Latest News

മറിയപള്ളിയിലെ ആളൊഴിഞ്ഞ പറമ്പിൽ ഇന്നലെ രാവിലെയാണ് ജീർണ്ണിച്ച നിലയിൽ അസ്ഥികൂടം കണ്ടെത്തിയത്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി കാട് വെട്ടി തെളിയിക്കുന്നതിനിടെയായിരുന്നു അസ്ഥികൂടം കണ്ടെത്തിയത്.

തുടർന്ന് ജില്ലയിൽ കാണാതായവരുടെ പട്ടിക പോലീസ് പരിശോധിക്കുകയായിരുന്നു. തുടർന്നാണ് വൈക്കം കുടവെച്ചൂർ സ്വദേശി ജിഷ്ണു (23)വിലേക്ക് അന്വേഷണം എത്തിയത്. ജൂൺ മൂന്ന് മുതലാണ് ജിഷ്ണുവിനെ കാണാതായത്. കുമരകത്തെ സ്വകാര്യ ബാറിലെ ജീവനക്കാരനായിരുന്നു ജിഷ്ണു.

ജൂൺ മൂന്നിന് ബാറിൽ എത്തി മടങ്ങുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ബാറുകാരുമായി അസ്വാരസ്യം ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.

ഷർട്ട് മരത്തിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. ചെരുപ്പും ഫോണും സംഭവസ്ഥലത്തുനിന്ന് പോലീസിന് കിട്ടിയിട്ടുണ്ട്. ജിഷ്ണു തൂങ്ങിമരിച്ചത് ആകാം എന്നാണ് പ്രാഥമിക നിഗമനം എന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു.

കോട്ടയം മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി അയച്ചു. ഡിഎൻഎ പരിശോധനയ്ക്ക് ശേഷമാകും മൃതദേഹം തിരിച്ചറിയുന്നതിനുള്ള അന്തിമ നടപടി പൂർത്തിയാക്കുക. ജിഷ്ണുവിനെ കാണാതായ സംഭവത്തിൽ വൈക്കം പോലീസിനാണ് ബന്ധുക്കൾ പരാതി നൽകിയിരുന്നത്.

യുവ ഡോക്ടറടക്കം 47 പേർ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ കുടുക്കാൻ സംസ്ഥാന വ്യാപകമായി പൊലീസ് ഇന്നലെ നടത്തിയ തിരച്ചിലിൽ അറസ്റ്റിലായി. കാമാക്ഷി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ തിരുവല്ല സ്വദേശിയായ ഡോക്ടർ വിജിത്ത് ജൂൺ (31) ആണ് അറസ്റ്റിലായത്. അതേസമയം, ഈ 47 പേരിൽനിന്നു പിടിച്ചെടുത്ത 143 ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഏറെയും സൂക്ഷിച്ചിരുന്നത് 6 മുതൽ 15 വയസ്സുവരെയുള്ള കുട്ടികളുടെ ദൃശ്യങ്ങളാണ്.

കോട്ടയം മാനത്തൂർ സ്വദേശി ടിനു തോമസ് (23) ആണ് ഇടുക്കി ജില്ലയിൽ പിടിയിലായ മറ്റൊരാൾ. കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ പൊലീസിന്റെ കൗണ്ടർ ചൈൽഡ് സെക്‌ഷ്വൽ എക്സ്പ്ലോയിറ്റേഷൻ യൂണിറ്റ് കുടുക്കിയത് അവരുടെ ഐപി വിലാസം പ്രത്യേക സംവിധാനം ഉപയോഗിച്ചു കണ്ടെത്തിയാണ്. സമൂഹമാധ്യമങ്ങളിലും ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെ നിരീക്ഷിച്ചു. ഓരോ ഗ്രൂപ്പിലും ഇരുനൂറിലധികം അംഗങ്ങളുണ്ടായിരുന്നു.

ഐപി വിലാസങ്ങളിലൂടെ കണ്ടെത്തി കേരളത്തിലെ 117 ഇടങ്ങളിൽ ഇന്നലെ രാവിലെ ഒരേ സമയത്തായിരുന്നു പി ഹണ്ട് എന്ന പേരിൽ റെയ്ഡ്. ചിലർക്ക് കുട്ടികളെ കടത്തുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്നും സംശയമുണ്ട്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയോ സൂക്ഷിക്കുകയോ കാണുകയോ ചെയ്താൽ 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.

3 പേരെയാണ് കോട്ടയം ജില്ലയിൽ അറസ്റ്റ് ചെയ്തത്. 5 പേർക്കെതിരെ കേസെടുത്തു. പെരുന്ന സ്വദേശി നിതിൻ (21), മോനിപ്പള്ളി സ്വദേശി സജി (45), വൈക്കം സ്വദേശി അഖിൽ (21) എന്നിവരാണ് അറസ്റ്റിൽ. മുണ്ടക്കയം സ്വദേശി, കോട്ടയത്തു താമസിക്കുന്ന തൃശൂർ സ്വദേശി എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സൂക്ഷിക്കുന്നതും കാണുന്നതും മാത്രമല്ല, തിരയുന്നതും കുറ്റകരം. ഇത്തരം വിഡിയോ കാണുന്നവരുടെ വിവരങ്ങൾ കേരള പൊലീസിന്റെ സൈബർ ഡോം കണ്ടെത്തി അതതു പൊലീസ് സ്റ്റേഷനിലേക്ക് അയയ്ക്കുന്നുണ്ട്. രാജ്യാന്തര, ദേശീയ അന്വേഷണ ഏജൻസികളും ഇവ കണ്ടെത്തി പൊലീസിനു കൈമാറുന്നുണ്ട്.

ഇന്നലെ പൊലീസ് നടത്തിയ പരിശോധനയിൽ കുടുങ്ങിയവരിൽ ഏറെയും കൗമാരക്കാരാണ്. കുട്ടികളുടെ അശ്ലീല ചിത്രമാണെന്ന് അറിയാതെ കണ്ടതാണെന്നു പിടിയിലായവർ പറയുന്നുണ്ടെങ്കിലും കേസിൽനിന്ന് ഒഴിവാക്കപ്പെടില്ല. സംസ്ഥാനത്തെ 2 ലക്ഷത്തിലേറെ വാട്സാപ് ഗ്രൂപ്പുകളും മുപ്പതിനായിരത്തിലേറെ ടെലിഗ്രാം ഗ്രൂപ്പുകളും പൊലീസ് നിരീക്ഷണത്തിലാണ്. ഫെയ്സ്ബുക്, വാട്സാപ്, ടിക് ടോക്, ടെലിഗ്രാം തുടങ്ങി 11 സമൂഹമാധ്യമങ്ങളും നിരീക്ഷിക്കുന്നുണ്ട്.

ഇസ്‍ലാമബാദ്∙ കോവിഡ് സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രവർത്തന ചെലവ് വെട്ടിക്കുറച്ചു. 2020–21 വർഷത്തെ പ്രവർത്തനത്തിന് 7.2 ബില്യൻ പാക്കിസ്ഥാനി രൂപ (352 കോടി രൂപ) യുടെ ബജറ്റാണ് പിസിബി ബോർഡ് ഓഫ് ഗവര്‍ണേഴ്സ് പ്രഖ്യാപിച്ചത്. 2019–20 ബജറ്റിൽനിന്ന് 10 ശതമാനം ‘കട്ട്’ ചെയ്താണ് പുതിയ പ്രഖ്യാപനം. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിലുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിക്കിടെ ക്രിക്കറ്റിനെ പിടിച്ചു നിർത്താനാണ് ബജറ്റിലെ 71.2 ശതമാനവും ഉപയോഗിക്കുക.

ബജറ്റിലെ ആകെ തുകയിൽ 25.2 ശതമാനം, അതായത് 1.95 ബില്യന്‍ പാക്കിസ്ഥാനി രൂപ (88 കോടി രൂപ) ആഭ്യന്തര ക്രിക്കറ്റിനു വേണ്ടിയാണു മാറ്റിവച്ചിരിക്കുന്നത്. താരങ്ങൾക്കു മികച്ച ശമ്പളം ഉറപ്പാക്കാനാണ് ഇത്. പാക്കിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ വർഷങ്ങളിൽ വലിയ പിന്നോട്ടുപോക്കാണ് ഉണ്ടായത്. താരങ്ങളുടെ വരുമാനം കുത്തനെ കുറഞ്ഞു. ഇതേ തുടർന്നാണു പുതിയ വര്‍ഷം ഗ്രേഡ് അടിസ്ഥാനമാക്കിയുള്ള മെച്ചപ്പെട്ട മാച്ച് ഫീസ് കൊണ്ടുവരാൻ ശ്രമിക്കുന്നത്.

പുതിയ ഘടന പ്രകാരം 192 താരങ്ങളെ അഞ്ച് ഗ്രേഡുകളാക്കിയാണു തരംതിരിക്കുക. കഴിഞ്ഞ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ പത്തു താരങ്ങളെ ഉൾപ്പെടുത്തി ‘എ പ്ലസ്’ എന്ന ഗ്രേഡ് ഉണ്ടാക്കും. 150,000 പാക്കിസ്ഥാനി രൂപ (67,706 ഇന്ത്യൻ രൂപ) യാണ് ഇവർക്ക് ഒരു മാസം ലഭിക്കുക. രണ്ടാമതുള്ള എ വിഭാഗത്തിൽ 38 താരങ്ങളാണ് ഉണ്ടാകുക. ഇവർക്ക് 85,000 പാക്കിസ്ഥാനി രൂപ (38,366 രൂപ) ലഭിക്കും. ബി വിഭാഗത്തിലെ 48 താരങ്ങൾക്ക് 75,000 പാക്കിസ്ഥാനി രൂപ (33,853 രൂപ) യും സി, ഡി കാറ്റഗറിക്കാർക്ക് 65,000 (29,339 രൂപ), 40,000 (18,055) എന്നിങ്ങനെയുമാണു തുക ലഭിക്കുക. അടുത്ത മാസം അവസാനത്തോടെ വിവിധ ഗ്രേഡ് വിഭാഗങ്ങളിൽപെടുന്നവരുടെ പേരു വിവരങ്ങൾ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പുറത്തുവിടും.

ബിസിസിഐ തലപ്പത്തേക്ക് സൗരവ് ഗാംഗുലി എത്തിയതോടെയാണ് ഇന്ത്യയില്‍ ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ ശമ്പളത്തുകയില്‍ വൻ വർധനയുണ്ടായത്. പുതിയ ശമ്പള വർധന പ്രഖ്യാപിച്ചതിനു ശേഷം രഞ്ജി ട്രോഫി പോലെയുള്ള ഇന്ത്യൻ ആഭ്യന്തര മത്സരങ്ങൾ കളിച്ചുതന്നെ താരങ്ങൾക്ക് വർഷം 50–70 ലക്ഷം വരെ രൂപ നേടാൻ സാധിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും ബിസിസിഐയും തമ്മില്‍ ശമ്പള സ്കെയിലിന്റെ കാര്യത്തിൽ വലിയ വ്യത്യാസമാണ് ഉള്ളത്. പാക്കിസ്ഥാനി ആഭ്യന്തര താരങ്ങളെ നോക്കിയാൽ ഒരു മാസം പരമാവധി 67,706 രൂപയാണ് ഉണ്ടാക്കാൻ സാധിക്കുക. അതേസമയം ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ മുൻനിര താരങ്ങൾ രണ്ട് ദിവസം കൊണ്ടു നേടുന്നത് 70,000 രൂപയാണ്.

ഏറ്റവും താഴെയുള്ള ആഭ്യന്തര ക്രിക്കറ്റ് താരങ്ങൾപോലും ഇന്ത്യയിൽ രണ്ട് ദിവസത്തിൽ 20,000 രൂപയും മാസം മൂന്ന് ലക്ഷവും സമ്പാദിക്കുന്നുണ്ട്. രണ്ടു ബോർഡുകളിലും ആഭ്യന്തര താരങ്ങൾക്കു ലഭിക്കുന്ന തുകയിലെ അന്തരം അത്രയേറെയാണ്. ക്രിക്കറ്റിൽ ഇന്ത്യയുടെ നിലവാരത്തിലേക്കെത്താൻ പാക്കിസ്ഥാന്‍ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരുമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. വൻതുക തന്നെ നിക്ഷേപിച്ച് ക്രിക്കറ്റിനെ വീണ്ടെടുക്കാനാണു പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോർഡിന്റെ ശ്രമം. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, പിസിബി ചെയർമാൻ എഹ്സാൻ മാനി എന്നിവരുടെ നിർദേശ പ്രകാരമാണ് ആഭ്യന്തര ക്രിക്കറ്റിൽ മാറ്റങ്ങൾക്ക് പിസിബി മുൻകൈയെടുക്കുന്നത്.

ഹൈവേ പോലീസുദ്യോഗസ്ഥന്റെ മനഃസാന്നിധ്യം ഒഴിവാക്കിയതു വന്‍ അപകടം. കണ്ടെയ്‌നര്‍ ലോറിയിലെ ഡ്രൈവര്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്നു നിയന്ത്രണം വിട്ട ലോറിയില്‍ ചാടിക്കയറി കൈ ഉപയോഗിച്ച് ബ്രേക്ക് അമര്‍ത്തി ലോറി നിര്‍ത്തി ഹൈവേ പോലീസ് ഉദ്യോഗസ്ഥന്‍. ഹൈവേ പോലീസ് ഡ്രൈവര്‍ കാട്ടുശ്ശേരി സ്വദേശി വിനോദിന്റെ കൃത്യമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.

ഇന്നലെ ആലത്തൂര്‍ സ്വാതി ജംക്ഷനിലെ സിഗ്‌നലിനു സമീപം ബെംഗളൂരുവില്‍ നിന്നു വരികയായിരുന്ന ലോറി സ്വാതി ജംക്ഷനില്‍ എത്തിയപ്പോള്‍ ഡ്രൈവര്‍ യുപി സ്വദേശി സന്തോഷ് അപസ്മാരം വന്ന് സ്റ്റിയറിങ്ങില്‍ കുഴഞ്ഞു വീണു. ഇതോടെ ലോറി നിയന്ത്രണം വിട്ടു റോഡരികിലേക്കു നീങ്ങി. അതിനുമുന്നില്‍ നിരവധി വാഹനങ്ങള്‍ പോകുന്നുണ്ടായിരുന്നു. ലോറിയുടെ വരവു കണ്ടു സംശയം തോന്നിയ ഹൈവേ പൊലീസ് ഡ്രൈവര്‍ വിനോദ് നോക്കിയപ്പോള്‍ ഡ്രൈവര്‍ സ്റ്റിയറിങ്ങില്‍ കിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ ലോറിയിലേക്ക് വിനോദ് ചാടിക്കയറി സ്റ്റിയറിങ് നിയന്ത്രണത്തിലാക്കി ബ്രേക്ക് ചെയ്ത് വാഹനം നിര്‍ത്തുകയായിരുന്നു. ഇതിനിടെ ഡ്രൈവര്‍ വിനോദിന്റെ ദേഹത്തേക്കു വീണിരുന്നു..

ഡ്രൈവറെ ലോറിയില്‍ നിന്നു താഴെയിറക്കി അഗ്‌നിരക്ഷാസേനയുടെ ആംബുലന്‍സില്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ലോറിയുടെ വരവില്‍ പന്തികേടു തോന്നിയ ആലത്തൂര്‍ സ്റ്റേഷനിലെ ഹോംഗാര്‍ഡ് ടി.പി.മോഹന്‍ദാസ് സമീപത്തു ജോലി ചെയ്തിരുന്ന സ്ത്രീയെയും വലിച്ചു കൊണ്ട് സമീപത്തെ കടയുടെ മുന്നിലേക്ക് ഓടിമാറിയതിനാല്‍ അപകടം ഒഴിവായി.

പാലക്കാട് എ.ആര്‍.ക്യാമ്പിലെ ഡ്രൈവര്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ് ആലത്തൂര്‍ കാട്ടുശ്ശേരി സ്വദേശിയായ വിനോദ്.

 

കമ്യൂണിസ്റ്റ് വിപ്ലവ നായകന്‍ ചെ ഗുവേരയുടെ ജന്മഗൃഹം വില്‍പനയ്ക്ക്. അര്‍ജന്റീനയിലെ റൊസാരിയോയിലെ ചെ ഗുവേരയുടെ ജന്മഗൃഹമാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ബിബിസി ന്യൂസ് ആണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

റൊസാരിയോയിലെ ഉര്‍ക്വിസ, എന്‍ട്രെ റിയോസ് തെരുവുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഗൃഹം, 2580 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിയോ ക്ലാസിക്കല്‍ ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഇപ്പോഴത്തെ ഉടമസ്ഥനായ ഫ്രാന്‍സിസ്‌കോ ഫറൂഗിയ 2002 ലാണ് ഈ വീട് സ്വന്തമാക്കുന്നത്. സാംസ്‌കാരിക കേന്ദ്രമായി നിലനിര്‍ത്താനായിരുന്നു ഫറൂഗിയയുടെ ലക്ഷ്യം. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ഇത് നടപ്പിലായില്ല. അതേ സമയം എത്ര തുകയ്ക്കാണ് വീട് വില്‍ക്കുന്നതെന്ന കാര്യം ഫറൂഗിയ വെളിപ്പെടുത്തിയിട്ടില്ല.

നിരവധി പ്രമുഖരാണ് ചെ ഗുവേരയുടെ ജന്മഗൃഹം സന്ദര്‍ശിച്ചിട്ടുള്ളത്. ഫിഡല്‍ കാസ്‌ട്രോയുടെ മക്കള്‍. ഉറുഗ്വെ മുന്‍ പ്രസിഡന്റ് ജോസ് പെപെ മ്യൂജിക്ക എന്നിവര്‍ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. കൂടാതെ 1950കളില്‍ തെക്കേ അമേരിക്കയിലൂടെ ചെഗുവേര നടത്തിയ മോട്ടോര്‍ സൈക്കിള്‍ യാത്രകളില്‍ ഒപ്പമുണ്ടായിരുന്ന ആല്‍ബര്‍ട്ടോ ഗ്രനഡോസും ഇവിടെ സന്ദര്‍ശകനായി എത്തിയിരുന്നു.

1928 ല്‍ അര്‍ജന്റീനയിലെ റൊസാരിയോയില്‍ ഒരു മധ്യവര്‍ഗ കുടുംബത്തിലാണ് ചെ ഗുവേര ജനിച്ചത്. 1953-59 കാലത്ത് അരങ്ങേറിയ ക്യൂബന്‍ വിപ്ലവത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് ചെ ഗുവേരയായിരുന്നു. ഏകാധിപതി ഫുള്‍ജെന്‍സിയൊ ബാറ്റിസ്റ്റയെ സ്ഥാനഭ്രഷ്ടനാക്കിയത് ഈ വിപ്ലവമാണ്.

നടിമാരേയും മോഡലുകളേയും ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പിടിയിലായ ഷെരീഫും റഫീഖുമാണ് മുഖ്യ ആസൂത്രകരെന്ന് പോലീസ്. കേസിൽ ആകെ ഒമ്പത് പ്രതികളാണുള്ളത്. ഹൈദരാബാദിൽനിന്ന് തിരിച്ചെത്തിയാൽ ഓൺലൈനായി ഷംനയുടെ മൊഴി രേഖപ്പെടുത്തുമെന്നും ഐജി വിജയ് സാഖറെ പ്രതികരിച്ചു.

അതേസമയം, പ്രതികൾ ഷംന കാസിമിലേയ്ക്ക് എത്തിയതെങ്ങനെയെന്നും തട്ടിപ്പിന് സിനിമാ മേഖലയിലെ കൂടുതൽ പേർ ഇരയായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും ഐജി സാഖറെ വ്യക്തമാക്കി.

ഇതിനിടെ, പ്രധാനപ്രതികളിലൊരാളായ ഷെരീഫ് നിരപരാധിയാണെന്ന് വാദിച്ച് കുടുംബം രംഗത്തെത്തി. ഷരീഫിന്റെ ഭാര്യയുടെ അനുജത്തിയുടെ ഭർത്താവ് റഫീക്കാണ് സൂത്രധാരനെന്നാണ് കുടുംബത്തിന്റെ പ്രതികരണം. ഷെരീഫിക്കിന്റെ സഹോദരൻ ഷഫീക്കാണ് മാധ്യമങ്ങളോട് ഇക്കാര്യം ആരോപിച്ചത്. നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് റഫീക്ക്. ഇയാളുടെ ഡ്രൈവറായിരുന്നു ഷെരീഫ്. തന്റെ ജ്യേഷ്ഠനെ ഇയാൾ കുടുക്കിയതാണെന്ന് സഹോദരൻ ആരോപിച്ചു.

ഇതിനിടെ, തന്റെ മകൻ തെറ്റുകാരനല്ലെന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ലെന്ന് ഷെരീഫിന്റെ അമ്മ ബദറുന്നിസ. കുടുംബമായി ഷെരീഫ് താമസിക്കുന്നത് കൊടുങ്ങല്ലൂരിലാണ്. ഇടക്കിടെ വീട്ടിൽ വന്ന് പോകുന്നതല്ലാതെ മറ്റ് ബന്ധങ്ങളില്ലെന്നും ഇവർ വ്യക്തമാക്കി.

കൊച്ചി ബ്ലാക്‌മെയിലിങ് കേസിലെ മുഖ്യപ്രതി പാലക്കാട് സ്വദേശി ഷെരീഫിനെ ഇന്ന് രാവിലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലും തൃശ്ശൂരിലുമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ ഇന്ന് പുലർച്ചെയോടെയാണ് പ്രത്യേക സംഘം തൃശ്ശൂരിൽ വെച്ച് പിടികൂടിയത്. നടി ഷംന കാസിമിനെ കെണിയിൽപ്പെടുത്താൻ പദ്ധതിയുണ്ടാക്കിയത് ഷെരീഫാണ്. ഷെരീഫിനെതിരെ നേരത്തെ വധശ്രമത്തിന് പാലക്കാട് കേസുണ്ട്. ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ നോക്കിയ കേസിലും പാലക്കാട്ടെ ഹോട്ടലിൽ എട്ട് യുവതികളെ എത്തിച്ച് പണം തട്ടിയ സംഭവത്തിലെയും ആസൂത്രകൻ മുഹമ്മദ് ഷെരീഫ് ആണ്.

ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ മുരളീധര പക്ഷവും കൃഷ്ണദാസ് പക്ഷവും തമ്മിൽ തർക്കം. ആർഎസ്എസ് നിർദേശപ്രകാരം പാർട്ടിക്കുള്ളിലെ തർക്കങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനാണ് ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റി യോഗം കൊച്ചിയിൽ ചേർന്നത്.

കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളെ ചൊല്ലി സംസ്ഥാന സർക്കാരും കേന്ദ്രമന്ത്രി വി മുരളീധരനുമായുള്ള തർക്കവും യോഗത്തിൽ ചർച്ചയായി. വി മുരളീധരന്റെ പേഴ്‌സണൽ സ്റ്റാഫിൽ കോൺഗ്രസ് ബന്ധമുള്ളവരുണ്ടെന്ന് യോഗത്തിൽ പികെ കൃഷ്ണദാസ് ഉന്നയിച്ചു. എന്നാൽ വി മുരളീധരന്റെ ഓഫീസിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന നിലപാടാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെസുരേന്ദ്രൻ യോഗത്തിൽ സ്വീകരിച്ചത്.

ഡിആർഡിഒ കേസിൽ ഉൾപ്പെട്ടയാൾ മുരളീധരന്റെ ഓഫീസിലെ നിത്യസന്ദർശകനാണ് എന്നതുൾപ്പടെയുള്ള ദേശാഭിമാനി എഡിറ്റോറിയലിൽ വന്ന ആരോപണങ്ങളും കോർഗ്രൂപ്പിൽ ചർച്ചയായി.

പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണന്റെ കൊച്ചിയിലെ വീട്ടിലാണ് യോഗം. യോഗത്തിൽ വീഡിയോ കോഫറൻസിങ് വഴി വി മുരളീധരനും പങ്കെടുക്കുന്നുണ്ട്.

ന്യൂഡല്‍ഹി : ഹിന്ദുസ്ഥാന്‍ യൂണിലിവറിനു പിന്നാലെ കോസ്‌മെറ്റിക്‌സ് കമ്പനിയായ ലോറിയലും ഉത്പന്നങ്ങളിലെ വംശീയച്ചുവയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കുന്നു. വൈറ്റ്, ഫെയര്‍, ലൈറ്റ് എന്ന പരാമര്‍ശങ്ങള്‍ ഉത്പന്നങ്ങളില്‍ നിന്ന് ഒഴിവാക്കുമെന്നാണ് ലോറിയല്‍ അറിയിച്ചിരിക്കുന്നത്. ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ എന്ന പേരിൽ ലോകവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളെ തുടർന്നാണ് കമ്പനികൾ വിപ്ലവാത്മകമായ പേരു മാറ്റങ്ങൾ കൊണ്ടുവരുന്നത്.

‘ഫെയര്‍ ആന്‍ഡ് ലവ്‌ലി’ ഉത്പന്നങ്ങളുടെ ‘ഫെയര്‍’ എടുത്തു കളയുകയാണെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ നടത്തിയത്.തൊലി നിറം വെളുപ്പിക്കാന്‍ സഹായിക്കുന്നുവെന്ന് അവകാശ വാദം ഉന്നയിക്കുന്ന യൂണിലിവറിന്റെ കോസ്മെറ്റിക് ഉത്പന്നങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു കമ്പനിയുടെ തീരുമാനം.

യുഎസ്സില്‍ ജോര്‍ജ്ജ് ഫ്‌ലോയിഡ് വംശീയാധിക്ഷേപത്തില്‍ കൊല്ലപ്പെടാനിടയായ സംഭവത്തെ തുടര്‍ന്ന് ലോകവ്യാപകമായി ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’ എന്ന പ്രക്‌ഷോഭം ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വെളുപ്പ് കറുപ്പിനേക്കാള്‍ നല്ലതാണെന്ന തരത്തിലുള്ള വംശീയ കാഴ്ച്ചപ്പാട് പുലര്‍ത്തുന്ന കോസ്‌മെറ്റിക് ഉത്പന്നങ്ങള്‍ ലോകമാകമാനമുള്ള കോസ്‌മെറ്റിക് കമ്പനികളെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ലോറിയലും നയം മാറ്റം കാണിക്കുന്നത്. അവരുടെ പ്രധാനപ്പെട്ട ഒരു ഉത്പന്നത്തിന്റെ പേര് തന്നെ ‘വൈറ്റ് പെര്‍ഫക്ട്’ എന്ന വംശീയച്ചുവ പുലര്‍ത്തുന്ന പേരാണ്.

ആത്മഹത്യ ചെയ്ത നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ ഇന്‍സ്റ്റഗ്രാം ആരോ ഉപയോഗിക്കുന്നുവെന്ന് പറഞ്ഞാണ് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായി രൂപ ഗാംഗുലി രംഗത്തെത്തിയത്.

തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് രൂപ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സുശാന്തിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ നിന്നും ആരോ തങ്ങളുടെ കമന്റുകള്‍ നീക്കം ചെയ്യുന്നതായി ആരോപിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

സുശാന്തിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ വന്ന ചില മാറ്റങ്ങളും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍പ് താരം ഫോളോ ചെയ്തിരുന്ന ചില താരങ്ങളെ ഇപ്പോള്‍ ഫോളോവിംഗ് ലിസ്റ്റില്‍ കാണാന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്. ഇതെല്ലം തെളിയിക്കുന്ന സ്‌ക്രീന്‍ഷോട്ടുകളും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്. ഇതിനു പിന്നില്‍ മറ്റാരുടെയോ കരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്. മുംബൈയ് പൊലീസ് ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

കോഴിക്കോട് ജില്ലയിലെ ജ്വല്ലറിയില്‍ വന്‍ തീപിടിത്തം. മാവൂര്‍ റോഡിലുള്ള കോട്ടൂളിയിലെ ജ്വല്ലറിയിലാണ് തീ ആളിപടര്‍ന്നത്. അപ്പോളോ ജ്വല്ലറി ഷോറൂമിലാണ് സംഭവം. അഗ്‌നിബാധ നിയന്ത്രണ വിധേയമായതായി അഗ്‌നിശമന സേന അധികൃതര്‍ അറിയിച്ചു.

മൂന്ന് നിലക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിക്കകത്ത് തീപിടിത്തത്തെ തുടര്‍ന്ന് കുടുങ്ങിക്കിടന്നവരെ രക്ഷപ്പെട്ടുത്തി. നാല് പേരെയാണ് രക്ഷപ്പെടുത്തിയത്. തീയണക്കാനുളള ശ്രമം തുടങ്ങിയിട്ടുണ്ട്. സെയില്‍സ്മാന്‍മാര്‍ ഉള്‍പ്പെടെ നൂറോളം ജീവനക്കാരുള്ള സ്ഥാപനത്തിലാണ് അപകടം.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് 12 പേരാണ് കെട്ടിടത്തില്‍ കുടുങ്ങിയത്. ഇവരെ ഗ്ലാസുകള്‍ ഉള്‍പ്പെടെ തകര്‍ത്താണ് പുറത്തെത്തിച്ചത്. കെട്ടിയത്തിന്റെ ബേസ്‌മെന്റിലുള്ള പാര്‍ക്കിങ്ങ് എരിയയിലുള്ള വാഹനങ്ങള്‍ ഉള്‍പ്പെടെ നാശം സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം.

Copyright © . All rights reserved