സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ച സംഭവത്തില്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞതാണ് സത്യമെന്ന് കെപിഎസി ലളിത. പ്രമുഖ മാധ്യമത്തോടായിരുന്നു അവരുടെ പ്രതികരണം. തന്റേതായി പുറത്തു വന്ന പത്രക്കുറിപ്പിനെക്കുറിച്ച് ആര്‍ല്‍എവി രാമകൃഷ്ണന്‍ പറഞ്ഞതാണ് സത്യമെന്നും ഈ വിഷയത്തില്‍ ഇനി ഭൂകമ്പം ഉണ്ടാക്കേണ്ടതില്ലെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കെപിഎസി ലളിത പറയുന്നു.

നൃത്തത്തില്‍ പങ്കെടുക്കാന്‍ താന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും പറഞ്ഞ് ലളിതച്ചേച്ചി(കെപിഎസി ലളിത)യുടേതായി പുറത്തു വന്ന പത്രക്കുറിപ്പ് സെക്രട്ടറിയുടെ കളിയായിരിക്കുമെന്നും ചേച്ചി ഒരിക്കലും അങ്ങനെ പറയില്ലെന്നും കഴിഞ്ഞ ദിവസം കലാഭവന്‍ മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് രാമകൃഷ്ണന്റെ വാദം ശരിയാണെന്ന് വ്യക്തമാക്കി കെപിഎസി ലളിതയും രംഗത്തെത്തിയത്.

സംഭവത്തിന് പിന്നാലെ ആത്മഹത്യാ ശ്രമത്തിനായി ഗുളികകഴിച്ച് ഗുരുതരാവസ്ഥയില്‍ ആയ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ചികിത്സയ്ക്കുശേഷം വീട്ടില്‍ വിശ്രമത്തിലിരിക്കെയാണ് ആത്മഹത്യാ ശ്രമത്തിന്റെ കാരണം അദ്ദേഹം വെളിപ്പെടുത്തിയത്. ഇനി അനുവദിച്ചാലും സര്‍ഗഭൂമികയില്‍ നൃത്തം അവതരിപ്പിക്കാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഓണ്‍ലൈന്‍ നൃത്തപരിപാടി സര്‍ഗഭൂമികയില്‍ നൃത്തം ചെയ്യുന്നതിന് ഇദ്ദേഹം അപേക്ഷിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.