് കണക്ക്. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന കണക്കാണിത്. രോഗവ്യാപനം രൂക്ഷമായ എറണാകുളത്ത് ചികിത്സാ സൗകര്യങ്ങള്‍ വിപുലമാക്കുകയാണ് ജില്ലാഭരണകൂടം. ഓക്സിജന്‍ ലഭ്യതയും കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാനും മന്ത്രി സുനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു. നിലവിലെ ചികിത്സാകേന്ദ്രങ്ങള്‍ക്കുപുറമെ ആദ്യഘട്ട പ്രതിരോധത്തിന്‍റെ ഭാഗമായി തയ്യാറാക്കിയ ട്രീറ്റ്മന്‍റ് സെന്‍ററുകള്‍ പുനസ്ഥാപിക്കും.
വരുന്ന ആഴ്ച്ച 1500 ഓക്സിജന്‍ കിടക്കകളും അതിനടുത്തയാഴ്ച്ച 2000 ഓക്സിജന്‍ കിടക്കകളും ഒരുക്കലാണ് ലക്ഷ്യം.മുഴുവന്‍ താലൂക്കുകളിലും ഓക്സിജന്‍ കിടക്കകള്‍ ഉള്‍പ്പടെയുള്ള ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പുവരുത്തും.സ്വകാര്യ ആശുപത്രികളില്‍ 20 ശതമാനം കിടക്കകളെങ്കിലും കോവിഡ് ചികിത്സക്ക് മാറ്റിവെക്കാന്‍ നിര്‍ദേശം നല്‍കും. ഓക്സിജൻ ലഭ്യതയും ഇതോടൊപ്പം ഉറപ്പു വരുത്തും. ഇതിനായി എഫ്.എ.സി.ടി, പെട്രോനെറ്റ് എൽ.എൻ.ജി, ബി.പി.സി.എൽ തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഉപയോഗിക്കും
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്റെ അടുത്തഘട്ടം മെയ് ഒന്നുമുതല്‍ ആരംഭിക്കും. വാക്‌സിനേഷന്‍ യജ്ഞം ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ചുളള മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ എല്ലാ സംസ്ഥാനങ്ങളിലേയും അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും അയച്ചു.
18 മുതല്‍ 44 വയസ്സുവരെ പ്രായമുളളവര്‍ക്ക് മെയ് ഒന്നുമുതല്‍ വാക്‌സിന്‍ ലഭ്യമാകും. ഏപ്രില്‍ 28 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. കോവിൻ സൈറ്റ് വഴി മാത്രമായിരിക്കും രജിസ്‌ട്രേഷന്‍.
ആരോഗ്യപ്രവര്‍ത്തകര്‍, മുന്നണിപ്പോരാളികള്‍, 45 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ എന്നിവര്‍ക്ക് തുടര്‍ന്നും വാക്‌സിന്‍ സ്വീകരിക്കാനാവും. സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സൗജന്യമായിട്ടായിരിക്കും വാക്‌സിന്‍ നല്‍കുക. സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പണം ഈടാക്കും.
സര്‍ക്കാര്‍-സ്വകാര്യ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകള്‍ കോവിനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന തുടരും. ജില്ലാ ഇമ്യൂണൈസേഷന്‍ ഓഫീസര്‍മാര്‍ തന്നെയായിരിക്കും ഇത് നിര്‍വഹിക്കുക. നിലവില്‍ കോവിനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള സ്വകാര്യ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.
വാക്‌സിനേഷന്‍ സെന്ററുകള്‍ വാക്‌സിനേഷനുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും രേഖപ്പെടുത്തേണ്ടതും ഡിജിറ്റല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുമാണെന്നും മാർഗരേഖയിൽ പറയുന്നു.
ബെംഗളൂരു ∙ പ്രണയത്തിന് തടസ്സം നിന്ന സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസിൽ കന്നഡ സീരിയൽ നടിയും മോഡലുമായ ഷനായ കത്‌വെ (24) ഉൾപ്പെടെ 5 പേർ ഹുബ്ബള്ളിയിൽ പിടിയിൽ.
രാകേഷ് കത്‌വെ (32) യുടെ മൃതദേഹം കഴിഞ്ഞ ദിവസം ധാർവാഡിനു സമീപം വനത്തിൽ നിന്നു കണ്ടെത്തിയിരുന്നു. ഷനായയുടെ കാമുകൻ നിയാസ് അഹമ്മദ് കാട്ടിഗറിനെയും മൂന്നു സുഹൃത്തുക്കളെയുമാണ് ഹുബ്ബള്ളി റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. നിയാസ് അഹമ്മദുമായുള്ള ബന്ധത്തെ രാകേഷ് എതിർത്തതാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.
കറുകച്ചാല്‍: കാറിനടിയില്‍ കയറി തകരാര്‍ പരിശോധിക്കുന്നതിനിടെ ജാക്കി തെന്നിമാറി യുവാവിനു ദാരുണാന്ത്യം. സ്വകാര്യബസ് ജീവനക്കാരനായ ചമ്പക്കര കൊച്ചുകണ്ടം ബംഗ്ലാകുന്നില്‍ ആര്‍. രാഹുലാ(35)ണു രാത്രി മുഴുവന്‍ കാറിനടിയില്‍ കുടുങ്ങി, രക്‌തംവാര്‍ന്ന് മരിച്ചത്. ഇന്നലെ രാവിലെ പത്രവിതരണക്കാരനാണു രാഹുലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
പന്തളം റൂട്ടിലോടുന്ന ചമ്പക്കര ബസിലെ ജീവനക്കാരനായിരുന്നു രാഹുല്‍. രാത്രി കറുകച്ചാല്‍ ചമ്പക്കര തൂമ്പച്ചേരി ബാങ്കുപടി ഭാഗത്താണു രാഹുലിന്റെ കാര്‍ ബ്രേക്ക്‌ഡൗണായത്. തുടര്‍ന്ന്, തകരാര്‍ പരിശോധിക്കാനായി ജാക്കിവച്ചുയര്‍ത്തിയ കാറിനടിയില്‍ കയറുകയായിരുന്നെന്നാണു സൂചന. ഇതിനിടെ, ജാക്കി തെന്നിമാറി, കാര്‍ ദേഹത്തമരുകയായിരുന്നു. രാത്രി മുഴുവന്‍ റോഡില്‍ രക്‌തംവാര്‍ന്ന് കിടന്നാണു മരണമെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി പത്തരയ്‌ക്കുശേഷവും രാഹുലിനെ കാണാതായതോടെ ഭാര്യ പലവട്ടം വിളിച്ചിരുന്നു. എന്നാല്‍, ഫോണ്‍ എടുത്തില്ല. ഇന്നലെ പുലര്‍ച്ചെ പത്രവിതരണത്തിനായി എത്തിയ യുവാവാണു കാറിനടിയില്‍ മൃതദേഹം കണ്ട് പോലീസില്‍ വിവരമറിയിച്ചത്. പരിശോധനയില്‍ രാഹുലിനു കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. ഭാര്യ: ശ്രീവിദ്യ.
കാക്കനാട്: മുട്ടാര്‍ പുഴയില്‍ മകള്‍ വൈഗയെ ജീവനോടെയെറിഞ്ഞു കൊലപ്പെടുത്തി നാടുവിടുമ്പോള്‍ സനു മോഹന്റെ പക്കലുണ്ടായിരുന്നത് 9 ലക്ഷം രൂപ. അന്വേഷണസംഘത്തോട് സനു മോഹന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഏറെനാളത്തെ പ്രാര്‍ഥനകള്‍ക്കും വഴിപാടുകള്‍ക്കും ശേഷമുണ്ടായ മകളോട് സനുവിന് വൈകാരികമായ അടുപ്പമുണ്ടായിരുന്നു. വൈഗയ്‌ക്കും അച്‌ഛനോടായിരുന്നു കൂടുതല്‍ ഇഷ്‌ടം. ആലപ്പുഴയിലെ ബന്ധുവീട്ടില്‍നിന്നും അച്‌ഛനൊപ്പം കാറില്‍ മടങ്ങുമ്പോള്‍ അവസാനയാത്രയാണെന്ന് വൈഗ പ്രതീക്ഷിച്ചു കാണില്ല.
കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ എത്തിയശേഷം ഒരുമിച്ചു മരിക്കാമെന്ന് സനു പറഞ്ഞപ്പോഴും വേണ്ടച്‌ഛാ എനിക്കു പേടിയാണെന്നാണ് മകള്‍ പറഞ്ഞതെന്ന് സനു ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. ആദ്യം ശ്വാസംമുട്ടിച്ചു. ബോധരഹിതയായ വൈഗ മരിച്ചെന്നു കരുതി കിടക്കവിരിയില്‍ പൊതിഞ്ഞ് തോളിലിട്ടാണ് പടിയിറങ്ങിയതും കാറില്‍ കയറിപ്പോയതും. എന്നാല്‍, മകളെ കൊന്നശേഷം ആത്മഹത്യ ചെയ്യണമെന്ന ചിന്ത ഇയാളില്‍ ഒരിക്കല്‍പോലും ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. സേലത്ത് മള്‍ട്ടിപ്ലക്‌സ് തീയറ്ററില്‍ സനു മോഹന്‍ രണ്ടു സിനിമകള്‍ കണ്ടത് വൈഗയുടെ മൃതദേഹം കണ്ടെത്തിയ മാര്‍ച്ച് 22-ന് വൈകുന്നേരമാണ്.
ആത്മഹത്യ ചെയ്യണമെന്നുറപ്പിച്ചിരുന്നെങ്കില്‍ കാറില്‍ വിലകൂടിയ മദ്യവും സിഗററ്റും വാങ്ങി ശേഖരിക്കില്ലായിരുന്നു. മദ്യത്തിനു പുറമേ ലഹരിമരുന്നിനും സനു അടിമയാണെന്നും അന്വേഷണസംഘം സംശയിക്കുന്നു.
പുഴയില്‍ എറിയുംമുമ്പ് വൈഗയുടെ ആഭരണങ്ങള്‍ അഴിച്ചെടുത്ത് കോയമ്പത്തൂരില്‍ പണയംവച്ചതും ഗോവയിലെ ചൂതാട്ടകേന്ദ്രത്തിലെത്തി ചൂത് കളിച്ചതിനും പിന്നിലും ദുരൂഹതയുണ്ട്. ഒമ്പതു ലക്ഷം വിലമതിക്കുന്ന പുതിയ ഫോക്‌സ് വാഗണ്‍ ആമിയോ കാര്‍ കോയമ്പത്തൂരിലെ പൊളിക്കല്‍ കേന്ദ്രത്തില്‍ എത്തിച്ചു വിറ്റു.
ഈ കാര്‍ പോലീസ് തൃക്കാക്കരയില്‍ എത്തിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍, സേലം, ഗോവ, ഊട്ടി, മഹാരാഷ്ര്‌ട, കൊല്ലൂര്‍, ഉഡുപ്പി, കാര്‍വാര്‍ എന്നിവിടങ്ങളിലെ തെളിവെടുപ്പ് ഇന്നു പൂര്‍ത്തിയാക്കും. സനുവിന്റെ ഭാര്യ രമ്യ, അടുത്ത ബന്ധുക്കള്‍ എന്നിവരെയും വൈകാതെ ചോദ്യംചെയ്യും.
ന്യൂസ് ഡെസ്‌ക് മലയാളം യുകെ.
ഇത് സിസ്റ്റര്‍ ആനി മരിയ.
പുഞ്ചിരിയുടെ രാജകുമാരി.
ആ പുഞ്ചിരി ഇനി ഭൂമിയിലില്ല. കര്‍ത്താവിന്റെ സന്നിധിയില്‍ മാലാഖമാര്‍ക്കൊപ്പം സ്തുതി പാടും..
ഇതൊരു ഓര്‍മ്മക്കുറിപ്പാണ്. ചങ്ങനാശ്ശേരി അതിരൂപതയിലെ ഏറ്റവും ചെറുതെന്നു വിശേഷിപ്പിക്കാവുന്ന കോട്ടയ്ക്കുപുറം ഇടവകക്കാരുടെ സ്വന്തം സിസ്റ്റര്‍ ആനി മരിയ. പൂവന്‍ നില്‍ക്കുന്നേല്‍ തെക്കേത്തോട്ടത്തില്‍ കുടുംബത്തില്‍ ഔസേപ്പിന്റേയും മേരിയുടെയും മകളായി ആയിരത്തി തൊള്ളായിരത്തി ഇരുപത്തിനാലില്‍ കോട്ടയ്ക്കുപുറത്തു ജനിച്ചു. സഭാ വസ്ത്രം ധരിക്കുമ്പോള്‍ ഞാന്‍ ജനിച്ചിട്ടു പോലുമില്ല. നാല്‍പത്തിമൂന്നു വര്‍ഷം സെന്റ് ആന്‍സ് കോണ്‍വെന്റില്‍ സേവനമനുഷ്ഠിച്ചു. ദീര്‍ഘവീക്ഷണമുള്ള വ്യക്തിയായിരുന്നു സിസ്റ്റര്‍.
കോട്ടയ്ക്കുപുറത്ത് ഒരു ഹൈസ്‌കൂള്‍ വരണം എന്ന് ആഗ്രഹിച്ച് അതിനുള്ള പ്രാഥമിക നടപടികളും നടത്തിയിരുന്നു. സമൂഹത്തിന്റെ വളര്‍ച്ചയായിരുന്നു ജീവിത ലക്ഷ്യം. പാവങ്ങളോടുള്ള കരുണയായിരുന്നു സിസ്റ്ററിനെ ജനഹൃദയങ്ങളിലെത്തിച്ചത്. സിസ്റ്ററിന്റെ വേര്‍പാട് ഒരു തീരാ ദുഖമായി തലമുറകളില്‍ തുടരും ഇതൊരാമുഖം മാത്രം…
ചുട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ!
എന്നാല്‍ ചുട്ടയിലെ ശീലം നമുക്ക് ഉണ്ടാക്കി തരുന്നവരെ പലപ്പോഴും നാം ഓര്‍മ്മിക്കാറില്ല എന്നതാണ് വാസ്തവം.
പക്ഷേ ബാല്യത്തിലെ എന്റെ ശീലങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുള്ള ഒരു മാതൃകാ അധ്യാപികയാണ് സിസ്റ്റര്‍ ആനി മരിയ.
എന്നും സുഗന്ധമുള്ള ഓര്‍മ്മകളാണ് സിസ്റ്റര്‍ ആനി മരിയയെ ഓര്‍ക്കുമ്പോള്‍….
എന്റെ കുട്ടിക്കാലം.
ബാല്യത്തിലെ ഏറ്റവും വലിയ ഓര്‍മ്മയാണല്ലോ അദ്യകുര്‍ബാന സ്വീകരണം. എന്നാല്‍
ആദ്യകുര്‍ബാന സ്വീകരണത്തിന് വളരെ മുമ്പേ തന്നെ അധ്യാപനത്തിലൂടെ എന്നെ ഈശോയെ പരിചയപ്പെടുത്തിയ വ്യക്തിത്വമാണ് സിസ്റ്റര്‍ ആനി മരിയ.
ആദ്യ കുര്‍ബാന സ്വീകരണ പരിശീലനം സിസ്റ്റര്‍ ആനി മരിയയുടെ കീഴില്‍ എനിക്കും എന്റെ മൂത്ത മകള്‍ക്കും സാധിച്ചു എന്നുള്ളത് അത്ഭുതത്തോടെയാണ് ഇന്നു ഞാന്‍ ഓര്‍ക്കുന്നത്. ഈശോയുടെ മുഖത്തേയ്ക്ക് നോക്കുന്നവര്‍ പ്രകാശിതരാകുമെന്ന് സിസ്റ്റര്‍ എപ്പോഴും പറയുമായിരുന്നു.
സിസ്റ്റര്‍ ആനി മരിയ എന്നാല്‍ ‘പുഞ്ചിരിയുടെ രാജകുമാരി’ എന്ന് വിശേഷിപ്പിക്കാം. അപരിചിതര്‍ക്കും അങ്ങനെ തന്നെ. പ്രതിസന്ധിഘട്ടങ്ങളെ നേരിടുന്ന ആ പുഞ്ചിരി മൂന്ന് വര്‍ഷം മുമ്പ് കേരളത്തില്‍ വന്നപ്പോള്‍ എനിക്ക് വീണ്ടും കാണുവാന്‍ സാധിച്ചു. ഇത്രയും വേഗം അത് അസ്തമിക്കും എന്ന് ഞാനോര്‍ത്തില്ല. സിസ്റ്ററിനെ അറിയാവുന്ന ആര്‍ക്കും പ്രത്യേകിച്ച് കോട്ടയ്ക്കുപുറംകാര്‍ക്ക് ആ പുഞ്ചിരി ഒരിക്കലും മറക്കാന്‍ ആവുന്നതല്ല.
തങ്ങള്‍ക്കുള്ള ചെറുതും വലുതുമായ കഴിവുകള്‍ ദൈവസ്തുതിക്കായി ഉപയോഗിക്കണമെന്ന് ഞങ്ങളെ വ്യക്തമായി ചെറുപ്പത്തില്‍ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തത് ഞാനോര്‍ക്കുന്നു.
ദൈവ സ്‌തോത്രം ആലപിക്കുവാന്‍ ആരും യേശുദാസ് ആകേണ്ട കാര്യമില്ല എന്ന് ഞങ്ങളെ എപ്പോഴും ഓര്‍മിപ്പിക്കുമായിരുന്നു… തങ്ങളാല്‍ കഴിയാവുന്നതുപോലെ ആത്മാര്‍ത്ഥമായി പാടി ദൈവത്തെ സ്തുതിക്കുക എന്നായിരുന്നു ഞങ്ങളെ എപ്പോഴും ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നത്. സംഗീതത്തില്‍ എളിയരീതിയില്‍ എങ്കിലും വലിയ ഒരു ആത്മവിശ്വാസം ഉണ്ടാക്കി തരുവാന്‍ സിസ്റ്റര്‍ ആനി മരിയയുടെ സ്വാധീനം എനിക്ക് ഉപകരിച്ചിട്ടുണ്ട് എന്ന് ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു…
മത പഠന കാര്യങ്ങളില്‍ മാത്രമല്ല നല്ല പാഠ്യേതര വിഷയങ്ങളും ഞങ്ങള്‍ക്ക് സിസ്റ്റര്‍ പറഞ്ഞു മനസ്സിലാക്കി തരുമായിരുന്നു. ചെറുപുഷ്പ മിഷന്‍ ലീഗ് അനിമേറ്റര്‍ ആയിരുന്ന സമയത്ത് കുടമാളൂര്‍ പദയാത്രയില്‍, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മ ഗൃഹത്തിലേക്ക് ഞങ്ങളെ നയിച്ചിരുന്നത് സിസ്റ്റര്‍ ആയിരുന്നു. ഫൊറോനാ തലത്തിലും രൂപതാ തലത്തിലുമുള്ള മത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയിക്കുകയും വിജയിച്ചുളള മടക്കയാത്രയില്‍ ഒപ്പമുള്ള ഉള്ള ബസിലെ യാത്രക്കാരെ വരെ അമ്പരപ്പിച്ചുകൊണ്ട് ജയഘോഷങ്ങളും മുദ്രാവാക്യങ്ങളും വിളിച്ചു സമ്മാനങ്ങള്‍ നേടിയുള്ള ആ തിരിച്ചുവരവുകള്‍ എനിക്ക് ഒരു നാളിലും മറക്കാന്‍ പറ്റുന്നതല്ല. ആ യാത്രകള്‍ ഒത്തിരി തിരിച്ചറിവുകള്‍ തരുകയും പല കാര്യങ്ങളിലും പക്വത നേടിത്തരുകയും ചെയ്തു.
നാല് സുവിശേഷകന്മാരുടെ പേരിലുള്ള ഉള്ള നാല് ഹൗസുകള്‍ തമ്മില്‍ സണ്‍ഡേ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും തിരിക്കുമ്പോള്‍ ഞാന്‍ ലീഡര്‍ ആയിരുന്ന ഗ്രൂപ്പിനെ മുന്നോട്ടു നയിക്കുവാനും മത്സരത്തില്‍ ജയിക്കുവാനും വളരെയധികം നിര്‍ദേശങ്ങള്‍ തരികയും പ്രോത്സാഹിപ്പിക്കുകയും ചെയ്തത് മറക്കാന്‍ പറ്റുന്നതല്ല.
പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള തീപ്പെട്ടി അരി ശേഖരണം, സ്‌നേഹിതരെയും ശത്രുക്കളെയും ഉള്‍പ്പെടെ പത്ത് പേരെ ഉള്‍പ്പെടുത്തിയുള്ള പ്രാര്‍ത്ഥനാ ശൃംഖല വഴി ശത്രുക്കള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുവാന്‍ ഉള്ള കഴിവ് നേടിയെടുക്കുവാന്‍ സാധിച്ചു.
സിസ്റ്റര്‍ ആനി മരിയ സണ്‍ഡേ സ്‌കൂളിന്റെ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് ആയിരുന്നപ്പോള്‍, സിസ്റ്ററിന്റെ നിര്‍ദ്ദേശാനുസരണം ഒരു കൈയെഴുത്തു മാസിക ‘പ്രകാശം’ ഞാന്‍ പ്രതിനിധാനംചെയ്യുന്ന യോഹന്നാന്‍ ഹൗസിനു വേണ്ടി ചെയ്യുവാന്‍ സാധിച്ചു. അതിനു വേണ്ട സകല പിന്തുണയും പ്രോത്സാഹനവും തന്നു സഹായിച്ചത് സിസ്റ്റര്‍ ആനി മരിയ മാത്രമാണ്.
ചുരുക്കത്തില്‍, കുട്ടികളായിരുന്ന ഞങ്ങള്‍ക്ക് ഒരു നേര്‍ വഴികാട്ടിയും, നല്ല മനസ്സോടെ നല്ല ഹൃദയത്തോടെ നല്ല ആത്മാവോടെ നല്ല ചിന്തകളോടെ ജീവിക്കുവാന്‍ ഏറ്റവുമധികം പ്രോത്സാഹനം ഞങ്ങള്‍ക്ക് പങ്കിട്ടു തന്ന, സ്‌നേഹത്തിന്റെയും പുഞ്ചിരിയോടെയും മുഖമായ ഞങ്ങളുടെ ആനി മരിയ സിസ്റ്റര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന ബാഷ്പാഞ്ജലികള്‍ ഹൃദയപൂര്‍വ്വം നേരട്ടെ!
ആനി മരിയ സിസ്റ്റര്‍ ഒരിക്കലും മരിക്കുന്നില്ല… എന്നും ഞങ്ങള്‍ കോട്ടയ്ക്കുപുറംകാരുടെ സ്വകാര്യ അഹങ്കാരമായി ഓര്‍മ്മകളിലൂടെ കോട്ടയ്ക്കുപുറത്തു ജീവിക്കുന്നു. ഞങ്ങളുടെ പ്രവര്‍ത്തികളിലൂടെ സിസ്റ്ററിന്റെ സ്വാധീനം മറ്റുള്ളവരിലേക്ക് പകരുവാന്‍ ശിഷ്യരായ ഞങ്ങള്‍ക്കും എന്നും സാധിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു…
ഞങ്ങള്‍ കോട്ടയ്ക്കുപുറംകാര്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നത് ഒന്നു മാത്രം.
ഒരു സ്വര്‍ഗ്ഗീയ മധ്യസ്ഥയായി, പ്രത്യേകിച്ച് സിസ്റ്ററിന്റെ കുഞ്ഞുങ്ങളായിരുന്ന ഞങ്ങളുടെ പ്രത്യേക മധ്യസ്ഥയായി, ഞങ്ങള്‍ക്കുവേണ്ടി എന്നും തമ്പുരാനോട് മാധ്യസ്ഥം പ്രാര്‍ത്ഥിക്കുമെന്നുള്ള വിശ്വാസം.
ആദരപൂര്‍വ്വം…
എബിസണ്‍ ജോസ്.
നോബി ജെയിംസ്
1 1/2 കിലോ ചിക്കൻ
1 ടേബിൾസ്‌പൂൺ കുരുമുളകുപൊടി
1 ടേബിൾസ്പൂൺ മല്ലിപൊടി
1 ടേബിൾ സ്പൂൺ ഗാർലിക് പൊടി
1 ടീസ്പൂൺ ഇഞ്ചി പൊടി (ചുക്കുപൊടി )
1 ടേബിൾസ്പൂൺ പാപ്രിക /കാശ്മീരി മുളകുപൊടി
1 ടീസ്പൂൺ കറുവ പൊടി /cinnamon powder
1 ടീസ്പൂൺ ഓർഗാനോ
1 ടീസ്പൂൺ മിക്സ് സ്‌പൈസസ്
1 ടീസ്പൂൺ ജീരക പൊടി
4 ടേബിൾസ്പൂൺ തൈര്
1 നാരങ്ങാ നീര്
ഉപ്പ്
3 ടേബിൾസ്പൂൺ എണ്ണ
ഇവയെല്ലാംകൂടി ഒന്നിച്ചിളക്കി മസാല ആക്കി വയ്ക്കുക. ചിക്കൻ അല്ലങ്കിൽ ലാമ്പോ മുട്ടനോ ഇതേ മസാല തിരുമ്മി ചിക്കൻ വീഡിയോയിൽ കാണുന്നതുപോലെ കട്ട് ചെയ്തു മസാല തിരുമ്മി വയ്ക്കുക. കുറച്ചു സമയത്തിന് ശേഷം വീഡിയോയിൽ കാണുന്നതുപോലെ കുത്തി ഓവനിൽ ഇട്ടു ഗ്രില്ല് ചെയ്തു എടുക്കുക. ഓവൻ ഇല്ല എങ്കിൽ പാനിൽ ഫ്രൈ ചെയ്തു ഗാർലിക് സോസും (ഇതിനു മുൻപ് യൂട്യൂബിൽ എന്റെ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അത് ഉണ്ടാക്കി ഫ്രിഡ്ജിൽ വച്ചാൽ കേടുകൂടാതെ ഇരിക്കും ) ചിക്കൻ പാകം ചെയ്തു സലാഡും സോസും ഒഴിച്ചു പൊതിഞ്ഞു തനതായ ഷവർമ കഴിക്കാം. ഇതു എല്ലാവരും ഒന്ന് ഉണ്ടാക്കി നോക്കണേ .
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.