Latest News

അലസിപ്പിക്കാൻ വിസമ്മതിച്ച യുവതിയെയും പുരുഷ സുഹൃത്തിനെയും വിവാഹിതനായ കാമുകൻ കാറിൽ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തി. എലൻ പ്രിസ്സില എന്ന 24 കാരിയും സുഹൃത്തായ 39 കാരൻ എലി കാർലോസ് ഡോസ് സാന്റോസുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബ്രസീലിലെ സാവോപോളയിലാണ് ഞെട്ടിക്കുന്ന സംഭവം.യുവതി നാലുമാസം ഗർഭിണിയായിരുന്നു.

ഇരുവരെയും കാറിൽ കെട്ടിയിട്ടശേഷം പുറത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. എലന്റെ അമ്മയുടെ കാറായിരുന്നു ഇത്. സംഭവവുമായി ബന്ധപ്പെട്ട് 36 കാരി ഉൾപ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 19കാരനും 35കാരനും 38കാരനുമാണ് പിടിയിലായത്. ഇതിൽ 19 കാരൻ കുറ്റംസമ്മതിച്ചെങ്കിലും മറ്റുള്ളവർ നിഷേധിച്ചതായി പൊലീസ് പറയുന്നു. അതിക്രൂരമായ കൊലപാതകമാണിതെന്ന് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൊല്ലപ്പെട്ട എലൻ, കൊലയാളികളിലൊരാളായ 38കാരനുമായി പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധത്തിൽ ഗർഭം ധരിച്ചുവെന്നുമാണ് വിവരം. കൊലയാളിയുടെ ഭാര്യയും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ഇവരും ഗർഭിണിയാണ്. ക്രൂരമായ കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊല്ലപ്പെട്ട ഇരുവരും ഒരു മയക്കുമരുന്ന് വ്യാപാരിക്ക് പണം നൽകാനുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. സംശയത്തിന്റെ പേരിൽ ഇയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിവാഹേതര ബന്ധത്തിലുണ്ടായ ഗർഭം അലസിപ്പിക്കാൻ എലൻ തയാറാകാത്തതാണ് കൊലയ്ക്ക് പ്രേരണയായതെന്നാണ് പൊലീസ് കരുതുന്നത്. കൊലയാളികൾ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയില്‍ വര്‍ണ്ണവിവേചനം അവസാനിപ്പിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യന്‍ വംശജന്‍ എനുഗ ശ്രീനിവാസലു റെഡ്ഡി എന്ന ഇസ് റെഡ്ഡി (96) അന്തരിച്ചു. കേംബ്രിഡ്ജിലെ മാസാച്യുസെറ്റ്‌സില്‍ നവംബര്‍ 1 ഞായറാഴ്ചയായിരുന്നു അന്ത്യം. മഹാത്മാ ഗാന്ധിയുടെ അനുയായി എന്ന നിലയിലും ശ്രദ്ധേയനാണ് ഇ എസ് റെഡ്ഡി.

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസയാണ് ഇ എസ് റെഡ്ഡിയുടെ മരണം പ്രഖ്യാപിച്ചത്. ”മനുഷ്യാവകാശങ്ങളോട് പ്രതിബദ്ധത” പുലര്‍ത്തിയ വ്യക്തിത്വം എന്നായിരുന്നു ഇ എസ് റെഡ്ഡിയെ സിറില്‍ റമാഫോസ അനുസ്മരിച്ചത്.

വര്‍ണ്ണവിവേചനത്തിനെതിരായ യുഎന്‍ പ്രത്യേക സമിതിയിലും (1963-1965) സെക്രട്ടറിയായിരുന്ന ഇ എസ് റെഡ്ഡി വര്‍ണ്ണവിവേചന വിരുദ്ധ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തി എന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു. 1976 മുതല്‍ യുഎന്‍ ട്രസ്റ്റ് ഫണ്ട് ഫോര്‍ സൗത്ത് ആഫ്രിക്ക, ദക്ഷിണാഫ്രിക്കയ്ക്കുള്ള വിദ്യാഭ്യാസ, പരിശീലന പരിപാടി എന്നിവയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. 2000 ത്തില്‍ ഇന്ത്യ പത്മശ്രീ നല്‍കി ആദിരിച്ചിട്ടുണ്ട്. 2013 ല്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരില്‍ നിന്ന് ഒ. ആര്‍. ടാംബോയുടെ ഓര്‍ഡര്‍ ഓഫ് കമ്പാനിയന്‍സും ഇ എസ് റെഡ്ഡിക്ക് ലഭിച്ചിട്ടുണ്ട്.

1924 ജൂലൈ 1 ന് തമിഴ്‌നാട്ടിലെ വിരുത നഗറിന് സമീപം പല്ലപട്ടിയിലാണ് റെഡ്ഡിയുടെ ജനനം. സ്വാതന്ത്ര്യസമര സേനാനിയും മൈനിങ് കമ്പനി ജീവനക്കാരനുമായ ഇവി നരസ റെഡ്ഡിയുടെ മകനാണ്. ഇന്ത്യയിലെ തൊട്ടുകൂടായ്മയ്ക്ക് എതിരെ മഹാത്മാഗാന്ധിക്ക് ഒപ്പം പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

1943 ല്‍ മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ഇ എസ് റെഡ്ഡി 1948 ല്‍ ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടി. 1949 ല്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയ ശേഷം റെഡ്ഡി യുഎന്നില്‍ രാഷ്ട്രീയ കാര്യ വകുപ്പില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഈ കാലയളവില്‍ കൗണ്‍സില്‍ ഓണ്‍ ആഫ്രിക്കന്‍ അഫയേഴ്‌സുമായി അദ്ദേഹം ബന്ധപ്പെട്ടിരുന്നു. കൊളോണിയല്‍ വിരുദ്ധതയുടെയും പാന്‍-ആഫ്രിക്കന്‍ വാദത്തിന്റെയും ശബ്ദമായ പോള്‍ റോബെസണ്‍, ഡബ്ല്യുഇഡി ബോയിസ് എന്നിവര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ഞാന്‍ വേണ്ടത്ര ത്യാഗം ചെയ്തിട്ടില്ല എന്ന തോന്നലാണ്, സൗത്ത് ആഫ്രിക്കയുള്‍പ്പെടെയുള്ള കോളനികളിലെ ജനതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു അദ്ദേഹം തന്‌റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് നടത്തിയ പ്രതികരണം. സാഹിത്യകാരി എന്ന നിലയില്‍ ശ്രദ്ധേയയായ നിലുഫര്‍ മസാനോഗ്ലുവാണ് ഭാര്യ. മിന റെഡ്ഡി, ലെയ്ല ടെഗ്മോ റെഡ്ഡി എന്നിവരാണ് മക്കള്‍.

തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെ പോലെ ഒരാളോടു തോറ്റാല്‍ രാജ്യം വിടുന്നതായിരിക്കും നല്ലതെന്ന് ഡൊണാള്‍ഡ് ട്രംപ് ഒരിക്കല്‍ പറഞ്ഞിരുന്നു. താന്‍ തോറ്റാലും സമാധാനപരമായ രീതിയില്‍ അധികാര കൈമാറ്റം നടന്നേക്കില്ലെന്ന സൂചനകളും ട്രംപ് പങ്കുവെച്ചിരുന്നു. ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് നേട്ടമാകുമെന്ന് ഉറപ്പുള്ളതിനാല്‍ തപാല്‍ വോട്ടുകള്‍ക്കെതിരെയും ട്രംപ് രംഗത്തുവന്നിരുന്നു. ഏതുവിധേനയും പരാജയം ഒഴിവാക്കാനുള്ള സകല തന്ത്രങ്ങളും പയറ്റിയാണ് ട്രംപ് ഇക്കുറി തിരഞ്ഞെടുപ്പിനിറങ്ങിയത്. നിരവധി കാരണങ്ങള്‍ അതിനു ചൂണ്ടിക്കാണിക്കാമെങ്കിലും തോറ്റാല്‍ ട്രംപ് നേരിടേണ്ടിവരുന്ന നിയമ നടപടികള്‍ തന്നെയാണ് അതില്‍ പ്രധാനം. പദവി ഒഴിഞ്ഞാല്‍ പ്രസിഡന്റിനു ലഭിക്കുന്ന നിയമ പരിരക്ഷ ലഭിക്കാതെയാകും. അതോടെ, ഇതുവരെ മുടങ്ങിക്കിടന്ന കേസുകളില്‍ ഉള്‍പ്പെടെ ട്രംപിന് വിചാരണ നേരിടേണ്ടിവരും. മറ്റാരേക്കാളും അത് ട്രംപിന് നന്നായി അറിയാവുന്നതുകൊണ്ടാണ് ഏതു വിധേനയും തോല്‍വിയെ ചെറുക്കാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നത്.

ഫെഡറല്‍ ക്രിമിനല്‍ നിയമങ്ങളില്‍നിന്നെല്ലാം പ്രസിഡന്റ് പദവി ട്രംപിന് നിയമപരമായ സംരക്ഷണം നല്‍കിയിരുന്നു. ട്രംപിനും അദ്ദേഹത്തിന്റെ ബിസിനസിനുമെതിരായ കേസുകളിലെല്ലാം ഇത്തരം സവിശേഷ നിയമസംരക്ഷണം ഗുണം ചെയ്തിരുന്നു. ഏതാനും കേസുകള്‍ മാറ്റിവെക്കാന്‍ ട്രംപിന് സാധിച്ചു. എന്നാല്‍ നികുതി തട്ടിപ്പ് ഉള്‍പ്പെടെ കേസുകളില്‍ കോടതികള്‍ അദ്ദേഹത്തിന്റെ വാദം അംഗീകരിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പരാജയത്തോടെ സാധാരണ പൗരനെപ്പോലെ ഇവയിലെല്ലാം ട്രംപ് വിചാരണ നേരിടേണ്ടിവരും. അതേസമയം, മുന്‍ പ്രസിഡന്റിനെതിരായ ക്രിമിനല്‍ നടപടികള്‍ രാജ്യത്ത് സംഘര്‍ഷത്തിനു തന്നെ കാരണമായേക്കാം. അതിനാല്‍ ബൈഡന്‍ അധികാരത്തിലേറിയാലും വളരെ സാവധാനത്തിലായിരിക്കും ഇക്കാര്യങ്ങളില്‍ നടപടിയുണ്ടാവുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.

2016 തിരഞ്ഞെടുപ്പിനു മുന്നോടിയായി ചെയ്തതു മുതല്‍ പ്രസിഡന്റ് പദവിയില്‍ എത്തിയശേഷം ചെയ്തുകൂട്ടിയ നിരവധി നിയമവിരുദ്ധ, ക്രമരഹിത ഇടപാടുകള്‍ ട്രംപിന്റെ പേരിലുണ്ട്. 2017ലെ യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും 2019ലെ സ്‌പെഷ്യല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളെറുടെ റിപ്പോര്‍ട്ടിലും അവയെല്ലാം അക്കമിട്ടു നിരത്തിയിട്ടുണ്ട്. ട്രംപിന്റെ മന:സാക്ഷി സൂക്ഷിപ്പുകാരന്‍ ഉള്‍പ്പെടെ അഴിക്കുള്ളിലായ റിപ്പോര്‍ട്ടുകളില്‍ ട്രംപിന് തുണയായത് പ്രസിഡന്റിനുള്ള നിയമ പരിരക്ഷ കൊണ്ടു മാത്രമാണ്. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ റഷ്യയെ കൂട്ടുപിടിച്ചതു മുതല്‍ നീതിനിര്‍വഹണം തടസപ്പെടുത്തിയതും പരസ്ത്രീ ബന്ധം ഒതുക്കിവെക്കാനുള്ള സാമ്പത്തിക കരാറും തുടങ്ങി വര്‍ഷങ്ങള്‍ നീണ്ട നികുതി തട്ടിപ്പു വരെ എത്തിനില്‍ക്കുന്നതാണ് ട്രംപിനെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍.

നീതിനിര്‍വഹണത്തെ തടസപ്പെടുത്തിയെന്ന കേസില്‍ ഏറ്റവും പ്രധാനം എഫ്ബിഐ ഡയറക്ടര്‍ ജയിംസ് കോമിയെ അകാരണമായി പുറത്താക്കിയതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എതിരാളിയായിരുന്ന ഹിലരി ക്ലിന്റന്റെ വിവാദ ഇ-മെയിലുകളുമായി ബന്ധപ്പെട്ട കേസുകളില്‍ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്നാരോപിച്ചാണ് ട്രംപ് കോമിയെ പുറത്താക്കിയത്. എന്നാല്‍ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ റഷ്യന്‍ പങ്കിനെക്കുറിച്ച് അന്വേഷിച്ചതാണ് കോമിയെ സര്‍വീസില്‍നിന്ന് പുറത്തെത്തിച്ചത് എന്നതാണ് വാസ്തവം. 10 വര്‍ഷ കാലാവധിയില്‍ മൂന്നര വര്‍ഷം എത്തിയപ്പോഴായിരുന്നു കോമിയെ പുറത്താക്കിയത്. ട്രംപിന്റെ റഷ്യന്‍ ബന്ധത്തിന്റെ തെളിവുകള്‍ 2017ലെ യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും വിവരിക്കുന്നുണ്ട്. കേസില്‍ വിചാരണയ്ക്കിടെ ട്രംപിന്റെ ഉപദേശകനായിരുന്ന ജോര്‍ജ് പാപ്പാഡോപോള്‍സിന് തടവുശിക്ഷ വിധിച്ചിരുന്നു. ട്രംപിന്റെ പ്രചാരണ സംഘത്തിന്റെ തലവനായിരുന്ന പോള്‍ മാനഫോര്‍ട്ടിന്റെയും അദ്ദേഹത്തിന്റെ വ്യാപാര പങ്കാളി റിക്ക് ഗേറ്റ്സിന്റെയും പേരിലും രാജ്യത്തിനെതിരായ ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ ഏജന്റാണെന്ന് അറിയിക്കാതിരിക്കല്‍, കള്ളമൊഴി നല്‍കല്‍, വിദേശ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെക്കല്‍ എന്നിങ്ങനെ അതിഗുരുതരമായ 15 കുറ്റങ്ങളാണ് മുള്ളെര്‍ ചുമത്തിയത്.

റഷ്യന്‍ ബന്ധം സംബന്ധിച്ച ആരോപണങ്ങളെയെല്ലാം പ്രതിരോധിച്ചെങ്കിലും സുരക്ഷ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ളിന്നിന്റെ രാജി ഉള്‍പ്പെടെ ട്രംപിന് തിരിച്ചടിയായി. ട്രംപ് അധികാരത്തിലെത്തും മുമ്പായി റഷ്യക്കെതിരായ ഉപരോധം പിന്‍വലിക്കാന്‍ ഫ്‌ളിന്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നായിരുന്നു ആരോപണം. കുരുക്ക് മുറുകുമെന്ന് തിരിച്ചറിഞ്ഞ ട്രംപ് ഒരുപറ്റം ഉദ്യോഗസ്ഥരെ ഒഴിവാക്കിയപ്പോള്‍ വിദേശ നയം സംബന്ധിച്ച അഭിപ്രായ ഭിന്നതക്കൊടുവില്‍, ഫ്ലിന്നിനു പകരം വന്ന ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനെപ്പോലുള്ളവര്‍ രാജിവെച്ചൊഴിയുകയും ചെയ്തു. പിന്നീട് ഇവര്‍ നടത്തിയ വെളിപ്പെടുത്തലുകളെല്ലാം ട്രംപിനെ കൂടുതല്‍ കുഴപ്പങ്ങളിലാണെത്തിച്ചത്. അതിനിടെ, എതിര്‍ സ്ഥാനാര്‍ഥി ജോ ബൈഡനെതിരായ കേസുകള്‍ കുത്തിപ്പൊക്കാന്‍ ട്രംപ് ഉക്രെയിനുമേല്‍ രാഷ്ട്രീയ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണം ഇംപീച്ച്‌മെന്റ് നടപടിയോളം എത്തി. ഇന്റലിജന്‍സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ജുഡീഷ്യറി കമ്മിറ്റി ട്രംപിനെതിരെ അധികാര ദുര്‍വിനിയോഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ഇംപീച്ച്‌മെന്റിന് ശുപാര്‍ശ ചെയ്തത്.

1990കളില്‍ ട്രംപ് ബലാത്സംഗം ചെയ്‌തെന്ന ഓണ്‍ലൈന്‍ മാഗസിന്‍ കോളമിസ്റ്റായ ജീന്‍ കരോളിന്റെ ആരോപണവും, 2007ല്‍ ട്രംപ് പീഡിപ്പിച്ചെന്ന സമ്മര്‍ സെര്‍വോസിന്റെ മാനനഷ്ടക്കേസിലും കോടതി നടപടികള്‍ വൈകുകയാണ്. പോണ്‍ താരം സ്‌റ്റോമി ഡാനിയേലിന്റെ വെളിപ്പെടുത്തലും ദീര്‍ഘകാലം അഭിഭാഷകനും മന:സാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന മൈക്കല്‍ കോഹന്റെ അറസ്റ്റും ട്രംപിനെ എങ്ങനെ ബാധിക്കുമെന്നതും കണ്ടറിയണം. 2006നും 2007നും ഇടയില്‍ ട്രംപുമായി തനിക്ക് ബന്ധമുണ്ടായിരുന്നെന്നും ഇത് മറച്ചുവെക്കാന്‍ കോഹെന്‍ പണം നല്‍കിയെന്നുമുള്ള സ്റ്റോമിയുടെ വെളിപ്പെടുത്തലാണ് കോഹന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ വാങ്ങിനല്‍കിയത്. 2015ലാണ് ട്രംപുമായുള്ള ബന്ധം പരസ്യമായി പ്രഖ്യാപിക്കുമെന്ന് സ്റ്റോമി അറിയിച്ചത്. തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമെന്നു കണ്ട ട്രംപ് കോഹന്‍ വഴി അത് തടയുകയായിരുന്നു. 2016 തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ക്കു മുമ്പായിരുന്നു 1.30 ലക്ഷം ഡോളര്‍ നല്‍കി രഹസ്യബന്ധം പുറത്തുപറയാതിരിക്കാന്‍ ധാരണയുണ്ടാക്കിയത്. സ്റ്റോമി നുണച്ചിയാണെന്ന് ആരോപിച്ചതോടെ മാനനഷ്ടക്കേസും കോഹനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു.

മുള്ളെറുടെ നിര്‍ദേശ പ്രകാരം എഫ്ബിഐ കോഹന്റെ ഓഫീസും വസതിയും റെയ്ഡ് ചെയ്തതോടെ നിരവധി രഹസ്യങ്ങളാണ് ചുരുളഴിഞ്ഞത്. പ്ലേ ബോയ് മോഡല്‍ കാരല്‍ മക്ഡഗലിനു പണം നല്‍കി ട്രംപിന്റെ മുഖം രക്ഷിക്കാന്‍ ശ്രമിച്ചതും കോഹനായിരുന്നു. മക്ഡഗലിന്റെ വെളിപ്പെടുത്തല്‍ പുറത്തുവരാതിരിക്കാന്‍ സായാഹ്ന പത്രത്തെ വിലയ്‌ക്കെടുത്തു. ട്രംപിന്റെ റഷ്യന്‍ ബന്ധത്തിന്റെ ഇടനിലക്കാരനും മറ്റാരുമായിരുന്നില്ല. എന്നിട്ടും കോണ്‍ഗ്രസ് സമിതി മുമ്പാകെ ഇക്കാര്യം മറച്ചുവെക്കാന്‍ കള്ളക്കഥ മെനഞ്ഞു. സ്‌റ്റോമിയുടെ അപകീര്‍ത്തി കേസ് മുതല്‍ തിരഞ്ഞെടുപ്പ് ഫണ്ട് ദുര്‍വിനിയോഗവും തിരഞ്ഞെടുപ്പ് ജയിക്കാന്‍ വിദേശ സഹായം എന്നിങ്ങനെ ഗുരുതര കുറ്റങ്ങളാണ് കോഹനെതിരെ ചുമത്തിയത്. അപ്പോഴെല്ലാം പ്രസിഡന്റ് പദവിയിലിരുന്ന് കോഹനെ ഒറ്റപ്പെടുത്തുകയായിരുന്നു ട്രംപ്. രണ്ടുമാസം മുമ്പ്, സ്റ്റോമിന് 44,100 ഡോളര്‍ ട്രംപ് വക്കീല്‍ ഫീസ് നല്‍കണമെന്ന് കാലിഫോര്‍ണിയയിലെ കോടതി വിധിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റ് പദവിയുടെ പിന്‍ബലത്തോടെ അക്കാര്യത്തില്‍ പ്രതികരിക്കാന്‍ പോലും ട്രംപ് തയ്യാറായിരുന്നില്ല.

സ്റ്റോമിയുടെ കേസ് പരിഗണിക്കുമ്പോഴായിരുന്നു ട്രംപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ബിസിനസിനെക്കുറിച്ചുമൊക്കെ കോടതി വിശദീകരണം തേടിയത്. ട്രംപിന്റെ എട്ടുവര്‍ഷത്തെ വ്യക്തിഗത, കോര്‍പ്പറേറ്റ് നികുതി റിട്ടേണുകള്‍ സംബന്ധിച്ച രേഖകളാണ് മാന്‍ഹട്ടന്‍ ജില്ല കോടതി ആവശ്യപ്പെട്ടത്. ട്രംപിന്റെ അക്കൗണ്ടിങ് സ്ഥാപനമായ മസാറിനോട് ഇവ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. എന്നാല്‍ സാമ്പത്തിക രേഖകള്‍ വിളിച്ചുവരുത്താനുള്ള നടപടിയെ ട്രംപ് ചോദ്യം ചെയ്‌തെങ്കിലും സുപ്രീം കോടതി ആവശ്യം തള്ളി. പദവിയിലിരിക്കുന്ന പ്രസിഡന്റിന് ക്രിമിനല്‍ അന്വേഷണങ്ങളില്‍ നിന്നും പരിരക്ഷയുണ്ട് എന്ന ട്രംപിന്റെ വാദമാണ് കോടതി തള്ളിയത്. പിന്നാലെയാണ് ട്രംപിന്റെ എട്ടു വര്‍ഷത്തെ വ്യക്തിഗത, കോര്‍പ്പറേറ്റ് നികുതി റിട്ടേണ്‍സ് വിളിച്ചുവരുത്താന്‍ മാന്‍ഹട്ടന്‍ ജില്ല അറ്റോര്‍ണിയുടെ ഓഫിസിന് അധികാരം നല്‍കിയത്. എന്നാല്‍ തിരഞ്ഞെടുപ്പായതിനാല്‍ ഇക്കാര്യത്തില്‍ സാവകാശം അനുവദിക്കണമെന്ന ട്രംപിന്റെ ആവശ്യം കോടതി പരിഗണിച്ചു. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേസ് വീണ്ടും കോടതി പരിഗണിക്കും. അതിനിടെ, പത്ത് വര്‍ഷമായി ട്രംപ് നികുതി അടക്കുന്നില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്തുവിട്ടത് രണ്ടുമാസം മുമ്പാണ്. അധികാരത്തിലേറിയശേഷം 750 ഡോളര്‍ മാത്രമാണ് ട്രംപ് അടച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. അതും കേസില്‍ ട്രംപിനു തിരിച്ചടിയാകും. പ്രസിഡന്റ് പദവിയിലെത്താന്‍ നടത്തിയ ക്രമക്കേടുകള്‍ മുതല്‍ പദവിയിലിരുന്നുകൊണ്ടുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ വരെയാണ് ട്രംപിനെ വൈറ്റ്ഹൗസിനു വെളിയില്‍ കാത്തിരിക്കുന്നത്.

ഗോവയിലെ ബീച്ചിലൂടെ പൂര്‍ണ നഗ്നനായി ഓടിയ പ്രമുഖ മോഡലും നടനുമായ മിലിന്ദ് സോമനെതിരെ പോലീസ് കേസെടുത്തു. അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഗോവ സുരക്ഷ മഞ്ച് എന്ന സംഘടനയാണ് മിലിന്ദിനെതിരെ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സൗത്ത് ഗോവ പോലീസ് കേസെടുത്തിരിക്കുന്നത്.

മിലിന്ദ് സോമന്‍ തന്റെ 55-ാം പിറന്നാള്‍ ദിനത്തിലാണ് ബീച്ചിലൂടെ പൂര്‍ണ നഗ്നനായി ഓടുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ‘ഹാപ്പി ബെര്‍ത്ത് ഡേ ടു മീ. 55 ആന്റ് റണ്ണിംങ്’ എന്ന അടിക്കുറുപ്പോടെയാണ് ഈ ചിത്രം പങ്കുവെച്ചത്. മുമ്പും നഗ്‌നനായുള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്. വര്‍ക്കൗട്ടിനൊപ്പം കൃത്യമായ ജീവിതചര്യകള്‍ കൂടിയുണ്ടെങ്കില്‍ പ്രായം വെറും ‘നമ്പര്‍’ മാത്രമായി അവശേഷിക്കുമെന്നാണ് മിലിന്ദിന്റെ വാദം.

കഴിഞ്ഞ ദിവസമാണ് ഗോവയിലെ കാനകോണ ടൗണിലെ അടച്ചിട്ടിരുന്ന ചാപോളി ഡാമില്‍ അതിക്രമിച്ചുകയറി അശ്ലീല വീഡിയോ ഷൂട്ട് ചെയ്തെന്ന് ആരോപിച്ച് നടി പൂനം പാണ്ഡെയെ അറസ്റ്റ് ചെയ്തത്. സംസ്ഥാന ജലവിഭവവകുപ്പ് പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇതിന് പിന്നാലെയാണ് മിലിന്ദ് സോമനെതിരെയും ഗോവ പോലീസ് കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരം∙ സോളര്‍ പീഡനക്കേസില്‍ മുന്‍മന്ത്രി എ.പി. അനില്‍കുമാറിനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി കേസ് ശക്തിപ്പെടുത്താനും തീരുമാനം. ഇതോടെ തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോളര്‍ കേസ് വീണ്ടും ഊര്‍ജിതമാക്കും.

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക്‌ ശേഷം സോളര്‍ കേസ് കുത്തിപ്പൊക്കാനൊരുങ്ങുന്ന പൊലീസ് ആദ്യം ഉന്നം വയ്ക്കുന്നത് മുന്‍ മന്ത്രി എ.പി. അനില്‍കുമാറിനെയാണ്. പരാതിക്കാരിയുടെ മൊഴിയെടുപ്പും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ അന്വേഷണസംഘം മുന്‍മന്ത്രിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്.

തദ്ദേശതിരഞ്ഞെടുപ്പിന്റെ പ്രചാരണം നടക്കുന്ന സമയത്ത് തന്നെ യു.ഡി.എഫ് നേതാവിനെ പീഡനക്കേസില്‍ ചോദ്യം ചെയ്തേക്കും. അതിന് മുന്നോടിയായി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതിയില്‍ അപേക്ഷ നല്‍കി. 2012 സെപ്തംബര്‍ 29ന് കൊച്ചിയിലെ ആഡംബരഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന തെളിവെടുപ്പില്‍ പീഡനം നടന്നെന്നു പറയപ്പെടുന്ന മുറിയടക്കം പരാതിക്കാരി കാണിച്ച് നല്‍കി. അതോടെയാണ് അന്വേഷണസംഘം മുന്നോട്ട് പോകുന്നത്.

എന്നാല്‍ മൊഴിയിലും തെളിവിലും ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ബോധ്യപ്പെടാനുണ്ടെന്ന് പൊലീസ് വിശദീകരിക്കുന്നു. മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിലെ ടൂറിസം പദ്ധതികളുടെ കാര്യം പറയാന്‍ വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് മൊഴി. എന്നാല്‍ ആ പദ്ധതികള്‍ക്ക് മന്ത്രിയുമായി നേരിട്ട് ബന്ധമില്ലെന്നതാണ് പൊരുത്തക്കേടുകളിലൊന്ന്. പീഡനം നടന്നെന്ന് പറയുന്ന മുറി അന്നേ ദിവസം അനില്‍കുമാര്‍ താമസിച്ചിരുന്നോയെന്ന് അന്വേഷിച്ചെങ്കിലും ഹോട്ടലില്‍ നിന്ന് രേഖകള്‍ ലഭിച്ചില്ല. അത്തരം തെളിവുകള്‍ ഉറപ്പിച്ചാല്‍ മാത്രമേ കടുത്ത നടപടിയിലേക്ക് പൊലീസിന് നീങ്ങാനാവൂ.

തിരുവല്ല: ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് തുടരുന്നു. വെള്ളിയാഴ്ച നടത്തിയ റെയ്ഡില്‍ ഏഴ് കോടി രൂപകൂടി പിടികൂടി. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ തിരുവല്ലയിലെ മെഡിക്കല്‍ കോളേജ് കോംപൗണ്ടില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്നാണ് പണം പിടികൂടിയത്. മെഡിക്കല്‍ കോളേജ് ജീവനക്കാരന്റെതാണ് ഈ കാര്‍.

ഡല്‍ഹിയിലും കേരളത്തിലുമായുള്ള ബിലീവേഴ്‌സ് സ്ഥാപനങ്ങളില്‍ നിന്നും ഇതുവരെ കണക്കില്‍ പെടാത്ത 15 കോടി രൂപയാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 6000 കോടി രൂപ ബിലീവേഴ്സ് ചര്‍ച്ചിന്റെ ട്രസ്റ്റുകള്‍ക്ക് വിദേശത്ത് നിന്ന് കിട്ടിയെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. വിദേശസഹായ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ തന്നെ ഏറ്റവും വലിയ കുംഭകോണമെന്നാണ് ബിലീവേഴ്സ് ചര്‍ച്ചുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ച് ആദായ നികുതി വകുപ്പ് പറയുന്നത്.

ചാരിറ്റിക്കായി സ്വീകരിക്കുന്ന വിദേശ സഹായം അതിനായി തന്നെ ഉപയോഗിക്കണമെന്നും കണക്കുകള്‍ സര്‍ക്കാരിനു നല്‍കണമെന്നുമാണ് നിയമം പറയുന്നത്. എന്നാല്‍ ചാരിറ്റിയുടെ പേരില്‍ കൈപറ്റിയ തുക റിയല്‍ എസ്റ്റേറ്റ് മേഖലയിലെല്ലാമാണ് ബിലീവേഴ്സ് ചര്‍ച്ച് നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് കണ്ടെത്തല്‍. കണക്കുകള്‍ നല്‍കിയതിലും വലിയ പൊരുത്തക്കേടുണ്ട്.

ജോൺ കുറിഞ്ഞിരപ്പള്ളി

ശനിയാഴ്ച കാലത്തുണ്ടായ പ്രശ്നങ്ങൾമൂലം നായാട്ടിന് പോകാനുള്ള എല്ലാവരുടെയും മൂഡ് പോയിരുന്നു. നായാട്ടിനുപോകാൻ സെൽവരാജൻ ജോസെഫിനെയുംകൂട്ടി ഞായറാഴ്‌ച കാലത്തുതന്നെ വരാമെന്നും പറഞ്ഞുപോയി.
ജോസഫിനെ എല്ലാവരും അച്ചായൻ എന്നാണ് വിളിക്കുന്നത്. സെൽവരാജൻ മലയാളി ആണെങ്കിലും പാലക്കാട് രീതിയിൽ തമിഴും മലയാളവും ചേർത്ത് സംസാരിക്കുന്നതുകൊണ്ട് പാണ്ടി എന്ന് അവൻ കേൾക്കാതെ വിളിക്കും. അച്ചായൻ ചങ്ങനാശ്ശേരിക്കാരൻ ആണ്. ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ പെട്ടതാണെങ്കിലും ഇംഗ്ലീഷ് കമ്മിയാണ്. ജോലി കഴിഞ്ഞാൽ പ്രധാന ഹോബി ചീട്ടു കളിയാണ്. ഏതായാലും ഈ ടീമുമായി ഞങ്ങൾ വളരെ പെട്ടെന്ന് സൗഹാർദ്ദത്തിലായി.

ഞായറാഴ്ച കാലത്തുതന്നെ സെൽവരാജനും അച്ചായനും എത്തി. ജോർജ് കുട്ടി എന്നെയും വിളിച്ചു എഴുന്നേൽപ്പിച്ചു. എല്ലാവരും പോകാൻ റെഡി ആയി വന്നപ്പോൾ ജോർജ് കുട്ടി ഞങ്ങൾ എല്ലാവരോടുമായിട്ട് ഒരു ചോദ്യം ,”നിങ്ങളുടെ തൊപ്പി എവിടെ?”
“തൊപ്പി?”.
“നായാട്ടിനുപോകാൻ ചില ചട്ടവട്ടങ്ങളുണ്ട്.എല്ലാവരും തൊപ്പി ധരിക്കണം. അത് വെള്ള കളറുള്ളതായിരിക്കണം. ഇല്ലെങ്കിൽ ഞാൻ തരാം “പെട്ടിതുറന്നു നാലു വെള്ള നിറത്തിലുള്ള തൊപ്പികൾ എടുത്തു.
സെൽവരാജൻ പറഞ്ഞു,”ശരിയാ,വെള്ളത്തൊപ്പി തന്നെ വേണം. നമ്മൾ വെടി വയ്ക്കുന്ന കൊക്കിന്റെ നിറവും ആയി മാച്ച് ചെയ്യണം.”
” അപ്പോൾ വെടി വയ്ക്കുന്ന ആൾ കൊക്കാണ് എന്ന് വിചാരിച്ചിട്ട് നമ്മളുടെ തൊപ്പിക്കിട്ട് വെടി വച്ചാലോ?”അതാണ് അച്ചായന്റെ സംശയം.
“എങ്കിൽ വിധി എന്ന് സമാധാനിക്കുക”ജോർജ് കുട്ടി പറഞ്ഞു.
“ഇനി ഇറങ്ങുന്നതിനുമുമ്പ് നായാട്ടുകാരെ സംരക്ഷിക്കുന്ന ദേവനുണ്ട്. അദ്ദേഹത്തെ വണങ്ങണം.” ബാലരമയിലെ ശിക്കാരി ശംഭുവിൻറെ ഒരു പടം എൻലാർജ് ചെയ്തു വച്ചിരുന്നതിന്റെ മുൻപിൽ പോയി വണങ്ങി. ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി.
വൈറ്റെഫീൽഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും നാലുകിലോമീറ്റർ ഹോസ്‌കോട്ടെ ഡയറക്ഷനിൽ ഉള്ളിലേക്കുപോയാൽ നെൽപ്പാടങ്ങൾ കാണാം”..
“ബാംഗ്ലൂരിൽ നെൽപാടങ്ങളോ ?”
“താൻ എൻ്റെ കൂടെ വാ ,കാണിച്ചുതരാം “.
അവിടെ ഇപ്പോൾ കൊയ്ത്ത് കഴിഞ്ഞിരിക്കുകയാണ്. കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ ധാരാളം കൊക്കുകൾ കാണും. നമ്മൾ പോകുന്നു,വെടിവയ്ക്കുന്നു,എടുത്തുകൊണ്ട് വരുന്നു,.ഫ്രൈ ചെയ്യുന്നു. കാര്യം നിസ്സാരം. കേട്ടപ്പോൾ ഞങ്ങൾ എല്ലാവർക്കും രസം പിടിച്ചു. ബാംഗ്ലൂരിൽ ഒരു തുള്ളി വെള്ളം കിട്ടണമെങ്കിൽ പണിയാണ്. അപ്പോഴാണ് നെൽകൃഷി.?അതായിരുന്നു എൻ്റെ മനസ്സിൽ.
എങ്കിലും ഞാനും സമ്മതിച്ചു.
ജോർജ് കുട്ടി തോക്കെടുത്തു. എല്ലാം ചെക്ക് ചെയ്തു. ഒരു 3 പെല്ലറ്റ് എടുത്തു തോക്കു മടക്കി ചവിട്ടികൂട്ടി അതിൽ നിറച്ചു. ഒരു വെള്ള തൊപ്പിയെടുത്തു തലയിൽ വച്ച് സൈക്കിൾ എടുത്തു റെഡി ആയി.
ഞങ്ങൾ എല്ലാവരും റെഡി.
ഞങ്ങൾ നാലുപേരും ശിക്കാരി ശംഭുവിനെ സ്‌മരിച്ച് സൈക്കിളിൽ കയറാൻ തുടങ്ങുമ്പോൾ ഹൗസ് ഓണറിന്റെ ഭാര്യ,ഞങ്ങൾ സ്നേഹപൂർവ്വം അക്ക എന്ന് വിളിക്കുന്ന സ്ത്രീയും അവരുടെ ഇളയകുട്ടിയും അവിടേക്കുവന്നു.
“എവിടെ പോകുന്നു?”അവർ വെറുതെ ലോഹ്യം ചോദിച്ചു. ഹൗസ് ഓണറിന്റെ ഇളയകുട്ടി ബൊമ്മി ഒരു തനി കുസൃതികുട്ടിയാണ്. അവൾ ഞങ്ങളുടെ അടുത്തുവന്ന് അടിമുടി നോക്കി.
ഇതെന്താ അണ്ണാ,തോക്ക് കണ്ട് അവൾ ചോദിച്ചു.”തോക്ക്,തുപ്പാക്കി.”
“നിജമാ ,അങ്കിൾ എങ്കെ പോറെ ?”
“നായാട്ട്.”
“അതെന്ന?”
ജോർജ്കുട്ടി ആംഗ്യം കാണിച്ചു പറഞ്ഞു. ദാ ഇവിടെ ഞെക്കും ,പക്ഷി വെടികൊണ്ട് ചാകും. പിന്നെ ഫ്രൈ.
മലയാളം വളച്ചൊടിച്ചു തമിഴ് ആക്കി സംസാരിക്കുകയാണ്.
കൊച്ചിന് രസം പിടിച്ചു.
“ശരി വരുമ്പോൾ കാണാം. കാമോൺ ബോയ്‌സ്,സ്റ്റാർട്ട്.”
ജോർജ് കുട്ടി സൈക്കിളിലേക്ക് കയറുന്ന സമയം പെൺകുട്ടി ജോർജുകുട്ടിയുടെ കയ്യിലിരുന്ന എയർ ഗണ്ണിന്റെ ട്രിഗർ വലിച്ചു.
തോക്കിൽ നിന്നും വെടി പൊട്ടി. സെൽവരാജൻ എന്റമ്മോ” എന്ന ഒരു നിലവിളി. ഞങ്ങൾ നോക്കിയപ്പോൾ സെൽവരാജന്റെ തൊപ്പി ആകാശത്തുകൂടി പറന്നു പോകുന്നു.
“അച്ചായാ ഒന്ന് നോക്കിക്കേ എൻെറ തലയിൽ തുള വീണിട്ടുണ്ടോന്ന്” സ്വെൽവരാജൻ പേടിച്ചു വിറച്ചു പോയി.
ഞങ്ങൾ ചിരിക്കണമോ കരായണമോ എന്ന് സംശയിക്കാൻ തുടങ്ങുമ്പോൾ അയൽവക്കത്തെ വീട്ടുമുറ്റത്തുനിന്നും നിലവിളി ഉയർന്നു.
ഹൗസ് ഓണറിന്റെ അനുജന്റെ നാലു വയസ്സുള്ള കുട്ടിക്ക് വലതുകൈയുടെ ഷോൾഡറിൽ വെടിയേറ്റു..അവിടെ നിന്ന് കൂട്ട നിലവിളി ഉയർന്നു.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി
 

മിയാമിയിൽ കാറപകടത്തിൽ ഷിക്കാഗോ സ്വദേശി ഡോ. നിത കുന്നുംപുറത്ത് (30) മരണമടഞ്ഞു. ഷിക്കാഗോയിൽ താമസിക്കുന്ന ഉഴവൂർ കുന്നുംപുറത്ത് തോമസ് ത്രേസിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകളാണ്. നിതിൻ നിമിഷ എന്നിവർ സഹോദരങ്ങളാണ് . ചിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ പള്ളി ഇടവകാംഗമാണ് .

ഡോ. നിത കുന്നുംപുറത്തിൻെറ അകാല വിയോഗം കണ്ണീരോടെയാണ് പ്രവാസി മലയാളികളും ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റുവാങ്ങിയത്. പഠനകാര്യങ്ങളിൽ മാത്രമല്ല സാംസ്കാരിക സാമൂഹ്യ പ്രവർത്തനങ്ങളിലും ഡോ. നിത എന്നും മുൻപന്തിയിൽ ആയിരുന്നു. ഡോ. നിത റസിഡൻസി ചെയ്യുകയായിരുന്നു.

നിതയുടെ മരണത്തിൽ മലയാളം യുകെ യുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.

ഷിബു മാത്യൂ
ന്യൂസ് ഡെസ്‌ക് മലയാളം യുകെ
സംഗീത ലോകത്തെ ഒരു പറ്റം കലാകാരന്മാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഷിക്കാഗൊ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പാണ് യൂണിഫോം മ്യൂസിക് ആന്റ് ബാന്റ് ഇന്റര്‍നാഷണല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സംഗീതത്തെ ഇഷ്ടപ്പെടുന്ന നിരവധിയാളുകള്‍ ഈ ഗ്രൂപ്പില്‍ അംഗങ്ങളായി ഉണ്ട്. അമേരിക്കയിലെ ഷിക്കാഗോയില്‍ നിന്നും ബിനോയ് തോമസ്, കുവൈറ്റില്‍ നിന്നും ജേക്കബ് തമ്പി, ദുബൈയില്‍ നിന്നും ബിന്ദു സാബു എന്നിവരാണ് ഈ ഗ്രൂപ്പിന്റെ അമരക്കാര്‍. അവിശ്വസനീയമായ കഴിവുകള്‍ ഉണ്ടായിട്ടും അതവതരിപ്പിക്കാന്‍ അവസരം ലഭിക്കാതെ പോകുന്നവരെ പ്രോത്സാഹിപ്പിക്കുക, അവര്‍ക്ക്അനുയോജ്യമായ പ്ലാറ്റ്‌ഫോം ഒരുക്കുക എന്ന ലക്ഷ്യമാണ് ഈ ഗ്രൂപ്പിനുള്ളതെന്ന് ഗ്രൂപ്പിന്റെ അഡ്മിനായ ബിനോയ് തോമസ് പറഞ്ഞു. സംവിധായകരായ സിദ്ധിക്, രാജസേനന്‍, മധുപാല്‍ തുടങ്ങിയ മലയാള ചലച്ചിത്ര ലോകത്തെ പല പ്രമുഖരും ഈ ഗ്രൂപ്പിലുണ്ട്. അതു കൊണ്ട് തന്നെ കഴിവുള്ള കലാകാരന്മാര്‍ക്ക് സിനിമാലോകത്ത് നല്ല അവസരങ്ങള്‍ ലഭിക്കാനുള്ള സാധ്യതകളേറെയെന്നും ബിനോയ് പറഞ്ഞു.

യുകെയില്‍ നിന്നും ഹരീഷ് പാലാ, ഡോ. ഫഗദ് മുഹമ്മദ്, ജിയാ മോള്‍, ജോണ്‍സണ്‍, സന്തോഷ് നമ്പ്യാരുള്‍പ്പെടെ ഇരുപതോളം ഗായകരും ഇവരെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിന് ഗായകരും ഈ ഗ്രൂപ്പിലുണ്ട്.

ബിനോയ് തോമസ്‌

ജേക്കബ് തമ്പി

ബിന്ദു സാബു

 

 

 

 

 

 

കഴിഞ്ഞ ഓണക്കാലത്ത് യൂണിഫോം മ്യൂസിക് ആന്റ് ബാന്റ് സംഗീത മത്സരം 2020 എന്ന പേരില്‍ ഒരു സംഗീത മത്സരം സംഘടിപ്പിച്ചിരുന്നു. ലോകത്തിനെ പല ഭാഗങ്ങളില്‍ നിന്നായി നൂറ് കണക്കിന് ഗായകര്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. അത്യധികം ആവേശകരമായ മത്സരത്തിനൊടുവില്‍ കേരളത്തില്‍ നിന്നും എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര സ്വദേശിനിയായ രമ്യാ ലിംസണ്‍ മികച്ച ഗായികയായി തെരെഞ്ഞെടുക്കപ്പെട്ടു.


സരസ്വതി ശങ്കര്‍, ലൗലി ജനാര്‍ദ്ദനന്‍, സജീവ് മംഗലത്ത്, ഹരീഷ് മണി, ഓമനക്കുട്ടന്‍, അലക്‌സാണ്ടര്‍ എന്നിവര്‍ അടങ്ങിയ പാനലാണ് വിധി നിര്‍ണ്ണയം നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് പുത്തന്‍വേലിക്കര കുരിശിങ്കല്‍ ലൂര്‍ദ്ദ് മാതാ പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് വി. ഡി. സതീശന്‍ MLA അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു. കുരിശിങ്കല്‍ ലൂര്‍ദ് മാതാ പള്ളി വികാരി ഫാ. നോയല്‍ കുരിശിങ്കല്‍ ക്യാഷ് അവാര്‍ഡും പഞ്ചായത്ത് പ്രസിഡന്റ് പി. വി. ലാജു സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. സംഗീത ലോകത്ത് മികച്ച സംഭാവനകള്‍ നല്‍കിയ സാബു വാരാപ്പുഴയേയും ചടങ്ങില്‍ ആദരിച്ചു. പുത്തന്‍വേലിക്കരയിലെ കലാസാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ അനുമോദനവും മില്‍മ മുന്‍ ചെയര്‍മാന്‍ എം ഡി ജയന്‍ രമ്യയ്ക്കും വി ഡി സതീശന്‍ MLA അന്‍സന്‍ കുറുമ്പത്തുരുത്തിനും സമ്മാനിച്ചു. യൂണിഫോം മ്യൂസിക് ആന്റ് ബാന്റിന്റെ പ്രതിനിധി ബിനോയ് കിഴക്കേടത്ത് സംസ്‌കൃതി പുത്തന്‍വേലിക്കര കോര്‍ഡിനേറ്റര്‍ രജ്ഞിത് മാത്യൂ, എബ്രാഹം മാമ്മന്‍ എന്നിവര്‍ പങ്കെടുത്തു.

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരറാണിയാണ് നയന്‍താര.മലയാളി ആണെങ്കിലും തമിഴ് ചിത്രങ്ങളിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്.സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര അഭിനയ രംഗത്ത് ചുവട് വെച്ചത്.തുടര്‍ന്ന് തമിഴിലും തെലുങ്കിലും ഒക്കെ നടി തിളങ്ങി.ഇതിനിടെ പല പ്രണയങ്ങളും പ്രണയ പരാജയങ്ങളും നടിയെ ഗോസിപ്പ് കോളങ്ങളിലും എത്തിച്ചു.

നടന്‍ ചിമ്പുവുമായുള്ള നടിയുടെ പ്രണയവും വേര്‍പിരിയലും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞതിന് പിന്നാലെയായിരുന്നു നടനും നര്‍ത്തകനും സംവിധായകവനുമായ പ്രഭുദേവയുമായി നടി പ്രണയത്തിലായതും ഗോസിപ് കോളങ്ങളില്‍ എത്തി.പ്രഭുദേവയുമായി വിവാഹത്തിനരികെ വരെ എത്തിയെങ്കിലും പിന്നീട് ബന്ധം അവസാനിച്ചു.ഇപ്പോള്‍ സംവിധായകന്‍ വിഘ്‌നേഷ് ശിവനൊപ്പമാണ് നയന്‍താരയുടെ ജീവിതം.ഇരുവരും ഉടന്‍ വിവാഹിതര്‍ ആകുമെന്നും വിവരമുണ്ട്.എന്നാല്‍ നടിയുടെ പുതിയ ചിത്രം മൂക്കൂത്തി അമ്മനുമായി ബന്ധപ്പെട്ട് പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്.മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത ആളുമായി പ്രണയബന്ധം വെച്ച നയന്‍താര ഹിന്ദു ദൈവമായ അമ്മനെ അവതരിപ്പിക്കുന്നത് അപമാനമാണെന്ന വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത് ബിഗ്‌ബോസ് തമിഴ് സീസണ്‍ 3 മത്സരാര്‍ത്ഥിയും മോഡലുമായ മീര മിഥുന്‍ ആണ്.

അവര്‍ക്ക്(നയന്‍താരയ്ക്ക്)അമ്മന്‍ ആരാണെന്നെങ്കിലും അറിയുമോ?ഈ വിവേകശൂന്യവും നാണംകെട്ടതുമായ കാസ്റ്റിംഗ് നമ്മുടെ ഹിന്ദു ദൈവത്തെ അപമാനിക്കുന്നതാണ്.തമിഴ്‌നാട്ടില്‍ മാത്രമേ ഇങ്ങനെ നടക്കുകയുള്ളൂ.തമിഴ് നേതാക്കള്‍ ഒരക്ഷരം പോലും മിണ്ടാന്‍ പോവുന്നില്ല, മീര മിഥുന്‍ ട്വീറ്റ് ചെയ്തു.നയന്‍താര ആരാധകര്‍ ട്വീറ്റിനു പിന്നാലെ മീര മിഥുനിനെതിരെ രംഗത്തെത്തുകയും ചെയ്തു.ജനങ്ങള്‍ക്ക് നന്നായി സിനിമയും ഭക്തിയും തമ്മിലുള്ള വ്യത്യാസം അറിയാമെന്നും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നുമാണ് ചിലര്‍ ട്വിറ്റിന് ചുവടെ കമന്റ് ചെയ്തിരിക്കുന്നത്.നേരത്തെ സൂര്യയ്ക്കും രജീകാന്തിനും വിജയ്ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് മീര മിഥുന്‍ രംഗത്ത് എത്തിയിരുന്നു.

RECENT POSTS
Copyright © . All rights reserved