Latest News

മലയാളി ദമ്പതികളെ അബൂദബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയും 58കാരനുമായ ജനാര്‍ദ്ദനനും ഭാര്യ മിനിജയുമാണ് മരിച്ചത്. അബൂദബി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.

അബൂദബി മദീന സായിദിലെ ഫ്‌ളാറ്റിലാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടിലുള്ള മകനും അബൂദബിയിലെ സുഹൃത്തുക്കള്‍ക്കും ഇവരെ ഫോണില്‍ കിട്ടാതെ വന്നപ്പോഴാണ് അന്വേഷണം ആരംഭിച്ചത്. ഫലമില്ലാതെ വന്നപ്പോള്‍ മകന്‍ സുഹൈല്‍ ജനാര്‍ദനന്‍ ഇമെയില്‍ മുഖേന പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് അബൂദബി പോലീസ് അന്വേഷണം ആരംഭിച്ചു. മലാപ്പറമ്പ് പട്ടേരി വീട്ടില്‍ ജനാര്‍ദ്ദനനും മിനിജയും താമസിച്ചിരുന്ന ഫ്‌ളാറ്റിലെത്തിയ പോലീസ് എത്ര വിളിച്ചിട്ടും ഇവര്‍ വാതില്‍ തുറക്കാതെ വന്നതോടെ വാതില്‍ ഇടിച്ചു തുറന്ന് അകത്തു കടക്കുകയായിരുന്നു. അപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.

ഇവര്‍ ജീവനൊടുക്കി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം അബൂദബിയിലുള്ള ജനാര്‍ദ്ദനന് ദിവസങ്ങള്‍ക്ക് മുമ്പ് ജോലി നഷ്ടപ്പെട്ടിരുന്നു. താമസിക്കുന്ന ഫ്‌ലാറ്റിന്റെ വാടകയും കുടിശ്ശികയുണ്ടായിരുന്നു.

ഗൃഹനാഥന് ജോലി നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ ദമ്പതികള്‍ ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. ട്രാവല്‍ ഏജന്‍സിയിലെ അക്കൗണ്ടന്റായിരുന്നു ജനാര്‍ദ്ദന്‍. ഭാര്യ മിനിജ സ്വകാര്യ സ്ഥാപനത്തിലെ ഓഡിറ്റിങ് അസിസ്റ്റന്റാണ്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അബൂദബി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ നിര്‍ണായക മൊഴി. കേസിലെ മുഖ്യ ആസൂത്രകര്‍ സന്ദീപ് നായരും റമീസുമെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. കസ്റ്റംസിനാണ് സ്വപ്ന മൊഴി നല്‍കിയത്. ദുബായില്‍വച്ചാണ് റമീസും സന്ദീപും തന്നെ പരിചയപ്പെട്ടത്.

റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാങ്കിലുള്ള നിക്ഷേപം അടുത്തിടെ നടന്ന ഒരു ഡീലിന് ലഭിച്ച പ്രതിഫലമാണെന്നും സ്വപ്ന മൊഴി നല്‍കി. അടുത്തിടെ നടന്ന കോടികളുടെ ഇടപാടിനെ കുറിച്ച് എന്‍ഐഎയും കസ്റ്റസും അന്വേഷണം തുടങ്ങി.

യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ആസൂത്രണം ചെയ്തത് റമീസിനാണെന്ന് സന്ദീപ് നായരും മൊഴി നല്‍കി. താന്‍ വഴിയാണ് റമീസ് സരിത്തുമായും സ്വപ്നയുമായും പരിചയപ്പെടുന്നതെന്നും സന്ദീപ് വെളിപ്പെടുത്തി. കേസില്‍ അറ്റാഷെയുടെ പങ്ക് കസ്റ്റംസ് ചോദ്യം ചെയ്യലിലും സന്ദീപ് നായര്‍ ആവര്‍ത്തിച്ചു. വ്യാഴാഴ്ച രാത്രിയാണ് സന്ദീപ് നായരെ കസ്റ്റംസ് ചോദ്യം ചെയ്തത്. വെള്ളിയാഴ്ച രാവിലെ സ്വപ്നയേയും ചോദ്യം ചെയ്തു.

നടന്‍മാരായ പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും ആഡംബര കാറോട്ട മത്സരം നടത്തിയെന്ന് പരാമര്‍ശിച്ച് വീഡിയോ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്. കൊച്ചി-കോട്ടയം – ഏറ്റുമാനൂര്‍ റൂട്ടില്‍ പൃഥ്വിരാജിന്റെ ലംബോര്‍ഗിനിയും ദുല്‍ഖറിന്റെ പോര്‍ഷെയും അമിത വേഗതയില്‍ മത്സരയോട്ടം നടത്തിയെന്ന വാദവുമായാണ് വീഡിയോ പുറത്തുവന്നത്. എന്നാല്‍ വിഷയത്തില്‍ അന്വേഷണം നടത്തുന്ന കാര്യം എറണാകുളം ആര്‍ടിഒ ഷാജി സ്ഥിരീകരിച്ചു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കുന്നുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

എംസി റോഡില്‍ ഇവരുടെ കാറുകള്‍ അമിതവേഗതയില്‍ പാഞ്ഞെന്നാണ് പറഞ്ഞുകേട്ടത്. ഇതിന്റെയടിസ്ഥാനത്തില്‍ ഈ റോഡിലെ ക്യാമറകള്‍ പരിശോധിച്ചിരുന്നു. എന്നാല്‍ പ്രസ്തുത വാഹനങ്ങള്‍ കടന്നുപോകുന്നതായി കാണാന്‍ സാധിച്ചിട്ടില്ല. മറ്റ് സ്ഥലങ്ങളിലെ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. വിഷയത്തില്‍ പരാതി ലഭിച്ചിട്ടില്ല. വൈറലായ വീഡിയോയില്‍ ക്ലാരിറ്റിക്കുറവുണ്ട്. അത് വെച്ച് അമിത വേഗമാണെന്ന് സ്ഥിരീകരിക്കാനോ കേസെടുക്കാനോ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വാഹനങ്ങള്‍ പോയ റോഡ് ഏതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. അതേസമയം നടന്‍മാര്‍ക്കെതിരെ കേസെടുത്തുവെന്ന പ്രചരണം ഇതോടെ പൊളിയുകയാണ്. വീഡിയോയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നേയുള്ളൂവെന്നാണ് ആര്‍ടിഒ വ്യക്തമാക്കുന്നത്. നടന്‍മാരുടേതായി പറയപ്പെടുന്ന ആഡംബര കാറുകളെ രണ്ട് യുവാക്കള്‍ ബൈക്കില്‍ പിന്‍തുടര്‍ന്ന് വീഡിയോ പകര്‍ത്തുകയായിരുന്നു. കാറിലുള്ളത് പൃഥ്വിയും ദുല്‍ഖറുമാണെന്ന് ഇവര്‍ പറയുന്നുമുണ്ട്. വിഷയത്തില്‍ വസ്തുതകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടശേഷം തുടര്‍ നടപടികളിലേക്ക് കടന്നാല്‍ മതിയെന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്.

കൊച്ചി: സംസ്ഥാനത്ത് ബാങ്കുകളിലുള്ള പ്രവാസികളുടെ നിക്ഷേപത്തിൽ (എൻ.ആർ.ഐ. നിക്ഷേപം) റെക്കോഡ് വർധന. 2019 ഡിസംബർ 31-ലെ കണക്ക് അനുസരിച്ച് 1.99 ലക്ഷം കോടി രൂപയുടെ എൻ.ആർ.ഐ. നിക്ഷേപമാണ് കേരളത്തിലെ ബാങ്കുകളിലേക്ക് എത്തിയിട്ടുള്ളത്.

കൃത്യമായി പറഞ്ഞാൽ 1,99,711.27 കോടി രൂപ. ആദ്യമായാണ് സംസ്ഥാനത്തെ ബാങ്ക് ശാഖകളിലുള്ള പ്രവാസി നിക്ഷേപം രണ്ടുലക്ഷം കോടി രൂപയിലേക്ക് എത്തുന്നത്. സംസ്ഥാനത്തെ ബാങ്ക് ശാഖകളിൽ പ്രവാസി മലയാളികൾ നടത്തിയിട്ടുള്ള വിദേശ കറൻസി നിക്ഷേപത്തിന്റെ കണക്കാണിത്.

സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം 7.19 ശതമാനത്തിന്റെ വാർഷിക വർധനയാണ് എൻ.ആർ.ഐ. നിക്ഷേപത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 219 കോടി രൂപ കൂടി ഉയർന്നാൽ രണ്ടുലക്ഷം കോടി കടക്കും.

കേരള ഗ്രാമീൺ ബാങ്ക് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പൊതുമേഖലാ ബാങ്ക് ശാഖകളിൽ മാത്രമായി 96,469.61 കോടി രൂപയുടെ നിക്ഷേപം എത്തിയിട്ടുണ്ട്. സ്വകാര്യ ബാങ്കുകളിലെ എൻ.ആർ.ഐ. നിക്ഷേപം 1,02,095.08 കോടി രൂപയും സ്മോൾ ഫിനാൻസ് ബാങ്ക് ശാഖകളിലെ നിക്ഷേപം 1,216.55 കോടി രൂപയുമാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലേക്കാണ് ഏറ്റവുമധികം നിക്ഷേപമെത്തിയത് -58,516.29 കോടി രൂപ. ഫെഡറൽ ബാങ്കിൽ -51,709.44 കോടി രൂപയെത്തി.

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യമാണിത്. സംസ്ഥാനങ്ങളെല്ലാം പ്രതിരോധ പ്രവർത്തനം ഊർജിതമാക്കിയിരിക്കുന്നു. ആരോഗ്യപ്രവർത്തകരാണ് മുന്നണി പോരാളികളായി നിലകൊള്ളുന്നത്. എന്നാൽ പലയിടങ്ങളിലും അവർ അനുഭവിക്കുന്ന ദുരിതങ്ങളും പുറത്തുവരുന്നുണ്ട്.

ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയിൽ നിന്നാണ് നീചമായ ഈ സംഭവം പുറത്തു വന്നിരിക്കുന്നത്. ഭർത്താവിന് കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ നഴ്സായ ഭാര്യയെ സ്വന്തം വീട്ടിൽ പ്രവേശിക്കാൻ അനുവദിക്കാതെ നാട്ടുകാർ. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. മിഡ്‍വൈഫായി ജോലി ചെയ്യുന്ന കല്യാണി എന്ന സ്ത്രീയെയാണ് ഒരു രാത്രി മുഴുവൻ വീടിന് പുറത്തിരുത്തിയത്. അതും മഴയത്ത്. ഒടുവിൽ പൊലിസെത്തിയാണ് ഇവരെ രക്ഷിച്ചത്.

കൂട്ടം കൂടി നിൽക്കുന്ന നാട്ടുകാരുടെ അടുത്ത് വീട്ടിൽ കയറാവ്‍ കേണപേക്ഷിക്കുന്ന കല്യാണിയുടെ വിഡിയോ വൈറലായിരുന്നു. ഇതു കണ്ടിട്ടാണ് പൊലീസുകാർ ഇവിടെയെത്തിയത്. കല്യാണിയുടെ ഭർത്താവിന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. 16 മണിക്കൂർ‌ ജോലി ചെയ്ത് വന്ന കല്യാണിയെ നാട്ടുകാർ വീട്ടിലേക്ക് കയറാൻ വിസമ്മതിക്കുകയായിരുന്നു.

സംസ്ഥാനത്ത് വെള്ളിയാഴ്ച 885 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗം സ്ഥിരീകരിച്ചതിനേക്കാൾ കൂടുതൽ പേർക്ക് ഇന്നു രോഗമുക്തി നേടാനായി. 968 പേർക്ക് രോഗം മാറി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,995 ആണ്. ഇന്ന് 724 പേർക്കാണ് സമ്പർക്കം വഴി രോഗം വന്നത്. അതിൽ ഉറവിടം അറിയാത്തത് 54 പേർ.

വിദേശത്തുനിന്ന് 64 പേർ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 68 പേർ. ആരോഗ്യ പ്രവർത്തകർ 24. നാലു മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്ത് ചിറയിന്‍കീഴ് സ്വദേശി മുരുകൻ, കാസർകോട് അണങ്കൂർ സ്വദേശി ഹയറുന്നീസ, കാസർകോട് ചിത്താരി സ്വദേശി മാധവൻ, ആലപ്പുഴ കലവൂർ സ്വദേശി മറിയാമ്മ എന്നിവരുടെ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇവരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച്

തിരുവനന്തപുരം– 167

കൊല്ലം–133

പത്തനംതിട്ട–23

ഇടുക്കി–29

കോട്ടയം–50

ആലപ്പുഴ–44

എറണാകുളം–69

തൃശൂർ–33

പാലക്കാട്–58

മലപ്പുറം–58

കോഴിക്കോട്–82

വയനാട്–15

കണ്ണൂർ–18

കാസർകോട്– 106

നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ച്

തിരുവനന്തപുരം–101

കൊല്ലം–54

പത്തനംതിട്ട–81

ഇടുക്കി–96

കോട്ടയം–74

ആലപ്പുഴ–49

എറണാകുളം–151

തൃശൂർ–12

പാലക്കാട്–63

മലപ്പുറം–24

കോഴിക്കോട്–66

വയനാട്–21

കണ്ണൂർ–108

കാസർകോട്– 68.

സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ വേണ്ടെന്ന് രമേശ് ചെന്നിത്തല. ഇത് വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കോവിഡ് രോഗ വ്യാപനം ഉള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ ആണ് ഉചിതമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സർവ്വകക്ഷിയോഗത്തിൽ അഭിപ്രായപ്പെട്ടു. സമ്പൂർണ ലോക് ഡൗൺ ഒരു പരിഹാരമല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ടെസ്റ്റുകളും, സൗകര്യങ്ങളും മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം സർവ്വകക്ഷിയോഗത്തിൽ പറഞ്ഞു.

സമ്പൂർണ ലോക് ഡൗൺ വേണ്ട ; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിക്കണമെന്നും സമ്പൂർണ്ണ ലോക ഡൗൺ ഗുണം ചെയ്യില്ലെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. പകരം പ്രാദേശിക നിയന്ത്രണം കടുപ്പിക്കുന്നമെന്നും യോഗത്തിൽ അഭിപ്രായമുണ്ടായി.

തിരുവനന്തപുരം മേയർ കെ. ശ്രീകുമാർ ക്വാറൻറീനിൽ

തിരുവനന്തപുരം മേയർ കെ. ശ്രീകുമാർ സ്വയം ക്വാറൻറീനിൽ. നഗരസഭയിലെ ഏഴ് കൗൺസിലർമാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മേയർ സ്വന്തം വീട്ടിൽ നിരീക്ഷണത്തിൽ പോയത്. കോവിഡ് പരിശോധനക്ക് വിധേയമായതിന് ശേഷമാണ് മേയർ നിരീക്ഷണത്തിൽ പോയത്.

ഇന്ത്യയില്‍ വികസിപ്പിച്ച കോവിഡ് വാക്സിന്റെ പരീക്ഷണം ഡല്‍ഹി എയിംസില്‍ തുടങ്ങി. കോവാക്സിന്‍റെ ആദ്യഡോസ് നല്‍കിയത് മുപ്പതുകാരനാണ്. രണ്ടാഴ്ചത്തെ നിരീക്ഷണത്തിനുശേഷം രണ്ടാമത്തെ ഡോസ് നല്‍കും. ആദ്യ രണ്ട് മണിക്കൂർ ഡോക്ടർമാരുടെ പൂർണനിരീക്ഷണത്തിലായിരിക്കും. ശേഷം വീട്ടിലേക്ക് അയക്കുമെങ്കിലും നിരീക്ഷണത്തില്‍ തന്നെ ആയിരിക്കും.

ഐസിഎംആറുമായും നാഷണൽ വൈറോളജി ഇൻസ്റ്റ്യൂട്ടുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ആണ് കോവാക്സിന്‍ വികസിപ്പിച്ചത്.

ഡോ. കൃഷ്ണ ഇല്ലായുടെ നേതൃത്വത്തിലുള്ള ഭാരത് ബയോടെക്‌ 20 വർഷത്തോളമായി ഗവേഷണ മേഖലയിൽ സജീവമാണ്.ബയോ പോളിയോ, എച്‌ എൻ വാക്, പേവിഷ ബാധക്കെതിരെയുള്ള ഇന്ദിരാബ് , ജപ്പാൻ ജ്വരത്തിനെതിരെയുള്ള ജെൻവാക്, കുഞ്ഞുങ്ങളിലെ വയറിളക്കത്തിനെതിരിയുള്ള റോട്ട വാക് തുടങ്ങി നിരവധി വാക്‌സിനുകളും അനേകം മരുന്നുകളും സംഭാവന ചെയ്തിട്ടുള്ളവരാണ്.

സ്വപ്നയുടെ ലോക്കറില്‍ 1.05 കോടി രൂപയും ഒരു കിലോ സ്വര്‍ണവും കണ്ടെത്തി. എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് വിവരം. തിരുവനന്തപുരം സ്റ്റാച്യുവിലെ ബാങ്ക് ലോക്കറില്‍ നിന്ന് 36.5 ലക്ഷം രൂപ ലഭിച്ചു. എസ്ബിഐ തിരുവനന്തപുരം സിറ്റി ബ്രാഞ്ച് ലോക്കറില്‍ 64 ലക്ഷവും 982.5 ഗ്രാം സ്വര്‍ണവും ഉണ്ട്. സ്വര്‍ണക്കടത്തില്‍ നിന്ന് ലഭിച്ച പണമാണിതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എന്‍ഐഎ പറയുന്നു. എന്നാൽ സ്വര്‍ണം വിവാഹത്തിന് സമ്മാനമായി ലഭിച്ചതാണെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ പറഞ്ഞു

കൊച്ചിയിലെ എൻഐഎ കോടതി അടുത്തമാസം 21 വരെയാണ് സ്വപ്ന സുരേഷിനെയിം സന്ദീപ് നായരെയും സരിത്തിനെയും ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പ്രതികളുടെ ജാമ്യപേക്ഷ പരിഗണിക്കുമ്പോൾ എൻ.ഐ.എക്കു വേണ്ടി അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഹാജരാകും. എഎസ്ജിയുടെ സമയം പരിഗണിച്ച് ജാമ്യപേക്ഷ പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. സ്വപ്നയ്ക്ക് ജയിലിൽ കുട്ടികളെ കുട്ടികളെ കാണാനുള്ള അനുമതി കോടതി കൊടുത്തു. എൻഐഎ ഓഫീസിൽവച്ചുള്ള കസ്റ്റംസ് ചോദ്യം ചെയ്യലിനിടയിൽ മാനസിക സമ്മർദ്ദം നേരിട്ടതായി സ്വപ്ന കോടതിയിൽ പറഞ്ഞു.

ആട്രോയ്ജ് 2020 എന്‍ഡി എന്ന ഛിന്ന ഗ്രഹം ഇന്ന് ഭൂമിയെ കടന്ന് പോവുകയാണ്. ജൂലൈ 24-ന് ഒരു ഭീമന്‍ ഛിന്ന ഗ്രഹം ഭൂമിയെ കടന്നു പോകുമെന്ന് നാസ (NASA) കഴിഞ്ഞ വാരമാണ് മുന്നറിയിപ്പ് നല്‍കിയത്. ഈ ഛിന്ന ഗ്രഹത്തിന് 170 മീറ്റര്‍ നീളമുണ്ട്. മണിക്കൂറില്‍ 48,000 കിലോമീറ്റര്‍ വേഗതയില്‍ യാത്ര ചെയ്യുന്ന ഈ ഛിന്ന ഗ്രഹം ഭൂമിയിയോട് 0.034 അസ്‌ട്രോണമിക്കല്‍ യൂണിറ്റുകൾ (5,086,328 കിലോമീറ്റര്‍) അടുത്ത പാതയിൽ കൂടിയാണ് കടന്നു പോകുന്നത്. ഈ ദൂരം ഭൂമിക്ക് ഭീഷണിയാകാന്‍ സാധ്യതയുള്ള പരിധിയാണ്.

ഭൂമിയിൽനിന്ന് 0.034 അസ്‌ട്രോണമിക്കല്‍ യൂണിറ്റുകൾ മാത്രമാണ് അകലമെന്നതിനാലാണ് ഈ ഛിന്നഗ്രഹത്തെ “അപകടകരമായേക്കാവുന്ന” ഛിന്നഗ്രഹങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയതെന്ന് നാസയുടെ പ്രസ്താവനയിൽ പറയുന്നു.

ഭൂമിക്ക് ഭീഷണിയാകും വിധത്തില്‍ അടുത്ത് എത്തുന്ന ഛിന്ന ഗ്രഹങ്ങളെയാണ് ഈ വിഭാഗത്തില്‍ നാസ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 0.05 എയുവില്‍ താഴെ ദൂരത്തില്‍ യാത്ര ചെയ്യുന്ന എല്ലാ ഛിന്ന ഗ്രഹങ്ങളും ഇതില്‍പ്പെടുന്നു.

മറ്റു ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ഷണ ബലം അവയെ ഭൂമിക്ക് അടുത്തേക്ക് എത്തിക്കാം. അതിനാല്‍ അവയെ ഭൂമിക്ക് അടുത്ത് വരുന്ന വസ്തുക്കളായിട്ടാണ് നാസ വര്‍ഗീകരിച്ചിരിക്കുന്നത്. എങ്കിലും, ഈ ഗണത്തില്‍ വരുന്ന ഛിന്ന ഗ്രഹങ്ങള്‍ ഭൂമിയില്‍ ഇടിക്കണമെന്നില്ല.

“അപകടകരമായേക്കാവുന്ന ഛിന്നഗ്രഹങ്ങളെ ( Potentially Hazardous Asteroids-PHAs) നിലവിൽ നിർവചിച്ചിരിക്കുന്നത് ഭൂമിക്ക് ഭീഷണിയാവുന്ന തരത്തിൽ എത്രത്തോളം അടുക്കാൻ സാധ്യതയുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ്. പ്രത്യേകിച്ചും, 0.05 ആസ്ട്രോണമിക്കൽ യൂണിറ്റോ അല്ലെങ്കിൽ അതിൽ കുറവോ മിനിമം ഓർബിറ്റ് ഇന്റർസെക്ഷൻ ഡിസ്റ്റൻസ് (MOID) ഉള്ള എല്ലാ ഛിന്നഗ്രഹങ്ങളെയും അപകടകാരികളായേക്കാവുന്ന ഛിന്നഗ്രഹങ്ങളായി കണക്കാക്കുന്നു,” നാസയുടെ പ്രസ്താവനയിൽ പറയുന്നു.

ഛിന്നഗ്രഹങ്ങളെ അപകട സാധ്യതയുള്ളവയായി തരംതിരിച്ചിട്ടുണ്ടെങ്കിലും അത് ഭൂമിയെ ബാധിക്കണമെന്ന് നിർബന്ധമില്ലെന്നും നാസ വ്യക്തമാക്കി. “അതിനർത്ഥം അത്തരമൊരു ഭീഷണിക്ക് സാധ്യതയുണ്ടെന്നാണ്. ഇവയെ നിരീക്ഷിച്ച് പുതിയ വിവരങ്ങൾ ലഭ്യമാകുമ്പോളും അവയുടെ ഭ്രമണപഥങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുതുക്കുന്നതിലൂടെയും, ഇവ എപ്പോഴാണ് അടുത്തെത്തുക എന്ന സ്ഥിതിവിവരക്കണക്കുകളും അവ എപ്പോഴാണ് ഭൂമിക്ക് ഭീഷണി ഉയർത്തുക എന്നും നമുക്ക് നന്നായി പ്രവചിക്കാൻ കഴിയും,”നാസ പ്രസ്താവനയിൽ പറഞ്ഞു.

മക്കളെകൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച് പ്രചരിപ്പിച്ചെന്ന കേസിൽ രഹ്‌ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. രഹ്‌നക്കെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

പ്രായ പൂർത്തിയാവാത്ത കുട്ടികൾക്ക് മുന്നിലുള്ള അശ്ലീലകരവും ആഭാസകരവുമായ ശരീരപ്രദർശനം കുറ്റകരമാണെന്നും രഹ്‌നക്കെതിരെ പോക്‌സോ വകപ്പുകൾ നിലനിൽക്കുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.

കുട്ടികളുടെ മുന്നിലുള്ള നഗ്നതാപ്രദർശനം സമൂഹത്തിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും മുൻപ് 18 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞിട്ടുണ്ടെന്നും വേറെയും കേസുകളുണ്ടെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു.

കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്ന പ്രതിയുടെ വാദം കോടതി തള്ളി. ദൃശ്യങ്ങൾ പരിശോധിച്ച കോടതി പ്രതി കുട്ടികളെ ലൈംഗിക സംതൃപ്‌തിക്ക് വേണ്ടി ഉപയോഗിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് നിരീക്ഷിച്ചു.

കുട്ടികൾ ദേഹത്ത് ചിത്രങ്ങൾ വരച്ചപ്പോഴുള്ള പ്രതിയുടെ പ്രതികരണം പ്രധാനമാണെന്നും ഇത് അന്വേഷണ ഉദ്യോസ്ഥൻ പരിശോധിക്കണമെന്നും പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

മക്കൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകാൻ മാതാവിന് അവകാശമുണ്ടെന്നും നിയമം വിലക്കുന്നില്ലെങ്കിൽ അത് വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ആവുന്നതിൽ തെറ്റില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി എല്ലാ കുട്ടികൾക്കും ലൈംഗിക ബോധവത്‌കരണത്തിനു വേണ്ടിയാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന വാദത്തോട് യോജിക്കാനാവില്ലെന്ന് വ്യക്തമാക്കി.

സമൂഹത്തിൽ മാതാവിന്റെ സ്ഥാനം മഹത്തരമാണന്ന് കോടതി ഓർമ്മിപ്പിച്ചു. കുട്ടിയുടെ ജീവിതത്തിൽ അമ്മയുടെ പങ്ക് വലുതാണ്. കുഞ്ഞിന്റെ ജീവിത നങ്കൂരമാണ് അമ്മ. പ്രതിസന്ധികളിൽ കുഞ്ഞിന് വൈകാരിക പിന്തുണയാകുന്നത് അമ്മയാണ്. അമ്മയിലൂടെയാണ് കുഞ്ഞ് ലോകത്തെ കാണുന്നത്. അമ്മക്ക് പകരം വയ്ക്കാൻ മറ്റൊരാളില്ലെന്നും കുട്ടികൾക്ക് അമ്മയിൽ നിന്ന് പലതും പഠിക്കാനുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

പൊലീസ് സൈബർഡോമിൽ നിന്നുള്ള നിർദേശപ്രകാരം കൊച്ചി സൗത്ത് പൊലീസാണ് രഹ്നയ്ക്കെതിരെ കേസെടുത്തത്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമയ്ക്കെതിരെ ക്രിമിനൽ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവിട്ടിരുന്നു. തിരുവല്ല ബാറിലെ അഭിഭാഷകൻ എ.വി.അരുൺ പ്രകാശിന്റെ പരാതിയിൽ തിരുവല്ല പൊലീസും രഹ്നയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ബോഡി ആൻഡ്​ പൊളിറ്റിക്‌സ് എന്ന തലക്കെട്ടോടെ തന്റെ നഗ്​നശരീരത്തിൽ മക്കൾ ചിത്രം വരയ്ക്കുന്ന വീഡിയോ രഹ്ന സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണമെന്നും അതു വീട്ടിൽനിന്നു തന്നെ തുടങ്ങിയാലേ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂവെന്നും രഹ്ന വീഡിയോയ്ക്കൊപ്പമുളള കുറിപ്പിൽ പറഞ്ഞിരുന്നു.

സ്ത്രീശരീരത്തെ വെറും കെട്ടുകാഴ്ചകളായി നോക്കിക്കാണുന്ന സദാചാര ഫാസിസ്​റ്റ് സമൂഹത്തിൽ അവർ ഒളിച്ചിരുന്ന് കാണാൻ ശ്രമിക്കുന്നത് തുറന്നുകാട്ടുകയെന്നത് രാഷ്​ട്രീയപ്രവർത്തനം തന്നെയാണ്. നഗ്​നതയെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ പറയാൻപോലും സാധിക്കാത്തവിധം സ്തീകളുടെ നാവിന് സെൻസർഷിപ് ഏർപ്പെടുത്തിയിരിക്കുന്ന സമൂഹത്തിൽ ഇത്തരം ധീരമായ പ്രവൃത്തികൾ കാലഘട്ടത്തി​​ന്റെ ആവശ്യം കൂടിയാണെന്നും കുറിപ്പിൽ പറയുന്നു.

RECENT POSTS
Copyright © . All rights reserved