ഇന്ത്യ-ഓസ്‌ട്രേലിയ ടി 20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടി 20 ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്‌ക്ക് 1.40 മുതൽ കാൻബെറയിൽ. ഉച്ചയ്‌ക്ക് 1.10 നാണ് ടോസ്. സോണി സിക്‌സ്, സോണി ടെൻ 1, സോണി ടെൻ 3 എന്നീ ചാനലുകളിലായിരിക്കും മത്സരം തത്സമയ സംപ്രേഷണം.
ഏകദിന പരമ്പര നഷ്ടമായ ഇന്ത്യയ്‌ക്ക് ടി 20 പരമ്പര ഏറെ നിർണായകമാണ്. ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ജയിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യയും ഏകദിന പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിൽ ഓസീസും ഏറ്റുമുട്ടുമ്പോൾ കാൻബെറയിൽ കളി കാര്യമാകും.
ഇന്ത്യയ്‌ക്ക് വേണ്ടി കളത്തിലിറങ്ങാൻ മലയാളി താരം സഞ്ജു സാംസണ് സാധിച്ചേക്കില്ല. കെ.എൽ.രാഹുലിനെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാനായി നിലനിർത്തും. ഇതോടെ സഞ്ജുവിന്റെ സാധ്യതകൾ അടയും. ശിഖർ ധവാനും മായങ്ക് അഗർവാളുമായിരിക്കും ഇന്ത്യയുടെ ഇന്നിങ്സ് ഓപ്പൺ ചെയ്യുക. മൂന്നാമനായി കോഹ്‌ലിയെത്തും. തൊട്ടുപിന്നാലെ ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർക്കാണ് സാധ്യത.
ജസ്‌പ്രീത് ബുംറയായിരിക്കും ബൗളിങ് കുന്തമുന. മൂന്നാം ഏകദിനത്തിൽ മികച്ച പ്രകടനം നടത്തിയ പേസ് ബൗളർ ടി.നടരാജൻ ടീമിലുണ്ടായിരിക്കും. ദീപക് ചഹർ അവസാന പതിനൊന്നിൽ ഇടം പിടിച്ചേക്കും. നടരാജനും ദീപക് ചഹറും ടീമിലുണ്ടെങ്കിൽ മൊഹമ്മദ് ഷമിക്ക് പുറത്തിരിക്കേണ്ടിവരും. സ്‌പിന്നർ യുസ്‌വേന്ദ്ര ചഹലും ടീമിൽ ഇടം കണ്ടെത്തും.
ബുറെവി ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് ഇന്ന് ഉച്ചയ്ക്ക് ശേഷം ന്യൂനമര്‍ദമായി തെക്കന്‍ കേരളത്തിലെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് തെക്കന്‍ കേരളത്തില്‍ പ്രഖ്യാപിച്ച ചുവപ്പ് ജാഗ്രത പിന്‍വലിച്ചു. പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ബുറെവിയുടെ തീവ്രത കുറഞ്ഞതോടെയാണ് ജാഗ്രതാ നിര്‍ദേശത്തിലെ മാറ്റം.
വൈകുന്നേരത്തോടെ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍നിന്ന് തിരുവനന്തപുരം-കൊല്ലം ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളിലൂടെയാണ് ബുറെവി കേരളത്തിലെത്തുക. തെക്കന്‍ കേരളത്തിലൂടെ സഞ്ചരിച്ച് കാറ്റ് അറബിക്കടലിലേക്കു കടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിച്ചു.
അടുത്ത 3 മണിക്കൂറില്‍ തിരുവനതപുരം, കൊല്ലം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം,കോഴിക്കോട്,വയനാട് ജില്ലകളില്‍ ചിലയിടങ്ങളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ‘ബുറേവി’ ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കില്‍, തമിഴ്‌നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമര്‍ദമായി മാറിയാണ് സഞ്ചരിക്കുന്നത്.
അതിതീവ്ര ന്യൂനമര്‍ദം തമിഴ്‌നാട്ടിലൂടെ സഞ്ചരിച്ച് കൂടുതല്‍ ദുര്‍ബലമായി ഒരു ന്യൂനമര്‍ദമായി മാറി കൊണ്ടായിരിക്കും കേരളത്തിലേക്ക് പ്രവേശിക്കുക. കേരളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മണിക്കൂറില്‍ ഏകദേശം 30 മുതല്‍ 40 കിമീ വേഗതയാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കന്‍ മേഖലയിലൂടെ ന്യൂനമര്‍ദം അറബിക്കടലിലെത്തും. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും വിലക്കിയിരിക്കുകയാണ്.
നിതിന്‍ രഞ്ജി പണിക്കരുടെ ആദ്യ ചിത്രമായ ‘കസബ’യിലെ ചില രംഗങ്ങള്‍ സ്ത്രീവിരുദ്ധമാണെന്ന് വിവാദമാങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയെ നായകനാക്കി താൻ ഒരുക്കിയ ‘കാവല്‍’ എന്ന ചിത്രവും പൊളിറ്റിക്കൽ കറക്ടനസ് നോക്കിയല്ല ഒരുക്കിയിരിക്കുന്നതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നിതിൻ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
കേന്ദ്രകഥാപാത്രം പുരുഷനാകുമ്പോള്‍ സ്‌ക്രീനിലെ ആണത്ത പ്രകടനം അതിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞത്.
ചിത്രം പൊളിറ്റിക്കലി കറക്ടാക്കാന്‍ ബോധപൂര്‍വമായ ഒരു ശ്രമവും നടത്തിയിട്ടില്ല. അതിനായി എന്തെങ്കിലും ഒഴിവാക്കിയിട്ടുമില്ല. പുരുഷന്‍ കേന്ദ്ര കഥാപാത്രമാകുമ്പോള്‍ ആണത്ത പ്രകടനം അതിന്റെ ഭാഗമായി വരുന്നതാണ്. എല്ലാ ഇന്‍ഡസ്ട്രിയിലും അത് ഒരുപോലെയാണ്. ബോണ്ട് ചിത്രങ്ങളിലും ബാറ്റ്മാനിലും അത് കാണാം.
പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയോടെയാണ് ചെയ്യുന്നത്. അത് പ്രവചനാതീതമാണ്, പുലിമുരുഗനും കുമ്പളങി നൈറ്റ്‌സും മലയാളി പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിട്ടുണ്ട്- നിതിന്‍ പറയുന്നു.
ഭോപ്പാൽ: മധ്യപ്രദേശിലെ രത്ലത്തിൽ സൈക്കോ കില്ലർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊലയാളിയെ ഏറ്റുമുട്ടലിൽ പോലീസ് വധിച്ചു. ഗുജറാത്തിലെ ദാഹോദ് സ്വദേശിയായ ദിലീപ് ദേവൽ ആണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ അഞ്ച് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായി ദേവലിനെതിരെ ആറ് കൊലക്കേസുകളാണുള്ളത്. രത്ലത്തിൽ ദേവലും സംഘവും ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയിരുന്നു.
നവംബർ 25 ന് ദിപാവലി ദിവസം പടക്കംപൊട്ടിച്ച് ആളുകൾ ആഘോഷിക്കുന്ന സമയമാണ് ദേവൽ കൊലയ്ക്ക് ഉപയോഗിച്ചത്. അടുത്തിടെ കുറച്ച് സ്ഥലം വിറ്റതായും വീട്ടിൽ പണം സൂക്ഷിച്ചിരിക്കാമെന്നും അറിഞ്ഞതിനെത്തുടർന്ന് രത്ലത്തിലെ കുടുംബത്തെ കൊള്ളയടിക്കാൻ ദേവാൽ തീരുമാനിക്കുകയായിരുന്നു. പ്രായമായവർ താമസിക്കുന്ന വീടുകളാണ് ഇയാൾ കവർച്ച നടത്താൻ തെരഞ്ഞെടുക്കുന്നത്. സാക്ഷികൾ അവശേഷിക്കാതിരിക്കാൻ വീട്ടുകാരെ കൊലപ്പെടുത്തുകയും ചെയ്യും. ജൂണിൽ ഒരു സ്ത്രീയെയും ഇയാൾ കൊലപ്പെടുത്തിയിരുന്നു. ദേവലിന്റെ കൂട്ടാളികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദൃശ്യത്തിന് ശേഷം നല്ല കഥാപാത്രങ്ങളെ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് നാല് വര്‍ഷത്തോളം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നുവെന്ന് നടി അന്‍സിബ ഹസ്സന്‍. സിനിമാഭിനയം തന്നെ ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തപ്പോളാണ് ദൃശ്യം സെക്കന്‍ഡിലേക്ക് വിളിക്കുന്നതെന്ന് അന്‍സിബ. പുനര്‍ജന്മം പോലെയായിരുന്നു അവസരമെന്നും അന്‍സിബ മാതൃഭൂമി അഭിമുഖത്തില്‍ പറയുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം സെക്കന്‍ഡ് പോസ്റ്റ് പ്രൊഡക്ഷനിലാണ്.
ആറ് വര്‍ഷം പുറത്തൊക്കെ പഠിക്കാന്‍ പോയി വീട്ടില്‍ തിരിച്ചെത്തുന്ന ഫീല്‍ ആയിരുന്നു ദൃശ്യം സെക്കന്‍ഡിലെ റി യൂണിയന്‍ എന്നും അന്‍സിബ ഹസ്സന്‍. ജോര്‍ജ്ജുകുട്ടിയുടെ ജീവിതസാഹചര്യം കുറച്ചുകൂടി മെച്ചപ്പെട്ടതിന് ശേഷമുളള കഥയാണ് രണ്ടാം ഭാഗം. ഫാമിലി ഡ്രാമയാണ് ദൃശ്യം സെക്കന്‍ഡ്. കുടുംബത്തിന് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഇതെന്ന് നൂറ്റൊന്ന് ശതമാനം ഉറപ്പുണ്ടെന്നും അന്‍സിബ.
മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജോര്‍ജ്ജുകുട്ടിയുടെയും മീന അവതരിപ്പിക്കുന്ന റാണിയുടെയും മകളുടെ റോളിലാണ് ചിത്രത്തില്‍ അന്‍സിബ ഹസ്സന്‍.
കൊവിഡ് കാലത്ത് മലയാളത്തിലെ സര്‍പ്രൈസ് പ്രഖ്യാപനമായിരുന്നു ദൃശ്യം രണ്ടാം ഭാഗം. സെപ്തംബര്‍ 21ന് കൊച്ചിയില്‍ ചിത്രീകരണമാരംഭിച്ച ദൃശ്യം സെക്കന്‍ഡ് 46ാം ദിവസം തൊടുപുഴയില്‍ പൂര്‍ത്തിയായി. 56 ദിവസമായിരുന്നു ചിത്രീകരണം പ്ലാന്‍ ചെയ്തിരുന്നതെന്നും പത്ത് ദിവസം മുമ്പേ പൂര്‍ത്തിയാക്കാനായെന്നും സംവിധായകന്‍ ജീത്തു ജോസഫ്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെ അഭിനേതാക്കള്‍ ഷൂട്ടിംഗ് തീരുന്നത് വരെ ഹോട്ടലില്‍ തന്നെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
മുരളി ഗോപി, സിദ്ദീഖ്,ആശാ ശരത്, അനീഷ് ജി മേനോന്‍, ഗണേഷ് കുമാര്‍ , എസ്തര്‍,ആന്റണി പെരുമ്പാവൂര്‍, ബോബന്‍ സാമുവല്‍ എന്നിവരും ചിത്രത്തിലുണ്ട്.
ഇമോഷണല്‍ ത്രില്ലര്‍ സ്വഭാവത്തിലാണ് രണ്ടാം ഭാഗം. ഏഴ് വര്‍ഷത്തിന് ശേഷം ജോര്‍ജ്ജ് കുട്ടി വീണ്ടുമെത്തുമ്പോള്‍ മോഹന്‍ലാല്‍ താടി വച്ച് പുതിയ ലുക്കിലാണ്. സതീഷ് കുറുപ്പാണ് ക്യാമറ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. തിയറ്റര്‍ റിലീസായി തന്നെയാണ് ദൃശ്യം സെക്കന്‍ഡ് പ്രേക്ഷകരിലെത്തുക.
2013ല്‍ റിലീസ് ചെയ്ത ദൃശ്യം മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായി മാറിയുരുന്നു. 75 കോടി ഗ്രോസ് കളക്ഷനും നേടി.മോഹന്‍ലാലിന്റെ അതുവരെയുള്ള വിജയങ്ങളെയും മലയാളത്തിലെ സകല റെക്കോര്‍ഡുകളെയും പിന്തള്ളിയതായിരുന്നു ദൃശ്യത്തിന്റെ അന്നത്തെ നേട്ടം. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടു. പിന്നീട് സിംഹള, ചൈനീസ് പതിപ്പും പുറത്തുവന്നു.
ജോര്‍ജ് കുട്ടിയേയും കുടുംബത്തെയും മലയാളികള്‍ മറക്കില്ല എന്ന പ്രതീക്ഷയാണ് ദൃശ്യം 2 എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മൂന്ന് വര്‍ഷത്തോളമുള്ള ആലോചനക്ക് ശേഷമാണ് ദൃശ്യം സെക്കന്‍ഡിലേക്ക് എത്തിയതെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നു.
നവജാത ശിശുവിന്റെ മൃതദേഹം വീടിന്റെ കിണറിന് സമീപം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. പനവൂർ മാങ്കുഴിയിലാണ് നാടിനെ നടുക്കിയ സംഭവം. തോട്ടിൻകര കുന്നിൻപുറത്ത് വീട്ടിൽ വിജി(28)യാണ് കസ്റ്റഡിയിലായത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം പുറം ലോകമറിയുന്നത്.
വീടിന്റെ കിണറ്റിന് സമീപത്തെ പപ്പായ മരത്തിന്റെ ചുവട്ടിൽ ദുർഗന്ധവും ഈച്ച ശല്ല്യവും ശ്രദ്ധയിൽപ്പെട്ട അയൽവാസിയായ സ്ത്രീയാണ് സംശയം തോന്നി പൊലീസിനെ അറിയിച്ചത്. ഭർത്താവുമായി പിണങ്ങി ഒൻപതും ആറും വയസുള്ള പെൺമക്കൾക്കും മാതാപിതാക്കൾക്കുമൊപ്പം താമസിച്ചു വന്ന വിജി താൻ ഗർഭിണിയാണെന്ന വിവരം മറച്ചു വച്ചിരിക്കുകയായിരുന്നു.
വയറിൽ മുഴയാണെന്നും ശസ്ത്രക്രിയ ചെയ്യണമെന്നുമാണ് അയൽക്കാരെ വിശ്വസിപ്പിച്ചിരുന്നത്. ഞായറാഴ്ച രാവിലെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് കിടപ്പുമുറിയിൽ സൂക്ഷിച്ച ശേഷം രാത്രിയിൽ കിണറ്റിന് സമീപം കുഴിച്ചിടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം വിജിയുടെ അച്ഛൻ മണിയനും വിജിയുടെ മക്കളും വീട്ടിലുണ്ടായിരുന്നു. വിജിയുടെ അമ്മ ബീന വീട്ടുജോലിക്കാരിയാണ്.
ബാലരാമപുരം മൂലയിൽവിളാകം പുല്ലയിൽക്കോണത്ത് രാജേഷാണ് ഭർത്താവ്. നിർമാണ തൊഴിലാളിയായ രാജേഷിനൊപ്പം 10 വർഷം മുൻപ് വിജി ഇറങ്ങിപ്പോയതാണ്. രാജേഷ്‌കുമാർ വിജിയുമായി പിണങ്ങി അഞ്ചു വർഷമായി സ്വദേശമായ ബാലരാമപുരത്താണ് താമസം..
ജില്ലാ പൊലീസ് മേധാവി ബി.അശോകൻ, നെടുമങ്ങാട് തഹസിൽദാർ എം.കെ അനിൽകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ നെടുമങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ മൃതദേഹം പുറത്തെടുത്തത്. അഴുകി ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു മൃതദേഹം .ആൺ കുഞ്ഞാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടം നടക്കും
അഞ്ചു വർഷങ്ങൾക്ക് മുൻപ് മലയാളികളുടെ നേതൃത്വത്തിൽ ആരംഭിച്ച ക്രിക്കറ്റ് ലീഗ് ഇന്ന് യുകെയിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗുകളിൽ ഒന്നായി ഇടം പിടിച്ചിരിക്കുന്നു. ഇപ്പോൾ കേരളത്തിന് പുറത്തു നടക്കുന്ന ലോകത്തിലെതന്നെ മലയാളികൾ നേതൃത്വം നൽകുന്ന ഏറ്റവും വലിയ ക്രിക്കറ്റ് ലീഗ് ആയി ആണ് അറിയപ്പെടുന്നത്. വെറും നാല് ടീമുകളുമായി തുടങ്ങിയ ലീഗിൽ കഴിഞ്ഞ വർഷം 20 ടീമുകൾ പങ്കെടുത്തിരുന്നു.
LSL നേതൃത്വത്തിൽ എല്ലാവർഷവും നടത്തിവരുന്ന ക്രിക്കറ്റ് ലീഗ് ഈ വർഷം വളരെ വിപുലമായ പരിപാടികളോടും , ലീഗിൻറെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പങ്കാളിത്തത്തോടും നടത്താൻ തീരുമാനിച്ചിരിക്കുന്നു.
പണ്ട് കാലത്തേക്കാൾ വിഭിന്നമായി എല്ലാ രാജ്യക്കാരും എല്ലാവിധ കമ്മ്യൂണിറ്റികളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് ഈ വർഷത്തെ ലീഗ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ഈ വർഷം 24 ടീമുകൾക്ക് ലീഗിൽ കളിക്കാൻ അവസരം ലഭിക്കും. ടീമുകളുടെ അഭ്യർത്ഥന മാനിച്ച് സാറ്റർഡേ ലീഗ് സൺഡേ ലീഗ് എന്ന് രണ്ട് കാറ്റഗറി ആയി ആണ് ഈ വർഷം ലീഗ് കളികൾ നടത്തപ്പെടുന്നത്.
ആദ്യം വരുന്ന 24 ടീമുകളെ മാത്രമേ ടൂർണ്ണമെൻറിന് പ്രവേശനം ലഭിക്കൂ. LSL കളിക്കുന്ന 20 ടീമുകൾ ഇപ്പോൾ തന്നെ അവരുടെ താൽപര്യം അറിയിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി ആദ്യം വരുന്ന 4 ടീമുകൾക്ക് കൂടി പങ്കെടുക്കാൻ കഴിയും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
ബിജു പിള്ള : 07904312000, നിഷാർ: 07846066476 , അനോജ് : 07578994578
മലയാളം യുകെ ന്യൂസ് സ്പെഷ്യൽ
ത്രിതല ഗ്രാമപഞ്ചായത്തിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം കേരളത്തിൽ തകൃതിയായി പുരോഗമിക്കുകയാണ്. പഞ്ചായത്ത് രാജ് നിയമം നിലവിൽ വരികയും, വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാന ഗവൺമെന്റുകൾ വകയിരുത്തുന്ന തുകയിൽ നല്ലൊരു ശതമാനം ഗ്രാമ പഞ്ചായത്തുകൾ വഴി ചിലവഴിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തുകൾ നാടിൻറെ വികസനത്തിൻെറ ചാലകശക്തിയായി തീർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ രാഷ്ട്രീയ അതിപ്രസരണങ്ങളില്ലാതെ സാമൂഹികപ്രതിബദ്ധതയും യുവത്വവും നിറഞ്ഞ നേതൃത്വം ത്രിതല പഞ്ചായത്തുകളിലേക്ക് കടന്നു വരേണ്ടത് നാടിൻറെ വികസനത്തിന് അത്യന്താപേക്ഷിതമാണ്. ഇത് തിരിച്ചറിഞ്ഞ് തന്നെയാണ് ജനങ്ങളുടെ സ്വീകാര്യത നേടാനായി ഇരുമുന്നണികളും വിവിധമേഖലകളിൽ കഴിവ് തെളിയിച്ചവരെ ത്രിതല ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിനായി ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്.
ജനങ്ങളോടൊപ്പം തോളോടു തോൾ ചേർന്ന് പ്രവർത്തിക്കേണ്ടവരാണ് ജനപ്രതിനിധികൾ , പ്രത്യേകിച്ച് ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർ. കേരളത്തിൻറെ പലഭാഗങ്ങളിലും ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളെ സ്വന്തം കുടുംബാംഗങ്ങളെ പോലെയാണ് ജനം കരുതുന്നത്. കാരണം നാട്ടുകാരുടെ ഓരോ വിശേഷങ്ങളിലും വിഷമങ്ങളിലും ഓടിയെത്തുന്നവരാണ് അവർ. വീടിനുള്ളിൽ ഒരു പാമ്പിനെ കണ്ടാൽ പോലും ആദ്യം വിളി വരിക വാർഡ് മെമ്പർക്കാണ്. വാർഡ് മെമ്പർ വന്നു വേണം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ അറിയിക്കാനും, പാമ്പുപിടുത്തക്കാരനെ തപ്പാനും മറ്റും . ഈ സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർ സാമൂഹ്യപ്രതിബദ്ധതയുള്ളവരും സാമൂഹ്യസേവനത്തോട് അഭിനിവേശം ഉള്ളവരും അല്ലെങ്കിൽ കുഴങ്ങിയതു തന്നെ. അതുകൊണ്ടുതന്നെ ജനസേവനത്തിൽ അഭിരുചിയും, താൽപര്യവും കാട്ടിയവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മുളംങ്കുന്നത്തുകാവ് ആറാം വാർഡ് ഇത്തരത്തിലൊരു പോരാട്ടത്തിൻെറ നേർകാഴ്ചയാവുകയാണ്.

ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം വിവിധ സന്നദ്ധ പ്രസ്ഥാനങ്ങളിലും, അയൽക്കൂട്ടങ്ങളിലുമായി സാമൂഹ്യസേവന രംഗത്ത് വലിയ പരിചയവുമായാണ് യുഡിഎഫ് സ്ഥാനാർത്ഥി സി.പി ജോർജ് പഞ്ചായത്ത് ഇലക്ഷനിൽ ഒരു കൈ നോക്കാൻ ഇറങ്ങിയിരിക്കുന്നത്. 2005-2010 കാലഘട്ടത്തിൽ മുളങ്കുന്നത്തുകാവിലെ തന്നെ ആറാം വാർഡിൽ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ചരിത്രവും ജനങ്ങളുടെ ഇടയിൽ സി.പി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെടുന്ന സി.പി ജോർജിന് സ്വന്തം. 1990കളുടെ മധ്യത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ സാമൂഹ്യസേവന വിഭാഗമായ ബോധനയിലൂടെയാണ് സാമൂഹ്യസേവനത്തിലേക്ക് സി.പി ജോർജ് കടന്നുവരുന്നത്. തൃശ്ശൂർ ജില്ലയിലെ വിവിധ മേഖലകളിൽ ബോധനയ്ക്കുവേണ്ടി അയൽക്കൂട്ടങ്ങൾ രൂപീകരിക്കുന്നതിനും സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും സി.പി ജോർജിൻെറ മികവ് ബോധനയ്ക്ക് സഹായകരമായി. അതിനുശേഷം പാണഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ലോകബാങ്ക് സഹായത്തോടെ കേരളാ ഗവൺമെൻറ് നടപ്പാക്കിയ ജലനിധി പദ്ധതിയുടെ ഭാഗവാക്കായ ജോർജ് പാണഞ്ചേരിയിലെ മികച്ച കമ്മ്യൂണിറ്റി ഡെവലപ്മെൻറ് ഓഫീസർമാരിൽ ഒരാളായിരുന്നു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ശുദ്ധജലം എത്തിക്കാനും, പിന്നോക്ക മേഖലകളിൽ ശൗചാലയങ്ങളും, അഴുക്കുചാലുകളും തുടങ്ങി ശുചിത്വ മേഖലകളിലെ അടിസ്ഥാന വികസനത്തിന് സി.പി ജോർജ് നൽകിയ സംഭാവനകൾ പാണഞ്ചേരി നിവാസികൾ ഇന്നും നന്ദിയോടെ ആണ് സ്മരിക്കുന്നത്. തൃശൂർ രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സോഷ്യൽ ആക്ഷൻൻെറ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കവേ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ മികവുറ്റ സംഭാവനകൾ നൽകാനായി.
2005ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രതിനിധിയായി ആറാം വാർഡിൽ നിന്ന് മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സി.പി ജോർജ് മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിനും പ്രത്യേകിച്ച് ആറാം വാർഡിനും സുപരിചിതനാണ്. വലിപ്പം കൊണ്ടും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടും വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ആറാം വാർഡിൽ ജാതിമത രാഷ്ട്രീയ ഭേദമന്യേ സി.പി ജോർജ് നടത്തിയ വികസന പ്രവർത്തനങ്ങൾ പൊതുജനശ്രദ്ധ ആകർഷിച്ചിരുന്നു. മുൻകാലങ്ങളിൽ ജനങ്ങളോടൊപ്പം പ്രവർത്തിച്ച അനുഭവസമ്പത്ത് തന്നെയാണ് ഈ തെരഞ്ഞെടുപ്പിലെ തൻെറ ഏറ്റവും വലിയ മുതൽക്കൂട്ടെന്ന് സി.പി ജോർജ് മലയാളം യുകെയോട് അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ ബിജു വടുകുളം ആണ് സി.പി ജോർജിൻറെ പ്രധാന എതിരാളി. ഇടതുപക്ഷത്തേക്കുള്ള ജോസ് വിഭാഗത്തിൻെറ പൊടുന്നനെയുള്ള മലക്കംമറിച്ചിലിൽ അസംതൃപ്തരായ യുഡിഎഫ് അനുഭാവികളായ മാണി വിഭാഗം കോൺഗ്രസ് പ്രതിനിധിയായി യുഡിഎഫിനു വേണ്ടി മത്സരിക്കുന്ന ജോർജിൻറെ സാധ്യതകൾ വർധിപ്പിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ബിജെപിയുടെ ഉൾപ്പെടെ മറ്റ് മൂന്ന് സ്ഥാനാർത്ഥികൾ കൂടി രംഗത്തുണ്ടെങ്കിലും പ്രധാനമത്സരം ഇടത് വലത് മുന്നണികൾ തമ്മിലാണ്.
ട്രെയിനില്‍ യാത്ര ചെയ്യവേ ഫോണില്‍ ഹിന്ദി സംസാരിച്ചതിന്റെ പേരില്‍ യുവാവിനോടു തട്ടിക്കയറിയ യുവതിയ്ക്ക് ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി. ന്യൂസിലന്‍ഡിലെ വെല്ലിംഗ്ടണിലാണ് സംഭവം. ഫോണില്‍ ഹിന്ദി സംസാരിച്ചതിന്റെ പേരില്‍ ഇന്ത്യക്കാരനായ യുവാവിനോട് ന്യൂസിലന്‍ഡുകാരിയായ പതിനാറുകാരി തട്ടിക്കയറുകയായിരുന്നു. ഇവിടെ നിങ്ങളുടെ ഭാഷ സംസാരിക്കാന്‍ ആണെങ്കില്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകണം എന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്.
സംഭവം ശ്രദ്ധയില്‍ പെട്ട ടിക്കറ്റ് എക്സാമിനര്‍ എത്തുകയും കാര്യങ്ങള്‍ തിരക്കുകയും ചെയ്തു. ഇയാളെ ട്രെയിനില്‍ നിന്നും ഇറക്കി വിടണം രാജ്യം കടത്തണം എന്നൊക്കെ പ്രതികരിച്ചപ്പോള്‍ എല്ലാം കേട്ടു നില്‍ക്കുകയല്ലാതെ മറുപടി പറയാതെ നില്‍ക്കുകയായിരുന്നു യുവാവ്. എന്നാല്‍ സംഭവത്തില്‍ ട്വിസ്റ്റ് മറ്റൊന്നായിരുന്നു.യുവാവിനോട് ഇരുന്നോളാൻ പറഞ്ഞ ശേഷം പെണ്‍കുട്ടിയോട് ടിടി ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ പറഞ്ഞു. സഹയാത്രികരോട് മാന്യമായി പെരുമാറാന്‍ സാധിക്കുന്നില്ലെങ്കില്‍ ട്രെയിനില്‍ നിന്നും ഇറങ്ങണമെന്ന് പറഞ്ഞ ടിടിയോടും പെണ്‍കുട്ടി തട്ടിക്കയറി. ഇതോടെ ട്രയെിനില്‍ നിന്നും ഇറങ്ങണമെന്ന കര്‍ശന നിലപാട് സ്വീകരിക്കുകയായിരുന്നു ജെ ജെ ഫിലിപ്പ് എന്ന ടിടിഇ. പെണ്‍കുട്ടി ട്രെയിനില്‍ നിന്നും ഇറങ്ങാനോ ക്ഷമാപണം നടത്താനോ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഏകദേശം ഇരുപത് മിനിറ്റോളം ആണ് ട്രെയിന്‍ നിര്‍ത്തിയിട്ടത്.
ടിടിഇ നിലപാടില്‍ നിന്ന് മാറില്ലെന്ന് വ്യക്തമായതോടെ പെണ്‍കുട്ടി ട്രെയ്‌നില്‍ നിന്നും ഇറങ്ങുകയായിരുന്നു. രൂക്ഷമായ ഭാഷയില്‍ പെണ്‍കുട്ടി യുവാവിനെ അസംബന്ധം പറഞ്ഞതോടെയാണ് ശക്തമായ നിലപാട് സ്വീകരിച്ചതെന്ന് ടിടിഇ പിന്നീട് വ്യക്തമാക്കി.
ബുറെവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് തീവ്രന്യൂനമര്‍ദമായി. അര്‍ധരാത്രിക്കുശേഷം രാമനാഥപുരത്തിനും തൂത്തുക്കുടിക്കുമിടയില്‍ കരയിലെത്തും. കാറ്റിന്റെ വേഗം മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയായി കുറഞ്ഞു. കേരളത്തിലെത്തുമ്പോള്‍ വേഗം മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെയാകും എന്നാണ് അനുമാനം.
സംസ്ഥാനത്ത് അഞ്ചുജില്ലകളിൽ നാളെ പൊതുഅവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അവധി. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അടക്കം അവധി ബാധകമാണ്. ദുരന്ത നിവാരണം, അവശ്യ സർവീസ്, തിരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് അവധി ബാധകമല്ല.
തെക്കന്‍തമിഴ്നാട്ടിലാകെ മഴയും കാറ്റും സൃഷ്ടിച്ചുകൊണ്ടാണ് ബുറെവി ചുഴലിക്കാറ്റ് ഇന്ത്യന്‍തീരത്തേക്ക് എത്തുന്നത്. തൂത്തുക്കുടി, തിരുനല്‍വേലി പ്രദേശങ്ങളിലൂടെ ചുഴലിക്കാറ്റ് കേരളത്തിലേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ടും എറണാകുളം കോട്ടയം ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്.
കൊല്ലം തിരുവനന്തപുരം ജില്ലകള്‍ക്കിടയിലൂടെ അറബിക്കടലിലേക്ക് കടക്കുമ്പോള്‍ ന്യൂനമര്‍ദത്തിന് വീണ്ടും ശക്തി കൈവരാം. സംസ്ഥാനത്തെ ദുരന്തനിവാരണസംവിധനങ്ങളെല്ലാം അതീവ ജാഗ്രതയിലാണ്, ദേശീയ ദുരന്തനിവാരണസേനയും അഗ്നിശമന സേനയും സജ്ജമാണ്. ജില്ലാതലത്തില്‍കലക്ടര്‍മാരും താലൂക്കുകളില്‍തഹസീല്‍ദാര്‍മാരുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അപകടകരമായ സ്ഥലങ്ങളില്‍ നിന്ന് താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും ദുരിതാശ്വാസക്യാമ്പുകള്‍തുറക്കാനും സര്‍ക്കാര്‍ നിര്‍േശിച്ചിട്ടുണ്ട്. വൈദ്യുതി ബോര്‍ഡും ജലവിഭവവകുപ്പും ജലസംഭരണികളിലെ നീരൊഴുക്ക് നിരീക്ഷിച്ചുവരികയാണ്. തീരപ്രദേശത്തും കനത്തജാഗ്രത തുടരുകയാണ്.
സംസ്ഥാനത്ത് ബുറെവി ചുഴലിക്കാറ്റ് മുന്‍കരുതല്‍ നടപടികളുടെ ഏകോപനച്ചുമതല മന്ത്രിമാര്‍ക്ക് നല്‍കി. കേരളത്തില്‍ കടക്കുന്നത് കൊല്ലം, തിരുവനന്തപുരം അതിര്‍ത്തി പ്രദേശങ്ങളിലൂടെയാണ്. ചുഴലിക്കാറ്റ് കേരളത്തിൽ പ്രവേശിക്കുമ്പോൾ കേരളത്തിൽ ഉണ്ടാകാനിടയുള്ള പ്രതിസന്ധികൾ നേരിടാൻ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കേരളത്തില്‍ കടക്കുന്നത് കൊല്ലം, തിരുവനന്തപുരം അതിര്‍ത്തി പ്രദേശങ്ങളിലൂടെയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് കേരളത്തിലൂടെ അറബിക്കടലിലേക്ക് നീങ്ങും.വിവിധ സേനാവിഭാഗങ്ങളുടെയും സഹായം തേടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2891 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ഇവിടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കും. കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കലക്ടര്‍മാരെ സഹായിക്കാന്‍ സെക്രട്ടറിമാരെയും നിയോഗിക്കും. മുന്‍കരുതലിന്റെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം രാവിലെ പത്തുമുതല്‍ ആറുവരെ അടച്ചിടും. എറണാകുളം വരെ മണിക്കൂറിൽ 50 മുതൽ 60 കിമീ വരെ വേഗത്തിലുള്ള ശക്തമായ കാറ്റ് പ്രതീക്ഷിക്കാം. അതിതീവ്രമായി മഴ പെയ്താല്‍ മലയോര മേഖലയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടാകാനുള്ള സാധ്യതയും ഉണ്ട്. വലിയ പ്രളയ സാഹചര്യം നിലവിൽ പ്രതീക്ഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.