അധിനിവേശ വെസ്റ്റ് ബാങ്കിനറെ പ്രധാന ഭാഗങ്ങളും ജോര്‍ദാന്‍ താഴ്വരയും ജൂണ്‍ ഒന്നിനകം പിടിച്ചെടുക്കുമെന്നായിരുന്നു ഇസ്രായേല്‍ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ വര്‍ഷം വീണ്ടും അധികാരമേറ്റയുടന്‍ പ്രഖ്യാപിച്ചത്. എന്നാല്‍, അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്ന ശക്തമായ വിയോജിപ്പുകളേയും, പലസ്തീന്‍ ജനതയുടെ പ്രധിരോധത്തെയും, കൊവിഡ് മഹാമാരിയെയും അതിജീവിച്ചുകൊണ്ട് ജൂത രാഷ്ട്രം വിപുലീകരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അങ്ങിനെ സംഭവിച്ചാല്‍ ശക്തമായ ‘പ്രത്യാഘാതങ്ങൾ’ ഉണ്ടാകുമെന്നായിരുന്നു ഫ്രാന്സിന്‍റെ മുന്നറിയിപ്പ്. അത്തരം നീക്കങ്ങളില്‍ നിന്നും പിന്മാറണം എന്നാവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഒരു ഇസ്രായേലി പത്രത്തില്‍ ലേഖനമെഴുതി.
എന്നും ‘ഇസ്രായേലിന്റെ കൂടെ നിന്നിട്ടുള്ള ആള്‍ എന്ന നിലയില്‍’ നിന്നുകൊണ്ടാണ് ജോണ്‍സണ്‍ ലേഖനം എഴുതിയത്. ഏതെങ്കിലും തരത്തിലുള്ള കൂട്ടിച്ചേര്‍ക്കല്‍ അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. 1967 ന് മുമ്പുള്ള അതിർത്തികളിൽ നിന്നും യാതൊരു മാറ്റവും യുകെ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേൽ കാബിനറ്റ് മന്ത്രിയും നെതന്യാഹുവിന്റെ വിശ്വസ്തനുമായ ഒഫിർ അകുനിസ് ആണ് കൂട്ടിച്ചേർക്കൽ പ്രക്രിയ ആരംഭിക്കില്ലെന്ന് സ്ഥിരീകരിച്ചത്. യുഎസുമായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍ ആണെന്നും, അതു പൂര്‍ത്തിയായ ശേഷം മാത്രമേ നടപടികള്‍ ആരംഭിക്കൂ എന്നും ഇസ്രായേലിന്റെ ആർമി റേഡിയോയിലൂടെ അദ്ദേഹം വ്യക്തമാക്കി.
ട്രംപ് മുന്നോട്ടു വച്ച മധ്യപൂർവദേശ രൂപരേഖ പ്രകാരമാണ് ഇസ്രായേല്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കാന്‍ ഒരുങ്ങുന്നത്. വെസ്റ്റ് ബാങ്കിന്റെ 30% ഇസ്രയേലിന്റെ ഭാഗമാക്കുകയും ബാക്കി ഭാഗം പലസ്തീന്റെ പരമാധികാരത്തിൽ വിട്ടുനൽകുകയും ചെയ്യുക എന്നതാണ് ജനുവരിയിൽ ട്രംപ് മുന്നോട്ടു വച്ച ആശയം. ഇത് പലസ്തീൻ തള്ളിക്കളഞ്ഞതാണ്. ലോകരാജ്യങ്ങളെല്ലാം ഒരേ പോലെ എതിര്‍ക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ജൂലൈയിൽ കൂട്ടിച്ചേര്‍ക്കല്‍ പുനരാരംഭിക്കനാകും എന്ന പ്രതീക്ഷ ഒഫിർ അകുനിസ് പങ്കുവെച്ചു.
സൂപ്പര്‍ഹിറ്റ് ചിത്രം ‘കൈദി’ക്ക് ശേഷം ലോകേഷ് കനകരാജ്-വിജയ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘മാസ്റ്റര്‍’. ചിത്രത്തില്‍ വില്ലനായി എത്തുന്നത് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ്. ഇപ്പോഴിതാ ചിത്രത്തില്‍ താന്‍ അവതരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. ഒരു സൂം അഭിമുഖത്തിലാണ് തന്റെ കഥാപാത്രത്തെ കുറിച്ച് താരം മനസ് തുറന്നത്.
വില്ലത്തരത്തിന്റെ ആള്‍രൂപമാണ് ചിത്രത്തിലെ ആ കഥാപാത്രമെന്നാണ് വിജയ് സേതുപതിയുടെ വിലയിരുത്തല്‍. ‘മാസ്റ്ററില്‍ ഞാന്‍ ഒരു വില്ലനാണ്. ഒരു കൊടും വില്ലനാണ് ആ കഥാപാത്രം. തിന്മയുടെ ആള്‍രൂപം. അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു’ എന്നാണ് താരം അഭിമുഖത്തില്‍ പറഞ്ഞത്.
വിജയിയുടെ വില്ലനായി ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത് കൊണ്ടും ‘കൈദി’യുടെ ഗംഭീര വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും പ്രഖ്യാപനസമയം മുതലേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം കൂടിയാണ് ‘മാസ്റ്റര്‍’. മാളവിക മോഹന്‍ ആണ് ചിത്രത്തിലെ നായിക.
ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ, ബ്രിഗദ, ഗൗരി കിഷന്‍, അര്‍ജുന്‍ ദാസ്, ആന്റണി പെപ്പേ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
കോവിഡ് 19 വൈറസ് ബാധിച്ച് ഡല്‍ഹിയില്‍ കന്യാസ്ത്രീ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ കൂടി മരിച്ചു. സിസ്റ്റര്‍ അജയമേരി, തങ്കച്ചന്‍ മത്തായി എന്നിവരാണ് മരിച്ചത്. എഫ്‌ഐഎച്ച് ഡല്‍ഹി പ്രൊവിന്‍സിലെ പ്രൊവിന്‍ഷ്യാള്‍ ആയിരുന്നു സിസ്റ്റര്‍ അജയമേരി.
പത്തനംതിട്ട പന്തളം സ്വദേശിയാണ് കോവിഡ് ബാധിച്ച് മരിച്ച തങ്കച്ചന്‍ മത്തായി. 65 വയസായിരുന്നു. വൈറസ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞദിവസമാണ് രോഗം മൂര്‍ച്ഛിച്ചത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. രോഗബാധിതരുടെ എണ്ണം 89000 കവിഞ്ഞു. മരണം 2800ഉം കടന്നു. അതേസമയം ഡല്‍ഹിയില്‍ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുന്നിലെത്തി. 66.08 ശതമാനം പേര്‍ക്കാണ് രോഗം മാറിയത്.
എന്നാല്‍ ഡല്‍ഹിയില്‍ കോവിഡ് സാഹചര്യങ്ങള്‍ മാറുന്നുവെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറയുന്നത്. ജൂണ്‍ 30 കഴിയുമ്പോള്‍ 60000 കോവിഡ് ആക്ടീവ് കേസുകള്‍ പ്രതീക്ഷിച്ചെങ്കില്‍ അത് 26,000 ആക്കി കുറയ്ക്കാന്‍ സാധിച്ചുവെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി.
കൊവിഡാണെന്ന ഭീതിയിൽ കുഴഞ്ഞുവീണയാളെ സഹായിക്കാതെ നാട്ടുകാർ. ഒരു മണിക്കൂറിലേറെ ചികിത്സ വൈകിയതിനെത്തുടർന്ന് നഗരമധ്യത്തിൽ കുഴഞ്ഞുവീണ വയോധികൻ ആശുപത്രിയിലെത്തും മുമ്പ് മരിച്ചു. വൈക്കം സ്വദേശി തങ്കപ്പനാണ് മരിച്ചത്. കുഴഞ്ഞുവീണ ഇദ്ദേഹത്തെ സ്വകാര്യ വാഹനങ്ങളിൽ കയറ്റാൻ പലരും മടിക്കുകയായിരുന്നു. തുടർന്ന് ചികിത്സ ലഭിക്കാതെ ഒരുമണിക്കൂറോളം റോഡിൽ കിടന്നശേഷമാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ലഭിച്ചത്.
ഒരുമണിക്കൂറിനു ശേഷമെത്തിയ സ്വകാര്യ ട്രസ്റ്റിന്റെ ആംബുലൻസിൽ തങ്കപ്പനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഇദ്ദേഹം കെഎസ്ആർടിസി സ്റ്റാൻഡിൽ തീയ്യേറ്റർ റോഡിനോട് ചേർന്ന് കുഴഞ്ഞുവീണത്.
മതിലിനോട് ചേർന്ന് നിൽക്കുന്നതിനിടെ മുഖമടിച്ച് വീഴുകയായിരുന്നു. യാത്രക്കാർ അറിയിച്ചതനുസരിച്ച് കൺട്രോൾ റൂമിൽനിന്ന് പോലീസെത്തിയെങ്കിലും ആംബുലൻസ് ലഭിച്ചില്ല. അഗ്നിരക്ഷാസേനയെ അറിയിച്ചെങ്കിലും കൊവിഡിന്റെ പേരുപറഞ്ഞ് എത്താൻ കഴിയില്ലെന്ന് അറിയിച്ചു. പോലീസും യാത്രക്കാരും പല ആംബുലൻസുകാരെയും വിളിച്ചിട്ടും കൊവിഡ് ഭീതിയിൽ ആരും വരാൻ തയാറായില്ല.
ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ മുംബൈ പോലീസ് ചോദ്യം ചെയ്‌തേയ്ക്കും. ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി സമന്‍സ് അയച്ചേയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ബന്‍സാലിയുടെ രണ്ട് ചിത്രങ്ങളില്‍ സുശാന്തിനെ നായകനായി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ പിന്നീട് ഈ വേഷങ്ങളില്‍ നിന്ന് താരം ഒഴിവാക്കപ്പെട്ടു. സിനിമകളില്‍ നിന്നുള്ള ഇത്തരം മാറ്റി നിര്‍ത്തലുകളും മറ്റുമാണ് സുശാന്തിനെ വിഷാദത്തിലേക്കും തുടര്‍ന്ന് ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പ്രധാനമായും ഉയര്‍ന്ന് വന്നിരുന്ന ആരോപണം. ഇതിന്റെ ഭാഗമായാണ് ബന്‍സാലിയെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.
അതേസമയം, യഷ് രാജ് ഫിലിംസിലെ കാസ്റ്റിംദ് ഡയറക്ടറായ ഷാനു ശര്‍മ്മയെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ജൂണ്‍ 28 ന് നേരത്തെ ഷാനുവിനെ ചോദ്യം ചെയ്തിരുന്നു. ആദിത്യ ചോപ്രയുടെ ബ്യോംകേഷ് ബക്ഷിയിലും ശുദ്ധ ഡെസി റൊമാന്‍സിലും ഷാനു ഉണ്ടായിരുന്നു. നടി കങ്കണ റാവത്തിനേയും സംവിധായകന്‍ ശേഖര്‍ കപൂറിനേയും മൊഴി രേഖപ്പെടുത്താനായി പോലീസ് വിളിപ്പിക്കും.
സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഏറ്റവുമധികം പേര്‍ രോഗമുക്തരായ ദിനമാണിന്ന്. ചികിത്സയിലിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പത്തനംതിട്ട ജില്ലയില്‍ 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 18 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 16 പേര്‍ക്കും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 9 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ എട്ട് പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ ഏഴ് പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ അഞ്ച് പേര്‍ക്കും, വയനാട് ജില്ലയില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. യുഎഇ- 27, കുവൈറ്റ്- 21, ഒമാന്‍- 21, ഖത്തര്‍- 16, സൗദി അറേബ്യ- 15, ബഹറിന്‍- നാല്, മാള്‍ഡോവ- ഒന്ന്, ഐവറി കോസ്റ്റ്- ഒന്ന് എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. ഡല്‍ഹി- 13, മഹാരാഷ്ട്ര-10, തമിഴ്‌നാട്- എട്ട്, കര്‍ണാടക- ആറ്, പഞ്ചാബ്- ഒന്ന്, ഗുജറാത്ത്- ഒന്ന്, പശ്ചിമബംഗാള്‍- ഒന്ന് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.
14 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയില്‍ അഞ്ച് പേര്‍ക്കും തിരുവനന്തപുരം, എറണാകുളം ജില്ലയില്‍ നാല് പേര്‍ക്ക് വീതവം കോട്ടയം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
മലപ്പുറം ജില്ലയില്‍ 57 പേരുടെയും (പാലക്കാട്-1), പാലക്കാട് ജില്ലയില്‍ 53 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ 23 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ 15 പേരുടേയും, കണ്ണൂര്‍ ജില്ലയില്‍ 14 പേരുടെയും (കാസര്‍ഗോഡ്-8), ഇടുക്കി ജില്ലയില്‍ 13 പേരുടെയും, എറണാകുളം ജില്ലയില്‍ 11 പേരുടെയും (ആലപ്പുഴ 1), തൃശൂര്‍ ജില്ലയില്‍ 8 പേരുടെയും, ആലപ്പുഴ ജില്ലയില്‍ 7 പേരുടെയും, കോട്ടയം ജില്ലയില്‍ ഒരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2,088 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 2,638 പേര്‍ ഇതുവരെ കോവിഡ് മുക്തരായി.
വിവിധ ജില്ലകളിലായി 1,78,099 പേരാണ് നിരീക്ഷണത്തിലുള്ളത്. 18,790 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരില്‍ 1,75,111 പേര്‍ വീട്/ഇന്‍സ്‌റ്റിറ്റ‌്യൂഷണൽ ക്വാറന്റെെനിലും 2,988 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 403 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,589 സാംപിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാംപിൾ, ഓഗ്‌മെന്റഡ് സാംപിൾ, സെന്റിനൽ സാംപിൾ, പൂള്‍ഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,46,799 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 4,722 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 52,316 സാംപിളുകൾ ശേഖരിച്ചതില്‍ 50,002 സാപിളുകൾ നെഗറ്റീവ് ആയി.
ഇന്ന് മൂന്ന് പുതിയ ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ (കണ്ടെയ്‌ൻമെന്റ് സോണ്‍ വാര്‍ഡുകള്‍: 3, 26, 31), കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോര്‍പ്പറേഷൻ (56, 62, 66), ഒളവണ്ണ (9) എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകൾ.
മൂന്ന് പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ (എല്ലാ വാര്‍ഡുകളും), കീഴല്ലൂര്‍ (4 സബ് വാര്‍ഡ്), പാലക്കാട് ജില്ലയിലെ ആനക്കര (13) എന്നിവയെയാണ് കണ്ടെയ്‌ൻമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ 123 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്.
‘മദ്രാസിലെ മോൻ’– കേരളം ഒരുകാലത്തു പേടിച്ചുവിറച്ച പ്രയോഗമായിരുന്നു ഇത്. കരിക്കൻ വില്ല കൊലക്കേസിലെ മുഖ്യപ്രതി റെനി ജോർജിന്റെ വിളിപ്പേര്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട റെനി പൂജപ്പുര സെൻട്രൽ ജയിലിൽനിന്നു പരോളിലിറങ്ങി എന്നറിഞ്ഞപ്പോൾ തിരുവല്ലയിലെ കുടിലിലിരുന്നു ഗൗരി പേടിച്ചുവിറച്ചു. കരിക്കൻ വില്ല ദമ്പതികൾ കൊല്ലപ്പെട്ട കേസിലെ പ്രതികളെ കണ്ടെത്തുന്നതിനു നിർണായക സാക്ഷിമൊഴി നൽകിയയാളാണു മഞ്ഞാടി പൂതിരിക്കാട്ട് മലയിൽ ഗൗരി (ഗൗരിയമ്മ– 98). കഴിഞ്ഞദിവസം അന്തരിച്ച ഗൗരിയമ്മ, കരിക്കൻ വില്ലയിലെ ജോലിക്കാരി ആയിരുന്നു. കൊച്ചുമകൾ മിനിയുടെ വസതിയിലായിരുന്നു അന്ത്യം.
1980 ഒക്‌ടോബർ 6ന് മീന്തലക്കര ക്ഷേത്രത്തിനു സമീപം കരിക്കൻവില്ലയിൽ കെ.സി.ജോർജ് (63), ഭാര്യ റേച്ചൽ (കുഞ്ഞമ്മ–56) എന്നിവർ കൊല്ലപ്പെട്ടത് കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു. ഒരുനാൾ പകരം ചോദിക്കാൻ റെനി തന്റെ വീട്ടിൽ എത്തുമെന്ന് ഗൗരി ഭയപ്പെട്ടു. റെനി പക്ഷേ, ഒരിക്കലും ഗൗരിയോടു പകരം ചോദിക്കാൻ പോയില്ല. എന്നാൽ ഏറെക്കാലത്തിനുശേഷം കണ്ടുമുട്ടിയപ്പോൾ പകരമായി ഒന്നു ചോദിച്ചു, ഗൗരിയുടെ പ്രിയപ്പെട്ട യജമാനത്തിയെ കൊന്നതിനു മാപ്പ് ! തന്റെ പാപപരിഹാരത്തിനായി പ്രാർഥിക്കാൻ അപേക്ഷിക്കുകയും ചെയ്തു. കേരളത്തെ ചോരയാൽ വിറപ്പിച്ചൊരാൾ മാനസാന്തരപ്പെട്ടു ദൈവവഴിയിൽ എത്തിയ കഥ കൂടിയാണു കരിക്കൻ വില്ല പറയുന്നത്.
കരിക്കൻവില്ല ഇപ്പോൾ ശാന്തമാണ്; കൊലപാതകത്തിന്റെ രക്‌തമണം വിട്ടകന്നിരിക്കുന്നു. പക്ഷേ, ‘മദ്രാസിലെ മോനും’ കൂട്ടുകാരും അവിടെ ചെയ്‌ത അരുംകൊല തിരുവല്ല മീന്തലക്കര ഗ്രാമത്തിന് ഇന്നും നടുക്കുന്ന ഓർമയാണ്. മധ്യതിരുവിതാംകൂറിനെ ഞെട്ടിച്ച സംഭവമാണത്. ഏറെക്കാലം കുവൈത്തിൽ ജോലിചെയ്‌തു ലക്ഷങ്ങളുടെ സമ്പാദ്യവുമായി നാട്ടിലെത്തിയതാണു മക്കളില്ലാത്ത ദമ്പതികൾ. പുറംലോകവുമായി ഇവർ ഏറെ ബന്ധപ്പെട്ടിരുന്നില്ല. രാവിലെ വീട്ടുജോലിക്കെത്തിയ ഗൗരിയാണു ജോർജിനെയു റേച്ചലിനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും കുത്തേറ്റിരുന്നു. കത്തി റേച്ചലിന്റെ വയറ്റിൽ തറച്ചിരുന്നു. മേശപ്പുറത്തു നാലു ചായക്കപ്പുകളുണ്ടായിരുന്നു.
റേച്ചലിന്റെ ആഭരണങ്ങൾ, ജോർജിന്റെ റോളെക്‌സ് വാച്ച്, ടേപ്പ് റിക്കോർഡർ, പണം എന്നിവ അപഹരിക്കപ്പെട്ടിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്‌ഥലത്തുനിന്നും അന്വേഷണ സംഘത്തിനു ലഭിച്ച ഏകസൂചന കൊല നടന്ന വീടിനുള്ളിൽ വാരിവലിച്ചിട്ടിരുന്ന രക്തം പുരണ്ട കടലാസുകളിൽ പതിഞ്ഞ പുത്തൻ ഷൂസിന്റെ അവ്യക്തമായ പാടുകളാണ്. ഗൗരിയെ പൊലീസ് ചോദ്യം ചെയ്‌തപ്പോൾ തലേന്നു വൈകിട്ടു താൻ ജോലികഴിഞ്ഞു പോകാൻ തുടങ്ങുമ്പോൾ നാലുപേർ കാറിൽ വന്നിരുന്നെന്നും വന്നവർക്കു ചായയുണ്ടാക്കാൻ റേച്ചൽ പറഞ്ഞതായും ഗൗരി അറിയിച്ചു. റേച്ചൽ തന്നെയാണു ചായ കൊണ്ടുപോയി കൊടുത്തത്. ‘മദ്രാസിലെ മോൻ’ ആണു വന്നതെന്നു റേച്ചൽ തന്നോടു പറഞ്ഞിരുന്നതായി ഗൗരി വെളിപ്പെടുത്തി. ഈ മൊഴിയാണ് കേസിനു തുമ്പുണ്ടാക്കിയത്.
കൊല്ലപ്പെട്ട ജോർജിന്റെ ഒരു ബന്ധു മദ്രാസിൽ പഠിക്കുന്നുണ്ടായിരുന്നു – റെനി ജോർജ്. ആ യുവാവും മൗറീഷ്യസ് സ്വദേശി ഹസൻ ഗുലാം മുഹമ്മദ്, മലേഷ്യൻ സ്വദേശി ഗുണശേഖരൻ, കെനിയക്കാരനായ കിബ്‌ലോ ദാനിയൽ എന്നീ കൂട്ടുകാരുമാണു പ്രതികളെന്നു വ്യക്‌തമായി. റെനിയും ഹസനും ആദ്യം പൊലീസ് പിടിയിലായി. ഗുണശേഖരനെ തൊട്ടടുത്ത ദിവസം കിട്ടി. രക്ഷപ്പെടാൻ കിണഞ്ഞു ശ്രമിച്ച കിബ്‌ലോ, പറ്റാതെ വന്നപ്പോൾ കീഴടങ്ങി. മദ്രാസിൽ എയ്‌റോനോട്ടിക്കൽ എൻജിനീയറിങ് വിദ്യാർഥികളായിരുന്നു ഇവർ. മദ്യത്തിനും ലഹരിമരുന്നിനും അടിമകളായിരുന്നു. പണമുണ്ടാക്കാൻ ചെറിയ മോഷണങ്ങളും നടത്തിവന്നിരുന്നതായി പൊലീസ് കണ്ടെത്തി. പണം തട്ടാനാണു സുഹൃത്തുക്കളെയും കൂട്ടി റെനി ചെന്നൈയിൽനിന്നു കാറോടിച്ചു തിരുവല്ലയിലെത്തി കൊല നടത്തിയത്.
കരിക്കൻവില്ലയിലെ പകൽജോലിക്കാരി ഗൗരിയുടെ വൈകിവന്ന മൊഴിയിലെ ഒരു വാചകമാണ് പിന്നെ പൊലീസിനെ നയിച്ചത്. ‘രക്തം പുരണ്ട കടലാസിൽ പതിഞ്ഞ ഈ ഷൂസിന്റെ അടയാളത്തിൽ നിന്നാണു കേസിലെ മുഖ്യ പ്രതി റെനി ജോർജ് കൊലപാതകം നടന്നു പത്താം ദിവസം പിടിയിലായത്. 1980 ഒക്ടോബറിലാണു തിരുവല്ലയിൽ ദമ്പതികൾ കൊല്ലപ്പെട്ടത്. അന്നു ഞാൻ ചെങ്ങന്നൂർ എഎസ്പിയായിരുന്നു. കേസിന്റെ അന്വേഷണ ചുമതല എനിക്കും മേൽനോട്ടം അന്നത്തെ എസ്പി ടി.പി.ഗോപിനാഥനും. വീടിനുള്ളിൽ വാരിവലിച്ചിട്ടിരുന്ന രക്തം പുരണ്ട കടലാസുകളിൽ ഷൂസിന്റെ പാടുകൾ ശേഷിച്ചിരുന്നു.
അതിന്റെ ചിത്രമെടുത്ത് പ്രദേശത്തെ എല്ലാ ചെരിപ്പുകടകളിലും കാണിച്ചെങ്കിലും അവിടെങ്ങും ആ രീതിയിലുള്ള ഷൂസ് ഇല്ലെന്നു മനസ്സിലായി. അന്നു ഫൊറൻസിക് സയൻസ് ലാബ് മേധാവിയായിരുന്ന വിഷ്ണു പോറ്റി ആ പാടുകൾ പരിശോധിച്ചു. ഈ ഷൂസ് വിദേശ നിർമിതമാണെന്ന സംശയം ഞാൻ എസ്പിയോടു പറഞ്ഞു. അതിനിടെ, വീട്ടിലെ ജോലിക്കാരിയെ ചോദ്യം ചെയ്തു. മകൻ ചെന്നൈയിൽ നിന്ന് അന്നു വരുമെന്ന് വീട്ടുകാർ പറഞ്ഞിരുന്നതായി മൊഴി നൽകി. ചെന്നൈ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു കേസിലെ പ്രതി റെനി ജോർജ് അറസ്റ്റിലായത്. അയാളുടെ താമസസ്ഥലത്തു നിന്ന് ആ വിദേശ നിർമിത ഷൂസും കണ്ടെടുത്തു. വിലയേറിയ ഷൂസ് ആയിരുന്നതിനാലാണ് അയാൾ അത് ഉപേക്ഷിക്കാതിരുന്നത്.’– സിബി മാത്യൂസ് പറഞ്ഞു.
പ്രതികളെ 1982 ജനുവരി ഒന്നിനു കോട്ടയം സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 1983 മാർച്ച് 21നു ഹൈക്കോടതി വിധി ശരിവച്ചു. പൂജപ്പുര ജയിലിലായിരുന്നു റെനിയുടെയും ഗുണശേഖരന്റെയും മുഹമ്മദിന്റെയും വാസം. കെനിയക്കാരനായ കിബ്‌ലോയെ ഡൽഹി തിഹാർ ജയിലിലേക്കു മാറ്റി. ജയിൽവാസം 1995 ജൂണിൽ പൂർത്തിയായി. ഓഗസ്‌റ്റോടെ ഗുലാം മുഹമ്മദും ഗുണശേഖരനും കിബ്‌ലോയും സ്വന്തം നാട്ടിലേക്കു മടങ്ങി. മുഖ്യപ്രതിയായ റെനി ജോർജ് ജയിൽവാസകാലത്തുതന്നെ മാനസ്സാന്തരപ്പെട്ടിരുന്നു. പരോളിലിറങ്ങുന്ന സമയങ്ങളിൽ സുവിശേഷ പ്രചാരകനായി. 14 വർഷവും ഒൻപതുമാസവും ജയിലിൽ കിടന്ന റെനി ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ പൂർണമായും മാറിയിരുന്നു.
ജയിലിലെ തന്റെ ആദ്യ ആറു വർഷങ്ങൾ പശ്‌ചാത്താപലേശമില്ലാതെ റെനി പഴയപോലെ മയക്കുമരുന്നിൽ മുഴുകികഴിഞ്ഞു. പൂജപ്പുര ജയിലിൽ മയക്കുമരുന്ന് എത്തിക്കാൻ ഗൂഢസംഘങ്ങൾ അന്നുമുണ്ടായിരുന്നുവെന്നും അവരുടെ കണ്ണിയായി ജയിൽ ഉദ്യോഗസ്‌ഥരും ഉണ്ടായിരുന്നുവെന്നും റെനി പിന്നീടു സാക്ഷ്യപ്പെടുത്തി. ഏറ്റുമാനൂർ വിഗ്രഹമോഷണകേസിലെ സ്‌റ്റീഫൻ, ക്യാപ്‌റ്റൻ ജോസ്, പ്രശസ്‌തനായ ഒരു നിർമാതാവ്.. സഹ തടവുകാരുടെ പട്ടിക നീളുന്നു. പരോളിലിറങ്ങുന്ന തടവുകാർ മയക്കുമരുന്നിനുള്ള പണം കണ്ടെത്തി മടങ്ങിവരും. ഒരിക്കൽ പരോളിലിറങ്ങിയപ്പോൾ റെനിയുടെ ഊഴമായിരുന്നു.
‘മദ്രാസിലെ മോൻ’ എന്നപേരിൽ സിനിമയെടുത്ത നിർമാതാവിനെ ഭീഷണിപ്പെടുത്തി 60,000 രൂപയുമായാണ് തിരികെവന്നത്. അതിൽ പകുതി ഒരു ജയിൽ ഉദ്യോഗസ്‌ഥൻ കൊണ്ടുപോയി. 1987ൽ പരോളിൽ ഇറങ്ങിയതു തിരുവല്ലയിൽ ഒരു സഹകരണ ബാങ്ക് കൊള്ളയടിക്കാൻ ജയിലിൽവച്ചേ പദ്ധതിയിട്ടായിരുന്നു. വീട്ടിലെത്തി സേഫ് തകർക്കാനുള്ള ഗ്യാസ് കട്ടറും മറ്റു സ്വരുക്കൂട്ടുന്നതിനിടയിൽ താടിവച്ച ഒരു അപരിചിതൻ റെനിയെ തേടിയെത്തി. തന്നോടൊപ്പം ഒരു സ്‌ഥലം വരെ വരണമെന്നു പറഞ്ഞപ്പോൾ ഏതോ കവർച്ചയിൽ പങ്കാളിയാകാൻ തന്നെ ക്ഷണിക്കുകയാണെന്നാണ് കരുതിയത്. കൂടെപ്പോയി. പക്ഷേ, എത്തിയത് ഒരു പ്രാർഥനാലയത്തിൽ !
അവിടെ കൂട്ടിക്കൊണ്ടുവന്ന താടിക്കാരനോടു റെനിക്ക് അടങ്ങാത്ത ദേഷ്യമാണു തോന്നിയത്. പക്ഷേ, എന്തുകൊണ്ടോ ഇറങ്ങിപ്പോയില്ല. ആ പ്രാർഥനാ സംഘത്തിലിരിക്കവേ തന്റെ മനസ്സിൽ എന്തോ പരിവർത്തനം നടക്കുന്നതു റെനി അറിഞ്ഞു. പരോൾ കഴിഞ്ഞു കൊള്ളമുതലുമായി എത്തുന്ന റെനിയെ കാത്തിരുന്ന ജയിലിലെ കൂട്ടുകാർ ബാഗിൽ ഒരു ബൈബിൾ മാത്രം കണ്ടു ക്ഷോഭിച്ചു. റെനി അതുകണ്ടു മന്ദഹസിച്ചു. അടുത്ത പരോൾ കഴിഞ്ഞു റെനി മടങ്ങി വന്നതു വിവാഹിതനായാണ്. വധു ബഹ്‌റൈനിൽ നഴ്‌സായ മംഗലാപുരം സ്വദേശി ടിന. കൊലയാളി യുവാവിന്റെ മനം മാറ്റത്തിൽ വിശ്വാസം അർപ്പിച്ച് ടിന ജീവിത പങ്കാളിയാകാൻ തീരുമാനിക്കുകയായിരുന്നു. ആ വിശ്വാസം തെറ്റിയില്ല.
ഒരു വ്യാഴവട്ടത്തിന്റെ ജയിൽശിക്ഷ കഴിഞ്ഞു റെനി ബെംഗളൂരുവിൽ ടിനയ്‌ക്കൊപ്പം പുതിയൊരു ജീവിതം തുടങ്ങി. കിബ്‌ലോയും ഗുണശേഖറും ഗുലാമും മോചിതരായി തങ്ങളുടെ രാജ്യങ്ങളിലേക്കു മടങ്ങി. അവരെയൊന്നു പിന്നീടു റെനി കണ്ടിട്ടില്ല. പിന്നീട് ഭാര്യ ടീനയുമൊത്തു ബെംഗളൂരുവിൽ തടവുകാരുടെ മക്കൾക്കായി ഭവനം നടത്തി. കരിക്കൻവില്ല ഇന്നൊരു പ്രാർഥനാ ഭവനമാണ്. കേസന്വേഷണത്തിനു ചുക്കാൻപിടിച്ച എസ്.പി: ഗോപിനാഥ്, സി.ഐ: എ.കെ. ആചാരി, എസ്.ഐ. അബ്‌ദുൽ കരിം എന്നിവർ മരിച്ചു. മദ്രാസിലെ മോനെന്ന വെളിപ്പെടുത്തൽ വഴി കേസിനു തുമ്പുണ്ടാക്കി ചരിത്രസാക്ഷിയായ മഞ്ഞാടി കുതിരിക്കാട് ഗൗരിയും കഴിഞ്ഞദിവസം ജീവിതത്തോടു വിടപറഞ്ഞു.
കരിക്കൻവില്ല ഇന്നൊരു പ്രാർഥനാ ഭവനമാണ്. ഏതാനും വർഷം മുൻപു ഗോസ്‌പൽ ഫോർ ഏഷ്യ ഈ വീടും പറമ്പും വാങ്ങി. കൊലപാതകത്തിന്റെ നടുക്കത്തിലായിരുന്ന ഭവനത്തിൽനിന്ന് ഇന്നുയരുന്നതു സദ്‌വാർത്തയുടെ സന്ദേശങ്ങൾ. കേസ് അന്വേഷണത്തിനു നേതൃത്വം നൽകിയ സിബി മാത്യുവും റെനിയെ വീണ്ടും കണ്ടുമുട്ടി. പരോളിലിറങ്ങിയ കുറ്റവാളി തനിക്കു ശിക്ഷ വാങ്ങിത്തന്നെ ഉദ്യോഗസ്‌ഥനെ തേടിപ്പിടിച്ചു ചെന്നുകണ്ട് ‘ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’ എന്നു പറഞ്ഞപ്പോൾ സിബിക്കു വിശ്വസിക്കാനായില്ല. റെനിയുടെ മാനസാന്തരത്തിന്റെ കഥ ദൃശ്യവും ശബ്‌ദവുമായി സിഡി രൂപത്തിൽ പുറത്തിറങ്ങിയപ്പോൾ ആദ്യ സിഡി ഏറ്റുവാങ്ങാനെത്തിയതും സിബി മാത്യൂസായിരുന്നു, കാലം കാത്തുവയ്ക്കുന്ന വിധിയുടെ വിളയാട്ടം അഥവാ നീതി വരുന്ന വഴി !
ഇടതുമുന്നണി വാതില്‍ തുറന്നാല്‍ അതിലൂടെ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് കയറിവരാമെന്ന് പാലാ എംഎല്‍എ മാണി സി. കാപ്പന്‍. ഇടതുമുന്നണി തീരുമാനത്തിനൊപ്പം നല്‍ക്കും. എന്നാല്‍ പാലാ സീറ്റില്‍ ഒത്തുതീര്‍പ്പില്ല. സീറ്റ് വീട്ടുകൊടുക്കുന്ന വിഷയം ഉദിക്കുന്നില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.
അതേസമയം, കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫിലേക്ക് അടുപ്പിക്കാനുള്ള പാലമിട്ട് സിപിഎം. യുഡിഎഫ് പുറത്താക്കിയ കേരള കോണ്‍ഗ്രസ് ജനകീയ അടിത്തറയുള്ള പാര്‍ട്ടിയെന്ന് കോടിയേരിയുടെ പ്രശംസ. ജോസ് കെ മാണി പി ജെ ജോസഫ് തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടു.
യുഡിഎഫിന്റെ ഭാഗമായിരുന്ന എല്‍ ജെ ഡി യുഡിഎഫ് വിട്ട് എല്‍ ഡി എഫിലേക്ക് വന്നിരുന്നുവെന്നും പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു. യുഡിഎഫിലെ പ്രതിസന്ധി എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് കണ്‍വീനര്‍ വിജയരാഘവന്‍ പറഞ്ഞു. ബാര്‍ കോഴ സമരം ഇപ്പോഴത്തെ വിഷയമല്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ തിരുവനന്തപുരത്ത് പറഞ്ഞു.
ജോസ് കെ.മാണി വിഭാഗത്തെ എല്‍.ഡി.എഫ്. പരിഗണിക്കുന്നതില്‍ സന്തോഷമെന്ന് എംഎൽഎമ്മാരായ റോഷി അഗസ്റ്റിനും, എൻ. ജയരാജും . കോടിയേരിയുടെ നിലപാട് രാഷ്ട്രീയവിലയിരുത്തലിന്റെ ഭാഗമായിരിക്കാം. ഇടതുമുന്നണി പ്രവേശം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച നടന്നിട്ടില്ല. കേരളരാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസിന് കൃത്യമായ ഇടമുണ്ട്. പാര്‍ട്ടിയുടെ ഇടം എവിടെയാണെന്ന് പിന്നീട് വ്യക്തമാക്കുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
എന്നാൽ ജോസ് കെ.മാണി വരുന്നതുകൊണ്ട് നേട്ടമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ക്രിസ്ത്യന്‍ വോട്ടുകള്‍ ആരുടെയും കുത്തകയല്ല. ജോസ് പക്ഷത്തിന്‍റെ വരവ് ഇടതുമുന്നണി ചര്‍ച്ചചെയ്തിട്ടില്ല. ഭരണത്തുടര്‍ച്ചയ്ക്ക് ജോസ് പക്ഷത്തിന്റെ സഹായം വേണ്ട, നശിപ്പിക്കാതിരുന്നാല്‍ മതിയെന്നും കാനം പറഞ്ഞു. സി.പി.ഐയ്ക്ക് കണക്കിന്റെ രാഷ്ട്രീയത്തിലല്ല രാഷ്ട്രീയത്തിന്റെ കണക്കിലാണ് വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂയോര്‍ക്ക്: പിടിച്ചാല്‍ കിട്ടാത്ത രീതിയില്‍ കോവിഡ് വൈറസ് വ്യാപനം നടക്കുന്ന അമേരിക്കയില്‍ ഒരു ദിവസ രോഗബാധിതരുടെ എണ്ണം പുതിയ റെക്കോഡ് തീര്‍ക്കുന്നു. 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയ രോഗികളുടെ എണ്ണം ബുധനാഴ്ച ആദ്യമായി അരലക്ഷത്തില്‍ എത്തി. ലോകത്ത് രോഗവ്യാപനം ഏറ്റവും കൂടുതലായ നിലയിലേക്ക് ഉയര്‍ന്നതോടെ കാലിഫോര്‍ണിയ മുതല്‍ ഫ്‌ളോറിഡ വരെ റസ്‌റ്റോറന്റുകള്‍, ബാറുകള്‍, ബീച്ചുകള്‍ എന്നിവയെല്ലാം അടച്ചിരിക്കുകയാണ്.
അമേരിക്കയില്‍ ബുധനാഴ്ച രേഖപ്പെടുത്തിയ നില 52,000 പുതിയ രോഗികളുടെതാണ്. രോഗബാധ ഈ നിലയിലായതോടെ ജൂലൈ നാലിന് നടക്കേണ്ട അമേരിക്കന്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ രോഗഭീതിയുടെ നിഴലിലായി. ലോസ് ഏഞ്ചല്‍സ് ഉള്‍പ്പെടെ മിക്ക കൗണ്ടികളിലും റസ്‌റ്റോറന്റുകള്‍ക്ക് ഉള്ളിലിരുന്നുള്ള കഴിപ്പ് കാലിഫോര്‍ണിയ നിരോധിച്ചിട്ടുണ്ട്. അടുത്തയാഴ്ച മുതല്‍ ന്യൂയോര്‍ക്കിലെയും റെസ്‌റ്റോറന്റുകളില്‍ ഉള്ളിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിലക്ക് വരും. അതേ സമയം രോഗവ്യാപ്തി ഇങ്ങിനെ കൂടുമ്പോഴും മാസ്‌ക്ക് ധരിക്കാതെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്ന പതിവ് ട്രംപ് തുടരുന്നതില്‍ അതൃപ്തി ഉയരുന്നുണ്ട്.
കഴിഞ്ഞയാഴ്ച രോഗവ്യാപനത്തിന്റെ ആഗോള നിലവാരം ഏറ്റവും ഉയര്‍ന്ന നിലയിലായി. ദിവസം തോറും 160,000 എന്ന കണക്കിലാണ് രോഗവ്യാപനമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡേറ്റാ പറയുന്നു. ലോകത്തുടനീളമായി 10 ദശലക്ഷം രോഗബാധിതര്‍ ഉണ്ടാകുമെന്നും അഞ്ചു ലക്ഷം പേരെങ്കിലും മരിക്കുമെന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ജൂണ്‍ 25 മുതല്‍ ജൂലൈ 1 വരെ ഏഴു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉണ്ടായത് ജൂണ്‍ 28 നാണ്. 189,500 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.