തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 240 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 102 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 80 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 79 (ഒരാള്‍ മരണമടഞ്ഞു) പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 68 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 52 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 36 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
എറണാകുളം ജില്ലയില്‍ ജൂലൈ 24 ന് മരണമടഞ്ഞ എറണാകുളം ജില്ലയിലെ ആനി ആന്റണി (76) എന്ന വ്യക്തിയുടെ പരിശോധനഫലവും ഇതില്‍ ഉള്‍പെടുന്നു.
കൂടാതെ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കാസര്‍ഗോഡ് ജില്ലയിലെ നബീസ (63), കോഴിക്കോട് ജില്ലയിലെ റുഹിയാബി (67), മുഹമ്മദ് കോയ (58), പാലക്കാട് ജില്ലയിലെ അഞ്ജലി സുരേന്ദ്രന്‍ (40) എന്നിവര്‍ മരണമടഞ്ഞു. ഇതോടെ മരണം 60 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 119 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 106 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 72 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 218 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 104 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 88 പേര്‍ക്കും, എറണാകുളം ജില്ലയിലെ 73 പേര്‍ക്കും, കോട്ടയം ജില്ലയിലെ 67 പേര്‍ക്കും, കൊല്ലം ജില്ലയിലെ 63 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 49 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 38 പേര്‍ക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ 32 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 30 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 24 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 13 പേര്‍ക്കും, വയനാട് ജില്ലയിലെ 7 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (KASP) കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും കൂടാതെ സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ചികിത്സക്കായി റെഫര്‍ ചെയ്യപ്പെടുന്ന സ്വകാര്യ ആശുപത്രികളിലെയും കോവിഡ് ചികിത്സാ നിരക്കുകള്‍ നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവും മാര്‍ഗ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ നടത്തിപ്പിനായി രൂപീകരിച്ച സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (എസ്.എച്ച്.എ) പുറത്തിറക്കിയ ഇതിനായുള്ള മാര്‍ഗരേഖ പ്രകാരം കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളെ പദ്ധതിയില്‍ അംഗങ്ങളാക്കി വരുന്നു. കോവിഡ് ചികിത്സ ലഭ്യമാക്കുന്ന എല്ലാ സ്വകാര്യ ആശുപത്രികളിലും ഏകീകൃത ചികിത്സാ നിരക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ സ്വകാര്യ ആരോഗ്യ മേഖല ഒറ്റക്കെട്ടായി കോവിഡ് മഹാമാരിയെ നേരിടുന്നതാണ്. കോവിഡ് ഉള്‍പ്പെടെയുള്ള ഏതൊരു ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും രോഗിയുടെ ഇഷ്ടപ്രകാരം സര്‍ക്കാര്‍ ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ ചികിത്സ തേടാവുന്നതാണ്. നേരത്തെ തന്നെ 28 സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ചികിത്സയ്ക്ക് മാത്രം സജ്ജമാക്കിയിരുന്നു. കൂടാതെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ട്രയാജ് സംവിധാനവും ആവശ്യാനുസരണം അര്‍ഹരായവര്‍ക്ക് സ്രവം ശേഖരിക്കുന്നതിനുള്ള പരിശോധനാ സംവിധാനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി സ്വകാര്യ മേഖലയിലെ പരിശോധനാ സംവിധാനങ്ങളും വിപുലീകരിച്ചിട്ടുണ്ട്. കോവിഡ് ചികിത്സയ്ക്കായുള്ള പരിശീലനങ്ങളും സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ എല്ലാ ജില്ലകളിലും പൂര്‍ത്തിയായി. ചികിത്സാ പ്രോട്ടോകോള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ജനറല്‍ വാര്‍ഡ് 2300 രൂപ, എച്ച്ഡിയു 3300 രൂപ, ഐസിയൂ 6500 രൂപ, ഐസിയൂ വെന്റിലേറ്റര്‍ ഉപയോഗിക്കുകയാണെങ്കില്‍ 11,500 രൂപ എന്നിങ്ങനെയാണ് നിശ്ചയിക്കപ്പെട്ട പ്രതിദിന നിരക്കുകള്‍. ഇതിന് പുറമേ പിപിഇ കിറ്റിനുള്ള ചാര്‍ജും ഈടാക്കാവുന്നതാണ്.
ആര്‍ടിപിസിആര്‍ ഓപ്പണ്‍ 2750 രൂപ, ആന്റിജന്‍ ടെസ്റ്റ് 625 രൂപ, എക്‌സ്‌പേര്‍ട്ട് നാറ്റ് 3000 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് വണ്‍) 1500 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് ടു) 1500 രൂപ തുടങ്ങിയ സര്‍ക്കാര്‍ നിരക്കില്‍ വിവിധ കോവിഡ് പരിശോധനകള്‍ തെരെഞ്ഞെടുക്കപ്പെട്ട അംഗീകൃത സ്വകാര്യ ആശുപത്രികളിലെ/ സ്വകാര്യ ലാബുകളില്‍ ചെയ്യാവുന്നതാണ്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ കോവിഡ് ചികിത്സ ചെലവ് പൂര്‍ണമായും സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഹിക്കുന്നതാണ്. പദ്ധതിയില്‍ ഉള്‍പ്പെടാത്ത സര്‍ക്കാര്‍ സംവിധാനം റഫര്‍ ചെയ്യുന്ന കോവിഡ് രോഗികളുടെ ചികിത്സ ചെലവ് കേരള സര്‍ക്കാരും വഹിക്കുന്നതാണെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.
കാസർകോഡ് വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്ക് കോവിഡ്
കാസർകോട് ചെങ്കള പഞ്ചായത്തിൽ വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. ജൂലൈ 17 ന് പീലാംകട്ടയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത 43 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വധുവും വരനും ഇതിൽ ഉൾപ്പെടും. ചെർക്കള സ്കൂളിൽ നടന്ന ആന്റിജൻ പരിശോധനാ ക്യാമ്പിലാണ് എല്ലാവർക്കും കൊവിഡ് രോഗം കണ്ടെത്തിയത്.
ഈ വിവാഹത്തിൽ പങ്കെടുത്ത എല്ലാവരും 14 ദിവസം സ്വയം നിരീക്ഷണത്തിൽ വീടുകളിൽ കഴിയേണ്ടതും രോഗലക്ഷണങ്ങൾ പ്രകടമായാൽ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതുമാണെന്ന് ജില്ലാകളക്ടർ ഡോ ഡി സജിത് ബാബു അറിയിച്ചു. കൊവിഡ് നിർവ്യാപന മാനദണ്ഡങ്ങൾ പാലിക്കാതെ വിവാഹ ചടങ്ങുകൾ സംഘടിപ്പിച്ച വ്യക്തിക്കെതിരെ കേരള പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം നടപടി സ്വീകരിക്കും.
രണ്ടു വർഷം കഠിനതടവും 10000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റത്തിന് പ്രസ്തുത നിയമപ്രകാരം കേസെടുക്കാൻ ജില്ലാ കളക്ടർ ഡോ. ഡി.സജിത്ബാബു പോലീസിന് നിർദ്ദേശം നൽകി. ഇന്നു തന്നെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇപ്രകാരം ജനങ്ങൾ കൂടുതൽ പങ്കെടുക്കുന്ന എല്ലാ പരിപാടികളും പൂർണമായി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
കൊച്ചി∙ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിനായി കഴിഞ്ഞ ഒരു വർഷത്തിനിടെ സമാഹരിച്ചത് 100 കോടിയോളം രൂപയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കള്ളപ്പണ ഇടപാട് നടത്തിയവരുടെ വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചു. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിന്റെ മറവിൽ വ്യാപകമായി കള്ളപ്പണ, ഹവാല ഇടപാടുകൾ നടന്നു.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ച ഇഡി പ്രാഥമിക ഘട്ടത്തിൽ തന്നെ കണ്ടെത്തിയതു ഞെട്ടിക്കുന്ന വിവരങ്ങൾ ആയിരുന്നു. സ്വപ്നയെയും സന്ദീപിനെയും സരിത്തിനെയും കസ്റ്റഡിയിൽ വേണം എന്നാവശ്യപെട്ട് ഇഡി എൻഐഎ കോടതിയിൽ അപേക്ഷ സമർപ്പിച്ചു.
ഇവരെ ചോദ്യം ചെയ്‌താൽ മാത്രമേ പണം ഇടപാടിന്റെ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. എൻഐഎയുടെ കസ്റ്റഡിക്കാലാവധി അവസാനിച്ചതോടെ ഒന്നാം പ്രതി സരിത്തിനെ അടുത്തമാസം 21 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്ചയും വ്യാഴാഴ്ചയും കസ്റ്റംസ് ഉദ്യോഗസ്ഥർ എൻഐഎ ഓഫിസിൽ എത്തി പ്രതികളെ ചോദ്യം ചെയ്തു.
ക്വാറന്റീനില്‍ കഴിയവെ പാമ്പുകടിയേറ്റ ഒന്നര വയസുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പാമ്പു കടിയേറ്റ കുട്ടിക്ക് രക്ഷകനായി എത്തിയ അയല്‍വാസിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ ജിനില്‍ മാത്യുവിനെ നിരീക്ഷണത്തിലാക്കി.
ബിഹാറില്‍ നിന്നെത്തിയ പാണത്തൂര്‍ വട്ടക്കയം സ്വദേശികളായ ദമ്പതികള്‍ക്കൊപ്പം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ഒന്നര വയസുകാരിക്ക് ചൊവ്വാഴ്ചയാണ് പാമ്പുകടിയേറ്റത്. വീടിന്റെ ജനല്‍ കര്‍ട്ടണിനിടയില്‍ നിന്ന് അണലി കടിക്കുകയായിരുന്നു.
നിലവിളി കേട്ട് ആളുകള്‍ ഓടിയെത്തിയെങ്കിലും കൊറോണ ഭീതിയെ തുടര്‍ന്ന് ആരും വീടിനകത്തേക്ക് കയറാന്‍ തയ്യാറായില്ല. ഇതിനിടയിലാണ് വിവരം അറിഞ്ഞെത്തിയ അയല്‍വാസിയും സിപിഎം വട്ടക്കയം ബ്രാഞ്ച് സെക്രട്ടറിയുമായ ജിനല്‍ മാത്യു വീടിനകത്തേക്ക് കയറി കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് പരിശോധനയില്‍ കോവിഡ് കണ്ടെത്തുകയായിരുന്നു.
കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജിനല്‍ മാത്യു നിരീക്ഷണത്തിലായി. ഈ മാസം 16-നാണ് ബിഹാറില്‍ അധ്യാപകരായ ദമ്പതികളും കുഞ്ഞും വട്ടക്കയത്തെ വീട്ടിലെത്തുന്നത്.
സുശാന്ത് സിങ് രാജ്പുത് അവസാനമായി അഭിനയിച്ച ചിത്രം ‘ദിൽ ബേചാരാ’ കണ്ട് പൊട്ടിക്കരഞ്ഞ് ആരാധകർ. ഒടിടി പ്ലാറ്റ്ഫോമിലൂടെ ആരാധകരിലേക്ക് എത്തിയ ചിത്രം സിനിമാസ്വാകരെയൊന്നടങ്കം ആസ്വദിപ്പിക്കുന്നതാണെന്നാണ് റിപ്പോർട്ടുകൾ. അറം പറ്റിപ്പോയ സിനിമയാണെന്ന് ചില ആരാധകരെങ്കിലും ചിത്രത്തെക്കുറിച്ച് പറയുന്നുണ്ട് .സമൂഹമാധ്യമങ്ങളിൽ ദിൽ ബേചാരായെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇപ്പോൾ ട്രെൻഡിങ്ങാണ്. സിനിമയിലെ നായകന്റെ വിയോഗവും സുശാന്തിന്റെ വേർപാടും ഒന്നിച്ചു വന്നതും ആരാധകരെ വിഷമത്തിലാക്കുന്നു.
പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ പറയുന്ന ചിത്രം ജോൺ ഗ്രീൻ എഴുതിയ ഫോൾട്ട് ഇൻ ഔർ സ്റ്റാർസ് എന്ന നോവലിൽ നിന്ന് പ്രചോദനമുൾക്കൊണ്ടു ഒരുക്കിയിരിക്കുന്നതാണ്. ഇതേ പേരിൽ ഹോളിവുഡിലും ഇതേ കഥ സിനിമയായി 2014–ൽ ഇറങ്ങിയിട്ടുണ്ട്. ദിൽ ബേചാരയിൽ സുശാന്തിനൊപ്പം സെയ്ഫ് അലി ഖാനും അഭിനയിക്കുന്നുണ്ട്. മുകേഷ് ഛബ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് സാക്ഷാൽ എ.ആർ റഹ്മാനാണ്. പുതുമുഖമായ സഞ്ജനയാണ് നായിക.
ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രം മെയ് മാസത്തിൽ റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാൽ കോവിഡിനെ തുടർന്ന് മാറ്റി വച്ച സിനിമ സുശാന്തിന്റെ വിയോഗത്തെ തുടർന്നാണ് ഒാൺലൈനിൽ റിലീസ് ചെയ്യാൻ നിർമാതാക്കൾ തീരുമാനിക്കുന്നത്. മലയാളത്തിൽ കാളിദാസ് ജയറാമിനെ നായകനാക്കി ബാക്ക് പാക്കേഴ്സ് എന്ന പേരിൽ ജയരാജും ഇതേ കഥ സിനിമയാക്കുന്നുണ്ട്. ചിത്രീകരണം അവസാനിച്ച ആ സിനിമയും റിലീസിന് തയാറെടുക്കുകയാണ്.
ഇന്ത്യയില്‍ 24 മണിക്കൂറില്‍ 48,916 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 757 മരണവും. ഇതുവരെ 13,36,861 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഇന്ന് രാവിലെ വരെയുള്ള കണക്ക് പ്രകാരമാണിത്. 31,358 പേരാണ് ഇതുവരെ കോവിഡ് മൂലം മരിച്ചത്. രോഗമുക്തി നിരക്ക് 63.53 ശതമാനമാണ്. പോസിറ്റീവ് കേസ് നിരക്ക് 11.62 ശതമാനവും. ഇന്നലെയാണ് ഏറ്റവും കൂടുതല്‍ സാമ്പിളുകള്‍ പരിശോധിച്ചത് – 4,20,898 സാമ്പിളുകള്‍. രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കോവിഡ് കേസുകള്‍ 45,000 കടന്നിരിക്കുന്നത്. 8,49,431 പേർ രോഗമുക്തി നേടി. 4,56,071 പേർ ചികിത്സയിൽ തുടരുന്നു.
മഹാരാഷ്ട്രയിൽ 3,57,117 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 13132 പേർ മരിച്ചു. 1,99,967 പേർക്ക് രോഗം ഭേദമായി. 1,44,018 പേർ ചികിത്സയിൽ തുടരുന്നു.
തമിഴ് നാട്ടിൽ കോവിഡ് കേസുകൾ രണ്ട് ലക്ഷത്തിനടുത്തെത്തി. 1,99,749 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3320 പേർ മരിച്ചു. 1,43,297 പേർക്ക് രോഗം ഭേദമായി. 53,132 പേർ ചികിത്സയിൽ തുടരുന്നു.
ഡൽഹിയിൽ 1,28,289 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 3777 പേർ മരിച്ചു. 1,10,931 പേർക്ക് രോഗം ഭേദമായി. 13,681 പേർ ചികിത്സയിൽ തുടരുന്നു.
53,545 കേസുകൾ സ്ഥിരീകരിച്ച ഗുജറാത്തിൽ 2278 പേരാണ് മരിച്ചത്. 85870 കേസുകൾ വന്ന കർണാടകയിൽ മരണം 1724 ആയി. 60771 കേസുകൾ വന്ന ഉത്തർപ്രദേശിൽ 1348 പേരും 53971 കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചിമ ബംഗാളിൽ 1290 പേരും ഇതുവരെ മരിച്ചു.
വൺ മാൻ ഷോകളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും ജനഹൃദയങ്ങളിൽ ഇടംപിടിച്ച കലാകാരനാണ് രമേശ് പിഷാരടി. പിന്നീട് സിനിമയിൽ സംവിധായകനും നടനുമായും ടെലിവിഷനിൽ അവതാരകനായും മിമിക്രിക്കാരനായും തിളങ്ങുമ്പോഴും ഉരുളയ്ക്കുപ്പേരി പോലത്തെ മറുപടികളും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന തമാശകളുമാണ് പിഷാരടിയിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. സമൂഹമാധ്യമങ്ങളിലടക്കം സജീവമായ താരം തന്റെ ഫൊട്ടോയ്ക്ക് നൽകുന്ന അടിക്കുറിപ്പുകളും വളരെ വ്യത്യസ്‌തവും രസകരവുമാണ്.
അത്തരത്തിൽ ഏറ്റവും പുതിയതായി താരം ഫെയ്സ്ബുക്കിൽ പോസ്റ്റി ചെയ്തിരിക്കുന്ന ചിത്രവും അതോടൊപ്പമുള്ള കുറിപ്പും ആരാധകർ ഏറ്റെടുത്തു. ദേശീയ അവർഡ് വരെ നേടിയ നടൻ സലീം കുമാറിനൊപ്പമുള്ള ഫൊട്ടോയ്ക്ക് ആരോ ചെയ്ത ട്രോളാണ് പോസ്റ്റ്. സലീം കുമാറിന്റെ ട്രൂപ്പിലൂടെയാണ് രമേശ് പിഷാരടി ഹാസ്യരംഗത്ത് ചുവടുറപ്പിക്കുന്നത്. സലീം കുമാറിനൊപ്പം നടത്തിയ സ്റ്റേജ് ഷോയിലെ ചിത്രത്തിനൊപ്പമുള്ള വാചകം ഇങ്ങനെ” സകല വിദ്യകളും പഠിപ്പിച്ചത് ഒരു സകലകലാ വല്ലഭൻ ആകുമ്പോൾ, ഓൾ റൗണ്ടർ അവാർഡ് ഇങ്ങേരുടെ കയ്യിൻ ഇരുന്നില്ലേൽ ആയിരുന്നു അത്ഭുതം.”
‘ട്രോൾ ഇഷ്ടപ്പെട്ട രമേശ് അത് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്യാൻ താമസിച്ചില്ല. “അയച്ചു കിട്ടിയ ഈ ട്രോൾ പോസ്റ്റ് ചെയ്‌ത് പരസ്യമായി ഗുരുപൂജ ചെയ്തിരിക്കുന്നു…..ആശാൻ ആശാൻ..” എന്നായിരുന്നു ട്രോളിനൊപ്പം രമേശ് നൽകിയ വാചകം. എന്നാൽ ഇതിന് മറുപടിയുമായി സലീം കുമാർ തന്നെയെത്തി. മായാവി എന്ന ചിത്രത്തിലെ തന്റെ തന്നെ ഡയലോഗാണ് താരം രമേശ് പിഷാരടിക്ക് മറുപടിയായി നൽകിയത്.
“അവന് പരസ്യമായി ഗുരുപൂജ ചെയ്യണമെന്ന്… അതും ഫേസ്ബൂക്കിന്റെ നടയിൽ വെച്ച്. ഞാൻ ഫസ്റ്റിലെ പറഞ്ഞതാണ്… കൈയബദ്ധം ഒന്നും കാണിക്കരുത്… നാറ്റിക്കരുതെന്ന്.. !”
മിമിക്രി വേദികളിൽ നിന്നായിരുന്നു രമേഷ് പിഷാരടിയുടെയും സിനിമാ അരങ്ങേറ്റം. സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.
ലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ ക്വാറന്റൈനിൽ. അമ്മയെ കാണാൻ കഴിഞ്ഞ ദിവസമാണ് മോഹൻലാൽ കൊച്ചിയിലെത്തിയത്. തേവരയിലെ വീട്ടിലാണ് അമ്മയുള്ളത്, എന്നാൽ അമ്മയെ കാണണമെങ്കിൽ 14 ദിവസം കൂടി കാത്തിരിക്കണം. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ സർക്കാർ നിർദേശിച്ചതിനാൽ വീട്ടിലേക്ക് പോകാതെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണ് താരം. തന്റെ ഡ്രൈവർക്ക് ഒപ്പം കാറിലാണ് മോഹൻലാൽ കൊച്ചിയിലെത്തിയത്.
ജിത്തുജോസഫിന്റെ റാമിന്റെ സെറ്റില്‍ നിന്ന് ചെന്നൈയിൽ ബിഗ് ബോസ് ഷോയുടെ വീക്കീലി എപ്പിസോഡില്‍ പങ്കെടുക്കാനായി മോഹൻലാൽ ചെന്നൈയിൽ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതോടെ താരം ചെന്നൈ മറീന ബീച്ചിനടുത്തുള്ള വീട്ടില്‍ തങ്ങുകയായിരുന്നു. 40 വർഷത്തെ അഭിനയ ജീവിതത്തിൽ ഇത്രയും നീണ്ടൊരു അവധിക്കാലം കുടുംബത്തോടൊപ്പം താരം ചെലവിടുന്നത് ഇതാദ്യമായാണ്.
ലോക് ഡൗണിനെ തുടർന്ന് നാല് മാസത്തിലേറെയായി ചെന്നൈയിലെ വസതിയിൽ ഭാര്യക്കും മകനുമൊപ്പമായിരുന്നു ലാൽ. മകൾ വിസ്മയ വിദേശത്താണ്. ലോക്ക്ഡൗൺ കാലത്തെ ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു മോഹൻലാലിന്റെയും മകൻ പ്രണവിന്റെയും പിറന്നാളാഘോഷം. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഷൂട്ട് ചെയ്യാനിരുന്ന ‘ദൃശ്യം 2’ എന്ന മോഹൻലാൽ- ജീത്തുടീമിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഇനിയും വൈകുമെന്നാണ് റിപ്പോർട്ട്. കോവിഡ് കണക്കുകൾ ഉയരുന്ന പശ്ചാത്തലത്തിൽ സെപ്റ്റംബറിലാകും ചിത്രീകരണം ആരംഭിക്കുക.
മലയാളി ദമ്പതികളെ അബൂദബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയും 58കാരനുമായ ജനാര്‍ദ്ദനനും ഭാര്യ മിനിജയുമാണ് മരിച്ചത്. അബൂദബി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
അബൂദബി മദീന സായിദിലെ ഫ്‌ളാറ്റിലാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടിലുള്ള മകനും അബൂദബിയിലെ സുഹൃത്തുക്കള്‍ക്കും ഇവരെ ഫോണില്‍ കിട്ടാതെ വന്നപ്പോഴാണ് അന്വേഷണം ആരംഭിച്ചത്. ഫലമില്ലാതെ വന്നപ്പോള്‍ മകന്‍ സുഹൈല്‍ ജനാര്‍ദനന്‍ ഇമെയില്‍ മുഖേന പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് അബൂദബി പോലീസ് അന്വേഷണം ആരംഭിച്ചു. മലാപ്പറമ്പ് പട്ടേരി വീട്ടില്‍ ജനാര്‍ദ്ദനനും മിനിജയും താമസിച്ചിരുന്ന ഫ്‌ളാറ്റിലെത്തിയ പോലീസ് എത്ര വിളിച്ചിട്ടും ഇവര്‍ വാതില്‍ തുറക്കാതെ വന്നതോടെ വാതില്‍ ഇടിച്ചു തുറന്ന് അകത്തു കടക്കുകയായിരുന്നു. അപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.
ഇവര്‍ ജീവനൊടുക്കി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം അബൂദബിയിലുള്ള ജനാര്‍ദ്ദനന് ദിവസങ്ങള്‍ക്ക് മുമ്പ് ജോലി നഷ്ടപ്പെട്ടിരുന്നു. താമസിക്കുന്ന ഫ്‌ലാറ്റിന്റെ വാടകയും കുടിശ്ശികയുണ്ടായിരുന്നു.
ഗൃഹനാഥന് ജോലി നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ ദമ്പതികള്‍ ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. ട്രാവല്‍ ഏജന്‍സിയിലെ അക്കൗണ്ടന്റായിരുന്നു ജനാര്‍ദ്ദന്‍. ഭാര്യ മിനിജ സ്വകാര്യ സ്ഥാപനത്തിലെ ഓഡിറ്റിങ് അസിസ്റ്റന്റാണ്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അബൂദബി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ നിര്‍ണായക മൊഴി. കേസിലെ മുഖ്യ ആസൂത്രകര്‍ സന്ദീപ് നായരും റമീസുമെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. കസ്റ്റംസിനാണ് സ്വപ്ന മൊഴി നല്‍കിയത്. ദുബായില്‍വച്ചാണ് റമീസും സന്ദീപും തന്നെ പരിചയപ്പെട്ടത്.
റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാങ്കിലുള്ള നിക്ഷേപം അടുത്തിടെ നടന്ന ഒരു ഡീലിന് ലഭിച്ച പ്രതിഫലമാണെന്നും സ്വപ്ന മൊഴി നല്‍കി. അടുത്തിടെ നടന്ന കോടികളുടെ ഇടപാടിനെ കുറിച്ച് എന്‍ഐഎയും കസ്റ്റസും അന്വേഷണം തുടങ്ങി.
യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ആസൂത്രണം ചെയ്തത് റമീസിനാണെന്ന് സന്ദീപ് നായരും മൊഴി നല്‍കി. താന്‍ വഴിയാണ് റമീസ് സരിത്തുമായും സ്വപ്നയുമായും പരിചയപ്പെടുന്നതെന്നും സന്ദീപ് വെളിപ്പെടുത്തി. കേസില്‍ അറ്റാഷെയുടെ പങ്ക് കസ്റ്റംസ് ചോദ്യം ചെയ്യലിലും സന്ദീപ് നായര്‍ ആവര്‍ത്തിച്ചു. വ്യാഴാഴ്ച രാത്രിയാണ് സന്ദീപ് നായരെ കസ്റ്റംസ് ചോദ്യം ചെയ്തത്. വെള്ളിയാഴ്ച രാവിലെ സ്വപ്നയേയും ചോദ്യം ചെയ്തു.
നടന്‍മാരായ പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും ആഡംബര കാറോട്ട മത്സരം നടത്തിയെന്ന് പരാമര്‍ശിച്ച് വീഡിയോ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്. കൊച്ചി-കോട്ടയം – ഏറ്റുമാനൂര്‍ റൂട്ടില്‍ പൃഥ്വിരാജിന്റെ ലംബോര്‍ഗിനിയും ദുല്‍ഖറിന്റെ പോര്‍ഷെയും അമിത വേഗതയില്‍ മത്സരയോട്ടം നടത്തിയെന്ന വാദവുമായാണ് വീഡിയോ പുറത്തുവന്നത്. എന്നാല്‍ വിഷയത്തില്‍ അന്വേഷണം നടത്തുന്ന കാര്യം എറണാകുളം ആര്‍ടിഒ ഷാജി സ്ഥിരീകരിച്ചു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കുന്നുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
എംസി റോഡില്‍ ഇവരുടെ കാറുകള്‍ അമിതവേഗതയില്‍ പാഞ്ഞെന്നാണ് പറഞ്ഞുകേട്ടത്. ഇതിന്റെയടിസ്ഥാനത്തില്‍ ഈ റോഡിലെ ക്യാമറകള്‍ പരിശോധിച്ചിരുന്നു. എന്നാല്‍ പ്രസ്തുത വാഹനങ്ങള്‍ കടന്നുപോകുന്നതായി കാണാന്‍ സാധിച്ചിട്ടില്ല. മറ്റ് സ്ഥലങ്ങളിലെ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. വിഷയത്തില്‍ പരാതി ലഭിച്ചിട്ടില്ല. വൈറലായ വീഡിയോയില്‍ ക്ലാരിറ്റിക്കുറവുണ്ട്. അത് വെച്ച് അമിത വേഗമാണെന്ന് സ്ഥിരീകരിക്കാനോ കേസെടുക്കാനോ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വാഹനങ്ങള്‍ പോയ റോഡ് ഏതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. അതേസമയം നടന്‍മാര്‍ക്കെതിരെ കേസെടുത്തുവെന്ന പ്രചരണം ഇതോടെ പൊളിയുകയാണ്. വീഡിയോയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നേയുള്ളൂവെന്നാണ് ആര്‍ടിഒ വ്യക്തമാക്കുന്നത്. നടന്‍മാരുടേതായി പറയപ്പെടുന്ന ആഡംബര കാറുകളെ രണ്ട് യുവാക്കള്‍ ബൈക്കില്‍ പിന്‍തുടര്‍ന്ന് വീഡിയോ പകര്‍ത്തുകയായിരുന്നു. കാറിലുള്ളത് പൃഥ്വിയും ദുല്‍ഖറുമാണെന്ന് ഇവര്‍ പറയുന്നുമുണ്ട്. വിഷയത്തില്‍ വസ്തുതകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടശേഷം തുടര്‍ നടപടികളിലേക്ക് കടന്നാല്‍ മതിയെന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്.