Latest News

തൃശൂര്‍ കൊരട്ടിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുമുടിക്കുന്ന് സ്വദേശി എബിന്റെ മൃതദേഹമാണ് കനാലില്‍ നിന്ന് കണ്ടെടുത്തത്.

കൊരട്ടി പടിഞ്ഞാറെ അങ്ങാടിയിലെ കട്ടപ്പുറം, കാതിക്കുടം ഇറിഗേഷന്‍ കനാലില്‍ ആയിരുന്നു മൃതദേഹം. തിരുമുടിക്കുന്ന് വലിയവീട്ടില്‍ ഡേവിസിന്റെ മകന്‍ എബിന്‍റെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. മുപ്പത്തിമൂന്നു വയസായിരുന്നു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. ശരീരത്തില്‍ മര്‍ദ്ദനമേറ്റ രീതിയില്‍ ചില അടയാളങ്ങള്‍ കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്.

അടിവസ്ത്രം മാത്രമേ ധരിച്ചിരുന്നുള്ളൂ. മുണ്ടും ഷര്‍ട്ടും സമീപത്തു നിന്ന് കിട്ടി. ഡോഗ് സ്ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ. എബിനോടൊപ്പം കഴിഞ്ഞ ദിവസം കണ്ടതായി പറയുന്ന യുവാക്കളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’ ഇവര്‍ മൂന്നു പേരുമാണ് എന്റെ ഹീറോസ്…’ മലയാളികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഏറ്റെടുത്തതാണ് ഈ ഡയലോഗ്. 2014-ല്‍ തിയേറ്ററുകളിലെത്തിയ ‘സെവന്‍ത് ഡേ’ എന്ന ചിത്രത്തിലേതാണ് ഈ ഡയലോഗ്. പൃഥ്വിരാജിന്റെ ഈ ഡയലോഗ് ഇന്നും എടുത്ത് പ്രയോഗിക്കാറുണ്ട് പലരും. ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’ എന്ന പേരില്‍ പുതിയ ചിത്രം ഒരുങ്ങുന്നു എന്ന പ്രഖ്യാപനവും പ്രേക്ഷകര്‍ സ്വീകരിച്ചു.

ചിത്രത്തിലെ ഗാനങ്ങളും ടീസറുമെല്ലാം മികച്ച സ്വീകാര്യത നേടി. പത്ത് ലക്ഷത്തിലും അധികം പേരാണ് ചിത്രത്തിന്റെ ടീസര്‍ കണ്ടത്. ഗ്രാമ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’. ധീരജ് ഡെന്നിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. കല്‍ക്കി എന്ന സിനിമയില്‍ ഗോവിന്ദ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ധീരജ് ഡെന്നി ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് എന്ന സിനിമയിലൂടെ നായക നിരയിലേക്കെത്തുന്നു.

സസ്പെന്‍സ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ കോമഡിക്കും പ്രധാന്യം നല്‍കുന്നുണ്ട്. സംവിധായകന്‍ ശരത് ജി മോഹന്‍ ആണ് ചിത്രത്തിന്റെ രചനയും. ഫസ്റ്റ് പേജ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മോനു പഴേടത്ത് ആണ് ചിത്രത്തിന്റെ നിര്‍മാണം. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും റെക്സണ്‍ ജോസഫ് സിനിമയുടെ ചിത്രസംയോജനവും നിര്‍വഹിക്കുന്നു.

ബീച്ചിൽ എത്തിയ വിനോദ സഞ്ചാരികൾ നോക്കിനിൽക്കെ കൂറ്റൻ മലയിടിഞ്ഞ് കടലിലേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സ്‌പെയിനിലെ കാനറി ദ്വീപിലുള്ള ലാ ഗോമേറ ബീച്ചിലാണ് സംഭവം നടന്നത്. കടലിന് അഭിമുഖമായി നിൽക്കുന്ന മലയുടെ ഒരു ഭാഗം പെട്ടന്ന് അടർന്ന് താഴേക്ക് പതിക്കുകയായിരുന്നു. അതേസമയം ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

നേരത്തെ മലയിൽ വിള്ളൽ കണ്ടതിനാൽ ആളുകളെ ആ ഭാഗത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. അതേസമയം നിരവധി വാഹനങ്ങൾ അവിടെ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നുവെന്നാണ് അവിടെ ഉണ്ടായിരുന്ന ദൃക്‌സാക്ഷികൾ പറയുന്നത്. കാനറി ദ്വീപിന്റെ പ്രസിഡന്റ് ഏയ്ഞ്ചൽ നിക്ടർ ടോറസ് ആണ് അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

ദ്വീപിന്റെ അടുത്ത് റിസോർട്ടിൽ താമസിക്കുന്നവരാണ് മല ഇടിഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയത്. അതേസമയം അപകടത്തിന് ശേഷം ഉടൻ തന്നെ സുരക്ഷാ പ്രവർത്തകർ എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

 

ഗ്രീൻലൻഡിലെ മഞ്ഞുപാളികൾക്കു താഴെ മഞ്ഞുരുകി ഒരു വമ്പൻ നദി രൂപപ്പെട്ടതായി ഗവേഷകർ. ജപ്പാനിലെ ഹൊക്കൈഡോ സർവകലാശാലയിലെ ഗവേഷകരാണ് ലഭ്യമായ ഡേറ്റ ഉപയോഗിച്ച് വിശകലനം നടത്തിയിരിക്കുന്നത്. ഇരുണ്ട നദി അഥവാ ഡാർക്ക് റിവർ എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. നദിക്ക് ഏകദേശം 1000 കിലോമീറ്റർ നീളമുണ്ടാകുമെന്നാണ് നിഗമനം.

ഗ്രീൻലന്‍ഡിനു താഴെ അഗാധതയിൽനിന്ന് ആരംഭിക്കുന്ന നദി അവസാനിക്കുക ദ്വീപിന് വടക്കു പടിഞ്ഞാറായുള്ള പീറ്റർമാൻ ഉൾക്കടലിൽ ആയിരിക്കും. അതായത് ഗ്രീൻലൻഡിലെ മഞ്ഞ് അസാധാരണമായി ഉരുകിയാൽ അത് ഉൾക്കടലിൽ ജലനിരപ്പ് ഉയരാൻ കാരണമാകും. അത്തരമൊരു പ്രതിഭാസം സംഭവിക്കുന്നുണ്ടോയെന്നും ഇനി പരിശോധിക്കേണ്ടി വരും. അതുൾപ്പെടെയുള്ള കൂടുതൽ പരീക്ഷണങ്ങളിലൂടെ മാത്രമേ ഡാർക്ക് റിവറിന്റെ നിലനിൽപ് സംബന്ധിച്ച അന്തിമ നിഗമനത്തിലെത്താൻ സാധിക്കുകയുള്ളൂ.

ഗ്രീന്‍ലൻഡിലെ മഞ്ഞുപാളികള്‍ക്ക് മുകളിലൂടെ വിമാനം പറത്തി റഡാർ ഡേറ്റ വർഷങ്ങളായി ഗവേഷകർ ശേഖരിക്കുന്നുണ്ട്. അങ്ങനെയാണ് മഞ്ഞുപാളികൾക്കു താഴെ നീർച്ചാലുകൾക്ക് സമാനമായ ഭാഗങ്ങളുണ്ടെന്ന് കണ്ടെത്തിയത്. എന്നാൽ ഇവിടെ ദ്രവരൂപത്തിലുള്ള വെള്ളമാണോ ഉള്ളതെന്ന് വ്യക്തമായിരുന്നില്ല. മാത്രവുമല്ല ഈ നീർച്ചാലുകൾ ചെറിയ പോക്കറ്റുകളായിട്ടായിരുന്നു കണ്ടത്. അതായത് ഒന്ന് മറ്റൊന്നിനോടു ചേർന്നിരുന്നില്ല. എന്നാൽ റഡാർ ഡേറ്റ പൂർണമല്ലെന്നു തിരിച്ചറിഞ്ഞ ഹൊക്കൈഡോ സർവകലാശാലയിലെ ഐസ് ഷീറ്റ് മോഡലർ ക്രിസ്റ്റഫർ ചേംബേഴ്സാണ് ഇരുണ്ട നദിയുടെ സാധ്യതയെക്കുറിച്ച് ഗവേഷണം നടത്തി റിപ്പോർട്ട് പുറത്തുവിട്ടത്.

താൻ വിവാഹംചെയ്യാൻ പോകുന്ന സ്ത്രീയുമായി അവിഹിത ബന്ധം പുലർത്തിയ വ്യവസായിയെ യുവാവും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു. ഡൽഹിയിലെ വ്യവസായിയായ നീരജ് ഗുപ്ത(46)ആണ് കൊല്ലപ്പെട്ടത്. കേസിൽ ഫൈസൽ (29), ഷഹീൻ നാസ് (45), ജുബെർ (28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

മറ്റൊരു വിവാഹം കഴിച്ച നീരജ് യുവതിയുമായി വിവാഹേതരബന്ധം സ്ഥാപിക്കുകയായിരുന്നു. ഇതിനിടെ, തന്റെ ഭാവിവധുവുമായി നീരജ് ബന്ധം പുലർത്തുന്നുണ്ടെന്ന് കണ്ടെത്തിയതോടെ പ്രകോപിതനായ യുവാവ് ആസൂത്രണം ചെയ്ത് കൊലപാതകം നടപ്പാക്കുകയായിരുന്നു. കൊലയ്ക്ക് ശേഷം മൃതദേഹം പെട്ടിയിലാക്കി ട്രെയിനിൽ കൊണ്ടുപോയി ഗുജറാത്തിലെ ഭറൂച്ചിൽ തള്ളി. നോർത്ത്‌വെസ്റ്റ് ഡൽഹിയിലെ വീട്ടിൽ വച്ച് യുവതിയുടെ അമ്മയും ഭാവിവരനും കൊല്ലപ്പെട്ട നീരജ് ഗുപ്തയും തമ്മിൽ തർക്കം നടന്നിരുന്നു.

തർക്കത്തിനിടെ ഗുപ്തയെ പ്രതി ഇഷ്ടിക ഉപയോഗിച്ച് തലയ്ക്കടിക്കുകയും മൂന്ന് തവണ കത്തികൊണ്ട് കുത്തിയ ശേഷം മരണമുറപ്പിക്കാനായി കഴുത്തറുക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം മൃതദേഹം ഉപേക്ഷിക്കാൻ സ്ത്രീയും അമ്മയുമാണ് പ്രതിയെ സഹായിച്ചത്.

നീരജ് ഗുപ്തയെ കാണാനില്ലെന്ന പരാതിയുമായി ഇയാളുടെ ഭാര്യയാണ് പോലീസിനെ സമീപിച്ചത്. ഭർത്താവിന്റെ തിരോധാനത്തിന് പിന്നിൽ യുവതിക്ക് പങ്കുണ്ടോയെന്ന സംശയിക്കുന്നതായും ഇവർ പോലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് പോലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് യുവതിയും അമ്മയും കുറ്റം സമ്മതിച്ചത്.

ട്രെയിൻ എഞ്ചിന് മുകളിൽ കയറി സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെ വിദ്യാർത്ഥിച്ച് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലാണ് ട്രെയിൻ എഞ്ചിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനാലുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ജ്ഞാനേശ്വരനാണ് (14) മരിച്ചത്.

വ്യാഴാഴ്ച രാവിലെ തിരുനെൽവേലി ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട എഞ്ചിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ജ്ഞാനേശ്വരൻ ഹൈ വോൾട്ടേജ് പവർ ലൈനിൽ തൊടുകയായിരുന്നു. വൈദ്യുതാഘാതമേറ്റ ജ്ഞാനേശ്വരൻ തൽക്ഷണം മരിച്ചുവെന്ന് പോലീസ് അറിയിച്ചു.

ജൂനിയർ ക്വാളിറ്റി ഇൻസ്‌പെക്ടറാണ് ജ്ഞാനേശ്വരന്റെ പിതാവ്. ഇദ്ദേഹത്തോടൊപ്പം റെയിൽവേ സ്റ്റേഷനിലേക്കെത്തിയ വിദ്യാർത്ഥി കൗതുകത്തെ തുടർന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ജ്ഞാനേശ്വരൻ ഫോട്ടോയെടുക്കാൻ ശ്രമിക്കുമ്പോൾ തൊട്ടടുത്ത പ്ലാറ്റ്‌ഫോമിൽ അച്ഛൻ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം തിരുനെൽവേലി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.

സഞ്ജയ് കന്ദസ്വാമിയെന്ന 23 കാരൻ വരുന്ന ഏപ്രിലിൽ ഡോക്ടറായി പുറത്തിറങ്ങുമ്പോൾ ആരോഗ്യപ്രവർത്തകർക്കൊപ്പം രാജ്യവും സന്തോഷിക്കുകയാണ്. 22 വർഷങ്ങൾക്കു മുൻപ്, 1998 ൽ 20 മാസം പ്രായമുള്ളപ്പോൾ രാജ്യത്ത് ആദ്യമായി പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റിന് വിധേയനായ ആ കുഞ്ഞാണ് ഇനി ഡോക്ടർ കുപ്പായം അണിയാൻ ഒരുങ്ങുന്നത്.

തമിഴ്നാട് കാഞ്ചിപൂരം സ്വദേശിയാണ് സഞ്ജയ്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യത്തെ കുഞ്ഞായിരുന്നു സഞ്ജയ്.

കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ ശേഷവും ദീർഘകാലം സുഖകരമായി ജീവിതം തുടരാനാകുമെന്നതിന്റെ ഉദ്ദാഹരണമാണ് സഞ്ജയുടെ ജീവിതമെന്ന് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടറും സീനിയർ ലിവർ സ്പെഷ്യലിസ്റ്റുമായ ഡോ. അനുപം സിബൽ പറഞ്ഞു. സഞ്ജയ്ക്ക് 1998 ൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുമ്പോൾ ആ ശസ്ത്രക്രിയാ സംഘത്തിലെ പ്രധാന ഡോക്ടർമാരിൽ ഒരാളായിരുന്നു ഡോ. സിബൽ.

രണ്ടുമാസത്തോളം ഐ.സി.യുവിലായിരുന്നു കുഞ്ഞ് സഞ്ജയ്. അതിഗുരുതരാവസ്ഥയിലായിരുന്ന സഞ്ജയ്ക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തിയത് ഡോ. എം.ആർ. രാജശേഖറിനൊപ്പം ഡോ. എ.എസ്. സോയിൻ ആയിരുന്നു. ഇപ്പോൾ ഗുരുഗ്രാം മേദാന്ത ഹോസ്പിറ്റലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ട്രാൻസ്പ്ലാന്റേഷൻ ആൻഡ് റീജനറേറ്റീവ് മെഡിസിൻ ചെയർമാനാണ് ഡോ. സോയിൻ. ”അന്നത്തെ എന്റെ കുഞ്ഞ് പേഷ്യന്റ് ഇതാ ഡോക്ടറാകാൻ പോകുന്നു. 28 വർഷത്തെ സേവനത്തിനിടയിലെ ഏറ്റവും അഭിമാനകരമായ മുഹൂർത്തമാണിത്”- ഡോ. സോയിൻ പറയുന്നു.

കുട്ടികളിൽ കരൾ മാറ്റിവയ്ക്കുന്നവരിൽ ദീർഘകാലം ബുദ്ധിമുട്ടുകളൊന്നുമില്ലാതെ മുന്നോട്ടുപോകാനാകും. ഏതാണ്ട് നാൽപതോളം കുട്ടികൾ കരൾ മാറ്റിവെച്ച് 12 വർഷങ്ങൾ കഴിഞ്ഞും സാധാരണ ജീവിതം നയിക്കുന്നുണ്ട്. ആഗോളതലത്തിൽ നോക്കിയാൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം കുട്ടികൾ നാൽപത് വർഷത്തിലധികം ജീവിക്കുന്നുണ്ടെന്ന് കാണാമെന്നും ഡോ. സോയിൻ പറയുന്നു.

കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മുൻപായി സഞ്ജയുടെ മാതാപിതാക്കൾക്ക് പലതവണ കൗൺസലിങ് നൽകേണ്ടി വന്നിരുന്നുവെന്ന് ഡോ. സിബൽ പറയുന്നു.

ശസ്ത്രക്രിയക്ക് ശേഷം കുട്ടിക്ക്സ്കൂളിൽ പോകാൻ സാധിക്കുമോ, മറ്റുകുട്ടികളെ പോലെ സ്വാഭാവിക വളർച്ച ഉണ്ടാകുമോ, പെൺകുട്ടിയാണെങ്കിൽ അവൾക്ക് നല്ലൊരു കുടുംബജീവിതം ഉണ്ടാകാൻ സാധിക്കുമോ തുടങ്ങിയ സംശയങ്ങളെല്ലാം കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വരാറുള്ള കുട്ടികളുടെ മാതാപിതാക്കൾക്കുണ്ടായിരുന്നു. അതിനെല്ലാമുള്ള ഉത്തരമാണ് ഇപ്പോൾ സഞ്ജയ് കന്ദസാമിയുടെ ജീവിതം.

പഠിച്ചത് എം.എസ്​സി. ഇലക്ട്രോണിക്സ്, തൊഴിൽ മീൻപിടുത്തം, സ്വന്തമായി ഒരു യൂട്യൂബ് ചാനൽ അതാണ് കോട്ടയം കുടമാളൂരുകാരൻ സെബിൻ സിറിയക്. എം.എസ്സി ഇലക്ട്രോണിക്സ് ബിരുദധാരിയായ സെബിൻ കാനഡയിലേക്ക് പറക്കാനൊരുങ്ങി നിൽക്കവെയാണ് ഒരു നേരമ്പോക്കിനായി ചൂണ്ടയിട്ട് മീൻ പിടിക്കുന്ന വീഡിയോ പകർത്തി ഇന്റർനെറ്റിലിട്ടത്. കിട്ടിയത് മികച്ച പ്രതികരണം അന്നു തോന്നിയ ആശയം കാനഡയിലേക്കുള്ള പോക്ക് റദ്ദാക്കുന്നതിൽ വരെ സെബിനെ എത്തിച്ചു.

ഒരു വിനോദത്തിനപ്പുറം ചൂണ്ടയിടലിനെ തന്റെ തൊഴിലായി സമീപിക്കുകയാണ് സെബിൻ. പത്ത് ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള ഫിഷിങ്ങ് ഫ്രീക്സ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമസ്ഥനാണ് ഇന്ന് സെബിൻ. ചെറുമീൻ, വരാൽ, വാള തുടങ്ങി കേരളത്തിലെ വിവിധയിനം മീനുകളെ എങ്ങനെ പിടിക്കാമെന്ന് സെബിൻ തന്റെ വീഡിയോകളിൽ പങ്കുവയ്ക്കുന്നു. ചൂണ്ടയിടലിന്റെ വിവിധ വശങ്ങൾ തന്റെ വീഡിയോകളിൽ അവതരിപ്പിക്കുന്നു.

കേരളത്തിലങ്ങോളം ഇങ്ങോളം മുംബൈ, മംഗലാപുരം തുടങ്ങി അന്യസംസ്ഥാനങ്ങളിലും ചുണ്ടക്കാരനായി യാത്ര ചെയ്തു കഴിഞ്ഞു സെബിൻ. വിദേശ ജോലി വേണ്ടെന്നു വച്ച് തന്റെ യൂട്യൂബ് ചാനൽ പ്രൊഫഷനാക്കിയപ്പോൾ വീട്ടുകാരും സെബിന് സപ്പോർട്ട്.

ഇപ്പോൾ ചൂണ്ടയിടൽ വീഡിയോകൾക്കപ്പുറം മറ്റ് മേഖലകളും ഉണ്ട് സെബിന്. താൻ പഠിച്ച ഇലക്ട്രോണിക്സിനപ്പുറം ചൂണ്ടയിടൽ പ്രോഫഷനിൽ നൂറു ശതമാനം വിജയം കണ്ടിരിക്കുകയാണ് സെബിൻ സിറിയക്.

സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 21 ന് നടക്കും.

ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകരായ ബ്രദർ . സെബാസ്റ്റ്യൻ സെയിൽസ് , ബ്രദർ സാജു വർഗീസ്‌ , ബ്രദർ ഷാജി ജോർജ് എന്നിവരും പങ്കെടുക്കും .വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് സമയം .

ഓൺലൈനിൽ സൂം ആപ്പ് വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്.

“അവന്റെ മുറിവിനാല്‍ നിങ്ങള്‍സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു”.(1 പത്രോസ് 2 : 24) എന്ന തിരുവചനം ഈ അനുഗ്രഹീത ശുശ്രൂഷയിൽ മാംസം ധരിക്കുവാൻ ഇരുപത്തിനാല് മണിക്കൂർ കുരിശിന്റെ വഴി ധ്യാനിച്ചുകൊണ്ടുള്ള പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയും 20 ന് വെള്ളിയാഴ്ച രാവിലെ 5 മുതൽ 21 ന് ശനി രാവിലെ 5 വരെ ഓൺലൈനിൽ സൂമിൽ നടക്കും.

എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കും അതിനൊരുക്കമായുള്ള മധ്യസ്ഥ പ്രാർത്ഥനയിലേക്കും സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .

ID 8894210945
Passcode 100.

വിവാഹം കഴിഞ്ഞ് ഒന്‍പതു വർഷങ്ങൾക്കു ശേഷമാണ് നിർമാതാവായ നിധി പർമർ ഹിരനന്ദിനിക്കും ഭർത്താവ് തുഷാറിനും കുഞ്ഞ് പിറന്നത്. 2020 ഫെബ്രുവരി 20നാണ് ഇവർക്ക് ആൺകുഞ്ഞു പിറന്നത്. ഇപ്പോൾ നിധിയുടെ പുതിയ തീരുമാനം കേട്ട് അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. കുഞ്ഞിനു നൽകിയ ശേഷമുള്ള മുലപ്പാൽ ആവശ്യമുള്ള മറ്റു കുഞ്ഞുങ്ങൾക്ക് നൽകുകയാണ് നിധി.

‘കുഞ്ഞിന് ആവശ്യത്തിനു നൽകിയ ശേഷവും മുലപ്പാൽ ഒഴുകിക്കൊണ്ടിരുന്നു. അപ്പോഴാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. മുലപ്പാൽ എടുത്ത് റഫ്രിജറേറ്ററിൽ സൂക്ഷിച്ചാൽ മൂന്നോ നാവോ മാസം ഉപയോഗിക്കാമെന്ന് ഇന്റർനെറ്റില്‍ നോക്കിയപ്പോൾ എനിക്ക് മനസ്സിലായി. അങ്ങനെയാണ് മുലപ്പാൽ ശേഖരിച്ച് സൂക്ഷിക്കാൻ തുടങ്ങിയത്. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഫ്രീസർ നിറഞ്ഞു. അപ്പോൾ വീണ്ടും ആശങ്കയിലായി. ഇന്റർനെറ്റിൽ നോക്കിയപ്പോൾ ഫേസ്പാക്കായും മറ്റും മുലപ്പാൽ ഉപയോഗിക്കുന്നതായി കണ്ടു. മാത്രമല്ല, മുലപ്പാൽ കുഞ്ഞിനെ കുളിപ്പിക്കാനും കാൽ കഴുകാനുമെല്ലാം ഉപയോഗിക്കുമെന്ന് എന്റെ ചില സുഹൃത്തുക്കൾ പറഞ്ഞു. പക്ഷേ, എന്തുകൊണ്ടോ എനിക്ക് അതിനോട് യോജിക്കാനായില്ല. അത് ക്രൂരതയാണെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് മുലപ്പാൽ വിൽക്കാൻ തീരുമാനിച്ചത്.’– നിധി പറയുന്നു.

മു‌ംബൈയിലെ സൂര്യ ആശുപത്രിയിലേക്കാണ് നിധി തന്റെ മുലപ്പാൽ നൽകുന്നത്. 2019 മുതൽ ആശുപത്രിയിൽ ബ്രസ്റ്റ് മിൽക്ക് ബാങ്ക് നിലവിലുണ്ട്. ലോക്ഡൗൺ തുടങ്ങിയതിനു ശേഷം ആവശ്യത്തിന് പാൽ ലഭിക്കാത്ത അവസ്ഥയുണ്ടായിരുന്നു. ‘ബാന്ദ്രയിലെ വനിതാ ശിശുക്ഷേമ ആശുപത്രിയിലുള്ള എന്റെ ഗൈനക്കോളജിസ്റ്റുമായി ഇക്കാര്യം സംസാരിച്ചു. അവരാണ് സൂര്യ ആശുപത്രിയിലേക്ക് പാൽ നൽകാൻ പറഞ്ഞത്. 20 പാക്കറ്റ് പാൽ എന്റെ കയ്യിൽ ഉണ്ടായിരുന്നു. ഒരു കുഞ്ഞ് വീട്ടിലുള്ളതിനാൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ ആശുപത്രിയിലേക്ക് പാൽ എത്തിക്കാൻ എനിക്ക് പ്രയാസമായിരുന്നു. എന്നാൽ ആശുപത്രി അധികൃതർ വീട്ടിൽ വന്ന് പാൽ ശേഖരിക്കാൻ സന്നദ്ധതകാണിച്ചു’– നിധി വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved