Latest News

ജീവിതത്തിലെ വലിയൊരു ദുഖത്തെ അതിജീവിച്ചുവരികയാണ് നടി മേഘ്ന രാജ്. ഭർത്താവ് ചിരഞ്ജീവി സർജയുടെ അകാലവിയോഗത്തിന്റെ നടുക്കത്തിൽ നിന്നും മുക്തയാവുന്നേയുള്ളൂ മേഘ്ന. പ്രിയപ്പെട്ടവന്റെ നഷ്ടമുണ്ടാക്കുന്ന വേദനകളെ ഇല്ലാതാക്കാൻ മകൻ എത്തിയ സന്തോഷത്തിലാണ് താരം. അടുത്തിടെയാണ് മേഘ്ന ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകിയത്. ചിരഞ്ജീവിയുടെ മരണശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുന്ന മേഘ്നയുടെ വിഡീയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.

ചിരുവിനെ കുറിച്ചും മകനെ കുറിച്ചുമൊക്കെ വാചാലയാവുന്ന മേഘ്നയെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുക. ചിരുവിന്റെ മരണം തന്നെ മാനസികമായി തളർത്തിയെന്നും ഇനി ജീവിക്കുന്നത് മകനു വേണ്ടിയാണെന്നും മേഘ്ന പറയുന്നു. ചിരുവിനോടും തന്റെ കുടുംബത്തിനോടും എല്ലാവരും കാണിച്ച സ്നേഹത്തിനും ആശ്വാസവാക്കുകൾക്കും താരം നന്ദി അറിയിക്കുകയും ചെയ്തു.

“വിഷമഘട്ടത്തില്‍ മാതാപിതാക്കളും കുടുംബവും അടുത്ത സുഹൃത്തുക്കളായ നസ്രിയയും അനന്യയും കൂടെനിന്നു. എന്റെ കുഞ്ഞിലൂടെ ചിരുവിന്റെ എല്ലാ സ്വപ്നങ്ങളും നിറവേറ്റാനാണ് ഞാനാഗ്രഹിക്കുന്നത്. ചിരുവിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു, അദ്ദേഹത്തെപ്പോലെ തന്നെ ഞാൻ ഞങ്ങളുടെ മകനെയും വളർത്തും.” മേഘ്ന പറയുന്നു.

മേഘ്നയ്ക്ക് കുഞ്ഞ് ജനിച്ച ഉടനെ തന്നെ നസ്രിയയും ഫഹദും ആശുപത്രിയിലെത്തി മേഘ്നയേയും കുഞ്ഞിനേയും കണ്ടിരുന്നു. ഇതിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

മേഘ്ന പ്രസവിച്ചു എന്ന വാർത്തയറിഞ്ഞപ്പോൾ തന്നെ നസ്രിയയും അനന്യയും സന്തോഷം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

“ജൂനിയർ ചിരൂ, വെൽക്കം ബാക്ക് ഭായീ,” എന്നാണ് നസ്രിയ കുറിച്ചത്. ‘നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ,’ എന്നാണ് ചിരഞ്ജീവിയുടെ വിയോഗശേഷം പങ്കുവച്ച കുറിപ്പിൽ പറഞ്ഞത്. ഈ വാക്കുകളെ നെഞ്ചിലേറ്റുകയാണ് നസ്രിയയും. മേഘ്നയും ചിരഞ്ജീവി സർജയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ആളാണ് നസ്രിയ.

ബാംഗ്ലൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ ആയിരുന്നു മേഘ്ന കുഞ്ഞിന് ജന്മം നൽകിയത്. കുടുംബത്തിലേക്ക് സന്തോഷവുമായി പുതിയ അതിഥി എത്തിയ കാര്യം ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കുഞ്ഞിനെ കൈകളിലേന്തി നിൽക്കുന്ന ധ്രുവിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അടുത്തിടെ മേഘ്നയ്ക്കായി ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവ ഒരുക്കിയ ബേബി ഷവർ പാർട്ടിയും ഏറെ ശ്രദ്ധ നേടിയിരുന്നു. ബേബി ഷവറിൽ നിന്നുള്ള ചിത്രങ്ങളും ഏറെ വൈറലായിരുന്നു. മേഘ്നയ്ക്ക് അരികിൽ ചിരഞ്ജീവിയുടെ ഒരു കട്ടൗട്ട് സ്ഥാപിച്ചു കൊണ്ടായിരുന്നു ബേബി ഷവർ പാർട്ടി.

ചിരഞ്ജീവി മരിച്ച് രണ്ടാഴ്ച പിന്നിട്ട സമയത്ത് ഏറെ വികാര നിർഭരമായൊരു കുറിപ്പ് മേഘ്ന പങ്കുവച്ചിരുന്നു. കുറിപ്പിൽ കുഞ്ഞിനായുള്ള​ കാത്തിരിപ്പിനെ കുറിച്ച് മേഘ്ന പറഞ്ഞതിങ്ങനെ:

“നീ എനിക്കു നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ് – നമ്മുടെ സ്നേഹത്തിന്റെ പ്രതീകം – അതിന് ഞാൻ എക്കാലവും നിന്നോട് കടപ്പെട്ടവളാണ്. നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ. നിന്നെ വീണ്ടും കെട്ടിപ്പിടിക്കാൻ, വീണ്ടും ചിരിക്കുന്ന നിന്നെ കാണാൻ, മുറി മുഴുവൻ പ്രകാശം പരത്തുന്ന ചിരി കേൾക്കാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്. ഞാൻ നിനക്കായി കാത്തിരിക്കുന്നു. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കുന്നു. എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നിൽ തന്നെയുണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നു,” ചിരുവിന്റെ ഓർമകളിൽ മേഘ്ന കുറിച്ചതിങ്ങനെ.

ഐപിഎൽ 13ാം സീസൺ വിജയികളായ മുംബൈ ഇന്ത്യൻസിന്റെ താരം ക്രുണാൽ പാണ്ഡ്യയെ വിമാനത്താവളത്തിൽ തടഞ്ഞു. മുംബൈ വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ആണ് തടഞ്ഞുവെച്ചത്.

യുഎഇയിൽ നിന്ന് ക്രുണാൽ തിരിച്ചെത്തിയപ്പോൾ കണക്കിൽപ്പെടുത്താത്ത സ്വർണ്ണാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കൈവശം വെച്ചിട്ടുണ്ടെന്ന സംശയത്തിലാണ് ഡിആർഐ ഉദ്യോഗസ്ഥർ തടഞ്ഞത്. മുംബൈ ഓൾറൗണ്ടറായ ക്രുണാൽ പാണ്ഡ്യ ഐപിഎൽ കഴിഞ്ഞു നാട്ടിലേക്ക് മടങ്ങിയതായിരുന്നു.

അതേസമയം, താരത്തിൽ നിന്ന് കൊണ്ടുവരാൻ അനുവദിച്ചതിനേക്കാൾ കൂടുതൽ സ്വർണാഭരണങ്ങൾ കണ്ടെടുത്തതായാണ് റിപ്പോർട്ട്. നിലവിൽ ക്രുണാലിനെ ചോദ്യം ചെയ്തുവരികയാണ്.

ഇന്ത്യൻ നിയമപ്രകാരം അനുവദനീയമായ പരിധിയേക്കാൾ വളരെ കൂടുതലായി കണക്കാക്കിയ സ്വർണ്ണ ശൃംഖലകൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ അദ്ദേഹം വാങ്ങിയതായി റിപ്പോർട്ടുകൾ. ഇത് തന്റെ ശ്രദ്ധയിൽപ്പെടുത്തിയ ശേഷം, തനിക്ക് നിയമങ്ങളെക്കുറിച്ച് അറിയില്ലെന്ന് സമ്മതിച്ച പാണ്ഡ്യ, ക്ഷമ ചോദിക്കുകയും പിഴ ചുമത്താൻ സമ്മതിക്കുകയും ചെയ്തു.ഡി‌ആർ‌ഐ തന്നെ വിടാൻ അനുവദിച്ച പിശക് ആവർത്തിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.

160 ൽ പരം രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടന വേൾഡ് മലയാളി ഫെഡറേഷന്റെ യുകെ ഘടകം മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചതായി ഡബ്ള്യു എം എഫ് യുകെ ചാപ്റ്റർ പി ആർ ഓ ശ്രീ ജോൺ മുളയങ്കൽ പത്രക്കുറിപ്പിൽ അറിയിച്ചു.

ഒക്ടോബർ മാസം 14 ആം തീയതി പ്രസിഡണ്ട് റവ.ഡീക്കൻ. ജോയിസ് പള്ളിയ്ക്കമ്യാലിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നാഷണൽ എക്സിക്യൂട്ടീവ് കൗൺസിൽ പുതുതായി അംഗത്വം സ്വീകരിക്കുവാൻ ആഗ്രഹിക്കുന്നവരെ ചേർത്ത് അടുത്ത വർഷം ആരംഭത്തിൽ തന്നെ ജനറൽ ബോഡി വിളിച്ചു ചേർക്കുവാൻ തീരുമാനമെടുത്തു . സംഘടനയിൽ അംഗത്വമുള്ളവർക്കാണ് ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനും വോട്ട് രേഖപ്പെടുത്തുവാനും അവകാശമുള്ളത്. ആജീവനാന്ത അംഗത്വത്തിന് £15 ആണ് ഈടാക്കുന്നത്. അംഗത്വത്തിനായി അപേക്ഷിക്കുവാൻ ഡിസംബർ മാസം 15 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. അതിനുശേഷം അംഗത്വം സ്വീകരിക്കുന്നവർ പുതുക്കിയ അംഗത്വ ഫീസ് നൽകേണ്ടതായി വരും. ജനറൽ ബോഡി മീറ്റിംഗിന് മുൻപായി അംഗത്വം സ്വീകരിക്കുന്നവർക്കാണ് വോട്ടവകാശം ലഭിക്കുന്നത്. ഒരു വ്യക്തി അംഗത്വം സ്വീകരിക്കുമ്പോൾ ടിയാളുടെ കുടുംബാംഗങ്ങൾക്കും അംഗത്വം ലഭിക്കുന്നു. ഡബ്ള്യു എം എഫ് മെമ്പർഷിപ്പ് സംഘടന പ്രവർത്തിക്കുന്ന എല്ലാ രാജ്യങ്ങളിലും സാധുവാണ്. ആഗോള അംഗത്വമാണ് ഇതിലൂടെ ലഭിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുവാൻ
വേൾഡ് മലയാളി ഫെഡറേഷൻ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇതിനോടകം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അനേകം സേവന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ സംഘടനയ്ക്കായിട്ടുണ്ട്. ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ ഏവരെയും ഉൾക്കൊള്ളിച്ചു കൊണ്ട് പോകുന്നതിൽ സംഘടന വിജയം കണ്ടെത്തിയിരിക്കുന്നു.

യുകെയിൽ ഡബ്ള്യു എം എഫ് ചാപ്റ്ററിൻെറ ഔദ്യോഗികമായ അംഗത്വം സ്വീകരിക്കുവാൻ ആഗ്രഹിക്കുന്നവർ ദയവായി സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

റവ.ഡീക്കൻ ജോയിസ് പള്ളിയ്ക്കമ്യാലിൽ : 0044 7440070420
ഡോ .ബേബി ചെറിയാൻ : 004475783866161
ശ്രീ ആൻറണി മാത്യു :00447939285457
ശ്രീ ബിജു മാത്യു : 07982734828

അഞ്ചല്‍ ഇടമുളയ്ക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ അമ്മ-മകന്‍ പോര്. അമ്മ ബിജെപിയുടേയും മകന്‍ സിപിഎമ്മിന്റേയും സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. പനച്ചവിള പുത്താറ്റ് ദിവ്യാലയത്തില്‍ സുധര്‍മാ രാജനും മകന്‍ ദിനുരാജുമാണ് ഒരേ വാര്‍ഡില്‍ അങ്കം കുറിക്കുന്നത്.

രാവിലെ മുതല്‍ വൈകീട്ടുവരെ ഈ അമ്മയും മകനും നേര്‍ക്കുനേര്‍ പോരാട്ടത്തിലാണെങ്കിലും രാഷ്ട്രീയത്തിന്റെ പടച്ചട്ട അഴിച്ചുവെച്ചിട്ടേ ഇരുവരും വീട്ടിലേക്ക് കയറൂ. അവിടെ അമ്മയും മകനും ഒന്നിച്ച് കഴിക്കുകയും സെല്‍ഫിയെടുക്കുകയും ചെയ്യും.

‘വീട്ടില്‍ രാഷ്ട്രീയം മിണ്ടരുതെ’ന്നാണ് ഈ അമ്മയ്ക്കും മകനും അച്ഛന്‍ ദേവരാജന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഭാര്യയും മകനും ഇത് അപ്പടി അനുസരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വനിതാ വാര്‍ഡായിരുന്ന ഇവിടെ സുധര്‍മ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്നു. രണ്ടാംസ്ഥാനത്തെത്തി.

വിജയം ഇടതുമുന്നണിക്കായിരുന്നു. ഇക്കുറി ജനറല്‍ വാര്‍ഡില്‍ സുധര്‍മയെ സ്ഥാനാര്‍ഥിയായി ബി.ജെ.പി. നേരത്തേതന്നെ നിശ്ചയിച്ചു. ആദ്യകാല കമ്യൂണിസ്റ്റ് കുടുംബാംഗമായ സുധര്‍മ ഇപ്പോള്‍ മഹിളാമോര്‍ച്ച പുനലൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയംഗമാണ്. ഭര്‍ത്താവ് ദേവരാജന്‍ ബി.ജെ.പി. അനുഭാവിയാണ്.

ഹൈസ്‌കൂള്‍ വിദ്യാഭ്യാസകാലംമുതല്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകനായ ദിനുരാജ് ഡി.വൈ.എഫ്.ഐ. ഇടമുളയ്ക്കല്‍ മേഖലാ ട്രഷററാണിപ്പോള്‍.അമ്മയും മകനുമാണെങ്കിലും ആര് ജയിക്കും എന്ന ചോദ്യത്തിന് ‘സ്വന്തം പാര്‍ട്ടി’ എന്നാണ് ഇരുവരുടെയും ഉത്തരം.

”മകനെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ ഞാന്‍ പിന്മാറുമെന്ന് ചിലരെങ്കിലും കരുതി. പക്ഷേ പാര്‍ട്ടിക്ക് കൊടുത്ത വാക്കാണ്. ഞാന്‍ അത് മാറ്റില്ല”- സുധര്‍മ പറഞ്ഞു. ഒരു വീട്ടിലായിരുന്നു കഴിഞ്ഞയാഴ്ചവരെ താമസം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ദിനുരാജും ഭാര്യ അക്ഷരയും തൊട്ടടുത്തുള്ള കുടുംബവീട്ടിലേക്ക് താമസം മാറി.

”രണ്ട് പാര്‍ട്ടികളുടെയും കമ്മിറ്റിയൊക്കെ വീട്ടില്‍ നടത്തേണ്ടി വരും. അതുകൊണ്ടാണ് തത്കാലത്തേക്ക് വീട് മാറിയത്. രണ്ടു കൂട്ടരുടെയും ‘തന്ത്ര’ങ്ങളൊക്കെ രഹസ്യമായിരിക്കട്ടെ” -ദിനുരാജ് പറയുന്നു. ഇരുവരുടെയും വാശിയേറിയ പോരാട്ടം ഉറ്റുനോക്കുകയാണ് നാട്ടുകാര്‍ ഒന്നടങ്കം.

കൊടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. എ വിജയരാഘവന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല നൽകി . ആരോഗ്യ കാരണത്താൽ തന്നെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉന്നയിച്ച ആവശ്യം അനുവദിക്കുകയായിരുന്നു .

കൊടിയേരി ബാലകൃഷ്ണന്റെ മകനുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരിൽ സ്ഥാനമൊഴിയും എന്ന അഭ്യൂഹങ്ങൾ നിലവിലുണ്ടായിരുന്നു എങ്കിലും സംസ്ഥാന നേതൃത്വവും കേന്ദ്രനേതൃത്വം പൂർണ്ണ അദ്ദേഹത്തിന് പിന്തുണ നൽകിയിരുന്നു.

 

ഡബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ പോലീസ് കേസ് എടുത്തു. അപവാദ പരാമര്‍ശമുള്ള വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തെന്നെന്നാണ് ഭാഗ്യലക്ഷ്മിയുടെ പരാതി. ഇതേ തുടര്‍ന്നാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നല്‍കിയത്. ശാന്തിവിള ദിനേശിനെതിരെ ഐടി വകുപ്പുകള്‍ ചുമത്തിയ കേസ് തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസിന് കൈമാറും. നേരത്തേയും ഭാഗ്യലക്ഷ്മി ശാന്തിവിള ദിനേശിനെതിരെ പരാതി നല്‍കുകയും മ്യൂസിയം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശാന്തിവിള ദിനേശ് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

ചരിത്രത്തില്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത തരം സാമ്പത്തിക മാന്ദ്യത്തെയാണ് രാജ്യം നേരിടാന്‍ പോകുന്നതെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്. ‘2020-2021 ആദ്യ പകുതിയിലെ ഏറ്റവും വലിയ, ചരിത്രം ഇന്നുവരെ കാണാത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണ് രാജ്യം കടക്കുന്നത്,’ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നു.

ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ഉള്‍പ്പെട്ട വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിലയിരുത്തല്‍. തൊഴില്‍ നഷ്ടം സാമ്പത്തിക രംഗത്തെ ബാധിച്ചുവെന്നും പണം ചെലവാക്കാന്‍ മടിക്കുന്നതിനാല്‍ കുടുംബ സമ്പാദ്യത്തില്‍ ഇരട്ടി വര്‍ധനവ് ഉണ്ടായെന്നും സമിതി വിലയിരുത്തുന്നുണ്ട്.

ജനം പണം ചെലവഴിക്കാന്‍ മടിക്കുന്നതാണ് വലിയ വെല്ലുവിളിയെന്നും സൂചനയുണ്ട്. സെപ്തംബറിലെ പാദം അവസാനിച്ചപ്പോള്‍ ജി.ഡി.പി 8.6 ശതമാനം കുറഞ്ഞതായും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്ത് വിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു.

അതേസമയം നവംബര്‍ 27 മുതലുള്ള ഔദ്യോഗിക കണക്കുകള്‍ ഇതുവരെയും സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. വാഹനവിപണി, ഭവന കെട്ടിട നിര്‍മാണ മേഖല, കോര്‍പറേറ്റ് രംഗം തുടങ്ങിയ മേഖലയിലാണ് പഠനം നടത്തിയത്. കടുത്ത വെല്ലുവിളിയിലൂടെയാണ് കടന്ന് പോകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ടെക്നിക്കല്‍ റിസഷന്‍ അനുഭവപ്പെട്ട് തുടങ്ങി. വിവിധ കാരണങ്ങളാല്‍ കിതച്ച് നിന്നിരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കൊവിഡ് ബാധിച്ചതും സാരമായി തളര്‍ത്തി.

നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ വിശദമായ അന്വേഷണം വേണമെന്ന് പൊലീസ്. കാസർഗോഡ് ഹോസ്ദുർഗ് കോടതിയിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ വൻ ഗൂഢാലോചന നടന്നു. കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ പിഎ പ്രദീപ് കുമാർ ആണ് ഭീഷണിപ്പെടുത്തിയതെന്നും പൊലീസ് കോടതിയെ അറിയിച്ചത്.

പ്രത്യേക ഫോൺ നമ്പർ ഉപയോഗിച്ചാണ് എംഎൽഎയുടെ പിഎ സാക്ഷിയെ ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. തമിഴ്‌നാട്ടിൽ നിന്നാണ് നമ്പർ സംഘടിപ്പിച്ചത്. ജനുവരി 28ന് പത്തനാപുരത്തുനിന്നാണ് ഭീഷണിപ്പെടുത്തിയത്. ഉന്നതർ ഇടപ്പെട്ട് ഗൂഢാലോചന നടന്നുവെന്നും പൊലീസ് കോടതിയെ അറിയിച്ചു.

കേസിലെ സാക്ഷിയായ കോട്ടിക്കുളം സ്വദേശിയായ വിപിൻലാലാണ് ഭീഷണിയുണ്ടെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയായിരുന്നു. വിപിൻലാലിനെ ഭീഷണിപ്പെടുത്താൻ വിളിച്ച മൊബൈൽ ഫോണിന്റെ സിം എടുത്തത് തിരുനെൽവേലിയിൽ നിന്നാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

അയർലണ്ട് മലയാളി നേഴ്‌സും ഡണ്ടാല്‍ക്കിലെ താമസക്കാരനുമായ സജി സെബാസ്റ്റ്യന്‍ (46) കേരളത്തില്‍ വെച്ച് ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. പിതാവിനെ ശുശ്രൂഷിക്കാനായി രണ്ടാഴ്ച മുമ്പ്, അവധിയ്ക്ക് നാട്ടിലെത്തിയതായിരുന്നു.അങ്കമാലിയിലെ വസതിയില്‍ ഇന്നലെ രാത്രി ഉറക്കത്തിനിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്ന് കരുതുന്നു . സജിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

സെന്റ് ഒലിവര്‍ എച്ച് എസ് ഇ നഴ്സിംഗ് ഹോം ,ഡണ്ടാല്‍ക്ക് , സ്റ്റാഫ് നഴ്‌സായിരുന്ന സജി സെബാസ്റ്റ്യന്‍ അയര്‍ലണ്ടിലെ നഴ്സിംഗ് റിക്രൂട്ട്‌മെന്റ് ഏജന്റുമായിരുന്നു. ആരോഗ്യമേഖലയിൽ വിപുലമായ സൗഹൃദബന്ധങ്ങൾ സജിക്കുണ്ടായിരുന്നു .

ഭാര്യ ജെന്നി കുര്യനും (നേഴ്‌സ് ,സെന്റ് ഒലിവര്‍ നഴ്സിംഗ് ഹോം ). മലയാറ്റൂര്‍ സ്വദേശിനിയാണ്. മൂന്നു മക്കളാണ് മക്കൾ : പാട്രിക്ക്, ജെറാള്‍ഡ്, അലക്‌സ് .

സജി സെബാസ്റ്റ്യന്‍ പാറേക്കാട്ടില്‍ സെബാസ്റ്റ്യന്റെ (ദേവസിക്കുട്ടി, വളവി റോഡ്, അങ്കമാലി) മകനാണ്. മാതാവ്: മേരി.

സജിയുടെ സഹോദരി റെജി സെബാസ്റ്റ്യന്‍ 2014 ൽ നവംബര്‍ 18 ന് അയര്‍ലണ്ടിൽ ആര്‍ഡിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതയായിരുന്നു. ചരമ വാര്‍ഷികത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കവെയാണ് സഹോദരനെ തേടി മരണമെത്തിയത്.

സഹോദരന്മാർ : ഫാ. അജി സെബാസ്റ്റ്യന്‍ (ഫരീദാബാദ് രൂപത) അമല്‍ സെബാസ്റ്റ്യന്‍ (ഓസ്ട്രേലിയ)

സംസ്‌കാരം ജെന്നിയും മക്കളും കേരളത്തില്‍ എത്തിയ ശേഷമാവും നടത്തപ്പെടുക .

സജി സെബാസ്റ്റ്യന്റെ അകാല വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ മൊഴിമാറ്റാന്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയത് കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ ആണെന്ന് ബേക്കല്‍ പോലീസ്. സിസിടിവി ദൃശ്യങ്ങളും ചില തിരിച്ചറിയില്‍ രേഖകളും കണ്ടെത്തിയതോടെയാണ് സംഭവത്തിന് പിന്നില്‍ പ്രദീപാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.

ഇക്കാര്യം വിശദമാക്കി ബേക്കല്‍ പോലീസ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലഭിച്ച ദൃശ്യങ്ങളിലെ ആളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്കിയതെന്ന് ബേക്കല്‍ പോലീസ് പറഞ്ഞു.

കഴിഞ്ഞ ജനുവരി 23നാണ് കേസിലെ പ്രധാന പ്രോസിക്യൂഷന്‍ സാക്ഷിയും ബേക്കല്‍ സ്വദേശിയുമായി വിപിന്‍ലാലിനെ തേടി കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ എത്തിയത്. തൃക്കണ്ണാടെ ബന്ധുവീട്ടിലെത്തിയ പ്രദീപ് എന്നാല്‍ വിപിനെ നേരിട്ട് കാണാന്‍ പറ്റാത്തതിനെ തുടര്‍ന്ന് അമ്മാവന്‍ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിലെത്തി.

ഇവിടെ നിന്നും അമ്മയെ വിളിച്ച് വിപിന്റെ വക്കീല്‍ ഗുമസ്തനാണെന്ന് പരിചയപ്പെടുത്തുകയും വിപിനോട് മൊഴിമാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് കത്തുകളിലൂടേയും സമ്മര്‍ദം തുടര്‍ന്നു. സമ്മര്‍ദം കടുത്തതോടെ സെപ്തംബര്‍ 26ന് വിപിന്‍ ബേക്കല്‍ പോലീസിന് പരാതി നല്കി.

അന്വേഷണത്തില്‍ ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളും ലോഡ്ജില്‍ നല്കിയ തിരിച്ചറിയില്‍ രേഖകളും കണ്ടെത്തിയതോടെയാണ് സംഭവത്തിന് പിന്നില്‍ പ്രദീപാണെന്ന് തിരിച്ചറിഞ്ഞത്. പ്രദീപിന്റെ പങ്കാളിത്തം വ്യക്തമായതോടെ സംഭവത്തിനു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാവുകയാണ്.

RECENT POSTS
Copyright © . All rights reserved