Latest News

ഫ്രാൻസിലെ നൈസ് നഗരത്തിൽ പള‌ളിയിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു വനിതയുമുണ്ടെന്നും നടന്നത് ഭീകരാക്രമണമാണെന്നും നൈസ് നഗര മേയർ ക്രിസ്‌റ്റ്യൻ എസ്ട്രോസി അറിയിച്ചു. നിരവധി പേർക്ക് പരുക്കേ‌റ്റിട്ടുണ്ട്. പ്രസിദ്ധമായ നോത്രെ ദാം പള‌ളിയുടെ സമീപത്താണ് ഒരാൾ കത്തി കൊണ്ട് ആക്രമം നടത്തിയത്. മരണപ്പെട്ട സ്‌ത്രീയുടെ കഴുത്തറുത്തെടുത്തെന്ന് പൊലീസ് അറിയിച്ചു. അക്രമിയെ പിടികൂടിയെന്നും ആക്രമണത്തിന് കാരണമെന്തെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഫ്രഞ്ച് തീവ്രവാദ വിരുദ്ധ വിഭാഗം സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. പാരീസിലെ ആക്രമണം പോലെ നൈസിലെ ആക്രമണത്തിനും മതപരമായ പശ്ചാത്തലമുണ്ടോ എന്ന് അന്വേഷിക്കുകയാണ്.

ദിവസങ്ങൾക്ക് മുൻപാണ് പാരീസിൽ പ്രവാചകന്റെ കാർട്ടൂൺ പ്രദർശിപ്പിച്ചതിന് സ്‌കൂൾ അദ്ധ്യാപകനായ സാമുവൽ പാ‌റ്റിയെ ഒരു ചെച്‌നിയൻ പൗരൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് അദ്ധ്യാപകന് പിന്തുണയുമായി രാജ്യമാകെ നിരവധി ജനങ്ങൾ രംഗത്തെത്തിയിരുന്നു. അദ്ധ്യാപകന്റെ മരണവുമായി ബന്ധപ്പെട്ട ഞെട്ടൽ മാറുംമുൻപാണ് ഫ്രാൻസിൽ അടുത്ത സംഭവമുണ്ടായിരിക്കുന്നത്.

തൃശൂര്‍: ഭക്തിഗാന രചയിതാവും സംഗീത സംവിധായകനുമായ തൃശൂര്‍ അതിരൂപതാംഗം ഫാ. തോബിയാസ് ചാലയ്ക്കല്‍ (74) നിര്യാതനായി (28.10.2020). സംസ്‌കാരം ഇന്ന് (29.10.2020) ഉച്ചകഴിഞ്ഞ് മൂന്നിന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ കണ്ടശാംകടവ് ഫൊറോന ദേവാലയത്തില്‍.

രാവിലെ പത്തുവരെ തൃശൂര്‍ സെന്റ് ജോസഫ്‌സ് പ്രീസ്റ്റ് ഹോമിലും തുടര്‍ന്ന് കാരമുക്കുള്ള സഹോദരന്റെ വസതിയിലും ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ കണ്ടശാംകടവ് ഫൊറോന ദേവാലയത്തിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.
കണ്ടശാംകടവ് ചാലയ്ക്കല്‍ പരേതരായ പീറ്റര്‍-മറിയം ദമ്പതികളുടെ മകനാണ്.

ചാലക്കുടി, ഇരിങ്ങാലക്കുട കത്തീഡ്രലുകളില്‍ അസിസ്റ്റന്റ് വികാരിയായും പട്ടിക്കാട്, വേലൂര്‍, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ ഫൊറോന വികാരിയായും കൊടുങ്ങ, അമ്പനോളി, നിര്‍മലപുരം, വൈലത്തൂര്‍, അഞ്ഞൂര്‍, പുതുരുത്തി, ആറ്റത്തറ, പീച്ചി, എരുമപ്പെട്ടി, കടങ്ങോട്, പറവട്ടാനി, ഒളരിക്കര, പുല്ലഴി, ഏനാമാവ്, ചെങ്ങാലൂര്‍, സ്‌നേഹപുരം, അരിമ്പൂര്‍, പുത്തന്‍പീടിക, പഴയങ്ങാടി, കുട്ടംകുളം, പാറന്നൂര്‍ പള്ളികളില്‍ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ടു വര്‍ഷം കല്യാണ്‍ രൂപതയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ബലവാനായ ദൈവമേ… ഉള്‍പ്പെടെ മുന്നൂറോളം ക്രൈസ്തവ ഭക്തിഗാനങ്ങള്‍ രചിച്ച ഇദ്ദേഹം കലാസദന്‍ സംഗീതവിഭാഗം കണ്‍വീനറായിരുന്നു. സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. സഹോദരങ്ങള്‍: സിസ്റ്റര്‍ സെര്‍വിറ്റസ് എഫ്‌സിസി, സിസ്റ്റര്‍ ഫിഷര്‍ എഫ്‌സിസി, ജോസ്, പോള്‍, ജോസ്ഫീന, ആന്റോ.

സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിനു ശേഷം ബിനീഷിനെ ഇഡി ഓഫീസില്‍നിന്ന് പുറത്തേക്ക് കൊണ്ടുവരികയും പോലീസ് വാഹനത്തില്‍ പുറത്തേയ്ക്ക് കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. സിറ്റി സിവില്‍ കോടതിയിലേയ്ക്കാണ് ബിനീഷിനെ കൊണ്ടുപോയതെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. നാലു ദിവസത്തേക്ക് ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടും.

വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ഇ.ഡി. സോണല്‍ ഓഫീസില്‍ ബിനീഷ് കോടിയേരി ചോദ്യംചെയ്യലിന് ഹാജരായത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷും പ്രതിയായ അനൂപ് മുഹമ്മദും തമ്മില്‍ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സാണ് ഇ.ഡി. അന്വേഷിക്കുന്നത്.

ഒക്ടോബര്‍ ആറിനാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ബിനീഷിനെ നേരത്തേ ചോദ്യം ചെയ്തതിന് ശേഷം ആ മൊഴികളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. അഞ്ചു ദിവസം കസ്റ്റഡിയില്‍ വാങ്ങിയാണ് സോണല്‍ ആസ്ഥാനത്ത് ചോദ്യം ചെയ്തത്. നേരത്തെ അനൂപിന് ഒപ്പമിരുത്തി ചോദ്യംചെയ്യാന്‍ ബിനീഷിനെ വിളിച്ചിരുന്നെങ്കിലും ബിനീഷ് ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി എത്തിയില്ല. അനൂപ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇ.ഡി.വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്.

അനൂപ് ആവശ്യപ്പെട്ടതുപ്രകാരം ബിനീഷ് അദ്ദേഹത്തിന് പണം നല്‍കി സഹായിച്ചിട്ടുണ്ട്. 50 ലക്ഷം രൂപ പല അക്കൗണ്ടുകളില്‍ നിന്നായി അനൂപിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. ഇതാരാണ് നിക്ഷേപിച്ചതെന്ന കാര്യത്തില്‍ അനൂപിന് വ്യക്തത നല്‍കാനായിട്ടില്ല. ഈ പണം ബിനീഷ് കോടിയേരിയുടെ നിര്‍ദേശപ്രകാരമാണോ 20 അക്കൗണ്ടുകളില്‍ നിന്നായി വന്നിട്ടുളളത്, ബെംഗളുരുവില്‍ ബിനീഷ് ബിനാമി ഇടപാടുകള്‍ നടത്തുന്നുണ്ടോ തുടങ്ങിയവയെല്ലാം ഇ.ഡി. അന്വേഷിക്കുന്നുണ്ട്.

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കേശുഭായ് പട്ടേല്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. അഹമ്മദാബാദിലാണ് അന്ത്യം. 2001ല്‍ പാര്‍ട്ടിയിലെ അധികാരമത്സരത്തില്‍ കേശുഭായ് പട്ടേലിനെ വീഴ്ത്തിയാണ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായത്. ഇടക്കാലത്ത് ബിജെപി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്ന കേശുഭായ് പട്ടേല്‍ പിന്നീട് ബിജെപിയില്‍ തിരിച്ചെത്തിയിരുന്നു. സെപ്റ്റംബറിൽ കോവിഡ് പോസിറ്റീവ് ആയിരുന്നു.

രണ്ട് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു കേശുഭായ് പട്ടേൽ. കഴിഞ്ഞ വ്യാഴാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മോദിയുമായുള്ള അഭിപ്രായ ഭിന്നത മൂലം 2012ൽ ബിജെപി വിട്ട് ഗുജറാത്ത് പരിവർത്തൻ പാർട്ടി രൂപീകരിച്ചു. 2012ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വിശാവദർ മണ്ഡലത്തിൽ നിന്ന് ജയിച്ചെങ്കിലും അനാരോഗ്യത്തെ തുടർന്ന് 2014ൽ രാജി വച്ചു. 1977 മുതൽ 1980 വരെ ലോക് സഭാംഗമായിരുന്നു. ഗുജറാത്തിൽ ബിജെപിയുടെ വളർച്ചയിൽ നിർണായക പങ്കാണ് കേശുഭായ് പട്ടേലിനുള്ളത്. 95ലേയും 98ലേയും നിയമസഭ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ ഗുജറാത്തിൽ വിജയത്തിലേയ്ക്ക് നയിച്ചത് കേശുഭായ് പട്ടേലാണ്. 1995ൽ കേശുഭായ് പട്ടേലിന്റെ മുഖ്യമന്ത്രി സ്ഥാനം തെറിപ്പിച്ചത് ശങ്കർ സിംഗ് വഗേലയാണെങ്കിൽ 2001ൽ അത് നരേന്ദ്ര മോദിയായിരുന്നു.

1928ൽ ജുനഗഡിലെ വിശാവദറിൽ ജനിച്ച കേശുഭായ് പട്ടേൽ 1945ലാണ് ആർഎസ്എസ്സിൽ ചേർന്നത്. 1950കളുടെ ആദ്യം ജനസംഘ് രൂപം കൊണ്ടപ്പോൾ സജീവപ്രവർത്തകനായി. 1990ല്‍ ജനതാദള്‍ നേതാവ് ചിമന്‍ഭായ് പട്ടേലിന്‌റെ നേതൃത്വത്തിലുള്ള ജനതാദള്‍-ബിജെപി സര്‍ക്കാരില്‍ കേശുഭായ് പട്ടേല്‍ ഉപമുഖ്യമന്ത്രിയായി. 1995ലാണ് ആദ്യം മുഖ്യമന്ത്രിയായത്. 95 മാർച്ചിൽ മുഖ്യമന്ത്രിയായെങ്കിലും ആ വർഷം ഒക്ടോബറിൽ രാജി വയ്ക്കേണ്ടി വന്നു. പിന്നീട് 1998 മുതല്‍ 2001 വരെയും മുഖ്യമന്ത്രിയായി. 2001 ഒക്ടോബർ 6ന് കേശുഭായ് പട്ടേൽ രാജി വയ്ക്കുകയും ബിജെപി കേന്ദ്ര നേൃത്വത്തിൽ പ്രവർത്തിച്ചിരുന്ന നരേന്ദ്ര മോദി മുഖ്യമന്ത്രിയാവുകയും ചെയ്തു.

2001 ജനുവരിയിലെ ഭൂകമ്പവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കേശുഭായ് പട്ടേലിനെ താഴെയിറക്കാന്‍ എതിരാളികള്‍ ഉപയോഗിച്ചിരുന്നു. ബിജെപി ദേശീയ നേതൃത്വമാണ് കേശുഭായ് പട്ടേലിനെ മാറ്റി നരേന്ദ്ര മോദിയെ കൊണ്ടുവന്നത്. 2002ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ കേശുഭായ് പട്ടേൽ രാജ്യസഭയിലേയ്ക്ക് പോയി. 2002 മുതൽ 2008 വരെ രാജ്യസഭാംഗമായിരുന്നു.

2007ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച കേശുഭായ് പട്ടേല്‍, കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിജെപി അംഗത്വം പുതുക്കാതിരുന്ന കേശുഭായ് പട്ടേല്‍, 2012 ഓഗസ്റ്റ് 4ന് ബിജെപി വിടുകയും ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി (ജിപിപി) രൂപീകരിക്കുകയും ചെയ്തു. 2012ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കേശുഭായ് പട്ടേലടക്കം രണ്ട് പേര്‍ മാത്രമാണ് ജിപിപിയില്‍ നിന്ന് ജയിച്ചത്. 2014 ജനുവരിയില്‍ ജിപിപി അധ്യക്ഷ സ്ഥാനവും ഫെബ്രുവരിയില്‍ എംഎല്‍എ സ്ഥാനവും കേശുഭായ് പട്ടേല്‍ രാജി വച്ചു. പിന്നീട് ജിപിപി, ബിജെപിയില്‍ ലയിക്കുകയും ചെയ്തു.

തൊടുപുഴ പന്നിമറ്റത്തെ അനാഥാലയത്തിന് മുന്നിൽ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിലായി. കുഞ്ഞിന്‍റെ പിതൃത്തത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് അയർകുന്നം സ്വദേശികളായ ദമ്പതികൾ പ്രസവിച്ചയുടൻ കുഞ്ഞിനെ അനാഥാലയത്തിന് മുന്നിൽ ഉപേക്ഷിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് കാഞ്ഞാർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്തിയത്.

അയർകുന്നം തേത്തുരുത്തിൽ അമൽ കുമാർ(31), ഭാര്യ അപർണ(26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദമ്പതികൾക്ക് രണ്ടു വയസുള്ള ഒരു കുട്ടിയുണ്ട്. അങ്ങനെയെരിക്കെയാണ് യുവതി വീണ്ടും ഗർഭിണിയായത്. എന്നാൽ യുവതി തന്നിൽനിന്ന് അല്ല ഗർഭം ധരിച്ചതെന്ന നിലപാടിലായിരുന്നു അമൽകുമാർ. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. വിവാഹ ബന്ധം പോലും വേർപെടുത്താൻ ഇരുവരും തീരുമാനിച്ചിരുന്നു.

എന്നാൽ പ്രസവ തീയതി അടുത്തതോടെ യുവതി ഭർത്താവിനോട് എല്ലാം തുറന്നു പറഞ്ഞു. പെരുവന്താനം സ്വദേശിയാണ് തന്‍റെ ഗർഭത്തിന് ഉത്തരവാദിയെന്നും, അയാൾ അടുത്തിടെ ആത്മഹത്യ ചെയ്തെന്നും അപർണ ഭർത്താവിനോട് പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറായാൽ ഒപ്പം താമസിപ്പിക്കാമെന്നാണ് അമൽകുമാർ ഭാര്യയോട് പറഞ്ഞത്.

അങ്ങനെയിരിക്കെ ഇക്കഴിഞ്ഞ ഞായറാഴ്ച വെളുപ്പിന് യുവതിക്ക് പ്രസവവേദനയുണ്ടായി. സുഹൃത്തിന്‍റെ വാഹനമെടുത്ത് അമൽകുമാർ ഭാര്യയെ ആശുപത്രിയിലേക്കുകൊണ്ടുപോയി. എന്നാൽ തൊടുപുഴയിലെ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് യുവതി കാറിൽവെച്ച് പ്രസവിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ഏതെങ്കിലും അനാഥാലയത്തിന് മുന്നിൽ കുഞ്ഞിനെ ഉപേക്ഷിക്കാൻ ഇരുവരും തീരുമാനിച്ചത്.

അങ്ങനെ പന്നിമറ്റത്തെ അനാഥാലയത്തിന് മുന്നിലെത്തി, കാറിലുണ്ടായിരുന്ന കത്രികയെടുത്ത് യുവതി തന്നെ പൊക്കിൾക്കൊടി മുറിച്ചു. ഇതിനുശേഷമാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. തുടർന്ന് നെല്ലാപാറയിലെത്തിയ അമൽകുമാറും അപർണയും ചേർന്ന് കാറിലെ രക്തമെല്ലാം കഴുകിക്കളഞ്ഞു നാട്ടിലേക്ക് മടങ്ങി. വാഹനം ഉടമയ്ക്കു കൈമാറിയശേഷം ഒന്നും സംഭവിക്കാത്തതുപോലെ വീട്ടിനുള്ളിൽ കഴിഞ്ഞു.

എന്നാൽ ഉപേക്ഷിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തിൽ കാഞ്ഞാർ പൊലീസ് ഇതിനോടകം അന്വേഷണം ആരംഭിച്ചിരുന്നു. അനാഥാലയത്തിന്‍റെ ഗേറ്റിന് സമീപത്തെ സിസിടിവിയിൽ ദമ്പതികൾ വന്നുപോയ കാറിന്‍റെ നമ്പർ പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമൽകുമാറും അപർണയും പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. അപർണയെ പൊലീസ് നിരീക്ഷണത്തിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമൽകുമാറിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ മോഡൽ മിനികൂപ്പർ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയതാരം ടൊവീനോ തോമസ്. മിനിയുടെ സൈഡ്വാക്ക് എഡിഷനാണ് താരം വാങ്ങിയത്. 44.90 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള കാർ ഇന്ത്യയിലേക്ക് ആകെ 15 എണ്ണമാണ് അനുവദിച്ചിരുന്നത്. കൊച്ചിയിലെ മിനി ഡീലർഷിപ്പിൽ കുടുംബസമേതമെത്തിയാണ് താരം വാഹനം സ്വന്തമാക്കിയത്.

ലിമിറ്റഡ് എഡിഷൻ ആയ സൈഡ്​വാക്ക് ഇറക്കുമതി വഴിയാണ് ഇന്ത്യയിൽ വിൽപനയ്ക്കെത്തുന്നത്. എൽഇഡി ലൈറ്റിങ്, ആംബിയന്റ് ലൈറ്റിങ്, വാതിൽ തുറക്കുമ്പോൾ തിളങ്ങുന്ന ലോഗോ എന്നിവടയങ്ങിയ മിനി എക്സൈറ്റ്മെന്റ് പാക്കേജും മിനി കൺവെർട്ടബ്ൾ സൈഡ്‌വോക്ക് എഡീഷന്റെ ഭാഗമാണ്. കൂടാതെ മിനി യുവേഴ്സ് കലക്ഷനിൽ നിന്നുള്ള ലതർ അപ്ഹോൾസ്ട്രിയും സ്പോർട് ലതർ സ്റ്റീയറിങ് വീലും അകത്തളത്തിൽ കോൺട്രാസ്റ്റ് സ്റ്റിച്ചിങ്ങോടെ ആന്ത്രസൈറ്റ് ഫിനിഷും കാറിലുണ്ട്.

കാറിനു കരുത്തേകുന്നത് ബിഎംഡബ്ല്യുവിന്റെ ട്വിൻ സ്ക്രോൾ ടർബോയുടെ പിൻബലമുള്ള രണ്ടു ലീറ്റർ പെട്രോൾ എൻജിനാണ്. 192 പി എസ് വരെ കരുത്തും 280 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഏഴു സ്പീഡ്, ഇരട്ട ക്ലച് ട്രാൻസ്മിഷനാണ് ഈ എൻജിനു കൂട്ട്. നിശ്ചലാവസ്ഥയിൽ നിന്നു വെറും 7.1 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഈ മിനിക്കാവുമെന്നാണു നിർമാതാക്കളുടെ വാദം. കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 230 കിലോമീറ്ററാണ്.

ഇന്ത്യയുടെ പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ സംസ്ഥാനമാണ് ഗോവ. അറബിക്കടലിനോട് ചേർന്ന തീരപ്രദേശങ്ങളാല്‍ വ്യാപിച്ചിരിക്കുന്നു. മണൽ നിറഞ്ഞ ബീച്ചുകൾ, രാത്രിയില്‍ സജീവമായ തെരുവുകള്‍, ലോക പൈതൃക വാസ്തുവിദ്യാ സ്ഥലങ്ങൾ തുടങ്ങീ പ്രതിവർഷം 2 ദശലക്ഷത്തിലധികം അന്താരാഷ്ട്ര ആഭ്യന്തര വിനോദ സഞ്ചാരികളെ എത്തിച്ചേരുന്നുണ്ട് ഗോവയില്‍. നിങ്ങൾക്ക് അറിയാത്ത ഗോവയെക്കുറിച്ചുള്ള ചില വസ്തുതകൾ ഇനി പറയുന്നവയാണ്.

ഗോവയിൽ 7000 ത്തിലധികം ബാറുകളുണ്ട്! 2013 ലെ ഒരു കണക്കനുസരിച്ച് 7078 ബാറുകൾ ഗോവയിൽ മദ്യം വിളമ്പാൻ ലൈസൻസുണ്ട്. ലൈസൻസില്ലാത്തവയുടെ കണക്ക് എടുത്താല്‍ ഇതിലധികം വരും.ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണെങ്കിലും ഏറ്റവും കൂടുതൽ ആളോഹരി വരുമാനം. 2012 ലെ ഒരു സെൻസസ് സൂചിപ്പിക്കുന്നത് രാജ്യത്തെ ആളോഹരി വരുമാന സൂചികയിൽ പ്രതിവർഷം ശരാശരി 192,652 രൂപയാണ് ഗോവക്കാര്‍ക്കുള്ളത്.
ഇന്ത്യയിലെ ആദ്യത്തെ അച്ചടിശാല ഗോവയിലായിരുന്നു ആരംഭിച്ചത്. 1500 കളിൽ ഒരു വളരെ കുറച്ചു ആളുകള്‍ മാത്രയായിരുന്നു അന്ന് സ്കൂള്‍ വിദ്യാഭ്യാസം ഉണ്ടായിരുന്നത്.

1956 ൽ ഗോവയിലെ സെന്റ് പോൾസ് കോളേജിലാണ് ആദ്യത്തെ അച്ചടിശാല സ്ഥാപിച്ചത്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗോവയില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് ടാക്സി പെര്‍മിറ്റ് ഉണ്ട്! അപരിചിതനോടൊപ്പം സവാരി ചെയ്യുന്നതിനെക്കുറിച്ച് ആകുലപ്പെടാതെ നിങ്ങൾക്ക് ഒരു ബൈക്ക് യാത്രക്കാരനോട്‌ ധൈര്യമായി ലിഫ്റ്റ് ചോദി ക്കുകയും യാത്ര ചെയ്തതിന് പണം നല്‍കുവാനും സാധിക്കും. ഗോവയിൽ ഉടനീളം മോട്ടോർ സൈക്കിൾ ടാക്സികൾ നിറഞ്ഞിരിക്കുന്നു.

ധാരാളം ആളുകൾക്ക് അറിയാത്ത ഒരു വസ്തുതയുണ്ട്. ഗോവക്കാർക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് കൂടാതെ പോർച്ചുഗീസ് പാസ്പോര്‍ട്ടും സ്വന്തമാക്കാം. രണ്ട് പാസ്പോര്‍ട്ട്‌കളും കൈവശം വെക്കാവുന്നതാണ്.പഴയ ഗോവയിലെ സെന്റ് കത്തീഡ്രൽ പള്ളി ഏഷ്യയിലെ ഏറ്റവും വലിയ പള്ളിയാണ്! 250 അടി നീളവും 181 അടി വീതിയുമുണ്ട്.ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സ്കൂൾ 1842 ൽ ഗോവയിലെ പനാജിയിലാണ് സ്ഥാപിതമായത്. 2004 ൽ ഇത് പൊളിച്ചുമാറ്റി.ഗോവയില്‍ രണ്ട് ഔദ്യോഗിക ഭാഷകളുണ്ട്. കൊങ്കണിയും മറാത്തിയുമാണവ….

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഒന്നടങ്കം പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് നടി പ്രിയാമണി. അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയ്തുകൊണ്ടായിരുന്നു നടി തിളങ്ങിയത്. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായിട്ടാണ് പ്രിയാമണി തിളങ്ങിയത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം നടി അഭിനയിച്ചിരുന്നു. പരുത്തിവീരനിലെ പ്രകടനത്തിനാണ് 2006ല്‍ മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം നടിക്ക് ലഭിച്ചത്. അന്യാഭാഷാ ചിത്രങ്ങള്‍ക്കൊപ്പം തന്നെ മലയാളത്തിലും നിരവധി ശ്രദ്ധേയ സിനിമകളില്‍ പ്രിയാമണി അഭിനയിച്ചിരുന്നു.

മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, പൃഥ്വിരാജ് തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ സിനിമകളിലെല്ലാം നായികയായി നടി തിളങ്ങിയിരുന്നു. രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പൃഥ്വിരാജ് ചിത്രം തിരക്കഥയും പ്രിയാമണിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ ഒന്നാണ്. അതേസമയം ജെബി ജംഗ്ഷനില്‍ നടി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

ടിനി ടോം നായകനായ ഒരു ചിത്രത്തിലും സുരാജ് വെഞ്ഞാറമൂട് നായകനായ ഒരു സിനിമയിലും നായികയാവാനുളള ഓഫര്‍ നടി സ്വീകരിച്ചിരുന്നില്ല. ഇതിന്റെ കാരണം ചോദിച്ചുകൊണ്ട് ടിനി ടോം എത്തിയിരുന്നു. ഒരു ക്യാരക്ടര്‍ തിരഞ്ഞെടുക്കുമ്പോള്‍ എന്താണ് പ്രിയാമണിയുടെ മാനദണ്ഡം, അത് ഓപ്പോസിറ്റ് നില്‍ക്കുന്ന താരത്തിന്റെ സ്റ്റാര്‍ വാല്യൂ ആണോ. അതോ പ്രതിഫലം ആണോ, സബ്ജക്റ്റ് ആണോ എന്നായിരുന്നു നടന്റെ ചോദ്യം.

ഇതിന് മറുപടിയായി സുരാജ് വെഞ്ഞാറമൂട് നായകനായ ചിത്രത്തെ കുറിച്ചാണ് പ്രിയാമണി ആദ്യം പറഞ്ഞത്. സത്യത്തില്‍ തനിക്ക് ആദ്യം സിനിമയുടെ കഥ എന്താണെന്ന് പോലും അറിയില്ലായിരുന്നു എന്ന് നടി പറയുന്നു. എന്നോട് ആരും പറഞ്ഞില്ലായിരുന്നു. അന്ന് ആ സമയത്ത് എനിക്ക് കേരളത്തില്‍ നിന്ന് കുറെ കോള്‍സ് വന്നിരുന്നു. നിങ്ങള്‍ സുരാജ് വെഞ്ഞാറമൂടിന്റെ റോളിന് ഒപ്പോസിറ്റ് അഭിനയിക്കുന്നുണ്ട്, എന്താണ് ആ കഥാപാത്രം എന്നൊക്കെ. ആ സമയത്ത് എനിക്ക് കഥ പോലും അറിയില്ലായിരുന്നു.

പിന്നെ എങ്ങനെയാണ് ഞാന്‍ ആ സിനിമയെ കുറിച്ച് പറയുന്നത്. എനിക്ക് ഇങ്ങനെത്തെ ഒരു സിനിമ വന്നിട്ടുണ്ട്. ആരാണ് ഹീറോ എന്ന് പോലും അപ്പോ അറിയില്ലായിരുന്നു. ഞാന്‍ ആദ്യം കമ്മിറ്റ് ചെയ്തില്ലായിരുന്നു. പിന്നെ മാധ്യമങ്ങള്‍ ചോദിച്ചപ്പോഴും ഞാന്‍ പറഞ്ഞു. എനിക്ക് ആ സിനിമയെ കുറിച്ചൊന്നും അറിയില്ലാന്ന്. പിന്നെ ടിനിയുടെ കാര്യം. സംവിധായകന്‍ എന്റെയടുത്ത് കഥ പറയാന്‍ വന്നിരുന്നു. അതൊരു വ്യത്യസ്തമായ സബജക്ട് ആയിരുന്നു.

കഥയിലെ ചില കാര്യങ്ങളൊക്കെ എനിക്ക് ഇഷ്ടമായിരുന്നു. പിന്നെയാണ് ടിനിയാണ് ഹീറോയെന്ന് പറയുന്നത്. ഞാന്‍ ഇത് എന്റെ അച്ഛനോടും അമ്മയോടും മാനേജറോടുമെല്ലാം ഡിസ്‌കസ് ചെയ്തിരുന്നു. അന്ന് മുന്‍നിരയിലുളള സ്റ്റാര്‍സിന്റെ ലിസ്റ്റില്‍ ഒന്നും പെടാത്ത ആളായിരുന്നു ടിനി. അപ്പോ ആ ഒരു സാഹചര്യത്തില്‍ ഇങ്ങനെയൊരു ചിത്രം ചെയ്യണമെന്നോ എന്ന് എനിക്ക് മനസില്‍ തോന്നി. പ്രതിഫലത്തെ കുറിച്ചുളള കാര്യങ്ങളൊന്നും എനിക്ക് അറിയില്ലായിരുന്നു.

അതെല്ലാം മാനേജറായിരുന്നു നോക്കിയിരുന്നത്. എല്ലാം ഒകെയാണെങ്കില്‍ ഞാന്‍ വന്ന് അഭിനയിക്കും, പോവും. ഇതായിരുന്നു എന്റെ രീതി. ഞാന്‍ പിന്നെ ടിനിക്ക് മെസേജ് അയച്ചു. സോറി, എനിക്ക് ഇപ്പോള്‍ നിങ്ങളുടെ സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കില്ല. അടുത്ത തവണ വരികയാണെങ്കില്‍ നമുക്ക് ചെയ്യാം എന്ന് പറഞ്ഞു. പിന്നെ സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ ഒരാള്‍ എന്നെ വീണ്ടും വിളിച്ചു.

ഇത് മാഡത്തിന് പറ്റിയ കഥാപാത്രമാണ്, മാഡത്തിനാണ് ഈ റോള്‍ നന്നായി ചേരുക എന്നൊക്കെ പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഇപ്പോഴത്തെ ഒരു അവസ്ഥയില്‍ ഞാന്‍ ടിനിയൂടെ കൂടെ അഭിനയിച്ചാല്‍ നാളെ അത് കാര്യമായി ബാധിക്കുക എന്നെ തന്നെയാണ്. ഇത് മാധ്യമങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്ന കാര്യം ഉറപ്പാണ്. കാരണം ദേശീയ അവാര്‍ഡ് നേടിയ പ്രിയാമണി മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെയെല്ലാം അഭിനയിച്ച് ഇപ്പോള്‍ എന്തിനാണ് ടിനിയെ പോലെ ഒരാളുടെ കൂടെ അഭിനയിക്കുന്നത് എന്നൊക്കെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യും.

മുന്‍നിരയില്‍ ഇല്ലാത്ത ഒരു താരത്തിന്റെ കൂടെ നായികയായി അഭിനയിക്കുന്നത് എന്തിനാണെന്നും ചോദ്യങ്ങള്‍ വരും. അതൊക്കെ എന്റെ കരിയറിനെയാണ് ബാധിക്കുക. ഞാന്‍ ഈ ചിത്രത്തില്‍ അഭിനയിച്ച് അത് പരാജയപ്പെട്ടിട്ടുണ്ടെങ്കിലും എന്റെ പേരിലായിരിക്കും വിമര്‍ശനങ്ങള്‍ വരുക. സിനിമയില്‍ സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ എല്ലാം പരാജയപ്പെട്ടാല്‍ മിക്കപ്പോഴും നായികമാര്‍ക്കാണ് വിമര്‍ശനങ്ങള്‍ വരാറുളളത്. ആ നടനെ ആരും കുറ്റം പറയാറില്ല. പ്രിയാമണി പറഞ്ഞു.

സുരേഷ് നാരായണൻ

വിഫലമായൊരു വിനോദയാത്രയുടെ അഴുക്കുമെഴുക്കുകൾ കഴുകിക്കളയാനാണ് ആ പുഴക്കടവിലേക്കു പോയത്.

‘ഇറങ്ങാൻ പറ്റില്ല! വന്യതയുടെ ഓളങ്ങളിളക്കിക്കൊണ്ടതു പറഞ്ഞു.

‘ഞാൻ ആണുങ്ങളുടെ പുഴയാണ്!’

‘ഞാനത് വിശ്വസിക്കില്ല. അങ്ങനെയെങ്കിൽ പെണ്ണുങ്ങളുടെ പുഴയെവിടെ?’

ഒരു നിമിഷം.. ഒഴുക്കു നിലച്ചു!

‘അത്… കല്യാണത്തിനു ശേഷം അതിൻറെ ഒഴുക്കു വറ്റിപ്പോയി. മാനം ലോറികയറി പോയി’

 

സുരേഷ് നാരായണൻ

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. 15 വർഷത്തെ ബാങ്കിംഗ് പരിചയം.ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടർന്ന് പോരുന്നു.
ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രഥമ കവിതാസമാഹാരം ഒക്ടോബർ മാസത്തിൽ പുറത്തിറങ്ങും.

RECENT POSTS
Copyright © . All rights reserved