Latest News

ലോക്ക്ഡൗൺ മൂലം ഇംഗ്ലണ്ടിലെ രണ്ട് തുറമുഖങ്ങളിൽ കുടുങ്ങിയത് ഇന്ത്യക്കാരായ ആയിരത്തിലേറെ കപ്പൽ ജീവനക്കാർ. ഇതിൽ സൗത്താംപ്റ്റണിൽ കുടുങ്ങിയ 600 ഇന്ത്യക്കാരിൽ 44 മലയാളികൾ ഉൾപ്പെടെയുള്ളവരെ പ്രത്യേക വിമാനങ്ങളിൽ ക്രൂയിസ് കമ്പനി നാട്ടിലേക്ക് മടക്കി അയച്ചുതുടങ്ങി. അഞ്ചുകപ്പലുകളിലായി ജോലി ചെയ്തിരുന്നവരാണ് 44 മലയാളികൾ ഉൾപ്പെടെയുള്ള ഈ ജീവനക്കാർ.

ആറ് ആഡംബര കപ്പലുകളിലായി ടിൽബറി പോർട്ടിലും കുടുങ്ങിയ  496 ഇന്ത്യൻ ജീവനക്കാർ നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുകയാണ്. ഇതിൽ 120 പേർ മലയാളികളാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇവരെ കമ്പനി ചാർട്ടർ ചെയ്യുന്ന വിമാനങ്ങളിൽ നാട്ടിലെത്തിച്ചു തുടങ്ങുമെന്നാണ് വിവരം. എന്നാൽ ഏപ്രിൽ 14 മുതൽ തുടങ്ങിയ ഈ കാത്തിരിപ്പിന് ഇനിയും അവസാന ഉത്തരം ആയിട്ടില്ല. ഭക്ഷണവും താമസസൗകര്യവും ബേസിക് സാലറിയും കമ്പനി നൽകുന്നുണ്ടെങ്കിലും നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തതിന്റ ആശങ്കയിലാണ് മലയാളികളായ പല ജീവനക്കാരും.

വിവിധ ലോകരാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ വേൾഡ് ക്രൂയിസ് നടത്തിയിരുന്ന കപ്പലുകളാണ് ഇവയെല്ലാം. തുറമുഖങ്ങൾ അടച്ചതോടെ കപ്പലുകൾ അടിയന്തരമായി യാത്രനിർത്തി ഇംഗ്ലണ്ടിലെ മദർ പോർട്ടുകളിലേക്ക് തിരികെപോന്നു. കപ്പലുകളിൽ ഉണ്ടായിരുന്ന യാത്രക്കാരെയെല്ലാം ഇതിനോടകം സുരക്ഷിതമായി മടക്കി അയച്ചു കഴിഞ്ഞു.
ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ ജപ്പാൻ, ഓസ്ട്രേലിയ, നോർവേ, സൗത്ത് അമേരിക്ക, ഇന്തോനേഷ്യ എന്നിവയുടെ സമുദ്രാതിർത്തികളിലായിരുന്ന ആറ് ആഡംബര കപ്പലുകളാണ് ഇപ്പോൾ ടിൽബറിയിൽ നങ്കൂരമിട്ടിരിക്കുന്നത്. ക്രൂയിസ് ആൻഡ് മാരിടൈം വോയേജസ് എന്ന കമ്പനിയുടെ കീഴിലുള്ള കൊളംബസ്, വാസ്കോഡഗാമ, മാർക്കോപോളോ, മാഗെല്ലെൻ, അസ്തൂർ, അസ്തോറിയ എന്നീ കപ്പലുകളിലെ ജീവനക്കാരാണ് 120 മലയാളികൾ ഉൾപ്പെടെയുള്ള 496 ഇന്ത്യക്കാർ.

മറ്റ് രാജ്യങ്ങളിൽനിന്നുള്ള ജോലിക്കാരെ ഇതിനോടകം തിരികെ അയച്ചുതുടങ്ങി. ഏറെപ്പേരും ഇന്ത്യക്കാരായതിനാലാണ് ഇവരുടെ യാത്ര അവസാനമാക്കാൻ കമ്പനി അധികൃതർ തീരുമാനിച്ചതെന്നാണ് വിവരം. മലയാളികളും തമിഴ്നാട്ടുകാരുമായ ജീവനക്കാരെ ഒരുമിച്ച് കൊച്ചിയിലേക്കും അവിടെനിന്നും ചെന്നെയിലേക്കും പ്രത്യേക വിമാനത്തിൽ അയയ്ക്കുമെന്നാണ് ജീവനക്കാർക്ക് നൽകിയിട്ടുള്ള വിവരം.

ടിൽബറിയിലെ ഹാർബറിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളിൽ പ്രധാനമായും ബ്രിട്ടീഷ് യാത്രക്കാരാണ് ഉണ്ടായിരുന്നത്. എന്നാൽ സൗത്താംപ്റ്റണിൽ എത്തിയ കപ്പലുകളിൽ 77 രാജ്യങ്ങളിൽനിന്നുള്ള വിനോദ സഞ്ചാരികളുണ്ടായിരുന്നു. ഇവരെയെല്ലാം കയറ്റി അയച്ചശേമാണ് ഇപ്പോൾ ഒടുവിൽ ജിവനക്കാരെയും കമ്പനികൾ മടക്കി അയയ്ക്കുന്നത്.
ഇതിനിടെ വന്ദേഭാരത് മിഷന്റെ വിമാനങ്ങളിൽ കയറിപ്പറ്റി നാട്ടിലെത്താൽ ഇവരിൽ ചിലർ ശ്രമം നടത്തിയെങ്കിലും ഇന്ത്യൻ എംബസിയിൽനിന്നും ഇവരുടെ ഇ-മെയിൽ സന്ദേശങ്ങൾക്ക് മറുപടിപോലും ലഭിച്ചില്ലെന്ന് പരാതിയുണ്ട്.

മലയാളികള്‍ക്ക് എത്ര കണ്ടാലും മതിവരാത്ത ക്ലാസിക് ചിത്രങ്ങളില്‍ ഒന്നാണ് ‘മണിച്ചിത്രത്താഴ്’. നിരവധി തവണ ഈ ചിത്രം കണ്ട് ഓരോ സീനും മനപാഠമായവരാവും ഭൂരിഭാഗം മലയാളികളും. എന്നാല്‍ ഇപ്പോഴിതാ ‘മണിച്ചിത്രത്താഴി’ലെ അധികമാരും കാണാത്ത ഒരു സീനാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തില്‍നിന്നും ഒഴുവാക്കിയ രംഗമാണിത്.

ചിത്രം റിലീസ് ചെയ്തിട്ട് 27 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും സിനിമാസ്വാദകര്‍ക്കിടയില്‍ ‘മണിച്ചിത്രത്താഴിനെ’ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുന്നത്. 1993ല്‍ ‘മണിച്ചിത്രത്താഴ്’ റിലീസ് ചെയ്തപ്പോള്‍ മൂന്നു മിനിറ്റോളം ദൈര്‍ഘ്യമുള്ള ഈ സീന്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ടിവി പ്രീമിയറില്‍ നിന്നും വിസിഡിയില്‍ നിന്നുമെല്ലാം ഈ രംഗം നീക്കം ചെയ്യുകയായിരുന്നു. അക്കാലത്തെ ഗള്‍ഫ് കാസറ്റില്‍ മാത്രമാണ് ഈ രംഗം അവശേഷിക്കുന്നത്. ഗോപാലകൃഷ്ണന്‍ നവജീവന്‍ എന്ന സിനിമ സ്‌നേഹിയാണ് ഈ ഡിലീറ്റഡ് സീന്‍ ഉള്‍പ്പെട്ട മണിച്ചിത്രത്താഴിന്റെ വീഡിയോ കാസറ്റ് ഭദ്രമായി സൂക്ഷിച്ചുവച്ചിരുന്നത്. ഇന്നസെന്റിന്റെയും കെപിഎസി ലളിതയുടെയും കോമ്പിനേഷനിലുള്ള ഈ രംഗം അരങ്ങേറുന്നത് മാടമ്പള്ളിയില്‍ നകുലനും ഗംഗയും താമസിക്കാന്‍ എത്തുമ്പോഴാണ്.

മണിച്ചിത്രത്താഴ് ചിത്രീകരിച്ചപ്പോള്‍ ഏറ്റവും ശ്രദ്ധ നല്‍കിയത് സ്‌ക്രിപ്റ്റ് ഒരുക്കുന്നതിനായിരുന്നുവെന്ന് ഫാസില്‍ പിന്നീട് പറഞ്ഞിരുന്നു.

ന്യൂഡൽഹി∙ ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ സർവകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് വിഡിയോ കോൺഫറൻസിങ്ങിലൂടെയാകും യോഗം ചേരുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

അതേസമയം, കിഴക്കൻ ലഡാക്കിലെ ഗൽവാൻ അതിർത്തിയിൽ ബ്രിഗേഡ് തലത്തിൽ ഇരു സേനകളും ഇന്നു ചർച്ച നടത്തി. കാര്യമായ പുരോഗതിയില്ലെന്നു സേനാ വൃത്തങ്ങൾ അറിയിച്ചു. പിൻമാറില്ലെന്നുറച്ച് ചൈനീസ് സേന പട്രോൾ പോയിന്റ് 14നു സമീപം നിലയുറപ്പിച്ചിരിക്കുകയാണ്. പ്രദേശം തങ്ങളുടേതാണെന്നാണ് അവർ ഇപ്പോൾ വാദിക്കുന്നത്. ഇരു സേനകളും അതിർത്തിയിൽ സന്നാഹങ്ങൾ ശക്തമാക്കുന്നു.

ഗൽവാനു പുറമെ ഹോട് സ്പ്രിങ്സിലെ പട്രോൾ പോയിന്റുകളായ 15, 17, പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകൾ എന്നിവിടങ്ങളിലും സ്ഥിതി സംഘർഷഭരിതമാണ്. സംഘട്ടനത്തിലേക്കു കാര്യങ്ങൾ നീങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണു അതിർത്തിയിലെ കമാൻഡർമാർക്കു സേനാ നേതൃത്വം നിർദേശം നൽകിയിരിക്കുന്നത്.

അതേസമയം, തങ്ങളുടെ ഭാഗത്തെ മരണസംഖ്യ സ്ഥിരീകരിക്കാൻ ചൈന ഇതുവരെ തയാറായിട്ടില്ല. ഒട്ടേറെ പേരുടെ പരുക്കുകൾ അതീവ ഗുരുതരമായതിനാൽ ഇന്ത്യൻ ഭാഗത്ത് മരണനിരക്ക് ഉയർന്നേക്കാമെന്നാണു വിലയിരുത്തൽ.

മലയാളികളടക്കമുള്ള സിനിമ പ്രേമികല്‍ക്ക് സുശാന്ത് സിങ് രജ്പുതിന്റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച നടുക്കം വളരെ വലുതായിരുന്നു. ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും അത് വിശ്വസിക്കാന്‍പോലും കഴിഞ്ഞില്ല. സുശാന്തിന്റെ അടുത്ത സുഹൃത്തും നടിയുമായ കൃതി സനോണിന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പാണ് ഇപ്പോള്‍ ആളുകളെ വീണ്ടും വേദനയിലാഴ്ത്തുന്നത്. ‘എന്റെ പാതി ഹൃദയവുമായിട്ടാണ് നീ പോയിരിക്കുന്നത് മറുപാതി നീ ജീവിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കുന്നു’ ഏറെ വൈകാരികമായ കുറിപ്പില്‍ കൃതി പറയുന്നു. സുശാന്ത് സിങ്ങിനൊപ്പം ‘റാബ്ത’ എന്ന ചിത്രത്തില്‍ കൃതി അഭിനയിച്ചിരുന്നു. സിനിമാ ഇന്‍ഡസ്ട്രിയിലെ അടുത്ത സുഹൃത്തുക്കള്‍ ആരെന്ന ചോദ്യത്തിന് ആഭിമുഖങ്ങളില്‍ സുശാന്ത് പറയാറുള്ള മറുപടി കാസ്റ്റിംഗ് ഡയറക്ടറായ മുകേഷ് ചബ്ര, കൃതി സനോണ്‍, രോഹിണി അയ്യര്‍ എന്നായിരുന്നു.

സുശ്, എനിക്കറിയാം നിന്റെ മനസ് ആത്മ സുഹൃത്തും ഏറ്റവും മോശം ശത്രുവുമാണെന്ന്. ജീവിക്കുകയെന്നതിനേക്കാള്‍ മരണമാണ് വളരെ എളുപ്പമെന്ന് തോന്നിയ ഒരു നിമിഷം നിന്റെ ജീവിതത്തില്‍ ഉണ്ടായി എന്നറിഞ്ഞപ്പോള്‍ അതെന്നെ പൂര്‍ണമായും തകര്‍ത്തു കളഞ്ഞു. ആ ഒരു നിമിഷത്തെ മറികടക്കാന്‍ നിനക്ക് ചുറ്റും ആളുകള്‍ ഉണ്ടായിരുന്നെങ്കിലെന്ന് ഞാനാഗ്രഹിക്കുന്നു. നിന്നെ സ്‌നേഹിക്കുന്നവരെ നീ തള്ളിമാറ്റിയിട്ടില്ലായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു… നിന്നെ തകര്‍ത്തു കളഞ്ഞ കാര്യങ്ങള്‍ ശരിയാക്കാന്‍ എനിക്ക് കഴിയുമായിരുന്നെങ്കില്‍ എന്നു ഞാനാഗ്രഹിക്കുന്നു. എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം നിനക്കൊപ്പം പോയി. മറുഭാഗം എപ്പോഴും നിന്നെ ജീവനോടെ ഉള്ളതായി വിശ്വസിക്കുന്നു. കൃതി എഴുതുന്നു.

 

ഇന്ത്യയുടെ ഇതിഹാസ ഫുട്ബോളര്‍ ഐ.എം വിജയനെ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) പത്മശ്രീ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്തു. ഇന്ത്യയിലെ ആദ്യ ഫുട്‌ബോള്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന കേരളത്തിന്റെ ഐ എം വിജയന്‍ 1992ലാണ് ആദ്യമായി ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത്. 92നും 2003നും ഇടയില്‍ 79 മത്സരങ്ങളിലാണ് വിജയന്‍ ഇന്ത്യക്കായി ബൂട്ടണിഞ്ഞത്. ബൈച്ചുംഗ് ബൂട്ടിയക്കൊപ്പം മുന്നേറ്റ നിരയില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച അദ്ദേഹം 11 വര്‍ഷമാണ് ഇന്ത്യക്കായി കളിച്ചത്. 2003-ല്‍ അര്‍ജുന പുരസ്‌കാരം ലഭിച്ചിരുന്നു.

വിജയന്‍ 17-ാം വയസില്‍ കേരള പോലീസിലൂടെയാണ് തന്റെ ഫുട്ബോള്‍ കരിയറിന് തുടക്കമിടുന്നത്. കരിയറില്‍ മോഹന്‍ ബഗാന്‍, എഫ്‌സി കൊച്ചിന്‍, ജെസിടി ഫഗ്വാര, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ഈസ്റ്റ് ബംഗാള്‍ തുടങ്ങിയ ക്ലബ്ബുകള്‍ക്കായി കളിച്ചു. 1989-ല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം ഇന്ത്യയ്ക്കായി 40 ഗോളുകളും സ്‌കോര്‍ ചെയ്തു. 1999-ല്‍ മികച്ച ഫോമിലായിരുന്ന അദ്ദേഹം 13 മത്സരങ്ങളില്‍ നിന്ന് 10 ഗോളുകള്‍ നേടി.

ഫുട്ബോള്‍ ചരിത്രത്തിലെ വേഗതയേറിയ ഗോളെന്ന റെക്കോഡും വിജയന്റെ പേരിലാണ്. സൗത്ത് ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ കപ്പില്‍ ഭൂട്ടാനെതിരെ 12-ാം സെക്കന്‍ഡിലാണ് വിജയന്‍ വലകുലുക്കിയത്. 1999 ദക്ഷിണേഷ്യന്‍ ഗെയിംസില്‍ പാകിസ്താനെതിരേ ഹാട്രിക്ക് നേടി ശ്രദ്ധ പിടിച്ചുപറ്റി. 2003-ല്‍ ഇന്ത്യയില്‍ നടന്ന ആഫ്രോ-ഏഷ്യന്‍ ഗെയിസില്‍ നാലു ഗോളുകളുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി.1992, 1997, 2000 വര്‍ഷങ്ങളില്‍ എ.ഐ.എഫ്.എഫിന്റെ മികച്ച ഫുട്ബോള്‍ താരമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2006-ലാണ് ബൂട്ടഴിച്ചത്.

കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു. കണ്ണൂര്‍ ആലക്കോട് സ്വദേശി അബ്ദുല്‍ഖാദറാണ് മരിച്ചത്. ചികിത്സക്ക് നാട്ടില്‍ പോകാന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കവെയാണ് മരണം സംഭവിച്ചത്. കടുത്ത വൃക്കരോഗവും അര്‍ബുദവുമുണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞതിന് തൊട്ടുപിന്നാലെ ആയിരുന്നു മരണം.

നടുവേദനയെ തുടര്‍ന്ന് നടക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇദ്ദേഹം നാട്ടിലേക്ക് പോകാന്‍ അപേക്ഷ നല്‍കിയത്. നാട്ടില്‍ നല്ല ചികിത്സ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുല്‍ഖാദര്‍. എന്നാല്‍ അപേക്ഷ നല്‍കി ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി.

തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അബ്ദുള്‍ഖാദറിനെ ഷാര്‍ജ അല്‍ഖാസിമിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ച് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് അര്‍ബുദ രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞു. തൊട്ടുപിന്നാലെ ഞായറാഴ്ച അദ്ദേഹം മരണത്തിന് കീഴടങ്ങി.

ചികില്‍സക്ക് നാട്ടിലെത്താന്‍ അബ്ദുള്‍ഖാദറും കുടുംബവും പലതരത്തിലും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 30 വര്‍ഷമായി യു.എ.ഇയില്‍ കഴിയുന്ന അബ്ദുള്‍ഖാദറിന്റെ മൃതദേഹം ഒടുവില്‍ ഷാര്‍ജയില്‍ തന്നെ ഖബറടക്കാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.

ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണല്‍ അടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതില്‍ പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

എന്തുകൊണ്ടാണ് പ്രധാനമന്ത്രി നിശബ്ദനായിരിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്കറിയണം, നമ്മുടെ സൈനികരെ കൊല്ലാന്‍ ചൈന എങ്ങനെ ധൈര്യപ്പെട്ടുവെന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ചോദിച്ചത്.

‘എന്തുകൊണ്ടാണ് പ്രധാനമന്ത്രി നിശബ്ദനായിരിക്കുന്നത്? എന്തുകൊണ്ടാണ് അദ്ദേഹം ഒളിക്കുന്നത്? എല്ലാത്തിനും ഒരു പരിധിയുണ്ട്. എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്കറിയണം. നമ്മുടെ സൈനികരെ കൊല്ലാന്‍ ചൈന എങ്ങനെ ധൈര്യപ്പെട്ടു? നമ്മുടെ ഭൂമി പിടിച്ചെടുക്കാന്‍ ചൈനക്കെങ്ങനെ ധൈര്യം വന്നു?’ എന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.

തിങ്കളാഴ്ച രാത്രി ഗാല്‍വന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ സന്തോഷ് ബാബു അടക്കം ഇരുപത് സൈനികര്‍ വീരമൃത്യു വരിച്ചത്.

 

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാനെതിരെ ഗുരുതര ആരോപണവുമായി ദബാംഗ് സംവിധായകന്‍ അഭിനവ് കശ്യപ് രംഗത്ത്. ദബാംഗ് എന്ന ചിത്രത്തിന് ശേഷം സ്വതന്ത്രമായി ഒരു ചിത്രം ചെയ്യാന്‍ തയ്യാറായ തനിക്കെതിരെ നിരന്തരമായ പീഡനങ്ങള്‍ ആയിരുന്നു സല്‍മാന്‍ ഖാന്റെ കുടുംബത്തില്‍ നിന്നും ഉണ്ടായതെന്ന് അഭിനവ് കശ്യപ് തുറന്നുപറയുന്നു.

ഫേസ്ബുക്കിലൂടെയായിരുന്നു അഭിനവ് കശ്യപിന്റെ തുറന്നുപറച്ചില്‍. പണവും രാഷ്ട്രീയവും അധോലോകബന്ധങ്ങളും ഉപയോഗിച്ച് ആരെയും ഭീഷണിപ്പെടുത്താനും ഇല്ലാതാക്കാനും സല്‍മാന്‍ഖാന് മടിയില്ലെന്ന് അഭിനവ് കശ്യപ് ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ പത്തു വര്‍ഷങ്ങളായി താന്‍ ഇത് അനുഭവിക്കുന്നതാണ് എന്നും തന്റെ കയ്യില്‍ നിരവധി തെളിവുകള്‍ ഉണ്ടെന്നും അഭിനവിന്റെ കുറിപ്പില്‍ പറയുന്നു. എന്റെ ശത്രുക്കാളാരാണെന്ന് എനിക്കറിയാം. സലിം ഖാന്‍, സല്‍മാന്‍ ഖാന്‍, അര്‍ബാസ് ഖാന്‍, സൊഹാലി ഖാന്‍ എന്നിവരാണ് അവരെന്നും അഭിനവ് വ്യക്തമാക്കുന്നു.

ദബാംഗ് എന്ന ചിത്രത്തിന് ശേഷം സ്വതന്ത്രമായി ഒരു ചിത്രം ചെയ്യാന്‍ തയ്യാറായ അഭിനവിനെതിരെ നിരന്തരമായ പീഡനങ്ങള്‍ ആയിരുന്നു സല്‍മാന്‍ ഖാന്റെ കുടുംബത്തില്‍ നിന്നും ഉണ്ടായത്. മറ്റ് നിര്‍മാണ കമ്പനികളുമായി ഇദ്ദേഹം കരാര്‍ ഒപ്പിടാന്‍ തയ്യാറായെങ്കിലും സല്‍മാന്‍ ഖാന്റെ ഭീഷണിക്ക് മുമ്പില്‍ അവരെല്ലാം വഴങ്ങിയെന്നും അഭിനവ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

ഒടുവില്‍ റിലയന്‍സുമായി സഹകരിച്ച് ‘ബേശരം’ എന്ന സിനിമ സംവിധാനം ചെയ്യാന്‍ അഭിനവിനായി. എന്നാല്‍ ആ ചിത്രത്തിനെതിരെ മോശം പ്രചാരണമാണ് സല്‍മാന്റെ ഏജന്‍സി അഴിച്ചുവിട്ടതെന്ന് അഭിനവ് ആരോപിച്ചു. ചിത്രത്തിന്റെ റിലീസ് മുടക്കാന്‍ സല്‍മാന്‍ഖാന്‍ ശ്രമിച്ചുവെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.

ട്രോളുകളും പ്രചാരണങ്ങളും നടത്തി സല്‍മാന്‍ ഖാന്‍ ചിത്രത്തെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചു എങ്കിലും ബോക്‌സ് ഓഫീസില്‍ ചിത്രം പരാജയപ്പെട്ടെങ്കിലും 58 കോടി നേടാന്‍ സിനിമയ്ക്കു കഴിഞ്ഞു. പിന്നീട് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വില്‍ക്കുവാന്‍ ശ്രമിച്ചപ്പോഴും സല്‍മാന്‍ ഖാന്റെ കുടുംബത്തില്‍ നിന്നും ഭീഷണിയും എതിര്‍പ്പുകളും ഉണ്ടായിരുന്നു.

തന്റെ കരിയര്‍ മാത്രമല്ല വ്യക്തിജീവിതവും തകര്‍ക്കുവാന്‍ ഇവര്‍ ശ്രമിച്ചെന്നും അഭിനവിന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു. കുടുംബാംഗങ്ങളെ അപകടപ്പെടുത്തുമെന്നും ബലാത്സംഗം ചെയ്യുമെന്നും വരെ ഭീഷണികള്‍ നേരിട്ടു.

സല്ലുവിന്റെ ഇഷ്ടങ്ങള്‍ക്ക് മുമ്പില്‍ മുട്ടുമടക്കാത്തതിന്റെ പേരില്‍ ആണ് ഇത്രയും പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത് എന്നും അദ്ദേഹത്തിന്റെ ഇഷ്ടത്തിനനുസരിച്ച് മാറുവാന്‍ തനിക്ക് സാധിക്കില്ല എന്നും അഭിനവ് പറയുന്നു. മീ ടൂ, ബോയ്‌കോട്ട് സല്‍മാന്‍ ഖാന്‍ എന്നീ ഹാഷ്ടാഗുകളോടെയാണ് അഭിനവ് കുറിപ്പ് പങ്കുവച്ചത്. കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

അതിര്‍ത്തിയില്‍ ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എന്‍എന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തിങ്കളാഴ്ച രാത്രി ഗാല്‍വന്‍ താഴ്‌വരയിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷം മൂന്നുമണിക്കൂറിലേറെ നീണ്ടെന്നും റിപ്പോര്‍ട്ട്. കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ സന്തോഷ് ബാബു, തമിഴ്‌നാട് സ്വദേശിയായ ഹവില്‍ദാര്‍ പഴനി, ജാര്‍ഖണ്ഡ് സ്വദേശിയായ സിപോയ് ഓജ എന്നീ മൂന്ന് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ച വിവരം മാത്രമാണ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടുള്ളത്.

പരിക്കേറ്റ നാല് ഇന്ത്യന്‍ സൈനികര്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്.  മരണസംഖ്യ കൂടിയേക്കാം എന്ന സൂചന സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച വാര്‍ത്താ ഏജന്‍സിയും പുറത്തു വിട്ടിരുന്നു. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ വച്ചാണ് ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ തിങ്കളാഴ്ച ഏറ്റുമുട്ടിയത്. നൈറ്റ് പട്രോളിംഗിനു പോയ ഇന്ത്യന്‍ സൈനികര്‍ മലമുകളില്‍ നിലയുറപ്പിച്ച ചൈനീസ് സംഘത്തെ കണ്ടതോടെയാണ് സംഘര്‍ഷം ആരംഭിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

 

കൊവിഡ് 19 വൈറസ് ബാധമൂലം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദര്‍ മരിച്ചു. 57 വയസായിരുന്നു. മധുരസ്വദേശിയാണ്. ദാമോദര്‍ അടക്കം മുഖ്യമന്ത്രി പളനിസ്വാമിയുടെ ഓഫീസിലെ അഞ്ച് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

പന്ത്രണ്ടാം തീയതിയാണ് ദാമോദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോട്ടോഗ്രാഫര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം തമിഴ്നാട്ടില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,515 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 48,019 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം ഇതുവരെ 529 പേരാണ് തമിഴ്നാട്ടില്‍ മരിച്ചത്. നിലവില്‍ 20,706 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഇതുവരെ 26,782 പേര്‍ രോഗമുക്തി നേടിയെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചത്.

RECENT POSTS
Copyright © . All rights reserved