കൊച്ചി: രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന്. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തിനെതിരേ പി.ജെ. ജോസഫ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് നല്കിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഹൈക്കോടതി ശരിവെക്കുകയായിരുന്നു.
നേരത്തെ കേരള കോണ്‍ഗ്രസ് എം എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ടാണ് ജോസഫ് കോടതിയെ സമീപിച്ചത്.
ജോസഫിന്റെ ഹര്‍ജിയില്‍ ആദ്യം ഹൈക്കോടതി രണ്ടില ചിഹ്നം മരവിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ്.കെ.മാണി വിഭാഗത്തിന് ടേബിള്‍ ഫാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് അനുവദിച്ചിരുന്നു.
തിരഞ്ഞെടുപ്പു കമ്മിഷന്റെ അധികാരത്തിലും അവകാശത്തിലും ഇടപെടില്ല എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ ഭൂരിപക്ഷ വിധിയോട് യോജിച്ചു കൊണ്ടാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്.
മേല്‍ക്കോടതിയെ സമീപിക്കുക എന്ന നിയമപരമായ മാര്‍ഗം മാത്രമാണ് പി.ജെ. ജോസഫിന് മുന്പിലുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണം ആവേശത്തിലേക്ക് കടക്കുന്ന വേളയിലാണ് ജോസഫിന് പ്രതികൂലമായ വിധി വന്നിരിക്കുന്നത്. പാലാ ഉപതിരഞ്ഞെടുപ്പ് സമയത്താണ് ചിഹ്നത്തെ ചൊല്ലി ജോസ് കെ.മാണി വിഭാഗവും ജോസ് കെ. മാണി വിഭാഗവും കൊമ്പുകോര്‍ത്തത്.
ഹൈക്കോടതി വിധിക്കെതിരേ തിങ്കളാഴ്ച അപ്പീല്‍ നല്‍കുമെന്നും സ്റ്റേ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും പി.ജെ. ജോസഫ് പ്രതികരിച്ചു.
ലണ്ടൻ: ഓക്സ്ഫഡ് സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിൻ മുതിർന്നവരിൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതായി തെളിഞ്ഞു. 56 മുതൽ 69 വരെ പ്രായമുള്ളവരിൽ മാത്രമല്ല, 70നു മുകളിലുള്ളവർക്കും വാക്സിൻ ഫലപ്രദമാണെന്നാണു സ്ഥിരീകരണം. ഓക്സ്ഫഡ് സർവകലാശാലയുമായി ചേർന്ന് അസ്ട്രാസെനക ഉത്പാദിപ്പിക്കുന്ന ഈ വാക്സിന്റെ അവസാനഘട്ട പരീക്ഷണഫലം ആഴ്ചകൾക്കുള്ളിൽ പുറത്തുവരുമെന്നാണു കരുതുന്നത്.
പ്രശസ്തമായ ലാൻസെറ്റ് മെഡിക്കൽ ജേർണൽ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തതനുസരിച്ച് മരുന്നുപരീക്ഷണത്തിന്റെ പ്രാഥമിക വിവരങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നതാണ്. പരീക്ഷണത്തിനായി നൽകിയ ഡോസ് പ്രായമായവരിലും രോഗപ്രതിരോധ പ്രതികരണം സൃഷ്ടിച്ചുവെന്നാണു കണ്ടെത്തൽ. ആരോഗ്യമുള്ള 560 സന്നദ്ധപ്രവർത്തകരിലാണ് ChAdOx1 nCoV-19 എന്ന പേരിലുള്ള മരുന്നുപരീക്ഷിച്ചത്. ഇതിൽ 240 പേർ 70 വയസിനു മുകളിലുള്ളവരായിരുന്നു. മൂന്നാംഘട്ട പരീക്ഷണത്തിൽ 95 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയ ഫൈസറിന്റെ വാക്സിന് ഒപ്പമെത്താൻ ആസ്ട്ര-ഓക്സ്ഫഡ് വാക്സിന് കഴിയുമോ എന്നതിനുള്ള അന്തിമപരിശോധനകളാണ് ഇനി ബാക്കിയുള്ളത്.
അടുത്തമാസത്തോടെ പ്രതിരോധ വാക്സിൻ വിതരണത്തിനെത്തിക്കാനാകുമെന്ന് കഴിഞ്ഞദിവസം ഫൈസർ പറഞ്ഞിരുന്നു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകരത്തിനുവേണ്ടിയുള്ള ശ്രമത്തിലാണിപ്പോൾ ഫൈസർ. മറ്റൊരു യുഎസ് കന്പനിയായ മോഡേണയുടെ വാക്സിനും അവസാനഘട്ട പരീക്ഷണത്തിലാണ്.
കാഷ്മീരിലെ ജമ്മു നഗരത്തിനു സമീപം നാലു ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. രണ്ടു പോലീസുകാർക്കു പരിക്കേറ്റു.പാക്കിസ്ഥാനിൽനിന്നു നുഴഞ്ഞുകയറി ട്രക്കിലെത്തിയ ഭീകരരെ ജമ്മു-ശ്രീനഗർ ദേശീയപാതയിൽ നഗ്രോത മേഖലയിലെ ബൻ ടോൾ പ്ലാസയിലായിരുന്നു ഏറ്റുമുട്ടലിൽ വധിച്ചത്. ഇന്നലെ വെളുപ്പിന് അഞ്ചിനായിരുന്നു സംഭവം.
ടോൾ പ്ലാസയിൽ വാഹനപരിശോധന നടത്തവേ ട്രക്ക് ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപ്പെട്ടതിനെ ത്തുടർന്ന് സിആർപിഎഫ്, പോലീസ് സംഘങ്ങൾ വാഹനം പരിശോധിച്ചു. ഇതിനിടെ ട്രക്കിലുണ്ടായിരുന്ന ഭീകരർ വെടിവച്ചു. തുടർന്നു മൂന്നു മണിക്കൂർ നീണ്ട ഏറ്റുമുട്ടലിലാണു നാലു ഭീകരരെ വകവരുത്തിയത്. അരി കയറ്റി വന്ന ട്രക്കിന് ഇതിനിടെ തീപിടിക്കുകയും ചെയ്തു. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങളും കണ്ടെടുത്തു. 11 എകെ റൈഫിളുകൾ, മൂന്നു കൈത്തോക്കുകൾ, 35 ഗ്രനേഡുകൾ, മരുന്നുകൾ, സ്ഫോടകവസ്തുക്കൾ തുടങ്ങിയവയും സുരക്ഷാസേന കണ്ടെടുത്തു. കുൽദീപ് രാജ്, മുഹമ്മദ് ഇഷാഖ് മാലിക് എന്നീ പോലീസുകാർക്കാണു പരിക്ക്. ഇവരെ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
രാജ്യത്തു വൻ ഭീകരാക്രമണം നടത്താനെത്തിയ ഭീകരരാണു കൊല്ലപ്പെട്ടതെന്നു ജമ്മു ഐജി മുകേഷ് സിംഗ് പറഞ്ഞു. കൊല്ലപ്പെട്ടവർ ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരാണെന്നു പിടിച്ചെടുത്ത ആയുധങ്ങൾ സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ഡെവലപ്മെന്റ് കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണു ഭീകരർ എത്തിയതെന്നു കാഷ്മീർ ഐജി വിജയ്കുമാർ പറഞ്ഞു. നവംബർ 28 മുതൽ ഡിസംബർ 22 വരെയാണു തെരഞ്ഞെടുപ്പ്. ജനുവരി 31ന് ബൻ ടോൾ പ്ലാസയിൽ പോലീസിനു നേരെ വെടിയുതിർത്ത മൂന്നു ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.
ഇൻഡോർ: മധ്യപ്രദേശ് ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് ആൾദൈവം കംപ്യൂട്ടർബാബ ജയിൽ മോചിതനായി. വ്യാഴാഴ്ച ഹേബിയസ് കോർപസ് പരാതി പരിഗണിക്കവെയായിരുന്നു കംപ്യൂട്ടർ ബാബയെന്ന നാംദേവ് ത്യാഗിയെ (54) മോചിപ്പിക്കാൻ ജസ്റ്റീസുമാരായ എസ്.സി. ശർമയും ശൈലേന്ദ്ര ശുക്ലയും അംഗമായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
ഇൻഡോറിനു സമീപം ജംബൂർദി ഹപ്സി ഗ്രാമത്തിൽ രണ്ട് ഏക്കറോളം വരുന്ന സർക്കാർ ഭൂമി കൈയേറി ആശ്രമം നിർമിച്ചതിന് നവംബർ എട്ടിനാണ് കംപ്യൂട്ടർബാബയെ അറസ്റ്റ് ചെയ്തു ജയിലിലടച്ചത്. റൈഫിളും എയർപിസ്റ്റളും പോലീസ് പിടിച്ചെടുത്തിരുന്നു. കംപ്യൂട്ടർ ബാബയ്ക്ക് എതിരെ ഇൻഡോറിലെ രണ്ടു പോലീസ് സ്റ്റേഷനിലായി മൂന്നു കേസുകളാണ് രജിസ്റ്റർ ചെയ്തത്.
കംപ്യൂട്ടർ ബാബയ്ക്കു കമൽനാഥ് കോൺഗ്രസ് സർക്കാരിന്റെ കാലത്ത് നർമദ ട്രസ്റ്റ് ചെയർമാൻ സ്ഥാനവും സഹമന്ത്രി പദവിയും നല്‍കിയിരുന്നു. കമൽനാഥ് സർക്കാരിനു മുന്‍പുണ്ടായിരുന്ന ബിജെപി സർക്കാരും കംപ്യൂട്ടർ ബാബയ്ക്കു സഹമന്ത്രിപദവി നല്‍കിയിരുന്നു. 2018ലെ തെരഞ്ഞെടുപ്പായപ്പോഴേക്കും അദ്ദേഹം ബിജെപി ബന്ധം ഉപേക്ഷിച്ചു.
നർമദ തീരത്ത് അനധികൃത മണൽഖനനം നടക്കുന്നുവെന്നാരോപിച്ചായിരുന്നു കംപ്യൂട്ടർ ബാബ ബിജെപി ബന്ധം അവസാനിപ്പിച്ചത്. കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്കു കൂറുമാറിയതിനെ ബാബ വിമർശിച്ചിരുന്നു. കോൺഗ്രസിനായി പ്രചാരണം നടത്തിയ അദ്ദേഹം വഞ്ചകർ എന്നായിരുന്നു വിമതരെ വിശേഷിപ്പിച്ചത്.
ലണ്ടൻ: ഈ വർഷത്തെ മാൻ ബുക്കർ പുരസ്കാരം അമേരിക്കൻ-സ്കോട്ടീഷ് എഴുത്തുകാരൻ ഡഗ്ലസ് സ്റ്റ്യുവർട്ടിന്. ‘ഷഗ്ഗി ബെയ്ൻ’ എന്ന ആദ്യ എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്.
ഫാഷൻ ഡിസൈനറായി അമേരിക്കയിലെത്തി എഴുത്തുകാരനായി വളർന്ന ഡഗ്ലസിന്റെ ആത്മകഥാംശമുള്ള നോവലാണിത്. 50,000 പൗണ്ടാണു സമ്മാനത്തുക (ഏകദേശം 49 ലക്ഷം രൂപ). കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
യാത്രക്കാരന് ഹൃദയസ്തംഭനമുണ്ടായതിനെത്തുടർന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട വിമാനം പാകിസ്ഥാനിൽ അടിയന്തര ലാൻഡിംഗ് നടത്തി. കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. യാത്രക്കാരൻ മരിച്ചുവെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
ഉത്തർപ്രദേശിലെ ബറേലി സ്വദേശിയായ മുഹമ്മദ് നൗഷാദിനാണ് ഹൃദയസ്തംഭനമുണ്ടായത്.മുപ്പതുകാരനായ നൗഷാദിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് വിമാനം കറാച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റിയാദിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട ഗോ എയർ (6658) വിമാനമാണ് കറാച്ചിയിൽ ഇറക്കിയത്. വിമാനത്തിൽ 179 യാത്രക്കാരുണ്ടായിരുന്നു.ഇന്ധനം നിറച്ച ശേഷമാണ് വിമാനം കറാച്ചിയിൽ നിന്ന് പുറപ്പെട്ടതെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
തൃശൂര്‍ കൊരട്ടിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുമുടിക്കുന്ന് സ്വദേശി എബിന്റെ മൃതദേഹമാണ് കനാലില്‍ നിന്ന് കണ്ടെടുത്തത്.
കൊരട്ടി പടിഞ്ഞാറെ അങ്ങാടിയിലെ കട്ടപ്പുറം, കാതിക്കുടം ഇറിഗേഷന്‍ കനാലില്‍ ആയിരുന്നു മൃതദേഹം. തിരുമുടിക്കുന്ന് വലിയവീട്ടില്‍ ഡേവിസിന്റെ മകന് എബിന്റെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. മുപ്പത്തിമൂന്നു വയസായിരുന്നു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. ശരീരത്തില്‍ മര്‍ദ്ദനമേറ്റ രീതിയില്‍ ചില അടയാളങ്ങള്‍ കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്.
അടിവസ്ത്രം മാത്രമേ ധരിച്ചിരുന്നുള്ളൂ. മുണ്ടും ഷര്‍ട്ടും സമീപത്തു നിന്ന് കിട്ടി. ഡോഗ് സ്ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ. എബിനോടൊപ്പം കഴിഞ്ഞ ദിവസം കണ്ടതായി പറയുന്ന യുവാക്കളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
‘കര്ണന് നെപ്പോളിയന് ഭഗത് സിംഗ്’ ഇവര്‍ മൂന്നു പേരുമാണ് എന്റെ ഹീറോസ്…’ മലയാളികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഏറ്റെടുത്തതാണ് ഈ ഡയലോഗ്. 2014-ല്‍ തിയേറ്ററുകളിലെത്തിയ ‘സെവന്ത് ഡേ’ എന്ന ചിത്രത്തിലേതാണ് ഈ ഡയലോഗ്. പൃഥ്വിരാജിന്റെ ഈ ഡയലോഗ് ഇന്നും എടുത്ത് പ്രയോഗിക്കാറുണ്ട് പലരും. ‘കര്ണന് നെപ്പോളിയന് ഭഗത് സിംഗ്’ എന്ന പേരില്‍ പുതിയ ചിത്രം ഒരുങ്ങുന്നു എന്ന പ്രഖ്യാപനവും പ്രേക്ഷകര്‍ സ്വീകരിച്ചു.
ചിത്രത്തിലെ ഗാനങ്ങളും ടീസറുമെല്ലാം മികച്ച സ്വീകാര്യത നേടി. പത്ത് ലക്ഷത്തിലും അധികം പേരാണ് ചിത്രത്തിന്റെ ടീസര്‍ കണ്ടത്. ഗ്രാമ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘കര്ണന് നെപ്പോളിയന് ഭഗത് സിംഗ്’. ധീരജ് ഡെന്നിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. കല്‍ക്കി എന്ന സിനിമയില്‍ ഗോവിന്ദ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ധീരജ് ഡെന്നി ‘കര്ണന് നെപ്പോളിയന് ഭഗത് സിംഗ് എന്ന സിനിമയിലൂടെ നായക നിരയിലേക്കെത്തുന്നു.
സസ്പെന്‍സ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ കോമഡിക്കും പ്രധാന്യം നല്‍കുന്നുണ്ട്. സംവിധായകന് ശരത് ജി മോഹന്‍ ആണ് ചിത്രത്തിന്റെ രചനയും. ഫസ്റ്റ് പേജ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ മോനു പഴേടത്ത് ആണ് ചിത്രത്തിന്റെ നിര്‍മാണം. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും റെക്സണ്‍ ജോസഫ് സിനിമയുടെ ചിത്രസംയോജനവും നിര്‍വഹിക്കുന്നു.
ബീച്ചിൽ എത്തിയ വിനോദ സഞ്ചാരികൾ നോക്കിനിൽക്കെ കൂറ്റൻ മലയിടിഞ്ഞ് കടലിലേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സ്പെയിനിലെ കാനറി ദ്വീപിലുള്ള ലാ ഗോമേറ ബീച്ചിലാണ് സംഭവം നടന്നത്. കടലിന് അഭിമുഖമായി നിൽക്കുന്ന മലയുടെ ഒരു ഭാഗം പെട്ടന്ന് അടർന്ന് താഴേക്ക് പതിക്കുകയായിരുന്നു. അതേസമയം ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
നേരത്തെ മലയിൽ വിള്ളൽ കണ്ടതിനാൽ ആളുകളെ ആ ഭാഗത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. അതേസമയം നിരവധി വാഹനങ്ങൾ അവിടെ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നുവെന്നാണ് അവിടെ ഉണ്ടായിരുന്ന ദൃക്സാക്ഷികൾ പറയുന്നത്. കാനറി ദ്വീപിന്റെ പ്രസിഡന്റ് ഏയ്ഞ്ചൽ നിക്ടർ ടോറസ് ആണ് അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
ദ്വീപിന്റെ അടുത്ത് റിസോർട്ടിൽ താമസിക്കുന്നവരാണ് മല ഇടിഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയത്. അതേസമയം അപകടത്തിന് ശേഷം ഉടൻ തന്നെ സുരക്ഷാ പ്രവർത്തകർ എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
Desplazados efectivos de seguridad y perros especializados en búsqueda de personas al lugar. Sitio peligroso y de prohibido acceso. Aunque parezca estabilizado, hay grietas, con lo que el riesgo de repetición existe. Máxima precaución y todo el apoyo a la isla de La Gomera. pic.twitter.com/yx7NIDF7By
— Ángel Víctor Torres (@avtorresp) November 14, 2020
ഗ്രീൻലൻഡിലെ മഞ്ഞുപാളികൾക്കു താഴെ മഞ്ഞുരുകി ഒരു വമ്പൻ നദി രൂപപ്പെട്ടതായി ഗവേഷകർ. ജപ്പാനിലെ ഹൊക്കൈഡോ സർവകലാശാലയിലെ ഗവേഷകരാണ് ലഭ്യമായ ഡേറ്റ ഉപയോഗിച്ച് വിശകലനം നടത്തിയിരിക്കുന്നത്. ഇരുണ്ട നദി അഥവാ ഡാർക്ക് റിവർ എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. നദിക്ക് ഏകദേശം 1000 കിലോമീറ്റർ നീളമുണ്ടാകുമെന്നാണ് നിഗമനം.
ഗ്രീൻലന്‍ഡിനു താഴെ അഗാധതയിൽനിന്ന് ആരംഭിക്കുന്ന നദി അവസാനിക്കുക ദ്വീപിന് വടക്കു പടിഞ്ഞാറായുള്ള പീറ്റർമാൻ ഉൾക്കടലിൽ ആയിരിക്കും. അതായത് ഗ്രീൻലൻഡിലെ മഞ്ഞ് അസാധാരണമായി ഉരുകിയാൽ അത് ഉൾക്കടലിൽ ജലനിരപ്പ് ഉയരാൻ കാരണമാകും. അത്തരമൊരു പ്രതിഭാസം സംഭവിക്കുന്നുണ്ടോയെന്നും ഇനി പരിശോധിക്കേണ്ടി വരും. അതുൾപ്പെടെയുള്ള കൂടുതൽ പരീക്ഷണങ്ങളിലൂടെ മാത്രമേ ഡാർക്ക് റിവറിന്റെ നിലനിൽപ് സംബന്ധിച്ച അന്തിമ നിഗമനത്തിലെത്താൻ സാധിക്കുകയുള്ളൂ.
ഗ്രീന്‍ലൻഡിലെ മഞ്ഞുപാളികള്‍ക്ക് മുകളിലൂടെ വിമാനം പറത്തി റഡാർ ഡേറ്റ വർഷങ്ങളായി ഗവേഷകർ ശേഖരിക്കുന്നുണ്ട്. അങ്ങനെയാണ് മഞ്ഞുപാളികൾക്കു താഴെ നീർച്ചാലുകൾക്ക് സമാനമായ ഭാഗങ്ങളുണ്ടെന്ന് കണ്ടെത്തിയത്. എന്നാൽ ഇവിടെ ദ്രവരൂപത്തിലുള്ള വെള്ളമാണോ ഉള്ളതെന്ന് വ്യക്തമായിരുന്നില്ല. മാത്രവുമല്ല ഈ നീർച്ചാലുകൾ ചെറിയ പോക്കറ്റുകളായിട്ടായിരുന്നു കണ്ടത്. അതായത് ഒന്ന് മറ്റൊന്നിനോടു ചേർന്നിരുന്നില്ല. എന്നാൽ റഡാർ ഡേറ്റ പൂർണമല്ലെന്നു തിരിച്ചറിഞ്ഞ ഹൊക്കൈഡോ സർവകലാശാലയിലെ ഐസ് ഷീറ്റ് മോഡലർ ക്രിസ്റ്റഫർ ചേംബേഴ്സാണ് ഇരുണ്ട നദിയുടെ സാധ്യതയെക്കുറിച്ച് ഗവേഷണം നടത്തി റിപ്പോർട്ട് പുറത്തുവിട്ടത്.