Latest News

കോട്ടയത്തെ ചുമട്ടുതൊഴിലാളിക്ക് കൊവിഡ് 19 ബാധിച്ചത് എവിടെ നിന്നെന്ന കാര്യത്തിൽ അവ്യക്തത. പാലക്കാട് നിന്ന് എത്തിയ ഡ്രൈവറുടെ പരിശോധനാഫലം നെഗറ്റീവായതോടെ ആണ് ആശങ്കയേറിയത്. ഇതോടെ ലോഡിംഗ് തൊഴിലാളിയുമായി സമ്പർക്കത്തിൽ വന്ന എൺപത്തിയെട്ട് പേരെ നിരീക്ഷണത്തിലാക്കി.

മുപ്പത്തിയേഴുകാരനായ ചുമട്ടുതൊഴിലാളിക്ക് കൊവിഡ് പകർന്നത് പാലക്കാട് നിന്നെത്തി കോട്ടയം മാർക്കറ്റിൽ ലോഡിറക്കി മടങ്ങിയ ഡ്രൈവറിൽ നിന്നാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ഡ്രൈവറുടെ സാമ്പിൾ ഫലം നെഗറ്റീവായതോടെ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും കൂടുതൽ ആശങ്കയിലായി. തൊഴിലാളിക്ക് രോഗം പകർന്ന് എവിടെ നിന്നെന്ന് കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കി.

ഇയാളുമായി സമ്പർക്കത്തിൽ വന്ന 88 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതിൽ 24 പേർ പ്രഥമിക സമ്പർക്കത്തിൽ വന്നവരും 64 പേർ രണ്ടാംഘട്ട സമ്പർക്കത്തിൽ പെട്ടവരുമാണ്. വീടുകളിൽ സൗകര്യമില്ലാത്ത 25 പേരെ ഐസൊലേഷൻ കേന്ദ്രത്തിലാണ് നിരീക്ഷണത്തിലാക്കിയത്. മാർക്കറ്റിലെ മുഴുവൻ തൊഴിലാളികളുടെയും സാമ്പിളുകൾ പരിശോധിക്കും. തിരുവനന്തപുരത്ത് നിന്ന് എത്തി രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന് രോഗം ബാധിച്ചത് എവിടെനിന്നും കണ്ടെത്തിയിട്ടില്ല. ഇയാളുടെ സമ്പർക്ക പട്ടികയും തയാറാക്കി. എട്ട് പേരാണ് ലിസ്റ്റിൽ ഉള്ളത്.

പ്രശസ്ത സിനിമാ-സീരിയൽ താരം രവി വള്ളത്തോൾ അന്തരിച്ചു. 67 വയസായിരുന്നു. സംസ്‌കാരം നാളെ നടക്കും. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ മരുമകനാണ് രവി വള്ളത്തോള്‍. 1986-ല്‍ ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത വൈതരണി എന്ന സീരിയലിലാണ് അദ്ദേഹം ആദ്യം അഭിനയിച്ചത്.

1987 ൽ പുറത്തിറങ്ങിയ സ്വാതി തിരുനാൾ എന്ന ചിത്രത്തിലൂടെയാണ് രവി വള്ളത്തോൾ സിനിമാഭിനയ രംഗത്തേക്ക് വരുന്നത്. അൻപതോളം സിനിമകളിലും നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. മതിലുകൾ,കോട്ടയം കഞ്ഞച്ചൻ, ഗോഡ്ഫാദർ, വിഷ്ണുലോകം, സർഗം, കമ്മീഷണർ എന്നിങ്ങനെ അൻപതോളം സിനിമകളിൽ അദ്ദേഹം വേഷമിട്ടു.

എഴുത്തുകാരൻ കൂടിയായ രവി വള്ളത്തോൾ 1976ൽ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി ഗാനം എഴുതിയിട്ടുണ്ട്. 1986ൽ പുറത്തിറങ്ങിയ രേവതിക്കൊരു പാവക്കുട്ടിയുടെ കഥയെഴുതിയത് അദ്ദേഹമായിരുന്നു.

2003ൽ അമേരിക്കൻ ഡ്രീംസ് എന്ന പരമ്പരയിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഫ്‌ളവേഴ്‌സിലെ ഈറൻ നിലാവിലും ശ്രദ്ധേയ കഥാപാത്രം ചെയ്തിട്ടുണ്ട്.

സൂര്യയുടെ ചിത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താനൊരുങ്ങി തിയേറ്റർ ഉടമകളുടെ സംഘടന. സൂര്യ അഭിനയിച്ചതോ നിർമിച്ചതോ ആയ ചിത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താനാണ് തമിഴ്‌നാട്ടിലെ തിയറ്റർ ഉടമകളുടെ നീക്കം. സൂര്യയുടെ നിർമാണ കമ്പനിയായ ടു ഡി എന്റർടെയിൻമെന്റിന്റെ ചിത്രങ്ങൾക്കായിരിക്കും ബാൻ.

സൂര്യയുടെ ഭാര്യയായ ജ്യോതിക നായികയാകുന്ന ചിത്രം ‘പൊന്മകൾ വന്താൽ’ ഓൺലൈൻ പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിലൂടെ മാത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഈ സിനിമ നിർമിച്ചത് സൂര്യയാണ്. തിയറ്ററുകൾക്ക് റിലീസ് നൽകാതെ ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് മാത്രമായി ചിത്രം റിലീസിന് നൽകിയതാണ് തമിഴ്‌നാട് തിയറ്റർ ആൻഡ് മൾട്ടിപ്ലക്‌സ് ഓണർ അസോസിയേഷനെ ചൊടിപ്പിച്ചത്.

താരത്തിന്റെ തീരുമാനം അപലപനീയമാണെന്ന് തിയറ്റർ ഉടമയായ ആർ പനീർസെൽവം മാധ്യമങ്ങളോട് പറഞ്ഞു. ഈ തീരുമാനം പുന:പരിശോധിക്കണം എന്ന് നിർമാതാക്കളോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതിന് ഒരുക്കമല്ലെങ്കിൽ ആ നിർമാണക്കമ്പനിയുടെയോ അതുമായി ബന്ധമുള്ളവരുടെയോ ചിത്രങ്ങൾ ഇനി മുതൽ ഓൺലൈൻ റിലീസ് മാത്രം ചെയ്യേണ്ടി വരും. തിയറ്റർ റിലീസ് പിന്നീട് അനുവദിക്കില്ലെന്നും പനീർസെൽവം. ലോക്ക് ഡൗണിനെ തുടർന്നായിരുന്നു പൊൻമകൾ വന്താൽ സിനിമ ഓൺലൈൻ പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിൽ മാത്രം റിലീസ് ചെയ്യാനുള്ള നീക്കം ഉണ്ടായത്.

വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോങ് യുന്നിനെ പരിശോധിക്കാന്‍ ഡോക്ടര്‍മാരടങ്ങുന്ന സംഘത്തെ ചൈന അയച്ചതായി റിപ്പോര്‍ട്ട്. ചൈനയില്‍നിന്നുള്ള ഡോക്ടര്‍മാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കളും ഉള്‍പ്പെട്ട സംഘമാണ് വടക്കന്‍ കൊറിയയിലേക്ക് പോയതെന്ന് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സി റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുന്നിന്റെ ആരോഗ്യ നിലയെകുറിച്ച് അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെയാണ് ചൈനീസ് സംഘത്തിന്റെ സന്ദര്‍ശനം. ഇതേക്കുറിച്ച് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞയാഴ്ചയാണ് തെക്കന്‍ കൊറിയയിലെ ചില മാധ്യമങ്ങള്‍ വടക്കന്‍ കൊറിയന്‍ നേതാവ് ഗുരുതരാവസ്ഥയില്‍ കഴിയുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖമാണെന്നും ശസ്ത്രക്രിയ കഴിഞ്ഞുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ചില പാശ്ചാത്യ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ വടക്കന്‍ കൊറിയ തയ്യാറായിരുന്നില്ല. അവരുടെ ദേശീയ ചാനലില്‍ കിം ജോങ് യുന്‍ പങ്കെടുത്ത പരിപാടികളുടെ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചു കാണിക്കുകയാണ് ചെയ്തത്. വടക്കന്‍ കൊറിയയുമായി ബന്ധമുള്ള ചൈനയും ഇക്കാര്യത്തില്‍ പ്രതികരണമൊന്നും നടത്തിയിരുന്നില്ല.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്താരാഷ്ട്ര വിഭാഗത്തിലെ ഉന്നത നേതാവും വടക്കന്‍ കൊറിയയിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ കൊറിയയുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ വിഭാഗമാണ്.
വടക്കന്‍ കൊറിയന്‍ യാത്രയെക്കുറിച്ച് ഇവരുടെ പ്രതികരണം ലഭ്യമായിട്ടില്ല.

ഈ മാസം 12-ാം തീയതി കിം ശസ്ത്രക്രിയക്ക് വിധേയനായി എന്നായിരുന്നു തെക്കന്‍ കൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഇതേതുടര്‍ന്നാണ് അദ്ദേഹം ചില പരിപാടികളില്‍ പങ്കെടുക്കാതിരുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ തെക്കന്‍ കൊറിയിലെ മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് അവിടുത്ത സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നില്ല. വടക്കന്‍ കൊറിയയില്‍ അസാധാരണമായ എന്തെങ്കിലും നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു തെക്കന്‍ കൊറിയന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.

കിം ജോങ് യുന്നിന്റെ ആരോഗ്യവസ്ഥ മോശമാണെന്ന റിപ്പോര്‍ട്ടുകള്‍ ശരിയാവാന്‍ സാധ്യതയില്ലെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കിയിരുന്നു. ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കിമ്മിനുള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴത്ത റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

ലോകത്ത് ഏറ്റവും ഒറ്റപ്പെട്ട് കിടക്കുന്ന രാജ്യങ്ങളിലൊന്നാണ് വടക്കന്‍ കൊറിയ. അവരുടെ നേതാക്കളുടെ ആരോഗ്യത്തെ പോലും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായാണ് അവിടുത്ത സര്‍ക്കാര്‍ കാണുന്നത്. ഏറ്റവും ശക്തമായ മാധ്യമ നിയന്ത്രണമുളള രാജ്യം കൂടിയാണ് വടക്കന്‍ കൊറിയ.കഴിഞ്ഞ കുറച്ചു ദിവസമായിട്ട് പൊതു സ്ഥലങ്ങളില്‍ 36 കാരനായ കിം ഉണ്ടാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരെ ബലാത്സംഗ ആരോപണവുമായി യുവനടി. ജനം ടിവിയാണ് ഈ വാര്‍ത്ത ബ്രേയ്ക്കിങ് ന്യൂസായി പുറത്തുവിട്ടത്. സിനിമയില്‍ നായികാവേഷം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു എന്നാണ് വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന കാര്യം. അതേസമയം ഈ വിഷയം പരാതിയായി പൊലീസിന് മുമ്പില്‍ എത്തിയിട്ടില്ലെന്നും ഒതുക്കി തീര്‍ത്തുവെന്നുമാണ് പുറത്തു വരുന്ന വിവരം. ഒരു വര്‍ഷം മുമ്പ് നടി നല്‍കിയ വക്കീല്‍ നോട്ടീസിലെ വിവരങ്ങളാണ് ജനം ടിവി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയിലെ നായിക വേഷം വാഗ്ദ്ധാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കമല്‍ സംവിധാനം ചെയ്ത ആമി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലും ലൈംഗികചൂഷണം നടന്നുവെന്ന് യുവനടി വ്യക്തമാക്കുന്നു. നായിക വേഷം വാഗ്ദ്ധാനം ചെയ്ത് ഫ്‌ളാറ്റില്‍ വച്ച് പീഡനം നടന്നുവെന്നാണ് നടിയുടെ പരാതി. കമല്‍ വിശ്വാസ വഞ്ചന കാട്ടിയെന്നും ആട്ടിന്‍ തോലിട്ട ചെന്നായ ആണെന്നും നടി ആരോപിക്കുന്നു. ഔദ്യോഗിക വസതിയില്‍ വച്ച് പീഡനം നടന്നതായും യുവതി വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്.

ജനം ടിവി നല്‍കിയ വാര്‍ത്ത..

സംവിധായകന്‍ കമലിനെതിരെ ബലാത്സംഗ ആരോപണവുമായി യുവനടി ; പീഡനം നായികാ വേഷം വാഗ്ദാനം ചെയ്ത്

കൊച്ചി : സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരെ ബലാത്സംഗ ആരോപണവുമായി മോഡലായ യുവനടി. കമല്‍ സംവിധാനം നിര്‍വഹിച്ച’പ്രണയമീനുകളുടെ കടല്‍’ എന്ന ചലച്ചിത്രത്തില്‍ നായികാവേഷം വാഗ്ദാനം ചെയ്ത് ഔദ്യോഗിക വസതിയില്‍ വെച്ച് മാനഭംഗപ്പെടുത്തിയെന്നാണ് കൊച്ചിയിലെ അഭിഭാഷകന്‍ മുഖേനയയച്ച നോട്ടീസിലെ ആരോപണം. ചലച്ചിത്രത്തില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച ശേഷം വിശ്വാസവഞ്ചന കാട്ടിയതായും നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു.

ഇടപ്പള്ളിയിലെ സ്‌കൈലൈന്‍ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് 2018 ഡിസംബര്‍ 26 നാണ് കമലിന്റെ ആവശ്യപ്രകാരം യുവനടി ആദ്യമായി അദ്ദേഹത്തെ കാണുന്നത്. പിന്നീട് നടിയോട് ഫോട്ടോഗ്രാഫുകള്‍ വാട്‌സാപ്പ് വഴി അയച്ചു കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് സ്ഥിരം സന്ദേശങ്ങള്‍ അയയ്ക്കുകയും 2019 ജനുവരി ഒന്നിന് തിരുവനന്തപുരം പിടിപി നഗറിലെ എസ്എഫ്എസ് സിറ്റിസ്‌കേപ്‌സ് എന്ന അപാര്‍ട്ട്‌മെന്റിലേക്ക് സിനിമയിലെ വേഷത്തെക്കുറിച്ചുള്ള വിശദ ചര്‍ച്ചയ്‌ക്കെന്ന വ്യാജേന വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ വാഗ്ദാനം ചെയ്ത നായികാ വേഷത്തില്‍ നിന്നും മാറ്റുമെന്നായിരുന്നു കമലിന്റെ ഭീഷണി. തുടര്‍ന്നും ലൈംഗിക തൃഷ്ണ അറിയിച്ച് കമല്‍ സന്ദേശങ്ങളയച്ചെങ്കിലും യുവനടി വഴങ്ങിയില്ല.

എന്നാല്‍ ജനുവരി 25ന് ചിത്രീകരണം ആരംഭിച്ചപ്പോള്‍ വാട്‌സാപ്പ് സന്ദേശങ്ങള്‍ നിര്‍ത്തി. തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ട നായികാ പദവിയില്‍ കൂടിക്കാഴ്ച്ചയ്ക്ക് മുമ്പ് തന്നെ മറ്റൊരാളെ നിശ്ചയിച്ചിരുന്നതായി ചിത്രീകരണം പൂര്‍ത്തിയായ ശേഷമാണ് യുവനടി അറിഞ്ഞത്. പിന്നീടുള്ള അന്വേഷണത്തില്‍ കമല്‍, ആട്ടിന്‍തോലണിഞ്ഞ ചെന്നായയാണെന്ന് മനസ്സിലായതായി വക്കീല്‍ നോട്ടീസില്‍ പറയുന്നു. ‘ആമി’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കമല്‍ രണ്ട് യുവനടികളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നെന്നും സ്വാധീനമുപയോഗിച്ച് അവരുടെ പരാതികള്‍ ഒതുക്കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായും നോട്ടീസില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

അവസരം തേടിയെത്തുന്ന യുവനടികളെ സ്ഥിരമായി ലൈംഗികചൂഷണം ചെയ്യുന്നയാളാണ് കമലെന്ന് തന്റെ വാദിക്ക് ബോധ്യപ്പെട്ടതായും അഭിഭാഷകന്‍ 2019 ഏപ്രില്‍ 26ന് അയച്ച നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. ബലാത്സംഗവും വിശ്വാസവഞ്ചനയും നടത്തിയ കമല്‍ നോട്ടീസ് കൈപ്പറ്റി ഒരാഴ്ചയ്ക്കുള്ളില്‍ മാപ്പ് പറയണമെന്നും പെണ്‍കുട്ടിക്കേറ്റ മാനഹാനിക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും അല്ലാത്തപക്ഷം നിയമനടപടികളിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ഇതിനകം ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് കമലിനെതിരെയുള്ള വക്കീല്‍ നോട്ടീസിലെ ഉള്ളടക്കം.

സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ഏറ്റുമാനൂര്‍ തെള്ളകത്താണ് സംഭവം. പേരൂര്‍ തച്ചനാട്ടേല്‍ അഡ്വ. ടിഎന്‍ രാജേഷിന്റെ ഭാര്യ അരീപ്പറമ്പ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക ജിഎസ് ലക്ഷ്മി (41)യാണ് മരിച്ചത്. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷമാണ് യുവതി മരണപ്പെട്ടത്. സംഭവത്തില്‍ ചികിത്സാ പിഴവ് ചൂണ്ടിക്കാണിച്ച് ബന്ധുക്കള്‍ ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

വ്യാഴാഴ്ചയാണ് ലക്ഷ്മിയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച നാലരയോടെയാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സാധാരണ പ്രസവം ആയിരുന്നുവെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും ആദ്യം ഡോക്ടര്‍ ബന്ധുക്കളെ അറിയിച്ചു. എന്നാല്‍ അഞ്ചരയോടെ ലക്ഷ്മിക്ക് രക്തസ്രാവം ഉണ്ടായി. രക്തം ആവശ്യമുണ്ടെന്നും ആശുപത്രിയില്‍ നിന്ന് തന്നെ രക്തം തത്ക്കാലം നല്‍കാമെന്നും അധികൃതര്‍ പറഞ്ഞതായി ലക്ഷ്മിയുടെ ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി.

അതിന് ശേഷം ഏഴ് മണിയോടെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും ഇതിനിടെ രണ്ട് തവണ ഹൃദയസ്തംഭനം ഉണ്ടായെന്നും അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. രക്തസ്രാവം നിലയ്ക്കാത്തതിനാല്‍ ഗര്‍ഭപാത്രം നീക്കിയെന്ന് ഏഴരയോടെ ഡോക്ടര്‍ അറിയിച്ചതായും ബന്ധുക്കള്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിൽ പറയുന്നു. പിന്നീട് ലക്ഷ്മി മരിച്ചുവെന്നാണ് അധികൃതര്‍ പറഞ്ഞതെന്നും ബന്ധുക്കള്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എസ്എംവി ഗ്ലോബല്‍ സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി മകളാണ്.

കൊവിഡ് മൂലമുള്ള യാത്രാ വിലക്കില്‍പെട്ട് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ രാജ്യം തയ്യാറെടുക്കുന്നു. പ്രവാസികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.

വിദേശത്ത് നിന്ന് എത്തിക്കുന്നവരെ ക്വാറന്റൈന്‍ ചെയ്യുന്നത് അടക്കമുള്ള സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞുകൊണ്ടാണ് കത്തയച്ചത്. കത്തിനു കേരളസര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുണ്ട്. കേരളം പ്രവാസികളെ സ്വീകരിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി നേരത്തെ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാല്‍ മറ്റു സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും കേന്ദ്രം തീരുമാനമെടുക്കുക

വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരും. വിദേശകാര്യമന്ത്രാലയം ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്ള ഇന്ത്യക്കാരുടെ കണക്ക് എംബസികള്‍ മുഖേന ശേഖരിച്ചിട്ടുണ്ട്. ഇതുകൂടി അടിസ്ഥാനമാക്കിയാക്കിയായിക്കും കേന്ദ്ര നടപടികള്‍.

‘അടച്ചിട്ട ആശുപത്രിയുടെ മുന്നിലെ ഫുട്പാത്തില്‍ കാത്ത് നിന്ന് 69ഓളം കൊവിഡ് രോഗികള്‍’ ഈ ദാരുണമായ കാഴ്ച മറ്റെവിടെയുമല്ല, ഉത്തര്‍പ്രദേശിലാണ്. ഉത്തര്‍പ്രദേശിലെ ഈശ്വര്‍ ജില്ലയിലെ സയ്ഫായി മെഡിക്കല്‍ കോളേജിനു മുന്നില്‍ ആശുപത്രി പ്രവേശനത്തിനായാണ് ഇവര്‍ മണിക്കൂറോളം കാത്തു നിന്നത്.

പ്രത്യേക വാര്‍ഡിലേക്ക് ഇവരെ മാറ്റുന്നതില്‍ ഉണ്ടായ താമസമാണ് രോഗികള്‍ പുറത്തിറങ്ങി ഫുട്പാത്തില്‍ നില്‍ക്കാന്‍ ഇടയാക്കിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് പുറംലോകം അറിഞ്ഞത്. രോഗികള്‍ക്കൊപ്പം ആഗ്രയില്‍ നിന്ന് ഒരു എസ്‌കോര്‍ട്ട് ടീമിനെയും പറഞ്ഞു വിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സിസിടിവി ദൃശ്യങ്ങളില്‍ ഹോസ്പിറ്റല്‍ ഗേറ്റ് അടഞ്ഞു കിടക്കുന്നതും രോഗികള്‍ പുറത്ത് കാത്ത് നില്‍ക്കുന്നതും വ്യക്തമാണ്. കേവലം മാസ്‌ക് മാത്രം ധരിച്ചാണ് രോഗികള്‍ 112 കിലോമീറ്റര്‍ സഞ്ചരിച്ച് ആഗ്രയില്‍ നിന്ന് സയ്ഫായിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയത്. ഇത് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. വീഡിയോയില്‍ തന്നെ സ്ഥലത്തെ പോലീസ് ഉദ്യോഗസ്ഥനായ ചന്ദ്രപാല്‍ സിങ്ങ് മറ്റെങ്ങോട്ടും പോകരുതെന്ന് രോഗികള്‍ക്ക് നിര്‍ദേശം കൊടുക്കുന്നതും കാണാം.

രോഗികളെത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിഞ്ഞിരുന്നില്ലെന്ന് ആശുപത്രി അധികൃതരും കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടാണ് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വൈകിയതെന്നും ഇതില്‍ ആശുപത്രിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അധികൃതരും അറിയിച്ചു. അരമണിക്കൂറിനുള്ളില്‍ രോഗികളെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയെന്നും വിഷയത്തില്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ശരീരത്തില്‍ അണുനാശിനി കുത്തിവെച്ച് പരീക്ഷിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെ നിരവധി തെറ്റായ നിര്‍ദേശങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെയും മറ്റും പ്രചരിച്ചിരുന്നു. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അണുനശീകരണ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികള്‍.

തെറ്റായ നിര്‍ദേശങ്ങള്‍ കേട്ട് തങ്ങളുടെ ഉത്പന്നങ്ങള്‍ കഴിക്കരുതെന്ന് ലൈസോള്‍, ഡെറ്റോള്‍ തുടങ്ങിയ അണുനശീകരണ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വീര്യമേറിയ പ്രകാശരശ്മികള്‍ ഉപയോഗിച്ച് രോഗിയുടെ ശരീരത്തിലെ വൈറസിനെ ഇല്ലാതാക്കാന്‍ സാധിക്കില്ലേ എന്ന കാര്യം പരീക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടിരുന്നു.

ശ്വാസകോശത്തിലാണ് കൊറോണ വൈറസ് പ്രവേശിക്കുന്നതും പെരുകുന്നതും എന്നത് കൊണ്ട് തന്നെ കുത്തിവെപ്പ് പോലുള്ള എന്തെങ്കിലും മാര്‍ഗം ഉപയോഗിച്ച് വൈറസിനെ ഇല്ലാതാക്കി, ശരീരം പൂര്‍ണമായും ശുദ്ധീകരിക്കാന്‍ കഴിയുമോ എന്നാണു പരീക്ഷിക്കേണ്ടതെന്നും ട്രംപ് പറഞ്ഞിരുന്നു.

വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ട്രംപിന്റെ പ്രസ്താവനയ്ക്കു ശേഷം നിരവധി വ്യാജ സന്ദേശങ്ങളാണ് അമേരിക്കയില്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് തങ്ങളുടെ ഉത്പന്നങ്ങള്‍ കഴിക്കരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ അണുനശീകരണ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ നിര്‍ബന്ധിതരായത്.

ഒരു കാരണവശാലും അണുനാശിനികള്‍ ശരീരത്തില്‍ കുത്തിവെക്കുകയോ കഴിക്കുകയോ ചെയ്യരുതെന്ന് ട്രംപ് ഭരണത്തിനു തന്നെ കീഴിലുള്ള ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ മേധാവി സ്റ്റീഫന്‍ ഹാന്‍ മുന്നറിയിപ്പു നല്കുന്നു.
റെക്കിറ്റ് ബെന്ക്കിസര്‍ എന്ന ബ്രിട്ടീഷ് കമ്പനിയും അണുനാശിനികള്‍ കുടിക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പ് പരസ്യമായി നല്കിയിട്ടുണ്ട്.

‘ആരോഗ്യവുമായും ശുചീകരണവുമായും ബന്ധപ്പെട്ട ഉത്പന്നങ്ങളുടെ ആഗോള നായകരെന്ന നിലയ്ക്ക് തങ്ങള്‍ പറയുകയാണ്, ഒരു സാഹചര്യത്തിലും തങ്ങളുടെ അണുനശീകരണ ഉത്പന്നങ്ങള്‍ മനുഷ്യശരീരത്തിലേക്ക് ഇന്‍ജക്ഷന്‍ വഴിയോ വായിലൂടെയോ ശരീരത്തില്‍ പ്രയോഗിക്കരുത് ‘, എന്ന് കമ്പനി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.’പ്രമുഖ പൊതുജനാരോഗ്യ വിദഗ്ധരുടെ ഉപദേശപ്രകാരം ഉപയോക്താക്കള്‍ക്ക് കൃത്യവും കാലികവുമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്’, എന്ന് പറഞ്ഞാണ് കമ്പനി പ്രസ്താവനയിറക്കിയത്.

യുഎഇയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതോടെ ദുബായ് ഷോപ്പിങ് മാള്‍ തുറക്കാന്‍ ഒരുങ്ങുകയാണ്. ഏപ്രില്‍ 28ന് തുറക്കാന്‍ ആണ് തീരുമാനം ആയിരിക്കുന്നത്. ഉച്ചക്ക് 12 മുതല്‍ രാത്രി 10 വരെയായിരിക്കും മാള്‍ തുറന്ന് പ്രവര്‍ത്തിക്കുക.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിപുലമായ സുരക്ഷാമുന്നൊരുക്കങ്ങളാണ് മാള്‍ അധികൃതര്‍ നടത്തുന്നത്. സന്ദര്‍ശകര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണമെന്നാണ് പ്രധാനമായും മുന്‍പോട് വെയ്ക്കുന്ന നിര്‍ദേശം. എന്നാല്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്കും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും മാളുകളിലേക്ക് പ്രവേശനമില്ല.

RECENT POSTS
Copyright © . All rights reserved