ന്യൂഡല്‍ഹി/റാഞ്ചി∙ മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവില്‍ 2018 ജനുവരിയില്‍ ഉണ്ടായ ദലിത്-മറാഠ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മലയാളിയായ സാമൂഹികപ്രവര്‍ത്തകനും ജെസ്യൂട്ട് സഭാ വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ വീട്ടില്‍നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ഡല്‍ഹിയില്‍നിന്നെത്തിയ എന്‍ഐഎ സംഘം അദ്ദേഹത്തിന്റെ വീട്ടില്‍ 20 മിനിട്ട് തങ്ങിയതിനു ശേഷമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്. ഭീമ കൊറേഗാവ് കേസില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ സ്വാമി നിഷേധിച്ചിരുന്നു. മലയാളിയായ സ്വാമി കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ്.

സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപകമായ പ്രതിഷേധമാണുയരുന്നത്. ആദിവാസികളുടെ അവകാശങ്ങള്‍ക്കായി ജീവിതകാലം മുഴുവന്‍ പോരാടിയ വ്യക്തിയാണ് സ്റ്റാന്‍ സ്വാമിയെന്ന് പ്രമുഖ ചരിത്രകാരനായ രാമചന്ദ്ര ഗുഹ പറഞ്ഞു. അതുകൊണ്ടാണ് അത്തരക്കാരെ നിശബ്ദരാക്കാനും അടിച്ചമര്‍ത്താനും മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആദിവാസികളുടെ ജീവിതത്തെക്കാള്‍ മൈനിങ് കമ്പനികള്‍ക്കു ലാഭം ഉറപ്പാക്കുന്നതിലാണ് ഈ ഭരണകൂടത്തിന്റെ താല്‍പര്യമെന്നും രാമചന്ദ്ര ഗുഹ കുറ്റപ്പെടുത്തി.

നിരോധിക്കപ്പെട്ട സിപിഐ മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ അംഗവും സജീവ പ്രവര്‍ത്തകനുമാണു സ്വാമിയെന്നാണ് എന്‍ഐഎ പറയുന്നത്. ഇതിനായി അദ്ദേഹത്തിനു ഫണ്ട് ലഭിക്കുന്നുവെണ്ടെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു. സ്വാമിയുടെ വീട്ടില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തതായും കേസിലെ പല പ്രതികളുമായും ഇദ്ദേഹം ബന്ധപ്പെട്ടിരുന്നുവെന്നും എന്‍ഐഎ അധികൃതര്‍ പറഞ്ഞു.

അതേസമയം എന്‍ഐഎ തനിക്കു പിന്നാലെയുണ്ടെന്നും മുംബൈയ്ക്കു പോകാന്‍ നിര്‍ബന്ധിക്കുകയാണെന്നും സ്വാമി പറഞ്ഞിരുന്നു. ‘എന്നെ 15 മണിക്കൂര്‍ ചോദ്യം ചെയ്തു. എന്‍ഐഎയുടെ മുംബൈ ഓഫിസിലേക്കു പോകാനാണ് ആവശ്യപ്പെടുന്നത്. ഞാന്‍ നിരസിച്ചു. 83 വയസുണ്ട്. പല ആരോഗ്യപ്രശ്‌നങ്ങളും അലട്ടുന്നുണ്ട്. കോവിഡ് ബാധിതനാകാനും ആഗ്രഹിക്കുന്നില്ല. ഭീമ കൊറേഗാവില്‍ ഉണ്ടായിരുന്നില്ല താനും.’- ഒക്‌ടോബര്‍ ആറിന് പുറത്തുവിട്ട വിഡിയോയില്‍ സ്വാമി പറഞ്ഞു. എന്‍ഐഎയ്ക്ക് ചോദ്യം ചെയ്യണമെങ്കില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ആകാമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് നിരവധി സാമൂഹികപ്രവര്‍ത്തകരെയും അഭിഭാഷകരെയും ഉള്‍പ്പെടെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ജയിലില്‍ അടച്ചിരുന്നു. ഇവര്‍ വിചാരണ കാത്തു കഴിയുകയാണ്. കേസില്‍ കസ്റ്റഡിയിലാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണു സ്റ്റാന്‍ സ്വാമി. മുമ്പ് നിരവധി തവണ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.