Latest News

ഇടുക്കി വാഗമണിലെ നിശാ പാര്‍ട്ടിയില്‍ വിളമ്പാനെത്തിച്ചത് വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഏഴു തരം ലഹരി വസ്തുക്കളെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചു മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കേസില്‍ അറസ്റ്റിലായ മോഡലും നടിയുമായ ബ്രിസ്റ്റി ബിശ്വാസിന് കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.

എംഡിഎംഎ, എൽഎസ്ഡി, കഞ്ചാവ്, എംഡിഎംഎയുടെ വകഭേദങ്ങളായ എക്സ്റ്റസി പിൽസ്, എക്സറ്റസി പൗഡർ, ചരസ്സ്, ഹഷീഷ് എന്നിവയാണു പ്രതികളിൽ നിന്നു കണ്ടെടുത്തത്. അറസ്റ്റിലായ 9 പ്രതികളുടെ വാഹനങ്ങളില്‍ നിന്നും ബാഗുകളില്‍നിന്നുമായാണ് ലഹരി വസ്തുക്കളെല്ലാം ലഭിച്ചത്. തൊടുപുഴ സ്വദശിയായ ഒന്നാം പ്രതി അജ്മല്‍ സക്കീറാണ് ഇവയെല്ലാം നിശാ പാര്‍ട്ടികളിലേക്ക് എത്തിച്ചു നല്‍കിയത്. അന്തര്‍ സംസ്ഥാന ലഹരി മാഫിയയുമായി അജ്മലിനും രണ്ടും മൂന്നും പ്രതികളായ മെഹറിനും നബീലിനും ബന്ധമുണ്ടെന്നാണ് സൂചന. മുന്‍പ് വിവിധയിടങ്ങളില്‍ ഇവര്‍ പാര്‍ട്ടികളില്‍ ലഹരിയുടെ ഉപയോഗം നടന്നിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

കേസിലെ ഒമ്പതാം പ്രതിയായ ബ്രിസ്റ്റി ബിശ്വാസിന് ലഹരിമരുന്ന് സംഘവുമായി നേരത്തെ മുതല്‍ ബന്ധമുണ്ടെന്നാണ് വിവരം. പനംമ്പള്ളി നഗറിലെ ഷോപ്പിങ് കോംപ്ലക്സ് കേന്ദ്രീകരിച്ച് ഒത്തുകൂടുന്ന ലഹരി സംഘത്തിലെ കണ്ണികളിലൊരാളാണ് തൃപ്പൂണിത്തുറ സ്വദേശിയായ നടി. വിവിധ ജില്ലയിൽ നിന്നുള്ളവർ പാർട്ടിയിൽ പങ്കെടുത്തതിനാൽ ഇവരുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചു മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇതിലൂടെ കൂടുതല്‍ ലഹരി ഇടപാടുകൾക്കു തെളിവു ലഭിക്കുമെന്നാണു എക്സൈസിന്റെ പ്രതീക്ഷ.

പുതുവർഷത്തിൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു വൻ തോതിൽ ലഹരിമരുന്ന് എത്തിച്ചേരുമെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ അതിർത്തികളിൽ വാഹന പരിശോധന കർശനമാക്കിയത്. ജില്ലാ അതിർത്തിയിലെ വനപാതകളും എക്സൈസ് ഇന്റലിജൻസിന്റെ നിരീക്ഷണത്തിലാണ്.

മാഞ്ചസ്റ്റർ / ലണ്ടൻ : പ്രശസ്ത കവിയത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി ടീച്ചറുടെ വേർപാടിൽ ലണ്ടൻ ഇന്റർനാഷണൽ മലയാളം ഓഥേഴ്‌സ് (ലിമ) അനുശോചനം രേഖപ്പെടുത്തി. 1934 ജനുവരി 22 ന് ആറമ്മുളയിൽ ജനിച്ച സുഗതകുമാരി 1961 ലാണ് “മുത്തുച്ചിപ്പി” എന്ന കവിതയെഴുതുന്നത്. മനുഷ്യ വേദനകളുടെ ആഴം മനസ്സിലാക്കി കാവ്യഭാഷയായ കവിതകൾക്ക് നവചൈതന്യം നൽകുക മാത്രമല്ല ചില ആധുനിക കവിതകൾക്കെതിരെയും ശബ്ദിച്ചു. സത്യവും നീതിയും വലിച്ചെറിയുന്ന ഈ കാലത്ത് സാഹിത്യ ലോകത്ത് ഒരു പോരാളിയായി സ്ത്രീപക്ഷത്തു നിന്നുള്ള പോരാട്ടം കേവലമായി കാണാനാകില്ല. സ്ത്രീപക്ഷത്തു നിന്ന് അർത്ഥഗൗരവമുള്ള വരികൾ നൽകിയ ടീച്ചർ ഈ കാലഘട്ടത്തിന്റ തുടിപ്പാണ്. വയലോലകൾ, കുന്നുകൾ ഇടിച്ചുനിരപ്പാക്കി കലപ്പക്ക് പകരം മതിലുകളുയർത്തുന്നതിനെ എതിർത്തു. അതിന്റ ഏറ്റവും വലിയ ഉദാഹരണമാണ് സൈലന്റ് വാലി സമരം.

പ്രപഞ്ചത്തോടെ കാട്ടുന്ന ക്രൂരതക്കെതിരെ പ്രതികരിക്കാനിറങ്ങിയ ടീച്ചർക്ക് നേരെയും പ്രതിഷേധമുഅയർന്നു. അത് ആറമ്മുളയിൽ മദ്ധ്യതിരുവിതാംകുറിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരിന്ന ഒരു വിമാനത്താവളം വരാതിരിക്കാൻ തടക്കം സൃഷ്ഠിച്ചതിനായിരിന്നുവെന്ന് സാഹിത്യകാരൻ കാരൂർ സോമനറിയിച്ചു. ചെറുപ്പം മുതൽ കവിയും സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന അച്ചൻ ബോധെശ്വരനിൽ നിന്ന് ധാരാളം പാഠങ്ങൾ പഠിച്ചുവളർന്ന ടീച്ചറുടെ കർമ്മ മണ്ഡലം രാഷ്ട്രീയമായിരുന്നില്ല. സംസ്ഥാന വനിതാ കമ്മീഷന്റെ അധ്യക്ഷയായിരുന്ന ടീച്ചർ സ്ത്രീകൾക്കെന്നും ഒരു പ്രകാശമായിരിന്നു. തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരിന്നു. പ്രകൃതി സംരക്ഷണ സമിതി, അഭയയുടെ സ്ഥാപക സെക്രട്ടറിയെന്ന നിലയിൽ പ്രവർത്തിച്ചു. ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടിന്റ “തളിര്” എന്ന മാസികയുടെ ചീഫ് എഡിറ്ററായിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്. പ്രധാന കൃതികൾ രാത്രിമഴ, മണലെഴുത്തു്, അമ്പലമണി, പാതിരാപ്പൂക്കൾ, കൃഷ്ണ കവിതകൾ അങ്ങനെ പലതു൦. സാഹിത്യത്തിലെ ഏറ്റവും വലിയ സംഭാവനയായ എഴുത്തച്ഛൻ പുരസ്കാരമടക്കം ധാരാളം പുരസ്‌കാരങ്ങൾ ലഭിച്ചു. ഭർത്താവ് പരേതനായ ഡോ.വേലായുധൻ നായർ, മകൾ ലക്ഷ്മി.

ലിമ ചെയർമാൻ ഡോ.ജോർജ് ഓണക്കൂർ അടക്കം ലോകമെങ്ങുമുള്ള ഭാരവാഹികൾ അനുശോചനമറിയിച്ചതായി ലിമ പി.ആർ.ഒ. അഡ്വ. റോയി പഞ്ഞിക്കാരൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

രാജു കാഞ്ഞിരങ്ങാട്

അമ്മേ കവിതേ,
വിശുദ്ധിതൻ അമ്പലമണിമുഴ-
ക്കമായ്നീയെന്നിൽ നിറയുന്നു
തുലാവർഷപ്പച്ചയായ് ,ക്കുറിഞ്ഞിപ്പൂക്കളായ്
രാത്രിമഴയായെൻ വിങ്ങും നെഞ്ചിൻനടവരമ്പിൽ
കൃഷ്ണകവിതയായ് പൂത്തുനിൽക്കുന്നു

അമ്മേ കവിതേ ,
നിൻ കവിതതൻ മുത്തുച്ചിപ്പിയിൽ നിന്നും
ഒരു മുത്തു പോലുമെടുക്കാൻ ഞാനശക്തൻ
കലർപ്പറ്റ കവിതതൻ ഉറവയായ്
അറിവിൻ നിറകുടമായ്
പ്രകൃതിയാമമ്മയ്ക്കുമമ്മയായ് !
സ്നേഹമായ് ശക്തിയായ് കാത്തുരക്ഷിപ്പ –
വൾനീ

അമ്മേ കവിതേ,
ശാന്തികവാടത്തിലെങ്കിലും
ഒഴിയാത്തൂലികയായ് നീയെന്നിൽ വിരാജിക്കും
സുഗതവാക്യമായെൻ ഹൃദയ തന്ത്രിയിൽ
മീട്ടി നിൽക്കും കാവ്യതന്തു

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

ബിനു ജോർജ്

ലണ്ടൻ: മഹാമാരിയുടെ രണ്ടാം വരവിൽ ലോകം സ്തംഭിച്ചു നിൽക്കുമ്പോൾ, ആശ്വാസഗീതവുമായി യുകെയിൽ നിന്നും ഒരു കരോൾ സംഘം. ഹാർമണി ഇൻ ക്രൈസ്റ്റ് എന്ന ഗായകസംഘമാണ് അതിശയിപ്പിക്കുന്ന വിർച് വൽ ഒത്തുചേരൽ സംഘടിപ്പിച്ച് കരോൾ ഗാനങ്ങൾ അവതരിപ്പിച്ചത്. ഡിസംബർ 20 ഞായറാഴ്ച ഗർഷോം ടിവിയിൽ റിലീസ് ചെയ്ത ‘എ സ്റ്റാറി നൈറ്റ് ‘ എന്ന കരോൾ ഗാനമാണ് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയത്.

കേരളത്തിൽ നിന്നും യുകെ യുടെ വിവിധ ഭാഗങ്ങളിൽ വന്നു പാർക്കുന്ന ക്രിസ്തീയ ക്വയർ പാട്ടുകാരുടെ ഒരു ഒത്തുചേരലാണ് ഹാർമണി ഇൻ ക്രൈസ്റ്റ്. ദൈവീക സ്നേഹത്തിൽ അധിഷ്ഠിതമായ ഈ കൂട്ടായ്മയിൽ എല്ലാ സഭാവിഭാഗങ്ങളിൽ നിന്നും ഉള്ള, ക്രിസ്‌തീയ ഗാനങ്ങളെ അതിന്റെ തനതുശൈലിയിൽ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്ന അംഗങ്ങൾ ആണ് ഉള്ളത്.

മാർട്ടിൻ ലൂഥർ പറഞ്ഞതുപോലെ സംഗീതം പിശാചിനെ അകറ്റുകയും ആളുകളെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു; അതുവഴി അവർ എല്ലാ കോപവും, അഹങ്കാരവും മറക്കുന്നു. ഈ കൊയറിൽ അംഗങ്ങളായുള്ള എല്ലാവരും ഈ സത്യത്തെ തിരിച്ചറികയും, തങ്ങൾക്കു ലഭിച്ച താലന്തുകൾ സമൂഹ നന്മയ്ക്കും അതിലുപരി ദൈവനാമ മഹത്വത്തിനുമായി ഉപയോഗിക്കുന്നുവെന്ന് സെക്രട്ടറി അനൂപ് ചെറിയാൻ പറഞ്ഞു.

വളരെക്കാലങ്ങളായിട്ടു ഇങ്ങനെ ഒരു സ്വപ്നം മനസ്സിൽ താലോലിച്ചിരുന്ന ഒരു സംഘം സുഹൃത്തുക്കളുടെ സ്വപ്ന സാക്ഷാൽക്കാരത്തിന്റെ ഫലമാണ് ഈ പ്രോഗ്രാം. കോട്ടയം തുണ്ടയ്യത്ത് എന്ന സംഗീത കുടുംബത്തിൽ നിന്നും ഉള്ള ജോജി ജോസഫിന്റെ നേതൃത്വത്തിൽ ഒരു ടീം ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നു. ഈ 2020 വർഷം ചരിത്രത്തിൽ എക്കാലവും ഓർമപ്പെടുത്തുവാൻ തക്കവണ്ണം മനുഷ്യ രാശിയെ പിടിച്ചുലച്ച ഒരു വർഷമായിരുന്നിട്ടും അസാധ്യതകളുടെ മധ്യത്തിൽ സാധ്യതകളെ കണ്ടുപിടിക്കുവാൻ ഉപദേശിച്ച യേശുവിന്റെ ജനനം മനുഷ്യരുടെ മനസ്സുകളിൽ ആശ്വസവും പ്രത്യാശയും കൊണ്ടുവരുവാൻ ഉതകുന്ന ഒരു കരോൾ നടത്തണം എന്നുള്ള ഒരു ആശയത്തിൽ നിന്നും ആണ് ‘എ സ്റ്റാറി നൈറ്റ്’ എന്ന പ്രോഗ്രാമിന്റെ തുടക്കം.

വളരെ അധികം പരിശീലനം ഒത്തു ചേർന്ന് നടത്തേണ്ട ഒരു പരിപാടി ആയിരുന്നിട്ടും ഒത്തു ചേർന്നുള്ള പരിശീലനം അസാധ്യമായ ഈ കാലഘട്ടത്തിൽ വെർച് വൽ ടെക്നോളജിയുടെയും മറ്റു ഓൺലൈൻ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയാണ് ഈ പ്രോഗ്രാം ചിട്ടപ്പെടുത്താൻ സാധിച്ചത് . ഇതിനു സഹായമാകും വിധം എല്ലാ അംഗങ്ങളുടെയും നിർലോഭമായ പങ്കാളിത്തം എടുത്തു പറയേണ്ടതാണെന്നും ഈ ഗാനോപഹാരം യാഥാർഥ്യമാകാൻ സഹായകരമായ വിധം മിക്സിങ്, എഡിറ്റിംഗ് സഹായങ്ങൾ നല്കിയ എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായും അനൂപ് പറഞ്ഞു.

വീഡിയോ കാണുവാൻ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന് പാചകത്തോടുള്ള താല്‍പര്യം മലയാളികള്‍ക്ക് സുപരിചിതമാണ്. താരത്തിന്റെ കൈപ്പുണ്യവും സിനിമാ സുഹൃത്തുക്കള്‍ക്കിടയില്‍ പ്രസിദ്ധണ്. ലാലേട്ടന്‍ കുക്ക് ചെയ്യുന്ന വീഡിയോ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

ഇപ്പോഴിതാ താരം മീന്‍ പൊരിക്കുന്ന വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ലാലേട്ടന്‍ തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. തന്റെ അടുത്ത സുഹൃത്തായ പ്രിയദര്‍ശന്റെ അമ്മയുടെ റെസിപ്പി ഉപയോഗിച്ചാണ് താരം ഫിഷ് ഫ്രൈ ഉണ്ടാക്കിയിരിക്കുന്നത്. കളാഞ്ചി എന്ന മീനാണ് പൊരിച്ചത്. നാടന്‍ രുചിയാണെന്നും തനിക്ക് വളരെ ഇഷ്ടപ്പെട്ടതാണെന്നും പറഞ്ഞുകൊണ്ടാണ് വിഭവം ആരാധകര്‍ക്ക് പരിചയപ്പെടുത്തുന്നത്.

സാധാരണ ഏതെങ്കിലും വീട്ടില്‍ പോയി ഭക്ഷണം കഴിച്ചാല്‍ ഇഷ്ടമായ ഭക്ഷണത്തിന്റെ റസിപ്പി ചോദിച്ചു മനസിലാക്കാറുണ്ടെന്നും എനിക്ക് സ്വന്തമായി ഉണ്ടാക്കാനും പ്രിയപ്പെട്ടവര്‍ക്ക് പാചകം ചെയ്തുകൊടുക്കാനും ആണ് ചോദിച്ചറിയുന്നതെന്നും മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു. ഭക്ഷണം അങ്ങനെയാണല്ലോ, കഴിച്ച് കഴിച്ച് രസിക്കാന്‍ മാത്രമല്ല മറ്റുള്ളവരെ രസിപ്പിക്കാന്‍ കൂടിയുള്ളതാണ് എന്നും താരം പറഞ്ഞു.

പാചകം ചെയ്ത ഭക്ഷണം മറ്റുള്ളവര്‍ക്ക് നല്‍കാനാണ് തനിക്ക് കൂടുതല്‍ താല്പര്യമെന്ന് മോഹന്‍ലാല്‍ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

 

 

View this post on Instagram

 

A post shared by Mohanlal (@mohanlal)

സൂഫിയും സുജാതയും സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ ഷാനവാസിനെ കോയമ്പത്തൂരില്‍ നിന്ന് മണിക്കൂറുകള്‍ മുന്‍പാണ് കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലേയ്ക്ക് എത്തിച്ചത്. നടന്‍ വിജയ് ബാബു ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

നേരത്തെ ഷാനവാസ് അന്തരിച്ചു എന്ന തലത്തില്‍ എത്തിയ വാര്‍ത്തകളോടും പ്രതികരിച്ച് വിജയ് ബാബു എത്തിയിരുന്നു. ഷാനവാസ് വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വസിക്കുന്നുണ്ടെന്നും മരിച്ചിട്ടില്ലെന്നും അറിയിച്ചിരുന്നു. തെറ്റായ വിവരം പങ്കുവെയ്ക്കരുതേ എന്നും അപേക്ഷിച്ചിരുന്നു. വിജയ് ബാബു തന്നെയാണ് വിയോഗം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

‘ഒരു ആയുഷ്‌ക്കാലത്തേക്കുള്ള ഓര്‍മകളും എന്നോട് പറഞ്ഞ കുറേ കഥകളും ബാക്കി വെച്ച് അവന്‍ പോയി, നമ്മുടെ സൂഫി’ ചിത്രം പങ്കുവെച്ച് വിജയ് ബാബു കുറിക്കുന്നു.

കോവിഡിന്റെ ജനിതക വകഭേദം രാജ്യത്ത് എത്തിയെന്ന ആശങ്ക ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി യുകെയിൽ നിന്ന് ഇന്ത്യയിലെത്തിയ 16 വിമാന യാത്രികർക്ക് കോവിഡ്19 സ്ഥിരീകരിച്ചതോടെയാണ് സംശയമുയർന്നിരിക്കുന്നത്. അതിവേഗ വ്യാപനശേഷിയുള്ള ജനിതക മാറ്റം വന്ന വൈറസാണോ ഇവർക്ക് ബാധിച്ചതെന്ന് അറിയാൻ വിദഗ്ധ പരിശോധനകൾ നടക്കുകയാണ്. സ്രവ സാംപിളുകൾ ഉടൻ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഉൾപ്പെടെയുള്ള വിദഗ്ധ ലാബുകളിലേക്കാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ സാംപിളുകൾ അയച്ചിട്ടുള്ളത്.

യുകെയിൽ നിന്നെത്തിയ എട്ട് പേർ അമൃത്സറിലും അഞ്ച് പേർ ന്യൂഡൽഹിയിലും രണ്ടുപേർ കൊൽക്കത്തയിലും ഒരാൾ ചെന്നൈയിലുമാണ് പരിശോധനയിൽ കോവിഡ് ബാധിതരായി കണ്ടെത്തിയത്. യുകെയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിനു മുമ്പത്തെ ദിവസങ്ങളിലായി നിരവധി പേരാണ് ഇന്ത്യയിലേക്ക് എത്തിയത്.

അതേസമയം, ഭയപ്പെടാൻ ഒന്നുമില്ലെന്നും ഇന്ത്യയിൽ ഇതുവരെയും ജനിതകമാറ്റം വന്ന പുതിയ വൈറസ് വകഭേദം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ യുകെയിൽ നിന്ന് ഇന്ത്യയിലെത്തിയ എല്ലാ യാത്രക്കാരെയും വിമാനത്താവളത്തിൽ തന്നെ ആർടിപിസിആർ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. ഫലം ലഭിച്ച ശേഷം മാത്രമാണ് ഇവരെ പുറത്തുവിട്ടത്.

കഴിഞ്ഞ നാല് ആഴ്ചക്കിടെ യുകെയിൽ നിന്ന് രാജ്യത്തെത്തിയവരെ സർക്കാർ നിരീക്ഷിക്കുന്നുണ്ട്. ഇവരോട് കർശനമായി ക്വാറന്റൈനിൽ കഴിയാനും നിർദേശിച്ചിട്ടുണ്ട്.

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ ബ്രിട്ടണിൽ രോഗവ്യാപനം നിയന്ത്രണാതീതമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

യുകെ സൗത്താംപ്ടണിൽ നിന്നും ജെഎൽഎൻ സ്റ്റുഡിയോയുടെ ബാനറിൽ ശ്രീ. ജെയ്സൻ ബത്തേരി നിർമ്മിച്ച “മഞ്ഞണിഞ്ഞ രാവ് ” സംഗീത ആൽബം പുറത്തിറങ്ങി. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്ത ആൽബത്തിന് ആശംസകളുമായി മലയാളത്തിന്റെ പ്രിയകവി ശ്രീ. വയലാർ ശരത്ചന്ദ്രവർമ്മയോടൊപ്പം സംഗീത – സിനിമാ-സാഹിത്യ രംഗങ്ങളിലെ പ്രമുഖർ ആശംസകൾ നേർന്നു.

അനുഗ്രഹീത കവി ശ്രീ പാപ്പച്ചൻ കടമക്കുടി രചിച്ച ഹൃദ്യവും ആകർഷകവുമായ ഗാനങ്ങൾക്ക് ശ്രീ. മൊഹ്സിൻ കുരിക്കൾ, ശ്രീ.ഷാജുവേദി എന്നീ സംഗീത സംവിധായകർ നല്കിയ ഇമ്പമാർന്ന ഈണങ്ങൾക്ക് സ്വരം നല്കിയ പുതുഗായകരെ ലോകത്തിനു മുമ്പിൽ പരിചയപ്പെടുത്തുന്നു. ദ റിബൽ ചലഞ്ച് യൂട്യൂബ് ചാനലിലെ സിംഗ് വിത്ത് റിബൽ പരിപാടിയിലൂടെ കഴിവു തെളിയിച്ച പന്ത്രണ്ട് നവഗായകരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് . ഗാനങ്ങളുടെ ഓർക്കസ്ട്രേഷൻ റാഹിബ് കുരിക്കളും ചിത്ര സംയോജനം ഷെഫീഖ് മഞ്ചേരിയും നിർവഹിച്ചു. പോസ്റ്റർ മാത്രാടൻ ഡിസൈനിംഗ്സ് കണ്ണൂർ.
മഞ്ഞണിഞ്ഞ രാവ് – ഇതാ സഹൃദയർക്കു മുന്നിൽ.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

1992 മാർച്ച് 27 കോട്ടയം ബി സി എം കോളേജ് രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർഥിനിയും ഉഴവൂർ അരീക്കര കുന്നേൽ തോമസ് ലീലാമ്മ ദമ്പതികളുടെ മകളുമായ സിസ്റ്റർ അഭയ കോട്ടയം പയസ് ടെൻത് കോൺവെൻറ് വളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് ഇന്ന് കൃത്യം 28 വർഷവും എട്ടുമാസവും 26 ദിവസവും പിന്നിടുമ്പോൾ കേസിലെ ദുരൂഹത അവസാനിച്ചോ? ഇത്രമാത്രം വഴിത്തിരിവുകളെ നേരിട്ട ഒരു കേസ് അപൂർവ്വമായിരിക്കും.

അഭയകേസിലെ തുടക്കത്തിൽ റാന്നി സ്വദേശികളായ രണ്ട് യുവാക്കൾ സംശയത്തിലായിരുന്നു. ഇവർ രണ്ടുപേരും തിരുവല്ലയിലെ ഒരു ലോഡ്ജിൽ ആത്മഹത്യാശ്രമം നടത്തിയത് അന്ന് വാർത്തയായിരുന്നു. എന്തിനാണ് അവർ ആത്മഹത്യക്ക് ശ്രമിച്ചത്? ഒരാളെ കേസുമായി ബന്ധമില്ലെന്ന് കണ്ട് അന്വേഷണസംഘം വിട്ടയച്ചിരുന്നു. എന്നാൽ ഇവരിൽ ഒരാൾ വർഷങ്ങളായി എവിടെയാണെന്ന് ആർക്കും അറിയില്ല. അഭയകേസിലെ ദുരൂഹതയുടെ ആഴംകൂട്ടി അപ്രത്യക്ഷനായ രണ്ടാമന് എന്തുസംഭവിച്ചു? രണ്ടു പേരും നിരപരാധികളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുമ്പോഴും അതിൽ ഒരാളുടെ തിരോധാനം ഇന്നും ഉയർത്തുന്ന ചോദ്യങ്ങൾ നിരവധിയാണ്.

28 വർഷങ്ങൾക്ക് ശേഷം ഇന്ന് ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും ശിക്ഷിക്കപ്പെടുമ്പോഴും കേസിൻെറ നാൾവഴികൾ അവസാനിക്കുന്നില്ല എന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നു. കോടതി പ്രതി ചേർക്കാത്ത ഫാ. തോമസ് പുതൃക്കയിലിനെ വിചാരണ ചെയ്യണമെന്ന ആവശ്യവുമായി മേൽക്കോടതിയെ സമീപിക്കുമെന്ന് സിബിഐ വ്യക്തമാക്കി കഴിഞ്ഞു. വിധിയെ ചോദ്യം ചെയ്ത് പ്രതികളും മേൽക്കോടതിയെ സമീപിക്കുമെന്ന് തീർച്ചയാണ് .  നീണ്ട കാലയളവിൽ 48 സാക്ഷികളിൽ 8 പേർ കൂറുമാറിയിരുന്നു. പ്രതി ഭാഗത്തുനിന്നും ഒരു സാക്ഷിയെ പോലും വിസ്തരിച്ചില്ല എന്ന പ്രത്യേകതയും അഭയാ കേസിൽ ഉണ്ട്. കോടതി മുറികളിലും മാധ്യമങ്ങളിലും ജനങ്ങളുടെ ഇടയ്ക്കും വളരെയേറെ ചർച്ച ചെയ്യപ്പെട്ട അഭയ കേസിലെ നാൾവഴികൾ ഇവിടെ അവസാനിക്കുന്നില്ല.

കൊവിഡ് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്ത ഏക ഭൂഖണ്ഡമായിരുന്ന അന്റാര്‍ട്ടിക്കയും കൊവിഡ് സ്ഥിരീകരിച്ചു. ചിലിയന്‍ റിസര്‍ച്ച് ബേസിലെ 36 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 26 പേര്‍ ചിലിയന്‍ സൈനികരും ബാക്കി പത്ത് പേര്‍ അറ്റകുറ്റപണികള്‍ ചെയ്യുന്ന തൊഴിലാളുകളുമാണ്. ജനറല്‍ ബെര്‍നാഡോ ഒ ഹിഗ്ഗിന്‍സ് റിക്വെല്‍മി റിസര്‍ച്ച് ബേസിലുളളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെയുളള 13 ചിലിയന്‍ ആസ്ഥാനങ്ങളില്‍ ഒന്നാണിത്.

ഭൂഖണ്ഡത്തില്‍ സ്ഥിരതാമസക്കാര്‍ ആരുമില്ലെങ്കിലും 1000 ഗവേഷകരും മറ്റു സന്ദര്‍ശകരും ഇവിടെ താമസിച്ചുവരുന്നതായി എപി റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറസ് ബാധ സ്ഥിരീകരിച്ചവരെ ചിലിയിലെ പുന്ത അരെനാസിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

RECENT POSTS
Copyright © . All rights reserved