പൂനെയിലെ റൂബി ഹാള്‍ ആശുപത്രിക്കെതിരെ ആരോപണങ്ങളുമായി മലയാളി നഴ്സുമാര്‍. പിപിഇ കിറ്റിനടക്കം പണം ഈടാക്കുമെന്നാണ് ഉയരുന്ന ആരോപണം. നഴ്സിംഗ് സൂപ്രണ്ട് ആരോപണം ഉന്നയിക്കുന്ന ഓഡിയോ സന്ദേശം നഴ്സുമാര്‍ പുറത്ത് വിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അതേസമയം മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കിയിട്ടും ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് ആരോപിച്ച് ആശുപത്രി മാനേജ്മെന്റും രംഗത്തെത്തിയിട്ടുണ്ട്.
ഇതുവരെ 25 ജീവനക്കാര്‍ക്കാണ് ആശുപത്രിയില്‍ കൊവിഡ് 19രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഭൂരിഭാഗവും രോഗം സ്ഥിരീകരിച്ചിരിക്കുന്നത് മലയാളികള്‍ക്കാണ്. രോഗസാധ്യതയുള്ളവരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി ക്വാറന്റീന് ചെയ്യുന്നതിലും പിപിഇ കിറ്റടക്കം നല്കുന്നതില് വരുത്തിയ വീഴ്ചയുമാണെന്ന് കാര്യങ്ങള്‍ ഈ വിധമാക്കിയതെന്ന് നഴ്സുമാര്‍ ആരോപിക്കുന്നു.
എന്നാല്‍ ആരോപണങ്ങളെല്ലാം വ്യാജമാണെന്നാണ് ആശുപത്രി മാനേജ്മെന്റിന്റെ വാദം. കൊവിഡ് ചികിത്സയ്ക്കായി ഒരു കെട്ടിടമാകെ മാറ്റിവെച്ചു. രോഗ സാധ്യതയുള്ള ജീവനക്കാരെ ക്വാറന്റൈന് ചെയ്യാനായി 3 ഹോട്ടലുകള്‍ വാടകയ്ക്കെടുത്തിട്ടുണ്ടെന്നും മാനേജ്മെന്റ് പറയുന്നു. പിപിഇ കിറ്റിനടക്കം കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും മാനേജ്മെന്റ് വിശദീകരിക്കുന്നു.
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യ നില ഗുരുതരമാണെന്നും മസ്തിഷ്ക മരണം സംഭവിച്ചുവെന്നുമുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ ദക്ഷിണ കൊറിയ നിഷേധിച്ചു. കിമ്മിന്റെ ആരോഗ്യനില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ്പ് നിഷേധിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് യോന്‍ഹാപ്പ് വാര്‍ത്ത പുറത്തുവിട്ടതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലാണെന്ന് അമേരിക്കന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കിമ്മിന്റെ സ്ഥിതി ഗുരുതരമായതെന്നും മസ്തിഷ്ക മരണം സംഭവിച്ചുവെന്നും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞു.
അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചുകൊണ്ടാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കിം ജോങ് ഉന്‍ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണെന്ന വാര്‍ത്ത നേരത്തെ ദക്ഷിണ കൊറിയന്‍ പ്രദേശിക പത്രം പുറത്തുവിട്ടിരുന്നു.
കിമ്മിന് മസ്തിഷ്ക മരണം സംഭവിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏപ്രില്‍ 15ന് മുത്തച്ഛന്റെ പിറന്നാളാഘോഷങ്ങളില്‍ നിന്ന് കിം വിട്ടുനിന്നിരുന്നു. ഇതോടെയാണ് കിം അസുഖ ബാധിതനാണെന്ന സംശയം മാധ്യമങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയത്. അതേസമയം, ഇക്കാര്യത്തെക്കുറിച്ച് ഉത്തരകൊറിയ പ്രതികരണമൊന്നും അറിയിച്ചിട്ടില്ല.
കോവിഡ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൗൺ മെയ് മൂന്നിന് കേന്ദ്ര സർക്കാർ പിൻവലിക്കുകയാണെങ്കിൽ മെയ് രണ്ടാം വാരത്തോടെ അവശേഷിക്കുന്ന എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷകൾ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ്.
എന്നാൽ, കോവിഡ് 19 സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചതിന് ശേഷമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. മെയ് എട്ടിനും, മെയ് 11നും പരീക്ഷ ആരംഭിക്കാനുള്ള രണ്ട് തിയതികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ടുവെച്ചിരിക്കുന്നത്. എസ്എസ്എൽസിക്ക് മൂന്നും ഹയർസെക്കന്ററിക്ക് നാലും പരീക്ഷകളാണ് ബാക്കിയുള്ളത്.
ഇരു വിഭാഗത്തിലേയും പരീക്ഷകൾ ഒന്നിച്ചാണ് ഇത്തവണ നടത്തിയത്. എന്നാൽ അവശേഷിക്കുന്ന പരീക്ഷകൾ ഒരുമിച്ചിരുത്തി നടത്തേണ്ടതില്ലെന്നാണ് ധാരണ. എട്ടിന് പരീക്ഷ ആരംഭിക്കാനായില്ലെങ്കിൽ മെയ് 11 മുതൽ 14 വരെ നടത്താനാണ് നീക്കം. പരീക്ഷ തിയതി, അധ്യാപക പരിശീലനം എന്നിവയെ കുറിച്ചുള്ള ശുപാർശകൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്യുഐപി യോഗം ചൊവ്വാഴ് ചേരും.
ലോക്ക്ഡൗണിന് ഇളവ് ലഭിച്ച ജില്ലകളിൽ പാഠപുസ്തകങ്ങൾ എത്തിക്കുന്നത് സംബന്ധിച്ച് ഉൾപ്പെടെ ചർച്ച ചെയ്യും. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ മുഴുവൻ പേർക്കും അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകാൻ തീരുമാനമായി. ഒൻപതാം ക്ലാസിൽ അവശേഷിക്കുന്ന പരീക്ഷ നടത്തില്ല. അതിന് പകരം പാദ, അർധ വാർഷിക പരീക്ഷകളുടെ മാർക്കുകൾ താരതമ്യം ചെയ്ത് വാർഷിക പരീക്ഷക്ക് മാർക്ക് അനുവദിക്കും.
രാഷ്ട്രപതി ഭവനിലും കൊവിഡ് സ്ഥിരീകരിച്ചു. രാഷ്ട്രപതി ഭവനിലെ ശുചീകരണ തൊഴിലാളിയുടെ കുടുംബാംഗത്തിനാണ് രോഗം സ്ഥിരീകരിച്ചത്. മുൻ കരുതൽ നടപടിയുടെ ഭാഗമായി രാഷ്ട്രപതി ഭവനിലെ 125 ഓളം കുടുംബാംഗങ്ങളെ സ്വയം നിരീക്ഷണത്തിലാക്കി.
അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17,656 ആയി. ഇന്നലെ മാത്രം 1,267 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ചയെ അപേക്ഷിച്ച് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം വർധിച്ചു.
559 പേർക്കാണ് ജീവൻ നഷ്ടമായത്. 2,842 പേർ രോഗമുക്തി നേടി.
മഹാരാഷ്ട്രയിൽ 466 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഒൻപത് പേർ മരിച്ചു. ഗുജറാത്തിൽ 196 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജസ്ഥാനിൽ 98 പേർക്കും ഉത്തർപ്രദേശിൽ 95 പേർക്കും രോഗം സ്ഥിരീകരിച്ചു. ഡൽഹിയിലും മധ്യപ്രദേശിലും എഴുപതിൽ അധികം പേർക്കാണ് രോഗം കണ്ടെത്തിയത്.
മറ്റ് രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്കുള്ള പ്രവേശനം താത്കാലികമായി നിർത്തിവെച്ചേക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്വിറ്ററിലൂടെയായിരുന്നു പ്രസ്താവന.
‘കാണാൻ സാധിക്കാത്ത ഒരു ശത്രുവിൽ നിന്നുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തിലും, അമേരിക്കയിലെ പൊരന്മാരുടെ ജോലി സംരക്ഷിക്കണമെന്നതിനാലും മറ്റ് രാജ്യങ്ങളിൽ നിന്ന് യുഎസിലേക്കുള്ള പ്രവേശനം താത്കാലികമായി നിർത്തിവച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഓർഡറിൽ ഞാൻ ഒപ്പ് വയ്ക്കും’- ട്രംപ് കുറിച്ചു.
മണിക്കൂറുകൾക്ക് മുമ്പ് വരെ ഏറെ ഉത്സാഹത്തോടെയും ശുഭാപ്തിവിശ്വാസത്തോടെയും സംസാരിച്ച് കാണപ്പെട്ട ട്രംപ് ഇത്തരത്തിലൊരു ട്വീറ്റ് കുറിച്ചത് ഞെട്ടിച്ചുവെന്നാണ് പല അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ തന്നെ ചില യൂറോപ്യൻ രാജ്യങ്ങൾ, ചൈന, കാനഡ, മെക്സിക്കോ, ഇറാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര അമേരിക്ക റദ്ദാക്കിയിരുന്നു. ഇതിന്റെ തുടർ നടപടിയെന്നോണ മാകും നിലവിലെ തീരുമാനം.
പെട്ടെന്നുള്ള ട്രംപിന്റെ ഈ തീരുമാനം വലിയ ആശയക്കുഴപ്പങ്ങളാണ് വിമാനത്താവളങ്ങളിലും മറ്റുമായി കുടുങ്ങി കിടക്കുന്നവരിൽ സൃഷ്ടിച്ചിരിക്കുന്നത്. എത്ര നാൾ വരെയാകും ഈ വിലക്കെന്ന് ട്രംപോ വൈറ്റ്ഹൗസോ വ്യക്തമാക്കാൻ തയാറായിട്ടില്ല.
ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ ആരോഗ്യനില വഷളായതായാണ് വിവരം. കിം ജോങ് ഉന്നിന് മസ്തിഷ്ക മരണം സംഭവിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹൃദയസംബന്ധമായ രോഗത്തിന് കിം ചികിത്സയിലായിരുന്നുവെന്ന് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഉത്തരകൊറിയൻ വാർഷികാഘോഷങ്ങളിൽ കിമ്മിന്റെ അസാന്നിധ്യം ഏറെ അഭ്യൂഹങ്ങൾ സൃഷ്ടിച്ചിരുന്നു.
ഏപ്രിൽ 11ന് വർക്കേഴ്സ് പാർട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്. ഈ യോഗത്തിന് ശേഷമാണ് കിം ചികിത്സക്ക് തിരിച്ചത്. പതിനഞ്ചാം തീയതി ശസ്ത്രക്രിയക്ക് വിധേയനായി. തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയായിരുന്നുവെന്നാണ് വിവരം.
കോവിഡ് ബാധിച്ച് ദുബായിൽ രണ്ടു മലയാളികൾ കൂടി മരിച്ചു. ഒറ്റപ്പാലം സ്വദേശി അഹമ്മദ് കബീർ (47), തുമ്പമൺ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് മരിച്ചത്. ശ്വാസതടസമടക്കമുള്ള ബുദ്ധിമുട്ടുകളോടെ വ്യാഴാഴ്ചയാണ് അഹമ്മദ് കബീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോവിഡ് സ്ഥിരീകരിച്ചു ഇറാനി ആശുപത്രിയിൽ ചികിൽസയിലായിരുന്ന കോശി സഖറിയക്ക് ന്യുമോണിയ കൂടി ബാധിച്ചതാണ് മരണകാരണം. ഇതോടെ യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഒൻപതായി. പതിമൂന്നു മലയാളികളാണ് ഗൾഫിൽ മരിച്ചത്.
ലോക്ക് ഡൗൺ കാലത്തും ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതും ഒരു മലയാളിയുടെ. മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നായ ഉഴുന്നവടയെ അദ്ഭുതത്തോടെ നോക്കിക്കാണുന്ന ഒരാളുടെ വീഡിയോ ആയിരുന്നു അത്. ഉഴുന്ന് അരച്ച് ഉണ്ടാക്കുന്ന ഒരു പലഹാരമാണിതെന്നും വളരെ രുചികരമാണെന്നുമായിരുന്നു വീഡിയോയിൽ വ്യക്തമാക്കിയിരുന്നത്.
“ഇത് യൂട്യൂബിൽ കണ്ടാണ് ഉണ്ടാക്കിയത്. നടുക്ക് ഓട്ടയുള്ളതിനാൽ അപ്പുറത്തൂടെ വരുന്നയാളിനെ കാണാനാകും. നാട്ടിൽ പാവങ്ങളുടെ ഭക്ഷണമെന്നാണ് പറയുന്നത്. ചില ആൾക്കാൾ മഴയത്തും വെയിലത്തുമൊക്കെ സൈക്കിളിലും ബൈക്കിലുമൊക്കെ ഇത് വിൽപന നടത്താറുണ്ട്”- ഇതായിരുന്നു വീഡിയോയിൽ ജോസ് എന്നയാൾ പറഞ്ഞിരുന്നത്. നല്ല ഭക്ഷണമാണ് ഇത് നിങ്ങളും ഉണ്ടാക്കി ഉപയോഗിക്കണമെന്ന ഉപദേശവും നൽകുന്നുണ്ട്.
എന്നാൽ വീഡിയോയെ കാത്തിരുന്നത് തെറിയഭിഷേകവും ട്രോളുകളുമായിരുന്നു. ഇതിനിടെ എന്താണ് ശരിക്കും സംഭവിച്ചതെന്നു വ്യക്തമാക്കിയുള്ള വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
സുഹൃത്തുക്കളെ കാണിക്കാൻ തമാശയ്ക്ക് ചെയ്ത വീഡിയോ ആണിതെന്നാണ് യുകെ മലയാളിയായ ജോസ് പറയുന്നത്. പണ്ട് നാട്ടിൽ തനിക്ക് വടയും ബിസിനസായിരുന്നെന്നും ദിവസേനെ മൂവായിരത്തോളം വടകൾ ഉണ്ടാക്കിയിരുന്നതായും അദ്ദേഹം പറയുന്നുണ്ട്. വർഷങ്ങൾക്കും ശേഷം വീണ്ടും വട ഉണ്ടാക്കിയെന്നും അത് നന്നായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഏതായാലും വീഡിയോ പുറത്തിറങ്ങിയതിനു ശേഷം അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ സ്ഥലത്തു നിന്നും തെറിവിളി കിട്ടിയെന്നും ഈ ആലുവക്കാരൻ പുതിയ വീഡിയോയിൽ സമ്മതിക്കുന്നു
സംസ്ഥാനത്ത് ഇന്ന് മുതല്‍ 24 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലേമീറ്റര്‍ വേഗതയില്‍ കാറ്റിനുള്ള സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം). ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതലുകള്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്
ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസിലും കളിക്കുന്നത് ഒഴിവാക്കുക.
പൊതു നിര്‍ദേശങ്ങള്‍
1. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
2. മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
3. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
4. ജനലും വാതിലും അടച്ചിടുക.
5.ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
6. ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക.
7. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
8. കഴിയുന്നത്ര വീടിന്റെ ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക.
9. ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
10. വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.
11. വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസായ സ്ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം.
12. ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല.
13. പട്ടം പറത്തുവാന്‍ പാടില്ല.
14. തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല് മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
15. ഇടിമിന്നലുള്ള സമയം പുറത്ത് അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കാതിരിക്കുക.
16. ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.
17. മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്കുവാന് മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന് രക്ഷിക്കാനുള്ള സുവര്‍ണ നിമിഷങ്ങളാണ്. വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്
മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ഗന്ധചിഞ്ചലേ ഗ്രാമത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത് . ഏപ്രിൽ 16 നു രാത്രിയിലാണ് രണ്ടു സന്യാസിമാരെയും അവർ സഞ്ചരിച്ചിരുന്ന ടാക്സിയുടെഡ്രൈവറെയും പോലീസ് നോക്കി നിൽക്കെ ജനക്കൂട്ടം അടിച്ചു കൊന്നത് . വാരണാസിയിലെ ശ്രീ പഞ്ച് ദശനം ജുന അഖാരയിലെ സന്യാസിമാരായ ചിക്കാനെ മഹാരാജ് കല്പവൃക്ഷഗിരി (70) സുശീൽ ഗിരി മഹാരാജ് (35) എന്നിവരാണ് ആൾക്കൂട്ട ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത് .
നാസിക്കിൽ നിന്നും ഗുജറാത്തിലെ സൂറത്തിലേക്കുള്ള യാത്രയിലായിരുന്നു അവർ . കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവർ എന്നാരോപിച്ചാണ് ജനക്കൂട്ടം സന്യാസിമാരെ ആക്രമിച്ചത്. രക്ഷപെടാനായി പോലീസുകാരനോട് വയോ വൃദ്ധനായ സന്യാസി കെഞ്ചുന്നതും അയാൾ നിഷ്കരുണം ആ മനുഷ്യനെ തള്ളിമാറ്റുന്നതും വീഡിയോയിൽ വ്യക്തമാണ് . ഇവർ സഞ്ചരിച്ചിരുന്ന ടാക്സി ഓടിച്ചിരുന്ന ഡ്രൈവർ നിലേഷ് ടെലഗാനേയും ആക്രമണത്തിൽ കൊല്ലപ്പെട്ടു .
അതി ക്രൂരമായ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തു വന്നത് . മഹാരാഷ്ട്ര ഭരിയ്ക്കുന്ന അഗാഡി സർക്കാരിനും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കുമെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത് . ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യ നാഥ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ ഫോണിൽ വിളിച്ചു കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നു ആവശ്യപ്പെട്ടു .
രാജ്യത്തെ ഏറ്റവും വലതും പുരാതനവുമായ സന്യാസി സമൂഹമാണ് ജുന അഖാര. ഒരു ദളിത് സന്യാസിയെ മഹാമണ്ഡലേശ്വർ എന്ന സുപ്രധാന സ്ഥാനത്തു നിയോഗിച്ചതിലൂടെ കഴിഞ്ഞ വർഷം ജുന അഖാര വാർത്തകളിൽ ഇടം നേടിയിരുന്നു . സന്യാസിമാരെ ക്രൂരമായി കൊലപ്പെടുത്തിയതിനെതിരെ ദേശ വ്യാപകമായി പ്രതിഷേധം ഉയരുകയാണ് .