ലണ്ടൻ ∙ യുകെയിൽ വംശീയ അധിക്ഷേപത്തിനും ആക്രമണത്തിനും ഇരയായി മലയാളി എഴുത്തുകാരൻ. 12 വർഷത്തോളമായി യുകെയിൽ ആരോഗ്യ പ്രവർത്തകനായി ജോലി ചെയ്യുന്ന കണ്ണൂർ ഇരിട്ടി കീഴ്പ്പള്ളി വടക്കേമുറി വീട്ടിൽ ജിൻസൻ ഇരിട്ടിയാണ് കഴിഞ്ഞ രാത്രി ജോലി കഴിഞ്ഞു ബസിൽ താമസസ്ഥലത്തേക്കു മടങ്ങുംവഴി ആക്രമിക്കപ്പെട്ടത്.

ജോലിക്കൊപ്പം സൈക്യാട്രിക് നഴ്സിങ്ങിൽ ഡണ്ടി യൂണിവേഴ്സിറ്റിയിൽ ഉന്നതപഠനം നടത്തുന്നുണ്ട് ജിൻസൻ. സ്കോട്‌ലൻഡിലെ ചെറുനഗരമായ ഡൻഫേംലൈനിലെ ആശുപത്രിയിൽനിന്നു ജോലി കഴിഞ്ഞ് താമസിക്കുന്ന നഗരമായ ഡണ്ടി സിറ്റിയിലേക്കു മടങ്ങുകയായിരുന്നു. ബസിൽ ജിൻസനെ കൂടാതെ മറ്റൊരു യാത്രക്കാരൻ കൂടിയേ ഉണ്ടായിരുന്നുള്ളൂ.

‌മാസ്ക് വയ്ക്കാതിരുന്ന വെള്ളക്കാരനായ ഇയാൾ ജിൻസന്റെ സമീപത്തെത്തി പാക്കിസ്ഥാൻ പരാമർശങ്ങളോടെ ‘ഷേക്ക് ഹാൻഡ് നൽകൂ’ എന്ന് ആക്രോശിച്ചു. താൻ ആരോഗ്യ പ്രവർത്തകനാണെന്നും വൈറസ് വ്യാപിക്കുന്ന സമയത്തു കൈ കൊടുക്കുന്നത് നല്ലതല്ലെന്നും വേണമെങ്കിൽ കൈമുട്ടുകൾ കൂട്ടിമുട്ടിക്കാം എന്നും ജിൻസൻ പറഞ്ഞു.

അസഭ്യ വർഷത്തിനിടയിലും അയാൾ അതു സമ്മതിച്ച് കൈമുട്ടുകൾ കൂട്ടി മുട്ടിച്ചശേഷം പിന്നിലെ സീറ്റിൽ പോയി ഇരുന്നു. അൽപ നേരത്തിനുശേഷം എണീറ്റുവന്ന് വംശീയാധിക്ഷേപം നടത്തി ജിൻസന്റെ തലയിൽ അടിച്ചു. തുടർന്ന് മടിയിൽ ഇരുത്തണമെന്ന് ആവശ്യപ്പെട്ടു. ഡ്രൈവർ അയാളോട് സീറ്റിൽ പോയിരിക്കാൻ ആവശ്യപ്പെട്ടുവെങ്കിലും അക്രമാസക്തനായി കാണപ്പെട്ട അയാൾ ജിൻസനെ ചീത്ത വിളിക്കുന്നത് തുടർന്നു.

ഭയന്ന് ബസിന്റെ സ്റ്റെപ്പിലേക്ക് ഇറങ്ങി ജിൻസൻ പൊലീസിനെ വിളിച്ചു. ബസ് ഡണ്ടി ടൗണിലേക്ക് കയറിയ ഉടൻ പാഞ്ഞെത്തിയ പൊലീസ് ബസിൽ കയറി ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ചെറിയ തോതിലുള്ള വംശീയ അധിക്ഷേപവും ആക്രമണവും മുൻപ് ഉണ്ടായിട്ടുണ്ടെങ്കിലും ഇതുപോലെ ജീവിതത്തിൽ ആദ്യമായിട്ടാണെന്നു ജിൻസ് പ്രതികരിച്ചു.