സ്പീക്കറുടെ അയോഗ്യതാ നോട്ടീസിനെതിരെ സച്ചിൻ പൈലറ്റ് അടക്കമുള്ള രാജസ്ഥാനിലെ 19 വിമത കോൺഗ്രസ് എംഎൽഎമാർ നൽകിയ പെറ്റീഷനിൽ ഹൈക്കോടതിക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. പെറ്റീഷനിലെ ഹൈക്കോടതി നടപടികൾ സ്റ്റേ ചെയ്യണമെന്ന സപീക്കർ സി പി ജോഷിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ നാളെ തീരുമാനം പ്രഖ്യാപിക്കാമെന്നാണ് രാജസ്ഥാൻ ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. അയോഗ്യരാക്കിയിട്ടില്ലെന്നും അയോഗ്യതാ നോട്ടീസ് നല്‍കുകയാണ് ചെയ്തതെന്നും സ്പീക്കറുടെ ഈ അധികാരത്തില്‍ ഇടപെടാന്‍ കോടതികള്‍ക്ക് അവകാശമില്ലെന്നും സ്പീക്കര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചിരുന്നു.
സ്പീക്കറുടെ അയോഗ്യതാ നോട്ടീസ് കോടതി അംഗീകരിക്കുകയും തന്നെ നിയമസഭാംഗമെന്ന നിലയില്‍ അയോഗ്യനാക്കുകയും ചെയ്താല്‍ പിന്നെ താന്‍ രാഷ്ട്രീയത്തിലുണ്ടാകില്ല എന്ന് രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയും വിമത കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റ്. സച്ചിന്‍ പൈലറ്റുമായി അടുത്ത വൃത്തങ്ങള്‍ എന്‍ഡിടിവിയോടാണ് ഇക്കാര്യം പറഞ്ഞത്. കോടതിയിലെ കേസ് ജയിച്ചാല്‍ കോണ്‍ഗ്രസ്സിനകത്ത് അവകാശപ്പോരാട്ടങ്ങള്‍ തുടരുമെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.
ഒരാൾക്ക് സ്വന്തം പാർട്ടിയ്ക്കെതിരെ ശബ്ദമുയർത്തിക്കൂടേ എന്ന് സുപ്രീം കോടതി ചോദിച്ചതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു. അയോഗ്യതാ നടപടികൾ നീട്ടിവയ്ക്കാനുള്ള ഹൈക്കോടതി നിർദ്ദേശം റദ്ദാക്കണമെന്ന് സ്പീക്കർക്ക് വേണ്ടി ഹാജരായ കപിൽ സിബൽ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. എംഎൽഎമാരുടെ യോഗം ബഹിഷ്കരിക്കുന്നത് പാർട്ടി അംഗത്വം ഉപേക്ഷിക്കുന്നതിന് തുല്യമാണെന്ന് കപിൽ സിബൽ അഭിപ്രായപ്പെട്ടു. കേസിലെ ഹൈക്കോടതി നടപടികൾ സ്റ്റേ ചെയ്യണമെന്ന് സിബൽ ആവശ്യപ്പെട്ടു. അയോഗ്യതാ നടപടികള്‍ക്കിടെ അംഗങ്ങള്‍ക്ക് ഇടക്കാല സംരക്ഷണം നല്‍കാന്‍ കോടതികള്‍ക്കാവില്ല എന്ന് കീഷാം മേഘചന്ദ്ര സിംഗ് കേസില്‍ ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ വ്യക്തമാക്കിയിട്ടുള്ള കാര്യം കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.
സ്പീക്കർ എന്ത് തീരുമാനിക്കണം എന്ന് ആർക്കും പറയാനാകില്ലെന്നും എന്നാൽ വിശദമായ വാദം ഈ കേസിൽ വേണ്ടി വരുമെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. ജനാധിപത്യത്തില്‍ വിയോജിപ്പിന്റെ ശബ്ദം അടിച്ചമര്‍ത്താനാവില്ല. ഒരു ദിവസത്തെ കാര്യമല്ലേ, എന്തുകൊണ്ട് കാത്തിരുന്നുകൂടാ എന്ന് സുപ്രീം കോടതി ചോദിച്ചു. ജസ്റ്റിസ് അരുൺ മിശ്രയ്ക്ക് പുറമെ ജസ്റ്റിസുമാരായ ബി ആർ ഗവായ്, കൃഷ്ണ മുരാരി എന്നിവരാണ് സുപ്രീംകോടതി ബെഞ്ചിലുള്ളത്. ഹരീഷ് സാൽവെ, മുൻ അറ്റോണി ജനറൽ മുകുൾ റോത്താഗി എന്നിവരാണ് സച്ചിൻ പൈലറ്റ് വിഭാഗത്തിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്. ഇവർ രാജസ്ഥാൻ ഹൈക്കോടതിയിലും ഹാജരായിരുന്നു.
രാജസ്ഥാൻ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് ഇന്ദ്രജിത്ത് മഹന്തിയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സച്ചിൻ പൈലറ്റ് അടക്കമുള്ള വിമത എംഎൽഎമാർക്കെതിരായ അയോഗ്യതാ നോട്ടീസ് കോടതി തീരുമാനം വരുന്നത് വരെ നടപടി പാടില്ലെന്ന് ഹൈക്കോടതി സ്പീക്കർക്ക് നിർദ്ദേശം നൽകിയിരുന്നു. അതേസമയം ഹൈക്കോടതി നടപടികൾ സ്റ്റേ ചെയ്യാൻ വിസമ്മതിച്ചെങ്കിലും സ്പീക്കറുടെ സ്പെഷൽ ലീവ് പെറ്റീഷനിൽ വിശദമായി വാദം കേൾക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. തിങ്കളാഴ്ച കേസ് വീണ്ടും കേൾക്കും. സുപ്രീം കോടതി വിധികൾക്ക് അനുസൃതമായി മാത്രമേ ഹൈക്കോടതിക്ക് തീരുമാനമെടുക്കാൻ കഴിയൂ എന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന് മലയാള സിനിമ മേഖലയുമായി അടുത്തബന്ധമുണ്ടായിരുന്നുവെന്ന സൂചനകളിലേക്കും അന്വേഷണം വ്യാപി പ്പിക്കാൻ എന്‍ ഐ എ. വിദേശത്തു നിന്നും കടത്തുന്ന സ്വര്‍ണം മെറ്റല്‍ മണിയായി സിനിമയില്‍ ഉപയോഗിക്കുന്നുണ്ടെന്ന വിവരം മറ്റൊരു പ്രതിയായ സരിത്ത് അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നതാണ്. ഇതിനു പിന്നാലെയാണ് ഫൈസലിന്റെ സിനിമ ബന്ധങ്ങളുടെ വിവരങ്ങളും പുറത്തു വരുന്നത്. നാല് മലയാള ചിത്രങ്ങള്‍ക്ക് ഫൈസല്‍ പണം മുടക്കിയിട്ടുണ്ടെന്ന വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ഈ ചിത്രങ്ങളിലൊന്നിലും തന്നെ ഫൈസല്‍ തന്റെ പേര് ഉപയോഗിച്ചിട്ടില്ലെന്നു പറയുന്നു. ഇതിനൊപ്പമാണ് 2014 ല്‍ പുറത്തിറങ്ങിയ ഫഹദ് ഫാസില്‍ ചിത്രമായ ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയില്‍ ദുബായ് പൊലീസിന്റെ വേഷത്തില്‍ നിമിഷ നേരത്തേക്ക് പ്രത്യക്ഷപ്പെട്ട നടന്‍ ഫൈസല്‍ ആണെന്ന വാര്‍ത്തകളും പുറത്തു വരുന്നത്. എന്നാല്‍ ഇതിലൊന്നും ഇതുവരെ സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.
വര്‍ഷങ്ങളായി ദുബായില്‍ ജീവിക്കുന്ന ഫൈസല്‍ ഫരീദിനെ കുറിച്ച് ഒട്ടേറെകഥകള്‍ പുറത്തു വരുന്നുണ്ടെങ്കിലും എല്ലാകഥകളിലും ഒരുപോലെ പറഞ്ഞിരുന്ന കാര്യമാണ് ഫൈസലിന്റെ സിനിമബന്ധം. ദുബായില്‍ എത്തുന്ന സിനിമാക്കാരുമായെല്ലാം ഇയാള്‍ ബന്ധം സ്ഥാപിക്കാറുണ്ടെന്നാണ് പറയുന്നത്. മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലെ താരങ്ങളോടും ഇയാള്‍ അടുപ്പമുണ്ടാക്കിയിരുന്നു. ഫൈസലിന്റെ ജിനേഷ്യം ഉത്ഘാടനം ചെയ്തത് ബോളിവുഡ് താരം അര്‍ജുന്‍ കപൂറാണ്. കാര്‍ റേസിംഗിലും ആഢംബര കാറുകളിലും അതീവതത്പരനെന്നറിയപ്പെടുന്ന ഫൈസല്‍ തന്റെ ആതിഥേയത്വം സ്വീകരിക്കുന്ന സിനിമ താരങ്ങള്‍ക്ക് ആഢംബരകാറുകള്‍ ഉപയോഗിക്കാനും വിട്ടുകൊടുക്കാറുണ്ടായിരുന്നു. ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയുടെ അണിയറക്കാര്‍ക്കും ഒരു ആഡംബരകാര്‍ വിട്ടുനല്‍കിയാണ് അവരോട് അടുപ്പത്തിലായതെന്നു പറയുന്നു. ഇത്തരത്തില്‍ സ്ഥാപിച്ച ബന്ധം വഴിയാണ്് സിനിമയില്‍ ചെറിയൊരു വേഷത്തില്‍ ഫൈസല്‍ ഫരീദ് എത്തുന്നതെന്നാണ് വാര്‍ത്തകളില്‍ പറയുന്നത്.
എന്നാല്‍ സിനിമയുടെ സംവിധായകന്‍ വാസുദേവന്‍ സനലിന്റെ വിശദീകരണം മറ്റൊരു തരത്തിലാണ്. ദുബായില്‍ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഒരു സീനിലേക്ക് പൊലീസ് വേഷം ചെയ്യാന്‍, അറബി ഭാഷ അറിയുന്നവരും അവിടുത്തെ പൗരന്മാരുടെ മുഖച്ഛായ ഉള്ളവരുമായ രണ്ടു യുവാക്കളെ വേണമെന്ന ആവശ്യം കോര്‍ഡിനേറ്ററെ അറിയിച്ചതിന്‍ പ്രകാരം എത്തിയവരാണ് തന്റെ സിനിമയില്‍ അറബ് പൊലീസുകാരുടെ വേഷം ചെയ്തതെന്നാണ് വാസുദേവന്‍ സനല്‍ പറഞ്ഞതായി മലയാള മനോരമ റിപ്പോർട്ട് ചെയ്തു. അത്രപ്രാധാന്യമൊന്നുമില്ലാത്ത റോള്‍ ആയിരുന്നതുകൊണ്ട് അഭിനയിച്ചതാരാണെന്ന് ഓര്‍ക്കുന്നില്ലെന്നും മാധ്യമങ്ങളില്‍ ഫൈസലിന്റെ മുഖം കണ്ടിട്ടും അയാളാണോ ആ വേഷം ചെയ്തതെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും വാസുദേവന്‍ സനല്‍ അദ്ദേഹം വിശദീകരിച്ചു. . സ്വര്‍ണക്കടത്ത് കേസ് പ്രതിയായ ഫൈസല്‍ ഫരീദ് തന്നെയാണ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയില്‍ അഭിനയിച്ചതെന്ന് സ്ഥരീകരിക്കാന്‍ കഴിയുന്നില്ലെന്നാണ് സംവിധായകന്‍ പ്രതികരിക്കുന്നത്.
അതേസമയം രണ്ടോ മൂന്നോ സെക്കന്‍ഡുകളില്‍ വന്നുപോകുന്നൊരു കഥാപാത്രമായിട്ടും സിനിമയുടെ ക്രെഡിറ്റ് കാര്‍ഡില്‍ ഫൈസല്‍ ഫരീദ് എന്ന പേരുണ്ട്. വിക്കീപീഡിയയില്‍ ഈ ചിത്രവുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ അഭിനേതാക്കളുടെ ലിസ്റ്റിലും ഫൈസല്‍ ഫരീദ് എന്ന പേരുണ്ട്(ഫൈസല്‍ ഫരീദ്- ഷാര്‍ജ പൊലീസ് ഓഫിസര്‍).മാത്രമല്ല, സിനിമയുടെ സഹ നിര്‍മാതാക്കളുടെ കൂട്ടത്തിലും ഫൈസല്‍ ഫരീദ് എന്ന പേരുണ്ട്. സംവിധായകന് പോലും തിരിച്ചറിയാന്‍ കഴിയാത്തവിധം മൂന്നു സെക്കന്‍ഡില്‍ മാത്രം വന്നുപോയൊരു നടന്റെ പേര് ടൈറ്റില്‍ കാര്‍ഡിലും വിക്കിപീഡിയയിലും ഉള്‍പ്പെടുന്നത് സിനിമയില്‍ അത്ര സാധാരണമല്ല. ഈ സംശയങ്ങളൊക്കെ ഫൈസല്‍ ഫരീദിന്റെ സിനിമബന്ധങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികറണവുമായി സിനിമ താരം സമീറ റെഡി. നരച്ച മുടിയും മെയ്ക്കപ്പ് ഇല്ലാത്ത മുഖവും വെളിപ്പെടുത്തുന്ന വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ഒരു വയസായ ഒരു കുഞ്ഞിന്റെ അമ്മ സമീറയ്ക്ക് അയച്ച ഒരു സന്ദേശത്തില്‍ സമീറയുടെ ചിത്രങ്ങള്‍ അവരെ വിഷാദിയാക്കുന്നെന്ന് പറഞ്ഞു. അതിനു പിന്നാലെയാണ് സമീറ വീഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രസവത്തിനു ശേഷം തനിക്കും ബേബി ഫാറ്റ് ഉണ്ടെന്നും ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ കാണുന്നതുപോലെ പാടുകളൊന്നുമില്ലാത്ത ചര്‍മ്മമല്ല തന്റേതെന്നും വീഡിയോയില്‍ താരം പറയുന്നു.
‘ഒരു വയസുള്ള കുഞ്ഞിന്റെ അമ്മ എനിക്കൊരു സന്ദേശം അയച്ചു. പ്രസവത്തിനു ശേഷം അവരെ കാണാന്‍ ഒട്ടും സൗന്ദര്യമില്ലെന്നും ബേബി ഫാറ്റ് മൂലം തടിച്ച് വിരൂപയായി തോന്നിക്കുന്നുവെന്നും പറഞ്ഞായിരുന്നു അവരുടെ സന്ദേശം. എന്റെ ചിത്രങ്ങള്‍ അവരെ വിഷാദിയാക്കുന്നെന്നും പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അതുകൊണ്ടാണ് ഉറക്കമുണര്‍ന്ന രൂപത്തില്‍ ഒരു മെയ്ക്കപ്പു പോലും ഉപയോഗിക്കാതെ നിങ്ങളുടെ മുന്നില്‍ വരാന്‍ തീരുമാനിച്ചത്. നമ്മെക്കുറിച്ച് നമുക്കു തന്നെയുള്ള പ്രതീക്ഷകളില്‍ തീര്‍ച്ചയായും ഇതൊരു പോസിറ്റീവ് ചിന്ത നിറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.’ സമീറ വീഡിയോയില്‍ പറയുന്നു.
തടി, വൈരൂപ്യം തുടങ്ങിയ വാക്കുകള്‍ക്കെതിരെ താന്‍ സംസാരിക്കാറുള്ളതാണെന്നും താരതമ്യം ചെയ്ത് സൗന്ദര്യത്തെക്കുറിച്ച് സംസാരിക്കുന്നത് താനാരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും സമീറ പറയുന്നു.
സമൂഹമാധ്യമങ്ങളില്‍ നിറയെ ഇപ്പോള്‍ നടി വനിത വിജയകുമാറുമായി ബന്ധപ്പെട്ട വിവാദ വാര്‍ത്തകളാണ്. പീറ്ററുമായുള്ള മൂന്നാം വിവാഹവുമായി ബന്ധപ്പെട്ട് ലക്ഷ്മി രാമകൃഷ്ണന്റെ പ്രതികരണം വനിതയെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതുപിന്നീട് ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങളിലേക്ക് എത്തി.
വനിത വിജയകുമാര്‍ – ലക്ഷ്മി രാമകൃഷ്ണന്‍ വാക്‌പോര് മുറുകുന്നതിനിടെ വിവാദത്തിന് പുതിയ മാനം നല്‍കി വനിത വിജയകുമാറിന്റെ ഭര്‍ത്താവ് പീറ്റര്‍ പോളിന്റെ മുന്‍ഭാര്യ ഹെലന്‍ എലിസബത്തിന്റെ അഭിമുഖം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഹെലന്‍ എലിസബത്തുമായുള്ള നടി ലക്ഷ്മി രാമകൃഷ്ണന്റെ വിഡിയോ അഭിമുഖമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
പീറ്റര്‍ വനിതയെ വിവാഹം ചെയ്തത് നിയമപരമായി താനുമായി വിവാഹമോചനം നേടാതെയാണെന്ന് എലിസബത്ത് തുറന്നടിച്ചു. ‘എനിക്ക് രണ്ട് കുട്ടികളുണ്ട്. പെണ്‍കുട്ടിയും ആണ്‍കുട്ടിയും. പൊലീസ് സ്റ്റേഷനില്‍ പോലും എനിക്ക് സഹായം ലഭിച്ചില്ല. ഇവര്‍ എനിക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. മാത്രമല്ല എനിക്കെതിരെയും വളരെ മോശമായ ആരോപണമാണ് നടത്തിയിരിക്കുന്നത്” എന്ന് ഹെലന്‍ എലിസബത്ത് പറഞ്ഞു.
”ഏഴ് വര്‍ഷം മുമ്പ് ഞാന്‍ മറ്റൊരാളുടെ കൂടെ ഒളിച്ചോടി, ആ കാരണം കൊണ്ടാണ് എന്നെ വിട്ട് ഓടിപ്പോയതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഞാന്‍ എന്റെ ഭര്‍ത്താവിന് നല്ല ഭാര്യയും കുട്ടികള്‍ക്ക് നല്ല അമ്മയുമാണ്. ഇതുവരെ എന്റെ ഭാഗത്തുനിന്നും ഒരു മോശം കാര്യവും ജീവിതത്തില്‍ ഉണ്ടായിട്ടില്ല’.- എലിസബത്ത് വ്യക്തമാക്കി.
അഭിമുഖത്തിനിടെ പീറ്റര്‍ പോളിനെപ്പോലെ ഒരാള്‍ക്ക് എലിസബത്തിനെപ്പോലെ ഒരാളെ ഭാര്യയായി കിട്ടാന്‍ അര്‍ഹതയില്ലെന്ന് ലക്ഷ്മി രാമകൃഷ്ണന്‍ പ്രതികരിച്ചു. പീറ്ററിന് ഒന്നിലധികം ജീവിതം തുടങ്ങാമെങ്കില്‍ എലിസബത്ത് ഇനി മുതല്‍ ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേയ്ക്ക് കടക്കണമെന്നും ലക്ഷ്മി പറഞ്ഞു.
ഈ അഭിമുഖമാണ് വനിതയെ ക്ഷുഭിതയാക്കിയത്. പിന്നാലെ ലൈവ് അഭിമുഖത്തിനിടെ വനിത വിജയകുമാര്‍ ലക്ഷ്മിക്കു നേരെ അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. ഇതിന്റെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വ്യാപമായി പ്രചരിച്ചു.
തുടര്‍ച്ചയായ രണ്ടാം ദിനവും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്ന് 1078 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16110 ആയി ഉയര്‍ന്നു. 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 65 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 104 പേര്‍ വിദേശത്ത് നിന്നും 115 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. കോഴിക്കോട് കല്ലായി സ്വദേശി 57 വയസ്സുള്ള കോയോട്ടി. മുവാറ്റുപുഴ മടക്കത്താനം ലക്ഷമി കുഞ്ഞന്‍പിള്ള (79), പാറശ്ശാല നഞ്ചന്‍കുഴി രവീന്ദ്രന്‍ (73), കൊല്ലം കെഎസ് പുരം റഹിയാനത്ത്, കണ്ണൂര്‍ വിളക്കോട്ടൂര്‍ സന്ദാനന്ദന്‍(60) എന്നിവരാണ് മരിച്ചത്. ഇതില്‍ റഹിയാനത്ത് ഒഴികേ ബാക്കിയയുള്ളവര്‍ മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.
തിരുവനന്തപുരം 222, കൊല്ലം 106, എറണാകുളം 100, മലപ്പുറം 89, തൃശൂര്‍ 83, ആലപ്പുഴ 82, കോട്ടയം 80, കോഴിക്കോട് 67, ഇടുക്കി 63, കണ്ണൂര്‍ 51, പാലക്കാട് 51, കാസര്‌കോട് 47, പത്തനംതിട്ട 27, വയനാട് 10 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്.
ഇന്ന് 432 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. തിരുവനന്തപുരം 60 കൊല്ലം 31 ആലപ്പുഴ 39 കോട്ടയം 25 ഇടുക്കി 22 എറണാകുളം 95 തൃശ്ശൂര്‍ 21 പാലക്കാട് 45 മലപ്പുറം 30 കോഴിക്കോട് 16 വയനാട് 5 കണ്ണൂര്‍ 7 കാസര്‍കോട് 36 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.കഴിഞ്ഞ 24 മണിക്കൂറിനകം 22430 സാമ്പിള്‍ പരിശോധിച്ചു. 158117 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. 9458 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.
സാമൂഹികമാധ്യമത്തിൽ സന്തോഷത്തോടെ ചിരിച്ചിരിക്കുന്ന ഫോട്ടോ പോസ്റ്റു ചെയ്ത് അമ്മയും മകനും ആരോടും ഒന്നും പറയാതെ ലോകത്ത് നിന്നും വിടപറഞ്ഞു. ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഇരുവരും ജീവനൊടുക്കുകയായിരുന്നു. മൂരാട് ആലയാറിൽ ലളിത (62), മകൻ അരുൺ (32) എന്നിവരെയാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ പോസ്റ്റ്മാൻ വന്നുവിളിച്ചപ്പോൾ ആരും വിളി കേട്ടില്ല. തുടർന്ന് സമീപവീട്ടുകാർ പിറകുവശത്തെ വാതിൽ വഴി അകത്ത് കയറിപ്പോഴാണ് കിടപ്പുമുറിയിൽ അമ്മയെയും നടുമുറിയിൽ മകനെയും തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. മൊബൈൽ ഫോണിൽ പാട്ടും വെച്ചിരുന്നു.
ഉച്ചയ്ക്ക് 12 മണിക്ക് മുമ്പാണ് അരുൺ ഇരുവരും കിടക്കയിൽ ചിരിച്ചുകൊണ്ട് കിടക്കുന്ന ചിത്രം സാമൂഹിക മാധ്യമത്തിലിട്ടിരുന്നത്. ഫോട്ടോയുടെ താഴെ ലൈക്കും കമന്റുകളും ചൊരിഞ്ഞവർക്ക് അധികം വൈകാതെ കേട്ട മരണവാർത്ത വിശ്വസിക്കാനായിട്ടില്ല. പത്ത് വർഷത്തിലേറെയായി അർബുദ രോഗിയാണ് ലളിത. മൂത്ത മകൻ വിപിൻ വീട്ടിലുണ്ടായിരുന്നില്ല.
പയ്യോളി എസ്‌ഐ പിപി മനോഹരന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മരണത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. ഭർത്താവ്: പരേതനായ പവിത്രൻ. ലളിതയുടെ സഹോദരങ്ങൾ: ബാബു, രഞ്ജിത്ത്, പ്രേമി, അനിത.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസിക പ്രതിസന്ധി നേരിടുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ ലോക്ക്ഡൗണിലേക്ക് മടങ്ങാൻ സന്നദ്ധരായി സംസ്ഥാനങ്ങൾ. എന്നാൽ, സംസ്ഥാനങ്ങളുടെ നിർദേശത്തോട് യോജിക്കാതെ കേന്ദ്രസർക്കാർ രംഗത്തെത്തി. സാമൂഹിക അകലം പാലിച്ച് പോരാട്ടം തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർദേശിച്ചു. കൊവിഡിനെ പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിക്കണം. മാസ്‌ക് ധരിക്കണം, കൈകൾ ശുചിയാക്കണം. ഇതു വഴി പോരാട്ടവുമായി മുന്നോട്ടു പോകണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ള രോഗികളിൽ കൂടുതലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ്. മൂന്നിലൊന്ന് പേർ മഹാരാഷ്ട്രയിലാണുള്ളത്.
സ്ഥിതി അതീവഗുരുതമാണെന്നിരിക്കെയാണ് സംസ്ഥാനങ്ങൾ ലോക്ക്ഡൗണിനെക്കുറിച്ച് ആലോചിക്കുന്നത്. മണിപ്പൂർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിക്കഴിഞ്ഞു. പശ്ചിമബംഗാളിലും ഉത്തർപ്രദേശിലും ആഴ്ചയിൽ രണ്ടു ദിവസം ലോക്ക്ഡൗണാണ്. എന്നാൽ ലോക്ക്ഡൗണിലേക്ക് മടങ്ങാൻ തൽക്കാലം കേന്ദ്രത്തിന് താൽപര്യമില്ല. കൊവിഡ് വാക്‌സിൻ നവംബറോടെ ആയിരം രൂപ നിരക്കിൽ എത്തിക്കാമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 4,26,167 പേരാണ്. തമിഴ്‌നാട്ടിൽ 51,765 പേരും, കർണ്ണാടകയിൽ 47,075 പേരും, ആന്ധ്രയിൽ 31,763ഉം, തെലങ്കാനയിൽ 11,155ഉം, കേരളത്തിൽ 8825 പേരും ചികിത്സയിലുണ്ട്. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആകെ 1,51,484 പേരാണ് ചികിത്സയിലുള്ളത്. അതായത് രാജ്യത്തെ കൊവിഡ് രോഗികളിൽ മൂന്നിൽ ഒന്നിൽ കൂടുതൽ രോഗികൾ അഞ്ച് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ്. മൂന്നിൽ ഒന്ന് രോഗികൾ മഹാരാഷ്ട്രയിൽ മാത്രമായി ഉണ്ട്.
മറ്റു സംസ്ഥാനങ്ങളിൽ എല്ലാം കൂടി 30 ശതമാനം രോഗികൾ മാത്രമാണുള്ളത്. ചികിത്സയിലുള്ളവരുടെ എണ്ണം ഇന്ത്യയിൽ ദിവസേനെ നാലു ശതമാനം വീതം ഉയരുകയാണ്. നിലവിലെ രോഗബാധിതരുടെ കാര്യത്തിൽ ഇന്ത്യയ്ക്കും ബ്രസിലീനുമിടയിൽ ഒരു ലക്ഷത്തിന്റെ വ്യത്യാസം മാത്രമാണുള്ളത്.
ആലപ്പുഴയിലെ പള്ളിത്തോട്ടെ യുവാവ് ലോക്ക്ഡൗൺ ലംഘിച്ചെന്ന് അയൽക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ എത്തിയ പോലീസ് മടങ്ങിയത് കണ്ണുനിറഞ്ഞ്. യുവാവ് ലോക്ക്ഡൗൺ ലംഘിച്ചതിന്റെ കാരണമറിഞ്ഞപ്പോഴാണ് പോലീസുകാരുടെ പോലും കണ്ണ് നിറഞ്ഞത്.
പള്ളിത്തോട്ടിലെ യുവാവായ മത്സ്യത്തൊഴിലാളി വ്യാഴാഴ്ച രാവിലെ പൊന്തു വള്ളത്തിൽ മത്സ്യബന്ധനത്തിനു പോയതാണ് പരാതിക്ക് ആധാരം. കണ്ടെയ്‌മെന്റ് സോൺ നിലവിൽ വന്നതോടെ തീരദേശത്ത് മത്സ്യബന്ധനവും, വിൽപ്പനയും നിരോധിച്ചിട്ടുള്ളതാണ്. ഇത് ലംഘിച്ച് യുവാവ് മത്സ്യബന്ധനം നടത്തുന്നതു കണ്ട നാട്ടുകാർ ആരോഗ്യപ്രവർത്തകരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി യുവാവിനെ പിടികൂടിയപ്പോഴാണ് തന്റെ അവസ്ഥ ഇയാൾ തുറന്നുപറഞ്ഞത്.
‘കുഞ്ഞിന് മരുന്നു വാങ്ങാൻ അഞ്ചു പൈസ എന്റെ കയ്യിലില്ല. വീട്ടിലേയ്ക്ക് ഭക്ഷണം പോലും വാങ്ങാൻ കയ്യിൽ കാശില്ല. കുഞ്ഞുങ്ങളുടെ സങ്കടം കണ്ട് കടലിലിറങ്ങിയതാണ് സാറേ’- യുവാവിന്റെ വേദനിപ്പിക്കുന്ന വാക്കുകൾ കേട്ട് പോലീസുകാർ കേസ് എടുക്കാതെ നിറകണ്ണുകളോടെ തിരിച്ച് പോവുകയായിരുന്നു. പള്ളിത്തോട് കേന്ദ്രീകരിച്ച് കൊവിഡ് വ്യാപനം കൂടുതലായതോടെയാണ് പോലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. കണ്ടെയ്ൻമെന്റ് സോണായ ഇവിടെ തൊഴിലെടുക്കാനാകാതെ സാധാരണക്കാർ പട്ടിണിയിലാണ്.
ലണ്ടന്‍ : യുകെയില്‍ നടത്തിയിരുന്ന ഓണ്‍ലൈന്‍ പത്രത്തില്‍ വ്യാജ വാര്‍ത്ത എഴുതിയതിന്റെ പേരില്‍ യുകെ കോടതി ഒന്നര കോടി രൂപയ്ക്ക് ശിക്ഷിച്ച മറുനാടന്‍ മലയാളിയുടെയും , ബ്രിട്ടീഷ് മലയാളിയുടെയും എഡിറ്റര്‍ ഷാജന്‍ സ്‌കറിയ കേസില്‍ നിന്നും രക്ഷപ്പെടാന്‍ പരാതിക്കാരനായ സുഭാഷ് ജോർജ്ജ് മാനുവലിനോട് ആരും അറിയാതെ കുറ്റസമ്മതം നടത്തി , കാല് പിടിക്കുന്ന 38 മിനിറ്റുള്ള ഓഡിയോ ക്ലിപ്പ് വൈറലാകുന്നു .
ഞാന്‍ തകര്‍ന്ന് തരിപ്പണമായി പോയെന്നും , ഈ കേസ് പുറം ലോകം അറിയാതെ ഒതുക്കി തീര്‍ക്കാൻ ഞാന്‍ നിങ്ങളുടെ കാല് പിടിക്കാമെന്നും ; ക്രിമിനല്‍ കേസില്‍ വിധി വന്നാല്‍ എനിക്ക് ഇന്ത്യയില്‍ വക്കീല്‍ ആകാന്‍ കഴിയില്ലെന്നും , സുഭാഷ് മാനുവല്‍ അസാമാന്യ ഭാവിയുള്ള വ്യക്തിയാണെന്നും , ഒരു രവിപിള്ള ആകേണ്ട ആളാണെന്നും , എനിക്ക് ധാര്‍മികതയുടെ പ്രശ്‌നമില്ലെന്നും , ഇനിയും നമ്മുക്ക് സ്‌നേഹത്തോടെ ഒന്നിച്ച് പോകാമെന്നും , നിങ്ങളുടെ ബിസ്സിനസ്സ് ഞാന്‍ വളര്‍ത്തി തരാമെന്നും ഒക്കെ പറഞ്ഞു കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്ന ഷാജന്‍ സ്‌കറിയയുടെ സമൂഹം കണ്ടിട്ടില്ലാത്ത കപടമുഖമാണ് ഈ ശബ്ദരേഖയില്‍ വെളിപ്പെടുന്നത്.
ബ്ലാക്ക്മെയ്ല്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിക്കുന്ന ഷാജന്‍ സ്‌കറിയ യുകെയിലെയും നാട്ടിലെയും ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ നുണകള്‍ എഴുതി പ്രസിദ്ധീകരിക്കുകയും , അവസാനം താന്‍ കുടുങ്ങുമ്പോള്‍ ഏത് വിധേനയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന്റെ നിരവധി വാര്‍ത്തകള്‍ പലപ്പോഴും പുറത്ത് വന്നിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ ഒക്കെ തെളിയിച്ചാല്‍ പത്രപ്രവര്‍ത്തനം തന്നെ നിര്‍ത്താം എന്നായിരുന്നു ഷാജന്‍ എപ്പോഴും വീമ്പിളക്കിയിരുന്നത് .
അതേ ഷാജൻ സ്കറിയ യുകെയിലെ കേസില്‍ പരാതിക്കാരനെ വിളിച്ച് കേസ് ഒത്ത് തീര്‍പ്പാക്കുകയാണെങ്കില്‍ , താന്‍ കോടതിയില്‍ ചെന്ന് ചെയ്ത എല്ലാ തെറ്റുകളും ഏറ്റ് പറയാമെന്നും , എന്റെ വീട് വിറ്റും കോടതി പറയുന്ന പണം ഞാന്‍ തരാമെന്നും , പക്ഷെ എന്നെ നാണക്കേടിൽ നിന്ന് ഒഴിവാക്കണമെന്നും , പുറം ലോകം അറിയാതെ ഈ കേസ് ഒതുക്കി തീര്‍ത്ത് തന്ന് എന്നെ രക്ഷിക്കണമെന്നും , അതിന് എന്ത് തരം സെറ്റില്‍മെന്റിനും ഞാന്‍ തയ്യാറാണെന്നും ആവശ്യപ്പെടുന്നു .
സുഭാഷ് മാനുവൽ നടത്തുന്നത് വളരെ നല്ലൊരു ബിസിനസ് ആണെന്നും , ഞാൻ താങ്കളുടെ ബിസ്സിനസ് പ്രമോട്ട് ചെയ്യാമെന്നും , വ്യാജവാര്‍ത്ത എഴുതിയതിന് നഷ്ടപരിഹാരം നല്‍കാമെന്നും പറയുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
‘ ഞാന്‍ ആരെയും ഭയപ്പെടുന്നവനല്ല , ഞാന്‍ പണം നല്‍കി ആരുമായും ഒത്തുതീര്‍പ്പിന് ശ്രമിക്കില്ല , ഞാന്‍ പണം വാങ്ങി ആര്‍ക്കും വേണ്ടി ഒരു വാര്‍ത്തയും എഴുതാറില്ല , ഞാന്‍ പണം കൊടുത്ത് ഒരു കേസും ഒതുക്കി തീര്‍ക്കാറില്ല ‘ എന്നൊക്കെ വീമ്പിളക്കിയിരുന്ന ഷാജന്‍ സ്‌കറിയയുടെ കപടമുഖമാണ് ഈ ശബ്ദരേഖയിലൂടെ പുറത്ത് വരുന്നത് .
ഷാജൻ സ്‌കറിയയുടെ കപടമുഖം വെളിപ്പെടുന്ന 38 മിനിറ്റുള്ള ശബ്ദരേഖ കേൾക്കുവാൻ താഴെയുള്ള യൂ ട്യൂബ് ലിങ്ക് സന്ദർശിക്കുക
[ot-video][/ot-video]
ഡോ. ഷർമദ് ഖാൻ
മ്യൂട്ടേഷൻ സംഭവിച്ച പുതിയ വൈറസുകൾ ഇനിയും അവതാരമെടുക്കാം. അപ്പോഴൊക്കെ പുതിയ വൈറസുകളുടെ ശക്തിക്കു മുമ്പിൽ നമ്മൾ പകച്ചു നിന്നു പോകാനും ഇടയുണ്ട്. കുറച്ചുനാൾ കഴിയുമ്പോൾ ആ വൈറസിനെതിരെ ഒരു വാക്സിനും കണ്ടുപിടിച്ചേക്കാം. എന്നാൽ അതിനെയും വെല്ലുന്ന മറ്റൊരു വൈറസ് ആയിരിക്കാം അടുത്തതായി അവതരിക്കുന്നത്.ഇത് ഇടയ്ക്കിടെ ഇനിയും ആവർത്തിക്കാം.
വൈറസ് ഏതൊക്കെ വേഷത്തിൽ വന്നാലും അതിനെതിരെ പോരാടാനുതകുന്ന ശരീരബലം ഉള്ളവർ മാത്രമാണ് രക്ഷപ്പെടുന്നത്. കോവിഡ് 19 പിടിപെടുവാൻ സാധ്യതയുള്ള, രോഗപ്രതിരോധശേഷി കുറഞ്ഞവരുടെ ഒരു നീണ്ട ലിസ്റ്റ് നമ്മൾ കണ്ടതാണല്ലോ?
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചാൽ എല്ലാവിധ പകർച്ചവ്യാധികളിൽ നിന്നും രക്ഷ നേടാം. ഇവ രണ്ടിനേയും ആശ്രയിച്ചാണ് ശരീരബലം ഉണ്ടാകുന്നത്.
ഒരാൾ കൃത്യനിഷ്ഠയോടെ രാവിലെ ഉണരുന്നതും പല്ലു തേയ്ക്കുന്നതും കുളിക്കുന്നതും ഭക്ഷണം കഴിക്കുന്നതും സമയത്ത് ഉറങ്ങുന്നതും രോഗമില്ലാതിരിക്കുന്നതും അയാളുടെ വ്യക്തിശുചിത്വത്തെ മെച്ചപ്പെടുത്തുന്നുവെന്ന് പറയാം.
നല്ല കാലാവസ്ഥയുള്ളിടത്ത്, ശുദ്ധവായു ലഭിക്കുന്നിടത്ത്, ശുദ്ധജലവും നല്ല ഭക്ഷണവും കഴിച്ച്, നല്ല വാസസ്ഥലത്ത്, സുഹൃത്തുക്കളോടും ബന്ധുക്കളോടും സന്തോഷപ്രദമായ ജീവിതം നയിച്ച്, നല്ല സാമൂഹ്യപശ്ചാത്തലത്തിൽ ജീവിക്കാൻ സാധിക്കുന്നത് ഒരാളിന്റെ പരിസര ശുചിത്വം മെച്ചപ്പെടുത്തുന്നു. ഇവ രണ്ടും മെച്ചമായിരുന്നാൽ മാത്രം ആരോഗ്യമുണ്ടാകുന്നു. എന്നാൽ പരിസരത്തുള്ള ജീവികളിൽ ഉണ്ടാകുന്ന അനാരോഗ്യവും പകർച്ചവ്യാധികളുമെല്ലാം വ്യക്തിശുചിത്വം മെച്ചമായിരിക്കുന്ന ഒരാളിലും അസുഖത്തെ ഉണ്ടാക്കാം. കൂട്ടായ പരിശ്രമങ്ങളിലൂടെയും സർക്കാർ സംവിധാനങ്ങളിലൂടെയും മാത്രമേ പരിസരശുചിത്വം സാധ്യമാകൂ.
കോവിഡ് 19 നാശം വിതച്ച പലരാജ്യങ്ങളിലും കാണുമ്പോഴുള്ള വൃത്തിയല്ലാതെ ആരോഗ്യമുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് വ്യക്തം. അങ്ങനെയുള്ള ഒരു രാജ്യത്ത് വ്യക്തിശുചിത്വം പരമാവധി പാലിക്കുന്ന പൗരന് പോലും അതിന്റെ ഫലം ലഭിക്കണമെന്നില്ല. അപ്പോൾപിന്നെ വ്യക്തിശുചിത്വവും കുറവുള്ള ഒരാളിന് ഉണ്ടാകാവുന്ന പ്രശ്നങ്ങൾ പ്രത്യേകം പറയേണ്ടതില്ലല്ലോ?
ശരീരബലം വർദ്ധിപ്പിക്കുവാൻ വ്യക്തിപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
*ഭക്ഷണം*
അവനവന്റെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്നതും, ദഹനശക്തിയ്ക്കനുസരിച്ചും ,ആരോഗ്യം ലഭിക്കണമെന്ന ഉദ്ദേശത്തോടെയും, ശീലിച്ചിട്ടുള്ളതുമായ ഭക്ഷണത്തിനു മാത്രമാണ് പ്രാധാന്യം നൽകേണ്ടത്. നല്ല നിറവും മണവും രുചിയും ആകൃതിയുമുള്ള ഭക്ഷണമാണ് നല്ലതെന്ന നമ്മുടെ കാഴ്ചപ്പാട് മാറുക തന്നെ വേണം. തൈരിനേക്കാൾ മോരിനും ചിക്കനേക്കാൾ വെജിറ്റബിൽസിനും തണുത്തവെള്ളത്തേക്കാൾ ചൂടാറ്റിയ വെള്ളത്തിനും ബിരിയാണിയേക്കാൾ കഞ്ഞിക്കും പ്രാധാന്യം പറയുന്നത് എന്തുകൊണ്ടാണെന്ന് ഊഹിക്കാമല്ലോ?
ഭക്ഷണം ശരിയായി കഴിച്ചാൽ അതുതന്നെ ഒരു പരിധിവരെ മരുന്നു പോലെ പ്രവർത്തിക്കും. ആയുർവേദമരുന്നിൽ ചേർക്കുന്ന പല വസ്തുക്കളും ഭക്ഷണത്തിൻറെ ഭാഗമാകുന്നതും വെറുതെയല്ല.സമയത്ത് കഴിക്കുക, കുളിച്ച ശേഷം കഴിക്കുക,വിശക്കുമ്പോൾ കഴിക്കുക, കാലാവസ്ഥയ്ക്കനുസരിച്ച് ചൂടും ഉപ്പും മുളകും തണുപ്പും ഒക്കെ വ്യത്യാസപ്പെടുത്തുക, അല്പമായും അമിതമായും കഴിക്കാതിരിക്കുക, പലവിധ ഭക്ഷണം കഴിക്കുക, എന്ത് കഴിച്ചാലും അത് രോഗത്തെ ഉണ്ടാക്കുന്നതാണോ അതോ ആരോഗ്യത്തിന് നല്ലതോ എന്ന് ചിന്തിക്കുക, അസമയത്തും ദഹനത്തെ കുറയ്ക്കുന്നതും വിരുദ്ധമായതും കഴിക്കാതിരിക്കുക, ഭക്ഷണം ശരീരത്തെ തടിപ്പിക്കുന്നതാണോ അതോ മെലിയിപ്പിക്കുന്നതാണോ എന്ന് അന്വേഷിച്ചറിയുക തുടങ്ങി നിരവധി കാര്യങ്ങൾ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കാണുന്നതെന്തും കിട്ടുന്ന അളവിൽ ഭക്ഷിച്ച് ആരോഗ്യം സംരക്ഷിക്കാൻ സാധിക്കില്ല. അത്തരം ആൾക്കാർ വേഗത്തിൽ രോഗിയായി തീരുകയും ചെയ്യും.
*കൃത്യനിഷ്ഠ*
നേരത്തെ എഴുന്നേൽക്കുക, ഉടനെ പല്ലുതേക്കുക, കുളിച്ച ശേഷം മാത്രം ഭക്ഷണം കഴിക്കുക, ശീലിച്ച സമയത്ത് കഴിക്കുക, രാത്രി കിടക്കുന്നതിന് ഒന്നര മണിക്കൂറെങ്കിലും മുമ്പേ ഭക്ഷണം കഴിക്കുക,ഭക്ഷണം കഴിഞ്ഞു നേരത്തെ ഉറങ്ങാൻ കിടക്കുക, ഭക്ഷണം എളുപ്പം ദഹിക്കുന്നതായിരിക്കുക തുടങ്ങിയവ പ്രായം ചെന്നാലും പരമാവധി പാലിക്കുവാൻ ശ്രമിക്കുക. തീരെ ചെറിയ പ്രായത്തിൽ തന്നെ ശീലിക്കുന്നവർക്ക് വാർദ്ധക്യത്തിലും ആരോഗ്യത്തോടെ യിരിക്കുവാനും ശരീരബലം ലഭിക്കുവാനും ഇടയുള്ള ഒരു ലഘുവായ മാർഗമാണ് കൃത്യനിഷ്ഠ.
*വ്യായാമം*
ലഘുവ്യായാമങ്ങൾ ഒരിക്കലും വേണ്ടെന്ന് വയ്ക്കരുത്. പ്രത്യേകിച്ചും പ്രായം വർധിച്ചു വരുമ്പോൾ. നമ്മുടെ സമൂഹത്തിൽ ഇപ്പോഴും 16 വയസ്സിനുമുമ്പ് പോലും ജീവിതശൈലിരോഗങ്ങൾ ഉണ്ടാകുന്നവരും 80 വയസ്സിലും ഇതൊന്നും ഇല്ലാത്തവരുമുണ്ട്. വ്യായാമം പ്രായത്തിനും ആരോഗ്യത്തിനും അനുസരിച്ചുള്ളതും ശരീരത്തിനും മനസ്സിനും സുഖം നൽകുന്നതും ആയിരിക്കണം. അപ്രകാരമല്ലാത്ത വ്യായാമം ശരീരത്തേയും മനസ്സിനേയും വേഗം ക്ഷീണിപ്പിക്കുകയും ആയുസ്സ് കുറയ്ക്കുകയും ചെയ്യും.
*ഉറക്കം*
ഗാഢനിദ്ര ലഭിക്കുന്നവർക്ക് ശരിയായ വിശ്രമം തലച്ചോറിനും മനസ്സിനും ലഭിക്കുന്നതിലൂടെ ക്ഷീണം മാറി വളരെ ശുഭകരമായ പ്രവർത്തനം കാഴ്ചവയ്ക്കുവാൻ സാധിക്കും.
*ദിനചര്യ*
എപ്പോൾ ഉണരണം, എന്തുപയോഗിച്ച് പല്ല് തേയ്ക്കണം, എണ്ണ തേയ്ക്കുമ്പോഴും കുളിക്കുമ്പോഴും എന്തൊക്കെ ശ്രദ്ധിക്കണം, മൂക്കിൽ മരുന്ന് ഇറ്റിക്കേണ്ട ആവശ്യമെന്ത്? എങ്ങനെയുള്ള ഭക്ഷണമാണ് നല്ലത്? വ്യായാമം, ഉറക്കം എന്നിങ്ങനെ ഒരു ദിവസം ചെയ്യേണ്ടവ എന്തൊക്കെ? എന്തൊക്കെ പാടില്ല എന്ന് 5000 വർഷങ്ങൾക്ക് മുമ്പ് ആയുർവേദം പറഞ്ഞുവെച്ചിട്ടുണ്ട്. അവ അനുസരിക്കുന്നവർക്ക് ഇന്നും ശാരീരികശേഷി വർധിക്കുന്നതിലൂടെ ആരോഗ്യം നിലനിർത്താനാകുന്നു.
*കാലാവസ്ഥാചര്യ*
കാലാവസ്ഥയിലുണ്ടാകുന്ന വ്യത്യാസമനുസരിച്ച് സകല ജീവജാലങ്ങൾക്കും വ്യത്യാസമുണ്ടാകും. അതിനനുസരിച്ച ലക്ഷണങ്ങൾ പ്രപഞ്ചത്തിലെന്നപോലെ ഓരോ ജീവജാലങ്ങളിലും പ്രകടമാവുന്നു. ആയത് പരിഹരിക്കണമെങ്കിൽ അന്തരീക്ഷത്തിൽ ചൂട് കൂടുമ്പോൾ നമ്മുടെ ശരീരത്തിലെ ചൂട് കുറയ്ക്കുവാൻ കഴിയുന്ന ഭക്ഷണക്രമത്തിനും ശീലങ്ങൾക്കും പ്രാധാന്യം നൽകുക.അന്തരീക്ഷത്തിൽ തണുപ്പ് കൂടുമ്പോൾ ചൂടു കൂട്ടുന്ന ഭക്ഷണവും ശീലങ്ങളും ആണ് വേണ്ടത്.അങ്ങനെ നമ്മൾ തന്നെ കാലാവസ്ഥയ്ക്കനുസരിച്ച് ചില മാറ്റങ്ങൾക്ക് വിധേയമാകുക.
അതല്ലെങ്കിൽ കാലാവസ്ഥയ്ക്ക് അനുസരിച്ച രോഗങ്ങൾ ബാധിക്കാനിടയുണ്ട്. കാലാവസ്ഥയ്ക്കനുസരിച്ച് ശീലങ്ങൾ മാറ്റുന്നതിലൂടെ രോഗ കാരണങ്ങളിൽ നിന്ന് രക്ഷ പ്രാപിക്കാനാകും. ചൂട് കൂടുമ്പോൾ വർദ്ധിക്കുന്ന വൈറസ്,തണുപ്പിലും മഴയിലും വർദ്ധിക്കുന്ന വൈറസ് ഇവയൊക്കെ നമുക്ക് ചുറ്റിലും ഉള്ളപ്പോഴും ആരോഗ്യം മെച്ചമാണെങ്കിൽ രോഗത്തിൻറെ പിടിയിൽ അകപ്പെടില്ല.
*മരുന്നും ചികിത്സയും*
എപ്പോഴും ആരോഗ്യത്തോടെ യിരിക്കുവാൻ സാധിക്കുന്നവർക്കാണ് ഏറ്റവും കൂടുതൽ ശരീരബലമുള്ളതെന്ന് പറയാം. ഇടയ്ക്കിടെ രോഗങ്ങൾ വരുന്നവർക്കും രോഗശമനത്തിനായിട്ടാണെങ്കിലും ശക്തിയേറിയ മരുന്ന് ഉപയോഗിക്കേണ്ടി വരുന്നവർക്കും ആരോഗ്യം കുറയാം.അസുഖത്തിന് മരുന്ന് ഉപയോഗിക്കാൻ പാടില്ല എന്നല്ല. ഓരോ ചെറിയ ബുദ്ധിമുട്ടുകൾക്ക് പോലും മരുന്ന് ഉപയോഗിക്കുന്ന രീതി ഇക്കാലത്ത് ശക്തി പ്രാപിച്ചിട്ടുണ്ട്. ലോക് ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്ന് മരുന്ന് ഉപയോഗിക്കാനോ ആശുപത്രിയിൽ പോകാനോ സാധിക്കാതെ, അസുഖമില്ലാതെയും പരാതി ഇല്ലാതെയും വീട്ടിലിരുന്ന മലയാളികളെ കുറിച്ചും ആയിരുന്നല്ലോ? മൂക്കിൻ തുമ്പത്ത് വന്നിരിക്കുന്ന ഈച്ചയെ നമുക്ക് കൈകൊണ്ട് ആട്ടിപ്പായിക്കാം. എന്നാൽ വാളെടുത്ത് വെട്ടി ഓടിക്കണോ? വളരെ ചെറിയ ബുദ്ധിമുട്ടുകൾക്ക് പോലും അതിശക്തമായ മരുന്നുകൾ കഴിക്കുന്നവരെ കാണുമ്പോൾ ഇങ്ങനെ ചോദിക്കുന്നവരെ കുറ്റം പറയാനാകില്ല.
ഡോക്ടർ ഒരിക്കൽ നിർദ്ദേശിച്ചെന്നുവെച്ച് തുടർച്ചയായി വേദനസംഹാരികളും ആൻറിബയോട്ടിക്കുകളും അരിഷ്ടങ്ങളും അസിഡിറ്റിക്ക് ഉള്ളതും ഉൾപ്പെടെ വാങ്ങി കഴിക്കുന്നവരുടെ എണ്ണവും കുറവല്ല. എന്തിനും ഏതിനും ഭക്ഷണം കഴിക്കുന്നത് പോലെ മരുന്നു കഴിക്കുന്ന രീതി തീരെ ശരിയായ ഒന്നല്ല. വളരെ അത്യാവശ്യത്തിനും ജീവൻ രക്ഷിക്കുന്നതിനുവേണ്ടിയും ആകണം മരുന്ന് ഉപയോഗിക്കേണ്ടത്. സ്വയംചികിത്സിക്കുവാനും വാട്സ്ആപ്പ് വൈദൃത്തിന്റെ പുറകേ പോകുവാനും അർഹതയില്ലാത്തവരുടെ ചികിത്സാ നിർദ്ദേശങ്ങളും അമിത പഥ്യങ്ങളും അല്പം പോലും തെറ്റാതെ പാലിക്കുവാനും തയ്യാറുള്ളവർ നിരവധിയാണ്. വിലയ്ക്കുവാങ്ങാവുന്നതല്ല ആരോഗ്യം എന്നും ദീർഘകാലത്തെ പ്രയത്നത്താൽ ലഭിക്കുന്ന ആരോഗ്യം അല്പ ലാഭത്തിനായി നശിപ്പിക്കരുതെന്നും ഓർമ്മിപ്പിക്കട്ടെ.

ഡോ. ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ആയുർവേദ ദിസ്പെന്സറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം .
