കൊച്ചി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് പി.ടി.തോമസ് എം.എല്‍.എ. ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിന്റെ വസ്തു സംബന്ധിച്ച സര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാനാണ് ഇടപ്പള്ളിയിലെ വീട്ടില്‍ പോയത്. തന്റെ ഡ്രൈവറായിരുന്ന ബാബുവിന്റെ കുടുംബമാണിതെന്നും അദ്ദേഹം പറഞ്ഞു.

‘ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയപ്പോള്‍ താന്‍ ഇറങ്ങി ഓടിയെന്നും കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നുവെന്നുമുള്ള വാര്‍ത്തകളും പ്രചാരണങ്ങളും വ്യാജമാണ്. ഇടപ്പള്ളിയിലെ വീട്ടില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ നാലഞ്ചു പേര്‍ വരുന്നത് കണ്ടിരുന്നു. ആദായ നികുതി വകുപ്പില്‍ നിന്നാണെന്ന് പറഞ്ഞു. തുടര്‍ന്ന് ഞാന്‍ കാറില്‍ കയറി ഓഫീസിലെത്തിയപ്പോഴാണ് അറിയുന്നത് ആദായ നികുതി വകുപ്പ് രാമകൃഷ്ണന്‍ എന്നായാള്‍ കൈമാറിയ തുക പിടിച്ചെടുത്തതായും അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്തതായും അറിയുന്നത്.’ പി.ടി.തോമസ് പറഞ്ഞു.

വാര്‍ഡ് കൗണ്‍സിലര്‍ ജോസഫ് അലക്‌സ്, സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ഗിരിജന്‍, റസിഡന്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് തുടങ്ങി പതിനഞ്ചോളം ആളുകള്‍ മധ്യസ്ഥ ചര്‍ച്ചകളില്‍ തന്നോടൊപ്പമുണ്ടായിരുന്നു. 80 ലക്ഷത്തിനാണ് കരാര്‍ ഉണ്ടായിരുന്നത്. പിടിച്ചെടുത്തത് 50 ലക്ഷമാണെന്ന് വാര്‍ത്ത കാണുന്നത്. കള്ളപ്പണ ഇടപാടിന് എം.എല്‍.എ. കൂട്ടുനിന്നുവെന്നാണ് ആരോപിക്കുന്ന്. തികച്ചും അസംബന്ധമാണിത്. ലോകത്താരെങ്കിലും കള്ളപ്പണത്തിന് കരാറുണ്ടാക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

തര്‍ക്കഭൂമി സംബന്ധിച്ച കരാറും താന്‍ മധ്യസ്ഥ വഹിച്ചതിന്റെ തെളിവുകളും കൈയിലുണ്ടെന്നും പി.ടി. തോമസ് വാര്‍ത്താസമ്മേളനം നടത്തി വിശദീകരിച്ചു. ഭൂമി കച്ചവടത്തിന്റെ ഭാഗമായി കൈമാറാന്‍ ശ്രമിച്ച 50 ലക്ഷം രൂപ പിടികൂടിയതായി ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇടപ്പള്ളിയിലെ വീട്ടില്‍നിന്ന് നഗരത്തിലെ പ്രധാന റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ കൈയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.

ഇടപ്പള്ളിയില്‍ മൂന്നു സെന്റ് സ്ഥലവും വീടും 80 ലക്ഷം രൂപയ്ക്ക് വാങ്ങാന്‍ ഏജന്റ് വീട്ടുടമയുമായി ധാരണയിലെത്തിയിരുന്നു. കരാര്‍ എഴുതുന്നതിന്റെ ഭാഗമായി 50 ലക്ഷം രൂപയുമായി ഇയാള്‍ ഇടപ്പള്ളിയില്‍, വില്പനയ്ക്കു വെച്ച വീട്ടിലെത്തിയപ്പോഴാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇവിടെയും റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ വീട്ടിലും നടത്തിയ പരിശോധനയില്‍ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. പുറമ്പോക്ക് ഭൂമിയാണ് വില്പന നടത്താന്‍ ശ്രമിച്ചതെന്നും സൂചനയുണ്ട്. പണത്തിന്റെ ഉറവിടം രേഖാമൂലം വ്യക്തമാക്കാന്‍ ഏജന്റിനോട് ആവശ്യപ്പെടുമെന്നും നികുതി ചുമത്തുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു.