ബിഹാറിലെ നവാഡയില്‍ നിന്നു കേരളത്തിലേക്കു മടങ്ങവെ അപടത്തില്‍പ്പെട്ടു മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുവരുന്നു.
തെലങ്കാനയിലെ നിസാമാബാദില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയുണ്ടായ അപകടത്തില്‍ കോഴിക്കോട് കോടഞ്ചേരി ചെമ്ബുകാവ് മഞ്ചേരിയില്‍ അനീഷ് (33), മകള്‍ അനാലിയ (ഒന്നര വയസ്), ഉഡുപ്പി സ്വദേശി സ്റ്റെനി (23) എന്നിവരാണ് മരിച്ചത്.
കാര്‍ ലോറിയുടെ പിന്നിലിടിച്ചാണ് അപകടം. കാറില്‍ ഒപ്പമുണ്ടായിരുന്ന അനീഷിന്റെ ഭാര്യ ദിവ്യ (28) മകള്‍ അസാലിയ (നാല്) എന്നിവരെ പരുക്കുകളോടെ ഹൈദരാബാദിലെ ഉസ്മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ദിവ്യയുടെ തലയ്ക്കു പരുക്കേറ്റിരുന്നു. ഭര്‍ത്താവും കുഞ്ഞും മരിച്ച വിവരം ദിവ്യയെയും മകളെയും അറിയിച്ചിട്ടില്ല. പരുക്കുകള്‍ ഗുരുതരമല്ലാത്തതിനാല്‍ ഇവരെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്ത് നാട്ടിലേക്കു കൊണ്ടുവരുന്നുണ്ട്. നവാഡ വാസ്‌ലിഗഞ്ച് സെന്‍റ് തെരേസാസ് ഇംഗ്ലീഷ് സ്കൂളിലെ അധ്യാപകരാണ് മരിച്ച അനീഷും സ്റ്റെനിയും.
വാസ്ലിഗഞ്ചിലാണ് ഇവര്‍ താമസിച്ചിരുന്നത്. നവാഡയില്‍ നിന്നു രണ്ടു കാറുകളിലായാണ് മലയാളി സംഘം 14നു വൈകിട്ട് കേരളത്തിലേക്ക് യാത്ര തിരിച്ചത്. മരിച്ച അനീഷിന്റെ സഹോദരന്‍ അനൂപും ഭാര്യയും മറ്റൊരു കാറില്‍ പിറകിലുണ്ടായിരുന്നു.
അനൂപിന്‍റെ ഗര്‍ഭിണിയായ ഭാര്യയുടെ പ്രസവം നാട്ടിലാകണമെന്നതിനാലാണ് സഹോദരന്റെ കുടുംബത്തോടൊപ്പം കാറില്‍ നാട്ടിലേക്ക് യാത്ര തിരിച്ചത്. രാത്രിയില്‍ റോഡിനു നടുക്കു നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ചെന്നിടിച്ചാണ് അപകടമുണ്ടായത്.
കേടായ ലോറി ലൈറ്റൊന്നുമിടാതെ റോഡിനു കുറുകെ നിര്‍ത്തിയിട്ടിയിരിക്കുകയായിരുന്നു. ലോറിക്കു മുന്നിലായി കുറച്ചു കല്ലുകളിട്ടിരുന്നുവെന്നു മാത്രം. കേരളത്തിലേക്കു പട്നയില്‍ നിന്നു ട്രെയിന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ നോര്‍ക്കയില്‍ ഇവര്‍ പേരു റജിസ്റ്റര്‍ ചെയ്തിരുന്നു. ദിവസങ്ങള്‍ കാത്തിരുന്നിട്ടും ട്രെയിന്‍ സര്‍വീസുണ്ടാകുമെന്ന സൂചനകളൊന്നുമുണ്ടാകാത്തതിനെ തുടര്‍ന്നാണ് കാറില്‍ യാത്ര തിരിച്ചത്.
റോഡു മാര്‍ഗം കേരളത്തിലെത്താനാണ് നോര്‍ക്കയില്‍ നിന്നു നിര്‍ദേശമുണ്ടായതും. ഞായറാഴ്ച പട്നയില്‍ നിന്നു കോഴിക്കോട്ടേക്കു മറ്റൊരു സംഘം ബസില്‍ യാത്ര തിരിക്കുന്നുണ്ട്.
അഞ്ചു കൃഷ്ണന്‍
കുട്ടിക്കാലത്ത് ഏപ്രില്‍, മെയ് മാസങ്ങള്‍ എന്നാല്‍ വീടിന്റെ മുന്‍വശത്തെ മാവാണ് ഓര്‍മയില്‍ വരിക. അന്നും ഇന്നും മാമ്പഴത്തിനു നല്ല വിലയാണ്. അടുത്തുള്ള ശോഭ റെഡിമേഡ്‌സ് ഉമ്മര്‍ക്ക, ശംബു അങ്കിള്‍, എഴുത്തച്ഛന്റെ വീട്ടില്‍, അല്ലെങ്കില്‍ സേതു ആന്റിയുടെ വീട്ടിലെ മാവുകള്‍ പൂത്താല്‍ പിന്നെ സംഗതി കുശാലാണ്‍
1991 ല്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കൊതി മൂത്ത് അച്ഛന്റെ കൂടെ ഞാന്‍ വീടിനു മുന്‍വശത്ത് ഒരു കുഞ്ഞു മാവിന്‍ തൈ നടുന്നത് . നട്ടതാകട്ടെ ഉമ്മറപ്പടിയുടെ തൊട്ടടുത്ത്. എന്റെ വാശിപ്രകാരമാണ് അച്ഛന്‍ അവിടെ നട്ടത് . എന്റെ കണ്‍വെട്ടത്ത് ഉണ്ടെങ്കില്‍ വേഗം ഈ മരം പൂത്തു മാമ്പഴം തിന്നാം എന്ന ഒരു പത്തു വയസ്സുകാരിയുടെ ആഗ്രഹത്തിന് അച്ഛന്‍ ശരി മൂളിയെങ്കിലും അമ്മക്ക് അതങ്ങട് പിടിച്ചില്ല .
(അച്ഛന്റെ മനസ്സില്‍ ഈ കുഞ്ഞു മകളോടുള്ള അതിതായ സ്‌നേഹത്തിനുദാഹരണം. അത് എനിക്ക് മനസ്സിലാക്കാന്‍ പറ്റാതെ പോയ അനവധി സന്ദര്‍ഭങ്ങളിലൊന്ന്)
ഈ മാവിനെ ചൊല്ലി ഞാനും അമ്മയും തമ്മില്‍ ഒത്തിരി കൊമ്പുകള്‍ കോര്‍ത്തിട്ടുണ്ട് .
ഉമ്മറത്ത് വെയില്‍ കിട്ടില്ല, ഇലകള്‍ വീണു മഴവെള്ളം കെട്ടി നില്‍ക്കും, വേരുകള്‍ വീടിന്റെ അടിത്തറയിലേക്ക് ഇറങ്ങും, മാവിന്‍ കൊമ്പ്
വൈദ്യുതി കമ്പിയില്‍ തട്ടും അങ്ങനെ ഇങ്ങനെ പരാതികളും പരിഭവങ്ങളും മാത്രം.
ആ പാവത്തിനെ വെട്ടാന്‍ വേണ്ടി പലപ്പോഴും അമ്മ ശ്രമം നടത്തിയിട്ടുമുണ്ട്.
പക്ഷേ, അച്ഛന്‍ കൂടെ നിന്നതു കൊണ്ട് രക്ഷപെട്ടു.
പിന്നെ എല്ലാ വര്‍ഷവും മാമ്പഴം കാത്തുള്ള ഇരിപ്പാണ് . നന്നായി വളര്‍ന്നു പന്തലിച്ചു വെയിലത്തും , മഴയത്തും , കാറ്റത്തും മാവ് ഉറച്ചു നിന്നെങ്കിലും മാമ്പഴത്തിനായുള്ള കാത്തിരിപ്പു അങ്ങ് നീണ്ടു കൊണ്ടേയിരുന്നു.

അഞ്ചു കൃഷ്ണന്‍
വര്‍ഷം 2002 മരത്തിലെ ഇലകള്‍ ബാല്‍ക്കണിയില്‍ വീണ് മഴവെള്ളം കെട്ടി വര്‍ഷകാലത്തു വീടിനകത്ത് ചുമരില്‍ ഈര്‍പ്പം വന്നു . അപ്പോള്‍ പിന്നെ അമ്മക്ക് ന്യായീകരിക്കാന്‍ ഒരു കാരണമായി . ഒരു മാമ്പഴം പോലും തരാത്ത ഈ മാവിനെ നഷ്ടപ്പെടും എന്ന് ഏതാണ്ട് ഉറപ്പായി . വേനല്‍ അവധിക്ക് ശേഷം എന്താണന്നു വെച്ചാല്‍ ചെയ്‌തോളാന്‍ അച്ഛന്‍ അമ്മയോട് പറഞ്ഞു . അച്ഛന്‍ എന്നത്തെയും പോലെ തന്നെ എന്റെ കൂടെ കട്ടക്ക് നിന്നു .
അന്ന് വൈകുന്നേരം ഞാന്‍ എന്റെ സങ്കടം അച്ഛനുമായി പങ്കിട്ടു. ‘വൃക്ഷത്തിന് വെള്ളവും വളവും നല്‍കിയിട്ടും എന്തുകൊണ്ടാണ് ഈ മാവ് പൂക്കാത്തത് ?
അദ്ദേഹം ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. നമുക്ക് ചുറ്റുമുള്ള വൃക്ഷങ്ങളെല്ലാം ചെറിയ ദേവന്മാരാണ്. മാമ്പഴം തന്നില്ല
എന്നത് അവിടെ നില്‍ക്കട്ടെ! വൃക്ഷത്തിന്റെ നിരുപാധികമായ സ്‌നേഹ പരിപാലനത്തിനും അത് നമ്മള്‍ക്കു നല്‍കുന്ന ഊഷ്മളതയ്ക്കും എന്നെങ്കിലും നന്ദി പറഞ്ഞിട്ടുണ്ടോ ?
ഈ ചോദ്യം എന്നെ വല്ലാതെ അലട്ടി.
അന്ന് സന്ധ്യക്ക് ആ മാവിന്‍ ചുവട്ടില്‍ പോയി ആ പാവത്തിനോട് എന്റെ സ്വാര്‍ത്ഥതക്കും അത്യാഗ്രഹത്തിനും മാപ്പപേക്ഷിച്ചു.
എന്റെ ശിരസ്സ് ലജ്ജിച്ചു നിന്നു.
എങ്ങനെ മാതാപിതാക്കള്‍ നിരുപാധികമായി, നിസ്വാര്‍ത്ഥമായി കുട്ടികള്‍ക്ക് എല്ലാം നല്‍കുന്നുവോ അതു പോലെ, മരങ്ങള്‍ ഒന്നും പ്രതീക്ഷിക്കാതെ മനുഷ്യര്‍ക്ക് എല്ലാം നല്‍കുന്നു. ഈ ആത്യന്തിക സത്യം അന്നാണ് മനസ്സിന് മനസ്സിലാകുന്നത് . .
പക്ഷേ വളരെ വൈകിയിരുന്നു …….
അടുത്ത രണ്ട് വര്‍ഷത്തേക്ക് ഞാനും അച്ഛനും ……………..ഞങ്ങള്‍ രണ്ട് ധ്രുവങ്ങള്‍ അകലെയായി…………….
അച്ഛന് ക്യാന്‍സര്‍ രോഗം കണ്ടെത്തി.
ഞാന്‍ എന്റെ സ്വന്തം പിശാചുക്കളോട് യുദ്ധം ചെയ്യുകയായിരുന്നു….
ഈ ദുരന്തങ്ങളുടെ ഇടയില്‍ മാവിനെ എല്ലാവരും മറന്നു …….
Dec 2004
കാന്‍സര്‍ ശസ്ത്രക്രിയയില്‍ നിന്ന് അച്ഛന്‍ സുഖം പ്രാപിച്ചു.
ഞാന്‍ വിവാഹിയായി മറ്റൊരു ദേശത്തിലേക്ക് ചേക്കേറി.
2005 അച്ഛന്റെ പേരകുട്ടി ജനിച്ചു. ഞങ്ങളുടെ മകന്‍ ആദി………
ക്രമേണ ബന്ധങ്ങള്‍ മെച്ചപ്പെടാന്‍ തുടങ്ങി.
2006 അച്ഛന് രണ്ടാം ഘട്ട ക്യാന്‍സര്‍
ഉണ്ടെന്ന് കണ്ടെത്തി. ഒന്നര വയസ്സായ ആദിയെ അച്ഛന്‍ ഫെബ്രുവരിയില്‍ ആദ്യമായും അവസാനമായും കണ്ടു.
2007 ഒരു സുപ്രഭാതത്തില്‍ അമ്മയുടെ ഫോണ്‍ വിളി വന്നു.
മാവ് പൂത്തിരിക്കുന്നു.
അച്ഛന്‍ മരിച്ചു അന്നതേക്ക് ഒരു വര്‍ഷം……
2009 ആ മാവ് അവസാനമായി പൂത്തു. വേരുകള്‍ വീടിന്റെ അടിത്തറയില്‍ ഇറങ്ങും എന്നതിനാല്‍ അത് വെട്ടി മാറ്റേണ്ടി വന്നു . പക്ഷെ അതില്‍ നിന്നും കിട്ടിയ മരത്തടിയില്‍ തീര്‍ത്ത കട്ടില്‍ ഞങ്ങള്‍ക്കു സാന്ത്വനമേകുന്നു.
ഇന്നും, ആ കഴിക്കാത്ത ആ മാങ്ങകളുടെ കാര്യം ഓര്‍ത്തു ആ പത്തു വയസ്സുകാരി ഓടി എത്തുമ്പോള്‍ സാരമില്ല എന്നു പറഞ്ഞു ഞാന്‍ അവള്‍ക്കു സ്‌ട്രോബെറികള്‍ നല്‍കാറുണ്ട്.
കുഞ്ഞി കൈകളില്‍ അവളതുവാങ്ങി ആ കട്ടിലില്‍ കയറി ചമ്രം മടഞ്ഞിരിന്നു എന്നെ നോക്കി സന്തോഷത്തോടെ കൊഞ്ഞനം കുത്താറുണ്ട്.
ഇനി പറയട്ടെ!
അവളും ഞാനും ഞാന്‍ തന്നെയാണ്.
ശുഭം

റവ. ഫാ. ഹാപ്പി ജേക്കബ്ബ്
സ്പിരിച്വല്‍ ടീം. മലയാളം യുകെ.
വേദനിക്കുന്ന മനസ്സുകള്‍ക്ക് അല്പം ആശ്വാസം പകരാന്‍ തക്കവണ്ണം മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനിയും വൈദീകരും വിശ്വാസികളും പ്രാര്‍ത്ഥനയ്ക്കായി ഒരുമിക്കുകയാണ്. യുകെ സമയം ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് ഈ പ്രാര്‍ത്ഥനായജ്ഞം സൂമില്‍ ഒരുക്കിയിരിക്കുന്നത്. ഈ പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കു ചേര്‍ന്ന് രോഗികള്‍ക്കും അവരെ ശുശ്രൂഷിക്കുന്നവര്‍ക്കുമായി പ്രാര്‍ത്ഥിക്കാന്‍ ആഗോളതലത്തിലുള്ള എല്ലാ വിശ്വാസികളോടുമായി ഭദ്രാസന സെക്രട്ടറി റവ. ഫാ. ഹാപ്പി ജേക്കബ് അഭ്യര്‍ത്ഥിക്കുകയാണ്.
പ്രാര്‍ത്ഥനായജ്ഞത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

സ്പിരിച്വല്‍ ടീം. മലയാളം യുകെ.
മിശിഹായുടെ ആഗമനത്തില്‍ ശ്രവിച്ച സ്വര്‍ഗ്ഗീയ ഗാനം ഉന്നതങ്ങളില്‍ ദൈവത്തിന് സ്തുതി! ഭൂമിയില്‍ മനുഷ്യര്‍ക്ക് സമാധാനം എന്നാണ്. ആട്ടിടയന്‍മാരും പൗരസ്ത്യ വിജ്ഞാനികളും അവിടുത്തെ സന്ദര്‍ശിക്കുന്നു. അവര്‍ ശിശുവിനെ ആരാധിച്ച് അനര്‍ഘനിക്ഷേപങ്ങള്‍ കാഴ്ചവെയ്ക്കുന്നു.
നാം ദിവ്യകാരുണ്യ സ്വീകരണാവസരത്തില്‍ എത്രമാത്രം സ്‌നേഹവും തീഷ്ണതയും ഭക്തിയും പ്രദര്‍ശിപ്പിക്കുന്നുണ്ട്. മിശിഹായ്ക്കു മൂന്നു ജനനങ്ങള്‍ ഉണ്ടെന്നാണ് ദൈവശാസ്ത്രജ്ഞന്‍മാര്‍ അഭിപ്രായപ്പെടുന്നത്. ഒന്നാമത്തേത് നിത്യത്വത്തില്‍ പിതാവില്‍ നിന്നുള്ള ജനനം, രണ്ടാമത്തേത് കാലത്തിന്റെ പൂര്‍ത്തീകരണത്തില്‍ പരിശുദ്ധ കന്യകാ മേരിയില്‍ നിന്നുള്ള ജനനം, മൂന്നാമത്തേത് നമ്മില്‍ ഓരോരുത്തരിലുമുള്ള അവിടുത്തെ ആദ്ധ്യാത്മിക ജനനമാണ്. ആ ജനനത്തിലും പരിശുദ്ധ കന്യകയ്ക്ക് ഒരു പങ്കുണ്ട്.
പ്രാര്‍ത്ഥന.
പരിശുദ്ധ കന്യകയെ, അവിടുന്നു അങ്ങേ ദിവ്യസുതനെ പ്രസവിച്ച് ഒരു പുല്‍കൂട്ടില്‍ കിടത്തിയല്ലോ. അങ്ങേ ദിവ്യകുമാരനു മാതൃസഹജമായ പരിലാളനകള്‍ അര്‍പ്പിക്കുവാന്‍ പോലും സാധിക്കാതെ അവിടുന്നു ദുഃഖിച്ചു എങ്കിലും സ്‌നേഹത്താല്‍ ഉജ്ജ്വലിച്ച അവിടുത്തെ ഹൃദയത്തില്‍ നിന്നും ആരാധനയുടെ അര്‍ച്ചനകള്‍ ഉയര്‍ന്നു. അവിടുത്തെ പ്രസാദിപ്പിക്കുവാനായി അങ്ങേ വിനീതവും ലളിതവുമായ പരിചരണങ്ങള്‍ നല്‍കി. അങ്ങേ കരതാരില്‍ ദിവ്യശിശു പരിപൂര്‍ണ്ണമായ സംതൃപ്തി അനുഭവിച്ചു. സ്‌നേഹനിധിയായ മാതാവേ, ഞങ്ങളുടെ ഹൃദയങ്ങളേയും അവിടുത്തെ സ്‌നേഹവായ്പിനാല്‍ സംതൃപ്തമാക്കേണമേ. ഞങ്ങളുടെ ഹൃദയത്തില്‍ ഈശോമിശിഹാ ആത്മീയമായി പിറന്നു ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കണേ..
സുകൃതജപം.
പിതാവായ ദൈവത്തിന്റെ പുത്രീ,
പുത്രനായ ദൈവത്തിന്റെ മാതാവേ, പരിശുദ്ധാത്മാവിന്റെ മണവാട്ടി, ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ..
കൊറോണ വൈറസ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയാണെങ്കിലും ലണ്ടനിലെ പല മേഖലകളിലും കാറുകളും വാനുകളും അടക്കമുള്ള വാഹങ്ങള്‍ക്കുള്ള നിരോധനം തുടരുമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാൻ. അതുവഴി ആളുകൾക്ക് സുരക്ഷിതമായി നടക്കാനും സൈക്കിൾ ചവിട്ടാനുമുള്ള സൗകര്യം ഒരുക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലണ്ടൻ ബ്രിഡ്ജിനും ഷോറെഡിച്ച്, യൂസ്റ്റൺ, വാട്ടർലൂ, ഓൾഡ് സ്ട്രീറ്റ്, ഹോൾബോൺ എന്നിവയ്ക്കിടയിലുള്ള പ്രധാന തെരുവുകൾ ബസുകള്‍ക്കും കാൽനടയാത്രക്കാർ, സൈക്ലിസ്റ്റുകൾ എന്നിവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തുമെന്നാണ് മേയര്‍ വ്യക്തമാക്കിയത്. ലോകത്തിലെ കാർ-രഹിത സംരംഭങ്ങളിൽ ഒന്നായി ഈ തീരുമാനത്തെ വിലയിരുത്തപ്പെടുന്നു.
ചെറിയ റോഡുകളിലും സമാനമായ നിയന്ത്രണങ്ങൾ നടപ്പാക്കാൻ പ്രാദേശിക ഭരണകൂടങ്ങളുമായി ചര്‍ച്ച നടത്തി വരികയാണെന്ന് അധികൃതർ പറഞ്ഞു. വാട്ടർലൂ ബ്രിഡ്ജ്, ലണ്ടൻ ബ്രിഡ്ജ് എന്നിവയിൽ കാറുകളും ലോറികളും നിരോധിച്ചിട്ടുണ്ട്. ആളുകൾ ജോലിയിൽ തിരിച്ചെത്താന്‍ തുടങ്ങിയ സാഹചര്യത്തില്‍ നടത്തവും സൈക്ലിംഗും പ്രോത്സാഹിപ്പിക്കേണ്ടത് നിർണായകമാണെന്ന് വിദഗ്ദ്ധർ പറയുന്നു. കാരണം തിരക്കേറിയ ഗതാഗതത്തിൽ ശാരീരിക അകലം പാലിക്കുക എന്നത് അസാധ്യമാണ്. കാർ ഉപയോഗം വർദ്ധിക്കുന്നത് ഗ്രിഡ്‌ലോക്കിനും വായു മലിനീകരണത്തിനും കാരണമാകും.
ലണ്ടന്റെ ചരിത്രത്തില്‍ ആദ്യമായി ലണ്ടനിലെ പൊതുഗതാഗത ശൃംഖല ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിതെന്ന് ഖാൻ പറഞ്ഞു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ക്രമേണ ലഘൂകരിക്കുന്നതിനാൽ പൊതുഗതാഗതത്തിൽ സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാൻ എല്ലാ ലണ്ടന്‍ നിവാസികളുടെ ഭാഗത്തുനിന്നും വലിയ ശ്രമം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരാഴ്ചയായി കാണാതായ പ്രവാസി മലയാളിയെ സൗദി അറേബ്യയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ തടപ്പറമ്പ് വീട്ടില്‍ മുച്ചുണ്ടി തൊടിയില്‍ മുഹമ്മദ് സലീമിനെ(39)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമാം ടോയോട്ടയ്ക്കടുത്തുള്ള പാര്‍ക്കിലായിരുന്നു മൃതദേഹം.
കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹത്തെ കാണാനില്ല. ബന്ധുക്കളും സുഹൃത്തുക്കളും തെരച്ചില്‍ നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. തുടര്‍ന്നാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദമാം ടോയോട്ടയ്ക്കടുത്തുള്ള പാര്‍ക്കില്‍ മൃതദേഹം കണ്ടെത്തിയത്.
എന്നാല്‍ മരണകാരണം വ്യക്തമല്ല. ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം കുടുംബസമേതമാണ് ദമാമില്‍ താമസിച്ചിരുന്നത്. മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം ദമാമില്‍ തന്നെ ഖബറടക്കും. ഭാര്യ: ഹൈറുന്നീസ, മകന്‍: മുഹമ്മദ് നാസിഫ്.
ബെക്കിങ്ഹാം കൊട്ടാരം ഈ വര്‍ഷം സഞ്ചാരികള്‍ക്ക് തുറന്നുനല്‍കില്ല. റോയല്‍ കളക്ഷന്‍ ട്രസ്റ്റാണ് ഈ കാര്യം അറിയിച്ചത്. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കൊട്ടാരം അടച്ചതാണ് ഇതിന് കാരണം. ബെക്കിങ്ഹാം കൊട്ടാരത്തിന് പുറമെ മറ്റ് രാജഭവനങ്ങളും സഞ്ചാരികള്‍ക്കായി ഇത്തവണ തുറന്നുകൊടുക്കില്ല.
ബെക്കിങ്ഹാം കൊട്ടാരത്തിന് പുറമെ മേഗന്‍ മാര്‍ക്കലും ഹാരി രാജകുമാരനും സായാഹ്ന വിവാഹ വിരുന്ന് നടത്തിയ ഫ്രോഗ്മോര്‍ ഹൗസ്, ചാള്‍സ് രാജകുമാരന്റേയും കാമിലിയയുടേയും ലണ്ടനിലെ വസതി, ക്ലാരന്‍സ് ഹൗസ് എന്നിവയും തുറന്ന് കൊടുക്കില്ല.
കഴിഞ്ഞ 27 വര്‍ഷമായി എല്ലാ വേനലിലും കാഴ്ചകള്‍ കണ്ട് ആസ്വദിക്കാനായി പത്താഴ്ച കൊട്ടാരം സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കാറുണ്ടായിരുന്നു. അതേസമയം കൊട്ടാരം സന്ദര്‍ശിക്കുന്നതിനായി നേരത്തേ ബുക്ക് ചെയ്ത സഞ്ചാരികള്‍ക്ക് തുക തിരിച്ച് നല്‍കാനാണ് ട്രസ്റ്റിന്റെ ആലോചന.
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 7 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 2 പേര്‍ വീതം തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
സംസ്ഥാനത്തെ ആറ് പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട് സ്പോട്ടില്‍ ഉള്‍പ്പെടുത്തി. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റികള്‍, കള്ളാര്‍, ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, കരുണാപുരം, വയനാട് ജില്ലയിലെ തവിഞ്ഞാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 22 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും 2 പേരുടെ വീതം പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 87 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതു വരെ 497 പേര്‍ രോഗമുക്തരായി.
എയര്‍പോര്‍ട്ട് വഴി 2911 പേരും സീപോര്‍ട്ട് വഴി 793 പേരും ചെക്ക് പോസ്റ്റ് വഴി 50,320 പേരും റെയില്‍വേ വഴി 1021 പേരും ഉള്‍പ്പെടെ 55,045 പേരാണ് സംസ്ഥാനത്ത് എത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 56,981 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 56,362 പേര്‍ വീടുകളിലും 619 പേര്‍ ആശുപത്രികളിലുമാണ്.
182 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 43,669 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 41,814 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 4764 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4644 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
രഹസ്യബന്ധം സംശയിച്ച് ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി. കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും അധികൃതരുടെ കണ്ണ് വെട്ടിച്ചാണ് യുവാവ് വീട്ടിലേയ്ക്ക് കടന്നത്. ലളിത് കോര്‍വ(25) എന്ന യുവാവാണ് ഭാര്യയെ സംശയത്തെ തുടര്‍ന്ന് ആക്രമിച്ചത്. സംഭവത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
അന്യസംസ്ഥാനത്ത് ജോലി ചെയ്തിരുന്ന യുവാവ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് ഇയാളെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ലളിത് കോര്‍വ പലതവണ ഭാര്യയെ ഫോണില്‍ വിളിച്ചെങ്കിലും സംസാരിക്കാനായില്ല. മിക്ക സമയത്തും ഭാര്യ മറ്റൊരു ഫോണ്‍ കോളിലാണെന്നായിരുന്നു പ്രതികരണം. ഇതോടെ ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന് സംശയിച്ച് യുവാവ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും പുറത്ത് കടക്കുകയായിരുന്നു.
വീട്ടിലെത്തിയ കോര്‍വ ഫോണില്‍ സംസാരിച്ചിരിക്കുന്ന ഭാര്യയെയാണ് കണ്ടത്. ക്ഷുഭിതനായ ഇയാള്‍ ഉടന്‍ തന്നെ ഭാര്യയെ ആക്രമിക്കുകയും കോടാലി കൊണ്ട് ഫോണ്‍ പിടിച്ചിരുന്ന കൈ വെട്ടിമാറ്റുകയുമായിരുന്നു. രണ്ട് വയസ്സുള്ള മകന്റെ മുന്നില്‍വെച്ചായിരുന്നു ആക്രമണം. സംഭവത്തിന് ശേഷം കോര്‍വ വീട്ടില്‍നിന്നു രക്ഷപ്പെടുകയും ചെയ്തു. ചോരയില്‍ കുളിച്ചുകിടന്ന യുവതിയെ നാട്ടുകാരും പോലീസുമാണ് ആശുപത്രിയില്‍ എത്തിച്ചത്. അപകടനില തരണം ചെയ്തെങ്കിലും അറ്റുപോയ കൈ കൂട്ടിചേര്‍ക്കാനായില്ല.
കോറോണ വൈറസ് പടര്‍ത്തുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ ഡോക്ടര്‍മാരായ സഹോദരനും സഹോദരിയ്ക്കുമെതിരെ കേസെടുത്തു. മധ്യപ്രദേശ് ഖാര്‍ഗോണ്‍ സ്വദേശികളായ 27കാരിക്കും 21കാരനും എതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഇരുവരും നിലവില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്.
ഖാര്‍ഗോണ്‍ ജില്ലയില്‍ മുഴുവനും തങ്ങള്‍ കൊറോണ വൈറസ്
പടര്‍ത്തുമെന്നായിരുന്നു വീഡിയോയിലൂടെ യുവതിയുടെ ഭീഷണി. ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കുള്ള യാത്രയ്ക്കിടെ സഹോദരനാണ് ഈ വീഡിയോ ചിത്രീകരിച്ചത്. എന്നാല്‍ വീഡിയോ വന്‍തോതില്‍ പ്രചരിച്ചതോടെ ഇതിന് വിശദീകരണവുമായി ഇവര്‍ രംഗത്തെത്തി.
അപ്പോള്‍ തോന്നിയ ദേഷ്യവും ചില റിപ്പോര്‍ട്ടര്‍മാര്‍ തങ്ങളുടെ കുടുംബത്തെക്കുറിച്ച് പറഞ്ഞതുമെല്ലാം കാരണമാണ് അത്തരത്തില്‍ വീഡിയോ ചിത്രീകരിക്കാന്‍ കാരണമെന്നായിരുന്നു യുവതിയുടെ വിശദീകരണം.
താനും തന്റെ സഹോദരനും ഡോക്ടര്‍മാരാണ്. രോഗലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ തങ്ങള്‍ പരിശോധനയ്ക്ക് സ്വമേധയാ വിധേയരായി. വൈറസ് പടര്‍ത്തണമെന്ന് ഞങ്ങള്‍ ഒരിക്കലും ആഗ്രഹിക്കില്ല. എന്നാല്‍ ചില പത്രപ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടുകള്‍ കണ്ട് ദേഷ്യം വന്നിരുന്നു. അതിനാലാണ് അങ്ങനെയെല്ലാം പറഞ്ഞത്.
വൈറസ് ബാധ സ്ഥിരീകരിച്ച തന്റെ പിതാവ് ഇപ്പോഴും അതീവഗുരുതരാവസ്ഥയിലാണെന്നും യുവതി പുതിയ വീഡിയോയില്‍ പറഞ്ഞു. തന്റെ പഴയ വീഡിയോ ആരും പ്രചരിപ്പിക്കരുതെന്നും യുവതി ആവശ്യപ്പെട്ടു.
യുവതിയുടെ മാതാപിതാക്കള്‍ക്ക് നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മക്കള്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടത്. ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളായിരുന്ന ഇരുവരും അടുത്തിടെയാണ് നാട്ടിലെത്തിയത്.