Latest News

സംസ്ഥാനത്ത് പുതിയതായി 24 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള അഞ്ചു പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള നാലുപേർക്കും കോട്ടയം, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള മൂന്നു പേർക്ക് വീതവും തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ ജില്ലകളിൽനിന്ന് രണ്ടുപേർക്ക് വീതവും ഇടുക്കി, പാലക്കാട്, കാസർകോട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ വിദേശത്തു നിന്നും(യുഎഇ-8, കുവൈറ്റ്-4, ഖത്തർ1, മലേഷ്യ1) 10 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും (മഹാരാഷ്ട്ര-5, തമിഴ്‌നാട്-3, ഗുജറാത്ത്-1, ആന്ധ്രപ്രദേശ്-1) വന്നവരാണ്.

അതേസമയം, രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന എട്ടുപേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. വയനാട് ജില്ലയിൽനിന്നും അഞ്ചു പേരുടെയും (ഒരു മലപ്പുറം സ്വദേശി), കോട്ടയം, എറണാകുളം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളിൽനിന്നും ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.

സംസ്ഥാനത്ത് നിലവിൽ 177 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 510 പേർ രോഗമുക്തരായി. എയർപോർട്ട് വഴി 5,495 പേരും സീപോർട്ട് വഴി 1,621 പേരും 332ചെക്ക് പോസ്റ്റ് വഴി 68,844 പേരും റെയിൽവേ വഴി 2136 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 78,096 പേരാണ് എത്തിയത്. വിവിധ ജില്ലകളിലായി 80,138 പേർ നിരീക്ഷണത്തിലാണ്. 79,611 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 527 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 153 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അമേരിക്കയിലെ മെഷിഗണിലെ ഡാം തകര്‍ന്നു. സംഭവത്തിന്റെ ആകാശ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാ വിഷയം. കനത്ത മഴയെ തുടര്‍ന്ന് ടിറ്റബാവസ്സി നദിയോട് ചേര്‍ന്ന ഈഡന്‍വില്ലെ ഡാം ചൊവ്വാഴ്ച വൈകുന്നേരമാണ് തകര്‍ന്നത്. മിഷിഗണിലെ രണ്ട് ഡാം അപകടങ്ങളില്‍ ഒന്നായിരുന്നു ഇത്.

ഡാമുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് മിഷിഗണിലെ മിഡ്‌ലാന്റില്‍ ചില ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. ആയിരക്കണക്കിന് ആളുകളെയാണ് ഇവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ചത്. ഈഡന്‍വില്ലെ ഡാം തകര്‍ന്ന് വെള്ളം കുതിച്ച് പായുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ചെറുവിമാനങ്ങള്‍ പറത്തുന്ന പൈലറ്റായ റയാന്‍ കലേറ്റൊ എന്നയാളാണ്.

ഭ്രാന്തമായ വെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങള്‍ ഇദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. ആ ദൃശ്യങ്ങള്‍ 10 ലക്ഷത്തിന് മുകളിലാണ് ആളുകള്‍ കണ്ടത്. അതേസമയം, നദിയിലെ ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് മുന്നറിയിപ്പ് നല്‍കുന്നത്.

പെണ്‍കുട്ടിയുടെ മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. അസമിലെ ദേമാജി ജില്ലയിലെ അകാന്‍ സൈക്കിയ(51)യെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

ഞായറാഴ്ചയാണ് ഗ്രാമത്തിലെ 14 വയസ്സുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ ഗ്രാമത്തിലെ നദിക്കരയില്‍ അന്ന് രാത്രി തന്നെ മൃതദേഹം മറവ് ചെയ്തു. പിറ്റേദിവസം രാവിലെ ഇവിടെ എത്തിയ മത്സ്യത്തൊഴിലാളികളാണ് അകാന്‍ സൈക്കിയ മൃതദഹേം പുറത്തെടുത്ത് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ടത്. ഉടന്‍തന്നെ ഇയാളെ പിടികൂടുകയും പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

രണ്ട് വിവാഹം കഴിച്ച അകാന്‍ സൈക്കിയ ഭാര്യയെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ ജയിലിലായിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അനുവദിച്ച പ്രത്യേക പരോളിലാണ് അടുത്തിടെ പുറത്തിറങ്ങിയത്.

പെണ്‍കുട്ടിയുടെ മരണവുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.കുട്ടിയെ ഇയാള്‍ ലൈംഗികമാി പീഡിപ്പിച്ചതായിരിക്കാം എന്ന സംശയമുയര്‍ന്നിട്ടുണ്ട്.

രണ്ട് പേരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീയിട്ട ശേഷം ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. ബുധനാഴ്ച വൈകീട്ട് വടുതലയിലാണ് സംഭവം.പച്ചാളം പാത്തുവീട്ടില്‍ താമസിക്കുന്ന ഫിലിപ്പ് (64) ആണ് ആത്മഹത്യ ചെയ്തത്.

ബുധനാഴ്ച വൈകീട്ട് ഷണ്‍മുഖപുരത്തെത്തിയ ഫിലിപ്പ് തന്റെ അയല്‍വാസി കൂടിയായ പങ്കജാക്ഷന്റെ തട്ടുകടയ്ക്ക് സമീപമെത്തി നാടന്‍ പെട്രോള്‍ ബോബ് എറിയുകയായിരുന്നു. തട്ടുകടയിലെ ഗ്യാസ് സ്റ്റൗവിനു കൂടി തീ പടര്‍ന്നതോടെ തീ ആളിക്കത്തി. ഇതോടെ തട്ടുകടയില്‍ സാധനം വാങ്ങാനെത്തിയ ലൂര്‍ദ് ആശുപത്രിയിലെ ജീവനക്കാരനായ റെജിന്‍ദാസിന്റെ ദേഹത്തും തീ പടര്‍ന്നു.

ഇവിടെ നിന്ന് ഷണ്‍മുഖപുരത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെത്തിയ ഫിലിപ്പ് സമീപത്തെ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും, ഇയാള്‍ ഓടി രക്ഷപ്പെട്ടു. കലി അടങ്ങാത്ത ഫിലിപ്പ് പച്ചാളത്തെ തന്റെ അയല്‍വാസിയുടെ വീട്ടിലെത്തി തീയിടാന്‍ ശ്രമം നടത്തിയെങ്കിലും ഇതും വിജയിച്ചില്ല.

തുടര്‍ന്ന് ഇവിടെ നിന്ന് വടുതല കര്‍ഷക റോഡിലെത്തി ഓട്ടോറിക്ഷയിലും ദേഹത്തും പെട്രോള്‍ ഒഴിച്ച ശേഷം തീയിടുകയായിരുന്നു. ഫിലിപ്പ് മരിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.ഫിലിപ്പ് മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ വീടാണ് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുന്നത് .പടുകൂറ്റൻ ബംഗ്ലാവ് മോഡലിൽ പണിതിരിക്കുന്ന വീടിൻറെ ആകാശ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് . എറണാകുളത്ത് വൈറ്റിലയ്ക്കടുത്ത് ഇളംകുളത്താണ് മമ്മൂക്ക തന്റെ പുതിയ വീട് പണിതിരിക്കുന്നത്. ഇവിടെ തന്നെയാണ് മകനും നടനുമായ ദുൽഖർ സൽമാനും താമസിക്കുന്നത്. വീടിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന നിരവധി ആഡംബര വാഹനങ്ങളും ചിത്രത്തിൽ കാണുവാൻ സാധിക്കും. വീടിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന ഈ ആഡംബര കാറുകൾ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധാകേന്ദ്രം. ഇതിൽ ദുൽഖറിന്റെ കാറുകളും ഉണ്ട്.

ദുൽഖർ സൽമാന്റെ ഭാര്യ അമാൽ തന്നെയാണ് മമ്മൂക്കയുടെ വീടിൻറെ ഇൻറീരിയർ ഡിസൈനിങ് നടത്തിയത്. യുവതാരം ഫഹദ് ഫാസിലിൻറെ പുതിയ വീടിന് ഇൻറീരിയർ ഡിസൈനിങ് നടത്തിയതും അമാൽ തന്നെയായിരുന്നു.എറണാകുളത്ത് തന്നെ മമ്മൂട്ടിക്ക് വേറെയും വീടുകളുണ്ട്. മമ്മൂക്കയ്ക്ക് ആഡംബര കാറുകളോട് ഉള്ള ഭ്രമം മലയാളികളായ എല്ലാവർക്കും അറിയാവുന്ന കാര്യം ആണ്. അദ്ദേഹത്തിൻറെ പുതിയ വീട്ടിലേക്ക് ഇപ്പോൾ ആഡംബരകാറുകൾ എല്ലാം മാറ്റിയിരിക്കുകയാണ്
ജാഗ്വർ, ഔഡി, ബെൻസ്, ലാൻഡ് ക്രൂയിസർ , മിനി കൂപ്പർ, ബിഎംഡബ്ല്യു തുടങ്ങി ഒട്ടുമിക്ക ആഡംബര കാറുകളുടെ ശേഖരവും മമ്മൂക്കയ്ക്ക് ഉണ്ട്.

വൺ ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ് ചിത്രം. കേരള മുഖ്യമന്ത്രിയായി ചിത്രത്തിൽ എത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കടക്കൽ ചന്ദ്രൻ എന്നാണ്. ഒരു മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം എന്ന ചിന്തയാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.
പൂർണ്ണമായും കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ചിത്രമാണിത്

 

കനത്ത നാശം വിതച്ച് ഉംപുണ്‍ ചുഴലിക്കാറ്റ് വീശിയടിക്കുന്നു. ബംഗാളിലും ഒഡിഷയിലുമായി ഇതുവരെ 12 പേര്‍ മരിച്ചു. 165 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ നിരവധി വീടുകളും കെട്ടിടങ്ങളും മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലംപൊത്തി.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റില്‍ കൊല്‍ക്കത്തയിലും ദക്ഷിണ ബംഗാളിലുമാണ് കനത്ത നാശനഷ്ടമുണ്ടായത്. ചുരുങ്ങിയത് 12 മരണങ്ങളെങ്കിലുമുണ്ടായെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. നോര്ത്ത് 24 പര്‍ഗനാസ്, ഷാലിമാര്‍, ഹൗറ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

ആശയവിനിമയ സംവിധാനങ്ങളും വൈദ്യുതി ബന്ധവും താറുമാറായി. 165 കിലോമീറ്റര്‍ വേഗതയിലാണ് ബംഗാളില്‍ ഉംപുണ്‍ വീശിയത്. ഒഡിഷയില്‍ 155-165 കിമീ വേഗതയിലാണ് കാറ്റ് വീശിയത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മമത ബാനര്‍ജി അറിയിച്ചു.

ഉംപുണ്‍ കോവിഡിനേക്കാള്‍ വലിയ പ്രഹരം ബംഗാളിന് ഏല്‍പിച്ചെന്ന് മമത പറഞ്ഞു. ബംഗാളില്‍ ഒരു ലക്ഷം കോടിയുടെ നാശനഷ്ടം ഉണ്ടായി എന്നാണു പ്രാഥമിക നിഗമനം. കേന്ദ്രത്തിന്റെ അടിയന്തിര സഹായം വേണം എന്നും മമത ആവശ്യപ്പെട്ടു.രാഷ്ട്രീയം നോക്കാതെ മാനുഷിക പരിഗണന മുന്‍ നിര്‍ത്തിയുള്ള സഹായം വേണമെന്നും കേന്ദ്രത്തോട് മമത ആവശ്യപ്പെട്ടു.

ബംഗാളില്‍ 5 ലക്ഷം പേരെയും ഒഡിഷയില്‍ 1.58 ലക്ഷം പേരെയുമാണ് ഒഴിപ്പിച്ചത്. അതേസമയം ഒഡിഷയില്‍ ആരും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങളാണ് ബംഗാളിലും ഒഡീഷയിലുമായുള്ളത്.

മഴ നനയാതിരിക്കാന്‍ കടത്തിണ്ണയിലിരുന്ന അമ്മയെയും കൈക്കുഞ്ഞിനെയും എഴുന്നേല്‍പ്പിച്ച് വിട്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി വ്യാപാരി രംഗത്ത്. വൈഎംസിഎയ്ക്കു സമീപം ബേക്കറി, സ്റ്റേഷനറി സാധനങ്ങള്‍ വില്‍ക്കുന്ന ജെബി സ്റ്റോഴ്‌സ് ഉടമ മുളക്കുഴ കോട്ട ജെ.ബി.വില്ലയില്‍ പിഡി വര്‍ഗീസ്(58) സമൂഹമാധ്യമങ്ങളിലെ അധിക്ഷേപങ്ങള്‍ക്ക് പരാതി നല്‍കി.

കടയുടെ മുന്നിലിരുന്ന യുവതി എന്തോ പറയുന്നതും വര്‍ഗീസ് കടയില്‍ നിന്നു കടലാസ് എടുത്തു നല്‍കുന്നതും യുവതി തിണ്ണ തുടച്ചു വൃത്തിയാക്കുന്നതുമായ വീഡിയോ തിങ്കളാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. വീഡിയോ മിനിറ്റുകള്‍ക്കകം വൈറലായി. ലക്ഷക്കണക്കിനു പേര്‍ കണ്ടു. പതിനായിരങ്ങള്‍ ഷെയര്‍ ചെയ്തു. കടയുടമയ്‌ക്കെതിരെ അസഭ്യവര്‍ഷം നിറഞ്ഞു.

വീഡിയോ വൈറലായതോടെയാണ് വര്‍ഗീസ് തന്റെ നിരപരാധിത്വം ചൂണ്ടിക്കാട്ടി മറുപടിയുമായെത്തിയത്. തിങ്കള്‍ രാവിലെയാണ് സംഭവമെന്നും യുവതിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞ് കടയുടെ മുന്നില്‍ മലമൂത്ര വിസര്‍ജനം നടത്തിയെന്നും ഇതു വൃത്തിയാക്കാന്‍ യുവതിയാണ് തന്നോട് കടലാസ് ആവശ്യപ്പെട്ടതെന്നും വര്‍ഗീസ് പറയുന്നു.

അപവാദ പ്രചാരണം ശക്തമായതിനെ തുടര്‍ന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികളുടെ സഹായത്തോടെ ഇന്നലെ പോലീസില്‍ പരാതി നല്‍കി. സഹോദരി കഴിഞ്ഞയാഴ്ചയാണ് മരിച്ചത്. ആ വേദനയ്ക്കിടെയാണ് മനസ്സറിയാത്ത സംഭവത്തില്‍ പഴി കേള്‍ക്കേണ്ടി വന്നതെന്നും വര്‍ഗീസ് പറയുന്നു. ആദ്യം അസഭ്യം പറഞ്ഞവരില്‍ പലരും മറുപടി വീഡിയോ കണ്ട് ക്ഷമ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം അഞ്ചലിൽ യുവതി പാമ്പ് കടിയേറ്റു മരിച്ചതിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ. യുവതിയുടെ ഭർത്താവിന് പാമ്പ് പിടിത്തക്കാരുമായി ബന്ധമുണ്ടെന്ന് മരിച്ച ഉത്രയുടെ അച്ഛൻ ആരോപിച്ചു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ കൊല്ലം റൂറൽ എസ്പിക്ക് പരാതി നൽകി. അഞ്ചൽ ഏറം സ്വദേശിയായ ഉത്ര (25) ഈ മാസം ഏഴിനാണു മരിച്ചത്.

കിടപ്പ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ നടത്തിയ തിരച്ചിലിൽ മുറിയിൽ നിന്നു പാമ്പിനെ കണ്ടെത്തി. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറി എന്നാണ് ഉത്രയുടെ വീട്ടുകാരുടെ സംശയം.

മുറിയിൽ കാണപ്പെട്ട വിഷപ്പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. മാർച്ച് 2ന് അടൂർ പറക്കോടെ ഭർതൃവീട്ടിൽ വച്ചും ഉത്രയ്ക്കു പാമ്പു കടിയേറ്റിരുന്നു. ചികിത്സയ്ക്കും വിശ്രമത്തിനുമാണു മാതാപിതാക്കൾ താമസിക്കുന്ന കുടുംബവീട്ടിൽ എത്തിയത്. പാമ്പുകടിയേറ്റ ദിവസം ഭർത്താവ് സൂരജും മുറിയിൽ ഉണ്ടായിരുന്നു.

എന്നാൽ പാമ്പ് കടിച്ചതും ഉത്ര മരിച്ചതും അറിഞ്ഞില്ലെന്നാണ് ഇയാൾ മൊഴി നൽകിയത്. മകൾക്കു വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ പലതും കാണാനില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും അന്വേഷണം തുടരുകയാണെന്നും അഞ്ചൽ പൊലീസ് പറഞ്ഞു. ഉത്ര സൂരജ് ദമ്പതികൾക്ക് ഒരു വയസുള്ള മകനുണ്ട്.

കൊറോണയുടെ പശ്ചാത്തലത്തില്‍ കടുത്ത പ്രതിസന്ധിയിലായ ഗള്‍ഫ് രാജ്യങ്ങള്‍ ഇതില്‍ നിന്നെല്ലാം ഉടന്‍ തന്നെ തിരിച്ചുവരുമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി. സൂമിലൂടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊറോണയെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിസന്ധിയിലായതോടെ മലയാളികള്‍ ഉള്‍പ്പടേയുള്ള നിരവധി പ്രവാസികള്‍ തൊഴില്‍ നഷ്ടമാവുമെന്ന ആശങ്കയിലായി. അനേകം പേര്‍ക്ക് ഇതിനോടകം തന്നെ തൊഴില്‍ നഷ്ടമായിട്ടുമുണ്ട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഭരണംകൂടം കടുത്ത നടപടികള്‍ സ്വീകരിക്കുന്നതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു.

ഇതില്‍ പ്രതികരിക്കുകയായിരുന്നു യൂസഫലി. ഗള്‍ഫിലുണ്ടായ പ്രതിസന്ധി താല്‍ക്കാലികം മാത്രമാണെ അദ്ദേഹം പറഞ്ഞു. എല്ലാ മേഖലയിലും കനത്ത പ്രതിസന്ധിയാണ് ഉള്ളത്. ലുലു അടക്കമുള്ള റിട്ടെയില്‍ വ്യാപാരികള്‍ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ ഈ പ്രതിസന്ധിയില്‍ നിന്നെല്ലാം ഗള്‍ഫ് ശക്തമായി തിരിച്ചു വരുമെന്ന്
എംഎ യൂസഫലി വ്യക്തമാക്കുന്നു.

കുവൈത്ത് യുദ്ധാനന്തരം ഗള്‍ഫില്‍ എണ്ണയുടെ വില കുത്തനെ ഉയര്‍ന്നപ്പോഴും പിന്നീട് ആഗോള സാമ്പത്തിക മാന്ദ്യകാലത്തും ജനങ്ങള്‍ വലിയ ഭീതിയിലായിരുന്നു. അന്ന് ജോലി നഷ്ടപ്പെട്ട പലരും നാട്ടിലേക്ക് മടങ്ങി. എന്നാല്‍ ഈ പ്രതിസന്ധികളില്‍ നിന്നെല്ലാം ഗള്‍ഫ് ശക്തമായി തിരിച്ചു വരുന്നതാണ് നാം കണ്ടത്.

അന്ന് നാട്ടിലേക്ക് മടങ്ങിയ ലക്ഷണക്കിന് ആളുകള്‍ ഗള്‍ഫിലേക്ക് വീണ്ടും തിരിച്ചെത്തി. അതുപോലെ ഈ ബുദ്ധിമുട്ടുകളെല്ലാം മറികടന്ന് നല്ലൊരു നാളെയുണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുകയാണ്. വൈറസ് വ്യാപനത്തിന് പ്രതിവിധി കണ്ടുപിടിക്കുന്നത് വരെ മനുഷ്യര്‍ സുരക്ഷിതരല്ലെന്ന് വേണം കരുതാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരം പ്രതിസന്ധികളിലൂടെ ജീവിക്കാന്‍ നാം പഠിക്കേണ്ടിയിരിക്കുന്നു. വിദേശങ്ങളില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് വരുന്നവര്‍ക്ക് ഉപജീവനമാര്‍ഗം കണ്ടെത്തുക എന്നതടക്കമുള്ള വിഷയങ്ങള്‍ മാധ്യമങ്ങളുള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കണമെന്നും യൂസഫലി പറഞ്ഞു.

ജോലി നഷ്ടപ്പെട്ട് മടങ്ങിപ്പോകുന്നവരുടെ ഭാവിയെകുറിച്ച് ആശങ്കയുണ്ട്. പല കമ്പനികളും ശമ്പളം 50 ശതമാനം വരെ വെട്ടിക്കുറച്ചു. ശമ്പളവും ജോലിയുമില്ലാതെ വീട്ടിലിരിക്കേണ്ടി വരുന്നവരും ഏറെയാണ്. 80 ശതമാനം പ്രവാസികള്‍ കേരളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ നീണ്ടു പോയാല്‍ ഇതിലും വലിയ പ്രയാസമായിരിക്കും പലരും അനുഭവിക്കേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്ക് ഡൗണില്‍ മദ്യ വില്‍പ്പന നടത്താന്‍ കണ്ടെത്തിയ വഴിയാണ് ബെവ് ക്യു ആപ്പ്. കൊറോണ വൈറസ് അനിയന്ത്രിതമായി വ്യാപിക്കാതിരിക്കുവാനും ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനും വേണ്ടിയാണ് ആപ്പ് എന്ന ആശയത്തിലെത്തിയത്. അണിയറയില്‍ ആപ്പിന്റെ പ്രവര്‍ത്തനങ്ങളെല്ലാം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ക്ഷമയില്ലാതെ മദ്യത്തിന് വേണ്ടിയുള്ള പരക്കം പാച്ചിലാണ് കാണുന്നത്.

മദ്യശാലകളിലെ വെര്‍ച്വല്‍ ക്യൂവിനായി മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെ ആപ്പിനായുള്ള കാത്തിരിപ്പിലുമാണ് മലയാളികള്‍. എന്നാല്‍ ഇതിനിടെ, മദ്യത്തിന്റെ ‘ബെവ്ക്യൂ’ ആപ്പിനായി ഗൂഗിളില്‍ തിരയുകയാണ് മല്ലൂസ്. ആപ് പുറത്തിറക്കുന്നതിന് മുമ്പ് തന്നെ ഗൂഗിളില്‍ ആപ്പിനെയും ബെവ്കോയെയും തിരഞ്ഞ് കണ്ടുകിട്ടാതെ നിരാശരായിരിക്കുകയാണ് ഒരു വിഭാഗം.

കഴിഞ്ഞ ഒരു മാസമായി ബെവ്കോ എന്ന കീവേഡ് തിരയുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് മുന്നില്‍ നിന്നിരുന്നത് പശ്ചിമബംഗാളായിരുന്നു. എന്നാല്‍, കഴിഞ്ഞ ഏഴ് ദിവസത്തെ കണക്കനുസരിച്ച് ബംഗാളിനെ പിന്തള്ളി കേരളമാണ് മുന്നില്‍ നില്‍ക്കുന്നത്. സര്‍ക്കാര്‍ ആപ്പ് പുറത്തിറക്കുന്ന ആലോചനകള്‍ നടത്തുന്നു എന്ന് അറിഞ്ഞതുമുതല്‍ മലയാളികള്‍ ആപ്പിനായുള്ള തിരച്ചിലും കാത്തിരിപ്പുമാണ്. ബെവ്ക്യൂ എന്നാണ് ആപ്പിന്റെ പേര് എന്നറിഞ്ഞതോടെ തെരച്ചിലിന്റെ എണ്ണവും കുത്തനെകൂടുകയായിരുന്നു.

ബെവ്കോ എന്ന കീവേഡില്‍ ആപ് കിട്ടാതായതോടെ തലങ്ങും വിലങ്ങും വിവിധ കീവേഡുകള്‍ ഉപയോഗിച്ചായിരുന്നു തിരച്ചില്‍. ക്യൂവിനായി തയ്യാറാക്കുന്ന ബെവ്ക്യൂ ആപ്പ് എന്ന കീവേഡിന് മാത്രം ഗൂഗിള്‍ സെര്‍ച്ചില്‍ 3,300 ശതമാനം വര്‍ധനയാണ് ഒറ്റദിവസം കൊണ്ട് ഉണ്ടായത്. ആപ്പ് തയ്യാറായിട്ടില്ലെന്നും വ്യാജ ലിങ്കുകളില്‍ വീഴരുതെന്നും അധികൃതര്‍ ബുധനാഴ്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved