നിയമസഭാതിരഞ്ഞെടുപ്പ് ഏപ്രില്‍ 15നും 30നുമിടയില്‍ നടത്തും. കേരളത്തില്‍ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് ധാരണ. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികള്‍ അടുത്തയാഴ്ച കേരളത്തിലെത്തും. അഞ്ച് സംസ്ഥാനങ്ങളിലും ഏപ്രില്‍ 30ന് മുന്‍പ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. അതേസമയം കേരളത്തില്‍ അന്തിമ വോട്ടര്‍പട്ടിക തയാറായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
ഭൂമിയിലെ മാലാഖമാർ എന്ന് നഴ്‌സുമാരെ ആലങ്കാരികമായി വിശേഷിപ്പിക്കാറുണ്ട് എന്നാൽ ആ പ്രയോഗം അന്വർത്ഥമാക്കിയിരിക്കുകയാണ് അസ്‌റാർ അബു റാസിൻ എന്ന സൗദി നഴ്സ്. തിരമാലക്കുള്ളിൽപെട്ട രണ്ടു കുട്ടികളെ കടലിലേക്കിറങ്ങി രക്ഷിക്കുകയും അവരെ ഉടൻ ആശുപത്രിയെലെത്തിച്ച് ജീവൻ രക്ഷിക്കുകയുമാണ് അസ്‌റാർ ചെയ്തത്.
സൗദി ആരോഗ്യമന്ത്രാലയത്തിൽ നഴ്‌സായി ജോലി ചെയ്യുകയാണ് അസ്റാർ. ഏതാനും ദിവസം മുൻപ് സൗദി അറേബ്യയുടെ കിഴക്കൻ നഗരമായ ജിസാനിലെ ബിഷ് കടലോരത്ത് കുടുംബത്തോടൊപ്പം നടക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അവർ കടലിൽ മുങ്ങിത്താഴുകയായിരുന്ന രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയത്.

കടലോരത്ത് നടക്കുന്നതിനിടെയാണ് രണ്ട് കുട്ടികൾ തിരമാലക്കുള്ളിൽ കുരുങ്ങുന്നത് അസ്റാന്റെ ശ്രദ്ധയിൽ പെട്ടത്. മറിച്ചൊന്നും ചിന്തിക്കാതെ അസ്റാർ കടലിലേക്കിറങ്ങി. അഞ്ചും ആറും വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികളെ ജീവിതത്തിലേക്ക് പിടിച്ചുയർത്തി അവൾ മാലാഖയായി. പ്രാഥമിക ജീവൻ രക്ഷാ പരിചരണം നൽകി ആംബുലൻസിൽ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു അവരെ സുരക്ഷിതരാക്കി.
“ആരോഗ്യ പ്രവർത്തക എന്ന നിലയിലും ഒരു പെൺകുട്ടിയുടെ മാതാവെന്ന നിലയിലും ഞാൻ എന്റെ ഉത്തരവാദിത്വം നിറവേറ്റുകയായിരുന്നു. സമയമോ സ്ഥലമോ നഴ്‌സിംഗ് ജോലി സംബന്ധിച്ച് ഒരു പരിമിതിയല്ല. അടിയന്തിരഘട്ടത്തിൽ സഹായം സഹായം ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ചുമതല,” അസ്റാർ പറഞ്ഞു.
തങ്ങളുടെ മക്കളെ ജീവൻ രക്ഷിച്ച ധീര വനിതയാണ് അസ്റാർ എന്നും അവരോട് എന്നും കടപ്പെട്ടിരിക്കുമെന്നും കുട്ടികളുടെ മാതാപിതാക്കൾ പറഞ്ഞു.
വാർത്ത പുറത്ത് വന്നതോടെ അസ്റാറിന്റെ സഹാസിക ഇടപെടലിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ ഒഴുകി. അസ്റാറിന് അഭിനന്ദനവും നനന്ദിയും അറിയിച്ച് സൗദി ആരോഗ്യ മന്ത്രാലയം ട്വീറ്റും ചെയ്തു. അസീർ പ്രവിശ്യ ആരോഗ്യ മന്ത്രാലയം ഡയറക്ടർ ഖാലിദ് ബിൻ ആയിദ് അൽ അസീരി അസ്റക്ക് സമ്മാനങ്ങളും പുരസ്കാരവും നൽകി. സൗദി ആരോഗ്യമന്ത്രി ഡോ.തൗഫീഖ് അൽ റബീഅക്ക് വേണ്ടി നന്ദിയറിയിക്കുകയും ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാനുള്ള യുഡിഎഫിന്റെ പത്തംഗസമിതിയെ എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അധ്യക്ഷനായ സമിതിയിൽ പത്ത് പേരാണുള്ളത്. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാൻ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗം തീരുമാനിച്ചിരുന്നു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, എംപിമാരായ ശശി തരൂര്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്‍ എന്നിവരാണ് പത്തംഗ സമിതിയിലെ മറ്റംഗങ്ങൾ. യുഡിഎഫ് കണ്‍വീനർ എംഎം ഹസ്സനെ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കാനും തന്ത്രങ്ങൾ രൂപീകരിക്കാനുമായി സമിതി തുടര്‍ച്ചയായി യോഗം ചേരണമെന്നും ഇതുമായി ബന്ധപ്പെട്ട എഐസിസി ഉത്തരവിൽ പറയുന്നു. കെപിസിസിയുടെ തിരഞ്ഞെടുപ്പ് മേൽനോട്ടത്തിന്റേയും പ്രചരണ തന്ത്രം രൂപീകരിക്കുന്നതിന്റേയും ഉത്തരവാദിത്തം ഈ സമിതിക്കാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഉമ്മന്‍ ചാണ്ടി സജീവമാകാതിരുന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പിലടക്കം നേരിട്ട തിരിച്ചടിക്ക് കാരണമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി സജീവമാവുകയും പ്രചാരണത്തില്‍ ഇടപെടുകയും വേണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം.
കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നിരുന്നു. കേരളത്തിൽ നിന്ന് ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവർ യോഗത്തിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് വിജയം മാത്രമാണ് മുഖ്യ അജണ്ടയെന്നായിരുന്നു യോഗത്തിൽ പങ്കെടുത്ത ശേഷം മുതിർന്ന നേതാവ് എ.കെ ആന്റണി പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടുമെന്നും നേതാക്കൾ പറഞ്ഞിരുന്നു.
കലാപങ്ങൾക്കും കോലാഹങ്ങൾക്കും പിന്നാലെ അമേരിക്കയിൽ ഇന്ന് അധികാര കൈമാറ്റം. അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്റ് ആയി കമല ഹാരിസും ചുമതലയേൽക്കും. ഇന്ത്യൻ സമയം രാത്രി ഒമ്പതരയോടെയാണ് സ്ഥാനാരോഹണ ചടങ്ങുകൾ.
അധികാര കൈമാറ്റത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കനത്ത സുരക്ഷയിലാണ് അമേരിക്ക. 50 സംസ്ഥാനങ്ങളിലും കർശന സുരക്ഷ ഏർപ്പെടുത്തി. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആക്രമണങ്ങളെ തുടർന്ന് സ്ഥാനാരോഹണ ചടങ്ങിന് ഇത്തവണ അസാധാരണമായ സുരക്ഷ ക്രമീകരണങ്ങളാണ് വാഷിങ്ടണിൽ ഒരുക്കിയിരിക്കുന്നത്.
നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ ചടങ്ങുകൾക്കായി വാഷിങ്ടൺ ഡിസിയിലെത്തി. സുരക്ഷാ സേനയിലെ 12 അംഗങ്ങളെ സ്ഥാനാരോഹണത്തിന്റെ സുരക്ഷാ ചുമതലയിൽ നിന്ന് മാറ്റി.
അതിനിടെ, പുതിയ ഭരണകൂടത്തിന് ആശംസയറിച്ച് മുൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീഡിയോ സന്ദേശം പങ്കുവെച്ചു. പുതിയ സർക്കാരിന്റെ വിജയത്തിനായി പ്രാർത്ഥിക്കുന്നുവെന്ന്, വിടവാങ്ങൽ വീഡിയോ സന്ദേശത്തിൽ ട്രംപ് പറഞ്ഞു.
തന്റെ ഭരണത്തിൽ ചെയ്യാവുന്നതിലേറെ ചെയ്തുവെന്നു പറഞ്ഞ ട്രംപ്, ക്യാപിറ്റോൾ കലാപത്തിനെതിരെ പരാമർശവും നടത്തി. രാഷ്ട്രീയ അക്രമങ്ങൾ രാജ്യത്തിന് ചേർന്നതല്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. സന്ദേശത്തിൽ ബൈഡനെ പേരെടുത്ത് പരാമർശിക്കുന്നില്ല എന്നതും ശ്രദ്ധേയമായി.
കൊല്ലം ജില്ലയിലെ എഴുകോണിൽ തുടർപഠനത്തിന് സാമ്പത്തികമായ പിന്തുണയില്ലാത്തതിനാൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. എഴുകോൺ പോച്ചംകോണം സ്വദേശി അനഘ(19)യാണ് മരിച്ചത്. കിടപ്പു മുറിയിൽ തൂങ്ങി മരിച്ചനിലയിലാണ് അനഘയെ കണ്ടെത്തിയത്. സുനിൽ കുമാർ, ഉഷാ ദമ്പതികളുടെ ഇളയ മകളാണ് അനഘ.
ഇഷ്ടപ്പെട്ട കോഴ്‌സ് പഠിക്കാൻ പണമില്ലാത്ത മനോവിഷമത്തിലാണ് പത്തൊൻപതുകാരി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പ്രദേശത്തെ ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചത് വിദ്യാർത്ഥിനിടെ മാനസികമായി വിഷമിപ്പിച്ചിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം.
എന്നാൽ ഈ ആരോപണം കാനറ ബാങ്ക് അധികൃതർ നിഷേധിച്ചു രംഗത്തെത്തിയിട്ടുണ്ട്. തേനിയിലെ ഒരു കോളജിൽ പാരാമെഡിക്കൽ കോഴ്‌സിന് മാനേജ്‌മെന്റ് കോട്ടയിൽ അനഘ സീറ്റ് നേടിയിരുന്നു. പഠനത്തിനായി വായ്പയ്ക്കായി ശ്രമിച്ചെങ്കിലും കാനറാ ബാങ്ക് അധികൃതർ നിഷേധിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ ആരോപിച്ചു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. അനഘയുടെ പിതാവ് സുനിൽ പ്രവാസിയായിരുന്നു. ഇദ്ദേഹം രണ്ടു വർഷമായി നാട്ടിലുണ്ട്. അസ്വഭാവിക മരണത്തിന് എഴുകോൺ പോലീസ് കേസെടുത്തു.
2021 മാർച്ചിൽ യുകെയിൽ നടക്കാനിരിക്കുന്ന സെൻസസ് യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമായ ഒന്നാണെന്ന് കൗൺസിലർ ടോം ആദിത്യ അഭിപ്രായപ്പെട്ടു. യുകെയിൽ താമസിക്കുന്ന എല്ലാ മലയാളികളും ഈ പ്രക്രിയയിൽ താല്പര്യപൂർവ്വം പങ്കാളികളാകണമെനും അദ്ദേഹം അഭ്യർത്ഥിച്ചു. ഗർഷോം ടിവിയുടെ പ്രവാസവേദിയിൽ സെൻസസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ജോലിസംബന്ധമായും ഉന്നത വിദ്യാഭ്യാസത്തിനായും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടിയും യുകെയിലെത്തിയ മലയാളികൾ ഈ രാജ്യത്തിന് നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ വളരെ വലുതാണ്. ഈ രാജ്യത്തിൻറെ ആരോഗ്യമേഖലയിൽ യുകെ മലയാളികൾ ചെയ്യുന്ന സേവനം വളരെയേറെ പ്രശംസ നേടിയിട്ടുള്ളതുമാണ്. എന്നാൽ യുകെയിലെ മലയാളികളുടെ എണ്ണം എടുക്കുമ്പോൾ ഔദ്യോഗിക രേഖകളിൽ അത് താഴ്ന്നു നിൽക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിൽ ഉള്ളത്. യുകെ ഗവണ്മെന്റിന്റെ ഔദ്യോഗിക രേഖകളിൽ കൃത്യമായ മലയാളി സാന്നിധ്യം ഉറപ്പുവരുത്തുവാൻ മാർച്ചിലെ സെൻസസ് ഉപയോഗപ്പെടുത്തേണ്ടത് വളരെ ശ്രദ്ധാപൂർവം പരിഗണിക്കണമെന്ന് അദ്ദേഹം യുകെ മലയാളികളോട് അഭ്യർത്ഥിച്ചു. ന്യൂനപക്ഷ സമൂഹങ്ങളുമായി ബന്ധപ്പെട്ട ഗവണ്മെന്റിന്റെ പ്രവർത്തനങ്ങളിൽ ഭാഗമാകുന്നതിനും മലയാളഭാഷയുടെ ഉയർച്ചക്കും ഇത് ഉപകരിക്കുമെന്ന് ടോം ആദിത്യ അഭിപ്രായപ്പെട്ടു.
ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് മുൻ മേയറും, നിലവിൽ സൗത്ത് ഗ്ലോസെസ്റ്റർഷെയർ കൗൺസിൽ കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ്, ബ്രിസ്റ്റോൾ മൾട്ടി ഫെയ്ത്ത് ഫോറം എന്നിവയുടെ ചെയർമാനുമായ ടോം ആദിത്യ, പോലീസ് സ്ട്രാറ്റജിക് ബോർഡ്, ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റി ഗവെർണൻസ് കോർട്ട്, വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് ട്രാൻസ്‌പോർട്ട് അതോറിറ്റി തുടങ്ങിയ ഔദ്യോഗിക ചുമതലകളിലൂടെ സാമൂഹ്യരംഗത്ത് സജീവമാണ്. കോവിഡ് കാലത്ത് അദ്ദേഹം നടത്തിയ ആത്മാർത്ഥമായ പരിശ്രമങ്ങൾ ലോകശ്രദ്ധ നേടിയിരുന്നു. കോവിഡിന്റെ ആരംഭ സമയങ്ങളിൽ ബുദ്ധിമുട്ടിലായ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷനുമായി ബന്ധപ്പെട്ട് സഹായം എത്തിച്ചു കൊടുക്കുന്നതിനും എയർപോർട്ടിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനും അദ്ദേഹം ശക്തമായ നേതൃത്വം നൽകിയിരുന്നു. കൂടാതെ ലണ്ടൻ കൊച്ചി ഡയറക്റ്റ് ഫ്ലൈറ്റിനു വേണ്ടി അദ്ദേഹം നടത്തിയ ശ്രമങ്ങൾ വിജയം കണ്ടത് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. സെൻസസിന്റെ കാര്യത്തിലും വളരെ പ്രശംസനീയമായ ഒരു ഇടപെടലാണ് അദ്ദേഹം ഇപ്പോൾ നടത്തിയിരിക്കുന്നത്. എല്ലാ മലയാളി സംഘടനകളും അസോസിയേഷനുകളും ഈ യജ്‌ഞത്തിൽ ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
2021 ലെ യുകെ സെൻസസിൽ പങ്കെടുക്കുമ്പോൾ മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ടോം ആദിത്യയുമായുള്ള ഇന്റർവ്യൂവിന്റെ ലിങ്ക് :
ഗുജറാത്തിലെ കച്ച് ജില്ലയിലെ രഥയാത്രക്കിടെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് 40ലേറെ പേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് ആക്രമണമുണ്ടായത്. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്റെ ധനസമാഹരണമാണ് ഘോഷ യാത്ര നടത്തിയത്.
ഇതിനിടെ രണ്ടു സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലായിരുന്നു റാലി. മറ്റ് സമുദായത്തെ പ്രകോപിപ്പിക്കുന്നതിനായി പള്ളിയുടെ മുൻപിലെ വഴിയിൽ മതപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയും വാളുകൾ വടിവാളുകൾ തുടങ്ങിയവ ഉയർത്തുകയും തീവച്ചുമായിരുന്നു റാലി.
അക്രമം നിയന്ത്രിക്കുന്നതിനായി പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. അക്രമത്തിന് ശേഷം ജാർഖണ്ഡ് സ്വദേശിയായ കുടിയേറ്റ തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. അക്രമത്തിനിടെയാകാം ഇയാൾ മരിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. അക്രമത്തിൽ പോലീസുകാർക്കും പരിക്കേറ്റിരുന്നു.
ഞായറാഴ്ച നടത്തിയ രഥയാത്രക്ക് വിശ്വഹിന്ദു പരിഷത്ത് അനുമതി വാങ്ങിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിലെ ധനസമാഹരണവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മധ്യപ്രദേശിലെ ഇൻഡോറിലും ഉജ്ജയിനിലും മൻഡാസോറിലും സമാന സംഭവങ്ങൾ അരങ്ങേറിയിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വ്യാഴാഴ്ച പരിഗണിക്കും. മാപ്പുസാക്ഷിയായ വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയെന്നും മറ്റു സാക്ഷികളെ മൊഴി മാറ്റാൻ പ്രേരിപ്പിച്ചുവെന്നുമാണ് പ്രോസിക്യൂഷൻ വാദം.
അതേസമയം കേസിൽ മറ്റ് പ്രതികളായ സുനിൽ കുമാർ, മണികണ്ഠൻ എന്നിവരുടെ ജാമ്യപേക്ഷ കോടതി തള്ളി. കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസ് പരിഗണിച്ചത്.
ന്യൂഡല്‍ഹി: ഇന്ത്യയിലെ കത്തോലിക്കാ സഭാ മേലധ്യക്ഷന്മാരായ മൂന്നു കര്‍ദിനാള്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. സിബിസിഐ പ്രസിഡന്റും ലത്തീന്‍ സഭയുടെ തലവനുമായ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്ക സഭ അധ്യക്ഷനും മേജര്‍ ആര്‍ച്ച്ബിഷപുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരാണു ഇന്നു രാവിലെ 11ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നുവെന്നും ഉന്നയിച്ച വിവിധ വിഷയങ്ങളില്‍ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സഭ അധ്യക്ഷന്മാര് പ്രതികരിച്ചു. വളരെ സൗഹാര്‍ദപരവും ക്രിയാത്മകവുമായിരുന്നു കൂടിക്കാഴ്ച.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 152 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി സഭയുടെ പ്രവര്‍ത്തനങ്ങളെ അനുമോദിച്ചു. ഭീമ കൊറേഗാവ് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത് വൈദികന് ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനം ഉള്‍പ്പടെയുള്ള വിഷയങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി.
ഫാ. സ്റ്റാന്‍ സ്വാമിയുടെ മേല്‍ ആരോപിക്കുന്ന കെട്ടിച്ചമച്ച കുറ്റങ്ങളുടെ പേരില്‍ മനുഷ്യാവകാശം പോലും ലംഘിക്കപ്പെടുന്നു. 83 വയസുകാരനായ വൈദികന്റെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കര്‍ദിനാള്‍മാര്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങളില്‍ രേഖാമൂലം ആവശ്യങ്ങള്‍ ഉന്നയിച്ചു നല്‍കിയിട്ടുണ്ട്. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളെ ഒരു തരത്തിലും പ്രതികൂലമായി ബാധിക്കില്ലെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായും സഭ അധ്യക്ഷന്മാര് പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതില്‍ പ്രധാനമന്ത്രി അനുകൂല നിലപാടാണ് പങ്കുവച്ചതെന്നും അവര്‍ കൂടിക്കാഴ്ചയ്ക്കു ശേഷം വ്യക്തമാക്കി.
മലങ്കര സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങളിലുള്ള മെത്രാന്മാരുടെ പ്രതിനിധി സംഘം കഴിഞ്ഞ മാസം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണു കത്തോലിക്ക സഭയിലെ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച ഒരുക്കിയത്.
രാവിലെ ഒമ്പതരയോടെ മിസോറാം ഹൗസില്‍ എത്തിയ ശേഷമാണ് കര്‍ദിനാള്‍മാര്‍ പ്രധാനമന്ത്രിയെ കാണാനായി പുറപ്പെട്ടത്. ചര്‍ച്ചയ്ക്കായി കര്‍ദിനാള്‍മാര്‍ തിങ്കളാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയിരുന്നു.
ന്യൂനപക്ഷ അവകാശങ്ങള്‍ ലഭ്യമാകുന്നതിലെ വിവേചനങ്ങളും ക്രൈസ്തവ സഭകള്‍ നേരിടുന്ന പ്രശ്നങ്ങളും സഭാ തലവന്മാര് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും. സാമ്പത്തിക സംവരണവും ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളും സ്വാഗതാര്‍ഹമെങ്കിലും ഇതിന്റെ ആനുകൂല്യങ്ങള്‍ അര്‍ഹരായ ക്രൈസ്തവര്‍ക്കു കിട്ടാതെ പോകുന്നുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ സഭകള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും രാജ്യത്തെ ഭരണഘടന ഉറപ്പുനല്‍കുന്ന വിശ്വാസ സ്വാതന്ത്രം ഉറപ്പാക്കണമെന്നും കത്തോലിക്കാ സഭാ തലവന്മാര് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ക്വീൻ’ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യം കൂടിയാണ് സാനിയ. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞ ദിവസങ്ങളെക്കുറിച്ചുള്ള അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് സാനിയ.
താൻ പല തവണ കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴും നെഗറ്റീവ് ആയിരുന്നുവെന്നും അതിനാൽ പിന്നീട് നടത്തുമ്പോഴും അത് തന്നെയായിരിക്കും ഫലം എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും സാനിയ പറയുന്നു. കോവിഡ് പോസിറ്റീവാണെന്ന വാർത്ത തന്നെ തകർത്തു കളഞ്ഞെന്നും സാനിയ വ്യക്തമാക്കി.
സാനിയയുടെ കുറിപ്പിന്റെ പൂർണരൂപം:
2020 മുതൽ കോവിഡ് 19 നെക്കുറിച്ചുള്ള വാർത്തകളും വിവരങ്ങളും ഞങ്ങൾ കേൾക്കുകയാണ്. ആവശ്യമായ സുരക്ഷാ നടപടികൾ നാം സ്വീകരിച്ചുവെങ്കിലും കൊറോണയെ കാര്യമായി ശ്രദ്ധിക്കാതിരിക്കുകയും ലോക്‌ഡൗണിനു ശേഷം ആ ഭയം നഷ്ടപ്പെടുകയും ചെയ്തു. ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല, കാരണം നമുക്കെല്ലാവർക്കും നമ്മുടെ ജോലികളും ബിസിനസ്സുകളും സംരക്ഷിക്കേണ്ടതുണ്ട് .
വെള്ളപ്പൊക്കമാകട്ടെ, പകർച്ച വ്യാധിയാകട്ടെ നമ്മളെല്ലാവരും പോരാളികളും അതിജീവിച്ചവരുമാണ്. അതുകൊണ്ടു തന്നെ എന്റെ ക്വാറന്റൈൻ അനുഭവം ഞാൻ ഇവിടെ പങ്കുവയ്ക്കുകയാണ്. എന്റെ പരിശോധനാ ഫലങ്ങൾ വരുന്നതുവരെ ഞാൻ കാത്തിരിക്കുകയായിരുന്നു, ഇത് നെഗറ്റീവ് ആയിരിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. കാരണം കൊറോണ തുടങ്ങിയതിനു ശേഷമുള്ള എന്റെ ആറാമത്തെ ടെസ്റ്റായിരുന്നു. ഞാൻ പോസിറ്റീവ് ആണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ എങ്ങനെ ആ സാഹചര്യത്തെ നേരിടണമെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ ഇതിന് തയ്യാറല്ല എന്നത് മാത്രമായിരുന്നു എനിക്കറിയാവുന്ന ഏക കാര്യം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ കണ്ടുമുട്ടിയ എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും, ആളുകളെയും കുറിച്ചുള്ള ചിന്തകൾ എന്നെ ഉത്കണ്ഠാകുലയാക്കി. ഇനിയെന്താണ് സംഭവിക്കുവാൻ പോകുന്നതിനെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. ഞാൻ തകർന്നുപോവുകയും ക്ഷീണിതയാവുകയും, രോഗിയാവുകയും ചെയ്തു. എന്റെ മുറിയിൽ തന്നെയിരുന്നു ദിവസങ്ങൾ എണ്ണുവാൻ തുടങ്ങി.
നെറ്റ്ഫ്ലിക്സിൽ കൂടുതൽ എൻഗേജ്ഡ് ആവാൻ തീരുമാനിച്ചെങ്കിലും സഹിക്കുവാൻ കഴിയാത്ത തലവേദന ആയിരുന്നു. കണ്ണുകൾ തുറക്കുവാൻ പോലും കഴിഞ്ഞിരുന്നില്ല. രണ്ടാം ദിവസമായപ്പോൾ ഇടത് കണ്ണിന്റെ കാഴ്ച കുറയുവാനും ശരീരത്തിലുടനീളം തടിപ്പ് കാണുകയും ചെയ്തു. ഉറങ്ങുമ്പോൾ ശ്വാസതടസ്സം അനുഭവപ്പെട്ടു തുടങ്ങി.
ഇത്തരമൊരു അനുഭവം ആദ്യമാണ്. ജനിച്ചതു മുതൽ ഈ സമയം വരെ ഞാൻ തടസങ്ങളില്ലാതെ ശ്വസിച്ചിരുന്നു, ആ പ്രക്രിയയെ ഒരിക്കലും വിലമതിച്ചിരുന്നില്ല. എന്റെ ഉത്കണ്ഠ കൂടുതൽ നിരാശയിലേയ്ക്ക് തള്ളിവിട്ടു. അടുത്ത ദിവസം ഞാൻ ഉണരുമെന്നു പോലും എനിക്ക് ഉറപ്പില്ലായിരുന്നു. ഉത്കണ്ഠാകുലരാകുമ്പോൾ ആർക്കും നിങ്ങളെ സഹായിക്കാനാവില്ല (പ്രത്യേകിച്ചും നിങ്ങൾ ഒരു മുറിയിൽ ഒറ്റയ്ക്ക് ആയിരിക്കുമ്പോൾ )
അതിനാൽ, ദയവായി നിങ്ങളെത്തന്നെ പരിപാലിക്കുക, എല്ലാ സുരക്ഷാ നടപടികളും പിന്തുടരുക. കാരണം കൊറോണ നിസ്സാരമല്ല !!
Ps – ഞാൻ 3 ദിവസം മുമ്പ് കോവിഡ് നെഗറ്റീവായി