Latest News

കൊച്ചി: ബിരിയാണി കഴിച്ച ശേഷം പണം നല്‍കാതെ മുങ്ങിയ യുവാക്കളെ ഓടിച്ചിട്ട് പിടിച്ച് ഹോട്ടലുടമയായ യുവതി. തിരുവാങ്കുളത്ത് ഹോട്ടല്‍ നടത്തുന്ന ഡല്‍സി ജേക്കബാണ് രണ്ടര കിലോമീറ്റര്‍ പിന്നാലെയോടി യുവാക്കളെ പിടികൂടിയത്. സംഭവത്തിൻെറ സി.സി.ടി.വി ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

ഡല്‍സി ജേക്കബിൻെറ കടയില്‍ ഇന്നലെ രാത്രി വന്ന രണ്ട് യുവാക്കള്‍ പണം നല്‍കാതെ മുങ്ങുകയായിരുന്നു. ഇന്ന് രാവിലെ യാദൃശ്ചികമായി ഡല്‍സി ഇവരെ കണ്ടുമുട്ടി. യുവാക്കളെ തടഞ്ഞ് നിര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും അവര്‍ ഓടി. ഡല്‍സി വിട്ടില്ല. പിന്നാലെ ഓടി. രണ്ടര കിലോമീറ്റര്‍ ഓടിയതോടെ യുവാക്കളില്‍ ഒരാള്‍ ക്ഷീണിതനായി. ഇതോടെ ഇയാളെ ഡല്‍സി പിടികൂടി.

അതേസമയം ഇവരെ സ്‌റ്റേഷനില്‍ എത്തിച്ചതോടെ ഇവര്‍ നിരവധി മോഷണക്കേസുകളിലും പ്രതികളാണെന്ന് വ്യക്തമായി. മോഷ്ടിച്ച ബൈക്കും ഇവരില്‍ നിന്ന് കണ്ടെടുത്തു.

ന്യൂഡൽഹി ∙ അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷത്തിൽ കൂടുതൽ ഇന്ത്യൻ സൈനികർക്കു വീരമൃത്യു. 20 ഇന്ത്യൻ സൈനികർ മരിച്ചെന്നു സേനയെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാവിലെ മൂന്ന് ഇന്ത്യൻ സൈനികർ സംഘർഷത്തിൽ മരിച്ചിരുന്നു. രാത്രിയോടെയാണു 17 പേർ കൂടി മരിച്ചതായി സേന അറിയിച്ചത്. കിഴക്കൻ‍ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പരുക്കേറ്റവരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്നും ‍റിപ്പോർട്ടുണ്ട്. ചൈനീസ് ഭാഗത്ത് 43 സൈനികർ കൊല്ലപ്പെട്ടതായോ ഗുരുതരമായി പരുക്കേറ്റതായോ റിപ്പോർട്ടുണ്ട്.

ഈ റിപ്പോർട്ടു കൂടി പുറത്തു വരുന്നതോടെ ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷം മൂർധന്യാവസ്ഥയിലാണെന്നാണു സൂചന. ഏതു സാഹചര്യവും നേരിടുന്നതിനു സജ്ജമാകാൻ അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള കര, വ്യോമ സേനകൾക്ക് ഉന്നത സേനാനേതൃത്വം നിർദേശം നൽകി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയ സംയുക്ത സേനാമേധാവി, കര, നാവിക, വ്യോമ സേനാ മേധാവികൾ എന്നിവർ അതിർത്തിയിലെ സാഹചര്യങ്ങൾ വിലയിരുത്തി. ചൈനയുടെ ഏത് പ്രകോപനവും നേരിടാൻ സജ്ജമാണെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു. ഇതിനിടെ, സംഘർഷം നടന്ന ഗൽവാൻ താഴ്‌വര പൂർണമായി തങ്ങളുടേതാണെന്ന അവകാശവാദവുമായി ചൈനീസ് സേന രംഗത്തുവന്നു.

ഇതാദ്യമായാണു ചൈനീസ് സേന ഇത്തരമൊരു അവകാശവാദം ഉന്നയിക്കുന്നത്. ഗൽവാനിലേക്ക് ഇന്ത്യൻ സേന അതിക്രമിച്ചു കടന്നുവെന്ന് ചൈന ആരോപണമുന്നയിച്ചത് അതിർത്തി സംഘർഷം കൂടുതൽ വഷളാകുമെന്നതിന്റെ സൂചനയാണ്. ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന 3488 കിലോമീറ്റർ നീളമേറിയ യഥാർഥ നിയന്ത്രണ രേഖയുടെ (എൽഎസി) സുരക്ഷാ ചുമതല കരസേനയുടെ 5 കോർ കമാൻഡുകൾക്കാണ്. 3 ലക്ഷത്തോളം സേനാംഗങ്ങളാണ് ഇവിടെയുള്ളത്. ഡൽഹി ആസ്ഥാനമായുള്ള പടിഞ്ഞാറ്, ഷില്ലോങ് ആസ്ഥാനമായ കിഴക്ക് വ്യോമ കമാൻഡുകൾക്കാണ് അതിർത്തിയുടെ വ്യോമ സുരക്ഷയുടെ ചുമതല.

ഇന്ത്യ–ചൈന അതിർത്തി സംഘർഷത്തിൽ വീരമൃത്യു വരിച്ച ഹവിൽദാർ പളനി, കേണൽ ബി. സന്തോഷ് ബാബു, സീപോയ് ഓജ എന്നിവർ

soldiers-died-india-china-disputeപടിഞ്ഞാറൻ വ്യോമ കമാൻഡിനു നേതൃത്വം നൽകുന്നത് മലയാളിയാണ് – തിരുവനന്തപുരം സ്വദേശി എയർ മാർഷൽ ബി.സുരേഷ്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ വ്യോമ താവളങ്ങളിൽ യുദ്ധവിമാനങ്ങൾ സജ്ജമാണ്. കൂടുതൽ സേനാംഗങ്ങളെയും ടാങ്ക് അടക്കമുള്ള സേനാ സന്നാഹങ്ങളെയും അതിർത്തി മേഖലകളിലേക്കെത്തിക്കുന്നതിനുള്ള ചരക്കു വിമാനങ്ങളും താവളങ്ങളിൽ തയാറാണ്.

കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം. ചൈനീസ് വെടിവെയ്പ്പില്‍ ഒരു കമാന്‍ഡിംഗ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഗല്‍വാന്‍ വാലിയില്‍ ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നത്. ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഗല്‍വാന്‍വാലിയില്‍ ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷം നടന്ന മേഖലയില്‍ രണ്ടു രാജ്യങ്ങളുടെയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.

വെടിവെയ്പ്പില്‍ രണ്ട് ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അതിര്‍ത്തി തര്‍ക്കത്തിന്മേല്‍ സൈനിക തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് ചൈനയുടെ ഭാഗത്ത് നിന്ന് പെട്ടെന്നുള്ള പ്രകോപനം ഉണ്ടായിരിക്കുന്നത്. ആന്ധ്രപ്രദേശ് സ്വദേശിയായ കേണല്‍ ബി.സന്തോഷ് ബാബുവാണ് മരിച്ചത്.

കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ ഗല്‍വാന്‍ താഴ്‌വരയിലുള്ള ഇന്‍ഫന്‍ട്രി ബറ്റാലിയന്റെ കമാന്‍ഡിംഗ് ഓഫീസറാണ് കൊല്ലപ്പെട്ട കേണല്‍. ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 1975-നു ശേഷം സൈനികരുടെ മരണം ഇതാദ്യമായാണ്.

അതിര്‍ത്തിയില്‍ ഏപ്രില്‍ മുതല്‍ ഇരുസേനകളും മുഖാമുഖം നില്‍ക്കുന്ന സ്ഥിതിയാണുള്ളത്. ചൈനയുമായുള്ള അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുന്നതിനു ബ്രിഗേഡിയര്‍, കേണല്‍ തലത്തില്‍ തിങ്കളാഴ്ചയും ചര്‍ച്ച നടന്നെങ്കിലും പിന്‍മാറ്റം സംബന്ധിച്ച് ധാരണയായിരുന്നില്ല. യഥാര്‍ത്ഥ നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള ഗല്‍വാനിലെ പട്രോള്‍ പോയിന്റ് 14 (പിപി 14), ഹോട് സ്പ്രിംഗ്സിലെ പിപി 15,17, പാംഗോങ് തടാകത്തോട് ചേര്‍ന്നുള്ള നാലാം മലനിര (ഫിംഗര്‍ 4) എന്നിവിടങ്ങളിലാണ് സംഘര്‍ഷം നിലനില്‍ക്കുന്നത്.

ഇതില്‍ ഗല്‍വാന്‍, ഹോട് സ്പ്രിംഗ്സ് എന്നിവിടങ്ങളില്‍ നിന്നുള്ള പിന്മാറ്റം ചര്‍ച്ചയായിരുന്നു. ഇരുപ്രദേശങ്ങളില്‍ നിന്നും പൂര്‍ണ പിന്‍മാറ്റം വൈകാതെയുണ്ടാകുമെന്നു സേനാവൃത്തങ്ങള്‍ സൂചിപ്പിച്ചതിന് പിന്നാലെയാണ് ചൈന വെടിവെയ്പ്പ് നടത്തിയത്.

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തെ തുടര്‍ന്ന് ബോളിവുഡിനെതിരെ വിമര്‍ശനങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെ മലയാള സിനിമയിലെ വിവേചനത്തെ കുറിച്ചും മേധാവിത്വത്തെ കുറിച്ചും തുറന്നടിച്ചിരിക്കുകയാണ് നടന്‍ നീരജ് മാധവ്. ചുരുങ്ങിയ കാലത്തെ സിനിമാജീവിതം കൊണ്ട് താന്‍ മനസ്സിലാക്കിയ സിനിമയിലെ അലിഖിത നിയമങ്ങളെ കുറിച്ചും മാറ്റിനിര്‍ത്തപ്പെടലുകളെ കുറിച്ചുമാണ് നടന്‍ പ്രതികരിക്കുന്നത്.

നീരജ് മാധവിന്റെ കുറിപ്പ്:

‘സിനിമയില്‍ ചില അലിഖിത നിയമങ്ങള്‍ ഉണ്ട് ‘, ഒരു പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പണ്ട് എന്നോട് പറഞ്ഞതാണ്, ”അതൊക്കെ നോക്കീം കണ്ടും നിന്നാല്‍ നിനക്കു കൊള്ളാം.” അന്നതിന്റെ ഗുട്ടന്‍സ് എനിക്ക് പിടി കിട്ടിയില്ല, 6 വര്‍ഷങ്ങള്‍ക്കിപ്പുറം വന്ന വഴി തിരിഞ്ഞു നോക്കുമ്പോള്‍ ഞാനോര്‍ക്കുന്നത് ഈ പറഞ്ഞ നിയമാവലി പലപ്പോഴും ഞാന്‍ പാലിച്ചിട്ടില്ല എന്നുള്ളതാണ്. അതിന്റെ തിരിച്ചടികളും ഞാന്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

പല സിനിമാ സെറ്റുകളിലും ഇപ്പഴും നിലനില്‍ക്കുന്ന ഒരു ഹൈറാര്‍ക്കി സംമ്പ്രദായമുണ്ട്. സീനിയര്‍ നടന്മാര്‍ക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവര്‍ക് സ്റ്റീല്‍ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു ആ വേര്‍തിരിവ്. ചായ പേപ്പര്‍ ഗ്ലാസില്‍ കുടിച്ചാലും ഇറങ്ങും, പക്ഷെ അത് അടിച്ചേല്പിക്കുമ്പോഴാണ് പ്രശ്‌നം. കാലിന്മേല്‍ കാല് കേറ്റി വച്ചിരുന്നാല്‍ ജാഡ, കൂളിംഗ് ഗ്ലാസ്സിട്ടാല്‍ അഹങ്കാരം, സ്‌ക്രിപ്റ്റില്‍ അഭിപ്രായം പറഞ്ഞാല്‍ ഇടപെടല്‍. നമ്മള്‍ കാഷ്വല്‍ ആയി പറയുന്ന ഓരോ വാക്കുകളും വരെ ചിന്തിക്കാന്‍ പറ്റാത്ത രീതിയില്‍ ദുര്‍വ്യാഖ്യാനിക്കപ്പെടും. എക്‌സ്ട്രീംലി ജഡ്ജ്‌മെന്റല്‍ ആയിട്ടുള്ള ഒരു പറ്റം കൂട്ടര്‍.

വളര്‍ന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെയുണ്ട്. ഇവരുടെ മെയിന്‍ പണി പുതിയ പിള്ളേരുടെ സ്വഭാവ ഗുണങ്ങള്‍ അളക്കലാണ്, എന്നാല്‍ നിങ്ങള്‍ വിചാരിക്കുന്ന പോലെ പുകവലിയും മദ്യപാനവും ഒന്നുമല്ല ഇതിന്റെ മാനദണ്ഡം. വിധേയത്വം , സഹകരണം, എളിമ, ഇത് മൂന്നും നാട്യമാണെങ്കിലും കാട്ടിക്കൂട്ടണം. പിന്നെ കൂടുതല്‍ ആവശ്യങ്ങള്‍ ഉന്നയിക്കാതിരിക്കുക, തരുന്ന കാശും മേടിച്ച് വീട്ടില്‍ പോവുക. എന്നാല്‍ നിങ്ങളെ അടുത്ത പടത്തില്‍ വിളിക്കും. ഒരുപക്ഷെ പ്രായത്തിന്റെ അപക്വതയില്‍ അല്‍പം വാശികളും അശ്രദ്ധയും ഒക്കെ കാണിച്ചിട്ടുണ്ടാവാം, അതുകൊണ്ട് പല ‘സിനിമക്കാരുടെയും’ ഗുഡ് ബുക്‌സില്‍ ഞാന്‍ കേറിപറ്റിയിട്ടില്ല. അല്പം ഡിമാന്റിങ് ആയതിന്റെ പേരില്‍ പല അവസരങ്ങളും എനിക്ക് നഷ്ടപെട്ടിട്ടുണ്ട്. ഞാന്‍ പോലും വളരെ വൈകിയാണ് ഇതൊക്കെ തിരിച്ചറിഞ്ഞിട്ടുള്ളത്.

ഒരു കലാകാരന് ഏറ്റവും ആവശ്യമായിട്ടുളളത് കഴിവും പ്രയത്‌നവുമാണ് എന്നിരിക്കെ, സിനിമയില്‍ മുന്നേറാന്‍ നമ്മള്‍ക്കു വേണ്ടത് അതൊന്നുമല്ല എന്നുള്ളതാണ് വാസ്തവം. ഞാന്‍ ചെറിയ വേഷങ്ങളില്‍ തുടങ്ങിയ ആളാണ്, അതുകൊണ്ട് തന്നെ ഓരോ ചവിട്ടുപടിയും ഏറെ ശ്രമകരമായിരുന്നു. സിനിമ ഒരു ഷോ ബിസിനസ് കൂടിയാണ്, അപ്പോള്‍ കൂടുതല്‍ ശമ്പളം മേടിക്കുന്നവര്‍ ആണ് താരങ്ങള്‍. നായികയുടെ ഹെയര്‍ ഡ്രെസറിന്റെ പകുതി പോലും ശമ്പളമില്ലാത്ത കാലത്ത് നിന്ന് ഇന്ന് ഏഴക്ക ശമ്പളമുള്ള ഒരു നിലയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒരു വലിയ അധ്വാനമുണ്ട്. എന്നാല്‍ ഏറ്റവും വലിയ സത്യവും സങ്കടവും എന്താണെന്ന് വെച്ചാല്‍ സിനിമയില്‍ കലാകാരന്റെ കഴിവല്ല, കൈകാര്യമാണ് അവന്റെ ഭാവി നിര്‍ണയിക്കുന്നത് എന്നുള്ളതാണ്. ഒപ്പം അവകാശപ്പെടാന്‍ ഒരു പാരമ്പര്യം കൂടെ ഉണ്ടെങ്കില്‍ പിന്നെ സേഫ് ആണ്.

ആദ്യകാലത്തെ കോമഡി വേഷങ്ങളില്‍ നിന്ന് ചുവട് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ പലരും പേടിപ്പിച്ചു, വെറുതെ ഉള്ളത് കൂടി ഇല്ലാതാവും. പിന്നീട് നായകനായപ്പോഴാണ് മനസിലായത് സിനിമാകച്ചവടം വേറൊരു പരിപാടിയാണെന്ന്. സാറ്റലൈറ്റ് വാല്യു മുതല്‍ സിനിമയ്ക്കു നല്ല തീയറ്ററുകള്‍ ലഭിക്കുന്നതു വരെയുള്ള ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നായകന്റെ തലയിലാണ്. ഇതെല്ലാം ചെയ്ത് പടം തീയറ്ററില്‍ എത്തിച്ചാല്‍ നിങ്ങളില്‍ എത്ര പേര് ആദ്യവാരം പോയിക്കാണും ? അഭിപ്രായം കേട്ടിട്ട് പോവാം എന്നാണ് പലരുടെയും നിലപാട്, പടം എബൗവ് ആവറേജ് ആയാലും പോരാ, എക്‌സെപ്ഷണല്‍ ആണേല്‍ ഞങ്ങള്‍ വിജയിപ്പിക്കാം. അല്ലേല്‍ വിമര്‍ശിച്ചു കീറിയോട്ടിക്കും. താരങ്ങളുടെ മോശപ്പെട്ട സിനിമകള്‍ പോലും ഇക്കൂട്ടര്‍ വിജയിപ്പിക്കുന്നില്ലേ ? അപ്പൊ പിന്നെ കൊച്ചു സിനിമകളുടെ കാര്യത്തില്‍ എന്താണ് ഇത്ര കാര്‍ക്കശ്യം ? ആരോട് പറയാന്‍…

ഇത്രയൊക്കെ എഴുതാന്‍ പ്രേരണയായത് കഴിഞ്ഞ ദിവസം സംഭവിച്ച സുശാന്ത് സിങ് രജ്പുത് എന്ന നടന്റെ മരണത്തോടനുബന്ധിച്ചു കങ്കണ റണൗട്ട്് നടത്തിയ തുറന്നടിച്ച പ്രതികരണമാണ്. ബോളിവുഡില്‍ ഗോഡ്ഫാദര്‍ ഇല്ലാത്ത സുശാന്തിന്റെ ഇന്‍ഡസ്ട്രിയിലെ ചെറുത്ത് നില്‍പ്പിന്റെ കഷ്ടപ്പാടിനെ പറ്റി കങ്കണ പറയുകയുണ്ടായി. ഇത്രയും ചെറിയ നമ്മുടെ ഇന്‍ഡസ്ട്രയില്‍ പിടിച്ചു നില്‍ക്കാന്‍ പാടാണെങ്കില്‍ ബോളിവുഡിലെ അവസ്ഥ എന്തായിരിക്കും. ഫാമിലി മാനിനു വേണ്ടി (അതിവിടെ ആരൊക്കെ കണ്ടു എന്നുള്ളത് വേറൊരു ചോദ്യം) മുംബയില്‍ ഷൂട്ട് ചെയ്തു കൊണ്ടിരിക്കെയാണ് സംവിധായകന്‍ നിതെഷ് തിവാരി ചിച്ചോരയില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്, സ്‌ക്രീന്‍ ടെസ്റ്റും മേക്കപ്പ് ചര്‍ച്ചയും എല്ലാം കഴിഞ്ഞു ജോയിന്‍ ചെയ്യാന്‍ ഇരിക്കെയാണ് ഡേറ്റ് ക്ലാഷ് മൂലം അത് കൈവിട്ടു പോയത്, അതില്‍ നല്ല വിഷമമുണ്ടായിരുന്നു. അന്നാ സിനിമയില്‍ അഭിനയിച്ചിരുന്നേല്‍ ഒരു പക്ഷെ സുശാന്ത് സിങ് എന്ന വ്യക്തിത്വത്തെ കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചേനെ, സിനിമയില്‍ ഗോഡ്ഫാദര്‍ ഇല്ലാത്ത എനിക്ക് അയാളുടെ യാത്രയും പ്രയത്‌നവും ഒരുപാട് റിലേറ്റ് ചെയ്യാന്‍ സാധിച്ചേനെ. ഒരു പക്ഷെ ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയേനെ…

ഇനിയും നീട്ടി വലിക്കുന്നില്ല, എന്നെങ്കിലും പറയണമെന്ന് വിചാരിച്ച ചില കാര്യങ്ങള്‍ ആണ്, ഇപ്പോള്‍ പങ്ക് വെക്കണമെന്ന് തോന്നി. സിനിമയെ സ്വപ്നം കണ്ട് കഴിയുന്നവരെ മടുപ്പിക്കാനല്ല മറിച്ചു അവര്‍ നേരിടാന്‍ സാധ്യതയുള്ള കടമ്പകളെ ഒന്നു ചൂണ്ടിക്കാട്ടുന്നു എന്ന് മാത്രം. ഞാന്‍ അത്ര ഭയങ്കര നടനൊന്നുമല്ല, ചെയ്തതെല്ലാം മികച്ച സിനിമകളും അല്ല. പിന്നെന്താണ് പറഞ്ഞു വരുന്നതെന്ന് ചോദിച്ചാല്‍, in a fair race everyone deserves an equal start. സംവരണം വേണ്ട, തുല്യ അവസരങ്ങള്‍ മതി. ഇത് ബോളിവുഡ് അല്ല, കേരളമാണ്. ആത്യന്തികമായി ഇവിടെ കഴിവും പ്രയത്‌നവും ഉള്ളവര്‍ നിലനില്‍ക്കും എന്ന ശുഭാപ്തിയുണ്ട്. ഇതുവരെ കൂടെ നിന്ന എല്ലവര്‍ക്കും നന്ദി, ഇനിയും ബഹുദൂരം മുന്നോട്ട് പൊവനുണ്ടു, കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

ന്യൂഡൽഹി∙ ഇന്ത്യ – ചൈന അതിര്‍ത്തിയിൽ മൂന്നു സൈനികരുടെ ജീവനെടുത്ത്  പരസ്പരമുള്ള ഏറ്റുമുട്ടൽ.  എന്നാൽ ഇരുവിഭാഗങ്ങളും തമ്മില്‍ വെടിവയ്പ് ഉണ്ടായിട്ടില്ലെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു . വെടിവയ്പ്പു നടത്താതെ തോക്കിന്റെ പാത്തി കൊണ്ടും ഇരുമ്പു ദണ്ഡുകൊണ്ടും നടത്തിയ സംഘർഷമാണ് സൈനികരുടെ ജീവൻ നഷ്ടമാകാൻ ഇടയാക്കിയത്. അതിർത്തി സംഘർഷത്തിൽ ചർച്ച നടത്തി മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

ഗാൽവാൻ താഴ്‍‌വരയിൽ ചർച്ച നടത്തി സൈനിക പോസ്റ്റുകളിലേക്ക് മടങ്ങുന്നതിനിടെ സൈനികര്‍ തമ്മില്‍ പ്രകോപനമുണ്ടാകുകയായിരുന്നു. തുടർന്ന്  തോക്കിന്റെ പാത്തിയും ഇരുമ്പ്  ദണ്ഡുകളുമുപയോഗിച്ച് ഇരുഭാഗത്തേയും സൈനികർ ഏറ്റുമുട്ടി. അതിക്രൂരമായ മർദനത്തിൽ കേണലുൾപ്പെടെ മൂന്ന് ഇന്ത്യൻ ജവാന്മാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ചൈനയുടെ 5 ജവാന്മാർ മരിക്കുകയും 11 പേർക്കു പരുക്കേൽക്കുകയും ചെയ്തു.

ഇന്നലെ വൈകിട്ടുണ്ടായ സംഘർഷം അർധരാത്രിയോടെയാണ് അവസാനിച്ചത്. തുടർന്ന് ഇന്നു രാവിലെ 7.30ന് അതേസ്ഥലത്ത് ചർച്ചകൾ ആരംഭിച്ചു. ഈ ചർച്ച ഇതുവരെയും അവസാനിച്ചിട്ടില്ല. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അതിർത്തി സൈനിക താവളങ്ങളിലേക്ക് അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കര–വ്യോമ സേനാതാവളങ്ങളിൽ സേനാവിന്യാസം നടക്കുകയാണ്. കൂടുതൽ പ്രകോപനമുണ്ടാക്കരുതെന്ന് സൈനികർക്ക് കേന്ദ്രനിർദേശമുണ്ട്.

ബിസിനസിൽ തിരിച്ചടികൾ നേരിട്ടതോടെ വിഷാദരോഗത്തിന് അടിമപ്പെട്ട ഡൽഹിയിലെ ബിസിനസുകാരൻ മരിച്ച സംഭവത്തിൽ വൻട്വിസ്റ്റ്. കുടുംബത്തിന് ഇൻഷുറൻസ് തുക ലഭിക്കാനായി കൊലപ്പെടുത്താൻ ഇയാൾ സ്വയം ക്വട്ടേഷൻ നൽകിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ഡൽഹി ഇന്ദ്രപ്രസ്ഥ എക്‌സറ്റൻഷനിൽ താമസിക്കുന്ന ഗൗരവിനെ(37) ജൂൺ ഒമ്പതിനാണ് കാണാതായത്. രാവിലെ വ്യാപാരസ്ഥാപനത്തിലേക്ക് പോയ ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് ഭാര്യ ഷാനു ബൻസാൽ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഡൽഹി റാൻഹൗലയിൽ ഗൗരവിനെ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

കൈകൾ രണ്ടും കെട്ടിയിട്ട നിലയിലായതിനാൽ തന്നെ കൊലപാതകമാണെന്ന് പോലീസ് തുടക്കം മുതൽ സംശയിച്ചിരുന്നു. സംഭവത്തിൽ ഗൗരവിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിൽനിന്ന് പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയുമായി ഗൗരവ് ഫോണിൽ നിരന്തരം സംസാരിച്ചിരുന്നതായി കണ്ടെത്തി. തുടർന്ന് ഈ കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ഈ ക്വട്ടേഷന് വേണ്ടി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയാണ് ഗൗരവ് തെരഞ്ഞെടുത്തത്. തന്നെ കൊലപ്പെടുത്താനുള്ള ക്വട്ടേഷൻ ഏൽപ്പിച്ചതിനൊപ്പം തന്റെ ഒരു ഫോട്ടോയും ഗൗരവ് അയച്ചുനൽകിയിരുന്നു.

ജൂൺ ഒമ്പതിന് പൊതുഗതാഗതസൗകര്യങ്ങൾ ഉപയോഗിച്ച് ഗൗരവ് റാൻഹൗലയിൽ എത്തിയത്. തുടർന്ന് ഗൗരവിനെ പ്രതികൾ ഒഴിഞ്ഞസ്ഥലത്ത് കൊണ്ടുപോവുകയും കൈകൾ ബന്ധിച്ചശേഷം മരത്തിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയുമായിരുന്നു. അതേസമയം, എത്ര തുകയ്ക്കാണ് ഗൗരവ് ക്വട്ടേഷൻ നൽകിയതെന്നോ എത്ര തുകയ്ക്കാണ് ഇൻഷുറൻസ് പോളിസി എടുത്തതെന്നോ പോലീസ് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നാണ് പോലീസിന്റെ പ്രതികരണം.

ബിസിനസുകാരനായ ഗൗരവ് സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായും വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും ഭാര്യ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ആറ് ലക്ഷം രൂപയുടെ വായ്പ എടുത്തിരുന്നു. മാത്രമല്ല, ക്രെഡിറ്റ് കാർഡ് തട്ടിപ്പിനിരയായി 3.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു. വായ്പ തിരിച്ചടവ് മുടങ്ങുകയും തട്ടിപ്പിനിരയാവുകയും ചെയ്തതോടെ കടുത്ത മാനസികപ്രയാസം അനുഭവിച്ചിരുന്നതായും ഭാര്യ മൊഴി നൽകിയിരുന്നു.

ലണ്ടനില്‍ ഏറ്റുമുട്ടലിനിടെ പരിക്കേറ്റ വെളുത്ത വര്‍ഗക്കാരനെ ചുമലിലേന്തി നടന്നു നീങ്ങുന്ന കറുത്ത വര്‍ഗക്കാരന്‍റെ ചിത്ര൦ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.

കറുത്ത വര്‍ഗക്കാരും വെളുത്ത വര്‍ഗക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സംഭവം. ഏറ്റുമുട്ടലിനിടെ മനുഷ്യത്വം കാണിച്ച കറുത്ത വര്‍ഗക്കാരന്‍റെ ചിത്രം ഏറെ പ്രാധാന്യത്തോടെയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

കറുത്ത വര്‍ഗക്കാര്‍ നടത്തിയ റാലിയില്‍ കടന്നുകയറി ആക്രമിച്ച് വ്യക്തിയാണ് ചുമലില്‍ കിടക്കുന്ന വെളുത്ത വര്‍ഗക്കാരന്‍. റാലിയില്‍ ആക്രമിച്ച് കടന്ന ഇയാളെ വാട്ടര്‍ലൂ റെയില്‍വേ സ്റ്റേഷനില്‍ വച്ച് കറുത്ത വര്‍ഗക്കാരുടെ സംഘം ആക്രമിക്കുകയായിരുന്നു.

ഈ അക്രമത്തില്‍ സാരമായി പരിക്കേറ്റ ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ കറുത്ത വര്‍ഗക്കാരില്‍ ഒരാള്‍ ചുമലിലേന്തി നടന്നുനീങ്ങുന്നതാണ് ചിത്രം. അമേരിക്കയില്‍ കൊല്ലപ്പെട്ട ജോര്‍ജ്ജ് ഫ്ലോയ്ഡിന്‍റെ നീതിയ്ക്കായി കറുത്ത വര്‍ഗക്കാര്‍ നടത്തിയ ‘ബ്ലാക്ക് ലൈവ്സ് മാറ്റര്‍’ റാലിയിലേക്ക് വെളുത്ത വംശീയവാദികള്‍ അതിക്രമിച്ച് കടന്നു പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു.

ഈ കൂട്ടത്തില്‍പ്പെട്ട ആളെയാണ് കറുത്ത വര്‍ഗക്കാരന്‍ രക്ഷപ്പെടുത്തിയത്. മറ്റൊരു വെളുത്ത വര്‍ഗക്കാരന്‍ കറുത്ത വര്‍ഗക്കാരുടെ അടിയേറ്റ് നിലത്തു കിടക്കുന്ന ചിത്രവും സമൂഹ മാധ്യമങ്ങളില്‍ പ്രച്ചരിക്കുന്നുണ്ട്. ലണ്ടനിലും ഇംഗ്ലണ്ടിന്‍റെ പല ഭാഗങ്ങളിലും നടന്ന പ്രക്ഷോഭങ്ങളുടെ ബാക്കിയായാണ് വാട്ടര്‍ലൂ സ്റ്റേഷനടുത്ത് ആക്രമണം നടന്നത്.

അമേരിക്കയിലെ ജോര്‍ജ്ജ് ഫ്ലോയ്ഡ് കൊലപാതക കേസില്‍ ലോകമെമ്പാടും പ്രതിഷേധങ്ങള്‍ കനക്കുകയാണ്. കറുത്ത വര്‍ഗക്കാരുടെ ഈ പ്രതിഷേധത്തെ നേരിടാനയാണ് വെളുത്ത വര്‍ഗക്കാര്‍ അക്രമസക്തരായി തെരുവിലിറങ്ങിയത്.

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി എന്ന സച്ചിദാനന്ദന്‍ തൃശൂർ ജൂബിലി ഹോസ്പിറ്റലിൽ തീവ്രപരിചരണവിഭാഗത്തില്‍. മറ്റൊരു ആശുപത്രിയില്‍ നിന്നും ഇന്ന് രാവിലെ ജൂബിലി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട സച്ചിയുടെ നില ഗുരുതരാവസ്ഥയിലാണ് എന്ന് ആശുപ്രത്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നട്ടെല്ലിന്റെ ശസ്ത്രക്രിയയെ തുടര്‍ന്നു നേരിട്ട ശാരീരികാസ്വാസ്ഥങ്ങള്‍ ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും തലച്ചോറിനെ ബാധിക്കുയും ചെയ്തതായി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

പൃഥ്വിരാജിനെ നായകനാക്കി സച്ചിയും സേതുവും ചേര്‍ന്ന് തിരക്കഥയെഴുതിയ ‘ചോക്ക്ലേറ്റ്’ മുതല്‍ പൃഥ്വിരാജ്-ബിജു മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചി ഒരുക്കിയ ‘അയ്യപ്പനും കോശിയും’ വരെ ഹിറ്റുകളുടെ ഒരു വലിയ നിര തന്നെ സ്വന്തമായുള്ള കലാകാരനാണ് സച്ചി.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ മേയ് മാസത്തില്‍ ഇന്ത്യ മുഴുവനും പ്രഖ്യാപിച്ച അപ്രതീക്ഷിത ലോക്ക്ഡൗണ്‍ കാരണം നാട്ടിലേക്ക് യാത്ര ചെയ്യാന്‍ എയര്‍ലൈന്‍ കമ്പനികളും മറ്റിതര ഏജന്‍സികളും മുഖേന വളരെ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍ക്കാണ് യാത്ര മുടങ്ങിയത്. ഇങ്ങനെ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തിട്ട് കോവിഡിന്റെ പശ്ചാത്തലത്തില്‍ ഫ്‌ളൈറ്റ് ക്യാന്‍സലേഷന്‍ വന്നത് കാരണം യാത്ര മുടങ്ങിയ ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍ യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റിതര രാജ്യങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലുമുണ്ട്.

ഇങ്ങനെ തങ്ങളുടേതല്ലാത്ത കാരണത്താല്‍ യാത്ര മുടങ്ങിയ പല പ്രവാസി ഭാരതീയരും തങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്തത് എയര്‍ ഇന്ത്യയും അതോടൊപ്പം തന്നെ മറ്റ് പല ഏജന്‍സികളും വിമാന കമ്പനികളും മൂലമാണ്. യൂറോപ്പിലും യുകെയിലുമുള്ള പല ഏജന്‍സികളും മുഖേന ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഏജന്‍സികളില്‍ പലതും റീഫണ്ടും അതുമല്ലെങ്കില്‍ ഒരു വര്‍ഷത്തേക്ക് ഓപ്പണ്‍ ടിക്കറ്റ് അടക്കം ഓഫര്‍ ചെയ്യുമ്പോള്‍ നാട്ടില്‍ നിന്നുള്ള പല ഏജന്‍സികളഉം എയര്‍ ഇന്ത്യ അടക്കമുള്ള പല വിമാന കമ്പനികളും തങ്ങളുടേതല്ലാത്ത കാരണത്താല്‍ യാത്ര മുടങ്ങിയതിന് റീഫണ്ട് ആവശ്യപ്പെടുമ്പോള്‍ റീഫണ്ടിന് പകരം ഒരു വര്‍ഷത്തേക്കുള്ള റീ ഷെഡ്യൂള്‍ മാത്രമാണ് ഇതുവരെ ഓഫര്‍ ചെയ്തിരിക്കുന്നത്. ഇങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്ത ഗള്‍ഫ് മേഖലയില്‍ അടക്കമുള്ള ഏറിയ ഭാഗം പ്രവാസി ഇന്ത്യക്കാര്‍ക്കും കഴിഞ്ഞ ഏപ്രില്‍ മുതല്‍ വരുന്ന ഏപ്രില്‍ വരെയുള്ള ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ നാട്ടിലേക്കുള്ള ഒരു മടക്കയാത്ര പല കാരണങ്ങളാല്‍ അസാദ്ധ്യമാണ്. കാരണം പലര്‍ക്കും രണ്ട് വര്‍ഷം അല്ലെങ്കില്‍ 3 വര്‍ഷം കൂടുമ്പോള്‍ നാട്ടിലേക്ക് യാത്ര ചെയ്യുന്നവരാണ്.കൂടാതെ ഫാമിലിയായിട്ട് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് കുട്ടികളുടെ സ്‌കൂള്‍ അവധി, അവരുടെ അവധി അവയെല്ലാം ക്രമീകരിച്ചുള്ള ഒരു യാത്ര ഒരു പക്ഷെ ഒരു വര്‍ഷ കാലയളവിനുള്ളില്‍ അസാദ്ധ്യമാണ്. കൂടാതെ ഉടന്‍തന്നെ യാത്ര തിരിക്കാന്‍ എന്നു കരുതിയാല്‍ നാട്ടിലെ സാഹചര്യം കണക്കിലെടുത്ത് ക്വാറന്റൈനും മറ്റും മൂലം അവധിയുടെ പകുതി സമയവും അങ്ങനെ മാറികിട്ടും. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പലരും ഈ ഒരു വര്‍ഷക്കാലയളവിനുള്ളിലെ അവരുടെ യാത്ര ഒഴിവാക്കാനാണ് സാധ്യത.

ഇങ്ങനെയുള്ള സാഹചര്യത്തിലാണ് റീഷെഡ്യൂളിന് പകരം റീഫണ്ട് തന്നെ വേണം. അല്ലെങ്കില്‍ പ്രസ്തുത തീരുമാനം വിമാന കമ്പനികളെ മാത്രമേ സഹായിക്കൂ എന്ന നിലയില്‍ ആക്ഷേപം ഉയര്‍ന്നത്. പ്രസ്തുത വിവരം ചൂണ്ടിക്കാണിച്ച് യുകെയിലെ ഹേ വാര്‍ഡ്‌സ്ഹീത്തില്‍ താമസിക്കുന്ന ജിജോ അരയത്തും സട്ടനില്‍ താമസിക്കുന്ന അഭിലാഷ് അഗസ്റ്റിനും ശ്രീ ജോസ് കെ മാണി അടക്കമുള്ള പലരുടേയും ശ്രദ്ധയില്‍ പ്രസ്തുത വിവരം അറിയിക്കുകയും ശ്രീ ജോസ് കെ മാണി എംപി പ്രവാസി ഇന്ത്യക്കാരുടേയും വിദേശ മലയാളികളുടേയും പ്രസ്തുത കാര്യത്തില്‍ ഇടപെടണമെന്നും അനുചിത തീരുമാനം കൈക്കൊള്ളണമെന്നും കേന്ദ്ര ഗവണ്‍മെന്റിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കൂടാതെ പ്രവാസി ഇന്ത്യക്കാര്‍ക്ക് അനുകൂലമായ തീരുമാനമാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത ആളുകള്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് എന്നതിന് പകരം രണ്ടു വര്‍ഷത്തിനകം യാത്ര ചെയ്യുന്നതിനാവശ്യമായ റീ ഷെഡ്യൂളുകള്‍ കാലാവധി നീട്ടുകയുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു വിശദീകരണമാണ് ഇപ്പോള്‍ സുപ്രീം കോടതി മൂന്ന് ആഴ്ചയ്ക്കകം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസ്തുത പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് പ്രവാസി ഇന്ത്യക്കാര്‍ക്ക് അനുകൂലമായ ഒരു നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍.

നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നാലെ കുടുംബത്തെ ദുഃഖത്തിലാഴ്ത്തി മറ്റൊരു മരണം കൂടി. സുശാന്തിന്റെ കസിന്റെ ഭാര്യ സുധാദേവിയാണ് മരിച്ചത്. അദ്ദേഹത്തിന്റെ ബിഹാറിലെ സ്വന്തം ഗ്രാമമായ പുര്‍ണിയയില്‍ വെച്ചാണ് സുധാദേവി മരിച്ചത്.

തിങ്കളാഴ്ചയായിരുന്നു സംഭവം. സുശാന്തിന്റെ മരണ വാര്‍ത്ത കേട്ടതിന് പിന്നാലെ സുധാദേവി കടുത്ത മാനസിക പ്രയാസത്തിലായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സുശാന്തിന്റെ ശവസംസ്‌കാരം നടക്കുന്ന സമയത്താണ് സുധാദേവിയുടെ മരണം സംഭവിച്ചത്.

സുശാന്തിന്റെ മരണവിവരം അറിഞ്ഞതു മുതല്‍ ഇവര്‍ ഭക്ഷണം ഒന്നും കഴിച്ചിരുന്നില്ല. യുവ നടന്റെ മരണമുണ്ടാക്കിയ ഞെട്ടലില്‍നിന്ന് തങ്ങള്‍ ഇതുവരെ മുക്തരായിട്ടില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. സുശാന്തിന്റെ സ്വന്തം ഗ്രാമമായ ബാല്‍ദിയയിലും അമ്മയുടെ നാടായ ബൗറന്യയിലും തിങ്കളാഴ്ച ദുഃഖാചരണങ്ങള്‍ നടന്നു.

മുംബൈയിലെ പവന്‍ ഹാന്‍സ് ശ്മശാനത്തില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സുശാന്തിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നടന്നത്. നടനെ ഒരുനോക്ക് കാണാനും അവസാന യാത്ര പറയാനും. കനത്ത മഴയ്ക്കിടയിലും നിരവധി പേരാണ് എത്തിച്ചേര്‍ന്നത്.

RECENT POSTS
Copyright © . All rights reserved