കോട്ടയം: സി.പി.ഐക്കു സമ്മതം, കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശം ഉറപ്പിച്ചു. തങ്ങളുടെ സീറ്റുകള്‍ നഷ്ടപ്പെടാത്ത രീതിയില്‍ ജോസ് വിഭാഗത്തെ ഇടതുമുന്നണിയുടെ ഭാഗമാക്കുന്നതിനെ സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗമാണ് അനുകൂലിച്ചത്.
ജോസ് വിഭാഗത്തെ ഇടതുമുന്നണിയിലെടുക്കുന്നതു സംബന്ധിച്ചു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മില്‍ നേരത്തെ ധാരണയില്‍ എത്തിയിരുന്നു.
ഇന്നലെ ഇടതുപക്ഷ എം.പി.മാര്‍ കര്‍ഷക ബില്ലിനെതിരേ പാര്‍ലമെന്റില്‍ നടത്തിയ പ്രതിഷേധത്തില്‍ ജോസ് കെ. മാണിയും പങ്കെടുത്തതു മുന്നണി പ്രവേശനത്തിന്റെ മുന്നോടിയായാണെന്ന് വിലയിരുത്തപ്പെടുന്നു. തദ്ദേശതിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം മത്സരിക്കാന്‍ താല്‍പര്യമുള്ള സീറ്റുകളുടെ പട്ടിക സി.പി.എം. നേതൃത്വത്തിന് കൈമാറിയിരുന്നു.
കഴിഞ്ഞ സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ജില്ലാ പ്രസിഡന്റുമാരുമായി നടത്തിയ ചര്‍ച്ചയില്‍ രൂപീകരിച്ച പട്ടികയാണ് കൈമാറിയത്. യുഡിഎഫില്‍നിന്ന് മത്സരിച്ച സീറ്റുകളോടൊപ്പം പുതിയതായി ആവശ്യപ്പെടാനിരിക്കുന്ന സീറ്റുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു എന്നാണു സൂചന.
യു.ഡി.എഫില്‍ നിന്നപ്പോഴുള്ളതിലധികം സീറ്റുകള്‍ ലഭിക്കുമെന്നാണ് ജോസ് വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. ജോസ് വിഭാഗത്തെ മുന്‍നിര്‍ത്തി യുഡിഎഫ് കോട്ടകള്‍ പിടിച്ചടക്കാനാണ് ഇടതുമുന്നണിയുടെ നീക്കം. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായ കോട്ടയം, ഇടുക്കി ജില്ലകളില്‍ കേരളാ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ വിട്ടുകൊടുത്തേക്കും.
കേരള കോണ്‍ഗ്രസിന് സ്വാധീനമുളള കോട്ടയത്ത് സി.പി.ഐയും കേരള കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലം കാഞ്ഞിരിപ്പളളി മാത്രമാണ്. കാഞ്ഞിരപ്പളളി വിട്ടുകൊടുക്കില്ലെന്ന നിലപാടാണ് സി.പി.ഐ. സ്വീകരിച്ചിരിക്കുന്നത്. ഈ സീറ്റില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ പ്രശ്‌നപരിഹാരം എളുപ്പമാണെന്ന എല്‍.ഡി.എഫ് നേതൃത്വവും കണക്കുകൂട്ടുന്നു.
സാൻഫ്രാൻസിസ്കോ (യുഎസ്) ∙ സ്വയം മാഞ്ഞു പോകുന്ന ഇമേജ്, വിഡിയോ മെസേജുകൾക്ക് സൗകര്യമൊരുക്കാൻ വാട്സാപ് ഒരുങ്ങുന്നു. ‘എക്സ്പയിറിങ് മെസേജ്’ എന്നു പേരിട്ടിരിക്കുന്ന സംവിധാനം പലതവണ പരീക്ഷണം നടത്തി. ചാറ്റുകൾക്കിടെ അയയ്ക്കുന്ന വിഡിയോയും ചിത്രങ്ങളും ചാറ്റ് അവസാനിപ്പിക്കുന്നതോടെ സ്വയം ഡിലീറ്റായി പോകുന്നതിനാണ് ഓപ്ഷൻ.
സ്വീകരിച്ചയാളുടെ ഫോൺ ഗാലറിയിൽ നിന്നും ചിത്രം മാഞ്ഞു പോകും. ഒരേ നമ്പറിലുള്ള വാട്സാപ് ഒന്നിൽ കൂടുതൽ ഫോണുകളിൽ ഉപയോഗിക്കുന്നതിനുള്ള പരീക്ഷണം അവസാനഘട്ടത്തിൽ എത്തിയതായും റിപ്പോർട്ടുകളുണ്ട്.
ബെംഗളൂരു ∙ കന്നഡ സിനിമമേഖലയുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ അന്വേഷണം ക്രിക്കറ്റ് താരങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി), ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) എന്നിവയ്ക്കു പുറമേ കർണാടക പൊലീസിലെ ആഭ്യന്തര സുരക്ഷാവിഭാഗവും അന്വേഷണം ശക്തമാക്കി.
മാസങ്ങൾക്ക് മുമ്പ് കർണാടക പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റുമായി ബന്ധപ്പെട്ട് കളിക്കാരെ ഹണിട്രാപ്പിൽ കുടുക്കി വാതുവയ്പിനു പ്രേരിപ്പിച്ചതായി വാർത്തകൾ വന്നിരുന്നു. കന്നഡ നടിമാർക്കൊപ്പം കളിക്കാർ വിദേശത്ത് സമയം ചെലവഴിച്ചതിന് തെളിവുകളും പുറത്തുവന്നു. സംഭവത്തിൽ ലഹരി ഇടപാടുകൾ സംശയിച്ച് പൊലീസ് രംഗത്തു വന്നിരുന്നുവെങ്കിലും ആർക്കെതിരെയും നടപടി എടുത്തിരുന്നില്ല.
കേസിലെ പ്രധാന പ്രതികളായ ആദിത്യ ആൽവ, വിരേൻ ഖന്ന എന്നിവർ ക്രിക്കറ്റ് സിനിമാ മേഖലയിലെ പ്രമുഖരെ കന്നഡ നടിമാരെ ഉപയോഗപ്പെടുത്തി ഹണിട്രാപ്പിൽ കുടുക്കിയതായി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് വാർത്ത നൽകിയത്. കന്നഡ സിനിമാ സീരിയൽ രംഗത്തെ നടീനടൻമാർക്കൊപ്പം ചില പ്രമുഖ ക്രിക്കറ്റ് താരങ്ങളും രാഷ്ട്രീയ നേതാക്കളും ചോദ്യം ചെയ്തവരിൽ പെടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രമുഖ നടൻ യോഗേഷ്, മുൻ രഞ്ജി ക്രിക്കറ്റ് താരം എൻ.സി.അയ്യപ്പ എന്നിവരെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. മുന്‍ ജെഡിഎസ് എംപി ശിവരാമ ഗൗഡയുടെ മകന്‍ ചേതന്‍ ഗൗഡ, ബിജെപി എംപിയുടെ മകൻ എന്നിവർക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകിയിട്ടുണ്ട്. ലഹരി പാർട്ടിയുടെ ആസൂത്രകനുമായ ആദിത്യ ആൽവയ്ക്കെതിരെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
ഒളിവിലായ ആദിത്യ ആൽവ രാജ്യം വിട്ടിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. രാജ്യം വിടാൻ ശ്രമിക്കുമെന്ന നിഗമനത്തിൽ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും വിവരം കൈമാറിയിട്ടുണ്ടെന്ന് അന്വേഷണസംഘത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരനും കർണാടക മുൻമന്ത്രി ജീവരാജ് ആൽവയുടെ മകനുമാണ് ആദിത്യ ആൽവ. ഇതുവരെ 67 പേർക്കാണ് കേസിൽ നോട്ടിസ് അയച്ചിട്ടുള്ളത്. നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരുൾപ്പെടെ 13 പേരെ അറസ്റ്റു ചെയ്തു.
ഇന്ത്യന്‍ കമ്പനികളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിടുതലിന് ശ്രമിക്കുകയാണ് ഷപ്പൂര്‍ജി പല്ലോന്‍ജി അഥാവാ എസ് പി ഗ്രൂപ്പ്. ടാറ്റ ഗ്രൂപ്പില്‍നിന്ന് പിന്‍വാങ്ങുന്നതാണ് നല്ലതെന്ന് കമ്പനി സുപ്രീം കോടതിയെ അറിയിച്ചു. പിന്‍മാറ്റത്തിന് എസ് പി ഗ്രൂപ്പ് മുന്നോട്ടുവെച്ച നിര്‍ദ്ദേശം ടാറ്റ അംഗീകരിച്ചാല്‍ അത് ഇന്ത്യന്‍ കമ്പനികളുടെ ചരിത്രത്തിലെ തന്നെ വലിയ സംഭവമായിരിക്കും. എതിര്‍ത്താല്‍ വലിയ നിയമ തര്‍ക്കത്തിലേക്കും അത് നീങ്ങും. മിസ്ത്രി കുടുംബമാണ് എസ് പി ഗ്രൂപ്പിന്റെ പ്രൊമോട്ടര്‍മാര്‍. ടാറ്റയും മിസ്ത്രിയും തമ്മിലുളള തര്‍ക്കമാണ് വലിയ തര്‍ക്കത്തിന് കാരണമായത്. എന്താണ് ഈ തര്‍ക്കത്തെ ഇത്ര പ്രധാന്യമുള്ളതാക്കുന്നത്?
ടാറ്റാ ഗ്രൂപ്പുമായി ഏഴ് പതിറ്റാണ്ടിലേറെ ബന്ധമുള്ള ഗ്രൂപ്പാണ് ഷപ്പൂര്‍ജി പല്ലോന്‍ജി. ടാറ്റാ ഗ്രൂപ്പില്‍ തങ്ങള്‍ക്കുളള ഓഹരികള്‍ ഉപയോഗിച്ച് മൂലധനം കണ്ടെത്താനുള്ള എസ് പി ഗ്രൂപ്പിന്റെ നീക്കത്തിന് കമ്പനി എതിരുനിന്നതോടെയാണ് ഇരു കമ്പനികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്. ഇത്തരം ഒരു ഇടപാട് എസ് പി ഗ്രൂപ്പ് നടത്തുന്നത് തങ്ങള്‍ക്ക് താല്‍പര്യമില്ലാത്തവരിലേക്ക് ഓഹരികള്‍ കൈമാറ്റം ചെയ്യപ്പെടാന്‍ ഇടയാക്കുമെന്നാണ് ടാറ്റാ ഗ്രൂപ്പ് ഭയക്കുന്നത്. ടാറ്റ സണ്‍സില്‍, ഏറ്റവും കൂടതല്‍ മൈനോരിറ്റി ഷെയര്‍ ഉള്ളത് എസ് പി ഗ്രൂപ്പിനാണ് ( ഒരു കമ്പനിയില്‍ 50 ശതമാനത്തില്‍ താഴെ ഓഹരികള്‍ ഉള്ളതിനെയാണ് മൈനോരിറ്റി ഷെയര്‍ എന്നു പറയുന്നത്.)
ടാറ്റാ സണ്‍സില്‍ എസ്പി ഗ്രൂപ്പിന് 18.34 ശതമാനം ഓഹരികളാണ് ഉള്ളത്. ടാറ്റ സണ്‍സുമായി ബന്ധം പിരിയുമ്പോള്‍ ഈ ഓഹരികള്‍ ടാറ്റ സണ്‍സ് തിരിച്ചവാങ്ങേണ്ടിവരും. എസ് പി ഗ്രൂപ്പിന്റെ സാമ്പത്തിക സ്ഥിതി മോശമായതുമുലമാണ് ഈ ഓഹരികള്‍ ഈട് നല്‍കി പണം സമാഹരിക്കാന്‍ അവര്‍ ശ്രമിച്ചത്. അതിനെയാണ് ടാറ്റ എതിര്‍ത്തതും ഇരു കമ്പനികളും തമ്മിലുള്ള തര്‍ക്കത്തിലേക്ക് നയിച്ചതും.
“ടാറ്റ സണ്‍സിന്റെ ഈ നീക്കം ശത്രുതപരമാണ്. ടാറ്റ ഗ്രൂപ്പുമായുളള ബന്ധം പടുത്തുയര്‍ത്തിയത് പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. അങ്ങേയറ്റം വേദനയോടെയാണ് മിസ്ത്രി കുടുംബം വേര്‍പിരിയുന്നതാണ് ഓഹരി ഉടമകള്‍ക്ക് നല്ലത് എന്ന തീരുമാനത്തിലെത്തുന്നത്”, കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
രത്തന്‍ ടാറ്റ, ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറാന്‍ തീരുമാനിച്ചപ്പോള്‍ എസ് പി ഗ്രൂപ്പിലെ സൈറസ് മിസ്ത്രിയെയായിരുന്നു ചെയര്‍മാനായി നിയമിച്ചത്. ടാറ്റാ കുടുംബത്തിനു പുറത്തുള്ള ആദ്യ ചെയര്‍മാന്‍. എന്നാല്‍ 2016 ഒക്ടോബറില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ മിസ്ത്രിയെ നീക്കുകയായിരുന്നു. ടാറ്റ സണ്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡിന് മിസ്ത്രിയിലുളള വിശ്വാസം നഷ്ടപ്പെട്ടുവെന്നതായിരുന്നു കാരണമായി പറഞ്ഞത്. ഇരു കമ്പനികളും തമ്മിലുള്ള ഉടക്ക് അന്ന് മുതല്‍ തുടങ്ങിയതാണ്. ഇതിനെതിരെ മിസ്ത്രി നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. മിസ്ത്രിയെ നീക്കിയ നടപടി തെറ്റാണെന്നായിരുന്നു ട്രൈബ്യൂണിലിന്റെ വിധി. അദ്ദേഹത്തെ അവശേഷിക്കുന്ന കാലാവധിയില്‍ ചെയര്‍മാനായി തുടരാന്‍ അനുവദിക്കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ സുപ്രീം കോടതി ആ വിധി സ്‌റ്റേ ചെയ്യുകയായിരുന്നു. തിരിച്ച് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇല്ലെന്ന് മിസ്ത്രിയും പറഞ്ഞു. കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനിയിലാണ്. ന്യുനപക്ഷ ഓഹരി ഉടമകളെ അടിച്ചമര്‍ത്തുകയാണെന്നും കമ്പനി ഭരണം അവതാളത്തിലാവുകയാണെന്നുമുള്ള ആരോപണമാണ് മിസ്ത്രി കുടുബം ആരോപിച്ചത്.
ഈ തര്‍ക്കം തുടരുന്ന ഘട്ടത്തിലാണ് തങ്ങളുടെ പക്കലുള്ള ടാറ്റ സണ്‍സിന്റെ ഓഹരികള്‍ ഈട് നല്‍കി പണം കണ്ടെത്താനുള്ള ശ്രമം എസ് പി ഗ്രൂപ്പ് ശ്രമിച്ചത്. ഇതിനെതിരെ ടാറ്റ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഒക്ടോബര്‍ 28 വരെ നിലവിലുള്ള സ്ഥിതി തുടരാനും കോടതി ഉത്തരവിടുകയായിരുന്നു. ഇതിനിടയിലാണ് സെപ്റ്റംബര്‍ 22 ന് ടാറ്റയില്‍നിന്ന് പിരിയാന്‍ തീരുമാനിക്കുന്നതായി മിസ്ത്രി കുടുംബം അറിയിക്കുന്നത്.
നേരത്തെ സൂചിപ്പിച്ചതു പോലെ 18.34 ശതമാനം ഓഹരികളാണ് എസ് പി ഗ്രൂപ്പിന് ഉള്ളത്. ഈ ഓഹരികള്‍ തിരിച്ചുവാങ്ങാമെന്നാണ് ടാറ്റ ഗ്രൂപ്പിന്റെ നിലപാട്. എന്നാല്‍ അതിന്റെ മൂല്യം കണക്കാക്കുമ്പോഴായിരിക്കും അടുത്ത തര്‍ക്കം എന്നാണ് കമ്പനി നിരീക്ഷികര്‍ സൂചിപ്പിക്കുന്നത്. 1,78,459 കോടി രൂപയുടെ മൂല്യം ഈ ഓഹരികള്‍ക്കുണ്ടെന്നാണ് ഷപ്പൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് പറയുന്നത്. ഇത്രയും പണം കൊടുത്ത് ഓഹരി തിരികെ വാങ്ങാന്‍ ടാറ്റ സണ്‍സ് തയ്യാറായാല്‍ അത് ഇന്ത്യന്‍ കമ്പനികളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടപാടുകളിലൊന്നാവും. അതിന് ടാറ്റ ഗ്രൂപ്പ് തയ്യാറാകുമോ അതോ തര്‍ക്കം പുതിയ തലത്തിലേക്ക് നീങ്ങുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം
ബോളിവുഡുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ഇടപാട് ആരോപണങ്ങൾ സംബന്ധിച്ച കേസിൽ മുൻനിര ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, സാറാ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിംഗ് എന്നിവരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) മൊഴിയെടുക്കുന്നതിനായി വിളിപ്പിച്ചു.
സെപ്റ്റംബർ 25 നാണ് ദീപിക ഏജൻസിക്ക് മുൻപിൽ ഹാജരാവേണ്ടത്. ശ്രദ്ധ കപൂർ, സാറാ അലി ഖാൻ എന്നിവർ 26 നും എൻസിബിയിൽ ഹാജരാവണം.
കേസിൽ ദീപിക പദുകോണിന്റെ മാനേജരായ കരിഷ്മ പ്രകാശിനെ ചോദ്യം ചെയ്യുന്നതിനും എൻസിബി നടപടി സ്വീകരിച്ചിരുന്നു. കരിഷ്മ പ്രകാശിനൊപ്പം അവർ ജോലിചെയ്യുന്ന ക്വാൻ ടാലന്റ് മാനേജ്മെന്റ് ഏജൻസിയുടെ സി ഇഒ ആയ ധ്രുവ് ചിത്ഗോപേക്കറിനും എൻസിബി ചൊവ്വാഴ്ച സമൻസ് അയച്ചിരുന്നു. സാറാ അലി ഖാൻ, രാകുൽ പ്രീത് സിംഗ്, ഡിസൈനർ സിമോൺ ഖമ്പട്ട എന്നിവർക്ക് ഈ ആഴ്ച തന്നെ സമൻസ് അയക്കുമെന്നും എൻസിബി ഡെപ്യൂട്ടി ഡയറക്ടർ കെ പി എസ് മൽഹോത്ര പറഞ്ഞിരുന്നു.
കരിഷ്മ പ്രകാശും “ഡി” എന്ന ഒരാളും തമ്മിൽ നടന്നതായി പറയപ്പെടുന്ന വാട്ട്‌സ്ആപ്പ് സംഭാഷണങ്ങളിൽ മയക്കമരുന്നിനെക്കുറിച്ച് ചർച്ച ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് കേസിൽ ദീപികയുടെ പേര് ഉയർന്നുകേട്ടതെന്നാണ് വിവരം. ചൊവ്വാഴ്ചയാണ് കരീഷ്മ പ്രകാശ് എൻസിബിക്ക് മുന്നിൽ ഹാജരാവേണ്ടിയിരുന്നതെങ്കിലും ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് അവർ ഹാജരായിരുന്നില്ല. ഏജൻസിക്ക് മുൻപാകെ ഹാജരാവുന്നതിന് അവർക്ക വെള്ളിയാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്.
മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രബർത്തിയെ സെപ്റ്റംബർ 6 നും 9 നും ഇടയിൽ ഏജൻസി ചോദ്യം ചെയ്ത സമയത്ത് അവർ സാറയുടെയും രാകുൽ പ്രീതിന്റെയും ഡിസൈനർ സിമോൺ ഖമ്പട്ടയുടെയും പേര് പറഞ്ഞതായി എൻസിബി പറയുന്നു. അവരുമായി എന്ത് ബന്ധമാണന്നാണ് റിയ ചോദ്യം ചെയ്യലിൽ പറഞ്ഞിരിക്കുന്നതെന്ന കാര്യം അൻന്വേഷണ ഏജൻസി വ്യക്തമാക്കിയിട്ടില്ല.
അതേസമയം, അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‌പുതിന്റെ ടാലന്റ് മാനേജർ ജയ സാഹയെ ചൊവ്വാഴ്ചയും എൻസിബി ചോദ്യം ചെയ്തിരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് ചോദ്യം ചെയ്യൽ.
ബോളിവുഡുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ഇതുവരെ റിയയും സഹോദരനും ഉൾപ്പെടെ 19 പേരെ എൻസിബി അറസ്റ്റ് ചെയ്തിട്ടുണ്ട്.
സത്യം എന്നായാലും മറ നീക്കി പുറത്തു വരുമെന്നാണ് പറയാറ്. കുഴിച്ചു മൂടപ്പെട്ട ആ സത്യം വെളിപ്പെടുമോ ? ജോര്‍ജ് കുട്ടിയേയും കുടുംബത്തേയും സ്നേഹിക്കുന്നവര്‍ അത് ആഗ്രഹിക്കുന്നില്ല. അത് യാഥാര്‍ഥ്യമാകുമോ എന്നറിയാന്‍ ദൃശ്യം –2 പുറത്തിറങ്ങുന്നതു വരെ കാത്തിരിക്കണം. കോവിഡിനെ മറികടന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചിരിക്കുകയാണ്
ജീത്തു ജോസഫ് തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഒരു ദുരന്തത്തിൽ നിന്നും കുടുംബത്തെ രക്ഷിച്ച ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും പിന്നിടുള്ള ജീവിതമാണ് ദൃശ്യം – 2 വിലൂടെ പറയുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു. നിരവധി വൈകാരിക മുഹൂർത്തങ്ങളും സസ്പെൻസുമൊക്കെ കോർത്തിണക്കിയായിരിക്കും അവതരണം.
മോഹൻലാൽ, മീന, അൻസിബ, എസ്തർ, എന്നിവർ കുടുംബാംഗങ്ങളെ വീണ്ടും പ്രതിനിധീകരിക്കുന്നു. സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്, ആദം അയൂബ്, അഞ്ജലി നായർ, അജിത് കൂത്താട്ടുകുളം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സംഗീതം അനിൽ ജോൺസൺ, സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ. എഡിറ്റിങ് വിനായകൻ. കലാസംവിധാനം -രാജീവ് കോവിലകം. നിശ്ചലമായാഗ്രഹണം -ബെന്നറ്റ്.
മേക്കപ്പ്ജിതേഷ് പൊയ്യ . കോസ്റ്റ്യും ഡിസൈൻ ലിൻഡ ജീത്തു. അസ്സോസ്സിയേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ.
സഹസംവിധാനം – സോണി കുളക്കട, അർഷാദ് അയൂബ്. പ്രൊഡക്‌ഷൻ കൺട്രോളർ.സിദ്ദു പനയ്ക്കൽ. പ്രൊഡക്‌ഷൻ എക്സികുട്ടീവ്: സേതു അടൂർ, പ്രൊഡക്‌ഷൻ മാനേജർ. പ്രണവ് മോഹൻ. ഫിനാൻസ് കൺട്രോളർ ശശിധരൻ കണ്ടാണിശ്ശേരിൽ. കൊച്ചി, തൊടുപുഴ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം ആശീർവാദ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു. ആന്റണി പെരുമ്പാവൂർ ആണ് നിർമാണം.
കൊച്ചി വൈപ്പിനില്‍ ചൊവ്വ പുലര്‍ച്ചെയുണ്ടായ അരുംകൊലക്ക് കാരണം കാമുകിയെച്ചൊല്ലിയുള്ള തർക്കം. യുവതിയുടെ ഫോണില്‍ നിന്ന് മെസേജ് അയച്ചാണ് കൊലപ്പെടുത്താനായി പ്രതികള്‍ പ്രണവിനെ വിളിച്ചുവരുത്തിയത്. അറസ്റ്റിലായ മൂന്ന് പ്രതികളെയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
ശരത്തിന്റെ കാമുകിയുമായി അടുക്കാൻ പ്രണവ് ശ്രമിച്ചതായിരുന്നു പ്രകോപനം. ഫേസ്ബുക്ക് മെസഞ്ചറിലൂടെ പ്രണവ് ശല്യം ചെയ്യുന്നതായി കാമുകി ശരത്തിനോട് പറഞ്ഞിരുന്നു. ഇതോടെ യുവതിയെന്ന വ്യാജേന ശരത് പ്രണവുമായി ചാറ്റിങ് തുടങ്ങി. വൈപ്പിനിലെത്താനാണ് സന്ദേശം അയച്ചത്. ഇത് കിട്ടിയയുടന്‍ പള്ളത്താംകുളങ്ങര ബീച്ചിന് സമീപമെത്തിയ പ്രണവിനെ പ്രതികള്‍ നാലുപേരും ചേർന്ന് തലയ്ക്കടിച്ചു വീഴ്ത്തി.
കത്തികൊണ്ട് തലയിലും ശരീരത്തിലും മുറിവേൽപിച്ചു. തലയുടെ നെറുകയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. മരിച്ചുവെന്ന് ഉറപ്പായതോടെ പ്രതികൾ സ്ഥലം വിട്ടു. ചൊവ്വ പുലർച്ചെ നാലിനായിരുന്നു കൊലപാതകം. ചെമ്മീൻകെട്ടിൽ കത്തിയെറിഞ്ഞ സ്ഥലം പ്രതികൾ പൊലീസിന് കാണിച്ചു കൊടുത്തു. മുഖ്യപ്രതി ശരത് കൊലപാതകശ്രമക്കേസിലും പ്രതിയാണ്.. കേസിൽ ചെറായി സ്വദേശി നാംദേവുകൂടി പിടിയിലാകാനുണ്ട്.
2016 ൽ കോട്ടയം ജില്ലയില്‍ ഏറ്റുമാനൂരിനു സമീപം അമ്മഞ്ചേരി എന്ന ആ ചെറിയ ഗ്രാമത്തിൽ റബര്‍ത്തോട്ടത്തില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ ഒരു മൃതദേഹം കിടക്കുന്നുവെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. കോട്ടയം നഗരത്തില്‍നിന്നു പത്തു കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു ഈ ഗ്രാമം.
സന്ദര്‍ശകര്‍ അതിക്രമിച്ചുകയറി തെളിവുകള്‍ നശിപ്പിക്കാതിരിക്കാനുള്ള മുന്‍കരുതലായി, രാവിലെ വിവരം അറിഞ്ഞയുടന്‍തന്നെ ആ പ്രദേശത്തേക്ക് ആരും തള്ളിക്കയറാതിരിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അമ്മഞ്ചേരി ഐക്കരക്കുന്ന് ജംക്ഷനു സമീപം റോഡില്‍നിന്നു നോക്കിയാല്‍ കാണാവുന്ന വിധത്തിലായിരുന്നു ചാക്കുകെട്ട്. ബെഡ്ഷീറ്റില്‍ പൊതിഞ്ഞ്, നീല പോളിത്തീന്‍ കവറില്‍ കെട്ടിയ മൃതദേഹം ഒരു സ്ത്രീയുടേതായിരുന്നു.
സംഭവം നടന്ന സ്ഥലത്തെത്തി പരിശോധിച്ചതില്‍ മൃതദേഹം കിടന്ന സ്ഥലത്ത് എന്തെങ്കിലും അക്രമം നടന്നതിന്റെ തെളിവൊന്നുമില്ലാതിരുന്നതിനാല്‍ ആരെങ്കിലും വാഹനത്തില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാനാണു സാധ്യത എന്നു തോന്നി. അടുത്തുള്ള സിസിടിവികള്‍ പരിശോധിച്ചെങ്കിലും ഏതെങ്കിലും വാഹനം സംശയാസ്പദ നിലയില്‍ സ്ഥലത്തോ പരിസരത്തോ വന്നുപോയതായി കണ്ടില്ല. സമീപ ദിവസങ്ങളില്‍ കോട്ടയം ജില്ലയില്‍നിന്നു കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടിയും തുടങ്ങി. ഒരു നാടോടിസ്ത്രീ മെഡിക്കല്‍ കോളജ് പരിസരത്ത് അലഞ്ഞുതിരിഞ്ഞു നടന്നിരുന്നുവെന്നും അവരുടേതാണ് മൃതദേഹമെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തറപ്പിച്ചു പറഞ്ഞത് താല്‍ക്കാലികമായി ഒരങ്കലാപ്പ് ഉണ്ടാക്കിയെങ്കിലും കൃത്യമായ സ്ഥിരീകരണത്തിലൂടെ അവരല്ല എന്നു പിന്നീടു തെളിഞ്ഞു. മരിച്ച സ്ത്രീ ഗര്‍ഭിണിയായിരുന്നു എന്നു പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ മനസ്സിലായി.
‘മൃതദേഹത്തില്‍ കണ്ട ഒരു സാധനവും കളയരുത്’ എന്ന്് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം കൊടുത്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ അതെല്ലാം കൃത്യമായി സൂക്ഷിച്ചുവച്ചു. മൃതദേഹം ഒളിപ്പിച്ചിരുന്ന നീല പോളിത്തീന്‍ ബാഗിന് ഒറ്റനോട്ടത്തില്‍ പ്രത്യേകതയൊന്നും കാണാന്‍ കഴിഞ്ഞില്ല. എന്നാലും ആ കവര്‍ ഒന്നുകൂടി വിശദമായി പരിശോധിച്ചു.
അന്വേഷണോദ്യോഗസ്ഥനായ എന്‍.രാമചന്ദ്രന്റെ കണ്ണിലുടക്കിയത് കവറിന്റെ ഒരു ഭാഗത്ത് ആലേഖനം ചെയ്ത ബാര്‍കോഡ് ആണ്. MQ എന്നു തുടങ്ങുന്ന ബാര്‍കോഡാണ്. ഏതായാലും ഒരുകാര്യം തീര്‍ച്ചയായി. ഏതോ ഒരു കണ്‍സൈന്‍മെന്റ് ആര്‍ക്കോ വന്നത് പൊതിഞ്ഞിരുന്ന കവറാണിത്. ഉടന്‍തന്നെ ഈ ബാര്‍കോഡ് എല്ലാ തദ്ദേശ, വിദേശ കുറിയര്‍ കമ്പനികള്‍ക്കും അയച്ചുകൊടുത്തു.
GATI എന്ന കുറിയര്‍ കമ്പനിയില്‍ നിന്ന്, ഈ കണ്‍സൈന്‍മെന്റ് നമ്പര്‍ അവര്‍ വിതരണം ചെയ്ത ഒരു പാഴ്‌സലിന്റേതാണെന്ന വിവരം ലഭിച്ചു. ഉടന്‍തന്നെ അവരുടെ ഡല്‍ഹി ഓഫിസുമായി ബന്ധപ്പെടുകയും ഈ പാഴ്‌സല്‍ ആര്‍ക്കു വിതരണം ചെയ്തതാണെന്ന് അറിയാനുള്ള തീവ്രശ്രമം ആരംഭിക്കുകയും ചെയ്തു. ലക്ഷക്കണക്കിനു നമ്പറുകള്‍ പരിശോധിച്ചു. ഈ നമ്പറിലുള്ള പാഴ്‌സല്‍ ഒന്നര വര്‍ഷം മുന്‍പു ഗള്‍ഫില്‍നിന്ന് അയച്ചതാണെന്നും അത് ആദ്യം ഡല്‍ഹിയില്‍ വന്നെത്തിയെന്നും തുടര്‍ന്ന് മംഗലാപുരത്തുള്ള ഓഫിസില്‍ എത്തിച്ചേരുകയും അവിടെനിന്നു കോഴിക്കോട്ട് അവരുടെ പാഴ്‌സല്‍ കമ്പനി ഗോഡൗണിലേക്കു പോയിട്ടുണ്ടെന്നും അറിയാന്‍ കഴിഞ്ഞു.
ഡല്‍ഹിയിലെയും മംഗലാപുരത്തെയും ഓഫിസുകള്‍ കംപ്യൂട്ടറൈസ്ഡ് ആയതിനാല്‍ പാഴ്‌സലിന്റെ നീക്കം കണ്ടുപിടിക്കാന്‍ എളുപ്പമായിരുന്നു. എന്നാല്‍, കോഴിക്കോട്ടെ ഗോഡൗണില്‍ ഇങ്ങനെയുള്ള ആധുനിക സൗകര്യങ്ങള്‍ ലഭ്യമായിരുന്നില്ല.
കോഴിക്കോട് ഗോഡൗണിലെ പഴയ റെക്കോര്‍ഡ് ബുക്കുകള്‍ മാത്രമായിരുന്നു അഭയം. ഈ ബാര്‍കോഡിലുള്ള കണ്‍സൈന്‍മെന്റ് കോഴിക്കോട്ടുനിന്ന് എങ്ങോട്ടാണ് അയച്ചതെന്നു കണ്ടുപിടിക്കാനുള്ള ശ്രമം ആരംഭിച്ചേ തീരൂ. ഇതു പൊലീസ് സാന്നിധ്യത്തില്‍ നടത്തിയാല്‍ മാത്രമേ, ഗുണപ്രദമായ എന്തെങ്കിലും തെളിവുകള്‍ ലഭിക്കൂ. പാലാ ഡിവൈഎസ്പി ആയിരുന്ന വി.ജി.വിനോദ് കുമാറിനെ ഈ വിവരം ശേഖരിക്കാനുള്ള ദൗത്യമേല്‍പിച്ചു. കോഴിക്കോട് ട്രാഫിക് അസി.കമ്മിഷണറായിരുന്ന മുഹമ്മദ് റസാക്കിനെ കണ്‍സൈന്‍മെന്റ് എങ്ങോട്ടുപോയി എന്നു കണ്ടുപിടിക്കാന്‍ ചുമതലപ്പെടുത്തി. ഈ ബാര്‍കോഡിലുള്ള കണ്‍സൈന്‍മെന്റ് അവിടെനിന്ന് എങ്ങോട്ടുപോയി എന്നറിയുന്നത് അതിദുഷ്‌കരമായ കാര്യമാണെന്നതിനു സംശയമില്ല.
കോട്ടയത്തിനടുത്ത് ഖാദര്‍ യൂസഫ് എന്നയാളുടെ പേരിലയച്ച പാഴ്‌സല്‍ നമ്പറാണ് അതെന്ന് തുടര്‍ച്ചയായി നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. കണ്‍സൈന്‍മെന്റിലെ കോണ്‍ടാക്ട് നമ്പര്‍ പരിശോധിച്ചപ്പോള്‍ അതു ഖാദര്‍ യൂസഫിന്റേതാണെന്നു മനസ്സിലായി. ഇയാള്‍ കുറെ വര്‍ഷങ്ങള്‍ വിദേശത്തായിരുന്നു. ഒന്നര വര്‍ഷം മുന്‍പാണു നാട്ടില്‍ തിരിച്ചെത്തിയത്. അതോടനുബന്ധിച്ചു നാട്ടിലേക്കയച്ച ഒരു പാഴ്‌സലിന്റെ ബാര്‍കോഡായിരുന്നു അത്. ഏതായാലും ഒരു കാര്യം വ്യക്തമായി. ആ നീല പോളിത്തീന്‍ കവര്‍ ഖാദര്‍ യൂസഫിന്റേതു തന്നെ.
മൃതദേഹത്തിന്റെ ഒരു ഫോട്ടോ ഖാദര്‍ യൂസഫിനെ കാണിച്ച് ഭാഗ്യപരീക്ഷണം നടത്താന്‍ തന്നെ തീരുമാനിച്ചു. കോട്ടയത്തെ ഒരു സര്‍ജിക്കല്‍ എക്യുപ്‌മെന്റ് കടയില്‍ ജോലിചെയ്തുവരികയായിരുന്നു അപ്പോള്‍ ഖാദര്‍ യൂസഫ് (ബഷീര്‍). ഫോട്ടോ കാട്ടി ഇതാരാണെന്ന് അറിയാമല്ലോ എന്നു ചോദിച്ചു. ഇത് അശ്വതിയല്ലേ എന്ന് അറിയാതെ അയാള്‍ പറഞ്ഞുപോയി. അതോടുകൂടി സംഭവം കുറച്ചുകൂടി എളുപ്പമായി. അയാളെ ചോദ്യം ചെയ്യുന്ന സമയംതന്നെ മറ്റൊരു പൊലീസ് സംഘം അയാളുടെ വീടു പരിശോധിക്കുകയായിരുന്നു.
അയാളുടെ വീട്ടില്‍ ആകെ മൂന്നു കട്ടിലുകളാണ് ഉണ്ടായിരുന്നത്. ഒരു കിടപ്പുമുറിയിലെ കട്ടിലില്‍ ഷീറ്റ് വിരിച്ചിരുന്നില്ല. മൃതദേഹം പൊതിയുന്നതിന് ഒരു ബെഡ്ഷീറ്റ് കൂടി ഉപയോഗിച്ചിരുന്നു എന്നത് സംശയങ്ങള്‍ക്കു ബലം കൂട്ടാന്‍ തുടങ്ങി. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ അയാള്‍ കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു.
അയാളുടെ വീടിനു സമീപം താമസിക്കുന്ന അശ്വതി എന്ന പെണ്‍കുട്ടിയെ കുറച്ചു നാളുകളായി അറിയാമെന്നും അവളുടെ അച്ഛനുമായി സ്ഥിരം മദ്യപിക്കാറുണ്ടായിരുന്നെന്നും പറഞ്ഞു. വിദേശത്തായിരുന്ന ഭാര്യയുടെ അസാന്നിധ്യത്തില്‍ തന്റെ വീട്ടില്‍ പലപ്പോഴും ആ പെണ്‍കുട്ടി വരാറുണ്ടായിരുന്നുവെന്നും അയാള്‍ സമ്മതിച്ചു. അയാളില്‍ നിന്നും ഗര്‍ഭിണിയായ അവളെ ഒഴിവാക്കേണ്ടത് അയാളുടെ ആവശ്യമായി മാറി.
ഭാര്യ ഉടന്‍ വരുന്നുണ്ടെന്നു പറഞ്ഞിട്ടും അവള്‍ വീടുവിട്ടു പോകാന്‍ തയാറായില്ല. ഇതില്‍ കോപാക്രാന്തനായ യൂസഫ് അവളുടെ കഴുത്തു ഞെരിച്ചശേഷം തറയിലേക്കു തള്ളിയിട്ടു. തലപിടിച്ച് നിലത്തടിക്കുകയും വായും മൂക്കും അടച്ചുപിടിച്ച് മരണം ഉറപ്പാക്കുകയും ചെയ്തു. കൊലപ്പെടുത്തിയ ശേഷം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് നീല പോളിത്തീന്‍ കവറിനുള്ളിലാക്കി വീട്ടില്‍ സൂക്ഷിച്ചു. പിറ്റേന്നു രാത്രി തന്റെ കാറില്‍കയറ്റി റബര്‍ത്തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഈ കൊലപാതകം നടന്ന ശേഷവും എന്തുകൊണ്ട് അവളുടെ പിതാവ് പരാതിയുമായി വന്നില്ല എന്നതു ശ്രദ്ധേയമായ കാര്യം തന്നെയായിരുന്നു. ഇവിടെയാണ് ഖാദര്‍ യൂസഫിന്റെ പൈശാചിക ബുദ്ധി തെളിയുന്നത്. 2015-ല്‍ അശ്വതി അവളുടെ ബന്ധുഗൃഹമായ ആറന്മുളയില്‍പോയി താമസിച്ചിരുന്നു. ഒരുദിവസം ആ വീട്ടില്‍നിന്ന് അവള്‍ അപ്രത്യക്ഷയായി. ഖാദര്‍ യൂസഫിന്റെ നിര്‍ബന്ധപ്രകാരം അശ്വതിയുടെ പിതാവിനെക്കൊണ്ട് ആറന്മുള പൊലീസ് സ്റ്റേഷനില്‍ അവളെ കാണ്‍മാനില്ല എന്നൊരു പരാതി കൊടുപ്പിച്ചിരുന്നു. എന്നിട്ട് അവളെ തന്റെ അമ്മഞ്ചേരിയിലുള്ള വീട്ടില്‍ ആരുമറിയാതെ രഹസ്യമായി പാര്‍പ്പിക്കുകയായിരുന്നു. തൊട്ടുമുന്‍പിലാണ് അവളുടെ വീടെങ്കിലും ഒരു സംശയത്തിനും ഇടവരാതെയാണ് ഖാദര്‍ യൂസഫിന്റെ വീട്ടില്‍ താമസിച്ചുകൊണ്ടിരുന്നത്.
ഭാര്യ ഉടന്‍ വരുന്നുണ്ടെന്നു പറഞ്ഞിട്ടും അവള്‍ വീടുവിട്ടു പോകാന്‍ തയാറാകാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മൃതദേഹം കണ്ടെത്തിയപ്പോള്‍ പോലീസ് സമീപ ദിവസങ്ങളില്‍ കോട്ടയം ജില്ലയില്‍നിന്നു കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടി എടുത്തിരുന്നു. എന്നാല്‍ അശ്വതിയെ കാണാനില്ല എന്ന പരാതി പത്തനംതിട്ട ജില്ലയില്‍പെടുന്ന ആറന്മുള പൊലീസ് സ്റ്റേഷനില്‍ ആണ് കൊടുപ്പിച്ചിരുന്നത്.
പോളിത്തീന്‍ കവറിലെ ഒരു ചെറിയ ബാര്‍കോഡാണ് പ്രതിയിലേക്കു നയിച്ചത്. ആ ബാര്‍കോഡില്ലായിരുന്നുവെങ്കില്‍ കുറ്റവാളിയെ കണ്ടുപിടിക്കുക അതീവ ദുഷ്‌കരമായി മാറിയേനെ.
(കേരള പൊലീസില്‍ സീനിയര്‍ പദവികള്‍ വഹിച്ച എന്‍.രാമചന്ദ്രന്റെ ഉടന്‍ പ്രസിദ്ധീകരിക്കുന്ന ‘കുറ്റാന്വേഷണത്തിന്റെ കാണാപ്പുറങ്ങള്‍’ എന്ന പുസ്തകത്തില്‍നിന്ന്)
ബിഗ്‌ബോസ് ഷോയിൽ മത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ പച്ചമുളക് തേച്ചത് അന്ന് വിവാദമായിരുന്നു. ഈ പെരുമാറ്റത്തിന് പിന്നാലെ രജിത് കുമാര്‍ പരിപാടിയില്‍ നിന്ന് പുറത്താവുകയും ചെയ്തു. എന്നാല്‍ ഈ സംഭവത്തോടെ രേഷ്മയ്‌ക്കെതിരെ വന്‍തോതില് സൈബര്‍ ആക്രമണം ഉണ്ടായി.
തുടര്‍ന്നുള്ള ആഴ്ചയില്‍ രേഷ്മയും പരിപാടിയില്‍ നിന്ന് പുറത്തായിരുന്നു എന്നാലിപ്പോഴിതാ ബിഗ് ബോസ് ഷോയ്ക്കിടെയും അതിന് ശേഷവും രജിത്കുമാര്‍ തനിക്ക് നേരെ നടത്തിയ, നടത്തിവരുന്ന ശാരീരിക, മാനസിക പീഡനങ്ങളില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിയമ നടപടിയ്‌ക്കൊരുങ്ങുകയാണ് രേഷ്മ.
അതേസമയം ഷോയിലൂടെ പേരെടുത്ത് കരിയര്‍ ബില്‍ഡ് ചെയ്യണമെന്നൊക്കെ ആഗ്രഹിച്ചാണ് ഷോയിൽ പങ്കെടുക്കാനെത്തിയത്. എന്നാല്‍ ‘രജിത്തിനെ പുറത്താക്കിയവള്‍, കണ്ണില്‍ മുളക് തേച്ചവള്‍, പോക്ക് കേസ്’ എന്നിങ്ങനെയുള്ള പേരുകളായിരുന്നു താരത്തിന് കിട്ടിയത്. വില്ലത്തി എന്ന നെഗറ്റീവ് പരിവേഷം. അതിനി എത്ര കാലം കഴിഞ്ഞാലും പോവണമെന്നില്ല. എന്നാല്‍ എന്നെ ശാരീരികിമായി, മാനസികമായി ഉപദ്രവിച്ച രജിത്തിന് ‘അയ്യോ പാവം’ ഇമേജ് നല്‍കി അയാളുടെ ഫാന്‍സ് എല്ലാത്തിനേയും നിസ്സാരമാക്കുകയാണെന്ന് പറയുന്നു.
ഞാന്‍ ‘പോക്കാണ്’ എന്ന ഇമേജ് ഉണ്ടാക്കി ക്യാരക്ടര്‍ അസാസിനേഷന്‍ നടത്താനായിരുന്നു രജിത് പരിപാടിയുടെ ആദ്യം മുതല്‍ ശ്രമിച്ചത്. പിന്നീട് ഫാന്‍സും ഭരണിപ്പാട്ടിനേക്കാള്‍ മോശമായ തെറിവാക്കുകളുപയോഗിച്ച് എന്നെ അപമാനിച്ചു. എന്റെ ഫോട്ടോകള്‍ മോശമായ രീതിയില്‍ ചിത്രീകരിച്ചു. സംഭവമുണ്ടായി ആറ് മാസം കഴിഞ്ഞിട്ടും ഒരു ദിവസം നൂറ് കമന്റെങ്കിലും എനിക്ക് കിട്ടുന്നു.
ബോഡി ഷെയ്മിങ്, സ്ലട്ട് ഷെയ്മിങ്, വഴിപിഴച്ചവള്‍ എന്ന ഇമേജ് ഉണ്ടാക്കല്‍ അങ്ങനെ എനിക്കെതിരെയുള്ള ആക്രമണങ്ങള്‍ തുടരുകയാണ്. പരിപാടിയില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷമാണ് എനിക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ യഥാര്‍ഥ അവസ്ഥ അറിയുന്നത്. പുറത്തിറങ്ങിയാല്‍ എന്റെ കണ്ണില്‍ കുരുമുളകിടണം, അമിട്ട് പൊട്ടിക്കണം, ആസിഡ് ഒഴിക്കണം എന്നിങ്ങനെ ജീവന് ഭീഷണി ഉയര്‍ത്തിയായിരുന്നു രജിത് ഫാന്‍സിന്റെ ആഹ്വാനങ്ങള്‍.
മാനസികമായി വളരെയധികം പ്രശ്നത്തിലായിക്കൊണ്ടാണ് പരിപാടിയില്‍ നിന്ന് പുറത്തിറങ്ങുന്നത്. അതിന് ശേഷം ഇത്തരം ഭീഷണികളും കൂടിയായപ്പോള്‍ നാട്ടില്‍ പോലും നില്‍ക്കാന്‍ കഴിഞ്ഞില്ല. കുറച്ച് ദിവസത്തേക്ക് മാറി നില്‍ക്കാന്‍ ദുബായില്‍ ഒരു സുഹൃത്തിന്റെയടുത്തേക്ക് പോയി.
2020 മാര്‍ച്ച് 9നാണ് എന്റെ കണ്ണുകളില്‍ രജിത് കുമാര്‍ പച്ചമുളക് തേക്കുന്നത്. തൊട്ടടുത്ത ദിവസം മാര്‍ച്ച് 10ന് അത് ടെലികാസ്റ്റ് ചെയ്തിരുന്നു. അതിന് മുന്‍പുള്ള ദിവസങ്ങളില്‍ ഷോയ്ക്കിടയില്‍ വെച്ചു തന്നെ, എന്റെ കണ്ണുകള്‍ക്ക് മാരകമായ കന്‍ജക്ടിവൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്നതാണ്. ഫെബ്രുവരി 4 ന് കണ്ണുകള്‍ക്ക് അണുബാധ ഏറ്റതിനെ തുടര്‍ന്ന് ഷോയില്‍ നിന്നും താത്കാലികമായി പുറത്താക്കി ചികിത്സയ്ക്കായി ഹോട്ടലിലേക്ക് മാറ്റിയിരുന്നു.
ചികിത്സ പൂര്‍ത്തീകരിക്കാന്‍ കാലതാമസം വരുന്ന സാഹചര്യത്തില്‍ ഫെബ്രുവരി 11ന് എന്നെ വീട്ടിലേയ്ക്കും എത്തിച്ചിരുന്നു, അങ്ങനെ മൂന്നാഴ്ചയിലധികം കണ്ണുകള്‍ തുറക്കാന്‍ പോലും സാധിക്കാതെ, നരകതുല്യമായ അവസ്ഥയില്‍ ഞാന്‍ ചികിത്സയിലായിരുന്നു. ഒടുവില്‍, ഭാഗികമായി കണ്ണുകള്‍ സുഖപ്പെട്ടതിനെ തുടര്‍ന്ന് ഫെബ്രുവരി 29-ന് ഞാന്‍ ഷോയില്‍ തിരിച്ചെത്തിയത്.
എന്റെ കണ്ണിനേറ്റ അണുബാധയില്‍ നിന്നും പൂര്‍ണ്ണമായും മുക്തയായില്ലെന്നും, കണ്ണിപ്പോള്‍ വളരെ സെന്‍സിറ്റീവാണെന്നും, ചികിത്സ തുടരുന്നുവെന്നും ഞാന്‍ രജിത് കുമാറിനോട് പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് എന്റെ കണ്ണുകളിലേക്ക് പച്ചമുളക് പൊട്ടിച്ച് തേക്കുന്നത്. ഈ സംഭവങ്ങളെ തുടര്‍ന്ന് എന്റെ കണ്ണിന്റെ കോര്‍ണിയയിലുണ്ടായ മുറിവ് എന്റെ ഒരു കണ്ണിന്റെ കാഴ്‌ച്ചശക്തിയെ ബാധിച്ചിട്ടുണ്ട്. ഇതെല്ലാം കണ്ടുകൊണ്ട് ഇനി പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല’.
വൈപ്പിനിൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി പിടിയിൽ. അയ്യന്പള്ളി കൈപ്പൻ വീട്ടിൽ അന്പാടി ആണ് അറസ്റ്റിലായത്. ചെറായി സ്വദേശി കല്ലുമഠത്തിൽ പ്രസാദിന്റെ മകൻ പ്രണവിനെ ഇന്ന് രാവിലെയാണ് കുഴിപ്പള്ളി ബീച്ച് റോഡിൽ മർദ്ദനമേറ്റ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊച്ചി പള്ളാത്താംകുളങ്ങര ബീച്ച് റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രണവിനെ കൊലപ്പെടുത്തിയ അമ്പാടി ആണ് പൊലീസിന്‍റെ പിടിയിലായത്. ഇയാൾക്ക് പത്തൊന്‍പത് വയസ്സാണ്.പുലർച്ചെ നാലരയോടെ മത്സ്യബന്ധനത്തിനെത്തിയ തൊഴിലാളികളാണ് പ്രണവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം മർദ്ദനമേറ്റപാടുകളും മുറിവുകളും ഉണ്ടായിരുന്നു. തലപൊട്ടി രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം.
തുടർന്ന് മുനമ്പം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്പാടിയെ പിടികൂടിയത്. മറ്റ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു. രണ്ട് സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്‍റെ നിഗമനം.
മൃതദേഹത്തിന് സമീപത്ത് നിന്നും മർദ്ദിക്കാൻ ഉപയോഗിച്ച വടിയുടെ കഷ്ണങ്ങളും പൊട്ടിയ ട്യൂബ് ലൈറ്റ് കഷ്ണങ്ങളും കണ്ടെത്തിയിരുന്നു. പ്രതികളുടെ മുൻകാല ചരിത്രവും കേസുകളും പരിശോധിച്ച് കാപ്പ ചുമത്താനുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.