Latest News

വീട്ടിലെ മൃഗങ്ങളെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് കുട്ടികള്‍ തന്നെയായിരിക്കും. അവര്‍ക്ക് കൂട്ടുകാരിയോ കൂട്ടുകാരനോ എല്ലാമായിരിക്കും വളര്‍ത്തു മൃഗങ്ങള്‍. അതുകൊണ്ട് തന്നെ അവയുടെ വേര്‍പാട് കുട്ടികളില്‍ വലിയ വേദനയും ഉണ്ടാക്കും. അത്തരത്തില്‍ ചത്തുപോയ കോഴിയുടെ അടുത്തിരുന്നു കരയുന്ന ഒരു കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

‘കോഴ്യേ…കോഴ്യേ…എനിക്ക് ഇഷ്ടപ്പെട്ടതാ നിന്നെ…നന്നായി നിന്നെ ശ്രദ്ധിച്ചില്ല്യല്ലോ..അതുകൊണ്ടല്ലേ നീ ചത്തുപോയത്…’ കുഞ്ഞ് സങ്കടം പറഞ്ഞ് കരയുന്നതിങ്ങനെ. ഇടയ്ക്കിടയ്ക്ക് സങ്കടം പറയുകയും തുടര്‍ന്ന് കരയുകയും ചെയ്യുന്ന കുഞ്ഞിനെ ഇതിനോടകം സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു.

കുഞ്ഞിന് കോഴിയോടുള്ള നിഷ്‌കളങ്കമായ സ്‌നേഹം കണ്ട് കണ്ണു നിറഞ്ഞുപോയി എന്നാണ് പലരും കമന്റ് ചെയ്യുന്നത്. മറ്റു ചിലര്‍ കുഞ്ഞിന്റെ കരച്ചില്‍ കണ്ട് മറ്റൊരു കോഴിയെ കൊടുക്കാം എന്നും പറയുന്നുണ്ട്.

ഖത്തറിലെ 2020-21 തണുപ്പുകാല ക്യാമ്പിങ്ങ് സീസണിന് ഒക്ടോബര്‍ പതിനൊന്ന് മുതല്‍ തുടക്കമാവും. കുടുംബവുമൊത്ത് പ്രകൃതിഭംഗി ആസ്വാദിച്ച് ഭക്ഷണം പാകം ചെയ്തും മീന്‍പിടുത്തം, ഒട്ടക സവാരി തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതുമാണ് ശൈത്യ കാല സീസണുകളിലെ പ്രധാന ആഘോഷങ്ങള്‍. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഖത്തറികളുടെ ജീവിത രീതിയുടെ ഒരു ആധുനിക പതിപ്പെന്ന് വേണമെങ്കില്‍ ഈ ക്യാമ്പിങ്ങിനെ വിശേപ്പിക്കാം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന ക്യാമ്പുകള്‍ക്കുള്ള നിരക്കുകള്‍ നിശ്ചയിച്ചു കഴിഞ്ഞു. ബീച്ചുകള്‍, സീസൈഡ്‌സ്, നാച്ചുറല്‍ റിസര്‍വ്‌സ് എന്നിവിടങ്ങളിലെ ക്യാനുകള്‍ 10,000 റിയാലാണ്. സീസണോട് അനുബന്ധിച്ച് ടെന്റ് ഉപകരണങ്ങളുടെ ഇറക്കുമതിയും വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യ പാകിസ്ഥാന്‍, ചൈന, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും ഇവ എത്തുന്നത്.

രാജ്യത്തെ വിദേശികള്‍ക്കും സ്വദേശികള്‍ക്കും ശൈത്യകാലത്ത് മരുഭൂമിയിലും, കടത്തീരത്തും ഒക്കെ ടെന്റ് കെട്ടി ആസ്വാദിക്കാനായിട്ടുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനായിട്ടുള്ള കാര്യങ്ങള്‍ക്കുള്ള നടപടികള്‍ അധികൃതര്‍ തുടങ്ങി. കോവിഡ് പശ്ചാത്തലത്തില്‍ ക്യാമ്പര്‍മാര്‍ മുന്‍കരുതലുകള്‍ പാലിക്കണമെന്നും കര്‍ശനമായി നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും അനുസരിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഈ ശൈത്യകാല സീസണില്‍ രാജ്യത്തെ വിവധയിടങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ടൂറിസ്റ്റുകള്‍ക്ക് ക്യാമ്പിങ്ങിന് അനുമതി നല്‍കുക. ആദ്യഘട്ടം ഒക്ടോബര്‍ 11ന് രജിസ്റ്റര്‍ ചെയ്യണം. ഇവര്‍ക്ക് ഒക്ടോബര്‍ 13 മുതല്‍ ക്യാമ്പിങ്ങ് നടത്താന്‍ അനുമതി ലഭിക്കും. അല്‍ശമാല്‍, അല്‍ഗശമിയ, സീലൈന്‍, റാസ് മത്ബക്, അറദ, സിക്രീത്ത്, അല്‍ നഗ്‌യാന്‍, അല്‍ കറാന, അഷര്‍ജി, ഉം അല്‍ മാ എന്നീ സഥലങ്ങളിലാണ് അനുമതി.

രണ്ടാഘട്ടം ഒക്ടോബര്‍ 14നാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇവര്‍ക്ക് ഓക്ടോബര്‍ 16 മുതല്‍ ക്യാമ്പ് ചെയ്യാനുള്ള അനുമതി ലഭിക്കും. അല്‍റീം റിസര്‍വ്, അല്‍ മറൂന, അല്‍ മസുറാ, ഉം അല്‍ അഫഇ, അല്‍ ഹാഷിം, അബൂദലൗഫ്, അല്‍ സുബാറ, അല്‍ ഉദൈ, സൗത്ത് അല്‍ ഖറാജ്, അബു സംറ എന്നീ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്യാം.

മൂന്നാംഘട്ടം ഓക്ടോബര്‍ 18നാണ്, ഇവര്‍ക്ക് ഒക്ടോബര്‍ 20 മുതല്‍ ക്യാമ്പ് അനുമതി ലഭിക്കും. റൗദത് റഷിദ്, റൗദത് അയിഷ, അല്‍ ഖോര്‍, അല്‍വാബ്, മുഖിത്‌ന, അല്‍ഗരിയ, അല്‍ മുഫൈര്‍, റാസ് അല്‍ നൗഫ്, അല്‍ അദുരിയ, അല്‍ സന, വെസ്റ്റ് അല്‍ റയിസ് തുടങ്ങിയ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്യാന്‍ സാധിക്കും.

നിങ്ങൾക്കും രജിസ്റ്റര്‍ ചെയ്യാം….. – www.mme.gov.qa

കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ പരോക്ഷമായി കടുത്ത വിമർശനം ഉന്നയിച്ച് ബോക്‌സിങ് താരം വിജേന്ദർ സിങ്. അദ്ദേഹം ഷെയർ ചെയ്ത ഒരു ട്വീറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ഇന്ത്യയിലെ ബിജെപി ഭരണം മുമ്പത്തെ നാസി ഭരണത്തോടാണ് വിജേന്ദർ ഉപമിക്കുനനത്. ഹിന്ദിയിലെഴുതിയ ട്വീറ്റ് സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്. ‘ജർമ്മനി പൂർണ്ണമായി നശിക്കുന്നതുവരെ ഹിറ്റ്‌ലറിന്റെ ഓരോ പ്രവൃത്തിയെയും രാജ്യ സ്‌നേഹമായിട്ടായിരുന്നു അവിടുത്തെ ജനങ്ങൾ കണക്കാക്കിയിരുന്നത്’- അദ്ദേഹം ട്വീറ്റ് ചെയ്തു.

നേരത്തേ ഹാഥ്രാസിൽ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലും വിജേന്ദർ സർക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക ബില്ലിനെതിരെയും അദ്ദേഹം രംഗത്തെത്തിയിരുന്നു. ബില്ലിനെതിരെ രാജ്യവ്യാപകമായി അരങ്ങേറിയ ഭാരത് ബന്ദിന് വിജേന്ദർ പൂർണ പിന്തുണയും പ്രഖ്യാപിച്ചിരുന്നു.

മുമ്പ് യുപിയിൽ ബിജെപി എംഎൽഎ ഉൾപ്പെട്ട ഉന്നാവോ പീഡനക്കേസിലും ബിജെപിയേയും യോഗിസർക്കാരിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചിരുന്നു.

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ് നടി പ്രവീണ. സിനിമയ്‌ക്കൊപ്പം സീരിയലിലും സജീവമായി നില്‍ക്കുന്ന താരത്തിന് ആരാധകരും കുറവല്ല. ഇപ്പോള്‍ താരം സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. തിരക്കേറിയ റോഡിലൂടെ ട്രക്ക് പായിക്കുന്ന താരത്തിന്റെ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

തിരക്കുള്ള റോഡിലൂടെ മഹീന്ദ്രയുടെ ആറുചക്രവാഹനം കൂളായി ഓടിച്ച് പോകുന്ന പ്രവീണയുടെ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘കൊച്ചു കൊച്ചു വല്യകാര്യങ്ങള്‍’ എന്ന നടിയുടെ സ്വന്തം യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചിക്കുന്നത്.

ഇതിനോടകം 2.8 ലക്ഷം കാഴ്ചക്കാരെ വീഡിയോക്ക് ലഭിച്ചു കഴിഞ്ഞു. കൂളിങ് ഗ്ലാസും മാസ്‌കും ധരിച്ച് നല്ല സ്‌റ്റൈലായിട്ടായിരുന്നു താരത്തിന്റെ യാത്ര. പൊട്ടിപൊളിഞ്ഞുകിടക്കുന്ന റോഡിലൂടെ ഈ വണ്ടി ഓടിക്കുന്നത് അത്ര സുഖകരമായ കാര്യം അല്ലെന്നും നടി പറയുന്നു. 2013 ഓണക്കാലത്ത് വാങ്ങിയ മഹീന്ദ്രയുടെ ലോഡ്കിങ്ങിലായിരുന്നു പ്രവീണയുടെ സവാരി. സംഭവം ഇതിനോടകം വൈറലായി കഴിഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത് 72 മണിക്കൂറിനുള്ളില്‍ ഹിമാചല്‍ പ്രദേശിലെ അടല്‍ തുരങ്കപാതയില്‍ സംഭവിച്ചത് മൂന്ന് അപകടങ്ങള്‍. അപകടദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് ബി.ആര്‍.ഒ.(ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍) ചീഫ് എന്ജിനീയര്‍ ബ്രിഗേഡിയര്‍ കെ.പി. പുരുഷോത്തമനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒക്ടോബര്‍ മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി തുരങ്കപാത ഉദ്ഘാടനം ചെയ്തത്. ഒരുദിവസം തന്നെയാണ് മൂന്ന് അപകടങ്ങളും നടന്നതെന്നും ഇവ സി.സി.ടി.വി.യില്‍ പതിഞ്ഞിട്ടുണ്ടെന്നും പുരുഷോത്തമന്‍ വ്യക്തമാക്കി. ഗതാഗത നിയമങ്ങള്‍ പൂര്‍ണമായി അവഗണിച്ച്, വിനോദസഞ്ചാരികളും യാത്രികരും വാഹനങ്ങള്‍ ഓടിക്കുന്നതിനിടെ സെല്‍ഫി എടുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുരങ്കപാതയ്ക്കുള്ളില്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ ആര്‍ക്കും അനുമതിയില്ലെന്നും പുരുഷോത്തമന്‍ വ്യക്തമാക്കി. പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികളുടെ തുരങ്കത്തിനുള്ളിലെ അപകടകരമായ വാഹനമോടിക്കല്‍ തടയാന്‍, ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ പൂര്‍ത്തിയായതിനു ശേഷം തുരങ്കപാതയ്ക്കുള്ളില്‍ ട്രാഫിക് പോലീസിനെ വിന്യസിക്കണമെന്ന് അഭ്യര്‍ഥിച്ചതായും പുരുഷോത്തമന്‍ കൂട്ടിച്ചേര്‍ത്തു.

അടല്‍ തുരങ്ക പാത നിലവില്‍ വന്നതോടെ മണാലിയില്‍നിന്ന് ലേയിലേക്കുള്ള ദൂരം 46 കിലോമീറ്റര്‍ കുറഞ്ഞിട്ടുണ്ട്. നാലു മുതല്‍ അഞ്ചു മണിക്കൂര്‍ സമയം കൊണ്ട് എത്തിച്ചേരുകയുമാകാം. തുരങ്ക പാത ഉദ്ഘാടനം ചെയ്തതിനു പിന്നാലെ നൂറുകണക്കിന് ആളുകളാണ് ഇവിടേക്ക് എത്തുന്നത്.

മലയാള സിനിമയിൽ ക്യാരക്ടർ റോളുകളിലൂടെ ഒരു കാലത്ത് ശ്രദ്ധ നേടിയ വ്യക്തിയാണ് ഇബ്രാഹിംകുട്ടി. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സഹോദരൻ എന്ന നിലയിലാണ് മലയാളികൾക്ക് ഇദ്ദേഹത്തെ കൂടുതൽ അറിയുക. ഇബ്രാഹിംകുട്ടിയുടെ യൂ ട്യൂബ് വ്ലോകും ഏറെ ശ്രദ്ധേയമായാണ്. ഇബ്രുസ് ഡയറി ബൈ ഇബ്രാഹിംകുട്ടി എന്ന യൂ ട്യൂബ് ചാനലിൽ വളരെ രസകരമായ വീഡിയോകളാണ് അദ്ദേഹം ചെയ്യാറുള്ളത്. പുതിയ എപ്പിസോഡിൽ മലയാളത്തിലെ കംപ്ലീറ്റ് ആക്ടർ എന്ന് സിനിമ പ്രേമികളും ആരാധകരും വിശേഷിപ്പിക്കുന്ന മോഹൻലാലിനെ കുറിച്ചാണ് വിഡിയോ ചെയ്തിരിക്കുന്നത്. ഒരു എപ്പിസോഡ് പൂർണ്ണമായും മോഹൻലാലിനെ കുറിച്ചും അദ്ദേഹത്തിനോടൊപ്പം ചിലവഴിച്ച നിമിഷങ്ങളിൽ ലഭിച്ച അനുഭവങ്ങളും ഇബ്രാഹിംകുട്ടി തുറന്ന് പറയുന്നുണ്ട്.

മോഹൻലാലിന്റെ വ്യക്തിത്വവും കുട്ടിത്തം മാറാത്ത ഭാവങ്ങളും ഏതൊരു വ്യക്തിയെ സ്വാധീനിക്കുമെന്ന് ഇബ്രാഹിംകുട്ടി വ്യക്തമാക്കി. നരസിംഹത്തിലെ മോഹൻലാലിനെക്കാൾ നാടോടികാറ്റിലെ മോഹൻലാലിനെ ആയിരിക്കും പലർക്കും ഇഷ്ടമെന്ന് അദ്ദേഹം പറയുകയുണ്ടായി. ക്ലൈമാക്സ് കാണാത്ത ഒരുപാട് മോഹൻലാൽ ചിത്രങ്ങൾ ഉണ്ടെന്നും ക്ലൈമാക്സിലെ കഥാപാത്രത്തിന്റെ പ്രകടനം കണ്ട് സങ്കടം വരും എന്ന് അറിയുന്നത്കൊണ്ടാണ് താൻ അത് കാണാത്തതെന്നും ഇബ്രാഹിംകുട്ടി വ്യക്തമാക്കി. മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചു അഭിനയിച്ച ഒരുപാട് ചിത്രങ്ങളുടെ ലൊക്കേഷനിൽ പോകാൻ തനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. മോഹൻലാൽ നമ്മുടെ അടുത്ത് വന്നിട്ട് പോയാൽ ഒരു പ്രെസൻസ് കുറെ നേരത്തേക്ക് ഫീൽ ചെയ്യുമെന്നും ഒരുപാട് പോസിറ്റീവ് എനർജി നൽകുമെന്നും മമ്മൂട്ടി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഇബ്രാഹിംകുട്ടി വ്യക്തിമാക്കി.

മമ്മൂട്ടി ഷൂട്ട് കഴിഞ്ഞു വീട്ടിൽ വരുമ്പോൾ ബാപ്പ സിനിമകളുടെ വിശേഷങ്ങൾ ചോദിക്കാതെ മോഹൻലാൽ കൂടെ ഉണ്ടായിരുന്നോ എന്നും അവന്റെ വീട്ടിലും ഇതുപോലെ അച്ഛനും അമ്മയും അവനെ കാത്തിരിപ്പുണ്ടായിരിക്കുമല്ലേ എന്ന് പലപ്പോഴായി പറയാറുണ്ടെന്ന് ഇബ്രാഹിംകുട്ടി തുറന്ന് പറയുകയുണ്ടായി. ഭഗവാൻ എന്ന സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മുന്നിൽ നിന്ന് അഭിനയിക്കാൻ ഒരു ചമ്മൽ ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടനെല്ലൂർ (തൃശൂർ) ∙ ഡന്റൽ ക്ലിനിക് നടത്തിയിരുന്ന ഡോ. സോന (30) കുത്തേറ്റു മരിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഒപ്പം താമസിച്ചിരുന്ന പാവറട്ടി സ്വദേശി മഹേഷാണ് അറസ്റ്റിലായത്. മൂവാറ്റുപുഴ വലിയകുളങ്ങര ജോസിന്റെ മകൾ ഡോ. സോനയ്ക്കു ചൊവ്വാഴ്ചയാണു ക്ലിനിക്കിൽ കുത്തേറ്റത്. ബന്ധുക്കളും മഹേഷിന്റെ സുഹൃത്തുക്കളും നോക്കിനിൽക്കെയാണു സംഭവം. വയറ്റിലും അടിവയറ്റിലും കുത്തേറ്റ സോനയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയെങ്കിലും ഞായറാഴ്ച രാവിലെ ആശുപത്രിയിൽ മരിച്ചു.

പഠന ശേഷം അങ്കമാലി ഭാഗത്തുള്ള ഒരാളെ വിവാഹം കഴിച്ചെങ്കിലും രണ്ടു വർഷം കഴിഞ്ഞപ്പോൾ ഭർത്താവുമായി സോന അകന്നു. തുടർന്ന് വിദേശത്ത് ഉൾപ്പെടെ സോന ജോലി ചെയ്തെങ്കിലും മഹേഷ് സൗഹൃദം സ്ഥാപിച്ച് നാട്ടിൽ കൊണ്ടുവരികയായിരുന്നു. മഹേഷിന്റെ നിർബന്ധത്തിനാണ് കുട്ടനല്ലൂരിൽ ഡന്റൽ ക്ലിനിക് ആരംഭിച്ചത്. അതിനുള്ള സ്ഥലം കണ്ടു പിടിച്ചതടക്കം സഹായങ്ങൾ ചെയ്തത് മഹേഷായിരുന്നു. തൃശൂർ കുരിയച്ചിറയിൽ ഇരുവരും ഒരുമിച്ച് താമസിക്കുകയുമായിരുന്നു. ഭാര്യയും ഭർത്താവുമാണ് എന്നാണ് ഇവർ പറഞ്ഞിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ പഠിക്കുന്ന കാലം മുതൽ മഹേഷുമായി സൗഹൃദത്തിലായിരുന്നു സോന. ഒരു കൂട്ടുകാരിയുടെ ബന്ധുവാണ് മഹേഷ് എന്നാണു വിവരം.

ക്ലിനിക് നടത്തിപ്പിന് സൗകര്യം ഒരുക്കിയത് മഹേഷാണെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുമിച്ച് താമസിക്കുന്ന വിവരം സോന വീട്ടിൽ അറിയിച്ചിരുന്നില്ല. എതിർത്താൽ ഇക്കാര്യങ്ങൾ വീട്ടിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇക്കാലമത്രയും കൂടെ താമസിപ്പിച്ചതും പണം തട്ടിയെടുത്തതുമെന്നാണ് ബന്ധുക്കൾ പറയുന്നത്. ക്ലിനിക്കിലെ വരുമാനം മുഴുവൻ കഴിഞ്ഞ ഒരു വർഷമായി മഹേഷ് തട്ടിയെടുക്കുയായിരുന്നു. 2018 -19 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം ലഭിച്ച 22 ലക്ഷം രൂപ മഹേഷ് തട്ടിയെടുത്തിരുന്നു.

ഒരാഴ്ച മുമ്പാണ് മൂവാറ്റുപുഴ സ്വദേശിയായ ഡോക്ടർ സോനയെ സുഹൃത്തായ മഹേഷ് കുത്തി പരിക്കേൽപ്പിച്ചത്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സോന മഹേഷിനെതിരേ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതനായാണ് മഹേഷ് ക്ലിനിക്കിലെത്തി സോനയെ ആക്രമിച്ചത്. മാരകമായി പരിക്കേറ്റ സോന ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞദിവസമാണ് മരിച്ചത്. ദന്തഡോക്ടറായ സോന കോളേജ് പഠനകാലത്താണ് പാവറട്ടി സ്വദേശിയായ മഹേഷുമായി പരിചയപ്പെടുന്നത്. പിന്നീട് കുട്ടനെല്ലൂരിൽ ക്ലിനിക്ക് ആരംഭിച്ചപ്പോൾ സ്ഥാപനത്തിലെ ഇന്റീരിയർ ഡിസൈനിങ് ജോലികളും മഹേഷിനെ ഏൽപ്പിച്ചു. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്ന സോന കുരിയാച്ചിറയിലെ ഫ്ളാറ്റിൽ മഹേഷിനൊപ്പം താമസവും തുടങ്ങി. ഇതിനുപിന്നാലെയാണ് മഹേഷ് സോനയിൽനിന്ന് പലതവണയായി ലക്ഷങ്ങൾ കൈക്കലാക്കിയത്. തുടക്കത്തിൽ ഇന്റീരിയർ ഡിസൈനിങ് ജോലികളുടെ ചിലവെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്. പിന്നീട് ഭീഷണിയായി. ക്ലിനിക്കിലെ വരുമാനം മുഴുവൻ മഹേഷ് സ്വന്തമാക്കുകയും ക്ലിനിക്കിന്റെ നടത്തിപ്പിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.

പ്രശ്നങ്ങൾ രൂക്ഷമായതോടെയാണ് സോന പോലീസിൽ പരാതി നൽകിയത്. ബന്ധുക്കൾക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിന് പിന്നാലെ ക്ലിനിക്കിലേക്ക് തിരിച്ചെത്തി. ഇതിനിടെയാണ് മഹേഷ് ക്ലിനിക്കിലെത്തി സോനയെ ആക്രമിച്ചത്. കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് സോനയുടെ വയറിലും തുടയിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കാറിൽ രക്ഷപ്പെടുകയും ചെയ്തു. ഇയാളുടെ കാർ പിന്നീട് മറ്റൊരിടത്തുനിന്ന് പോലീസ് കണ്ടെടുത്തിരുന്നു.

അഗളി (പാലക്കാട്):ആനക്കട്ടി യിലെ കുട്ടി അദ്ധ്യാപിക അനാമിക സുധീറിന് യു.ആർ.എഫ് യൂത്ത് ഐക്കൺ അവാർഡ്. യൂ ആർ എഫ് ഏഷ്യൻ ജൂറി ഡോ. ജോൺസൺ .വി. ഇടിക്കുള മാധ്യമ പ്രവർത്തകനായ പ്രസാദ്, സാമൂഹ്യ പ്രവർത്തകയായ സുമ എന്നിവരുടെ ശിപാർശ പ്രകാരമാണ് യു ആർ എഫ് സി.ഇ.ഒ. സൗദീപ് ചാറ്റർജി,ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് എന്നിവരടങ്ങിയ സമിതി അവാർഡ് പ്രഖ്യാപിച്ചത്.

കോവിഡ് പ്രതിസന്ധി മൂലം പഠനം മുടങ്ങിയ കുട്ടികൾക്ക് ഓൺ ലൈൻ ക്ലാസ്സുകളാണ് ആശ്രയം. എന്നാൽ അട്ടപ്പാടി ആദിവാസി മേഖലയിൽ വൈദ്യുതിയും ഫേൺ റേഞ്ചും ഇല്ലാത്തതിനാൽ കുട്ടികളുടെ പഠനം വഴി മുട്ടി. ഇതിന് പരിഹാരം കണ്ടെത്താൻ ആനക്കട്ടിയിലെ അനാമികയും അനുജത്തി മൗലികയും കൂടി പഠന കേന്ദ്രം ആരംഭിച്ചു. വീടിനോട് ചേർന്ന് ഓല ഷെഡിൽ ആണ് “സ്മാർട്ട് ക്ലാസ്സ് ” ആരംഭിച്ചത്. തിരുവനനന്തപുരം നവോദയ വിദ്യാലയത്തിലെ എട്ടാം തരം വിദ്യാർത്ഥിനിയാണ് അനാമിക അനുജത്തി അഞ്ചിലും .
സ്കൂളിൽ നിന്ന് പഠിച്ച വിഷയങ്ങൾ സമീപത്തുള്ള കുട്ടികൾക്ക് പറഞ്ഞു കൊടുക്കാനാണ് പഠന കേന്ദ്രം തുറന്നത്. ഈ സ് കൂളിൽ പ്രവേശനത്തിന് ചില നിബന്ധനകൾ ഉണ്ട്. ഒൻപതു മുതൽ 12 വരെയാണ് ക്ലാസ്സ് . വിദ്യാർത്ഥികൾ കുളിച്ച് വൃത്തിയായി കൃത്യനിഷ്ഠയോടെ വരണം. മലയാളം, തമിഴ്, ഇംഗ്ലീഷ് , ജർമ്മൻ ഭാഷകൾ പഠിപ്പിക്കും. കഥകൾ, കവിതകൾ, വ്യായാമം, കളികൾ എല്ലാം ചേർന്നതാണ് ക്ലാസ്സുകൾ. ഒന്നാം ക്ലാസുമുതൽ ഏഴാം ക്ലാസ്സുവരെയുള്ള കുട്ടികളാണിവിടെയുള്ളത്. നാലു മാസം പിന്നിട്ടപ്പോൾ സ്കൂളിൽ 13 കുട്ടികൾ ഉണ്ട്.

പഠന കേന്ദ്രത്തിന്റെ വാർത്ത പുറലോകത്തെത്തിയതിനെ തുടർന്ന് അഗളി ബി.ആർ.സി യിലെ കോർഡിനേറ്റർ വി പി.വിജയന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെ നിരന്തരം സന്ദർശിക്കുകയും കുട്ടികളെ പേപ്പർ ബാഗ് പോലുള്ള സാധനങ്ങൾ നിർമ്മിക്കുന്നതിന് പരിശീലനം നൽകി വരുന്നു. വൈദ്യുത വകുപ്പിലെ എക്സിക്യൂട്ടിവ് എഞ്ചിനീയറായ ബിനോയിയുടെ ശ്രമഫലമായി വൈദ്യുതി ഓണസമ്മാനമായി ലഭിച്ചു. ഒറ്റപ്പാലം റോട്ടറി ക്ലബ് ടി വി യും എ.ഇ.ഒ അനിൽകുമാർ , തിരുവനന്തപുരം നവോദയ വിദ്യാലയം എന്നിവർ മൊബൽ ഫോണും നൽകി. അഗളി ആനക്കട്ടി ഇരുള കോളനിയി ലെ സുധീർ സജി ദമ്പതികളുടെ മക്കളാണ് അനാമികയും മൗലികയും.

പത്തനാപുരം ∙ പൊടി പറക്കുന്ന, പച്ചമണ്ണിന്റെ ഗന്ധം വിട്ടുമാറാത്ത തറയിൽ, പുൽപ്പായയിൽ ഉറങ്ങാൻ കിടന്ന കുരുന്ന് ഇന്നു ഗ്രാമത്തിന്റെ നോവാണ്. പിതൃസഹോദരിയുടെ മകൾക്കൊപ്പം മുത്തശ്ശിക്കഥകളും ചൊല്ലി ഉറങ്ങിയ 10 വയസ്സുകാരി ആദിത്യ മണ്ണിലലിഞ്ഞു. മാതാപിതാക്കളും രണ്ട് കുരുന്നുകളും ഉൾപ്പെടുന്ന കുടുംബത്തിന് മൺകട്ടയിൽ പൊതിഞ്ഞ ചുമരുകളും ടാർപോളിൻ വിരിച്ച മേൽക്കൂരയും ഒരു സംരക്ഷണവും നൽകുന്നില്ലെന്ന് അറിഞ്ഞിട്ടും സാങ്കേതികത്വം പറഞ്ഞ് മുഖം തിരിച്ചതാണ് അധികൃതർ.

പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് 1990ൽ നിർമിച്ചു നൽകിയ വീട് നല്ലൊരു കാറ്റടിച്ചാൽ നിലംപതിക്കുന്ന അവസ്ഥയിലാണ്. 2 മുറികളുള്ള വീട്ടിൽ നിലത്തു പായ വിരിച്ചാണ് ആദിത്യയും പിതൃസഹോദരീ പുത്രിയും ഉറങ്ങാൻ കിടന്നത്. പതിവില്ലാതെ പുലർച്ചെ എഴുന്നേറ്റ ആദിത്യ, തളർച്ചയിലേക്കു വീണുകൊണ്ടിരുന്നു. തോളെല്ലിലും കഴുത്തിനു പിന്നിലുമായി മുറിവിന്റെ പാടുകൾ കണ്ടെങ്കിലും തടിച്ചതു പോലെ തോന്നിയതിനാൽ ഉറുമ്പോ മറ്റോ ആണെന്നു കരുതി.

ഏഴു മണിയോടെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴാണു പാമ്പു കടിച്ചതാണെന്നു ബോധ്യമാകുന്നത്. വിദഗ്ധ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ നാട്ടുകാർ ആദിത്യ കിടന്ന മുറി പരിശോധിച്ചപ്പോഴാണു ഭിത്തിയോടു ചേർന്ന മാളത്തിൽ ഒളിച്ചിരുന്ന പാമ്പിനെ കണ്ടെത്തിയത്.

പഠിക്കാൻ മിടുക്കിയായിരുന്ന ആദിത്യ കൂട്ടുകാർക്കിടയിലെ താരമായിരുന്നു. ഇനി അവൾ കണ്ണീരോർമ. വിവിധ പദ്ധതികളിലായി 2 തവണ വീട് അനുവദിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാലാണു മുടങ്ങിയത്. നിലവിൽ പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെട്ട ഇവർക്കു വീട് ഉടൻ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

ഷെഹല ഷെറിന്നു പാമ്പുകടിയേറ്റതു ബത്തേരി സര്‍ക്കാര്‍ സർവജന സ്കൂളിലെ ക്ലാസ് മുറിയിൽ വെച്ചായിരുന്നു . അന്ന് ക്ലാസ് റൂമിൽ പാമ്പുകൾക്ക് കയറിക്കൂടാൻ പാകത്തിലുള്ള നിരവധി മാളങ്ങളാണ് കണ്ടെത്തിയത് . സമാന സാഹചര്യത്തിലാണ് ആദിത്യയ്ക്കും പാമ്പുകടിയേറ്റ ത്‌ . അത് സ്വന്തം വീട്ടിൽ നിന്നാണ് എന്ന് മാത്രം

സ്കൂളുകള്‍ തുറക്കാന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കി. മാതാപിതാക്കളുടെ രേഖാ മൂലമുള്ള അനുമതിയുണ്ടെങ്കില്‍ മാത്രം വിദ്യാര്‍ഥികള്‍ സ്കൂളില്‍ പോയാല്‍ മതി. ഹാജറിന്‍റെ കാര്യത്തില്‍ കടുംപിടുത്തമുണ്ടാകില്ല. വീട്ടിലിരുന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുവാദം നല്‍കും. ഈ മാസം 15 മുതല്‍ ഘട്ടംഘട്ടമായി സ്കൂള്‍ തുറക്കാനാണ് മാര്‍ഗരേഖ. സ്കൂളില്‍ അണുനശീകരണം നടത്തണം. ക്ലാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കണം. സാമൂഹിക അകലം പാലിച്ചായിരിക്കണം വിദ്യാര്‍ഥികളുടെ ഇരിപ്പിടങ്ങള്‍. സ്കൂളിലുള്ള മുഴുവന്‍ സമയവും വിദ്യാര്‍ഥികളും അധ്യാപകരും മറ്റു ജീവനക്കാരും മാസ്ക് ധരിക്കണം. സ്കൂളില്‍ പരിപാടികളും ചടങ്ങുകളും അനുവദിക്കില്ല. അടിയന്തരസാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കര്‍മസമിതികള്‍ രൂപീകരിക്കണം. തിരക്കൊഴിവാക്കാന്‍ കഴിയുംവിധം പിരീഡുകളും പരീക്ഷകളും ക്രമീകരിക്കണം. പാഠപുസ്തകങ്ങള്‍ സ്കൂള്‍ തുറക്കും മുന്‍പ് ലഭ്യമാക്കണം. സംസ്ഥാനങ്ങള്‍ക്ക് അവിടുത്തെ സാഹചര്യം അനുസരിച്ച് കൂടുതല്‍ മാര്‍ഗനിര്‍ദേശം തയ്യാറാക്കാമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved