Latest News

യുദ്ധത്തിന് ഒരുങ്ങാന്‍ ചൈനീസ് സൈനികര്‍ക്ക് പ്രസിഡന്‍റ് ഷി ജിന്‍പിംഗിന്‍റെ ആഹ്വാനം. ചൈനയിലെ ഗുവാങ്‌ഡോങിലെ സൈനിക താവളത്തില്‍ സന്ദര്‍ശനം നടത്തവെയാണ് പ്രസിഡന്‍റ് ഈ ആഹ്വാനം നടത്തിയതെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ചാവോ സിറ്റിയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി മറൈന്‍ കോര്‍പ്‌സിന്‍റെ പരിശോധനക്കിടെ, അദ്ദേഹം സൈനികരോട് അതീവ ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. വിശ്വസ്തരും ശുദ്ധരും കൂറുള്ളവരുമാകുക എന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

സൈനികർ രാജ്യത്തോട് തികച്ചും വിശ്വസ്തത പുലർത്തണം. രാജ്യത്തിന്‍റെ എല്ലാ സൈനികരും അവരുടെ മനസും ശക്തിയും ഓരോ നിമിഷവും യുദ്ധത്തിനായി തയ്യാറാക്കി വെക്കണം. അതീവജാഗ്രത പാലിക്കണം – എന്നെല്ലാം ഷി ജിന്‍പിംഗ് സൈനികരോട് പറഞ്ഞതായാണ് വാര്‍ത്തകള്‍.

ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളുമായി ഒരേ സമയം സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ചൈനീസ് പ്രസിഡന്‍റിന്‍റെ ഈ ആഹ്വാനം ആശങ്ക സൃഷ്ടിക്കുന്നത്. ഷി ജിന്‍പിംഗിന്‍റെ ഈ ആഹ്വാനം ഇന്ത്യക്കെതിരെയോ, അമേരിക്കയ്ക്കെതിരെയോ, ചൈനയുമായി തർക്കമുള്ള മറ്റു രാജ്യങ്ങൾക്ക് എതിരെയാണോ എന്ന് വ്യക്തമായിട്ടില്ല.

ചൈനീസ് സേനയ്ക്ക് ആത്മവിശ്വാസം നല്‍കാനും പ്രതിരോധ സംവിധാനങ്ങളുടെ ശേഷി മെച്ചപ്പെടുത്താനുമായിരുന്നു ഷി ജിന്‍പിംഗിന്‍റെ സന്ദര്‍ശനം എന്നും പറയുന്നുണ്ട്.

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇപ്പോഴും സൈനിക, നയതന്ത്ര, തലത്തിൽ നിരവധി ചർച്ചകൾ പുരോഗമിക്കുകയാണ്.

ജ്ഞാനപീഠം ജേതാവ്‌ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി വിടവാങ്ങി. 94 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരിക്കെ വ്യാഴാഴ്ച രാവിലെ 8.10 ഓടെയാണ് അന്ത്യം സംഭവിച്ചത്‌.

പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ 1926 മാര്‍ച്ച് 18ന് അക്കിത്തത്ത് വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റേയും മകനായാണ് അക്കിത്തത്തിന്റെ ജനനം. ചെറുപ്പത്തില്‍ തന്നെ സംസ്‌കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടിയ അദ്ദേഹം 1946 മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. ഉണ്ണിനമ്പൂതിരിയിലൂടെ സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയ അദ്ദേഹം മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായും ചുമതല വഹിച്ചിട്ടുണ്ട്. 1985ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു.

കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികള്‍ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദര്‍ശനം, മനസ്സാക്ഷിയുടെ പൂക്കള്‍, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, കളിക്കൊട്ടിലില്‍, സമത്വത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാരദേവത, മധുവിധുവിനു ശേഷം, സ്പര്‍ശമണികള്‍, അഞ്ചു നാടോടിപ്പാട്ടുകള്‍, മാനസപൂജ എന്നിവയാണ് പ്രധാനകൃതികള്‍. ഉപനയനം, സമാവര്‍ത്തനം എന്നീ ഉപന്യാസങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്.

ബലിദര്‍ശനം എന്നകൃതിക്ക് 1972 ല്‍ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. 1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 1974 ലെ ഓടക്കുഴല്‍ അവാര്‍ഡ്, സഞ്ജയന്‍ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃതകീര്‍ത്തി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള 2008 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം , 2008 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം, 2012ലെ വയലാര്‍ അവാര്‍ഡ്, 2016ലെ എഴുത്തച്ഛന്‍ പുരസ്‌കാരം, 2017ലെ പത്മശ്രീ പുരസ്‌കാരം, ജ്ഞാനപീഠ സമിതിയുടെ മൂര്‍ത്തിദേവി പുരസ്‌കാരം തുടങ്ങിയവ മഹാകവി അക്കിത്തത്തിന് ലഭിച്ചിട്ടുണ്ട്.

പതിറ്റാണ്ടുകള്‍ നീണ്ട മഹത്തായ കാവ്യജീവിതത്തിനൊടുവില്‍ 2019 ലെ ജ്ഞാനപീഠ പുരസ്‌കാരം മലയാളത്തിന്റെ മഹാകവിയെ തേടിയെത്തുകയായിരുന്നു. അതോടെ ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളി എഴുത്തുകാരനുമായി അക്കിത്തം മാറി. കോവിഡ് വ്യാപനം മൂലം ലളിതമായി സംഘടിപ്പിച്ച ചടങ്ങില്‍ ഭാരതത്തിലെ ഏറ്റവും മഹത്തായ പുരസ്‌കാരം ഏറ്റുവാങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് മലയാളത്തിന്റെ ഇതിഹാസ കവി വിടവാങ്ങുന്നത്.

യുകെ ഉൾപ്പെടെ നിരവധി വികസിത രാജ്യങ്ങളിലേക്കാണ് മലയാളി നഴ്സുമാർ കുടിയേറിയിരിക്കുന്നത്. ലോകമെങ്ങും നഴ്സിങ് മേഖലയിലുള്ള വമ്പിച്ച സാധ്യതകൾ തന്നെയാണ് ഈ കുടിയേറ്റത്തിന് പിന്നിൽ. എന്നാൽ മലയാളി നഴ്സുമാരെ സംബന്ധിച്ചിടത്തോളം പ്രധാനമായിട്ടുള്ള ഒരു പോരായ്മ അവർ കരിയർ രംഗത്തെ ഉയർച്ചകൾ തേടി പോകാറില്ല എന്നുള്ളതാണ്.

യുകെ പോലുള്ള രാജ്യങ്ങളിൽ മലയാളി നഴ്സുമാർ ബാൻഡ് ഫൈവ് വിൽ ജോലി ആരംഭിക്കുകയും, വിരമിക്കുകയും ചെയ്യുന്നത് ഒരേ ഗ്രേഡിൽ തന്നെയാണെന്നത് വലിയ പോരായ്മ തന്നെയാണ്. ഇത്തരത്തിലുള്ളവർക്ക് പ്രചോദനമാണ് അമേരിക്കയിൽനിന്നുള്ള ജെയ്ൻസ് ആൻഡ്രേഡിന്റെ കഥ.

താൻ തൂപ്പുകാരി ആയി ജോലി ആരംഭിച്ച ഹോസ്പിറ്റലിൽ തന്നെ നേഴ്സിംഗ് പ്രാക്ടീഷണർ ആയിട്ടാണ് പത്തുവർഷംകൊണ്ട് ജെയ്ൻസ് എത്തിച്ചേർന്നത്. നഴ്സിംഗ് പ്രാക്ടീഷണർക്ക് രോഗികൾക്ക് പ്രിസ്ക്രിപ്ഷൻ വരെ നൽകാൻ ആയിട്ട് സാധിക്കും. ഡോക്ടർമാർക്ക് അടുത്തു തന്നെയുള്ള ശമ്പള സ്കെയിലിലാണ് നഴ്സിംഗ് പ്രാക്ടീഷണറും ജോലി ചെയ്യുന്നത്.ന്യൂയോർക്കിലെ ബഫാലോ സ്വദേശിയാണ് ജെയ്ൻസ്. നിശ്ചയദാർഡ്യവും കഴിവുകളിൽ വിശ്വാസവുമുണ്ടെങ്കിൽ ലോകത്ത് ഒന്നും അസാധ്യമല്ലെന്ന് ജെയ്ൻസ് പറയുന്നു.

ഫാസ്റ്റ്ഫുഡ് ഭക്ഷണശാലയിൽ ജോലി ചെയ്യുന്നതിനിടെയാണ് 2010 ൽ ജെയ്ൻസിനെ തേടി ജീവിതം മാറ്റി മറിച്ച ആ വിളി എത്തുന്നത്. അഭിമുഖം വിജയകരമായി പൂർത്തിയാക്കിയ ജെയ്ൻസ് മസാറ്റ്ച്യൂസെറ്റ്സിലെ ബേ സ്റ്റേറ്റ് മെഡിക്കൽ സെന്ററിൽ കസ്റ്റോഡിയൽ സ്റ്റാഫായി ചേർന്നു. സ്വന്തം ജോലി ചെയ്യുന്നതിനൊപ്പം ജെയ്ന്‍സ് നഴ്സുമാരെയും അവർ രോഗികളെ പരിചരിക്കുന്ന രീതിയും ശ്രദ്ധിച്ചു. നഴ്സാവുകയെന്ന ആഗ്രഹം ജെയ്ൻസിന്റെ ഉള്ളിൽ വളർന്നു. തുടർന്ന് അതേ ആശുപത്രിയിലെ നഴ്സിങ് സ്കൂളിൽ പഠിക്കാൻ ചേർന്നു. ഇന്ന് ആശുപത്രിയിൽ ട്രോമാ സർജറി വിഭാഗത്തിൽ നഴ്സാണ് ജെയ്ൻസ്.

പത്തുവർഷത്തെ കഠിനാധ്വാനമാണിതെന്ന് പറഞ്ഞ് ആദ്യ ജോലിയുടെ ഐഡി കാർഡ് മുതൽ നഴ്സിന്റെ കാർഡ് വരെ വച്ച ചിത്രം ജെയ്ൻസ് പങ്കുവച്ചു. പ്രചോദനം പകരുന്ന ജീവിതമാണ് ജെയ്ൻസിന്റേതെന്ന് സമൂഹമാധ്യമങ്ങളിൽ പലരും അഭിപ്രായപ്പെടുന്നു. കോവിഡ് കാലത്ത് പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് മടുത്തിരിക്കുമ്പോൾ മുന്നോട്ട് പോകാനുള്ള ഊർജം പകരുന്നതാണ് ജെയ്ൻസിന്റെ ജീവിതമെന്ന് സമൂഹ മാധ്യമങ്ങൾ വാഴ്ത്തുന്നു.

കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കടല്‍ തീരത്ത് നിന്ന് കണ്ടെത്തി. തളിക്കുളം തമ്പാന്‍ കടവ് ഇസ്‌കാക്കിരി ഗണേശന്റെ മകള്‍ നന്ദനയുടെ (15) മൃതദേഹമാണ് കണ്ടെത്തിയത്.

തളിക്കുളം സ്‌നേഹതീരം പാര്‍ക്കിന് സമീപത്തെ കടല്‍ഭിത്തിക്ക് ഇടയില്‍ നിന്നാണ് ബുധനാഴ്ച രാവിലെയോടെ മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് രാവിലെ മൃതദേഹം കണ്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ വീട്ടില്‍ നിന്നും നന്ദനയെ കാണാതാവുകയായിരുന്നു.

ആഭരണങ്ങള്‍ മുഴുവന്‍ അഴിച്ചുവെച്ചാണ് നന്ദന വീട്ടില്‍ നിന്ന് പോയത്. പിതാവിന്റെ മദ്യപാനത്തെ തുടര്‍ന്നാണ് മരിക്കുന്നത് എന്ന് എഴുതി വെച്ച കുറിപ്പ് ഡയറിയില്‍ നിന്ന് പൊലീസ് കണ്ടെത്തി. തൃത്തല്ലൂര്‍ കമലാ നെഹ്‌റു മെമ്മോറിയല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് നന്ദന.

വിജയവാഡ: ആന്ധ്രപ്രദേശിൽ നഴ്സായ യുവതിയെ മുൻ കാമുകൻ തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ യുവതിയും മുൻകാമുകനും മരിച്ചു. വിജയവാഡ ഹനുമാൻപേട്ടിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

കോവിഡ് കെയർ സെന്ററിലെ നഴ്സായ ചിന്നാരി(24) മുൻ കാമുകൻ ജി. നാഗഭൂഷണം(25) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ചിന്നാരി കോവിഡ് സെന്ററിൽനിന്ന് മടങ്ങുന്നതിനിടെയാണ് യുവാവ് തീകൊളുത്തിയത്. റോഡിൽവെച്ച് ചിന്നാരിയും നാഗഭൂഷണവും തമ്മിൽ ആദ്യം വാക്കേറ്റമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് യുവാവ് കൈയിൽ കരുതിയ മണ്ണെണ്ണ യുവതിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയത്. എന്നാൽ ശരീരത്തിൽ തീപടർന്നതോടെ യുവതി നാഗഭൂഷണത്തെ പിടിച്ചുവെച്ച് തന്റെ ശരീരത്തോട് ചേർത്തുപിടിച്ചു. ഇതോടെ യുവാവിനും ഗുരുതരമായി പൊള്ളലേറ്റു. ചിന്നാരി സംഭവസ്ഥലത്തുവെച്ചും 80 ശതമാനത്തോളം പൊള്ളലേറ്റ നാഗഭൂഷണം ആശുപത്രിയിലുമാണ് മരിച്ചത്.

ഇരുവരും തമ്മിൽ കഴിഞ്ഞ രണ്ട് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാതാപിതാക്കളുടെ നിർബന്ധം കാരണം യുവതി അടുത്തിടെ ബന്ധത്തിൽനിന്ന് പിന്മാറി. എന്നാൽ നാഗഭൂഷണം യുവതിയെ ശല്യം ചെയ്യുന്നത് തുടർന്നു. തന്നോടൊപ്പം ഒളിച്ചോടാനും യുവതിയെ നിർബന്ധിച്ചു. ശല്യം രൂക്ഷമായതോടെ രണ്ടുമാസം മുമ്പ് മുൻകാമുകനെതിരേ പരാതി നൽകി. തുടർന്ന് പോലീസ് ഇയാളെ വിളിച്ചുവരുത്തി താക്കീത് ചെയ്തു. ഇനി ശല്യം ചെയ്യില്ലെന്ന ഉറപ്പിന്മേലാണ് യുവതി പരാതി പിൻവലിച്ചത്. എന്നാൽ ഇതിനുശേഷം യുവാവ് ഏറെ വിഷമത്തിലായിരുന്നുവെന്നും ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമെന്ന് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. ‘അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ നിരവധി പേര്‍ വിളിച്ചു. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍ തുടങ്ങിയവരും വിളിച്ചിരുന്നു. എന്നെ അത്ഭുതപ്പെടുത്തിയത് ലാലേട്ടന്‍ ഏഴെട്ട് തവണ വിളിച്ചു എന്നുള്ളതാണ്. ഒരുപാട് കോളുകല്‍ വന്നുകൊണ്ടിരുന്നത് കൊണ്ട് അതിനിടയില്‍ ലാലേട്ടന്റെ ഏഴെട്ട് മിസ്ഡ് കോളുകളാണ് വന്നത്. പിന്നീട് തിരിച്ചുവിളിക്കുകയായിരുന്നു’, സുരാജ് പറഞ്ഞു.

‘2019ല്‍ ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചു. സിനിമകളെല്ലാം ആളുകള്‍ കണ്ടു. അതില്‍ സന്തോഷം, സംസ്ഥാന തലത്തില്‍ അംഗീകാരം കൂടി കിട്ടിയപ്പോള്‍ അതിലേറെ സന്തോഷം.’

‘കുറേ ചിരിപ്പിച്ചു, കുറേ വെറുപ്പിച്ചു, നല്ല കഥാപാത്രങ്ങള്‍ കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെയും വികൃതിയിലെയും കഥാപാത്രങ്ങള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും താരം പറഞ്ഞു. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ കഥാപാത്രം അവസാന റൗണ്ടിലാണ് എന്നെ തേടിയെത്തിയത്’, സുരാജ് പറഞ്ഞു. ജനഗണമന എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് താരമിപ്പോള്‍.

കർഷക പ്രക്ഷോഭം പരിഹരിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത യോഗത്തിൽ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ പങ്കെടുത്തില്ല. ഇതേതുടർന്ന് കർഷകർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. വിവാദമായ കാർഷിക നിയമത്തിന്‍റെ പകർപ്പുകൾ കർഷകർ മന്ത്രാലയത്തിനകത്ത് കീറിയെറിയുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

കൃഷിമന്ത്രിക്ക് പകരം കേന്ദ്ര കാർഷിക സെക്രട്ടറിയാണ് യോഗത്തിൽ പങ്കെടുത്തത്. എന്നാൽ, കൃഷി മന്ത്രി പങ്കെടുത്താൽ മാത്രമേ യോഗവുമായി മുന്നോട്ടുപോകൂവെന്ന് കർഷകർ നിലപാടെടുക്കുകയായിരുന്നു. കാർഷിക നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമാക്കുമെന്നും കർഷകർ വ്യക്തമാക്കി.

കർഷകനെ കുത്തകകളുടെ അടിമയാക്കുന്ന വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബ്, ഹരിയാന തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ പ്രക്ഷോഭം തുടരുകയാണ്. കേന്ദ്ര സർക്കാർ കർഷകരുടെ പ്രശ്നങ്ങളെ അതീവ ലാഘവത്തോടെയാണ് കാണുന്നതെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം കർഷക സംഘടനകളുടെ കൂട്ടായ്മ നേരത്തെ ചർച്ചക്ക് പങ്കെടുക്കാനില്ലെന്ന് അറിയിച്ചിരുന്നു.

നോര്‍വെ പാര്‍ലമെന്റിന്റെ ഇ-മെയില്‍ സംവിധാനം ലക്ഷ്യമിട്ടുണ്ടായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന് നോര്‍വീജിയന്‍ വിദേശകാര്യ മന്ത്രി ഇനെ എറിക്‌സണ്‍. നിരവധി രാഷ്ട്രീയ നേതാക്കളുടെയും ജീവനക്കാരുടെയും ഇ-മെയില്‍ അക്കൗണ്ടുകള്‍ സൈബര്‍ ആക്രമണത്തിലൂടെ ഹാക്ക് ചെയ്യപ്പെട്ടതായി നേരത്തെ നോര്‍വീജിയന്‍ പാര്‍ലമെന്റ് സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആക്രമണത്തിന് പിന്നിലാരാണെന്ന് വിദേശകാര്യ മന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

സര്‍ക്കാറിന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റഷ്യയാണ് ആക്രമണത്തിനു പിന്നിലെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍.റഷ്യയുമായി ബന്ധം പുലര്‍ത്താന്‍ നോര്‍വേ ആഗ്രഹിക്കുന്നുണ്ടെങ്കിലും ജനാധിപത്യ സ്ഥാപനങ്ങള്‍ക്കെതിരായ ഇത്തരം ആക്രമണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന്, ഈ സംഭവം ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമോ എന്ന ചോദ്യ്ത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു.

അതേസമയം, നോര്‍വീജിയന്‍ മന്ത്രിയുടെ വിമര്‍ശനത്തോട് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

നടി പാർവതിക്കെതിരെ ഒളിയമ്പെയ്ത് ഗണേഷ്‌കുമാർ.’കൊറോണയുടെ കാലമൊക്കെയല്ലേ വല്ലപ്പോഴുമൊക്കെ നിങ്ങളുടെ മുന്നിലിങ്ങനെ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരുപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ? എല്ലാവര്‍ക്കും അതിനുള്ള അവകാശമുണ്ട്. ഇന്ത്യ മഹാരാജ്യത്ത് ആര്‍ക്കും എന്തും പറയാം. അവരുടെ മനസ്സില്‍ തോന്നുന്നത് പ്രകടിപ്പിക്കാം. അതൊന്നും ചോദ്യംചെയ്യാന്‍ നമുക്ക് അധികാരമില്ല. എല്ലാരും പറയട്ടെ’, ഗണേഷ് കുമാര്‍ പറഞ്ഞു. താരസംഘടന എഎംഎംഎയില്‍ നിന്നും നടി പാര്‍വതി തിരുവോത്ത് രാജിവച്ചതിനെക്കുറിച്ച്‌ മാധ്യമങ്ങള്‍ ചോദിച്ചപ്പോൾ പ്രതികരിക്കുകയായിരുന്നു ഗണേഷ്‌കുമാർ.

എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേളബാബുവിന്റെ ഒരു പ്രസ്താവനയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇടവേള ബാബുവിനെതിരെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് ഗണേഷ് കുമാറിന്റെ പ്രതികരണം.

ന്യൂഡൽഹി. ആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും താഴെപ്പോകുമെന്ന് രാജ്യാന്തര നാണയ നിധി (ഐഎംഎഫ്). ജിഡിപിയിൽ 10.3% ഇടിവു രേഖപ്പെടുത്തുമെന്നാണ് ഐഎംഎഫ് ചൊവ്വാഴ്ച പുറത്തുവിട്ട ‘വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക്’ റിപ്പോർട്ടിൽ പറയുന്നത്.  ജിഡിപിയിലെ ഈ കയറ്റി ഇറക്കം രൂപയുടെ മൂല്യത്തെ സാരമായി ബാധിക്കും. രൂപയുടെ മൂല്യം കുറയുന്നത് യുകെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് നേട്ടമായി തീരും

ഈ സാമ്പത്തിക വർഷം അവസാനിക്കുന്ന 2021 മാർച്ച് 31 ആകുമ്പോൾ ഇന്ത്യയുടെ ആളോഹരി ജിഡിപി 1877 യുഎസ് ഡോളർ ആയി ഇടിയുമെന്നാണ് പ്രവചനം. ജൂണിലെ പ്രവചനത്തിൽ 4.5% ഇടിവുണ്ടാകുമെന്നു മാത്രമാണ് പറഞ്ഞിരുന്നത്. അതേസമയം, ബംഗ്ലദേശിന്റെ ആളോഹരി ജിഡിപി 1888 യുഎസ് ഡോളറായി വർധിക്കുമെന്നും ഐഎംഎഫിന്റെ റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ 2021ൽ 8.8% വളർച്ച നേടി തിരിച്ചെത്തുമെന്നും അങ്ങനെ പെട്ടെന്നു വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നിലവിൽ ചൈനയ്ക്ക് 8.2% വളർച്ചയാണ് പ്രവചിച്ചിരിക്കുന്നത്. ഇതിനെയും മറികടന്നായിരിക്കും ഇന്ത്യയുടെ വളർച്ചയെന്നും റിപ്പോർട്ടിൽ പറയുന്നു.

ആഗോള തലത്തിൽ സമ്പദ്‌വ്യവസ്ഥ ഈ വർഷം 4.4% ചുരുങ്ങുമെന്നും 2021ൽ 5.2 ശതമാനമായി വർധിക്കുമെന്നും ഐഎംഎഫ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

RECENT POSTS
Copyright © . All rights reserved