Latest News

കെ.എസ്.ചിത്രയുടെ ഏതെങ്കിലും ഒരു പാട്ടു കേള്‍ക്കാതെ അല്ലെങ്കില്‍ മൂളാതെ ദിനം പോലും മലയാളി കടന്നു പോകുന്നില്ല. വിനയത്തിന്റെ രാഗപൗര്‍ണമിയായി നിന്നുകൊണ്ട് അവര്‍ പാടിയ ഭാവാര്‍ദ്രമായ ഗാനങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ തന്നെ താളമാണ്. അതില്‍ പുതിയ തലമുറയെന്നോ പഴയ തലമുറയെന്നോയില്ല.

എപ്പോഴും വിനയത്തിന്റെ രാഗ പൗര്‍ണമിയായി നിലകൊള്ളുവാനും സാധാരണക്കാരന്റെ മനസിലെ പാട്ടായി മാറുവാനും കഴിഞ്ഞു എന്നതാണു ചിത്രയെന്ന ഗായികയുടെ ഇതുവരെ കേട്ട ഈണങ്ങളേക്കാള്‍ മധുരതരമാക്കുന്നത്.

കരമന കൃഷ്ണന്‍ നായരുടെയും ശാന്തകുമാരിയുടെയും മകളായി 1963 ജൂലൈ 27ന് തിരുവനന്തപുരത്തെ കരമനയിലാണു കെ.എസ്.ചിത്ര ജനിച്ചത്. അച്ഛന്‍ തന്നെ ആദ്യ ഗുരു. മകളുടെ പാട്ടിനായി തന്നെയായിരുന്നു ജീവിതത്തിന്റെ പകുതിയിലധികവും അച്ഛന്‍ മാറ്റിവച്ചതും. കെ. ഓമനക്കുട്ടി ടീച്ചറുടെ കീഴില്‍ കര്‍ണാടിക് സംഗീതം പഠിച്ച ചിത്രയെ സിനിമാ സംഗീതത്തിലേക്കു കൈപിടിക്കുന്നത് എം.ജി.രാധാകൃഷ്ണനാണ്.

അട്ടഹാസമെന്ന ചിത്രത്തിലെ ചെല്ലം ചെല്ലം എന്ന ഗാനം പാടിക്കൊണ്ടായിരുന്നു അരങ്ങേറ്റം. എങ്കിലും സംവിധായകന്‍ സത്യന്‍ അന്തിക്കാട് രചിച്ച് എം.ജി രാധാകൃഷ്ണന്‍ ഈണമിട്ട രജനീ പറയൂ എന്ന ഗാനമാണു ചിത്രയുടെ ആദ്യ ഹിറ്റ്. യേശുദാസിനൊപ്പം പങ്കിട്ട നിരവധി വേദികളും കെ.എസ് ചിത്രയുടെ സംഗീത ജീവിതത്തിനു കരുത്തേകി.

തെന്നിന്ത്യയുടെ തന്നെ ഗായികയാക്കി കെ.എസ് ചിത്രയെ മാറ്റുന്നത് ഇളയരാജയുടെ ഗാനങ്ങളായിരുന്നു. നീ താനേ അന്തക്കുയില്‍ എന്ന ഗാനത്തിലൂടെ തമിഴിനു ഇളയരാജ ചിത്രയെ പരിചയപ്പെടുത്തി. സിന്ധുഭൈരവിയിലവെ ‘പാടറിയേന്‍ പഠിപ്പറിയേന്‍’… എന്ന പാട്ടിലൂടെ അവരുടെ പ്രിയഗായികയാക്കിയും മാറ്റി.

ആറു ദേശീയ പുരസ്‌കാരങ്ങളും 15 സംസ്ഥാന പുരസ്‌കാരങ്ങളും ചിത്രയെ തേടിയെത്തി. ആന്ധ്ര സര്‍ക്കാര്‍ ഒമ്പതു പ്രാവശ്യവും തമിഴ്‌നാട് നാലു പ്രാവശ്യവും കര്‍ണാടക മൂന്നു പ്രാവശ്യവും ഒറിസ സര്‍ക്കാര്‍ ഒരു പ്രാവശ്യവും മികച്ച ഗായികയായി ചിത്രയെ തിരഞ്ഞെടുത്തു. 2005ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യവും ആദരിച്ചു. ചിത്രയെ തേടി വരാത്ത അംഗീകാരങ്ങള്‍ കുറവാണെന്നു തന്നെ പറയാം.

കോട്ടയം: മുട്ടമ്പലത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞതിന് ബി.ജെ.പി കൗണ്‍സിലര്‍ ടി.എന്‍ ഹരികുമാറിനെതിരെ കേസ് എടുത്തു. സംഭവത്തില്‍ കൗണ്‍സിലറടക്കം കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ശവം ദഹിപ്പിക്കുമ്പോള്‍ ഉയരുന്ന പുക വഴി രോഗം പകരുമെന്നാരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.

കോവിഡ് ബാധിച്ച് മരിച്ച ചുങ്കം സി.എം.എസ് കോളജ് ഭാഗത്ത് നടുമാലില്‍ ഔസേഫ് ജോര്‍ജിന്റെ സംസ്‌കാരമാണ് തടഞ്ഞത്. മുട്ടമ്പലം നഗരസഭാ ശ്മശാനത്തില്‍ അടക്കുന്നതിനെതിരെയായിരുന്നു നാട്ടുകാര്‍ പ്രതിഷേധം നടത്തിയത്. പിന്നീട് വന്‍ പോലീസ് സന്നാഹത്തോടെയാണ് സംസ്‌കാരം നടത്തിയത്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടും പ്രശ്‌നത്തിന് പരിഹാരമായിരുന്നില്ല. മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ നടപടി ബി.ജെ.പി കൗണ്‍സിലറുടെ നേതൃത്വത്തില്‍ ആസൂത്രിതമായി ഉണ്ടായ പ്രശ്‌നമാണെന്ന് സി.പി.ഐ.എം ആരോപിച്ചിരുന്നു.

യുകെയിൽ നിന്നുള്ള സംഗീത ആൽബം നിർമാതാക്കളായ അനാമിക കെന്റിന്റെ രണ്ടാമത്തെ ആൽബമായ ‘ഇന്ദീവരം’ ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിക്കുന്നു. പ്രണയം തുളുമ്പുന്ന അപൂർവങ്ങളായ ആർദ്രഗാനങ്ങൾ അടങ്ങിയ ഈ ആൽബത്തിലെ ആദ്യഗാനം വെള്ളിയാഴ്ച പുറത്തിറങ്ങിയിരുന്നു. ഗർഷോം ടിവിയാണ് ഇന്ദീവരം റിലീസ് ചെയ്തത്.

‘വെൺനൂലുപോലെയീ രാമഴ.. ‘ എന്നു തുടങ്ങുന്ന ആദ്യഗാനത്തിന് ടിവിയിലും സോഷ്യൽ മീഡിയയിലുമായി അപ്രതീക്ഷിതമായ സ്വീകാര്യതയാണ് ലഭിച്ചത്. വിജയ് യേശുദാസിന്റെ അനന്യമായ ശബ്ദമാധുരിയാൽ ശ്രദ്ധേയമായ ഈ ഗാനം സംഗീതപ്രേമികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചു.

യുകെയിൽ നിന്നുള്ള എഴുത്തുകാരിയും കവയിത്രിയുമായ ബീന റോയ് ആണ് ഈ ആൽബത്തിലെ എല്ലാ ഗാനങ്ങളും രചിച്ചിരിക്കുന്നത്. കാവ്യരസപ്രധാനമായ നിരവധി കവിതകളും കവിതാസമാഹാരങ്ങളും സാഹിത്യലോകത്തിനു സമ്മാനിച്ച അതുല്യ പ്രതിഭയാണ് യുകെയിൽ ആരോഗ്യമേഖലയിൽ ജോലിചെയ്യുന്ന ഈ സാഹിത്യകാരി.

മലയാളസംഗീത ലോകത്ത് സുപരിചിതനായ സംഗീത സംവിധായകനും സംഗീതാദ്ധ്യാപകനുമായ ശ്രീ. പ്രസാദ് എൻ എ യുടെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഉൾപ്പെടുത്താവുന്ന ഗാനമാണ് ഇന്ദീവരത്തിലെ ഈ ഗാനം. ഈ ആൽബത്തിലെ മറ്റു ഗാനങ്ങൾക്കും ഈണം പകർന്നിരിക്കുന്നത് ഈ സംഗീതജ്ഞൻ തന്നെയാണ്.

പ്രണയം തുളുമ്പുന്ന വരികളും ഹൃദ്യമായ ഈണവും ശ്രുതിമധുരമായ ആലാപനവും ഈ ഗാനത്തെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. എക്കാലവും ഓർമ്മിച്ചിരിക്കേണ്ട ഗാനങ്ങളുടെ പട്ടികയിൽ ഈ സൃഷ്ടിയും ഇടം പിടിക്കും എന്നതിൽ സംശയമില്ല. ‘ഇന്ദീവരത്തിലെ’ അടുത്ത ഗാനം ജൂലൈ 31 വെള്ളിയാഴ്ച വൈകിട്ട് 7.30 (UK TIME ) ന് ഗർഷോം ടിവിയിൽ റിലീസ് ചെയ്യുന്നു. ആദ്യഗാനത്തിന് പ്രേക്ഷകർ നൽകിയ വലിയ സ്വീകരണത്തിനും പിന്തുണക്കും അനാമിക കെന്റിന്റെ നിർമാതാക്കൾ നന്ദി അറിയിച്ചു.

വെൺനൂലുപോലെയീ രാമഴ.. ‘ ഗാനം കേൾക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ആറ്റിങ്ങലില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചനിലയില്‍. വലിയകുന്ന് ദാവൂദ് മന്‍സിലില്‍ സുല്‍ഫിക്കര്‍ ദാവൂദ്(42)നെയാണ് മരിച്ച നിലയില്‍ കണ്ടത്. വീട്ടിനുള്ളില്‍നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു നാട്ടുകാര്‍ ചെന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.

ഒരു മാസം മുന്‍പ് ദുബായില്‍ നിന്ന് നാട്ടിലെത്തിയ സുല്‍ഫിക്കര്‍ ഹോം ക്വാറന്റീന്‍ കാലാവധി കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു. പൊലീസെത്തി മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ മാജിദ ബീവി. മക്കള്‍ സുഹാന, സുനൈന, നാദിര്‍ഷ.

സംസ്ഥാനത്ത് ഇന്ന് എട്ട് പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതില്‍ ആറുപേരും എഴുപത് വയസ് കഴിഞ്ഞവരാണ്. കോട്ടയം മെഡി.കോളജില്‍ വെള്ളിയാഴ്ച മരിച്ച ഔസേപ്പ് ജോര്‍ജിന് കോവിഡ് സ്ഥിരീകരിച്ചു. 83 വയസായിരുന്നു. കോഴിക്കോട് വെള്ളിയാഴ്ച മരിച്ച ഷാഹിദയ്ക്കും രോഗം സ്ഥിരീകരിച്ചു. അര്‍ബുദ രോഗിയായിരുന്നു. ഷാഹിദയുടെ അമ്മ മരിച്ചതും കോവിഡ് ബാധിച്ചാണ്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇരിങ്ങാലക്കുട സ്വദേശി വര്‍ഗീസ്, മഞ്ചേരി മെഡി.കോളജില്‍ തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍, പരിയാരം മെഡി. കോളജില്‍ കാസര്‍കോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍, കോഴിക്കോട് മുക്കം മേലാനിക്കുന്ന് സ്വദേശി മുഹമ്മദ് (62) എന്നിവരും കോവിഡ് ബാധിച്ച് മരിച്ചു.

ചൈനീസ് കോടീശ്വരന്‍ ജാക്ക് മാക്കും അദ്ദേഹത്തിന്റെ കമ്പനിയായ ആലിബാബക്കും ഗുഡ്ഗാവ് കോടതി സമന്‍സ് അയച്ചു. കമ്പനി മുന്‍ ജീവനക്കാരന്റെ പരാതിയിലാണ് ജാക്ക് മാക്കിന് കോടതി സമന്‍സ് അയച്ചത്. കമ്പനിയുടെ ആപ്ലിക്കേഷനിലെ വ്യാജ വാര്‍ത്തയെ എതിര്‍ത്തതിനെ തുടര്‍ന്ന് തന്നെ പുറത്താക്കിയെന്നാണ് പരാതി.

വാര്‍ത്താ ഏജന്‍സിയായ റോയിട്ടാഴ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യുസി വെബ് ജീവനക്കാരനായിരുന്ന പുഷ്പേന്ദ്ര സിംഗ് പാര്‍മറാണ് പരാതി നല്‍കിയത്. ചൈനക്ക് അനുകൂലമല്ലാത്ത ഉള്ളടക്കങ്ങള്‍ കമ്പനി പതിവായി സെന്‍സര്‍ ചെയ്തെന്നും സാമൂഹികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന വ്യാജ വാര്‍ത്തകള്‍ യുസി ബ്രൗസറും യുസി ന്യൂസും പ്രസിദ്ധീകരിച്ചുവെന്നുമാണ് പരാതിക്കാരന്റെ ആരോപണം.

ജൂലായ് 29ന് അഭിഭാഷഷകന്‍ മുഖേന കോടതിയില്‍ ഹാജരാകാന്‍ ആലിബാബ കമ്പനിക്കും ജാക്ക് മായ്ക്കും മറ്റ് ഡസനോളം വ്യക്തികള്‍ക്കും ജഡ്ജി സോണിയ ഷിയോകാന്ത് നോട്ടീസ് നല്‍കി. 30 ദിവസത്തിനുള്ളില്‍ എഴുതിത്തയ്യാറാക്കിയ മറുപടി നല്‍കാനും കോടതി ആവശ്യപ്പെട്ടു.

പ്രവര്‍ത്തിക്കുന്ന രാജ്യത്തിന്റെ നിയമങ്ങള്‍ക്കുള്ളിലാണ് കമ്പനിയെന്ന് യുസി വെബ് അധികൃതര്‍ പറഞ്ഞു. കൂടുതല്‍ പ്രതികരണത്തിന് അധികൃതര്‍ തയ്യാറായില്ല. ജാക്ക് മായുമായി ബന്ധപ്പെട്ട വൃത്തങ്ങളും പ്രതികരണത്തിന് തയ്യാറായില്ല.

ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയതോടെ ഇന്ത്യന്‍ തൊഴിലാളികളില്‍ ചിലരെ കമ്പനി ഒഴിവാക്കിയിരുന്നു. ആലിബാബയുടെ ഉടമസ്ഥതയിലുള്ള യുസി ബ്രൗസര്‍, യുസി ന്യൂസ് തുടങ്ങിയ ആപ്പുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചതിന് തൊട്ടുപിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മലയാളത്തിലെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരന്റെ കടുത്ത ആരാധകനാണ് താനെന്ന് നടൻ ഗോകുൽ സുരേഷ് . സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ പൃഥ്വിരാജ് ചിത്രങ്ങൾ തീയേറ്ററിൽ പോയി കാണാറുണ്ട് എന്നും അച്ഛന്റെ മേൽവിലാസം റിലീസ് ആയപ്പോഴും താൻ തീയേറ്ററിൽ പോയി കണ്ടത് പൃഥ്വിരാജ് ചിത്രം ആണെന്ന് ഗോകുൽ സുരേഷ് പറയുന്നു.

ആക്ഷൻ ചിത്രങ്ങളാണ് എനിക്കു കൂടുതൽ താൽപര്യം സംവിധായകൻ ആവാൻ ആയിരുന്നു കൂടുതൽ ആഗ്രഹം, അഭിനയം താൻ ഏറെ ആസ്വദിക്കുന്നുണ്ടെങ്കിലും സംവിധായകൻ ആവുക എന്ന ലക്ഷ്യത്തോടെ സിനിമയേക്കുറിച്ചു കൂടുതൽ പഠിക്കാൻ ശ്രമിക്കുന്നുണ്ട് എന്നും ഗോകുൽ സുരേഷ് പറഞ്ഞു.

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഒരു ആക്ഷൻ ചിത്രമൊരുക്കണമെന്നാണ് തന്റെ വലിയൊരു ആഗ്രഹമെന്നും ഗോകുൽ വെളിപ്പെടുത്തി. അച്ഛന്റെ ആക്ഷൻ ചിത്രങ്ങൾ തന്നെയാണ് ഏറെ സ്വാധീനിച്ചിട്ടുള്ളതെന്നും ഗോകുൽ സുരേഷ് തുറന്നു പറഞ്ഞു.

പക്വതയും സിനിമാ മേഖലയിൽ പരിചയ സമ്പത്തുമുണ്ടായതിന് ശേഷം ഒരിക്കൽ താൻ സംവിധായകന്റെ തൊപ്പിയണിയും എന്ന വിശ്വാസത്തോടയാണ് മുന്നോട്ടു പോകുന്നതിനും ഗോകുൽ സുരേഷ് വ്യക്തമാക്കി .

മുഖ്യമന്ത്രിക്കെതിരെ ഒളിയമ്പുമായി പി.ജയരാജൻ. പാലത്തായിൽ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജനെ രക്ഷിക്കാൻ എസ്​.ഡി.പി.ഐ ശ്രമിച്ചെന്ന ആരോപണവുമായാണ് സി.പി.എം നേതാവ്​ പി. ജയരാജൻ രംഗത്തുവന്നിരിക്കുന്നത്. പോലീസ് സംവിധാനം കുത്തഴിഞ്ഞിരിക്കുകയാണെന്നും ആർക്കും സ്വാധീനിക്കാവുന്ന തരത്തിൽ കെട്ടുറപ്പുനഷ്ടപ്പെട്ട ഒരു സംവിധാനമായി ഇത് മാറിയിരിക്കുന്നുവെന്നുമാണ് പരോക്ഷമായി ജയരാജൻ ആരോപിക്കുന്നത്.

നേരത്തേ കണ്ണൂരിലെ പാർട്ടിയിൽ ഉടലെടുത്ത വിഭാഗീയതയുടെ ഭാഗമായി, കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ, തോൽക്കുമെന്നുറപ്പുള്ള മണ്ഡലമായ വടകരയിൽ മത്സരിപ്പിക്കുകയും ജില്ലാസെക്രട്ടറി സ്ഥാനം രാജിവെപ്പിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിൽ തോറ്റ പലരും പിന്നീട് ജില്ലാ സെക്രട്ടറിമാരായി തിരിച്ചു ചുമതലയേറ്റപ്പോഴും ജയരാജൻ മാറ്റിനിർത്തപ്പെടുകയായിരുന്നു.

പാർട്ടി അനുഭാവികൾ ജയരാജനെക്കുറിച്ചിറക്കിയ പാട്ടുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചിരുന്നു. തന്നേക്കാൾ വലിയനേതാവായി ജയരാജൻ മാറിയിരിക്കുന്ന അവസ്ഥയാണ് ഇത്തരമൊരാരോപണമുന്നയിക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ ഇപ്പോഴും അത്തരം പാട്ടുകളും ഫേസ്ബുക്കു പോസ്റ്റുകളുമായി പാർട്ടി അനുഭാവികളും നേതാക്കളും തങ്ങളുടെ പണി തുടരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവവികാസങ്ങൾക്ക് തുടക്കമായിരിക്കുന്നത്.

എസ്​.ഡി.പി​.ഐയും ലീഗും കോൺഗ്രസും മൗദൂദിസ്​റ്റുകളും പ്രതിയെ രക്ഷിക്കാൻ ആർ.എസ്​.എസിനൊപ്പം നിൽക്കുകയാണെന്നാണ് ജയരാജൻ ആരോപിക്കുന്നത്.

പോലീസ് ഭാഷ്യത്തിനു വിരുദ്ധമായി, പീഡനത്തിന്​ ഇരയായ പെൺകുട്ടി പാനൂർ ​പൊലീസിൽ നൽകിയ മൊഴിയിലും ചൈൽഡ്​ലൈനി​​ന്റെ തെളിവെടുപ്പിൽ നൽകിയ മൊഴിയിലും പീഡനം നടന്ന തീയതി സംബന്ധിച്ച്​ പറഞ്ഞിരുന്നില്ല എന്നും ജയരാജൻ ആരോപിക്കുന്നുണ്ട്. പോക്സോ ചുമത്താത്ത നടപടിക്കെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ്, “മട്ടന്നൂർ മജിസ്​ട്രേറ്റ്​ കോടതി മൊഴി രേഖപ്പെടുത്തിയപ്പോൾ തീയതി എങ്ങിനെ കടന്നു വന്നു എന്ന്​ ചർച്ച ചെയ്യണം.” എന്നൊക്കെ ജയരാജൻ പറയുന്നത്.

എസ്.ഡി.പി.ഐ വിചാരിച്ചാൽപ്പോലും സ്വാധീനിക്കാവുന്ന സംവിധാനമായി കേരളാപ്പോലീസ് മാറിയിരിക്കുന്നുവെന്ന സന്ദേശമാണ് അണികൾക്കും പൊതുസമൂഹത്തിനും ജയരാജൻ നൽകിയിരിക്കുന്നത്.

പ്രതിക്കുവേണ്ടി പോലീസ് ഒത്തുകളിക്കുകയായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്. വീട്ടുകാരുടെയും നിരവധി സമരസംഘടനകളുടേയും പ്രതിഷേധത്തെത്തുടർന്നാണ് ഇപ്പോൾ അന്വേഷണ ടീമിൽ രണ്ടു വനിതകളെ ഉൾപ്പെടുത്തിയ നടപടി. എന്നാൽ ശ്രീജിത്തിനെ അന്വേഷണ നേതൃത്വത്തിൽനിന്നും മാറ്റണമെന്നാണ് കുട്ടിയുടെ മാതാവിന്രെയുൾപ്പെടെയുള്ള ആവശ്യം. ഇത്തരമൊരാവശ്യം നിറവേറ്റാതെ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നത് ആരാണെന്നു മാലോകർക്ക് വളരെ വ്യക്തമായ സാഹചര്യത്തിലാണ് ജയരാജന്റെ പ്രസ്താവന വരുന്നത്. സി.പി.എം. ആവശ്യപ്പെടുന്നത് തുടരന്വേഷണമാണ്, കുട്ടികളുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നത് പുനരന്വേഷണവും.

ശ്രീജിത്തിന്രെ നേതൃത്വത്തിലുള്ള അന്വേഷണത്തിന്റെ ഫലമെന്താകുമെന്നതുസംബന്ധിച്ച് തുടക്കത്തിൽതന്നെ ഈ കേസിന്റെ നടപടിക്രമങ്ങൾ തെളിയിക്കുന്നുണ്ട്.

കേസിന്റെ നടത്തിപ്പുസംബന്ധിച്ച് അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ശ്രീജിത്തിനെ മാറ്റിനിർത്തി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെയും ഇന്നുമായി ഓൺലൈൻ പ്രതിഷേധവും ഉപവാസ സമരവും നടന്നിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 61 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 57 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 56 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 54 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 48 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 47 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 46 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 42 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 41 പേര്‍ക്കും, വയനാട് ജില്ലയില്‍ 28 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തൃശൂര്‍ ജില്ലയിലെ വര്‍ഗീസ് (71), മലപ്പുറം ജില്ലയിലെ അബ്ദുള്‍ ഖാദര്‍ (71) എന്നിവര്‍ മരണമടഞ്ഞു. ഇതോടെ മരണം 61 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 67 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 164 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 105 പേര്‍ക്കും, കൊല്ലം ജില്ലയിലെ 59 പേര്‍ക്കും, എറണാകുളം ജില്ലയിലെ 57 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 53 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 48 പേര്‍ക്കും, കോട്ടയം ജില്ലയിലെ 45 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 39 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 37 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ 31 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 15 പേര്‍ക്കും, വയനാട് ജില്ലയിലെ 14 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 8, എറണാകുളം ജില്ലയിലെ 3, ആലപ്പുഴ ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ ഒന്നു വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ 4 ബിഎസ്എഫ് ജവാന്‍മാര്‍ക്കും, 4 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, ഒരു കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, ആലപ്പുഴ ജില്ലയിലെ ഒരു ഐ.ടി.ബി.പി. ജവാനും, കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജവാനുമാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 689 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയിലെ 121 പേരുടേയും, എറണാകുലം ജില്ലയിലെ 107 പേരുടേയും, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ 70 പേരുടെ വീതവും, തൃശൂര്‍ ജില്ലയിലെ 57 പേരുടേയും, തിരുവനന്തപുരം ജില്ലയിലെ 51 പേരുടേയും, ആലപ്പുഴ ജില്ലയിലെ 50 പേരുടേയും, പത്തനംതിട്ട ജില്ലയിലെ 48 പേരുടേയും, കോട്ടയം ജില്ലയിലെ 37 പേരുടേയും, കാസര്‍ഗോഡ് ജില്ലയിലെ 34 പേരുടേയും, ഇടുക്കി ജില്ലയിലെ 31 പേരുടേയും, കോഴിക്കോട് ജില്ലയിലെ 8 പേരുടേയും, പാലക്കാട് ജില്ലയിലെ 5 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 9,655 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,302 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,56,162 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,47,182 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 8,980 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1,277 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 20,626 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 6,72,748 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7,492 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,12,714 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,09,143 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 29 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് (കണ്ടൈന്‍മെന്റ് സോണ്‍: 4, 12), കാട്ടാക്കട, (16), വെങ്ങാനൂര്‍ (9), കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി (എല്ലാ വാര്‍ഡുകളും), രാമനാട്ടുകര മുന്‍സിപ്പാലിറ്റി (14), ഉണ്ണികുളം (1, 14, 23), കായക്കോടി (7), തിക്കോടി (7), പയ്യോളി മുന്‍സിപ്പാലിറ്റി (31), തൃശൂര്‍ ജില്ലയിലെ വലപ്പാട് (13), എടത്തുരത്തി (9), കൈപ്പമംഗലം (12), മാള (7, 8, 9, 10, 11, 14, 15, 17, 20), കടപ്പുറം (6, 7, 10), ഇടുക്കി ജില്ലയിലെ വാത്തിക്കുടി (2, 3), കാമാക്ഷി (10, 11, 12), കട്ടപ്പന മുന്‍സിപ്പാലിറ്റി (15, 16), എറണാകുളം ജില്ലയിലെ നെല്ലിക്കുഴി (എല്ലാ വാര്‍ഡുകളും), കുട്ടമ്പുഴ (4, 5), ഏഴിക്കര (8, 9), കണ്ണൂര്‍ ജില്ലയിലെ കുറ്റ്യാട്ടൂര്‍ (11), അയ്യന്‍കുന്ന് (14), മുഴക്കുന്ന് (2), ആലപ്പുഴ ജില്ലയിലെ പുറക്കാട് (18), പുന്നപ്ര നോര്‍ത്ത് (16), നീലംപേരൂര്‍ (1, 2, 3, 4), മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ (3, 7, 8, 9, 10, 11, 12, 13, 15), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (6), കോട്ടയം ജില്ലയിലെ കുറിച്ചി (20) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ് (സബ് വാര്‍ഡ് 6), മുഴപ്പിലങ്ങാട് (വാര്‍ഡ് 2), കൂടാളി (18), മലപ്പട്ടം (5), ന്യൂ മാഹി (4, 5, 7), പായം (2), പടിയൂര്‍ (10, 13), പാട്യം (7, 9, 17), കങ്കോല്‍ ആലപ്പടമ്പ (1), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (1), കുന്നന്താനം (5, 8), അരുവാപ്പുലം (4, 12), നിരണം (13), എറണാകുളം ജില്ലയിലെ മൂക്കന്നൂര്‍ (7), തൃശൂര്‍ ജില്ലയിലെ കൊരട്ടി (1) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 494 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്

കൊല്ലം ജില്ലയില്‍ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം നാളെ മുതല്‍.

കൊല്ലം ജില്ലയിൽ സ്വകാര്യ വാഹനങ്ങൾ റോഡിലിറക്കുന്നതിന് രജിസ്ട്രേഷൻ നമ്പറിനെ അടിസ്ഥാനമാക്കി ഗതാഗത നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നു. ഒറ്റ-ഇരട്ട അക്ക നമ്പർ നിയന്ത്രണമാണ് നിലവിൽ വരുന്നത്.

ഒറ്റ അക്കങ്ങളിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പർ ഉള്ള വാഹനങ്ങൾ തിങ്കൾ , ബുധൻ, വെള്ളി ദിവസങ്ങളിൽ ഉപയോഗിക്കാം. ഇരട്ട അക്കങ്ങളിൽ അവസാനിക്കുന്നവയ്ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് അനുമതി. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും ഇത് ബാധകമാണ്. തിങ്കളാഴ്ച രാവിലെ ആറ് മണി മുതൽ ഇത് പ്രാബല്യത്തിൽ വരും.

സമ്പർക്കരോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

ഞായറാഴ്ച കണ്ടെയിൻമെന്റ് സോണുകളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കണ്ടെയിൻമെന്റ് സോണുകളിൽ ഒന്നിടവിട്ട കടകൾക്ക് മാത്രമേ തുറക്കാൻ അനുമതിയുള്ളൂ. ആളുകൾക്ക് പുറത്തിറങ്ങുന്നതിനും നിയന്ത്രണമുണ്ട്. തീരദേശമേഖലകളിലും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ 15-20 വീടുകളെ ഓരോ ക്ലസ്റ്ററുകളായി തിരിച്ച് അണുവിമുക്തമാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ് തമിഴ് നടൻ വിശാലിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ്. അച്ഛന് പോസിറ്റീവ് ആണെന്നും തനിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നെന്നുമാണ് വിശാലിന്റെ പോസ്റ്റ്. എന്നാൽ, കോവിഡ് തന്നെയാണോ എന്ന് താരം പോസ്റ്റിൽ കുറിച്ചിട്ടില്ല.

“അതെ സത്യമാണ്, എന്റെ അച്ഛനു പോസിറ്റീവ് ആയിരുന്നു. അദ്ദേഹത്തെ ശുശ്രൂഷിക്കാൻ നിന്നതോടെ എനിക്കും രോഗലക്ഷണങ്ങളുണ്ടായി. പനി, ജലദോഷം, കഫക്കെട്ട് എന്നീ രോഗലക്ഷണങ്ങളെല്ലാം എനിക്കുണ്ടായിരുന്നു. എന്റെ മാനേജർക്കും ഇതേ രോഗലക്ഷണങ്ങൾ കാണിച്ചു. ഞങ്ങളെല്ലാവരും ആയുർവേദ മരുന്നുകൾ കഴിച്ചു. ഒരാഴ്‌ചകൊണ്ട് അപകടനില തരണം ചെയ്‌തു. ഞങ്ങളെല്ലാവരും ഇപ്പോൾ വളരെ ആരോഗ്യവാൻമാരാണ്. ഇക്കാര്യം നിങ്ങളുമായി പങ്കുവയ്‌ക്കുന്നതിൽ വലിയ സന്തോഷമുണ്ട്,” വിശാൽ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചു.

പലരും വിശാലിന്റെ പോസ്റ്റുകൾക്ക് താഴെ നിരവധി സംശയങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കോവിഡ് തന്നെയാണോ എന്ന് ചിലർ ചോദിച്ചിരിക്കുന്നു. കോവിഡിന് വാക്‌സിൻ പോലും കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ ആയുർവേദ മരുന്ന് കഴിച്ച് കോവിഡ് മാറിയെന്ന പ്രസ്‌താവനയെ മറ്റു ചിലർ ചോദ്യം ചെയ്‌തിരിക്കുന്നു. എന്നാൽ, ആയുർവേദ മരുന്നിന്റെ പേരു പറഞ്ഞ് തരണമെന്നാണ് ചിലർ ആവശ്യപ്പെട്ടിരിക്കുന്നത്.

കോവിഡിനെ ചെറുക്കാൻ ആയുർവേദ മരുന്ന് ഫലപ്രദമായ രീതിയാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. കോവിഡ് പ്രതിരോധ വാക്‌സിനായുള്ള ഗവേഷണം അന്തിമ ഘട്ടത്തിൽ എത്തിയിട്ടേയുള്ളൂ. 2021 ഓടെ മാത്രമേ വാക്‌സിൻ പുറത്തിറക്കാൻ സാധിക്കൂ എന്നാണ് ശാസ്ത്രലോകവും പറയുന്നത്. ഇതിനിടയിലാണ് വിശാലിന്റെ പോസ്റ്റ്.

 

RECENT POSTS
Copyright © . All rights reserved