Latest News

42 വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ നിന്നും മോഷണം പോയ സീതാ-രാമ-ലക്ഷ്മണ വിഗ്രഹം ലണ്ടനില്‍ കണ്ടെത്തി. നാഗപട്ടണം ജില്ലയിലെ അനന്തമംഗലത്തെ പുരാതന രാജഗോപാലസ്വാമി ക്ഷേത്രത്തില്‍ നിന്നാണ് 42 വര്‍ഷം മുമ്പ് വിഗ്രഹങ്ങള്‍ മോഷണം പോയത്.

ലണ്ടനില്‍നിന്ന് കണ്ടെടുത്ത വിഗ്രഹം കഴിഞ്ഞ ദിവസം തിരിച്ചെത്തിച്ചു. വിഗ്രഹങ്ങള്‍ ചെന്നൈയില്‍ നിന്ന് ശനിയാഴ്ച ക്ഷേത്രത്തിലെത്തിക്കുകയായിരുന്നു.1978-ലാണ് നാല് വെങ്കല വിഗ്രഹങ്ങള്‍ – പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രത്തില്‍നിന്ന് മോഷ്ടിക്കപ്പെട്ടത്.

സീതാ-രാമ-ലക്ഷ്മണ-ഹനുമാന്‍ വിഗ്രഹങ്ങളാണ് അന്ന് മോഷണം പോയത്. ഇതില്‍ മൂന്നെണ്ണമാണ് ഇപ്പോള്‍ തിരിച്ചു കിട്ടിയത്. ഹനുമാന്‍ വിഗ്രഹം ഇപ്പോഴും കണ്ടെത്താനായിട്ടില്ല. എന്നാല്‍ വിഗ്രഹ മോഷണവുമായി ബന്ധപ്പെട്ട് 1978ല്‍ പൊരയാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ വിഗ്രഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്താരാഷ്ട്ര വിപണിയിലെ പുരാവസ്തുക്കളുടെ വ്യാപാരം നിരീക്ഷിക്കുന്ന സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഒരു സന്നദ്ധ സംഘടനയുടെ വിവരത്തെത്തുടര്‍ന്ന്, മോഷ്ടിച്ച നാല് വിഗ്രഹങ്ങളില്‍ മൂന്നെണ്ണം ഈ വര്‍ഷം സെപ്റ്റംബറില്‍ ലണ്ടനിലെ ഒരു പുരാതന കളക്ടറില്‍ നിന്ന് കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു.

തുടര്‍ന്ന് ലണ്ടനിലെ മെട്രോപൊളിറ്റന്‍ പോലീസ് മൂന്ന് വിഗ്രഹങ്ങള്‍ (രാമ, ലക്ഷ്മണ, സീത) ഇന്ത്യന്‍ എംബസിക്ക് കൈമാറുകയായിരുന്നു. വിഗ്രഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഈ ആഴ്ച ആദ്യം തമിഴ്നാട് സര്‍ക്കാരിന് കൈമാറി. വെള്ളിയാഴ്ച മുഖ്യമന്ത്രി കെ പളനിസ്വാമി ചെന്നൈയിലെ വിഗ്രഹങ്ങള്‍ പരിശോധിച്ച് ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശങ്കരേശ്വരിക്ക് കൈമാറി.

2020 ല്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തെരഞ്ഞെടുപ്പ് കാലത്തേക്ക് വെള്ളാപ്പള്ളി നടേശന്റെ തിരിഞ്ഞ് നോട്ടം. 1962 ല്‍ നടന്ന സംഭവം പ്രമുഖ മാധ്യമ റിപ്പോർട്ട് ചെയുന്നു.

1962 ല്‍ മാരാരിക്കുളംവടക്ക് ഗ്രാമപഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു തോറ്റുവെന്നും പിന്നീട് രാഷ്ട്രീയ മത്സരങ്ങള്‍ക്കു മുതിര്‍ന്നിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പങ്കുവെക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…

അതൊരു പ്രത്യേക ലോകമാണ്. അച്ഛന്‍ വെള്ളാപ്പള്ളി കൃഷ്ണന്‍ കേശവനും കുടുംബവും കോണ്‍ഗ്രസ് അനുഭാവികളായിരുന്നു. ആ പിന്തുടര്‍ച്ചയില്‍, സ്‌കൂളില്‍ കെഎസ്യു സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ചെങ്കിലും പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റു സ്ഥാനാര്‍ഥിയായി. സ്ഥലത്തെ പ്രധാന സമ്പന്ന കുടുംബത്തില്‍പ്പെട്ടയാളായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

അന്നു പാര്‍ട്ടി ജില്ലാ സെക്രട്ടറി വിഎസ് അച്യുതാനന്ദന്‍. വിഎസും കെആര്‍ ഗൗരിയമ്മയും സുശീല ഗോപാലനും കാളിക്കുട്ടി ആശാട്ടിയും തകഴി ശിവശങ്കരപ്പിള്ളയുമൊക്കെ എനിക്കു വേണ്ടി പ്രചാരണത്തിനു വന്നു.

പക്ഷേ, ‘പയ്യന്‍ പഞ്ചായത്തില്‍ പോകേണ്ട’ എന്ന കോണ്‍ഗ്രസിന്റെ പ്രചാരണം ഏറ്റു. 16 വോട്ടിനു ഞാന്‍ തോറ്റു. അക്കാലത്ത് എനിക്ക് ഇരുപത്തിനാലോ ഇരുപത്തിയഞ്ചോ വയസ്സ് പ്രായം. അക്കാലത്ത്, ഈ പ്രദേശത്ത് എന്റെ എതിര്‍സ്ഥാനാര്‍ഥിയായ സമ്പന്ന കുടുംബത്തിലെ ആള്‍ക്കെതിരെ നേര്‍ക്കുനേര്‍ നില്‍ക്കാന്‍ പോലും ആള്‍ക്കാര്‍ ഭയപ്പെടുന്ന കാലമാണ്. വോട്ടു തേടി വീടുകളില്‍ കയറാന്‍ പോലും എന്നെ അനുവദിച്ചില്ല. ഓരോ വീടുകള്‍ക്കു മുന്നിലും എതിര്‍ സ്ഥാനാര്‍ഥിയുടെ ആള്‍ക്കാര്‍ കാവല്‍ നിന്നു ഞങ്ങളെ തടഞ്ഞു.

ഒടുവില്‍, വീടുകള്‍ക്കു മുന്നില്‍ ചെന്നു നിന്നു മെഗാഫോണിലൂടെ വോട്ടു തേടേണ്ട സ്ഥിതിയായി. അന്നു പോലീസ് വയര്‍ലെസ് സെറ്റുകളുമായി സ്ഥലത്തു ക്യാംപ് ചെയ്യുകയായിരുന്നു. വയര്‍ലെസ് സെറ്റുമായി പോലീസ് നില്‍ക്കുന്നത് അന്നു കൗതുകക്കാഴ്ചയായിരുന്നു. അത് എന്റെ പൊതുജീവിതത്തിലെ ആദ്യത്തെ തോല്‍വിയായിരുന്നു. അവസാനത്തെയും.

ഇപ്പോള്‍ എസ്എന്‍ഡപിയോഗം, എസ്എന്‍ ട്രസ്റ്റ് എന്നിവയുടെ ജനറല്‍ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശന്‍. തുടര്‍ച്ചയായി മൂന്നു തവണ എസ്എന്‍ഡിപി യോഗത്തിന്റെ മുഖ്യകാര്യനിര്‍വ്വാഹകനായി അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1937 സെപ്റ്റംബര്‍ 10-ന് ആലപ്പുഴ ജില്ലയിലെ കണിച്ചുകുളങ്ങരയിലാണ് അദ്ദേഹത്തിന്റെ ജനനം. വെള്ളാപ്പള്ളി കേശവനും ദേവകിയും ആണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍.

തുടർഭരണമില്ലെന്ന് ഉറപ്പായതോടെ അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ചെയ്ത് തീർക്കേണ്ട കടമകളിൽ നിന്നും ഒളിച്ചോടി ഡൊണാൾഡ് ട്രംപ്. ട്രംപ് പ്രസിഡന്റെന്ന നിലയിൽ പങ്കെടുക്കേണ്ട അവസാന ജി20 ഉച്ചകോടി ഒഴിവാക്കി ഗോൾഫ് കളിക്കാൻ പോയതായി റിപ്പോർട്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ ഇക്കാര്യം വലിയ ചർച്ചയാവുകയാണ്.

കൊവിഡ് കാലമായതിനാൽ വെർച്വലായി നടക്കുന്ന പ്രത്യേക ഉച്ചകോടിയിൽ പങ്കെടുക്കാതെയാണ് ട്രംപ് ഗോൾഫ് കളിക്കാനായി പോയത്. ശനിയാഴ്ചയും ഞായറാഴ്ചയുമായി നടക്കുന്ന സമ്മളേനത്തിൽ ട്രംപ് പങ്കെടുക്കുമെന്നാണ് വൈറ്റ് ഹൗസ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സമ്മേളനം നടക്കുന്ന സമയത്ത് ട്രംപിനെ ഗോൾഫ് ക്ലബ്ബിൽ കണ്ടതോടെയാണ് അദ്ദേഹം സമ്മേളത്തിൽ പങ്കെടുത്തില്ലെന്ന കാര്യം വ്യക്തമായത്. സ്റ്റെർലിങ്ങിലുള്ള ട്രംപ് നാഷണൽ ഗോൾഫ് ക്ലബ്ബിൽ ട്രംപ് കളിക്കുന്ന ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു.

ഓണ്ഡലൈനിൽ നടക്കുന്ന സമ്മേളനത്തിൽ സൗദി അറേബ്യയിലെ സൽമാൻ രാജാവാണ് അധ്യക്ഷത വഹിക്കുന്നത്. അമേരിക്ക ഒഴികെയുള്ള രാജ്യങ്ങളിലെ തലവന്മാർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

അതേസമയം, ട്രംപി ഇതുവരെ അംഗീകരിച്ചില്ലെങ്കിലും 270 ഇലക്ടറൽ വോട്ടുകളുമായി ജോ ബൈഡനാണ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചു നിൽക്കുന്നത്. എന്നാൽ ഈ വിജയം തട്ടിപ്പാണെന്നാണ് ട്രംപിന്റെ ആരോപണം.

ഇന്നലെ നിര്യാതനായ ജോമോൻ ജോസഫിനെ പി ജെ ജോസഫിൻെറ പുറപ്പുഴയിലെ വീട്ടിലെത്തുന്ന എല്ലാവർക്കും സുപരിചിതനായിരുന്നു. ജോക്കുട്ടൻ എന്ന് വിളിപ്പേരുള്ള ജോമോൻ ജോസഫ്.അടുപ്പമുള്ളവർ ജോ എന്നും.,ജോക്കുട്ടൻ എന്നും വിളിക്കും.ചെറുപ്പത്തിലേ അസുഖക്കാരനായിരുന്നെങ്കിലും വീട്ടുകാർ ഏറ്റവും സ്നേഹനിധിയായാണ് വളർത്തിയത്.പി ജെ ജോസെഫിന്റെ സ്റ്റാഫായ സുധീഷ് കൈമൾ.,ബ്ലെയ്റ്റ്സ്.,സലീം.,ഷാജി അറയ്ക്കൽ.,ഹരിദാസ് എന്നിവർക്കും ജോക്കുട്ടൻ അവരുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു.

അസുഖ ബാധിതനായതിന്റെ പേരിൽ ഒരിക്കലും ഒരു അവഗണനയും ജോക്കുട്ടന് ഉണ്ടായിട്ടില്ല.മിക്കവാറും വീടിന്റെ മുന്നിൽ തന്നെ ഉണ്ടാവുമായിരുന്നു.വരുന്ന പാർട്ടി പ്രവർത്തകരും ജോക്കുട്ടനോട് കുശലം പറഞ്ഞിട്ടേ പോകുമായിരുന്നുള്ളൂ.പലരെയും ജോക്കുട്ടനും നല്ല പരിചയമായിരുന്നു.അങ്ങനെയുള്ളവർ ചെല്ലുമ്പോൾ ജോക്കുട്ടൻ ഓർത്തു ചിരിക്കും.

സാധാരണ അസുഖ ബാധിതനായ ഒരാൾ വീട്ടിലുണ്ടായാൽ അവഗണ അനുഭവിക്കുന്ന തലത്തിൽ നിന്നും അംഗീകാരത്തിന്റെ തലത്തിലേക്കാണ് ജോക്കുട്ടൻ ഉയർന്നത്.പി ജെ ജോസെഫിന്റെ നാലുമക്കളിൽ അദ്ദേഹത്തിന് ഏറ്റവും പ്രിയങ്കരനും ജോക്കുട്ടൻ ആയിരുന്നു.അപ്പു.,ആന്റണി.,യമുന.,ജോക്കുട്ടൻ എന്നീ നാല് മക്കളായിരുന്നു പി ജെ ജോസഫിന്.

ജോക്കുട്ടനും തന്റെ മക്കളിൽ ഒരു വീതം കൊടുക്കാൻ പിജെ ജോസഫ് ആഗ്രഹിച്ചു.അതിനു മക്കൾക്കെല്ലാം ഏറ്റവും സന്തോഷവുമായിരുന്നു.ഏറ്റവും സന്തോഷം മൂത്ത പുത്രനായ അപ്പു ജോൺ ജോസഫിനായിരുന്നു. ജോക്കുട്ടന്റെ വിഹിതമായി കൊടുക്കുന്ന സ്ഥലം വിറ്റ് ലഭിക്കുന്ന പണം കൂട്ടി ജോക്കുട്ടൻ ചാരിറ്റി ട്രസ്റ്റ് രൂപീകരിക്കുകയും ട്രസ്റ്റിന്റെ മേൽ നോട്ടത്തിൽ തൊടുപുഴയിലെ 7000 നിർദ്ധനരായ രോഗികൾക്ക് മാസം 1000 രൂപാ വച്ച് നൽകുകയും ചെയ്യുന്ന “കനിവ്” എന്ന പരിപാടിക്ക് രൂപം നൽകുകയും ചെയ്തു.

അതിന്റെ ഉദ്‌ഘാടനം തൊടുപുഴ പള്ളി പാരിഷ് ഹാളിൽ നടന്നപ്പോൾ വൻ ജനാവലിയും തടിച്ചു കൂടി.കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിലാണ് ആ കനിവ് എന്ന പരിപാടി ഉദ്‌ഘാടനം ചെയ്തത്.ഇത് എല്ലാവർക്കും ഒരു മാതൃകയാണ് ഈ മാതൃക സമൂഹം അനുകരിക്കേണ്ടതാണ് എന്നാണ് മാർ ജോർജ് പിതാവ് അന്ന് പറഞ്ഞത്. അന്നും ഈ പരിപാടിക്ക് ജോക്കുട്ടൻ മുൻ നിരയിൽ തന്നെ കാഴ്ചക്കാരനായി ഉണ്ടായിരുന്നു.

ജോക്കുട്ടൻ കാലയവനികയിലേക്കു മറയുമ്പോൾ ജോക്കുട്ടൻ ചാരിറ്റബിൾ ട്രസ്റ്റ് ഇനിയും ജീവിക്കും നിർധനർക്ക് കാരുണ്യമേകി

കോട്ടയം: പ്രവാസിയായ യുവാവ്  നാട്ടിലെത്തിയപ്പോൾ ഓട്ടോക്കാരനായി മാറി. അതും കല്യാണം കഴിക്കാൻ..! ദുബൈയിൽ ഇലക്ട്രീഷനായി ജോലി ചെയ്യുന്ന റോബിൻ പി.തോമസും, പ്രതിശ്രുത വധു അനില ജോയിയുമാണ് സേവ് ദി ഡേറ്റിനു വേണ്ടി ഓട്ടോഡ്രൈവർമാരായി മാറിയത്. നവംബർ 23 നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

നേഴ്‌സായി ജോലി ചെയ്യുന്ന മുണ്ടക്കയം കൊടികുത്തി പള്ളിപ്പറമ്പിൽ വീട്ടിൽ അനില ജോയിയും, മുണ്ടക്കയം മുളകുന്ന് പാറയ്ക്കൽ വീട്ടിൽ റോബിൻ പി.തോമസും തമ്മിലുള്ള വിവാഹമാണ് നവംബർ 23 ന് രാവിലെ 11 ന് മുണ്ടക്കയം പള്ളിയിൽ നിശ്ചയിച്ചിരിക്കുന്നത്. ഈ വിവാഹത്തിന്‍റെ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടിനു വേണ്ടിയാണ് ആത്രേയ വെഡിംങ് സ്റ്റോറീസിന്റെ ഫോട്ടോഗ്രാഫർ ജിബിൻ ജോയിയുടെ നേതൃത്വത്തിൽ വ്യത്യസ്തമായ ആശയമുണ്ടാക്കിയത്.

ജിബിൻ ജോയിയുടെ നേതൃത്വത്തിൽ അനിലയെയും, ഓട്ടോഡ്രൈവർമാരാക്കി തീം സെറ്റ് ചെയ്യുകയായിരുന്നു. ദുബൈയിൽ ജോലി ചെയ്യുന്ന റോബിൻ നേരത്തെ നാട്ടിലുണ്ടായിരുന്ന സമയത്ത് ഓട്ടോറിക്ഷ ഓടിച്ചിരുന്നു. ഇതേ തുടർന്നാണ്, ജിബിൻ ജോയി റോബിനെയും പ്രതിശ്രുത വധുവിനെയും ഓട്ടോ ഡ്രൈവർമാരാക്കി ഒരു തീം സെറ്റ് ചെയ്തത്. ആദ്യം ഇരുവരും മുണ്ടക്കയം കൊടികുത്തിയിലെ ഓട്ടോ സ്റ്റാൻഡിൽ എത്തുന്നതും, ഇവിടെ നിന്നും ഒന്നിച്ചിരുന്ന് ചായ കുടിക്കുന്നതും, പിന്നീട് ഒന്നിച്ച് പത്രം വായിക്കുന്നതും, ഓട്ടോറിക്ഷാ മാറ്റിയിടുന്നതും ഇതിനിടെ നിരകളിക്കുന്നതും അടക്കമുള്ള കാര്യങ്ങളാണ് സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടിന്‍റെ ഭാഗമായി ചിത്രീകരിച്ചത്.

അനിലയും റോബിനും പക്ഷേ അസാധ്യമായ നാണക്കാരായിരുന്നതിനാൽ സേവ് ദി ഡേറ്റ് ഷൂട്ടിങിന് കാര്യമായി കഷ്ടപ്പെടേണ്ടി വന്നിരുന്നതായി ജിബിൻ പറയുന്നു. പക്ഷേ, ആ കഷ്ടപ്പാട് എല്ലാം കഴുകിക്കളയുന്ന ഹിറ്റ് കാലമാണ് ഫോട്ടോഷൂട്ട് പുറത്തു വന്നതോടെ ഉണ്ടായത്. വീഡിയോ ഹിറ്റായെന്നു മാത്രമല്ല അപ്രതീക്ഷിതമായി വീഡിയോയും ഫോട്ടോയും വൈറലായി മാറുകയും ചെയ്തു. അശ്ലീലതയില്ലാതെ മാന്യമായ രീതിയിൽ ചിത്രീകരിച്ച സേവ് ദി ഡേറ്റിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

ജോൺ കുറിഞ്ഞിരപ്പള്ളി

ബാംഗ്ലൂർ നഗരത്തിലെ ഞങ്ങളുടെ പക്ഷിവേട്ട ഏതാണ്ട് അലങ്കോലമായി.
കൊക്കുരുമ്മിയിരിക്കുന്ന കൊക്കുകളുടെ കൊക്കിന് വെടി വച്ച് പിടിച്ച് ഫ്രൈ ചെയ്ത് കൊക്കുമുട്ടെ തിന്നുന്നത് ഞങ്ങൾ എല്ലാവരും സ്വപ്നം കണ്ടതാണ്.
എല്ലാം വെറുതെയായി.
വെടിയേറ്റ കൊച്ചിന്‌ ഐസ്ക്രീമും അമ്മക്ക് ഒരു മസാലദോശയും കാപ്പിയും വാങ്ങികൊടുത്ത് എല്ലാം സൗമ്യമായി പരിഹരിച്ചു.
ജോസഫ് പറഞ്ഞു,,” നനഞ്ഞിറങ്ങിയാൽ കുളിച്ചുകയറണം. നമുക്ക് പോകാം ഒന്നുകൂടി നായാട്ടിന്”.
“നനഞ്ഞോ?എന്നാൽ ഞാനില്ല.എങ്ങനെയാണ് നനഞ്ഞത്?” സെൽവരാജൻ അവൻെറ ഭാഷാ പാണ്ഡിത്യം പ്രകടിപ്പിച്ചു.
ജോസഫ് പറഞ്ഞു,”ഞാനൊരു പഴഞ്ചൊല്ല് പറഞ്ഞതല്ലെ?”
” ആണോ?പഴഞ്ചൊല്ലിൽ പതിരില്ല. പക്ഷേ,നനഞ്ഞത് എങ്ങനെയാണന്ന് പറഞ്ഞില്ല”
“കുന്തം. ”
ഭാഗ്യത്തിന് സംസാരം നീണ്ടുപോയില്ല. ഒരു എസ്‌ഡി ബൈക്കിൽ രണ്ടുപേർ ഞങ്ങളുടെ മുൻപിൽ അവതരിച്ചു.
അച്ചായൻ ഉടനെ പരിചയപ്പെടുത്തി,”ഇത് കൊല്ലം രാധാകൃഷ്ണൻ,കാഥികനാണ്. ഇവിടെ ജോലിയും വീക്ക് എൻടിൽ നാട്ടിൽ പോയി കഥാപ്രസംഗവും നടത്തിയിട്ടു വരും.”
രാധാകൃഷ്ണൻ ചിരിച്ചുകൊണ്ട് കൈ തന്നു.
“കൂടെയുള്ളത് ഗോപാലകൃഷ്ണൻ,രാധാകൃഷ്ണൻ്റെ പിന്നണിയിലെ അംഗം”.
പരിചയപെട്ടുകൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന് ജോർജ് കുട്ടി ഒരു ചോദ്യം “ഞങ്ങൾക്ക് ഒരു കഥാപ്രസംഗം കേൾക്കണം,സാധിക്കുമോ?”
“ഞാൻ റെഡി .പോകാം വീട്ടിലേക്ക്.”രാധാകൃഷ്ണൻ.
“ആരുടെ വീട്ടിലേക്ക്?”
“നിങ്ങൾക്കല്ലേ കേൾക്കേണ്ടത്. നിങ്ങളുടെ വീട്ടിലേക്ക്”.
ബൈക്ക് സ്റ്റാർട്ട് ചെയ്തിട്ട് രാധാകൃഷ്ണൻ പറഞ്ഞു,”ദാ , പത്തുമിനിട്ടിനകം ഞാൻ വന്നേക്കാം”
“ഇനി ഇന്ന് കഥാപ്രസംഗവും കൂടി കേട്ട് കഴിയുമ്പോൾ എന്തായിരിക്കും സ്ഥിതി?”
” കാശുകൊടുക്കാതെ ഒരു കഥാപ്രസംഗം കേൾക്കുന്നതല്ലേ? തനിക്കെന്താ നഷ്ടം?”
എന്ത് പറയാനാണ്?
പറഞ്ഞതുപോലെ പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ രാധാകൃഷ്ണനും ഗോപാലകൃഷ്ണനും ഒരു ഹാർമോണിയവും തബലയുമായി എത്തി. ഇതിലെ രസകരമായ വസ്തുത ഉപകരണങ്ങൾ ഉണ്ടെങ്കിലും ആർക്കും ഉപയോഗിക്കാനറിയില്ല.
കഥാപ്രസംഗം ആരംഭിച്ചു.
“സൗഹൃദയരെ, ഞാൻ പറയാൻ പോകുന്ന കഥയുടെപേര് “കൊക്കിരിക്കുന്ന പാടം.”
അച്ചായൻ ചാടി പറഞ്ഞു,”ഹോസ്‌കോട്ടയിലെ കിളികൾ എന്നുമാറ്റണം ”
“ഈ കഥ നടക്കുന്നത് ഇവിടെയല്ല.”
“കഥ നടക്കുവോ?”സെൽവരാജന് സംശയം.
“ഞാൻ കഥ നടക്കുന്ന കേരളത്തിലെ ഒരു ഗ്രാമത്തിലേക്ക് നിങ്ങളെ കൂട്ടികൊണ്ടുപോകുകയാണ്.”
“തിങ്കളാഴ്ച കാലത്ത് എനിക്ക് ജോലിയുണ്ട്. അപ്പോഴേക്കും തിരിച്ചുവരാൻ പറ്റുവെങ്കിലേ ഞാൻ വരുന്നുള്ളു”.
“പച്ചവിരിച്ച നെൽപ്പാടങ്ങൾ. കൊയ്ത്തുകാത്തിരിക്കുന്ന കൊക്കുകൾ പറന്നു നടക്കുന്നു.ആ പാടവരമ്പിലൂടെ അവൾ നടന്നു.”
“പാടവരമ്പിൽ മുഴുവൻ ചെളിയല്ലേ?”സെൽവരാജൻ .
“അതെ. എന്താ പ്രശനം?”
“അല്ല പാടവരമ്പിൽ ചെളിയാണെങ്കിൽ പാവാട പൊക്കി പിടിച്ചില്ലെങ്കിൽ ചെളിയാകും.”
കഥാപ്രസംഗം കത്തിക്കയറുകയാണ്.
“പാടത്തിൻ തീരത്തെ ചോലയിലാടുമേയ്ക്കാൻ…… ഞാനും …..വരട്ടെയോ……”
ചങ്ങമ്പുഴയുടെ രമണനിൽ നിന്നും അടിച്ചുമാറ്റി കഥാപാത്രങ്ങളുടെ പേരും സ്ഥലവും മാറ്റി കഥ മുന്നേറുമ്പോൾ സെൽവരാജൻെറ അടുത്ത ചോദ്യം.”ഈ ലാട് എന്ന് പറയുന്നത് എന്ത് ജീവിയാ?”
“ലാട് …..?ഇതെവിടെ നിന്നുകിട്ടി?.ലാട് …?”
“ഇപ്പോൾ പാടിയില്ലേ? പാടത്തിൻ തീരത്തെ ചോലയിലാടുമേയ്ക്കാൻ….”
ഇതിനിടക്ക് ഗോപാലകൃഷ്ണൻ തബലയിൽ രണ്ടുതവണ മുട്ടി ശബ്ദം കേൾപ്പിച്ചു. തബലയുടെ സൈഡിൽ ഉണ്ടായിരുന്ന ദ്വാരത്തിൽ നിന്നും രണ്ടുമൂന്ന് എലിക്കുഞ്ഞുങ്ങൾ പുറത്തേക്ക് ചാടി ഓടിപ്പോയി.
“അതാ അങ്ങോട്ടു നോക്കൂ. “കാഥികൻ ദൂരേക്ക് വിരൽ ചൂണ്ടി. എന്നിട്ട് തുടർന്നു ,”നമ്മൾ എന്താണ് കാണുന്നത്?”
“എലി ഓടുന്നത് ഞങ്ങൾ ഇഷ്ട്ടം പോലെ കണ്ടിട്ടുണ്ട്. താൻ കഥ പറയൂ”.
എത്ര ശ്രമിച്ചിട്ടും കണ്ണുകൾ അടഞ്ഞുപോകുന്നു.
ഞാൻ കണ്ണ് തുറക്കുമ്പോൾ രാധാകൃഷ്ണനും ഗോപാലകൃഷ്ണനും മ്യൂസിക്ക് ഉപകരണങ്ങൾ പായ്ക്ക് ചെയ്യുകയാണ്. സെൽവരാജനും ജോർജ് കുട്ടിയും നിലത്തുകിടന്നുറങ്ങുന്നു. ജോസഫ് അച്ചായൻ സോഫയിലും.
“രാധാകൃഷ്ണൻ എന്നോട് ഒരു ചോദ്യം,” എങ്ങനെയുണ്ടായിരുന്നു?”
“അടിപൊളി.”
” നിങ്ങളെല്ലാവരും ശ്രദ്ധിച്ചു കണ്ണടച്ചിരുന്നു കേൾക്കുന്നത് എനിക്ക് വലിയ പ്രചോദനമായി. താങ്ക് യു.”
ഞാൻ അച്ചായനിട്ടും സെൽവരാജനിട്ടും ഓരോ ചവിട്ടു വച്ചുകൊടുത്തു.
ചോദ്യം ആവർത്തിക്കപ്പെട്ടു.
എല്ലാവരുടെയും ഉത്തരം ഒന്നായിരുന്നു.
“അടിപൊളി” എന്ന പദ പ്രയോഗം കണ്ടു പിടിച്ചവന് നന്ദി.
“നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഏതു ഭാഗം ആണ്?”
“അത് പറയാനുണ്ടോ? അവസാന ഭാഗം.”
രാധാകൃഷ്‌നും ഗോപാലകൃഷ്ണനും സന്തോഷമായി.
“ഞങ്ങൾ കഥ പറഞ്ഞ ഒരു സ്ഥലത്തും ഇത്രയും നന്നായി ശ്രദ്ധിച്ചിരിക്കുന്ന ആളുകളെ കണ്ടിട്ടില്ല. അടുത്ത ആഴ്ച ഞാൻ ഒരു പുതിയ കഥയുമായി വരാം “.
സെൽവരാജൻ പാഞ്ഞു,”എനിക്ക് അടുത്ത ആഴ്ച പനിയാണ്.”.
അച്ചായൻപറഞ്ഞു, “ഇവന് പനിയാണെങ്കിൽ കൂടെ താമസിക്കുന്ന എനിക്ക് ചില ഉത്തരവാദിത്തങ്ങളില്ലേ? ഇവനെ നോക്കണം. മരുന്ന് വാങ്ങി കൊടുക്കണം.”.
ജോർജ് കുട്ടി പറഞ്ഞു,”എനിക്ക് ധ്യാനം കൂടാൻ പോകണം .”
അച്ചായൻെറ സംശയം,”പാറേപള്ളീൽ ആണോ?”
ഞാനെന്തു പറയും എന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ജോർജ് കുട്ടി പറഞ്ഞു, “അടുത്ത ആഴ്ച അവൻെറ കല്യാണമാണ്. ”
പെട്ടന്ന് രാധാകൃഷ്ണൻ പറഞ്ഞു, “അങ്ങിനെയാണെകിൽ ഭാര്യയേയും കൂട്ടി ഒരു ദിവസം വാ. ഞാൻ ഒരു പുതിയ കഥ പഠിച്ചു വയ്ക്കാം.”
“അത് വേണ്ട.”
“അതെന്താ?”.
“കല്യാണം കഴിഞ്ഞ ഉടനെ തന്നെ ഡിവോഴ്‌സ് കാണാൻ വയ്യ”.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി
 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി. നോട്ടീസ് നല്‍കി.

സി.എം. രവീന്ദ്രന്‍ കോവിഡ് മുക്തനായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടതായി ഇ.ഡിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി. നോട്ടീസ് നല്‍കിയത്.

മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരില്‍ ഒരാളാണ് സി.എം. രവീന്ദ്രന്‍. ഒരാളെ ചോദ്യം ചെയ്യലിന് വിളിച്ചെന്നു കരുതി അയാള്‍ കുറ്റവാളിയാകില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു.

വാഷിങ്ടണ്‍: വിസ്‌കോന്‍സിനിലെ മാളില്‍ വെള്ളിയാഴ്ചയുണ്ടായ വെടിവെയ്പില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റതായി യു.എസ്. പോലീസ് അറിയിച്ചു. അക്രമിക്കായി തിരച്ചില്‍ തുടരുകയാണ്.

വോവറ്റോസ മേഫെയര്‍ മാളില്‍ വെടിവെയ്പുണ്ടായതായും തങ്ങളുടെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയതായും എഫ്.ബി.ഐയും മില്‍വോക്കി കൗണ്ടി ഷെരിഫിന്റെ ഓഫീസും ട്വീറ്റ് ചെയ്തു. പ്രദേശികപോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

വെടിവെപ്പ് നടത്തിയയാള്‍ അടിയന്തര സേനാഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ കടന്നതായി വോവറ്റോസ പോലീസ് വകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി. വെടിയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമികവിവരം.

20നും 30 നും ഇടയില്‍ പ്രായമുള്ള വെളുത്തവര്‍ഗക്കാരനാണ് അക്രമിയെന്ന് സൂചന ലഭിച്ചതായി പോലീസ് വ്യക്തമാക്കി. ആക്രമണം നടക്കുമ്പോള്‍ മാളിലെ ജീവനക്കാര്‍ മാളിനുള്ളില്‍ സംരക്ഷണം തേടുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മാളില്‍ ഇത്തരത്തിലൊരു അനിഷ്ടസംഭവമുണ്ടായതിതിലും സന്ദര്‍ശകര്‍ക്ക് നേരിടേണ്ടി വന്ന മാനസികവ്യഥയിലും അതീവ ദുഃഖമുണ്ടെന്ന് മാളിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന കമ്പനി അറിയിച്ചു. അന്വേഷണഉദ്യോഗസ്ഥര്‍ക്കുള്ള നന്ദിയും കമ്പനി വക്താവ് അറിയിച്ചു.

മലയാള സിനിമയിൽ കഴിഞ്ഞ നാൽപ്പതിലധികം വർഷമായി തിളങ്ങി നിൽക്കുന്ന സൂപ്പർ താരമാണ് മോഹൻലാൽ. ഇന്നും മലയാള സിനിമയുടെ നട്ടെല്ലായി മോഹൻലാൽ തുടരുമ്പോൾ അദ്ദേഹത്തിനൊപ്പം തന്നെ സിനിമാ ജീവിതമാരംഭിച്ച അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്നു. ബാല്യ കാല സുഹൃത്ത് ജി സുരേഷ് കുമാർ മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവായ മാറിയപ്പോൾ മറ്റൊരു സുഹൃത്ത് പ്രിയദർശൻ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിലൊരാളായി തിളങ്ങി നിൽക്കുന്നു.

അതോടൊപ്പം അന്ന് ഇവരുടെ സൗഹൃദ കൂട്ടത്തിൽ ഉണ്ടായിരുന്നു മണിയൻ പിള്ള രാജു, എസ് കുമാർ, എം ജി ശ്രീകുമാർ തുടങ്ങി ഒട്ടേറെ പേർ ഇന്നും മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഇപ്പോഴും തുടരുന്ന ഇവരുടെ ശ്കതമായ സൗഹൃദ ബന്ധത്തെ സിനിമയ്ക്കു അകത്തും പുറത്തുമുള്ളവർ ഏറെ അത്ഭുതത്തോടു തന്നെയാണ് നോക്കി കാണുന്നത്. ഇപ്പോഴിതാ ഇവരുടെ യൗവ്വനകാലത്തെ ഒരു രസകരമായ ഓർമ്മ പങ്കു വെക്കുകയാണ് നിർമ്മാതാവ് ജി സുരേഷ് കുമാർ. മോഹൻലാൽ അഭിനയിച്ച ആദ്യ ചിത്രമായ തിരനോട്ടം ഷൂട്ട് ചെയ്ത സമയത്തെ അനുഭവമാണ് അദ്ദേഹം പറയുന്നത്.

തിരനോട്ടം എന്ന ചിത്രത്തിൽ ആദ്യം പ്രിയദർശൻ ഉണ്ടായിരുന്നില്ല എന്നും അന്ന് താനും പ്രിയനും തമ്മിൽ കണ്ടാൽ ഉടക്കാണ് എന്നും സുരേഷ് കുമാർ പറയുന്നു. പക്ഷെ ചിത്രത്തിന്റെ അവസാന ഘട്ടത്തിൽ തിരക്കഥ തിരുത്താനാണ് പ്രിയദർശൻ ഈ ചിത്രത്തിന്റെ ഭാഗമായി വരുന്നതെന്നും പക്ഷെ വന്നു കഴിഞ്ഞപ്പോൾ മദ്രാസിലേക്ക് ചിത്രത്തിന്റെ പോസ്റ്റ്- പ്രൊഡക്ഷൻ ജോലികൾക്കു തന്നെ ഒഴിവാക്കി സംവിധായകൻ അശോക് കുമാർ ആദ്യം കൊണ്ട് പോയത് പ്രിയനേ ആണെന്നും സുരേഷ് കുമാർ പറഞ്ഞു. എന്നാൽ പിന്നീട് താനും അവർക്കു പുറകെ മദ്രാസിൽ എത്തുകയും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ ഭാഗമാവുകയും ചെയ്‌തെങ്കിലും ആദ്യം പ്രിയനും അശോക് കുമാറുമൊന്നും തന്നോട് സംസാരിച്ചിരുന്നില്ലെന്നും സുരേഷ് കുമാർ പറയുന്നു.

മോഹൻലാൽ മാത്രമായിരുന്നു അന്ന് തനിക്കു പിന്തുണ എന്നും അദ്ദേഹം ഓർത്തെടുക്കുന്നു. എന്നാൽ ചിത്രത്തിന്റെ ഡബ്ബിങ് സമയത്തു എല്ലാവർക്കുമിടയിലുള്ള മഞ്ഞുരുകുകയും അതിനു ശേഷം വലിയ സൗഹൃദത്തിലേക്കു ചെന്നെത്തുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു. പ്രിയദർശൻ ഇന്നും തന്നോട് സരസമായി പറയും, അന്ന് ഞാൻ നിന്നെ വെട്ടിയതാണ് ആ സിനിമയിൽ നിന്നെന്നും സുരേഷ് കുമാർ വെളിപ്പെടുത്തുന്നു.

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒളിവിലായ ജ്വല്ലറി എം.ഡി. പൂക്കോയ തങ്ങളെ പിടികൂടാനായി പ്രത്യേക സ്ക്വാഡിന് രൂപം നല്‍കി. എം.സി.കമറുദീന്‍ എം.എല്‍.എ. അറസ്റ്റിലായി പതിനഞ്ച് ദിവസമായിട്ടും പൂക്കോയ തങ്ങളെക്കുറിച്ച് വിവരമില്ല. അതിനിടെ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപകരുടെ സംഗമം ചെറുവത്തൂരില്‍ നടന്നു

നിക്ഷേപ തട്ടിപ്പിലെ പല കേസുകളിലും ഒന്നാം പ്രതിയായ പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കായി അന്വേഷണസംഘം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പൂക്കോയ തങ്ങളെ ഒരുതവണ അന്വേഷണസംഘം ചോദ്യംചെയ്ത് വിട്ടയച്ചതുമാണ്. കമറുദീന്‍ അറസ്റ്റിലായ നവംബര്‍ ഏഴിനും കാസര്‍കോട് എസ്.പി. ഓഫിസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ചന്തേരയിലെ വീട്ടില്‍നിന്ന് കാസര്‍കോട്ടെയ്ക്കുള്ള യാത്രയ്ക്കിടെ കാഞ്ഞങ്ങാട് എത്തിയപ്പോഴാണ് കമറുദീന്‍റെ അറസ്റ്റ് വിവരം പുറത്തായത്. അതോടെ തങ്ങള്‍ മുങ്ങി.

കേസിലെ മറ്റൊരു പ്രതിയും പൂക്കോയ തങ്ങളുടെ മകനും പയ്യന്നൂര്‍ ശാഖയുടെ മാനേജരുമായ ഹിഷാം വിദേശത്തേക്ക് കടന്നതായാണ് വിവരം. മൂന്ന് ജ്വല്ലറി ശാഖകളുടെയും മാനേജരായ സൈനുല്‍ ആബിദും ഒളിവില്‍ തുടരുകയാണ്. അതിനിടെ ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപകരായവരുടെ സംഗമം ചെറുവത്തൂരില്‍ നടന്നു. പരാതിക്കാരുടെ അഭിഭാഷകനായ ഷുക്കൂറിന്‍റെ നേതൃത്വത്തിലായിരുന്നു യോഗം. നൂറോളം നിക്ഷേപകര്‍ പങ്കെടുത്തു.

RECENT POSTS
Copyright © . All rights reserved