Latest News

ദുബായ് ∙ ദുബായിൽ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഭര്‍ത്താവ് യുഗേഷ് അപ്പീൽ കോടതിയെ സമീപിച്ചു. കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ സി. വിദ്യാ ചന്ദ്രനെ (40) കൊലപ്പെടുത്തിയ ഭർത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷി (43)ന് ജീവപര്യന്തം (25 വർഷം) തടവും തുടർന്ന് നാടുകടത്തലുമായിരുന്നു ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് ക്രിമിനൽ കോടതി കഴിഞ്ഞ ദിവസം വിധിച്ചത്. ഇത് ചോദ്യം ചെയ്താണ് മേൽക്കോടതിയെ സമീപിക്കുന്നത്. കേസിന്റെ പുനർവിചാരണ ഒാഗസ്റ്റ് 20ന് ആരംഭിക്കുമെന്ന് പ്രതിഭാഗം നിയമ പ്രതിനിധി അഡ്വ.മീരാ അലി ജല്ലാഫ് അറിയിച്ചു.

2019 സെപ്തംബർ 9നായിരുന്നു കേസിനാസ്പദമായ സംഭവം. ഒാണമാഘോഷിക്കാൻ വിദ്യ നാട്ടിലേയ്ക്ക് പുറപ്പെടാനിരിക്കെയായിരുന്നു കൊല. സംഭവ ദിവസം രാവിലെ അൽഖൂസിലെ കമ്പനി ഒാഫീസിലെത്തിയ യുഗേഷ് വിദ്യയെ പാർക്കിങ്ങിലിയേക്ക് വിളിച്ചുകൊണ്ടുപോവുകയും ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടാവുകയും ചെയ്തു. മാനേജരുടെ മുൻപിൽ വിദ്യയെ യുഗേഷ് ആലിംഗനം ചെയ്തത് സംബന്ധിച്ചായിരുന്നു തർക്കം. തുടർന്ന് യുഗേഷ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തിയെടുത്ത് മൂന്ന് പ്രാവശ്യം വിദ്യയെ കുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ വിദ്യ മരിച്ചു. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കകം ജബൽ അലിയിൽ നിന്ന് പൊലീസ് പിടികൂടി. മൃതദേഹത്തിനടുത്ത് നിന്ന് കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു.

16 വർഷം മുൻപ് വിവാഹിതരായ ഇരുവരും തമ്മിൽ ആദ്യകാലം മുതലേ സ്വരച്ചേർച്ചയിലായിരുന്നില്ല. യുഗേഷ് വിദ്യയെ പലതും പറഞ്ഞ് പീഡിപ്പിക്കുമായിരുന്നു. രണ്ട് പെൺമക്കളോടും സ്നേഹത്തോടെ പെരുമാറിയിരുന്നില്ല. ഭാര്യയെ സംശയമുണ്ടായിരുന്നതാണ് ഇവരുടെ ദാമ്പത്യം തകരാനും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കാനും കാരണമായത്. കൊലയ്ക്ക് 11 മാസം മുൻപായിരുന്നു വിദ്യ ജോലി ലഭിച്ച് യുഎഇയിലെത്തിയത്.

ഭർത്താവിന്റെ പിന്തുണയില്ലാത്തതിനാൽ വിവിധ ആവശ്യങ്ങൾക്കായി നാട്ടിലെ ബാങ്കിൽ നിന്നെടുത്ത 10 ലക്ഷം രൂപ തിരിച്ചടക്കാനാണ് ദുബായിൽ ജോലിക്ക് ശ്രമിച്ചത്. ഇടയ്ക്ക് ഒരു മാസത്തെ അവധിക്ക് നാട്ടിൽ പോയിരുന്നു. മക്കളായ ശ്രദ്ധ, വരദ എന്നിവരുടെ സ്കൂള്‍ സംബന്ധമായ കാര്യങ്ങൾക്കാണ് പോയത്. കൊലയ്ക്ക് ഒരു മാസം മുൻപാണ് യുഗേഷ് ദുബായിലെത്തിയത്. ഇത് വിദ്യക്ക് അറിയാമായിരുന്നു. നേരത്തെ ഒന്നിലേറെ പ്രാവശ്യം പ്രതി വിദ്യയെ തേടി അവർ ജോലി ചെയ്യുന്ന ഒാഫീസിലെത്തിയിരുന്നു.

വിദ്യ ജോലി ചെയ്യുന്ന കമ്പനി ഉടമയായ തമിഴ്നാട്ടുകാരനായിരുന്നു കേസിലെ ഒന്നാം സാക്ഷി. ഇദ്ദേഹത്തെ കോടതി വിസ്തരിച്ചിരുന്നു. ഫെബ്രുവരി 13നായിരുന്നു വിചാരണ ആരംഭിച്ചത്. രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെയും വിസ്തരിച്ചു.

 

റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ സെറ്റ് ഇന്ന് ഇന്ത്യയിലെത്തും. രാവിലെ പതിനൊന്ന് മണിക്ക് ഹരിയാനയിലെ അംബാലയിൽ വ്യോമസേന മേധാവി റഫാൽ യുദ്ധവിമാങ്ങൾ സ്വീകരിക്കും. കഴിഞ്ഞ ദിവസം ഫ്രാൻസിൽ നിന്നും പുറപ്പെട്ട റാഫേൽ യുഎഇയിലെ അൽദഫ്റ സൈനിക വിമാനത്താവളത്തിൽ ഒരു ദിവസം വിശ്രമിച്ചാണ് ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെടുന്നത്. പാക് വ്യോമ പാത ഒഴിവാക്കി ഗുജറാത്തിലെ ജാംനഗർ വഴി വിമാനങ്ങൾ ഹരിയാനയിൽ എത്തിച്ചേരും. അതിനിടെ റഫാലിൽ ആകാശ യാത്ര മധ്യേ ഇന്ധനം നിറക്കുന്നതിന്‍റെ ചിത്രങ്ങൾ വ്യോമസേന പുറത്തുവിട്ടു.

ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കാൻ ഇന്ത്യൻ വ്യോമസേനയുടെ ടാങ്കർ വിമാനങ്ങൾ അനുഗമിക്കും. പതിനേഴ് ഗോൾഡൻ ആരോസ് സ്ക്വാഡ്രനിലെ കമാൻഡിംഗ് ഓഫീസർ ക്യാപ്റ്റൻ ഹർക്രിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഏഴ് ഇന്ത്യൻ പൈലറ്റുമാരാണ് വിമാനങ്ങൾ ഇന്ത്യയിലേക്ക് പറത്തുന്നത്. ഇതിൽ വിങ്ങ് കമാൻഡർ വിവേക് വിക്രം എന്ന മലയാളി പൈലറ്റുമുണ്ട്.

ഇന്ത്യൻ പ്രതിരോധ മേഖലയിൽ നാഴികകല്ലാകുമെന്ന വിശേഷിപ്പിക്കപ്പെടുന്ന റഫാലിന്‍റെ 10 സെറ്റുകളാണ് ദസോ ഏവിയേഷൻ കമ്പനി ആദ്യമായി ഇന്ത്യക്ക് കൈമാറിയത്. ഇതിൽ അഞ്ചെണ്ണം പരിശീലനത്തിനായി ഫ്രാൻസിൽ തന്നെയാണുള്ളത്. ബാക്കി 5 എണ്ണമാണ് ഇന്ന് ഇന്ത്യയിലെത്തുന്നത്.

ഹരിയാനയിലെ അംബാല സൈനിക വിമാനത്താവളത്തിൽ രാവിലെ 11 മണിയോടെ റാഫേൽ പറന്നിറങ്ങും. 7000 കിലോമീറ്റർ താണ്ടി ഇന്ത്യയിലെത്തുന്ന റാഫേൽ ഇന്ധനം നിറക്കാനും പൈലറ്റുമാരുടെ സമ്മർദ്ദം കുറക്കാനുമായി യുഎഇയിലെ അൽ ദഫ്റ സൈനിക വിമാനത്താവളത്തിൽ ഒരു ദിവസം വിശ്രമിച്ചിരുന്നു. 17 ഗോൾഡൻ ആരോസ് സ്ക്വാഡ്രണിലെ കമാൻഡിങ് ഓഫീസറും ഫ്രഞ്ച് പൈലറ്റും ചേർന്നാണ് വിമാനം എത്തിക്കുന്നത്. വ്യോമസേനയും ഗ്രൗണ്ട് ക്രൂവും പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും മികച്ച ദീർഘദൂര എയർ മിസൈലുകൾ സജ്ജമാക്കിയ റഫാലിന്‍റെ വരവ് വ്യോമസേനയുടെ ശക്തി ഇരട്ടിയാക്കും. ലഡാക്കിലെ ചൈനീസ് കയ്യേറ്റത്തിന് പിന്നാലെയാണ് ഇന്ത്യ റഫാൽ എത്തിക്കാനുള്ള നീക്കങ്ങൾ വേഗത്തിൽ ആക്കിയത്. 2021 അവസാനത്തോടെ 36 റാഫേൽ യുദ്ധവിമാനങ്ങളും ഇന്ത്യക്ക് കൈമാറുമെന്നാണ് ദസോ ഏവിയേഷൻ കമ്പനിയുടെ വാഗ്ദാനം.

പ്രളയ കാലത്തേ അനുസ്മരിച്ചു സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നു. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് പലയിടത്തും ഇന്നലെ രാത്രി ശക്തമായ മഴ ലഭിച്ചു. താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. എറണാകുളം ജില്ലയിൽ ഇന്നലെ ആരംഭിച്ച മഴ ഇപ്പോഴും തുടരുന്നു. പശ്ചിമ കൊച്ചിയിലും പനമ്പിള്ളി നഗറിലും വെള്ളം കയറി. പശ്ചിമ കൊച്ചിയോട് ചേർന്ന കോളനികളിലും വെള്ളക്കെട്ട് രൂക്ഷമാണ്. കമ്മട്ടിപാടത്തെ വീടുകളിൽ വെള്ളം കയറി. ആളുകൾ തങ്ങളുടെ സാധനങ്ങളെല്ലാം വീടുകളിൽ നിന്നു മാറ്റുകയാണ്. സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. അരുവിക്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടർ 40 സെന്റിമീറ്റർ തുറന്നു കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.

അടുത്ത അഞ്ച് ദിവസവും കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റും വീശിയടിക്കാനും സാധ്യതയുണ്ട്. ജൂലൈ 28, 29, 30, 31, ഓഗസ്റ്റ് 1 തീയതികളിൽ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഉത്ര വധക്കേസിൽ രണ്ടാം പ്രതിയായ പാമ്പ് പിടിത്തക്കാരന്‍ സുരേഷിനെ കോടതി മാപ്പ് സാക്ഷിയായി പ്രഖ്യാപിച്ചു. വധക്കേസിലെയും ഗാര്‍ഹിക പീഡനക്കേസിലെയും കുറ്റപത്രം രണ്ടായി സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വധക്കേസില്‍ സൂരജിന്റെ അച്ഛനെയും അമ്മയേയും പ്രതിചേര്‍ക്കില്ല.

സൂരജിന് രണ്ടു തവണ പാമ്പിനെ വിറ്റിട്ടുണ്ടെന്ന് ആദ്യം തന്നെ സുരേഷ് സമ്മതിച്ചതാണ്. ഉത്രയെ കൊലപ്പെടുത്താന്‍ വേണ്ടിയാണിതെന്ന് അറിയില്ലെന്നും ആവര്‍ത്തിച്ചു. മാപ്പ് സാക്ഷിയാക്കണമെന്ന രണ്ടാം പ്രതിയുടെ അപേക്ഷ പരിഗണിച്ച് പുനലൂര്‍ കോടതി കഴിഞ്ഞ ദിവസം രഹസ്യ മൊഴിയെടുത്തു. മൊഴിയില്‍ അന്വേഷണ സംഘം തൃപ്തി അറിയിച്ചതോടെയാണ് സുരേഷിനെ മാപ്പു സാക്ഷിയാക്കിയത്.

റിമാന്‍ഡിലുള്ള പ്രതിയുടെ മൊഴി ഈ ആഴ്ച്ച തന്നെ അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും. കൊലപാത കേസിന്റെ കുറ്റപത്രം അടുത്ത മാസം ആദ്യം തന്നെ സമര്‍പ്പിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് ജില്ലാ ക്രൈംബ്രാഞ്ച്. ഗാര്‍ഹിക പീഡന‌ത്തിന്റേത് പിന്നാലെയും. ഇതില്‍ സൂരജിന്റെ അച്ഛനെയും അമ്മയേയും സഹോദരിേയയും പ്രതി ചേര്‍ക്കും. അതിവേഗ വിചാരണയ്ക്കായി ഹൈക്കോടതിയെ സമീപിക്കാനം തീരുമാനിച്ചിട്ടുണ്ട്.

കേസില്‍ പ്രത്യേക അഭിഭാഷകനെ സര്‍ക്കാര്‍ നിയോഗിച്ചു. വന്യജീവി സംരക്ഷണ നിയമ പ്രകാരം വനംവകുപ്പ് എടുത്ത മുന്നു കേസിന്റെയും കുറ്റപത്രം തയാറാക്കി വരികയാണ്. ഉത്ര വധക്കേസില്‍ അറസ്റ്റിലായ സുരജും അച്ഛന്‍ സുരേന്ദ്രനും പാമ്പ് പിടിത്തക്കാരന്‍ സുരേഷും ഇപ്പോഴും ജയിലിലാണ്.

സുശാന്ത് സിങ് രാജപുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളില്‍ പുതിയ വഴിത്തിരിവ്. പിതാവിന്‍റെ പരാതിയില്‍ സുശാന്തിന്‍റെ മുന്‍ കാമുകിക്കെതിരെ ബിഹാര്‍ പൊലീസ് കേസെടുത്തു. നടി റിയ ചക്രവര്‍ത്തിക്കും മാതാപിതാക്കൾക്കുമെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് കേസ്. പട്‍ന പൊലീസിന്‍റെ പ്രത്യേകസംഘം മുംബൈയിലെത്തി.

സുശാന്തിൻറെ പിതാവ് കെ കെ സിങ് നൽകിയ പരാതിയിൽ പട്‍നയിലെ രാജീവ് നഗർ പൊലീസ് സ്റ്റേഷനിലാണ് റിയ ചക്രവർത്തിയുള്‍പ്പടെ 6 പേർക്കുമെതിരെ കേസ്. റിയയുടെ അച്ഛന്‍, അമ്മ, സഹോദരന്‍ സുശാന്തിന്‍റെ മുന്‍ മാനേജര്‍ എന്നിവരാണ് പ്രതികള്‍. ആത്മഹത്യ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തി. സുശാന്തും റിയയും തമ്മിൽ വന്‍സാമ്പത്തിക ഇടപാടുകൾ നടന്നായും സംശയങ്ങള്‍ നിലനില്‍ക്കുന്നതായും പിതാവിന്‍റെ പരാതിയിൽ പറയുന്നു. നടന്‍റെ ബാങ്ക് സ്റ്റേറ്റുമെന്‍റുകള്‍ ഉള്‍പ്പടെ ബിഹാര്‍ പൊലീസ് ശേഖരിച്ചതായാണ് വിവരം.

സുശാന്തിന്‍റെ ആത്മഹത്യയ്ക്ക് കാരണം ബോളിവുഡിലെ കിടമല്‍സരമാണെന്ന ആക്ഷേപങ്ങളില്‍ മുംബൈ പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബിഹാര്‍ പൊലീസ് കേസുടുത്തത്. നടന്‍റെ മരണത്തിന് പിന്നാലെ റിയ ചക്രവര്‍ത്തിയെ മുംബൈ പൊലീസ് വിശദമായി ചോദ്യം ചെയ്‍തിരുന്നു. സിനിമ നിർമാണ കമ്പനിയായ ധർമ പ്രോഡക്ഷൻസിന്‍റെ സി.ഇ.ഒ അപൂർവ മേത്തയെ ഇന്ന് മൂന്ന് മണിക്കൂറോളം മുംബൈയില്‍ ചോദ്യം ചെയ്തു. ധർമ പ്രോഡക്ഷൻസിന്റെ ഉടമയും സംവിധായകനുമായ കരൺ ജോഹറേയും ഈയാഴ്ച ചോദ്യം ചെയ്യും. 40 പേരുടെ മൊഴിയാണ് മുംബൈ പൊലീസ് ഇതുവരെ രേഖപ്പെടുത്തിയത്.

ഭീകരബന്ധം ആരോപിക്കപ്പെടുന്ന തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ സ്വർണക്കടത്തു സംഘം ചതിയിൽപ്പെടുത്തിയെന്നു സംശയം. എൻഐഎയുടെ മാരത്തൺ ചോദ്യം ചെയ്യലിനിടയിൽ ശിവശങ്കർ നടത്തിയ തുറന്നു പറച്ചിലുകളാണ് ഇൗ സൂചന നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്വപ്ന, സന്ദീപ്, സരിത് എന്നിവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

ശിവശങ്കറിന്റെ മൊഴികളുടെ അടിസ്ഥാനത്തിൽ ചില കൺസൽറ്റൻസി സ്ഥാപനങ്ങളിലേക്കും അന്വേഷണത്തിന്റെ മുന നീങ്ങിയേക്കും. സ്വപ്നയുടെ കുടുംബവുമായി ശിവശങ്കറിനുള്ള ബന്ധം മുതലെടുക്കാൻ കേസിലെ മുഖ്യപ്രതിയായ റമീസ് അടക്കമുള്ളവർ തന്ത്രം മെനഞ്ഞു. സ്വപ്നയുടെ വീട്ടിൽ പ്രതികൾ ഒരുക്കിയ പാർട്ടിക്കിടയിൽ ശിവശങ്കറിനു മദ്യത്തിൽ ലഹരി കലർത്തി നൽകിയതായും സൂചന.

ഇത്തരം പാർട്ടികൾ ശിവശങ്കറുമായി അടുക്കാൻ സരിത്തും സന്ദീപും ഉപയോഗപ്പെടുത്തി. പാർട്ടികൾക്കിടയിൽ ശിവശങ്കറിനെ പുകഴ്ത്തിപ്പറഞ്ഞു വശത്താക്കി. ഇത്തരം പാർട്ടികൾക്കിടയിൽ സംഭവിച്ച പലകാര്യങ്ങളും ശിവശങ്കറിനു കൃത്യമായി ഓർമിക്കാൻ കഴിയുന്നില്ല. അന്വേഷണ സംഘത്തിന്റെ സംശയത്തെ സാധൂകരിക്കുന്ന മൊഴികൾ സ്വപ്നയുടെ അയൽവാസികളും അന്വേഷണ സംഘത്തിനു നൽകിയിട്ടുണ്ട്.

കുടുംബവീട്ടിൽ നിന്നു മാറി ഫ്ലാറ്റിൽ താമസിക്കാൻ ഇടയായ സാഹചര്യം വിശ്വസനീയമായ രീതിയിൽ അന്വേഷണ സംഘത്തോടു വിവരിക്കാൻ ശിവശങ്കറിനു കഴിഞ്ഞിട്ടുണ്ട്. ശിവശങ്കറിന്റെ ജീവിത സാഹചര്യങ്ങളും താൽപര്യങ്ങളും പ്രതികൾ മുതലെടുത്തതായി ചില സഹപ്രവർത്തകരും അടുത്ത സുഹൃത്തുക്കളും മൊഴി നൽകി.

ശിവശങ്കറിനു പ്രതികളുമായുള്ള ബന്ധം സംബന്ധിച്ച് ഇത്തരമൊരു തുറന്നു പറച്ചിൽ അന്വേഷണ സംഘം പ്രതീക്ഷിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ഒരു തവണ കസ്റ്റഡിയിൽ ചോദ്യംചെയ്യൽ പൂർത്തിയാക്കി റിമാൻഡ് ചെയ്ത സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. പ്രതികൾക്കെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) കേസുള്ളതിനാൽ വീണ്ടും ചോദ്യം ചെയ്യാൻ നിയമതടസ്സമില്ല.

ഐശ്വര്യ ലക്ഷ്മി.എസ്സ്.

മിഴിയിണകൾ തഴുകിവരും
സന്ധ്യാരാഗങ്ങളിൽ
ചേർന്നമരുന്നു ചരൽപാതയും മൗനവും.
ഓലഞ്ഞാലിയോടല്ലലു പാടുന്നു ചാരെ പടിക്കെട്ടകലെ ചെമ്പോത്തും.
കാതിലരികെ മായും ഓർമ്മകളായ് നീയും.
മറയത്തു നീ കൊരുത്തിട്ടോരു വാക്കുകളൊക്കെയും
ചിലമ്പുന്നു അകലെ.
വറ്റിപ്പോയോരു കുളത്തിലാണ്ട നിന്നോർമ്മകളൊക്കെയും ഇടവപ്പാതിയിലാകെ ഇടമുറിയാതെ പെയ്തൊഴുകുന്നു മനമാകെ.
സന്ധ്യക്കു മീതെ തിരിതെളിയും അസ്ഥിത്തറയിലുണ്ടൊരു കാലത്തിൻ സ്മരണയിന്നോളം.
കൂടെയുണ്ടിന്നോളമെന്നു പറയാതെ പറയും വേനലിൽ തളരാത്തൊരാ തുളസിയും.
നെറ്റിത്തടത്തിലണിയും ചന്ദനം ചൊല്ലുമാ കുളിരോർമ്മകൾ മായ്ക്കുവാനാവതില്ലൊരുനാളും .
അകലുവതാണിന്നേറെ നല്ലതുവെന്നാലും
ഒരുപിടി ചിതാഭസ്മമായി മാറിയാലും അടരരുതൊരുനാളും
മനസ്സിൽ നിന്നായ്.

 

ഐശ്വര്യ ലക്ഷ്മി.എസ്സ്.

സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. തിരുവല്ലമാക്ഫാസ്റ്റ് കോളേജിലെ അവസാനവർഷ എം.സി.എ വിദ്യാർഥിനി ആണ് .അച്ഛൻ ശശിധരകൈമൾ.അമ്മ ഇന്ദു കുമാരി. ഇമെയിൽ: [email protected]

 

ആലപ്പുഴ: കോവിഡിന്റെ അതിരൂക്ഷമായ കെടുതി അനുഭവിക്കുന്ന ആലപ്പുഴയുടെ തീര പ്രദേശങ്ങളില്‍ ചരിത്ര ദൗത്യമേറ്റെടുത്ത്‌ ആലപ്പുഴ രൂപത.
മാരാരിക്കുളം സെന്റ്‌ അഗസ്‌റ്റിന്‍സ്‌ പള്ളി ഇടവകയില്‍ കോവിഡ്‌ ബാധിച്ച്‌ മരണമടഞ്ഞ ത്രേസ്യാമ്മ സെബാസ്‌റ്റ്യന്‍ (62), കാട്ടൂര്‍ സെന്റ്‌ മൈക്കിള്‍സ്‌ ഫെറോന ഇടവകയില്‍ എട്ട്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ച മറിയാമ്മയുടെയും മൃതദേഹങ്ങള്‍ വിവിധ സെമിത്തേരിയില്‍ ചിത കൂട്ടി ദഹിപ്പിച്ച ശേഷം ചിതാഭസ്‌മം മണ്‍കുടത്തിലാക്കി ആദരവോടെ അടക്കം ചെയ്‌തു. ജില്ലയില്‍ കോവിഡ്‌ ബാധിച്ച്‌ മരണമടഞ്ഞവരെ അവരുടെ തന്നെ ഇടവക സെമിത്തേരികളില്‍ മൃതദേഹം ദഹിപ്പിക്കല്‍ വഴി സംസ്‌കരിക്കാന്‍ കത്തോലിക്കാ സഭ ആലപ്പുഴ രൂപതയാണ്‌ തീരുമാനമെടുത്തത്‌. നിലവിലെ സാഹചര്യത്തില്‍ സാധാരണ മൃതസംസ്‌കാര കര്‍മം സെമിത്തേരികളില്‍ ഏറെ പ്രയാസമായതിനാലാണ്‌ ദഹിപ്പിക്കല്‍ വഴി സംസ്‌കരിക്കാനും ചിതാഭസ്‌മം സെമിത്തേരിയില്‍ അടക്കം ചെയ്യാനും രൂപത തീരുമാനിച്ചത്‌. രൂപതാ പ്രദേശത്ത്‌ കോവിഡ്‌ മരണം ഉണ്ടായ സാഹചര്യത്തില്‍ കലക്‌ടറും ആരോഗ്യ പ്രവര്‍ത്തകരും രൂപത അധികൃതരുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന്‌ രൂപതാ അധികൃതരുടെ യോഗം ചേര്‍ന്നിരുന്നു. രൂപതാ കണ്‍സള്‍ട്ടേഴ്‌സിന്റെയും ഫൊറോന വികാരിമാരുടെയും യവജനഅല്‌മായസമൂഹിക സേവന വിഭാഗം ഡയറക്‌ടര്‍മാരുടെയും സംയുക്‌ത യോഗത്തിന്റെ തീരുമാനപ്രകാരമാണ്‌ പുതിയ നടപടിക്രമങ്ങളെന്ന്‌ ബിഷപ്പ്‌ ഡോ. ജെയിംസ്‌ ആനാപറമ്പില്‍ പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. കോവിഡ്‌ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ ജില്ലാ ഭരണകൂടവും ആരോഗ്യപ്രവര്‍ത്തകരും അതത്‌ ഇടവകകള്‍ക്ക്‌ എല്ലാ സഹായങ്ങളും നല്‍കും. ആലപ്പുഴ രൂപതയുടെത്‌ മാതൃകാപരമായ പ്രവൃത്തിയാണെന്ന്‌ കലക്‌ടര്‍ എ. അലക്‌സാണ്ടര്‍ പറഞ്ഞു.

 

അമേരിക്കയിലെ മയാമി കോറല്‍ സ്പ്രിങ്സില്‍ മലയാളി നഴ്സ് കുത്തേറ്റുമരിച്ചു. ബ്രൊവാർഡ്‌ ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായ എറണാകുളം പിറവം മരങ്ങാട്ടില്‍ മെറിൻ ജോയിയെയാണ് കുത്തിവീഴ്ത്തിയശേഷം കാർ കയറ്റി കൊന്നത്. കൊലയ്ക്കുശേഷം സ്വയം കുത്തിമുറിവേല്‍പിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഭര്‍ത്താവ് ഫിലിപ് മാത്യു പൊലീസ് പിടിയിലായി.

മെറിന്‍ ജോലി ചെയ്തുമടങ്ങുമ്പോള്‍ വൈകിട്ട് ഏഴുമണിയോടെ കാര്‍ പാര്‍കിങ് ഇടത്താണ് കൊല നടന്നത്. കാറിലെത്തിയ ഫിലിപ് മാത്യു മെറിനെ നിരവധി തവണ കുത്തിമുറിേവല്‍പിച്ചശേഷം കാറിടിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. മെറിനെ പൊലീസ് ഉടന്‍തന്നെ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് ഫിലിപ് മാത്യു എന്നു വിളിക്കുന്ന നെവിന്‍ കാറോടിച്ച് സ്ഥലത്തുനിന്ന് പോവുകയും ചെയ്തു. നെവിനെ പിന്നീട് സ്വയം കുത്തിമുറിവേല്‍പിച്ച നിലയില്‍ പിന്നീട് ഹോട്ടല്‍ മുറിയില്‍ നിന്ന് പൊലീസ് പിടികൂടി.

മിഷിഗണിലെ വിക്സനില്‍ ജോലിയുള്ള നെവിന്‍ ഇന്നലെ കോറല്‍ സ്പ്രിങ്സില്‍ എത്തി ഹോട്ടലില്‍ താമസിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ നാട്ടില്‍ വെച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കുകയും നെവിൻ ഭാര്യയെയും കുഞ്ഞിനെയും കൂട്ടാതെ അമേരിക്കയിലേക്ക് മടങ്ങുകയും ചെയ്തു. കുഞ്ഞിനെ നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ആക്കിയ മെറിന്‍ പിന്നീട് ജോലിയില്‍ പ്രവേശിച്ചു. ബ്രൊവാര്‍ഡ് ആശുപത്രിയിലെ ജോലി രാജി വച്ച് മറ്റൊരു ആശുപത്രിയില്‍ ചേരാനിരിക്കെയാണ് ആക്രമണം. വെളിയനാട് സ്വദേശിയാണ് നെവിനും ചികില്‍സയിലാണ്. നെവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ഭാരതത്തിലെ ആദ്യ വിശുദ്ധ
വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ആഘോഷിച്ചു. അല്‍ഫോന്‍സാമ്മയുടെ നാമഥേയത്തിലുള്ള പ്രസ്റ്റണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആഘോഷമായ ദിവ്യബലിയര്‍പ്പിച്ചു. കോവിഡ് 19 തുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റിന്റെ നിയ്മങ്ങള്‍ കൃത്യമായി പാലിച്ച് ഓണ്‍ലൈനിലാണ് ദിവ്യബലിയര്‍പ്പിച്ചത്.
ദിവ്യബലിയില്‍ അഭിവന്ദ്യ പിതാവ് വിശ്വാസികള്‍ക്കായി സന്ദേശം നല്‍കി.
അല്‍ഫോന്‍സാമ്മയെ നയിച്ച പ്രചോദനം ജ്ഞാനത്തിന്റെ പ്രവര്‍ത്തിയാണ്. കൊറോണാ കാലം അല്‍ഫോന്‍സാമ്മയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. അല്‍ഫോന്‍സാമ്മയുടെ മൃതസംസ്‌കാരം അത്ഭുത വിഷയമായിരുന്നു. സന്തോഷത്തോടെ അത് നമുക്ക് സ്വീകരിക്കാം. ജനിച്ച ദിവസം മുതല്‍ കുര്‍ബാനയായി മാറിയവളാണ് അല്‍ഫോന്‍സാമ്മ. നമ്മുടെ ജീവിതവും അങ്ങെനെയാവണം. എല്ലാവരും മാറണം. ഞാനും മാറണം. അഭിവന്ദ്യ പിതാവ് തന്റെ സന്ദേശത്തില്‍ പറഞ്ഞു.

അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ താമസം ബര്‍മ്മിംഗ്ഹാമിലേയ്ക്ക് മാറ്റുകയാണ്. രൂപതയുടെ നടുഭാഗം എന്ന നിലയില്‍ ബര്‍മ്മിംഗ്ഹാമാണ് രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സുഗമമാണെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഔദ്യോഗീകമായി അറിയ്ച്ചു. ബര്‍മ്മിംഗ്ഹാമിലെ സെന്റ് ബെന്‍ഡിക്ട് സാല്‍ട്‌ലിയിലാവും ഇനി മുതല്‍ പിതാവ് താമസിക്കുക. ഔദ്യോഗിക കാര്യങ്ങള്‍ക്ക് മാത്രമേ ഇനി മുതല്‍ രൂപതാദ്ധ്യക്ഷന്‍ കത്തീഡ്രല്‍ ദേവാലയത്തിലെത്തുകയുള്ളൂ.
വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ മംഗളങ്ങള്‍ എല്ലാവര്‍ക്കും നേര്‍ന്ന് കൊണ്ട് ആഘോഷമായ ദിവ്യബലി അവസാനിച്ചു.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ദിവസം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അര്‍പ്പിച്ച ആഘോഷമായ ദിവ്യബലിയും സന്ദേശവും കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

RECENT POSTS
Copyright © . All rights reserved